മരണത്തണുപ്പിന്‍റെ രാത്രിയുടെ നിഗൂഢ യാമങ്ങളിൽ കടലാസുകെട്ടുകൾ ഞാൻ പരിശോധിച്ചുകൊണ്ടിരുന്നു. ഇടക്ക് മടുപ്പ് തോന്നിയപ്പോൾ ഞാൻ ജനലരികിൽ പോയിനിന്ന് വാതായനങ്ങൾ തുറന്നിട്ടു. തണുപ്പ് പൊതിഞ്ഞ കാറ്റ്. തെല്ലിട നിന്നപ്പോൾ മനസ്സും ശരീരവും തണുത്തു. നടപ്പാതയിലൂടെ മുനിഞ്ഞുകത്തുന്ന പ്രകാശധാരയുമായി ഒരു യാത്രികൻ മുന്നോട്ട് പോകുന്നത് കണ്ടു. അയാളുടെ വേച്ചുവേച്ചുള്ള അസ്വസ്ഥതജനകമായ കാഴ്ച അകന്നു ശമിക്കുന്നതുവരെ നോക്കിനിന്ന് ഞാൻ ജനാലകൾ അടച്ചു. രാത്രിയുടെ ഭീതിജനകമായ ശാന്തത.

പേപ്പർകെട്ടുകളും അനുബന്ധ വസ്തുതകളും പലയാവർത്തി വായിച്ചിട്ടും ഒരുത്തരം കണ്ടെത്താൻ കഴിയാത്തത് എന്നെ നിരാശപ്പെടുത്തി. കടൽത്തീരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പൊടുന്നനെ അപ്രത്യക്ഷമാവുക. ഇതിനെന്ത് ഉത്തരമാണ് നൽകാനാവുക! ആരും അപായപ്പെടുത്തിയിട്ടില്ലെന്ന് ഇതുവരെയുള്ള അന്വേഷണം വ്യക്തമാക്കുന്നു. അല്ലെങ്കിൽ അത്തരമൊരു സംഭവം നടന്നതായുള്ള യാതൊരു തെളിവുകളും ഇന്നുവരെ ലഭിച്ചിട്ടുമില്ല. എങ്കിൽ കുട്ടികളെവിടെ?

മെലിഞ്ഞു വിളർത്ത മനുഷ്യൻ മാത്രമേ പ്രതിഭാഗത്തു നിൽക്കുന്നതായി കാണാൻ സാധിക്കുന്നുള്ളൂ. അയാളുടെ കുടുംബപശ്ചാത്തലമൊന്നും ഗബ്രി വിശദീകരിക്കുന്നില്ല. അയാൾ കുറ്റക്കാരനല്ല എന്നുതന്നെ പോലീസ് നടപടികളെ മുൻനിർത്തി ഗബ്രി ക്ലീൻ ചിറ്റ് നൽകുകയാണ്.

മനുഷ്യന്‍റെ ബോധമണ്ഡലത്തിന്‍റെ രാശിക്കപ്പുറമുള്ള പ്രകൃത്യാതീത ശക്തിയുടെ സ്വാധീനംകൊണ്ട് മനുഷ്യർ അപ്രത്യക്ഷമാകുമോ? മനുഷ്യൻ നിർവ്വചിച്ചിട്ടില്ലാത്ത ഏതെങ്കിലും ശാസ്ത്രം ഇതിനു പുറകിലുണ്ടോ? പൊടിപോലും അവശേഷിപ്പിക്കാതെ യാത്രാവിമാനങ്ങൾ യാത്രക്കാർ സഹിതം അപ്രത്യക്ഷമായ ഏറെ സംഭവങ്ങൾ ചരിത്രത്തിലുണ്ട്. കപ്പലുകൾ യാതൊരു തെളിവും അവശേഷിപ്പിക്കാതെ കടലാഴങ്ങളിൽ അപ്രത്യക്ഷമായ കഥകൾ, ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകളും ഒരുനാൾ അപ്രത്യക്ഷമായ കഥകൾ… ഇന്നും ശാസ്ത്രത്തിനോ ഇന്നോളം മനുഷ്യൻ ആർജ്ജിച്ച വിജ്ഞാനത്തിനോ ഉത്തരം നൽകാൻ ആകാത്ത സമസ്യകൾ.

ഇപ്പോൾ എന്നെ അലട്ടുന്ന വിഷയത്തിനും ഉത്തരമില്ലേ? ചെറുപ്പകാലത്ത് ഒരു താൾ കടലാസുശകലത്തിൽ നിന്നും വായിച്ച സംഭവം ഏറെനാൾ മനസ്സിനെ അലട്ടിയിരുന്നു. മനസ്സിന്‍റെ ഒരുകോണിൽ മനസ്സിനെ മുറിവേൽപ്പിച്ചുകിടന്നു, എലീസ ലാം.

പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് ആ സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കാണാനിടയായത്. അവർ ലിഫ്റ്റിൽ അകപ്പെട്ടപ്പോൾ ലഭ്യമായ വീഡിയോ. കനേഡിയൻ വിനോദസഞ്ചാരിണിയായ എലീസ ലാമിന്‍റെ തിരോധാനം, പിന്നീടുള്ള മരണവാർത്ത. ഇന്നും യുക്തിസഹജമായ വിശദീകരണം ലഭ്യമാകാത്ത ദുരൂഹമായ മരണം. ഇത്തരത്തിൽ ഉത്തരമില്ലാത്ത ചോദ്യങ്ങൾ എത്രയെണ്ണം? അതിലൊന്നായിത്തീരുമോ എന്നെ അലട്ടുന്ന ചോദ്യവും?

ഇരുപത്തൊന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എലീസ, സെസിൽ ഹോട്ടലിൽ നിന്ന് അപ്രത്യക്ഷയായി. വെറും ഇരുപത്തിയൊന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എലീസ ലാം ഒരു വിനോദയാത്രയുമായി ബന്ധപ്പെട്ടാണ് ലോസാഞ്ചലസിൽ എത്തുന്നത്. ദുരൂഹ സംഭവങ്ങളുടെ വലിയ ചരിത്രമുള്ള സെസിൽ ഹോട്ടലിലായിരുന്നു അവർ താമസിച്ചിരുന്നത്.

ഒരുനാൾ എലീസയെ കാണാതായി. സ്വാഭാവികമായും അവളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

പോലീസ് തിരച്ചിലിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ലോകത്തെ ഞെട്ടിച്ച വീഡിയോ പുറത്തുവന്നത്. ലിഫ്റ്റിനകത്ത് എലീസ നിൽക്കുന്നതും തീർത്തും വിചിത്രമായ മാനറിസങ്ങൾ അവർ പ്രകടിപ്പിക്കുന്നതുമായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. അവർ ആരോടെന്നില്ലാതെ സംസാരിക്കുന്നതും ആരെയോ ഭയന്ന് ഒളിക്കാൻ ശ്രമിക്കുന്നതും ആ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. എന്നാൽ ആ ലിഫ്റ്റിൽ അവരല്ലാതെ മറ്റാരും ഉണ്ടായിരുന്നുമില്ല താനും.

എലീസയെ കാണാതായി മൂന്നാഴ്ചകൾക്ക് ശേഷം ഹോട്ടലിലെ താമസക്കാർ വാട്ടർ ടാപ്പിലെ വെള്ളത്തിന്‌ ദുർഗന്ധം അനുഭവപ്പെടുന്നതായി പരാതിപ്പെട്ടു. അതനുസരിച്ചുള്ള അന്വേഷണം നീണ്ടത് വാട്ടർ ടാങ്കിലേക്കായിരുന്നു. അവിടെ കണ്ടത് എലീസയുടെ മൃതദേഹവും.

പലതരം നിഗമനങ്ങളും വിലയിരുത്തലുകളും ഇതേത്തുടർന്ന് ഉണ്ടായി. പ്രേതബാധ, മാനസിക വിഭ്രാന്തി, അപകടമരണം, കൊലപാതകം എന്നിങ്ങനെ വിവിധതരം സിദ്ധാന്തങ്ങൾ ഉയർന്നുവന്നു. ഒടുവിൽ നിയമപരമായി അപകടമരണം എന്ന് നിശ്ചയിക്കപ്പെട്ടു. എങ്കിൽ വാട്ടർ ടാങ്കിന്‍റെ കനമേറിയ അടപ്പ് എങ്ങനെ അടച്ചു, ടെറസിലെ വാതിൽ സൈറൺ മുഴക്കാതെ എങ്ങനെ തുറന്നു എന്നതിനൊന്നും ഇന്നും ഉത്തരമില്ല. ഇന്നും പ്രമാദപ്പെട്ട തെളിയിക്കപ്പെടാത്ത ദുരൂഹതയായി ഈ സംഭവം തുടരുന്നു.

ഇടക്ക് പോയി വാതിൽ തുറന്നു. വഴിയോരത്തെ മഴ നനഞ്ഞ ഇലച്ചാർത്തുകൾക്കു മുകളിൽ മഞ്ഞവെളിച്ചം പ്രതിഫലിക്കുന്നു. ദുഷ്ചിന്തകളുടെയും അകാരണമായ ഭീതിയുടേയും പെരുക്കത്തിന്‍റെ ഏതോ പരിധിയിൽ ഉറക്കം എന്നെ വന്നനുഗ്രഹിച്ചു. ഇമ ചിമ്മിയതോർമ്മയുണ്ട്.

ജനലഴിയിലൂടെ വെളിച്ചം കണ്ണിലേക്കടിച്ചപ്പോൾ കണ്ണുതുറന്നു. സുഖകരമായ ചൂടുൾക്കൊണ്ട് പ്രസരിക്കുന്ന വെളിച്ചം എന്തൊരു അനുഗ്രഹമാണ്. ഇരുളാഴിയിൽ മുങ്ങിക്കുഴഞ്ഞ് അസ്വസ്ഥതയുടെ ഭാണ്ഡം പേറിയ തലേരാത്രിയിൽ നിന്നും മനസ്സ് വിടുതൽ നേടിയിരിക്കുന്നു. അനേക കാതങ്ങൾക്കപ്പുറത്തു നിന്നുമുള്ള ഉഷ്ണപ്രവാഹം ഉൾക്കൊണ്ട് അല്പനേരം കണ്ണടച്ചുകിടന്ന ശേഷം ഞാൻ എഴുന്നേറ്റു. മനസ്സിൽ വേപഥുപൂണ്ട ചിന്തകളില്ല. ഓഫീസിൽ പോണം. ചില പഴയ മാധ്യമരേഖകൾ ഒന്നു പരിശോധിക്കണം. അത്രമാത്രം. കണ്ടെത്തിയ എന്‍റെ നിഗമനങ്ങങ്ങൾ ഗബ്രിയെ അറിയിക്കണം. ഭാരം ഇറക്കിവച്ച് ഇഷ്ട ഭക്ഷണശാലയിൽ നിന്നും സമൃദ്ധമായി ആഹാരം കഴിക്കണം. സമയമുണ്ടെങ്കിൽ ഒരു സിനിമയും. മതി. ഇന്നത്തെ ദിവസം അങ്ങനെപ്പോകട്ടെ.

തലേന്നത്തെ എന്‍റെ ഊഹങ്ങളിൽ ഒരു ചെറിയ സൂചന അല്ലെങ്കിൽ സാധ്യത തെളിഞ്ഞിരുന്നു. ആ സാധ്യത തെളിയിക്കാനാവശ്യമായ ചില രേഖകൾ തേടണം. ഇന്‍റർനെറ്റിന്‍റെ വിവരത്തിന്‍റെ വിശാലതയിൽ നിന്നും തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇനി യഥവാ തെളിവൊന്നും ലഭിച്ചില്ലെങ്കിൽ കേസ് മടക്കാം. തലയൂരാം. പല ആളുകളേയും കണ്ടിട്ടുണ്ട്, തങ്ങൾക്ക് വിജയകരമായി കൈകാര്യം ചെയ്യാനാകാത്ത വിഷയങ്ങൾ മുന്നും പിന്നും നോക്കാതെ ഏറ്റെടുത്ത് വിഷമിക്കുന്നവരെ. തങ്ങൾക്ക് കാര്യക്ഷമമായി നിർവഹിക്കാവുന്ന അവസരങ്ങൾ വേറെ വരും. പറ്റാത്തവ ഒഴിവാക്കുക തന്നെ വേണം. അല്ലെങ്കിൽ തനിക്കും ഒപ്പം ബന്ധപ്പെട്ടവർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കാനേ അത്തരം തീരുമാനങ്ങൾ ഉതകൂ. പ്രശ്നങ്ങൾ കാര്യക്ഷമമായി തീർത്താൽ കരഗതമാകുന്ന സൗകര്യങ്ങൾ ത്യജിക്കാനുള്ള മനസ്സ് ഉണ്ടാകണമെന്നു മാത്രം.

നേർത്തുമൊരിഞ്ഞ ദോശ സാമ്പാറിൽ മുക്കിക്കഴിച്ച ശേഷം ശർക്കര ചേർത്ത കാപ്പി കുടിച്ച് വീട്ടിൽ നിന്നിറങ്ങി. മേലെ നീലരാശിപൂണ്ട ആകാശം. കനത്ത വെള്ളമേഘങ്ങൾ ആകാശരാശിയിൽ തുടിക്കുന്നു. പിന്നെ എങ്ങോട്ടെന്നില്ലാതെ ഓടിയകലുന്നു… വെള്ളപ്പുതപ്പുകൾക്കപ്പുറം നീലച്ച ആകാശം അനന്തതയിലേക്ക് ചായുന്നു.

വഴിയരികിലെ ചെറിയ കടയിൽ നിന്നും ചായയും കൂട്ടിന് ഉഴുന്നുവടയും കഴിക്കുമ്പോഴാണ് ഇന്നേരമായിട്ടും ആരും ഒന്നു വിളിക്കുകയോ സന്ദേശമയക്കുകയോ ചെയ്തില്ലെന്ന് തോന്നിയത്. ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാൻ ആർക്കും താത്പര്യമില്ലല്ലോ എന്ന് വ്യാകുലപ്പെട്ട് വെറുതെ ഫോണെടുത്തു നോക്കി. അല്ല! എന്‍റെ വ്യാകുലത അസ്ഥാനത്തെന്ന് ബോധ്യമായി. ഒരുപാട് പേർ വിളിച്ചിരിക്കുന്നു. സന്ദേശങ്ങൾ വന്നിരിക്കുന്നു.

തലേന്ന്, നാടകശാലയിലേക്ക് കയറും മുന്നേ ഫോണിലെ നോട്ടിഫിക്കേഷനുകളും കോളുകളുമെല്ലാം നിശ്ശബ്ദമാക്കി വച്ചിരുന്നു. വില്ലി അങ്കിളിന്‍റെ രണ്ടുമൂന്ന് കോളുകൾ കണ്ടു. ചിലപ്പോൾ നാടകശാലയിൽ വച്ച് തന്നെ കണ്ടുകാണും അതാകും വിളിച്ചത്. മൊരിഞ്ഞ വട പ്ലേറ്റിന്‍റെ ഓരത്ത് നിന്നും ഒഴുകിപ്പരക്കുന്ന ചുകന്ന എരിവിൽ മുക്കിക്കൊണ്ട് ഞാൻ വില്ലി അങ്കിളിനെ വിളിച്ചു. നാടകത്തെക്കുറിച്ചുള്ള അഭിപ്രായം തിരക്കാനായിരിക്കാം തലേന്ന് വിളിച്ചത്. ഞാൻ അസ്വസ്ഥനായി എഴുന്നേറ്റു പോകുന്നത് വില്ലി അങ്കിളിന്‍റെ ശ്രദ്ധയിൽ പെട്ടിരിക്കാം.

ഒന്നുരണ്ടു തവണ വില്ലി അങ്കിളിനെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പുറത്തിറങ്ങി തെല്ലിട് കഴിഞ്ഞതും വില്ലി അങ്കിളിന്‍റെ ഫോൺ. ഞാൻ ഫോണെടുത്ത് സംസാരിച്ചു തുടങ്ങി. അല്ല. ആ ശബ്ദം വില്ലി അങ്കിളിന്‍റേതല്ല. ഒരു പരുക്കൻ ശബ്ദം. ഞാൻ ആ ശബ്ദത്തിന്‍റെ ഉടമയോട് വില്ലി അങ്കിളിനെക്കുറിച്ച് അന്വേഷിച്ചു. അയാൾ പറഞ്ഞത് എന്‍റെ കർണ്ണപുടങ്ങളിൽ ചെറുമുഴക്കങ്ങളായി അലയൊലി തീർത്തു.

വില്ലി അങ്കിൾ മരിച്ചു. തലേന്ന് നാടകശാലയിലെ ഒരൊഴിഞ്ഞ കോണിൽ ചാഞ്ഞിരുന്നിരുന്ന അയാൾ അവിടെ ദേഹിവേർപെട്ട ദേഹമായിരുന്നു എന്ന് ഓർത്തപ്പോൾ നേരിയ വിറയൽ ശരീരമെമ്പാടും പടരുന്നതായി ഞാൻ അറിഞ്ഞു.

അസംബന്ധനാടകം കണ്ടുകൊണ്ടിരിക്കെ രംഗബോധമില്ലാത്ത കോമാളിയായി വന്ന മരണം ജീവിതമെന്ന അസംബന്ധ നാടകത്തിന് തിരശ്ശീല താഴ്ത്തി.

ഞാൻ പുറത്തേക്കിറങ്ങി. ഓഫീസാണ് ലക്ഷ്യം. മ്ലാനത മൂടിക്കെട്ടിയ അന്തരീക്ഷം. നരച്ച വിഷാദഛവി പുരണ്ട വഴിത്താരയും കെട്ടിടങ്ങളും. പുറത്തിറങ്ങിയപ്പോൾ കമ്പനം കൊണ്ടിരുന്ന കാറ്റുപോലും നിശ്ശബ്ദമാണ്. ഓഫീസിലേക്കുള്ള റോഡ് മുറിച്ചുകടന്ന് ചുറ്റുഗോവണി കയറി ഇരിപ്പിടത്തിൽ ഇരുന്നു. നേരിയ തളർച്ചയുണ്ട്. ഫാനിന്‍റെ വേഗം കൂട്ടി. ചായ പറഞ്ഞു. കസേരയിൽ ചാഞ്ഞുകിടന്നു.

ശവസംസ്ക്കാര ചടങ്ങുകൾ ഇന്നില്ല. വിദേശത്തുനിന്നും മക്കൾ വരേണ്ടതുണ്ട്. മിക്കവാറും നാളെ സായാഹ്നത്തിലെ അതു പ്രതീക്ഷിക്കുന്നുള്ളൂ. അവസാനമായി ഒന്നുപോയി കാണണം. അപ്രതീക്ഷിതമായി കാലിൽ മുള്ളേറ്റു തറഞ്ഞപോലെ നീറലായി വില്യംസിന്‍റെ മരണം. ഞാൻ ഫോണിൽ വില്യംസിന്‍റെ നമ്പർ നോക്കി തെല്ലിട ഇരുന്നു.

ആളുകളുടെ അസ്തിത്വം പത്തക്ക നമ്പറിൽ മാത്രമായി ചുരുങ്ങുന്നു. സുഹൃത്തുക്കൾ പോകട്ടെ, അടുത്ത ബന്ധുക്കളുടേതുപോലും. ഞാൻ ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ബന്ധുവുണ്ട്, വിദേശത്താണ്. അയാളുടെ നമ്പർ സേവ് ചെയ്തു വച്ചിട്ടുണ്ട്. എപ്പോഴോ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്, അത്രമാത്രം. പിന്നീട് എന്തുകൊണ്ട് അയാളുമായുള്ള ബന്ധം പുതുക്കിയില്ല? ഒരാവശ്യം വന്നില്ല എന്നു പറയുന്നതാണ് സത്യം. എങ്കിലും പിറന്നാളുകൾ, മറ്റു വിശേഷാവസരങ്ങൾ അങ്ങനെ ബന്ധം നിലനിറുത്തി പോകുവാനുള്ള ഒരുപാട് അവസരങ്ങൾ വന്നുപോയിട്ടുണ്ട്. ചെറുപ്രായത്തിൽ കളിക്കൂട്ടുകാരനായിരുന്നു. എന്നിട്ടും അയാൾ നമ്പർ മാത്രമായി ഫോണിൽ ഒതുങ്ങുന്നു. ഇനി വില്ലി അങ്കിളിന്‍റെ ഓർമ്മ പത്തക്ക നമ്പറായി ഫോണിൽ സംരക്ഷിക്കപ്പെടും. പിന്നീടെപ്പോഴോ ആ നമ്പർ മറ്റാരുടേയോ ആയി മാറും… പരിണമിക്കും…

और कहानियां पढ़ने के लिए क्लिक करें...