ഫിൽറ്ററും മേക്കപ്പുമില്ലാതെ പുഞ്ചിരിയോടെ തന്‍റെ യഥാർത്ഥ മുഖത്തോടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാനുള്ള ആത്മവിശ്വാസം കാട്ടിയ ചുരുക്കം നടിമാരിൽ ഒരാളാണ് വിദ്യാ ബാലൻ. അഭിനയരംഗത്ത് 20 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് വിദ്യാ ബാലൻ.
2003-ൽ ബംഗാളി ചിത്രമായ "ഭാലോ തേക്കോ" യിലൂടെ അരങ്ങേറ്റം കുറിച്ച വിദ്യ സെയ്‌ഫ് അലിഖാനും സഞ്ജയ്‌ദത്തും അഭിനയിച്ച "പരിണീത"യിലൂടെയാണ് പ്രശസ്‌തയായത്. അതോടെ ബോളിവുഡിലെ ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമയുടെ മുഖമായി മാറി വിദ്യാ ബാലൻ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പരമ്പരാഗത സ്‌റ്റീരിയോടൈപ്പ് കഥാപാത്രങ്ങൾക്ക് അപ്പുറമായി ശക്‌തമായ പ്രകടനങ്ങളിലൂടെയും ധീരമായ വേഷങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയും വിദ്യാ ബോളിവുഡിൽ തനിക്കായി ഒരു ഇടം സൃഷ്ടിച്ചു. പരിണീതയിലെ "ലോലിത" എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ വിദ്യയ്ക്ക് ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഫിലിം ഫെയർ അവാർഡ് ലഭിക്കുകയുണ്ടായി. അതോടെ വിദ്യാ ബോളിവുഡിൽ തന്‍റെ സ്‌ഥാനം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് ഹിറ്റുകളുടെ കാലം. ലഗേര ഹോ മുന്നാഭായി, പാ, നോ വൺ കിൽ ഡ് ജെസീക്കാ, ഇഷ്‌കിയ, ഭൂൽ ഭൂലയ്യ സീരീസ്, ദി ഡേർട്ടി പിക്‌ചർ, തുംഹാരി സുലു, ശകുന്തള ദേവി, കഹാനി, ജെത്സ, നിയത് എന്നിവയാണ് വിദ്യയുടെ ശ്രദ്ധേയമായ സിനിമകൾ. അതിൽ ദി ഡേർട്ടി പിക്ചർ വിദ്യയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു. 2014ൽ വിദ്യയ്ക്ക് പത്മശ്രീ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. സിനിമയിൽ സ്‌റ്റീരിയോടൈപ്പ് സ്ത്രീ വേഷങ്ങളുടെ പരിവേഷം തകർത്തെറിയുന്നതായിരുന്നു അവരുടെ വൈവിധ്യമാർന്ന ഓരോ കഥാപാത്രവും. അനതരസാധാരണമായ അഭിനയമികവുകൊണ്ട് ബോളിവുഡിൽ വ്യക്തി മുദ്ര പതിപ്പിച്ച വിദ്യയ്ക്ക് പിന്നീ ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
മുംബൈയിൽ ജനിച്ചു വളർന്ന, മലയാളി വേരുകളുള്ള വിദ്യ ബാലൻ ബിരുദാനാന്തര ബിരുദം നേടിയ ശേഷം അഭിനയകലയോടുള്ള താൽപര്യം മൂലം ടിവി രംഗത്ത് സജീവമാവുകയായിരുന്നു. പ്രശസ്‌ത സിറ്റ് കോം ആയ ഹം പാഞ്ചിൽ വേഷമിട്ടുകൊണ്ടാണ് അഭിനയലോകത്തേക്ക് അവർ ചുവട് വയ്ക്കുന്നത്.
വിദ്യാ ബാലനുമായി നടത്തിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
സിനിമകളുടെ വിജയപരാജയങ്ങൾ ഇപ്പോഴും സ്വാധീനിക്കാറുണ്ടോ?
തീർച്ചയായും എന്നെ ബാധിക്കാറുണ്ട്. എന്‍റെ ചിത്രം "ദോ ഔർ ദോ പ്യാർ" പരാജയപ്പെട്ടപ്പോൾ ഞാൻ വളരെ സങ്കടപ്പെട്ടിരുന്നു. ഒരുപാട് കരഞ്ഞു. വ്യക്തിപരമായി എനിക്ക് ആ സിനിമയെക്കുറിച്ച് ധാരാളം പ്രതീക്ഷകളുണ്ടായിരുന്നു. ആ സിനിമയുടെ കഥയും നിർമ്മാണവും വളരെ ഇഷ്ടപ്പെട്ടിരുന്നു.
ചിലപ്പോഴൊക്കെ സിനിമ വളരെ നല്ലതാണെങ്കിലും ബോക്സ‌് ഓഫീസിൽ പരാജയപ്പെടാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ബോക്സ‌് ഓഫീസ് പാരാമീറ്റർ എത്രത്തോളം പ്രധാനമാണ്?
ബോക്സ് ഓഫീസ് പാരാമീറ്ററുകൾ വളരെ പ്രധാനമാണ്. കാരണം ഇതൊരു ബിസിനസ്സാണ്. നമ്മൾ അതിൽ 5 രൂപ നിക്ഷേപിച്ചാൽ കുറഞ്ഞത് 6 രൂപ ലാഭം കിട്ടണം. ബോക്സ് ഓഫീസിലെ വർദ്ധിച്ചുവരുന്ന കണക്കുകൾ സിനിമയ്ക്ക് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് മിക്ക സിനിമകളും പരാജയപ്പെടുന്ന ഇന്നത്തെ കാലത്ത്. അത്തരമൊരു സാഹചര്യത്തിൽ "ഭൂൽ ഭുലയ്യ 3" ബോക്‌സ് ഓഫീസിൽ വിജയം നേടിയപ്പോൾ വളരെ സന്തോഷവും ആശ്വാസവും തോന്നി.





