വീട്ടിലാർക്കെങ്കിലും ഒരു ചെറിയ പനിയോ ജലദോഷമോ വന്നാൽ അമ്മമാർക്ക് ടെൻഷനാണ്. എന്നാൽ സ്വന്തം കാര്യത്തിൽ ശുഷ്കാന്തിയൊട്ടും കാണാറുമില്ല. ഒഹ്! ഇതത്ര കാര്യമാക്കാനില്ല എന്ന നിലപാടാവും പലരുമെടുക്കുക. മറ്റുള്ളവരുടെ ആരോഗ്യം പോലെ തന്നെ സ്വന്തം ആരോഗ്യവും പ്രധാനമാണെന്ന സത്യം പലരും മറക്കുന്നു. സ്വന്തം ആരോഗ്യകാര്യത്തിൽ ഇനിയെങ്കിലും ഒന്നു ശ്രദ്ധിച്ചുകൂടെ…
ശരീരഭാരം നിയന്ത്രിക്കുക
പ്രമേഹം, ഹൃദ്രോഗം, സന്ധികളിൽ വേദനപോലുള്ള പ്രശ്നങ്ങൾ അമിതവണ്ണം മൂലമുണ്ടാകാറുണ്ട്. ശരീരത്തിന്റെ ഫിറ്റ്നസ്സും ആരോഗ്യവും നിലനിർത്തുന്നതിനു ശരീരഭാരം നിയന്ത്രിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് 40നുശേഷം ശരീരഭാരം കൂടാനനുവദിക്കരുത്.
രക്തസമ്മർദ്ദം
ഹൃദയം, കണ്ണുകൾ, കിഡ്നി എന്നിവയുടെ പ്രവർത്തനത്തെ ഉയർന്ന രക്തസമ്മർദ്ദം ദോഷകരമായി ബാധിക്കാറുണ്ട്. രക്തസമ്മർദ്ദം കുറഞ്ഞാലും ക്ഷീണമുണ്ടാവും. അതിനാൽ ഇടയ്ക്കിടയ്ക്ക് ബിപി പരിശോധന നടത്തുന്നതും ഹിതകരമാണ്.
കൊളസ്ട്രോൾ പ്രൊഫൈൽ
കുറഞ്ഞത് 3-4 വർഷത്തിലൊരിക്കലെങ്കിലും കൊളസ്ട്രോൾ നില പരിശോധിക്കേണ്ടതുണ്ട്. കൊളസ്ട്രോൾ ലെവൽ കൂടിയാൽ ഹൃദയസ്തംഭനം വരെയുണ്ടാവാം. 2-3 വർഷത്തിലൊരിക്കൽ ഫാസ്റ്റിംഗ്, ബ്ലഡ് ഷുഗർ പരിശോധന അനിവാര്യമാണ്.
ബ്രസ്റ്റ് എക്സാമിനേഷൻ
ഇന്ന് സ്താനാർബുദം സ്ത്രീകൾക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. തുടക്കത്തിലെ രോഗം കണ്ടെത്താനായാൽ ചികിത്സയും എളുപ്പമാണ്. ഇതിനു നിശ്ചിത ഇടവേളകൾ നൽകി സ്വയം സ്തന പരിശോധന നടത്തുകയോ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ വിദഗ്ദ്ധയായ ഒരു ലേഡി ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുകയോ ചെയ്യാം. 40-45 നുശേഷം വർഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തുന്നത് അഭികാമ്യമാണ്.
പെൽവിക്ക് എക്സാമിനേഷൻ
2-3 വർഷത്തിലൊരിക്കൽ ഈ പരി ശോധന നടത്തുന്നത് ഗർഭാശയ ക്യാൻസർ/വന്ധ്യത പോലുള്ള പ്രശ്നങ്ങൾ എളുപ്പം കണ്ടെത്താൻ സഹായകമാണ്.
സ്കിൻ ചെക്ക് അപ്പ്
ചർമ്മത്തോട് അവഗണന അരുത്. 3 വർഷത്തിലൊരിക്കലെങ്കിലും സ്കിൻ പരിശോധന നടത്തുക. അസ്വാഭാവികമായ മറുകുകൾ, പാടുകൾ, ചർമ്മത്തിലുള്ള മാറ്റങ്ങൾ ശ്രദ്ധിക്കുക.
ഐ ചെക്ക് അപ്പ്
കണ്ണുകളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. കാഴ്ചക്കുറവോ, കണ്ണുകളിൽ അസ്വസ്ഥത തോന്നുന്നുവെങ്കിലോ നല്ലൊരു ഡോക്ടറെ കണ്ട് കണ്ണുകൾ പരിശോധിക്കുക. ആവശ്യമെങ്കിൽ മടി കൂടാതെ കണ്ണടയോ ലെൻസോ അണിയാം. പ്രായം കൂടുന്നതിനനുസരിച്ച് തിമിര പരിശോധനയും നടത്തുക.
പല്ലുകളുടെ ചെക്ക് അപ്പ്
വർഷത്തിലൊരിക്കലെങ്കിലും ദന്തവിദഗ്ദ്ധനെ കണ്ട് പല്ലുകളുടെ ആരോഗ്യം ഉറപ്പു വരുത്തുക.
മാനസിക ആരോഗ്യം
പലപ്പോഴും മാനസികമായ ക്ഷീണവും തളർച്ചയും സ്ത്രീകളെ അലട്ടാം. ഡിപ്രഷൻ പിടികൂടാതെ നോക്കണം. മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ മറ്റുള്ളവരുമായി പങ്ക് വയ്ക്കാൻ ശ്രമിക്കുക. അഞ്ചിൽ ഒരു സ്ത്രീയും 12 ൽ ഒരു പുരുഷനും ഡിപ്രഷന് ഇരയാണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് പല കാരണങ്ങൾ മൂലമുണ്ടാവാം. ഉദാ: ശാരീരിക അദ്ധ്വാനം ഏറെ ആവശ്യമായി വരുന്ന ജോലികൾ ചെയ്യുക. ഭർത്താവ്, കുടുബാംഗങ്ങളിൽ നിന്നുള്ള അവഗണന, ഓഫീസിൽ വർദ്ധിച്ചു വരുന്ന തൊഴിൽ സംബന്ധമായി മത്സരം, മറ്റേതെങ്കിലും ശാരീരികമോ മാനസികമോ ആയ അസ്വസ്ഥതകൾ. തലവേദന, ഉറക്കക്കുറവ്, ടെൻഷൻ, മുറുമുറുപ്പ്, ക്ഷീണം എന്നീ ലക്ഷണങ്ങളും പ്രകടമാവും. ജോലിയിൽ വിരക്തി തോന്നുക, ജീവിതത്തോടുള്ള ഉത്സാഹം നഷ്ടപ്പുക, ഫലമോ കുടുംബാംഗങ്ങളുടേയും കുഞ്ഞുങ്ങളുടെയും ആരോഗ്യകാര്യത്തിൽ കുടുബിനിയ്ക്ക് ശ്രദ്ധ നൽകാൻ സാധിക്കാതെ വരും. മാനസികമായ കരുത്തും ആരോഗ്യവുമുണ്ടെങ്കിലെ സ്ത്രീയ്ക്ക് ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാനാവൂ.
നാം എന്തു കഴിക്കുന്നുവെന്നതും പ്രധാനമാണ്. ദിനം മുഴുവനും ഊർജ്ജവും ചുറുചുറുക്കും നിലനിൽക്കണമെങ്കിൽ നല്ല പോഷകസമ്പുഷ്ടമായ ഭക്ഷണം തന്നെ കഴിക്കണം. മാനസികമായി ഫിറ്റ് ആയിരിക്കാൻ ഇതുവഴി സാധിക്കും.
ഡിപ്രഷൻ ഒഴിവാക്കുന്നതിന്
- വിറ്റാമിനും ധാതുക്കളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുക. വിറ്റാമിൻ ബി 12, കാൽസ്യം, അയേൺ, സെലേനിയം, സിങ്ക്, ഒമേഗ- 3യുടെ കുറവ് എന്നിവ അമ്മമാരിൽ ഡിപ്രഷനുണ്ടാക്കും.
- വർക്ക് ഔട്ട് ചെയ്യുക. വ്യായാമത്തിലൂടെ ശരീരത്തിൽ പ്രത്യേകതരം രാസപദാർത്ഥങ്ങൾ ഉൽപാദിപ്പിക്കപ്പെടും. ഇത് സ്ട്രെസ്സ് അകറ്റി മൂഡ് ശരിയാവുന്നതിനു സഹായകമാണ്.
- സ്വയം സമയം കണ്ടെത്തുക. ദിവസവും കുറഞ്ഞത് 15 മിനിറ്റെങ്കിലും ഇഷ്ടമുള്ള ഹോബികൾ ചെയ്യുക. ഉദാ: നൃത്തം, പഠനം, ചിത്രരചന, ഗാർഡനിംഗ്, എഴുത്ത് എന്നിങ്ങനെ. മനസ്സിനു ആഹ്ളാദം പകരുന്ന കാര്യങ്ങൾ ചെയ്യാം.
- ഇടയ്ക്ക് വിശ്വസ്തരായ സുഹൃത്തുക്കളോടു മനസ്സ് തുറക്കാം. സുഖദുഖങ്ങൾ അവരുമായി ഷെയർ ചെയ്യാം. മനസ്സിന്റെ ഭാരം കുറയും.
- മനസ്സ് തുറന്ന് ചിരിക്കുക. പുഞ്ചിരിച്ച മുഖത്തോടെ സംസാരിക്കുക. രോഗപ്രതി രോധശേഷി വർദ്ധിക്കുമെന്നു മാത്രമല്ല ടെൻഷനും കുറയും.
- ഇമ്പമുള്ള പാട്ട് കേൾക്കുക. മനസ്സിന് ആഹ്ളാദം നൽകും. സ്ട്രസ്സുള്ളപ്പോൾ ഒരു പാട്ട് കേട്ടു നോക്കൂ. പോസിറ്റീവ് എനർജി പകരുമിത്.
ശുചിത്വം പാലിക്കുക
- രോഗാണുക്കൾ/ബാക്ടീരിയ പകരുന്നതു തടയുന്നതിന് കൈകളുടെ വൃത്തി പ്രധാനമാണ്.
- ആർത്തവ നാളിൽ ഉപയോഗിക്കുന്ന ക്ലോത്ത്/സാനിറ്ററി നാപ്കിൻ ഓരോ 4 മണിക്കൂർ കൂടുമ്പോഴും മാറ്റുക. ശരീര ദുർഗന്ധം, അണുബാധ, ചർമ്മസം ബന്ധമായ അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിനു ശരീരവൃത്തി പ്രധാനമാണ്.
- ദിവസം രണ്ടുനേരം സ്നാനം ചെയ്യുന്നത് മൂലം ശരീരത്തിൽ അടിഞ്ഞിരിക്കുന്ന വിയർപ്പും ബാക്ടീരിയയും തുടച്ചു നീക്കപ്പെടും. സ്വകാര്യ ഇടങ്ങൾ, കൈകാലുകൾ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.
- ദുർഗന്ധം, മോണ സംബന്ധമായ പ്രശനങ്ങൾ, കാവിറ്റീസ് എന്നിവ ഒഴിവാക്കുന്നതിന് 2 തവണ രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ലുകൾ ബ്രഷ് ചെയ്യുക. ടംഗ് ക്ലീനിംഗും അനിവാര്യമാണ്.
- വിയർപ്പ് വസ്ത്രങ്ങളിലടിഞ്ഞു കൂടി ദുർഗന്ധമുണ്ടാക്കും. മാത്രമല്ല ജോലിക്കിടയിൽ അഴുക്കും പൊടിയും വസ്ത്രങ്ങളിൽ പറ്റി കീടാണുക്കളുമുണ്ടാകും. അതിനാൽ വസ്ത്രങ്ങൾ നന്നായി അലക്കി അഴുക്കു കളഞ്ഞ് വെയിലിൽ ഉണക്കിയെടുത്ത ശേഷം മാത്രം ധരിക്കുക.
- സ്വയം വൃത്തിയായിരിക്കുക. ഒപ്പം കുട്ടികളിലും വൃത്തിയുടെ പാഠങ്ങൾ പകർന്നു നൽകാം.
വ്യായാമം
ശരീരത്തിന്റെ ഫിറ്റ്നസ്സ് നിലനിർത്തുന്നതിനു വ്യായാമവും കായിക അദ്ധ്വാനവും അനിവാര്യമാണ്. ആക്ടീവായിട്ടുള്ള സ്ത്രീകളെ ഹൃദ്രോഗം, ക്യാൻസർ, പ്രമേഹം പോലെയുള്ള പ്രശ്നങ്ങൾ പാതുവേ അലട്ടാറില്ലെന്നതാണ് വസ്തുത. നല്ല ഉറക്കം കിട്ടും. ആഹ്ളാദചിത്തരായിരിക്കാൻ സാധിക്കും. ശരീരം എനർജെറ്റിക്ക് ആയിരിക്കാനും സ്മാർട്ട്നെസ്സ് നിലനിർത്താനും വ്യായാമത്തിലൂടെ സാധ്യമാണ്. വ്യായാമകാര്യം വരുമ്പോൾ സ്ത്രീകൾ പല ഒഴികഴിവുകൾ പറയാറുണ്ട്. അതിൽ പ്രധാനമിവയാണ്.
സമയമില്ല…
ഒന്നു മനസ്സുവച്ചാൽ ജോലിക്കിടയിലും സമയം കണ്ടെത്താനാവുന്നതേയുള്ളു. എത്ര മണിക്കൂർ വേണമെങ്കിലും ടീവിയ്ക്കു മുന്നിൽ ചടഞ്ഞിരിക്കുമല്ലോ, അപ്പോൾ ഒരു അര മണിക്കൂർ ടിവി കാണൽ കുറച്ചാൽ പോരെ… ഫോർമൽ വർക്ക് ഔട്ട് തന്നെ ചെയ്യണമെന്നില്ല. പകരം മറ്റേതെങ്കിലും വ്യായാമം ചെയ്യാമല്ലോ. കുറഞ്ഞത് 15 മിനിറ്റെങ്കിലും 2-3 തവണയായി വ്യായാമം ശീലമാക്കുക. നടത്തം, വീട്ടുജോലികൾ ചെയ്യുക. കുട്ടികൾക്കൊപ്പം കളികളിലേർപ്പെടുക, പടികൾ കയറിയിറങ്ങുക എന്നിങ്ങനെ വ്യായാമം ആവാം.
ശരിക്കും ക്ഷീണിച്ചുവല്ലോ
കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നുമെന്നിരിക്കലും ക്ഷീണമുള്ളപ്പോഴും വ്യായാമത്തിലേർപ്പെട്ടാൽ ഊർജ്ജം വീണ്ടെടുക്കാനാവും. നിങ്ങൾ ജോഗിംഗ്/വാക്കിംഗ് തുടങ്ങി നോക്കൂ, ക്ഷീണം താനെ പമ്പ കടക്കും.
വ്യായമം ചെയ്യുമ്പോൾ ശരീരത്തിൽ ഫീൽ ഗുഡ് ഹോർമോൺ എൻഡോർഫിൻ റിലീസ് ചെയ്യപ്പെടും. ഇത് ശരീരത്തിനു ഊർജ്ജം നൽകുന്നതിനു സഹായകമാണ്.
ഈ കുട്ടികളെ കൊണ്ടു തോറ്റു..
വ്യായമം ചെയ്യുമ്പോൾ കുട്ടികളെയും കൂട്ടിക്കൊള്ളൂ. അവർ പാർക്കിൽ ഊഞ്ഞാലാടുന്ന സമയത്ത് നിങ്ങൾക്ക് ചെറിയൊരു നടത്തമാവാമല്ലോ, കുറച്ചു ദൂരമേയുള്ളൂവെങ്കിൽ കൽനടയായി കുട്ടികളെ സ്ക്കൂളിൽ കൊണ്ടാക്കി കൊള്ളൂ. കുട്ടികൾക്കൊപ്പം ബാറ്റ്മിന്റൻ, ക്രിക്കറ്റ് എന്നീ വിനോദങ്ങളിലേർപ്പെടുക.
വ്യായാമം ബോറിംഗ് ഏർപ്പാടാണ്
ഒരു ജോലിയായി കാണുമ്പോഴാണ് വ്യായാമം വിരസമായി തോന്നുന്നത്. ഇത് ഫൺടൈം പോലെ ആസ്വദിച്ചു ചെയ്തു നോക്കൂ. എന്നിട്ടും ബോറിംഗായി തോന്നുകയാണെങ്കിൽ സ്കേറ്റിംഗ്, സൈക്ലിംഗ്, നൃത്തം, ഗാർഡനിംഗ് പോലെ രസകരമായ വ്യായമ്മങ്ങളിലേർപ്പെടാം.
അനങ്ങാൻ വയ്യേ…
വീട്ടിലായാലും ഓഫീസിലായാലും പോറ്റുപോലെ അനങ്ങാതിരിക്കാനാവും ചിലർക്കെങ്കിലുമിഷ്ടം. ഇടംവലം തിരിയാൻ വയ്യ എന്നാൽ ഷോപ്പിംഗ് മാൾ മുഴുവനും നടന്നു തന്നെ കാണും. വിയർക്കുമെന്നോർത്ത് വർക്ക് ഔട്ട് ചെയ്യാൻ ഭയമാണെങ്കിൽ എസി റൂം തെരഞ്ഞെടുത്തോളൂ. നീന്തലും നല്ലൊരു വ്യായാമമാണ്.
പോഷകസമ്പുഷ്ടമായ ഭക്ഷണം
രാവിലെ ഭർത്താവിനെയും കുട്ടികളേയും പറഞ്ഞയക്കുന്ന തിരക്കിൽ സ്ത്രീകൾക്ക് പ്രാതൽ തീരെ കഴിക്കാൻ പറ്റാതെ വന്നേക്കാം. 2 ബ്രഡ് സ്ലൈസിൽ ഒരൽപം വെണ്ണ പുരട്ടി കഴിക്കാം. അതുമല്ലെങ്കിൽ പാലിൽ അൽപം കോൺഫ്ളെക്സ് ചേർത്ത് കഴിക്കാൻ നേരമധികം എടുക്കില്ലല്ലോ? പ്രഭാത ഭക്ഷണം പ്രധാനമാണ്. വറപൊരി ഭക്ഷണത്തിനു പകരം പ്രോട്ടീൻ, വിറ്റാമിൻ, കാർബോ ഹൈഡ്രേറ്റ് സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. മീൻ, പാൽ, തൈര്, ഫ്രൂട്ട്സ്, പച്ചക്കറി, മുളപ്പിച്ച ധാന്യങ്ങൾ, ഉണക്ക പഴങ്ങൾ, പരിപ്പ് തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്തുക.
നല്ല ഉറക്കം
കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഉറങ്ങുക തിരക്കുകൾക്കും വ്യായാമത്തിനുമിടയിൽ ശരീരത്തിനു വിശ്രമവും അനിവാര്യമാണ്.





