വീടിന്‍റെ ഇന്‍റീരിയർ മനോഹരമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ് ഇൻഡോർ പ്ലാന്‍റ്സ്, സ്വപ്നഭവനത്തിനുള്ളിൽ പ്രകൃതിയെ ആവാഹിച്ച് കണ്ണിനും മനസ്സിനും ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്നവയാണ് ബോൺസായ് ചെടികൾ വർഷങ്ങളുടെ കൃത്യമായ പരിചരണവും ക്ഷമയും ഇതിനാവശ്യമാണ്. പ്രൗഢിയുടെ ചിഹ്നമാണ് ബോൺസായ്. അതുകൊണ്ടു തന്നെ മലയാളിയുടെ സ്വപ്നഭവനത്തിൽ ബോൺസായിക്കു പ്രത്യേക സ്‌ഥാനമുണ്ട്.

ലോകത്തെ കൈക്കുള്ളിലൊതുക്കാൻ വെമ്പുന്ന ജനതക്ക് ഒരു മുതൽക്കൂട്ടാണ് ഈ ചെടികൾ. ഇഷ്ടമുള്ള മരങ്ങൾ ബോൺസായിയാക്കി മാറ്റി വർഷങ്ങൾ പരിപാലിക്കാം. ഫ്ളാറ്റിൽ താമസിക്കുന്നവർക്ക് മണ്ണിന്‍റെ മണവും നാടിന്‍റെ ഓർമ്മകളും ആസ്വദിച്ചറിയാൻ ബോൺസായ് ചെടികൾ സഹായകമാവുന്നു.

ബോൺസായിയുടെ പ്രസക്തി

വീടിനുള്ളിൽ ബോൺസായ് ചെടികൾ വയ്ക്കുന്നത് വെറുതെയൊരു ഭംഗിക്കുവേണ്ടിയോ കൗതുകത്തിനു വേണ്ടിയോ മാത്രമല്ല, ഇവയ്ക്ക് അന്തരീക്ഷത്തിൽ പോസിറ്റീവ് എനർജി ഉൽപാദിപ്പിക്കാൻ സാധിക്കുന്നു. ബോൺസായി ചെടികൾ വീട്ടുകാർക്ക് ക്ഷമയും സമാധാനവും നൽകും. ഇവ ടെൻഷൻ കുറക്കാൻ സഹായിക്കുന്നു. സർവോപരി ബോൺസായി ചെടികൾ വീട്ടുകാരിൽ പരിചരണശീലവും വളർത്തും.

പെൻജിംഗ് എന്ന പേരു നൽകി ഇത്തരം ഒരു ആശയം ആദ്യമായി കൊണ്ടു വന്നത് ചൈനാക്കാരാണ്. എന്നാൽ വികസിപ്പിച്ചെടുത്ത വിദ്യയിൽ പരീക്ഷണം നടത്താനും ആരും തയ്യാറായില്ല. കാലക്രമേണ ജപ്പാൻകാർ ഈ ദൗത്യം ഏറ്റെടുത്തു. വലിയ വസ്‌തുക്കളെ സൗകര്യാർത്ഥം ചെറുതാക്കി മാറ്റുന്ന ടെക്നോളജിയിൽ മുന്നിട്ടു നിൽക്കുന്നവരാണല്ലോ ജപ്പാൻകാർ, അങ്ങനെ ബോൺസായ് ചെടികൾ രൂപപ്പെട്ടു. ‘ബോൺ എന്നാൽ ട്രേ എന്നും സായ് എന്നാൽ പ്ലാന്‍റിംഗ്’ എന്നുമാണ് അർത്ഥം.

സ്‌മാൾ ഈസ് ബ്യൂട്ടിഫുൾ

കൃഷിയും കലയും സമന്വയിച്ചാണ് ബോൺസായ് രൂപപ്പെടുന്നത്. ഒരു കുഞ്ഞിനെ പരിപാലിക്കുന്ന രീതിയിലാണ് ബോൺസായ് വളർത്തിയെടുക്കുന്നത്. പരിമിതസ്‌ഥലത്ത് ഒതുക്കി വളർത്തുന്ന ബോൺസായ് ചെടികളെ കാലാവസ്ഥ‌ാ വ്യതിയാനങ്ങൾ പർശിക്കാത്ത വിധമാണ് പരിചരിക്കേണ്ടത്.

വിത്തിട്ടു മുളപ്പിച്ച തൈകളാണ് ബോൺസായ് ചെടികളാക്കി മാറ്റുന്നത്. ഇടയ്ക്കിടെ ഇതിന്‍റെ വളർന്ന വേരും ഇലകളും മുറിച്ചു മാറ്റണം. ചട്ടിയിൽ കമ്പി കെട്ടി ചില്ലകളെ ഇഷ്ടമുള്ള രൂപത്തിലേക്ക് വളച്ച് വളരാൻ അനുവദിക്കുന്നു. പിന്നീട് ചില്ല രൂപം പ്രാപിച്ച ശേഷം കമ്പി അഴിച്ചു മാറ്റുന്നു. പൂർണ്ണ ശ്രദ്ധയും ശുശ്രൂഷയും നൽകിയില്ലെങ്കിൽ ശ്രമം പാളിപ്പോകാൻ ഇടയുണ്ട്. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും വേണം ഇവ ബോൺസായിയായി രൂപപ്പെടാൻ വൃക്ഷം ബോൺസായി രൂപത്തിലായാൽ പിന്നെ പൂക്കളും കായ്ക്കളും വിരളമാകും. ഇനവും രൂപഘടനയും വർഷങ്ങളുടെ പഴക്കവുമാണ് ബോൺസായ് ചെടികളുടെ വില നിർണയിക്കുന്ന ഘടകങ്ങൾ.

ബോൺസായ്

ഫോർമൽ അപ്റൈറ്റ്, ഇൻഫോർമൽ അപ്റൈറ്റ്, സ്ലാന്‍റിംഗ്, വിന്‍റ് സെപ്റ്റ്, സെമി കാ‌സ്കേഡ്, ബ്രൂം, റോക്ക് ഗ്രോൺ, ക്ലാംപ്), റാഫ്റ്റ് എന്നിങ്ങനെ വിവിധ രൂപങ്ങളിൽ ബോൺസായ് ചെടികൾ വളർത്തിയെടുക്കുന്നു.

മുകളിലേക്ക് നേരെ വളരുന്നവയാണ് ഫോർമൽ അപ്റൈറ്റ്, വളഞ്ഞുവളരുന്നവ ഇൻഫോർമൽ അപ്റൈറ്റ്, ഒരു വശത്തേക്ക് ചെരിഞ്ഞു വളരുന്നത് സ്ലാന്‍റിംഗ്, കാറ്റിന്‍റെ ഗതിക്കനുസരിച്ച് വളരുന്നവയാണ് വിന്‍റ് സെപ്റ്റ്.

ഉൻമേഷം പകരുന്ന ബോൺസയ്

ഫൈകസ് ന്യൂഡ: ആൽമരത്തിന്‍റെ ബോൺസായിക്കാണ് ഏറ്റവുമധികം ഡിമാന്‍റ്, ഫൈകസ് ന്യൂഡ ആൽവിഭാഗത്തിൽ പെട്ട ബോൺസായിയാണ്. ‘ഫൈകസ് ബെഞ്ചമിനാ ന്യൂഡ’ എന്നാണ് ശാസ്ത്രീയ നാമം, വേരുകളാണ് മുഖ്യ ആകർഷണം. 47വർഷം പഴക്കമുള്ള ബോൺസായിയാണിത്. ഇതിന് ലക്ഷങ്ങൾ വിലവരും.

ഉങ്ങ്: പച്ചപ്പുനിറഞ്ഞു നിൽക്കുന്ന ബോൺസായിയാണ് ഉങ്ങ്. ഭംഗി എന്നതിലുപരി ഇതൊരു ആയുർവേദ സസ്യമാണ്. ഇത് വീടിനുള്ളിൽ വച്ചാൽ ആരോഗ്യത്തിന് ഉത്തമമാണ്.

വാക (ഗുൽമോഹർ): നെൻമ്മനിവാക എന്നറിയപ്പെടുന്ന ഇതിന്‍റെ പൂവും കായും ഇലയുമെല്ലാം ഔഷധമൂല്യമുള്ളവയാണ്. ഇൻഡോറിൽ വാക പൂക്കാനുള്ള സാധ്യത തീരെ കുറവാണ്. 25 മീറ്റർ ഉയരം വരെ വളരുന്ന വാകയെ 25 വർഷം കൊണ്ടാണ് ബോൺസയിയാക്കി മാറ്റുന്നത്.

ഇമ്പാല ലില്ലി: പുഷ്‌പിക്കുന്ന ബോൺസായ് ചെടികളിൽ വൻ ഡിമാന്‍റുള്ള സസ്യമാണ് ഇമ്പാല ലില്ലി. മരുഭൂമിയിലെ റോസ് എന്നാണ് ഇത് അറിയപ്പെടുന്നത്. അറേബ്യൻ രാജ്യങ്ങളും ആഫ്രിക്കൻ രാജ്യ ങ്ങളുമാണ് ഇതിന്‍റെ ജന്മദേശം. ജന്മനാ ബോൺസായിയാണ് എന്നതാണ് ഇമ്പാല ലില്ലിയുടെ പ്രത്യേകത.

ഫൈകസ് ലോങ്: ഐലന്റ്റ് വിദേശി ആൽ വിഭാഗത്തിൽ പെട്ട ചെടിയാ0ണിത്. അമേരിക്കയുടെ തെക്കുകിഴക്കൻ ഭാഗത്ത് സ്‌ഥിതിചെയ്യുന്ന ലോങ് ഐലന്‍റിലാണ് ഉത്ഭവസ്‌ഥാനം.

ബോക്സ‌്ഫുഡ്: യൂറോപ്പാണ് ബോക്സ്‌വുഡിന്‍റെ ജന്മനാട്. ഇതിന് ആവശ്യക്കാരേറെ, പച്ച ഇലകളോടു കൂടി തിങ്ങി നിൽക്കുന്ന ബോക്‌സ്‌ഫുഡ്, വീടുകളിൽ മാത്രമല്ല ഓഫീസുകളിലും ഇടംനേടുന്നു.

പേരാൽ: ആൽമരങ്ങൾക്ക് പേരു കേട്ട ഇന്ത്യയിൽ സമൃദ്ധമായി കാണപ്പെടുന്ന വൃക്ഷമാണ് പേരാൽ. ഏറ്റവുമധികം മനോഹരമായതും ബോൺസായിയാക്കി വളർത്താൻ സൗകര്യപ്രദവുമായ ചെടിയാണ് പേരാൽ, വർഷങ്ങളുടെ ക്ഷമയാണ് ഇതിന് ആദ്യം വേണ്ടത്. കേരളത്തിൽ കൂടുതൽ വിറ്റുപോവുന്ന ബോൺസയിയാണ് പേരാൽ. വേരുകൾക്കിടയിൽ കല്ലുകളും കമ്പികളും ഉപയോഗിച്ച് ആകർഷകമായ രൂപത്തിലാക്കിയെടുത്ത പേരാൽ ബോൺസായിക്ക് ലക്ഷങ്ങൾ വിലമതിക്കും. അരയാലും പേരാലും എപ്പോഴും ഓക്സിജൻ പ്രദാനം ചെയ്യുന്നു എന്നതു തന്നെയാണ് ഇതിന്‍റെ ആവശ്യകത വർദ്ധിപ്പിക്കുന്ന ഘടകം.

ബോൺസായ് ഓൺ ദ റോക്ക്

ഒറ്റക്കല്ലിൽ മൂന്നു ചെടികൾ വളർത്തിയെടുത്തതാണ് ബോൺസായ് ഓൺ ​​റോക്ക്, ഫൈകസ് നൂഡ, സ്നോ ബുഷ്, ഹൈകസ് ലോങ് ഐലന്‍റ് എന്നീ സസ്യങ്ങളെ ഒരു പാറക്കല്ലിൽ നട്ടു വളർത്തിയാണ് ബോൺസായിയാക്കി മാറ്റുന്നത്. ട്രേക്കു പകരമാണ് പാറക്കല്ല് ഉപയോഗിക്കുന്നത് ഇത് വീടിനുള്ളിൽ കൗതുകത്തോടൊപ്പം ഉൻമേഷം നിറഞ്ഞത അന്തരീക്ഷം സൃഷ്ടിക്കും.

ആയുർവേദ ബോൺസായ്

കേരളത്തിൽ ബോൺസായ് ഡിമാന്‍റിൽ ഏറിയ പങ്കും ആയുർവേദ ചെടികൾക്കാണ്, മലയാളിയും ആയുർവേദവും തമ്മിൽ അഭേദ്യമായ ബന്ധമുള്ളതിനാലാവാം ഇത് ട്രെഡീഷണൽ രീതിയിൽ നിർമ്മിക്കുന്ന വീടുകളിൽ പ്രത്യേകിച്ച് നാലുകെട്ടും പടിപ്പുരയുമുള്ള വീടുകളിൽ ആയുർവേദ ചെടികളുടെ ബോൺസായിക്കു പ്രിയമേറുന്നു. കടുക്ക, തന്നി, അശോകം, രക്തചന്ദനം എന്നിവ നന്നായി വിറ്റുപോകുന്ന ഇനങ്ങളാണ്. അതേ സമയം ഇവ കിട്ടാനില്ല എന്നതാണ് സത്യം. ഇവയ്ക്കു പുറമേ മാവ്, പുളി, നെല്ലി എന്നിവയും ബോൺസായ് ചെടിയാക്കി മാറ്റാം. ഇവ പലപ്പോഴും കായ്ക്കുകയും ചെയ്യും. ഇത്തരം ചെടികൾ പ്രയോജനപ്രദവുമാണ്.

और कहानियां पढ़ने के लिए क्लिक करें...