ഫെമിനിസ്റ്റ് മാനിഫെസ്റ്റോ- വെള്ളം ചേർത്തത്

ഞാനൊരു ഫെമിനിസ്റ്റാണ്. സ്ത്രീകളെക്കുറിച്ച് എന്തു പറഞ്ഞാലും എനിക്ക് വികാരം വരും. വീടിനുള്ളിൽ വേണം ഫെമിനിസം ആദ്യം നടപ്പിലാക്കേണ്ടത് എന്ന അജണ്ടയുടെ പ്രാരംഭ നടപടിയെന്ന നിലയ്ക്കാണ് കഴിഞ്ഞ സൺഡേ മുതൽ ചില കൽപ്പനകൾ ഒക്കെ തുടങ്ങിയത്. സ്വന്തം തുണി സ്വയം കഴുകി മടക്കി വെക്കണം. കഴിച്ച പാത്രം കഴുകി വെക്കണം. മൂന്നാമത്തെ കൽപ്പന കുറച്ച് കടുപ്പം കൂടിയതാണ്. ഇടയ്ക്ക് വല്ലപ്പോഴും വീട് തൂക്കണം. പെണ്ണ് തൂത്താൽ മാത്രമേ വീട് വൃത്തിയാവൂ എന്നില്ല. ആര് തൂത്താലും അഴുക്ക് പോകും.

“ഇതൊക്കെ എന്നോട് മാത്രം പറയുന്നത് എന്തിനാണ് അച്‌ഛനോട് കൽപ്പിക്കാത്തത് എന്താണ്? ചെറുക്കന് പിടിച്ച മട്ടില്ല. അച്ഛനെ എനിക്ക് കിട്ടിയപ്പോഴേക്കും മൂത്തു നരച്ചു പോയി.”

“അമ്മേ എന്നു മുതലാണ് അമ്മ ഫെമിനിസ്‌റ്റ് ആയത്.”

“കൃത്യമായി പറയുകയാണെങ്കിൽ ഇന്നലെ രാത്രി 10 മണിക്ക്.”

“എന്തു സംഭവിച്ചു?”

“ഇന്നലെ അഗതാ ക്രിസ്റ്റി എന്ന എന്‍റെ കൂട്ടുകാരി പറഞ്ഞു. അവൾ ഫെമിനിസത്തിലേക്ക് നടക്കുകയാണ്. അപ്പോൾ ഞാനും ചിന്തിച്ചു വഴിമാറി നടക്കണം. ഓരേ വഴി തന്നെ എന്നും നടക്കണ്ട. പ്രഖ്യാപിത നയങ്ങളിൽ അടുത്തത് ഭർത്താവിനോടുള്ള നിവേദനമാണ്. എനിക്ക് പെൻഷൻ അനുവദിക്കണം.”

“ഇപ്പോഴോ?”

“അതെ ഇതുവരെ ചെയ്ത‌ എല്ലാ ജോലിക്കും ശമ്പളം നിങ്ങൾ തന്നിട്ടില്ല. ഇനി പെൻഷൻ എങ്കിലും വേണം. ഒരു യന്ത്രത്തെപ്പോലെ അലക്കുക തൂക്കുക തുടയ്ക്കുക വെക്കുക വിളമ്പുക ഇതൊക്കെ എത്രകാലമായി ഞാൻ ചെയ്യുന്നു. കിടപ്പറ പങ്കിടുന്നു.”

“കഴിഞ്ഞ ആഴ്ച്‌ച വാങ്ങിച്ച പട്ടുസാ രിയുടെ വില അറിയാമോ?” ഭർത്താവ് ചോദിച്ചു.

“ഞാൻ ഭൗതിക വസ്‌തുക്കളുടെ വില സൂക്ഷിക്കാറില്ല. ഒരു കാര്യം ചെയ്യാം. ഞാൻ വീട്ടുപണികൾ എല്ലാം ചെയ്യാം. പകരം ഇന്നുമുതൽ ശ്രീമതി പുറത്തുപോയി ജോലി ചെയ്യണം. ലോൺ മുതൽ എല്ലാ ബാധ്യതകളും അടക്കണം. എനിക്ക് നീ പെൻഷൻ തന്നാൽ മതി.”

അയാൾ മന്ദഹസിച്ചു. കണ്ണടക്കുള്ളിൽ നിന്ന് കണ്ണ് പുറത്തേക്ക് ഇറങ്ങി വരുന്നു. ആകാംക്ഷ കൂടുമ്പോൾ കണ്ണ് കാട്ടുന്ന ചില വേലത്തരങ്ങൾ…

“നാരി ശക്തി സ്ത്രീ അവകാശങ്ങളെക്കുറിച്ചുള്ള എന്‍റെ പ്രബന്ധമാണ്. ഇത് ടൈപ്പ് ചെയ്ത് പ്രിന്‍റ് എടുത്ത് കൊണ്ടു വരണം. ഓഫീസിലുള്ള പയ്യനെ കൊണ്ട് ചെയ്യിപ്പിച്ചാൽ മതി. എനിക്ക് ടൗൺ ഹാളിൽ വനിതാ ദിനത്തിൽ അവതരിപ്പിക്കാൻ ഉള്ളതാണ്.”

ടൈപ്പ് ചെയ്യുമ്പോൾ പയ്യൻ സാറിന്‍റെ മുഖത്തേക്ക് നോക്കി. “ഇതെന്തൊരു മനുഷ്യൻ” ഇങ്ങേരെക്കുറിച്ചല്ലേ അവർ ഇതൊക്കെ എഴുതി വച്ചിരിക്കുന്നത്. ഇയാൾക്ക് ഭാര്യയെ ഭയം ആയിരിക്കും. ഇവിടെ ഈറ്റപ്പുലി. വീട്ടിൽ തറ തുടയ്ക്കുന്നു, പാത്രം കഴുകുന്നു, പട്ട് സാരി തേക്കുന്നു. ടൈപ്പ് ചെയ്ത്‌ മാറ്റർ കൊണ്ടു കൊടുത്തപ്പോൾ സാറിന്‍റെ പരബ്രഹ്‌മം പോലുള്ള ഇരിപ്പ് കണ്ട് പയ്യൻസിന് കലി വന്നു.

“സാറേ… ഇതൊക്കെ പ്രസിദ്ധീകരിക്കപ്പെടില്ലേ? എന്നാലും ഇങ്ങനെയൊക്കെ എഴുതാൻ പാടുണ്ടോ? സാറിന് മോശമല്ലേ.”

സാർ ചിരിച്ചു. “എടോ ഇതൊക്കെ പ്രസിദ്ധീകരിക്കണം. കട്ടിലിൽ ശയിക്കാനുള്ള ശയനോപകരണമല്ല സ്ത്രീ. പിന്നെന്താ മക്കളെ പെറ്റുകൂട്ടുന്ന പേറ്റിച്ചിയല്ലെന്ന്. എത്ര മനോഹരമായ സങ്കൽപ്പങ്ങൾ. ഇതിൽ എവിടെയെങ്കിലും വനിതാ റിസർവേഷൻ ബില്ലിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ടോ? അതില്ല. സ്ത്രീകൾക്ക് എന്നാണ് ആദ്യമായി വോട്ടവകാശം കി ട്ടിയതെന്ന് പറഞ്ഞിട്ടുണ്ടോ? അതൊന്നും ഇല്ല. മുലക്കരം എന്നൊരു കരത്തിനെതിരെ സ്ത്രീകൾ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? അറ്റ്‌ലീസ്‌റ്റ് തുണിക്കടകളിൽ ഇരിക്കാനുള്ള അവകാശത്തെക്കുറിച്ച് സെയിത്സ് ഗേൾസ് നടത്തിയ കാലിക പ്രക്ഷോഭത്തെക്കുറിച്ച് പരാമർശമുണ്ടോ? അതൊന്നും ഇല്ല. പിന്നെയെന്താ ഉള്ളത്? പയ്യൻസിന് പിടി കിട്ടുന്നില്ല. സ്വന്തം ജീവിതത്തിന്‍റെ നേർപാതിയെ താറടിക്കുക. പുരുഷ വിദ്വേഷം ആളിക്കത്തിക്കുക. മനുഷ്യർ എന്ന നിലയിൽ കിട്ടേണ്ട തുല്യ വേതനത്തെക്കുറിച്ച് എന്തെങ്കിലും ഉണ്ടോ? ഇല്ല പുരുഷവിദ്വേഷ ജൽപനങ്ങൾ ഇഞ്ചോട് ഇഞ്ച് ഉണ്ട്. ഇതൊക്കെ ആളുകൾ വായിക്കണം സ്വന്തം ജൈവീകതയെക്കുറിച്ച് പ്രത്യുൽപാദന ധർമ്മങ്ങളെക്കുറിച്ച് ഇത്ര വില കുറച്ച് സ്ത്രീ തന്നെ പറയുമ്പോൾ അത് വായിക്കപ്പെടേണ്ടതല്ലേ?”

“എന്നാലും എന്‍റെ സാറേ.”

“കാര്യം എന്‍റെ ഭാര്യ തന്നെ എന്നാലും മോരെന്താ മുതിരയെന്താ എന്ന് മനസ്സിലാക്കാതെ ഏതിനും ഫെമിനിസം പറയരുത് അതൊക്കെ ആഴത്തിലുള്ള ചിന്താധാരയാണ്. വിഷയത്തിന്‍റെ ഗൗരവത്തെ മറന്ന് ചാപല്യങ്ങൾ കാട്ടി ചിരിപ്പിക്കാൻ ഉള്ള വക ഉണ്ടാക്കുന്നു. ഇനി ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ പത്രം കത്തിക്കും. ശ്രീമതിയുടെ ഭീഷണി.

“എന്താണ് ഇത്ര പറയാനുള്ളത്.”

“അവൾക്ക് ഒരു പുരുഷന് മുന്നിൽ താലി കെട്ടാൻ തലകുനിക്കാൻ വയ്യെന്ന് അതൊരു അടിമച്ചങ്ങലായാണെന്ന്”

“എന്നാൽ അവൾ കുനിക്കണ്ട.. അങ്ങോട്ട് ഒരു മാല ഇട്ടു കൊടുക്കാൻ പറ.”

“നിങ്ങളുടെ തമാശ കേൾക്കാനുള്ള മാനസിക അവസ്‌ഥയിൽ അല്ല ഞാൻ പെണ്ണിന് വയസ്സ് 28 കഴിഞ്ഞു. ഇപ്പോ പഠിത്തം കഴിഞ്ഞു ജോലിയും കിട്ടി. “

“അവൾ തിരഞ്ഞെടുത്ത പയ്യൻ അല്ലേ? പിന്നെ എന്താണ് പ്രശ്നം?”

“കല്യാണം വേണ്ട ലിവിങ് ടുഗതർ മതിയെന്ന്.

“പിന്നെ അതേ അവൾക്ക് കുട്ടികൾ വേണ്ട എന്ന്. നന്നായി എന്‍റെ മകളുടെ ആ കാഴ്ചപ്പാടിനോട് എനിക്ക് മതിപ്പ് തന്നെ. ജനസംഖ്യ വർദ്ധിച്ച ചൈനയെ മറി കടക്കാൻ ഒരുങ്ങുന്ന ഇന്ത്യ മഹാരാജ്യത്തിലെ പ്രജ എന്ന നിലയിൽ അവളുടെ ദേശ സ്നേഹത്തെ ഞാൻ മാനിക്കുന്നു.”

“ദേശസ്നേഹം മണ്ണാങ്കട്ട. കുട്ടികളൊക്കെ ജോലിത്തിരക്കിൽ ഒരു ബർഡൻ ആണെന്ന്. അതുകൊണ്ട് ഈ പ്രായത്തിൽ അണ്ഡം ഭ്രൂണ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുമെന്ന്. കുഞ്ഞുങ്ങൾ വേണമെന്ന് തോന്നുമ്പോൾ ഗർഭപാത്രത്തിൽ ഇൻസർട്ട് ചെയ്യാമെന്ന്.”

“അപ്പോൾ അച്ഛൻ കഥാപാത്രം വേണ്ട. അതിനുള്ള വസ്തു ഭ്രൂണ ബാങ്ക് നൽകുമായിരിക്കും.”

“അതൊന്നും എനിക്കറിയില്ല. എന്നായാലും ഈ ഏർപ്പാട് അത്ര കൊള്ളില്ല.” അമ്മയ്ക്ക് ഇക്കാര്യത്തിൽ ഉറച്ച നിലപാട് വന്നിരിക്കുന്നു. അഗതാ ക്രിസ്‌റ്റിയുടെ നിലപാടിൽ അവൾ വെള്ളം ചേർത്ത് തുടങ്ങിയിരിക്കുന്നു. ഗാഥ ഞങ്ങളുടെ പൊന്നോമന പുത്രി വാതിലിനരികിൽ മറഞ്ഞുനിന്ന് ഞങ്ങളുടെ ചർച്ച സാകൂതം വീക്ഷിക്കുകയായിരുന്നു. സമയമാകുമ്പോൾ ഇടപെടാൻ അവസരം കൊതിക്കുന്ന റഫറിയെ പോലെ.

“അച്‌ഛാ ഇന്നത്തെ കാലത്ത് ജീവിതം ജീവിക്കുക അത്ര നിസ്സാരമല്ല. പ്രമോഷനൊക്കെ നേടിയെടുത്ത് ജീവിതം ഒന്ന് സെറ്റിൽ ആയിട്ട് കുഞ്ഞുങ്ങൾ ആകുന്നതാണ് സെയ്ഫ്.”

“അതെ അമ്മൂമ്മയാകേണ്ട പ്രായത്തിൽ അമ്മയാവുക.” അച്‌ഛൻ വിടാനുള്ള മട്ടില്ല.

“നീ കൊച്ചായിരുന്നപ്പോൾ നിന്‍റെ പിന്നാല അമ്മ പാർക്കിലൂടെ ഓടുമായിരുന്നു. നിനക്ക് വേണ്ടിയാണ് അവൾ ജോലിക്ക് പോകണ്ടെന്നു വച്ചത്. ഇന്ന് ആ ജോലി തുടരുകയാണെങ്കിൽ മിനിമം ഒരു ബാങ്ക് മാനേജരെങ്കിലും ആയേനെ എന്‍റെ ശ്രീമതി. പക്ഷേ ഒരിക്കൽപോലും അമ്മ അതിൽ പരാതി പറയുന്നത് കേട്ടിട്ടില്ല.”

“അച്‌ഛാ അത് അന്തകാലം. 5000 രൂപയ്ക്ക് മാസ ചെലവ് കഴിഞ്ഞ കാലം. ഇന്ന് അങ്ങനെയാണോ?”

ശരിയാണ് മോള് പറഞ്ഞത്. അയാൾ ഓർത്തു. തന്‍റെ വിവരമില്ലായ്‌മ കുട്ടികളുടെ ജീവിതത്തിൽ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് ബോധവാനായതുകൊണ്ട് അയാൾ പത്രത്തിലേക്ക് തലതാഴ്ത്തി ഒരു കൂപമണ്ഡുകത്തെ പോലെ ഇരുന്നു.

അമ്മയും മകളും തമ്മിലുള്ള സംഭാഷണം ഡൈനിംഗ് റൂമിന് വെളിയിലേക്ക് കേൾക്കാം. അമ്മ ഉച്ചഭാഷിണിക്ക് മുന്നിലാണെന്ന് വിചാരിച്ചോ എന്തോ? വനിതാദിനാവേശം ഉന്മത്തയാക്കിയോ.

“നീ കണ്ടിട്ടുള്ള അച്‌ഛനല്ല അച്‌ഛൻ ജോലികൾ സഹായിക്കാത്തതിന് ഞാൻ അച്‌ഛനെ കുറ്റം പറഞ്ഞിട്ടുണ്ട്. അത് ഭാര്യ എന്ന നിലയിൽ എന്‍റെ അവകാശമാണ്. പക്ഷേ ഞാൻ ഒന്നു വീണാൽ എന്‍റെ അരികിലിരിക്കാൻ ആ മനുഷ്യൻ ഉണ്ടായിരുന്നു എന്നും.”

“ഈ കുടുംബത്തിന്‍റെ ഭാരം കഴുതയെപ്പോലെ ഒറ്റയ്ക്ക് വലിച്ചു എന്ന് ഞാ ൻ പറയുന്നില്ല. പക്ഷേ നമ്മുടെ ഒരാവശ്യങ്ങൾക്കും കുറവ് വന്നിട്ടില്ല ഗാഥേ…”

“അതിന് നിങ്ങളുടെ കാലത്ത് സ്ത്രീകൾക്ക് എന്ത് ആവശ്യമാണുള്ളത്. ഉടുക്കാൻ തുണി, കുളിക്കാൻ സോപ്പ് അതിനപ്പുറം എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ? ഒരു മനുഷ്യജീവി എന്ന നിലയിൽ സ്വന്തം ആഗ്രഹങ്ങളോട് നീതിപുലർത്താതെ എന്നും ഒരു അടിമയെപോലെ പേരിന് ഒരു ഭാര്യ.”

“അതെ പേരിന് ഒരു ഭാര്യയാണ്. പക്ഷേ നെറ്റിയിൽ കുങ്കുമം ഉള്ളിടത്തോളം കാലം ആ പേരിൽ ഞാൻ തന്നെ ഉണ്ടാകും. അത്തരമൊരു ഉറപ്പ് നിനക്ക് ലിവിംഗ് പാർട്‌ണറിൽ നിന്ന് കിട്ടുമോ?”

“ഓ നരച്ചു മടുത്ത് പഴം തുണിപോലുള്ള കുടുംബജീവിതം. പൊലിപ്പിച്ചു പറയാം അത്രമാത്രം.”

“ഒരു പ്രായം കഴിയുമ്പോൾ പഴം തുണിയാണ് ഉടുക്കാൻ സുഖം മോളെ. ശരീരത്തിന്‍റെ ആവശ്യങ്ങളും മനസ്സിന്‍റെ ആവശ്യങ്ങളും ലഘുവായി തുടങ്ങുന്ന ഒരു പ്രായമുണ്ട്. അക്കാലത്ത് വാരിപ്പുതയ്ക്കാൻ ഒരു പഴം തുണി എങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് എന്‍റെ മോള് ആഗ്രഹിക്കാൻ ഇടവരരുത്.”

“ആഹാ ഇതാര് നിലവിളക്കിലെ ആന്‍റിയോ.. അമ്മേ മെലോഡ്രാമ കളിക്കരുത്. ഇത് ഞാനും മനുവും ഒന്നിച്ചെടുത്ത തീരുമാനമാണ്. പരസ്‌പരം ഒരു പരിധിയിൽ കവിഞ്ഞ് അഡ്‌ജസ്റ്റ് ചെയ്യാനൊന്നും ഞങ്ങളെക്കൊണ്ടാവില്ല. ഞങ്ങൾ ഒരേ പ്രൊഫഷൻ സെയിം സ്‌റ്റാറ്റസ്സ്. ഭാര്യയും ഭർത്താവുമായാൽ അധികാരം അവകാശം കമ്മിറ്റ്‌മെന്‍റ് അങ്ങനെ പലതും കടന്നുവരും. ഉള്ള ജീവിതം അടിച്ചുപൊളിക്കുക. ഇന്നാണ് ജീവിക്കേണ്ടത്. നാളെ ഉണ്ടാവുമോ എന്ന് ആർക്കറിയാം.”

“ഈ കാലവും കടന്നുപോകും. വാർദ്ധക്യത്തിൽ ഒരു തുണ അത് ഉണ്ടാവുമോ ഗാഥേ?”

“അമ്മാ ഇനി റോബോട്ടുകളുടെ കാലമാണ്. നമുക്ക് താങ്ങാവുന്ന നിരക്കിൽ ഒക്കെ അവൈലബിൾ ആവും. ഒരു പെറ്റും റോബോട്ടും മതിയല്ലോ കൂട്ടിന്. ഹ്യൂമൻ ബീയിംഗ്‌സ് റിസ്ക്കാണ്. ഇമോഷൻ ഈഗോ ചുമരുകൾക്കുള്ളിൽ ശ്വാസം മുട്ടും.”

“നോക്കൂ.. ജപ്പാനിൽ ഒരാൾ റോബോയെ പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങുന്നു. വിശ്വസിക്കൂ. ലോകം മാറിയമ്മാ ഒരുപാട്. ഒരു കാര്യം അച്‌ഛനോട് പറഞ്ഞേക്കു.. സ്വർണം എന്നും വെഡിംഗ് എന്നും പറഞ്ഞ് കാശ് കളയണ്ട. ടു ബെഡ്റൂം ഫ്ളാറ്റ് മതി. ഇനിയുള്ളകാലം ലോൺ അടച്ച് ജീവിതം കളയണ്ടല്ലോ. 50 ലക്ഷത്തിന് കൂനത്തറയിൽ നല്ല ഫ്ളാറ്റ് കിട്ടുമെന്നാണ് മനു പറഞ്ഞത്. അതാവുമ്പോൾ അവന്‍റെ പോക്ക് വരവും സൗകര്യമാണ്. എനിക്കും സമ്മതം. വെറുതെ കുറേ ഭൂമി കാത്ത് സൂക്ഷിച്ചിട്ടെന്ത് കാര്യം.”

മകളുടെ ബുദ്ധിശക്തിയിൽ അമ്മക്കത്ര മതിപ്പ് തോന്നുന്നില്ല. ഈയിടെയായിട്ട് അങ്ങനെയാണ് ചേരുംപടി ചേർക്കാനാവുന്നില്ല ഒന്നും തന്നെ. പൂരിപ്പിക്കാനാവാത്ത പദപ്രശ്നം പോലെ ജീവിതം അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കുന്നു. വീട്ടുകാർ കണ്ട് തീരുമാനിച്ച് ആർഭാടമായി നടത്തിയതാണ് ചേച്ചിയുടെ മകൾ അനന്തവല്ലിയുടെ വിവാഹം. അനന്തവല്ലി ഗാഥയെപ്പോലെയല്ല ഒതുങ്ങിയ പ്രകൃതം. പഴയ സിനിമയിലെ ജലജയെപ്പോലെ വല്ലി ചേച്ചി എന്ന് ഗാഥ കളിയാക്കും. ഒന്നിനോടും വലിയ മമതയില്ല. എന്തിനോടും പെട്ടെന്ന് അഡ്‌ജഡാവും. പ്രത്യേകിച്ച് കാരണമൊന്നും പറഞ്ഞില്ല. വീട്ടിൽ വന്ന് നിൽപ്പായി. കുട്ടികളില്ലാത്ത പ്രശ്നം ഉണ്ട്. അതിന് എന്തൊക്കെ ട്രീറ്റ്‌മെന്‍റ് ഉണ്ട്. അഞ്ചു വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഒരു സൂട്ട്കെയ്‌സിൽ കൊള്ളുന്ന സാധനങ്ങളുമായി വന്നിറങ്ങിയപ്പോഴും വലിയ ആധി കണ്ടില്ല. ഒരിക്കൽ ഒരു കല്ല്യാണ വിശേഷം പറഞ്ഞപ്പോൾ വല്ലി ചോദിച്ചു.

“ചെറിയമ്മേ ഗാഥക്കുട്ടിയും അപ്പൂട്ടനും ഇല്ലെങ്കിൽ ചെറിയച്‌ഛന് ചെറിയമ്മയെ മടുക്കുമോ ദാമ്പത്യത്തിന്‍റെ ത്രില്ല് കുറച്ച് കഴിഞ്ഞാ പോകുംന്ന് പിന്നെ കുഞ്ഞുങ്ങളാണ് ജീവിതം തളിർപ്പിക്കാന്ന് പറയുന്നത് ശരിയാണോ”

“അങ്ങനെയൊന്നുമില്ല. വല്ലി മോൾക്ക് ദത്തെടുക്കാമായിരുന്നില്ലേ?”

“അത് എനിക്കു മാത്രം തോന്നിയിട്ട് കാര്യമില്ലല്ലോ. ഒരാവേശത്തിന് പോന്നതല്ല. ഒരിധകപ്പറ്റാണെന്ന് തോന്നി. നിസ്സാര കാര്യങ്ങൾക്ക് എപ്പോഴും യുദ്ധം ചെയ്യുന്നത് എപ്പഴാന്നറിയോ. ഉള്ളിൽ വെറുപ്പ് നുരഞ്ഞ് പതയുമ്പോ ചെയ്ത നന്മകളൊന്നും കാണില്ല. ഡൈവോഴ്‌സ് വരെയൊന്നും കാത്തില്ല. പുതിയ ആലോചനകളുടെ ബഹളം. ഏട്ടത്തീടെ കുട്ടികൾ എടക്ക് വിളിക്കും. പുതിയ അമ്മായി റൂമിൽ കയറ്റില്ല. സിനിമക്ക് കൂട്ടണില്ല. എനിക്കവിടെ സ്വന്തമായി ഒരു റൂം ഇല്ലായിരുന്നല്ലോ എന്ന് അപ്പഴാ ഞാനോർത്തത്. സ്വന്തമായി ഒരിടം സൃഷ്‌ടിക്കാൻ കഴിഞ്ഞില്ല. എത്ര പെട്ടന്നാ ഹരിയേട്ടൻ പുതിയ ജീവിതത്തോട് ഇണങ്ങിയത്.

വെയില് മൂത്താൽ സൈനസ്സ് വരും എന്ന് പറഞ്ഞ് വേഗം ഇറങ്ങി. കേട്ട വിശേഷങ്ങൾ വല്ലിയോട് ചിലപ്പോ പറഞ്ഞ് പോകും. ഹരി ഡീ അഡിക്ഷൻ സെന്‍ററിലാണ്. പുതിയ ജീവിതം ഇണക്കിച്ചേർക്കാൻ ഉള്ള ശ്രമത്തിൽ പുതിയ ശീലവും കൂട്ടുകെട്ടും. വേണ്ട മുറിഞ്ഞത് മുറിഞ്ഞു. ഓർമകളെ കാടും പടലവും വെട്ടി ഒരിടത്ത് ഒതുക്കി ഇട്ട് ചുരുട്ടി കൂട്ടി കത്തിക്കണം. ഇടയ്ക്ക് വല്ലാണ്ട് ശല്യപ്പെടുത്തുന്നു. മൈക്കിന് മുന്നിൽ നിൽക്കുമ്പോ പഠിച്ചതും വായിച്ചതുമായ കാര്യങ്ങൾ സീതാലക്ഷ്മി പാടെ മറന്നു. മുന്നിലിരിക്കുന്ന ആൾക്കൂട്ടത്തെ മറന്നു.

അഗത ക്രിസ്‌റ്റി ഒരു കുറിപ്പ് തന്നു. സ്‌റ്റേജിൽ കയറും മുമ്പ്. പീഢനത്തിനിരയായ കുഞ്ഞു പെൺകുട്ടികളുടെ ചിത്രം. ഇരകളെ പീഡിപ്പിക്കുന്നതിന്‍റെ വ്യത്യസ്‌ത ചിത്രങ്ങൾ. അവന്മാരെ കത്തിക്കണം പച്ചക്ക്. കുറിപ്പിൽ കുനാകുനാ എഴുതിയിട്ടുണ്ട്.

ഒരമ്മൂമ്മയുടെ മടിയിൽ കൊച്ചു പെൺകുട്ടിയിരിപ്പുണ്ട്. ആ കണ്ണിലേക്ക് നോക്കി അവൾ സംസാരിച്ചു. ഒരാളും ഒരാൾക്കും എതിരില്ല. ലിംഗനീതിയെക്കുറിച്ച് പറയുമ്പോൾ ജൈവികമായ അസമത്വങ്ങളെക്കുറിച്ച് പറയണം. സമത്വത്തിന്‍റെ പാഠങ്ങൾ പഠിക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ഇനി വീടുകൾ ഉണ്ടാകുമോ. കുടുംബം എന്ന വ്യവസ്‌ഥ ഉണ്ടാകുമോ. എനിക്ക് പറയാനുള്ളത് തച്ചുടക്കലിന്‍റെ നീതി ശാസ്ത്രമല്ല. നമ്മുടെ ആൺമക്കൾ നമ്മുടേത് തന്നെ. പെൺകുഞ്ഞുങ്ങളും. അവർക്ക് സഹവർത്തിത്വത്തിന്‍റെ സമാന്തരപാഠങ്ങൾ എവിടെ നിന്ന് ലഭിക്കും. ഉയിരില്ലാത്ത വാർപ്പു കെട്ടിടങ്ങൾ വീടാകുന്നതെങ്ങനെ. അച്ചടിച്ച പ്രബന്ധം കാറിലിരിക്കുകയാണല്ലോ സീത ലക്ഷ്‌മി ബുദ്ധിമുട്ടുമോ? വിശ്വനാഥൻ കർത്ത കാറിനരികിലേക്ക് പോകുമ്പോൾ ആരോ അരികിൽ നിന്ന് പറയുന്നു. ഹ്യുമനിസ്‌റ്റായ ഫെമിനിസ്റ്റ്. പെട്ടന്നയാൾ നിന്നു. ഇസത്തിൽ വെള്ളം ചേർക്കാതെ സംശുദ്ധമായി അവൾ സംസാരിക്കുന്നു. ഇനി കുറിപ്പടികഷായം വേണ്ട. സന്ധ്യക്കെന്തിന് സിന്ദൂരം ഒരു മൂളിപ്പാട്ട് പാടിയാലോ….

പുണ്യോദയം

ഫോൺ ചെയ്തപ്പോൾ അമ്മാൾ രാത്രി നല്ല ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ഉണർന്നതും കിടന്നു കൊണ്ട് തന്നെ ലൈറ്റിട്ട് പെട്ടെന്ന് ഫോൺ എടുത്തു. സേവ് ചെയ്യാത്ത ഒരു നമ്പർ. പണ്ട് ഏറെക്കാലം സർക്കാർ സർവ്വീസിലായിരുന്നപ്പോൾ കിട്ടിയ ഒരു ശീലം വച്ച് ആളെയറിയാത്ത ഇത്തരം കോളുകൾ കഴിയുന്നതും എടുക്കാറില്ലായിരുന്നു. എന്നാൽ റിട്ടയർമെന്‍റിന് ശേഷം ആ സ്വഭാവം കുറേശ്ശെയായി ഇപ്പോൾ മാറ്റിയെടുക്കുന്നുണ്ട്. എന്നിട്ടും രണ്ട് വട്ടം കൂടി ആലോചിച്ച ശേഷം അയാൾ ഫോൺ അറ്റൻഡ് ചെയ്യാൻ തന്നെ തീരുമാനിച്ചു കൊണ്ട് ടച്ച് ചെയ്തു.

“മാഷല്ലേ.”

അമ്പത് വയസ്സു തോന്നിക്കുന്ന ഒരു പുരുഷ ശബ്ദം. പ്യൂണായിട്ട് ജോലിയിൽ കയറി ക്ലാർക്കായി റിട്ടയർ ചെയ്ത് താൻ ട്യൂട്ടോറിയലിൽ ആദ്യകാലങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട് എന്നത് ഒരു സത്യം തന്നെയാണ് എന്ന് അയാൾ ഓർത്തു. ആ സൗഹൃദങ്ങളിൽ ചിലർ മാഷ് എന്ന് ഇടക്ക് വിളിക്കാറുമുണ്ട്. പക്ഷെ ഇത് അവരാരുമല്ലല്ലോ. അയാൾ ഫോണിൽ സമയം നോക്കി. പതിനൊന്നരയായിരിക്കുന്നു. മറുപടിയൊന്നും കിട്ടാത്തതിനാലാകണം വീണ്ടും ചോദ്യം വന്നു.

“ഹലോ വേണു മാഷല്ലേ?”

അപ്പോൾ വിളിച്ചയാൾക്ക് തെറ്റിയിട്ടില്ല എന്ന് അയാൾക്ക് ഉറപ്പായി. സ്വസ്ഥമായ ഉറക്കം നഷ്ടപ്പെട്ടതിന്‍റെ നേരിയ നീരസം ഒട്ടുമേ ശബ്ദത്തിൽ കാണിക്കാതെ അയാൾ ചോദിച്ചു.

“അതെ ആരാ?”

“മാഷെ ഞാൻ ശ്രീകാന്ത് ആണ്. മാഷിന്‍റെ ശ്രീക്കുട്ടൻ.” വീടിനടുത്ത് ട്യൂഷൻ പഠിപ്പിച്ച കുട്ടികളുടെ ഓർമ്മയിലുള്ള പേരുകളിൽ അടുത്തൊന്നും ഒരു സൗഹൃദവും പുതുക്കാത്ത ഒരു ശ്രീക്കുട്ടനെ അയാൾ മനസ്സിൽ ഒന്ന് പരതി നോക്കി. പിടികിട്ടിയില്ല എന്ന് കണ്ടിട്ടാവണം മറുതലക്കൽ നിന്ന് വീണ്ടും ശബ്ദം വന്നു.

“മാഷ് പണ്ട് കളക്ടറേറ്റിൽ ആദ്യമായി ജോലി കിട്ടി വന്നപ്പോൾ.”

“ഓക്കെ ഓക്കെ എനിക്ക് ഓർമ്മയുണ്ട് ശ്രീക്കുട്ടാ. പിന്നെ എന്താണ് വിശേഷം?” ശ്രീകാന്തിനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അയാൾ ഇടയിൽ കയറിപ്പറഞ്ഞു.

“മാഷെ ഞാൻ ഇപ്പോൾ ട്രെയിനിൽ കയറുകയാണ്. രാവിലെ ആറരയ്ക്ക് മാഷിന്‍റെ നാട്ടിലെത്തും. വാട്‌സാപ്പിൽ മാഷിന്‍റെ ലൊക്കേഷൻ ഇട്ടിരുന്നാൽ ഞാൻ വീട്ടിലെത്തിക്കൊള്ളാം. വിവരങ്ങളെല്ലാം അവിടെ വന്നിട്ട് പറയാം.” എന്നു മാത്രം പറഞ്ഞ് ശ്രീക്കുട്ടൻ ഫോൺ വെച്ചു.

ലൈറ്റണച്ച് കിടന്നപ്പോൾ അയാളുടെ മനസ്സ് ഏറെ വർഷങ്ങൾ പുറകിലേക്ക് ഒരു യാത്ര തുടങ്ങി കഴിഞ്ഞിരുന്നു. അതെ കൃത്യം മുപ്പത്തിയഞ്ച് വർഷങ്ങൾ പുറകോട്ടുള്ള ഒരു ട്രെയിൻ യാത്ര. പുലർച്ചെ ടൗണിൽ എത്തിയ ട്രെയിനിൽ നിന്ന് ഇറങ്ങി കളക്‌ടറേറ്റ് കണ്ടുപിടിച്ച് വാച്ച്മാനെ കണ്ട് ആദ്യമായി ജോലി കിട്ടി ജോയിൻ ചെയ്യാൻ വന്നതാണെന്ന് പറഞ്ഞ് ഓർഡർ കാണിച്ച് കൊടുത്തതോടെ പിന്നീടുള്ള കാര്യങ്ങളെല്ലാം അന്ന് അയാൾക്ക് എളുപ്പമായി.

ജോലിക്ക് ചേർന്ന അന്നുതന്നെ താമസത്തിനുള്ള ഒരു മുറി സഹപ്രവർത്തകർ ശരിപ്പെടുത്തി തന്നത് ഈ ശ്രീകാന്തിന്‍റെ വീടായിരുന്നു എന്നതും പത്തിൽ തോറ്റതിനാൽ ഇനി പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചിരുന്ന ശ്രീകാന്തിന്‍റെ വീട്ടിലെ ഒരു ചായ്പ് മുറി പിന്നീടുള്ള മൂന്ന് വർഷക്കാലത്തെ അയാളുടെ മേൽവിലാസമായതും ഒരു മിന്നൽ പോലെ ക്ഷണത്തിൽ അയാളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.

ദിവസങ്ങൾ കഴിയവെ ആ വീട്ടുകാരുമായുള്ള ബന്ധം ദൃഢമായപ്പോൾ ഇവനെ ഒന്ന് പത്ത് പാസാക്കി തന്നാൽ മോന് നൂറ് പുണ്യം കിട്ടുമെന്ന ശ്രീകാന്തിന്‍റെ വീട്ടുകാരുടെ യാചന അയാൾ ഏറ്റെടുത്തു സഫലമാക്കിക്കൊടുത്തു. തുടർപഠനത്തിന് ശ്രീക്കുട്ടനും വീട്ടുകാർക്കും ഒട്ടുമേ താൽപര്യമില്ലാതിരുന്നതിനാൽ വയറിംഗ് ജോലികൾ ചെയ്യുന്ന ഒരാളുടെ കീഴിലാക്കി പണി പഠിപ്പിച്ചു. താൻ അവിടെ നിന്ന് സ്‌ഥലം മാറി പോരുമ്പോൾ ശ്രീകാന്ത് ആ ജോലിയിൽ ലൈസൻസ് എടുക്കുന്ന ശ്രമത്തിലായിരുന്നു എന്നത് ഓർമ്മയിൽ തെളിഞ്ഞു. മൊബൈൽ ഫോൺ ഇല്ലാതിരുന്ന ആ കാലത്ത് വല്ലപ്പോഴും വന്നിരുന്ന കത്തിലൂടെ പരസ്‌പരം വിശേഷങ്ങൾ അറിഞ്ഞിരുന്നെങ്കിലും ക്രമേണ അതും പാടെ നിലച്ചു.

ഓരോന്ന് ഓർത്ത് കിടന്നപ്പോൾ ഏറെ വൈകിയാണ് ഉറങ്ങിയതെങ്കിലും പതിവ് സമയത്തു തന്നെ ശ്രീമതി ഉണർന്ന് ജോലികൾ തുടങ്ങിയപ്പോൾ ഉണർന്നെഴുന്നേറ്റ് ചെന്ന് ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. പ്രാതലിന് ഒരു അതിഥി കൂടിയുണ്ടാകുമെന്നത് അവർ ഇരുവരിലും ചെറുതല്ലാത്ത ഒരു ഉന്മേഷവും ഉളവാക്കി.

ശ്രീക്കുട്ടൻ വീട് കണ്ടുപിടിച്ച് എത്തിയ ഉടൻ കുളിയെല്ലാം കഴിഞ്ഞ് പ്രാതലിന് ഇരുന്നപ്പോഴാണ് ഏറെ നാളത്തെ വിശേഷങ്ങൾ പങ്കുവെച്ചത്. അവൻ വിവാഹവും അച്ഛന്‍റെ മരണവും രണ്ട് വർഷം മുമ്പ് നടന്ന അവന്‍റെ മകളുടെ വിവാഹവും തുടർന്ന് മകൾക്കും ഭർത്താവിനും പരസ്പരം യോജിച്ച് പോകുവാൻ സാദ്ധ്യമാകാതെ വന്നതും വിവാഹമോചനം ഇരുകൂട്ടരും ആവശ്യപ്പെട്ടതും കേസ് വിധിയായതും എല്ലാമെല്ലാം അങ്ങനെ ഓരാരോ വിശേഷങ്ങളായി അവനിൽ നിന്ന് മെല്ലെ മെല്ലെ പുറത്തുവന്നു.

അവസാനം ഈ വരവിന്‍റെ ഉദ്ദേശവും ശ്രീക്കുട്ടൻ പതിയെ പങ്കുവച്ചു. പറ്റിയ ഒരു ആലോചന ഉടൻ കണ്ടെത്തി മകളുടെ ഭാവി ഭദ്രമാക്കുവാൻ സഹായിക്കണമെന്നതായിരുന്നു ശ്രീകാന്ത് തൊണ്ടയിടറി പറഞ്ഞു വച്ചത്. അൽപ നേരം അവർക്കിടയിൽ മൗനം തളം കെട്ടി. അവന്‍റെ ഇപ്പോഴത്തെ അവസ്‌ഥ അവരെ ഇതുവരെയും വല്ലാതെ വിഷമിപ്പിച്ചുവെങ്കിലും ശ്രീമതിയുടെ കണ്ണുകൾ അതിനിടയിൽ ഒരു മാത്ര വിടരുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു. ശ്രീക്കുട്ടൻ മകളുടെ ജാതകക്കുറിയുടെ പകർപ്പ് കയ്യിലേൽപ്പിച്ച് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഇക്കാര്യം അന്വേഷിച്ചു പറയാമെന്ന് ശ്രീക്കുട്ടനെ ആശ്വസിപ്പിക്കുകയും ചെയ്തു.

ശ്രീകാന്ത് ഗേറ്റ് കടന്ന് ഒരു ഓട്ടോയിൽ കയറിയ ശേഷവും അവനെ കൈ വീശി യാത്രയാക്കിക്കൊണ്ട് ഇരുവരും തിരിഞ്ഞ് വീട്ടിലേക്ക് കയറിയപ്പോഴാണ് ശ്രീമതി ചോദിച്ചത്.

“നമുക്ക് മോനു വേണ്ടി ഇക്കാര്യം ഒന്ന് ആലോചിച്ചാലോ?”

“അതിന് അവൻ സമ്മതിക്കണ്ടേ?” അയാൾ തിരിച്ചു ചോദിച്ചു കൊണ്ട് തുടർന്നു.

“അവൻ ഊണ് കഴിക്കാൻ വരട്ടെ നോക്കാ.”

ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന മകൻ ഉച്ചയൂണിന് വന്ന് ഇരുന്നപ്പോഴാണ് അയാൾ നേരത്തെ സൂചിപ്പിരുന്ന പോലെ ശ്രീമതി മകനോട് രാവിലെയുണ്ടായ കാര്യങ്ങൾ പറഞ്ഞത്. മകന്‍റെ ഭാര്യ അസുഖം ബാധിച്ച് മരിച്ചിട്ട് ഈ ചിങ്ങത്തിൽ ഒരു വർഷമാകുന്നു.

അടുത്ത വർഷം ഒന്നാം ക്ലാസ്സിലാകുന്ന കൊച്ചു മകന് ഇനിയെന്തായാലും ഒരു അമ്മയുടെ ആവശ്യമുണ്ട് എന്ന് ശ്രീമതി കുറെ നാളായി പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടോ മകൻ തീരെ ചെവി കൊടുക്കാതെ നടക്കുകയാണ്. ഭാര്യയ്ക്കാണെങ്കിൽ പ്രായത്തിന്‍റെ അവശതകൾ കൂടിക്കൂടി വരുകയുമാണ് എന്നതും തന്‍റെ ആരോഗ്യവും ഒട്ടും മെച്ചമല്ല എന്നതും അയാൾ എല്ലായ്പ്പോഴും ഓർക്കാറുണ്ട്. രണ്ടുപേരിൽ ആരെങ്കിലും കിടപ്പിലായാൽ തന്നെ എല്ലാം തകിടം മറിയുമെന്ന അവസ്ഥയിലായിരിക്കുന്നു കാര്യങ്ങൾ എന്ന് അയാൾ ആശങ്കപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി.

ഊണ് കഴിഞ്ഞ് കൈ കഴുകിത്തുടച്ച് മറുപടിയൊന്നും പറയാതെ വീണ്ടും ഡ്രൈവിംഗ് സ്‌കൂളിലേക്ക് പോകാൻ ഇറങ്ങുന്ന മകന്‍റെ കയ്യിലേക്ക് രാവിലെ ശ്രീക്കുട്ടൻ തന്‍റെ കയ്യിൽ തന്നേൽപ്പിച്ച ജാതകക്കുറി മടിച്ചു മടിച്ച് കൊടുത്തിട്ട് അയാൾ ഒന്നും മിണ്ടാതെ നിന്നു. പുറകിൽ നിന്ന് ഭാര്യയുടെ ചൂടുള്ള നിശ്വാസം ചുമലിൽ തട്ടുന്നത് അയാൾ അറിഞ്ഞു.

ആ കടലാസ് ഒന്ന് നിവർത്തി നോക്കി അത് പഴയതുപോലെ തന്നെ മടക്കിയ ശേഷം നാലായി കീറി ആ തുണ്ടുകൾ അയാളുടെ തന്നെ കയ്യി ലേക്ക് കൊടുത്തിട്ട് പടിയിറങ്ങവെ മകൻ പറഞ്ഞു.

“ഈ ജാതകം നോക്കണ്ട അച്‌ഛാ. ആ കുട്ടിയുടെ വിവാഹം ഈ ജാതകം നോക്കിയിട്ടാണല്ലോ നടന്നിട്ടുണ്ടാകുക. പിന്നെ എന്‍റെ വിവാഹവും അച്‌ഛൻ തന്നെയല്ലേ ജാതകം നോക്കിച്ച് നടത്തിയതും. എന്നിട്ടിപ്പോഴെന്തായി?”

പ്രതീക്ഷകൾ അസ്തമിച്ച അയാൾ നിസ്സഹായനായി ദൂരേക്ക് കണ്ണുകൾ പായിച്ച് നിന്നു. മകൻ തുടർന്നു.

“പക്ഷേ എന്‍റെ മകന് ഒരമ്മയിൽ നിന്ന് കിട്ടേണ്ടതായ പരചരണം എന്ന അവന്‍റെ ജന്മാവകാശം ഞാനായിട്ട് അവന് നിഷേധിക്കുവാൻ പാടില്ലല്ലോ. നമ്മുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും അവരെ ധരിപ്പിച്ചിട്ട് അവർക്ക് സ്വീകാര്യമെങ്കിൽ ഈ ആലോചന മുന്നോട്ട് നീക്കാമെന്നും അടുത്ത മാസം തന്നെ ലളിതമായ ഒരു ചടങ്ങായി നമുക്ക് വിവാഹം നടത്താമെന്നും അച്ഛൻ അവർക്ക് വാക്കു കൊടുത്തേക്കൂ.”

ആശ്വാസത്തിന്‍റെതായ രണ്ട് നെടു വീർപ്പുകൾ അവിടെ ഒരുമിച്ചുയരവെ മകന്‍റെ കാർ അപ്പോൾ ഗേറ്റ് കഴിഞ്ഞ് കുറച്ചുകൂടി സുഗമമായ പാതയിലേക്ക് കടക്കുകയായിരുന്നു. “മോന് നൂറ് പുണ്യം കിട്ടും” എന്ന ആ പഴയ അനുഗ്രഹവർഷത്തിന്‍റെ പുണ്യാഞ്ജ‌ലികൾ കാലമേറെക്കഴിഞ്ഞിട്ടും തനിക്കൊപ്പം തന്നെ തന്‍റെ മകന്‍റെ നേർക്കും ചൊരിഞ്ഞു തുടങ്ങിയത് അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു.

നിഥിൻ വിവാഹിതനായി

ഇത്തവണയും ലീവിൽ വരുമ്പോൾ ഒരേയൊരു ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളു. മുൻവർഷങ്ങളിലെപോലെ പെണ്ണുകാണുക. കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ആനുവൽ ലീവും പെണ്ണുകാണലിൽ മാത്രമായി ഒതുങ്ങിപ്പോയി.

ഈ വരവും അങ്ങനെതന്നെ ആയിത്തീരുമോ എന്ന് നിഥിനോട് സ്വന്തം മനസ്സുതന്നെ ചോദിച്ചുകൊണ്ടേയിരുന്നു. തന്‍റെ മനസ്സിന് ശക്തമായ ഒരു മറുപടി കൊടുക്കാൻ കഴിയാത്തതിന്‍റെ മനോവേദന അവനെ ആകുലനാക്കി.

തന്നെ സ്വീകരിക്കാൻ എയർപോർട്ടിലേക്ക് ആരും വരണ്ട എന്ന് നേരത്തെ തന്നെ വീട്ടിലേക്ക് അറിയിച്ചിരുന്നതിനാൽ ആരെയും പ്രതീക്ഷിച്ചില്ല. എമിഗ്രേഷൻ കഴിഞ്ഞ് ലഗേജ് എടുത്ത് എയർപോർട്ടിൽ നിന്നും പുറത്ത് കടക്കുന്നതിനു മുമ്പ് ടാക്‌സി കൗണ്ടറിൽ ചെന്ന് പണം അടച്ച് ടോക്കൺ വാങ്ങിയാണ് പുറത്ത് കടന്നത്.

മകരത്തിലെ മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെട്ടില്ലെങ്കിലും നേരിയ കുളിർമ്മ മനസ്സിനെയും ശരീരത്തെയും തലോടികൊണ്ടിരുന്നു.

ഗെയ്റ്റിൽ തനിക്കു വേണ്ടി വന്നു നിന്ന ടാക്സിയുടെ നമ്പർ നോക്കി ഡിക്കിയിലേക്ക് ലഗേജ് കയറ്റി വെക്കുമ്പോൾ ഒതുക്കി വെക്കാൻ ഡ്രൈവറും ഒപ്പം നിന്നു. എയർപോർട്ട് പരിധിയിൽ നിന്നും പുറത്ത് കടന്ന് ഗ്രാമത്തിന്‍റെ ശാന്തയിലൂടെ വണ്ടി നീങ്ങുമ്പോൾ ഏസി ഓഫ് ചെയ്ത‌ത് ഗ്ലാസ്സ് താഴ്ത്തിതരുവാൻ നിഥിൻ ഡ്രൈവറോട് യാചി ച്ചു. ഡ്രൈവർ സുപരിചിതനല്ലാത്തതിനാൽ പങ്കുവെക്കാൻ വിഷയ ദൗർലഭ്യം നേരിട്ടു.

വണ്ടിയുടെ വിൻഡോ സ്ക്രീനിലൂടെ നോക്കെത്താ ദൂരത്തിലേക്ക് നോട്ടമെറിഞ്ഞ് പ്രകൃതിഭംഗി വീക്ഷിക്കുകയാണെന്ന വ്യാജേന അവനിരുന്നു. പുലർകാലമായതിനാൽ സൂര്യന് തിളക്കം കുറവായിരുന്നു. വികൃതമായി കിടന്ന വഴികൾ താണ്ടി തിരക്കുപിടിച്ച മെയിൻ റോഡിലേക്ക് വാഹനം കടന്നപ്പോൾ യാത്രയുടെ വേഗതയും താനേക്കൂടി. പിന്നിലേക്ക് പായുന്ന പ്രകൃതിയോടൊപ്പം പിന്നിൽ നിന്നും താൻ പെണ്ണുകാണാൻ നടന്ന ഓർമ്മകൾ മനസ്സിലേക്ക് ഓടി കയറി വരാനും തുടങ്ങി. മനസ്സിനും ജീവിതത്തിലും ഒത്തുചേരാൻ ബോഡി കെമിസ്ട്രിയിലൂടെ ശ്രദ്ധിച്ച് തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ അവരിൽ നിന്നും കിട്ടുന്ന നെഗറ്റീവ് മറുപടി തന്‍റെ ഉറക്കത്തെ ക്ഷീണിപ്പിക്കുന്നതായിരുന്നു.

ഒരിക്കൽ മീരചേച്ചിയുടെ (ചേട്ടന്‍റെ ഭാര്യ) ഇതിനെക്കുറിച്ച് ആരായുകയുണ്ടായി. “എന്തുകൊണ്ടാണ് നാട്ടിലുള്ള പെൺകുട്ടികൾ എന്നോടൊപ്പം കഴിയാൻ ഇഷ്ട‌മില്ലെന്ന് പറയുന്നത്?”

“പുതിയ തലമുറയിലെ പെൺകുട്ടികൾക്ക് നാട്ടിൽ ജോലിയുള്ള പയ്യന്മാരെയാണ് ഇഷ്ട‌ം. അല്ലെങ്കിൽ യൂറോപ്പ്. ഗൾഫിന്‍റെ വിലയെല്ലാം പോയി. അത് പണ്ടായിരുന്നു.” മീര പറഞ്ഞു നിർത്തി.

മീര ചേച്ചിയുടെ വാക്കുകളെ ഉൾക്കൊള്ളാൻ വിഷമം തോന്നി. അവർ പറഞ്ഞത് സ്വന്തം അനുഭവത്തിൽ നിന്നാണെന്ന് മനസ്സിലായി.

ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു. “പെൺകുട്ടികളെ കൂടുതൽ പഠിപ്പിച്ചാൽ ഇങ്ങനെയാകുമല്ലേ?”

“നീ എന്താ അങ്ങനെ പറഞ്ഞത്?” സ്വന്തം വർഗ്ഗത്തെ അധിക്ഷേപിച്ചതിലുള്ള ധാർഷ്ഠ്യം ആ വാക്കുകളിൽ ഉണ്ടായിരുന്നു. അവരുടെ ശബ്ദം ലോപിച്ചിൽ നിന്നും ഉയർന്നു.

“നീ പോയി കണ്ട എല്ലാ പെൺകുട്ടികളെയും നിനക്ക് ഇഷ്ട‌മായോ? എത്ര പേരെ നീ ഇഷ്ടമായില്ല എന്ന് പറഞ്ഞു. അതുപോലെ അവർക്കും സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശമില്ലേ? അവരുടെ സ്വാതന്ത്ര്യത്തെ നീ നിഷേധിക്കുകയാണോ?”

തന്‍റെ മുഖത്തിനേറ്റ പ്രഹരമായി തോന്നി നിഥിന്. ചേച്ചിയുടെ വാക്കുകൾക്ക് അത്രമാത്രം തീവ്രതയുണ്ടായിരുന്നു. അൽപം കഴിഞ്ഞാണ് അതിലെ യഥാസിഥികത അവൻ മനസ്സിലാക്കിയത്.

ഈ വരവിൽ ഏതെങ്കിലും ഒന്ന് ഉറപ്പിക്കണം. അതിനായി തന്‍റെ മുൻതീരുമാനങ്ങളിൽ ചില വിട്ടുവീഴ്ചകൾ നടത്തിയിട്ടായിരുന്നു നാട്ടിലേക്കുള്ള യാത്ര.

ഏതാനും ആഴ്ചകൾക്കുമുമ്പ് വീട്ടിലേക്ക് വിളിച്ച് സംസാരിക്കുന്നതിനിടയിൽ അതു പറഞ്ഞിരുന്നു. “ഞങ്ങൾ ഒരു കുട്ടിയെ കണ്ടുവെച്ചിട്ടുണ്ട്. അടുത്തു തന്നെയാണ് വീട്. മേഘ, ഐടി ഫീൽഡ് ആണ്. ജോലിയുണ്ട്. ഞങ്ങൾക്കൊപ്പം മാമനും വലിയമ്മയും വന്നിരുന്നു. കുട്ടിക്ക് നല്ല ലുക്കും ബോഡിഷെയ്പ്പും ഉണ്ട്. എല്ലാവർക്കും നല്ല അഭിപ്രായം തന്നെയാണ് നിനക്കും ഇഷ്ടമാകും.”

അമ്മയുടെ വാക്കുകളിലെ ശുഭപ്രതീക്ഷയിലാണ് ഇന്നത്തെ യാത്ര. സ്വന്തം മനസ്സും ചില തിരുത്തിക്കുറിക്കലുകൾക്ക് വിധേയമാക്കപ്പെട്ടിരുന്നു.

പുറത്ത് ചാറ്റൽ മഴ തുടങ്ങി. തന്‍റെ ശരീരത്തെ തലോടി പോകുന്ന ഇളം കാറ്റിനും നനവ് തോന്നി. അമ്മ പറഞ്ഞ വാക്കുകൾ കുളിരോടെ മനസ്സിൽ നിറഞ്ഞു നിന്നു.

ആരോടും ഉരിയാടാൻ ഇല്ലാത്തതിനാൽ സ്വന്തം മനസ്സിനോടുതന്നെ സല്ലപിച്ചിരുന്നു. തന്നെ കൊണ്ടുപോകാൻ ആരും വരണ്ടയെന്ന് താൻ തന്നെയാണ് അച്‌ഛനോട് പറഞ്ഞത്. യാത്രയിൽ അവർക്കൊപ്പം ഇരുന്നാൽ വീട്ടിലെത്തുന്നതുവരെ അവരുടെ ഉപദേശമായിരിക്കും, കൊച്ചു കുട്ടിയെപോലെ എല്ലാം കേട്ടിരിക്കണം. ആ ഗതികേട് വേണ്ടല്ലോ എന്ന് കരുതിയാണ് ഒഴിവാക്കിയത്. താൻ ഇപ്പോഴും കൊച്ചുകുട്ടിയാണെന്നാണ് അവരുടെ കരുതൽ. പെണ്ണു കെട്ടിയാൽ പിന്നെ അവർക്ക് തന്‍റെ മേൽ ഉള്ള അവകാശം നഷ്ടപ്പെടുമെന്ന പേടിയും കാണും.

വീട്ടുമുറ്റത്ത് കാർ ചെന്നു നിന്നപ്പോൾ ആണ് നിഥിൻ ചിന്തയിൽ നിന്ന് ഉണർന്നത്. എയർപോർട്ടിൽ വെച്ചു തന്നെ ഡ്രൈവറുടെ ഫോണിലേക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത കാര്യം അപ്പോൾ അവൻ ഓർത്തു. ഉമ്മറത്ത് ചാരുപടിയിൽ അച്ഛനും അമ്മയും ചേട്ടനും ചേച്ചിയും തന്നെയും പ്രതീക്ഷിച്ചിരുന്നിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ മകനെ ആശ്ലേഷിക്കാൻ അച്ഛനും അമ്മയും മുറ്റത്തേക്കിറങ്ങി വന്നു. ഡ്രൈവർ ഡിക്കി തുറന്ന് ലഗേജുകൾ ഇറക്കി വെച്ചു. ഡിക്കി അടച്ച് വണ്ടി റിവേഴ്‌സ് എടുത്തു തിരിച്ചപ്പോൾ അച്ഛനും ചേട്ടനും പെട്ടികൾ അറ്റത്തേക്കുമാറ്റി. നിഥിൻ അമ്മയോട് ചേർന്ന് ചുറ്റുപാടുകൾ വീക്ഷിച്ചു കൊണ്ട് മുറ്റത്തു തന്നെ നിന്നു. താൻ മാറി നിന്ന സമയത്തുണ്ടായ മാറ്റങ്ങളിലേക്കാണ് അവൻ ശ്രദ്ധിച്ചത്.

പൂന്തോട്ടത്തിൽ ചെണ്ടുമല്ലിയും സീനിയയും ഡാലിയായും മെലസ്‌റ്റോമയും പൂത്തുലഞ്ഞിരുന്നു. മഴത്തുള്ളികൾ പൂക്കളിൽ ഭാരം നിറച്ചതിനാൽ പലതും തല കുനിച്ചിരുന്നു.

അമ്മയുടെ പരിലാളനത്തിലാണ് ഗാർഡൻ. വീട്ടിനുള്ളിലെ ജോലികൾ കഴിഞ്ഞാൽ അമ്മ തോട്ടത്തിൽ തന്നെയായിരിക്കും. ചേട്ടന്‍റെ വിവാഹ ശേഷം മീര ചേച്ചിയും ഒഴിവു സമയത്ത് അമ്മയോടൊപ്പം കൂടും. അമ്മ നിങ്ങളുടെ മാത്രം അമ്മയല്ല. ചെടികളുടെയും അമ്മയാണെന്ന് അച്‌ഛൻ ഞങ്ങളോട് പറയാറുണ്ട്.

അകത്ത് കയറി എല്ലാവരോടൊപ്പം അവനും സിറ്റൗട്ടിൽ ഇരുന്നു. അച്ഛൻ ജോലിയെ കുറിച്ചും അമ്മ അവിടത്തെ കാലാവസ്‌ഥയെക്കുറിച്ചും മാറിമാറി ചോദിച്ചു. ജോലിയുടെ ടെൻഷനെക്കുറിച്ചും ചൂടിന്‍റെ തീക്ഷ്‌ണതയെക്കുറിച്ചും പറയുന്നതിനോടൊപ്പം കൂടെ താമസിക്കുന്ന വൈശാഖിന്‍റെ പോഷത്തരങ്ങളെ പുതിയ പുതിയ ചിപ്പുകൾ ചേർത്ത് അവൻ വിളമ്പികൊണ്ടിരുന്നു. വൈശാഖിനെ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്നത് അവന്‍റെ ഹോബിയാണെന്ന് എല്ലാവർക്കും അറിയാം. അത് മനസ്സിലാക്കിയ മീര ഫുൾസ്റ്റോപ്പിടാനായി പറഞ്ഞു.

“നീ യാത്ര കഴിഞ്ഞു വന്നതല്ലേ. പോയി കുളിച്ച് എന്തെങ്കിലും കഴിച്ച് പോയി കിടക്ക്.” എല്ലാവരുടെയും ശ്രദ്ധ തിരിക്കാനാണ് അവൾ ഇത്രയും പറഞ്ഞത്.

ചേട്ടനും ചേച്ചിയും ഐടി മേഖലയിലാണ് ജോലി. കോവിഡിന് ശേഷം അവർക്ക് വർക്ക് അറ്റ് ഹോം അനുവദനീയമായതിനാൽ ജോലിയുടെ ഭാഗമായി അവർ അവരുടെ മുറികളിലേക്കും നിഥിൻ അവന്‍റെ മുറിയിലേക്കും പോയി. അമ്മ തനിക്ക് മാത്രം അധികാരപരിധിയിലുള്ള അടുക്കളയിലേക്ക് നീങ്ങിയപ്പോൾ അച്ഛൻ തൊടിയിലേക്കിറങ്ങി.

മകന് അനുവദിച്ചുകിട്ടിയ ലീവിലെ വിലയേറിയ ദിവസങ്ങൾ പാഴാക്കി കളയണ്ട എന്ന ഉദ്ദേശ്യത്താൽ അടുത്ത ദിവസം തന്നെ കുടുംബം പെണ്ണുകാണൽ ചടങ്ങിനായി പുറപ്പെട്ടു. കുട്ടിയുടെ അച്ഛനുമായി സംസാരിച്ച് ദിവസവും സമയവും അനുവദിച്ചു കിട്ടിയതിനു ശേഷം ആയിരുന്നു യാത്ര. അവിടത്തെ അച്‌ഛൻ ജോലിക്കാരനായതിനാൽ അവരുടെ സമയവും സന്ദർഭവും വിലപ്പെട്ടതാണല്ലോ.

ഇറങ്ങുന്നതിനു മുമ്പ് അച്ഛനും അമ്മയും നിഥിന്‍റെ ഇരു ചെവികളിലും എല്ലാം ഓതികൊടുത്തിരുന്നു. ഞങ്ങളും മാമനും വലിയമ്മയുമാണ് കുട്ടിയെ കണ്ടിട്ടുള്ളത്. ചേട്ടനും ചേച്ചിയും ജോലി സ്‌ഥലത്തായിരുന്നതിനാൽ അവർ മേഘയെ കണ്ടിട്ടില്ല. ഇന്ന് അവർ നമ്മോടൊപ്പം വരുന്നു. കണ്ടവരുടെ ക്ലീൻ ചിറ്റ് കിട്ടി.

ചേട്ടനാണ് വണ്ടിയെടുത്തത്. നിഥിൻ, ചേട്ടനൊപ്പം മുൻസീറ്റിൽ ഇരുന്നു. അച്ഛനും അമ്മയും മീരയും പിൻസീറ്റിലും. യാത്രയിൽ ആരും ഉരിയാടാൻ തുനിഞ്ഞില്ല. ഉള്ളു പുകയുന്നുണ്ടെങ്കിലും ഏസിയുടെ തണുപ്പിൽ മനസ്സും ശരീരവും മരവിച്ചു നിന്നു. എല്ലാവരുടേയും മനസ്സിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു.

മേഘനയുടെ വീട്ടിൽ ചെന്നിറങ്ങി ആതിഥ്യ മര്യാദകൾ പാലിച്ച് അകത്തിരുന്നു.

ചേട്ടനാണ് നിഥിനെ പരിചയപ്പെടുത്തികൊടുത്തത്. തുടർന്ന് തന്നെയും ഭാര്യയെയും പരിചയപ്പെടുത്തി. അവർക്ക് പയ്യനിൽ നിന്നും അറിയാനുള്ളതെല്ലാം അച്ഛഛനും അമ്മയും ചോദിച്ചു മനസ്സിലാക്കി.

യുവതലമുറയിലെ പുതു നിയമാവലി അനുസരിച്ച് അന്യോന്യം പരിചയപ്പെടാനും ഇഷ്ടാനിഷ്ടങ്ങൾ മനസ്സുതുറന്ന് പറയാനും സ്വകാര്യ സംഭാഷണത്തിനായി പ്രത്യേക സ്‌ഥലം അവർക്ക് അനുവദിച്ച് കൊടുത്തു. അവൻ മേഘനയുടെ ജോലിയെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും പഠിച്ചിരുന്ന കോളേജിനെക്കുറിച്ചുമുള്ള പൂർണ്ണ വിവരങ്ങൾ ചോദിച്ചറിഞ്ഞു.

“ഇനി കുട്ടിക്ക് എന്നെക്കുറിച്ച് എന്താണ് അറിയേണ്ടതെങ്കിൽ ചോദിച്ചു കൊള്ളൂ.”

നീതിയുക്തമായി അവർക്കുള്ള അവകാശത്തെ അനുവദിച്ചുകൊണ്ട് തന്‍റെ കൈയ്യിലുള്ള റിലേ അവൻ അവളിലേക്ക് കൈമാറി. അവളുടെ ഇനി തന്‍റെ ഊഴമാണെന്ന് മനസ്സിലാക്കിയ മേഘ്ന ഒരു നിമിഷം മൗനിയായി തലകുനിച്ചു നിന്നു.

മനസ്സിൽ സൂക്ഷിച്ചുവെച്ച ചോദ്യത്തെ ആവാഹിച്ചെടുത്ത് നിഥിന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് ചോദിച്ചു.

“ജനിച്ചു വളർന്ന നാടും സുഹൃത്തുക്കളെയും വിട്ട് ജോലിക്കായി വിദേശത്തേക്ക് ചേക്കേറാനുള്ള പ്രചോദനം?”

മേഘ്നയുടെ ചോദ്യത്തിനുമുന്നിൽ അക്ഷരാർത്ഥത്തിൽ അവൻ ഒന്ന് പതറി. ചെറിയ ഒരു ഞെട്ടൽ ശരീരമാകെ അനുഭവപ്പെട്ടു.

ഇങ്ങനെയൊരു ചോദ്യം ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്. തന്‍റെ ജോലിയെക്കുറിച്ചും അവിടത്തെ ഫാമിലി സ്‌റ്റാറ്റസിനെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങളെയാണ് അവൻ പ്രതീക്ഷിച്ചത്. അതിനുള്ള ഉത്തരങ്ങൾ മനസ്സിൽ കുറിച്ചു വെച്ചിരുന്നു.

പൊടുന്നനെ ഉണ്ടായ മാനസികസംഘർത്തിൽ നിന്നും ഉണർന്ന് മനസ്സിനെ നിയന്ത്രിച്ച് അവളുടെ മുന്നിൽ പതറരുത് എന്ന ദൃഢ പ്രതിജ്‌ഞയിൽ ദൃഷ്ടികൾ മേഘനയിലേക്ക് ഉയർത്തി കൊണ്ട് തുടർന്നു.

“നമ്മുടെ നാട്ടിലെ രാഷ്ട്രീയ അതിപ്രസരവും മേൽക്കോയ്‌മയും കണ്ട് ഞാൻ മടുത്തു. ജോലിയേക്കാൾ ഇഷ്ടം അവർക്ക് സമരത്തോടാണ്. ജോലി ചെയ്യാൻ തയ്യാറുള്ളവരെ പോലും അതിനനുവദിക്കില്ല. തൊഴിൽ ശാലകൾ അടഞ്ഞുകിടക്കണം. തെരുവോരങ്ങളിൽ സമരകാഹളം മുഴങ്ങണം. പാർട്ടിയുടെ കൊടി കയ്യിലുള്ളവന് എന്തും ചെയ്യാം. പാർട്ടി അവനെ സംരക്ഷിച്ചുകൊള്ളും. ചെറുപ്പം മുതൽ കണ്ടുവരുന്ന കാഴ്ചയാണിത്. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പഴമൊഴി തിരുത്തി രാഷ്ട്രീയക്കാരുടെ സ്വന്തം നാട് എന്ന് പറയുന്നതാണ് ഇവിടെ ഉചിതം.”

നിഥിൻ ഒന്ന് നിർത്തി അവളിൽ നിന്നും കാഴ്ചയെ മുറിച്ചു കൊണ്ട് മുഖം തുടച്ച് ശരീരോഷ്‌മാവിനെ ക്രമീകരിച്ച് വീണ്ടും തുടർന്നു.

“ഇത് ഒന്നുകൊണ്ടു മാത്രമല്ല ഞാൻ പുറത്തേക്ക് എത്തിനോക്കിയത്. ലോക രാഷ്ട്രങ്ങളിലെ മിക്ക രാജ്യങ്ങളിലെയും ജനങ്ങൾ അടിത്തട്ടു മുതൽ മേൽത്തട്ടുവരെയുള്ളവർ എത്തിചേരുന്ന സ്‌ഥലമാണ് ഗൾഫ്. ഓരോ നാട്ടിലേയും ആചാരങ്ങളെയും ഭൂമിശാസ്ത്രത്തെയും ആ നാട്ടിൽ പോകാതെ തന്നെ സാധാരണക്കാരനിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് ഞാൻ ഗൾഫ് രാജ്യത്തെ തിരഞ്ഞെടുത്തത്. എന്‍റെ വീക്ഷണം ഒരു പരിധിവരെ ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു.”

ലക്ഷ്യമില്ലാതെ മറ്റെവിടെയോ നോക്കികൊണ്ടായിരുന്നു നിഥിൻ ഇത്രയും പറഞ്ഞത്. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിലെ ഭാരം മുഴുവൻ ഒഴുകി പോയതുപോലെ തോന്നി.

വീണ്ടും അവൻ മേഘ്നയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അപ്പോൾ അവളുടെ മുഖത്ത് കണ്ട നിർവികാരതയെ അനലൈസ് ചെയ്തെടുക്കാൻ അവന് കഴിയുമായിരുന്നില്ല.

രണ്ടുപേരും അവരവരുടെ ഇരിപ്പടങ്ങളിലേക്ക് മടങ്ങി. മേഘ്നയോടും കുടുംബത്തോടും യാത്ര പറഞ്ഞ് നിഥിനും കുടുംബവും കാറിൽ കയറി. യാത്രയിൽ ആരും അവനോട് സംസാരിക്കാൻ ശ്രമിച്ചില്ല. വികാരവിചാരങ്ങൾ മനസ്സിനെ മഥിച്ചിരുന്നുവെങ്കിലും എല്ലാവരും മൗനത്തെ സ്വയം വരിച്ചു.

വീട്ടിലെത്തി മണിക്കൂറുകൾ കഴിഞ്ഞ് ഡൈനിംഗ് ടേബിളിൽ ഒത്തുകൂടിയ പ്പോഴാണ് അവർ മൗനത്തെ മുറിച്ചത്. നിഥിൻ വായ് തുറക്കുന്നതും നോക്കി കുടുംബം ഇരുന്നു. തനിക്ക് മേഘ്നയെ ഇഷ്ടമായി എന്ന അവന്‍റെ പ്രഖ്യാപനം വീടിനെ ശബ്ദമുഖരിതവും പ്രകാശിതവുമാക്കി.

അന്നുതന്നെ സന്ധ്യാദീപം കൊളുത്തി എല്ലാവരും കൂടിയിരുന്നു നാമജപത്തിനുശേഷം നിഥിന്‍റെ അച്ഛൻ ജയൻ മേഘനയുടെ അച്‌ഛനെ വിളിച്ച് മകന് മകളെ ഇഷ്ടമായി എന്നറിയിച്ചു. ഞങ്ങൾക്ക് ഈ ബന്ധത്തിന് താൽപര്യമാണ്. ഇനി അവിടത്തെ വാക്കുകൾക്കായി ഞങ്ങൾ കാതോർക്കുന്നു.

ജയന്‍റെ വാക്കുകളിൽ മിതത്വവും ആകാംക്ഷയും നിറഞ്ഞിരുന്നു.

“ഞാൻ മകളോട് അഭിപ്രായം ചോദിച്ചിട്ടില്ല. നിങ്ങളുടെ വിവരം അറിഞ്ഞതിനുശേഷം ചോദിച്ചാൽ മതിയല്ലോ എന്ന് കരുതി. വേഗത്തിൽ തന്നെ ഞങ്ങളുടെ തീരുമാനം അറിയിക്കുന്നതായിരിക്കും.”

സമചിത്തതയോടെ മേഘനയുടെ അച്ഛൻ പറഞ്ഞു. രണ്ടുപേരും അന്യോന്യം ശുഭരാത്രി നേർന്നുകൊണ്ട് നിർത്തി. പിറ്റേ ദിവസം ബ്രേക്ക് ഫാസ്‌റ്റ് കഴിഞ്ഞു പത്രവായനയിൽ വ്യാപൃതനായിരിക്കുമ്പോഴാണ് ജയന്‍റെ ഫോൺ ശബ്ദിച്ചത്. അകത്ത് ഫോണിന്‍റെ അടുത്ത് നിന്നിരുന്ന മീര ഫോൺ എടുത്ത് ഉമ്മറത്തിരുന്ന അച്ഛന്‍റടുത്തേക്ക് ഓടി. നമ്പർ കണ്ടപ്പോൾ മേഘ്നയുടെ അച്ഛന്‍റെതാണെന്ന് മീര സ്വയം മനസ്സിലാക്കി. ഫോൺ അച്ഛനെ ഏൽപ്പിച്ചു.

കോൾ എടുത്ത് ഹലോ പറഞ്ഞതും മറുഭാഗത്തു നിന്ന് “ഞാൻ മേഘ്നയുടെ അച്ഛനാണ് ഞങ്ങൾക്കും മകൾക്കും ഈ ബന്ധത്തിന് താൽപര്യമാണ്. ഇനി നമുക്ക് അതിന്‍റെതായ കാര്യങ്ങളിലേക്ക് നീങ്ങാം.”

“സന്തോഷം. ഇന്നുതന്നെ ഞാൻ കണിയാന്‍റെ അടുത്ത് പോയി നല്ല ഒരു ദിവസം നോക്കി മകൻ ലീവ് കഴിയും മുമ്പായി ഈ മംഗളകർമ്മം നടത്താം.”

“ഞങ്ങൾക്കും അതിന് സമ്മതമാണ്.” മറുഭാഗത്ത് നിന്നും കേട്ടു.

കോൾ കട്ട് ചെയ്‌ത് ഫോൺ മീരയെ ഏൽപിച്ചു. മീരയുടെ മുഖത്തും സന്തോഷത്തിന്‍റെ തുടിപ്പുകൾ തുളുമ്പുന്നുണ്ടായിരുന്നു.

പുറത്തുനിന്ന് അകത്തേക്ക് കടന്ന് അച്‌ഛൻ ഈ സന്തോഷം അമ്മയെ അറിയിക്കാനായി അടുക്കളയിലേക്ക് നടന്നു. മീര മുകളിലെ നിഥിന്‍റെ മുറിയിലേക്കും. വാതിൽ തുറന്നിട്ട് ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അവൻ. മീരയെ കണ്ടതോടെ ലാപ്ടോപ്പ് അടച്ച് വച്ച് എഴുന്നേറ്റ് മാറിനിന്നു.

സാധാരണയായി മുറി തൂത്തുവാരാൻ മാത്രമാണ് ചേച്ചി തന്‍റെ മുറിയിൽ വരാറുള്ളു.

“നീ അവിടെ ഇരുന്നോ ഞാൻ ഒരു കാര്യം ചോദിക്കാനാണ് വന്നത്. മേഘനയുടെ കാഴ്ച്ചയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?”

മീരയുടെ മനസ്സിൽ ആഹ്ളാദത്തിന്‍റെ പൂത്തിരി കത്തുന്നുണ്ടെങ്കിലും ഞരമ്പുകൾ ബലം പിടിപ്പിക്കാനും മുഖത്ത് ഗൗരവം തേച്ചുപിടിപ്പിക്കുവാനും അവൾ പാടുപ്പെട്ടു.

“എന്താ ചേച്ചി അങ്ങനെ ചോദിച്ചത്.. എനിക്ക് തോന്നിയില്ല.” ആശങ്കയോടെയാണ് നിഥിൻ പറഞ്ഞത്.

“മേഘനയുടെ അച്ഛൻ ഇവിടത്തെ അച്ഛ‌നെ വിളിച്ചിരുന്നു. അവർക്ക് ഈ വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു. മേഘനയ്ക്കും നിന്നെ ഇഷ്ടമായത്രേ അതുകൊണ്ട് ചോദിച്ചതാ?”

“മേഘനയ്ക്കല്ല കണ്ണിന് കുഴപ്പം. എന്‍റെ ചേട്ടനാണ്. അതുകൊണ്ടല്ലേ ചേച്ചിയെ ഇഷ്‌ടപ്പെട്ടത്. എത്ര സുന്ദരികളായ പെൺകുട്ടികളെ കണ്ടതാ. അവസാനം ചെന്നുപെട്ടത്.. മേഘ്ന കണ്ണുകൾ കൊണ്ടല്ല എന്നെ അളന്നത് ബുദ്ധികൊണ്ടാണ്.”

ഗൗരവ ഭാവത്തിൽ തന്നെയായിരുന്നു അവന്‍റെയും മറുപടി. തന്നെ ചൊറിയുന്നവരെ മാന്തുന്നവനാണ് അനുജനെന്ന് മീരയ്ക്കറിയാം. അതിനാൽ അവന്‍റെ വാക്കുകൾ അവൾ മുഖവിലയ്ക്ക് എടുത്തില്ല.

തനിക്ക് ഒരനുജത്തി വന്നു ചേരുന്നതിലുള്ള സന്തോഷം ചുണ്ടുകളിലൂടെ ചെറുപുഞ്ചിരിയായി ഒലിച്ചിറങ്ങി. ബലം പിടിച്ച ഞരമ്പുകളും മുഖത്തെ ഗൗരവവും താനേ അയഞ്ഞു.

നാട്ടിൽ വരുമ്പോൾ മനസ്സുതുറന്ന് സംസാരിക്കാനും പൊട്ടത്തരങ്ങൾ പറഞ്ഞ് ആർത്ത് ചിരിക്കാനും ജോലിയുടെ ടെൻഷൻ കുറയ്ക്കാനും ഒരാൾ അടുത്തുണ്ടാകുമല്ലോ എന്ന സന്തോഷം. അച്ഛനും അമ്മയും ഭർത്താവും വീട്ടിലുണ്ടെങ്കിലും അവരോടുള്ള കൂടിച്ചേരലുകൾക്ക് ഒരു പരിധിയുണ്ടല്ലോ. ഞാനും അനുജത്തിയും ഇവിടെ തുല്യർ.

മുകളിൽ നിന്ന് നിഥിന് പിന്നിലായി മീരയും കോണിയിറങ്ങി. താഴെ അച്ഛനും അമ്മയും ചേട്ടനും കൂടിയിരുന്ന് ആഘോഷത്തിന്‍റെ ചിന്തയിലേക്ക് ഇറങ്ങികഴിഞ്ഞിരുന്നു.

മുഹൂർത്തം നോക്കാനും ഹാൾ ബുക്ക് ചെയ്യാനും സദ്യവട്ടവും വീഡിയോയും അച്ഛനും ചേട്ടനും ഏറ്റെടുത്തു. ഡ്രസ്സ് സെലക്ട‌് ചെയ്യാനും മറ്റ് ഡെക്കറേഷനുകളുടെ ചുമതല അമ്മയും മീരയും നിഥിനും നിയോഗിക്കപ്പെട്ടു.

അങ്ങനെ ആ വിവാഹ സുദിനം വന്നെത്തി. വരന് സഹോദരിമാരില്ലാത്തതിനാൽ ചെറിയച്‌ഛൻ മകളാണ് വധുവിന് പുടവ കൊടുത്തത്.

മന്ത്രകോടിയണിഞ്ഞ് ആടയാഭരണങ്ങളാൽ വിഭൂഷകയായി വന്നു നിന്ന മേഘ്നയുടെ കഴുത്തിൽ കൊട്ടും കുരവയുടെയും ആരവത്തിൽ നിഥിൻ താലിചാർത്തി. നെറുകയിൽ സിന്ദൂരം തൊട്ടുകൊടുത്തു. ക്യാമറ കണ്ണുകൾ ഇമ പൂട്ടാതെ എല്ലാം മെമ്മറികാർഡിൽ പകർത്തുന്നുണ്ടായിരുന്നു.

സ്‌റ്റേജിൽ പൂജാരിയുടേയും ക്യാമറക്കാരുടേയും നിർദേശമനുസരിച്ച് ആടി തളർന്ന വധുവരന്മാർ ഭക്ഷണത്തിനുശേഷം ഗൃഹപ്രവേശനത്തിനായി വരന്‍റെ ഗൃഹത്തിലേക്ക് ആനയിക്കപ്പെട്ടു.

അമ്മ അരിയും പൂവും ശിരസ്സിലെറിഞ്ഞു മരുമകൾക്ക് സ്വാഗതമേകി.

ചങ്ങാതിക്കുരുവിയുടെ കൂട്

“മിസ് രേഖാ മാത്യു, പറയുന്നതിൽ വിഷമമുണ്ട്. പക്ഷേ പറയാതിരിക്കാൻ വയ്യ. ഇത്തവണ പറഞ്ഞ ടാർഗെറ്റിൽ എത്താൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. വെറും 10,000 രൂപയുടെ സെയിൽ! എന്തായാലും ഒരു മാസത്തെ സമയം കുടി നൽകുന്നു. ഇത് അവസാനത്തെ ചാൻസാണ്. ഇതിനു ശേഷം കമ്പനിക്ക് നിങ്ങളെക്കുറിച്ച് സീരിയസ്സായി തന്നെ ചിന്തിക്കേണ്ടി വരും.”

രേഖ നിശ്ശബ്ദം ബോസിന്‍റെ ശകാരം കേട്ടു നിന്നു. സകലരും രേഖയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തല കുനിച്ചാണ് നിന്നിരുന്നതെങ്കിലും അവിടെ നിൽക്കുന്നവരുടെ മുഖത്തെ പരിഹാസവും സഹതാപവും അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ചിലരുടെ മുഖത്ത് ഈർഷ്യ നിഴലിച്ചു. ഇവൾ ഇങ്ങനെയെങ്കിലും ഒരു പാഠം പഠിച്ചല്ലോ എന്ന സന്തോഷമായിരുന്നു മറ്റു ചിലർക്ക്.

അവൾ നിരാശയോടെ സീറ്റിലമർന്നിരുന്നു. അടുത്ത മാസം 50,000 രൂപയുടെ സെയിൽ നടത്തണമല്ലോ എന്ന ചിന്ത അവളെ വല്ലാതെയലട്ടി. 50,000 രൂപയുടെ സെയിൽ അത്ര എളുപ്പമല്ല. ചെയ്തില്ലെങ്കിൽ സാലറി ഇൻക്രിമെന്‍റില്ല. ബാംഗ്ലൂർ, ചെന്നൈ… എവിടേക്കും ട്രാൻസ്‌ഫറാകാം. തുടർന്നും ഇതുപോലുള്ള പെർഫോമെൻസാണെങ്കിൽ ജോലി നഷ്ടമാവുമെന്ന് ഉറപ്പ്. തന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ കമ്പനിക്ക് താല്‌പര്യമെടുക്കേണ്ട കാര്യവുമില്ലല്ലോ. സെയിൽ വർദ്ധിപ്പിക്കണം, പരമാവധി ലാഭം ഉണ്ടാക്കണം, അതേ കമ്പനിക്കു വേണ്ടു.

ഈ ജോലി തന്നെ ഏറെ ശ്രമങ്ങൾക്കൊടുവിലാണ് രേഖയ്ക്ക് ലഭിച്ചത്. കയറിയിറങ്ങാത്ത ഓഫീസുകളില്ല. അറ്റന്‍റ് ചെയ്യാത്ത ഇന്‍റർവ്യുവില്ല. ടെസ്‌റ്റുകൾ എഴുതിയതിനു കണക്കുമില്ല. അവസാനം വീട്ടുകാരുടെ വെറുപ്പും സമ്പാദിച്ചു. ഒരു പെൺകുട്ടിക്ക് മെഡിക്കൽ റെപ്രസന്‍ററ്റീവായി ജോലി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ? അദ്ധ്വാനം, ടെൻഷൻ, വെയിലത്ത് അലച്ചിൽ, പലതരക്കാരായ ആളുകളുമായി ഇടപഴകൽ… എന്നുവേണ്ട എന്തൊക്കെ പ്രശ്‌നങ്ങളാണുള്ളത്. സഹോദരൻ അവളെ ജോലിയിൽ നിന്നും പിന്തിരിപ്പിക്കാൻ ആവതും ശ്രമിച്ചു. അച്‌ഛനും ഉപദേശിച്ചു. വരും വരായ്കകളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി. എന്നാൽ അവരുടെ ഓരോ ചോദ്യങ്ങൾക്കും അവളുടെ പക്കൽ ന്യായീകരണമുണ്ടായിരുന്നു.

ആകർഷകമായ വ്യക്തിത്വവും ബുദ്ധിയുമുള്ള രേഖ ന്യായീകരിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. മനസ്സിനിണങ്ങിയ ഈ ഉദ്യോഗം കളഞ്ഞു കുളിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു. പക്ഷേ, ഇന്ന് താൻ സകലർക്കും മുന്നിൽ പരിഹാസ്യയായില്ലേ. ഒരു കണക്കിന് കാരണക്കാരിയും താൻ തന്നെ. എളുപ്പമെന്നു കരുതിയ ഈ ഉദ്യോഗം ഇത്ര പെട്ടെന്ന് വലിയൊരു തലവേദനയായി തീരുമെന്നാരു കണ്ടു.

രേഖയ്ക്ക് കവർ ചെയ്യേണ്ട സോൺ മിക്കവാറും ഗ്രാമപ്രദേശമായിരിക്കും. അങ്ങോട്ട് വല്ലപ്പോഴും ഒന്നോ രണ്ടോ ബസ്സു മാത്രമേ കാണു. സ്‌കൂട്ടറും മറ്റും സ്വയം ഓടിച്ചു പോകാമെന്നു വച്ചാൽ തന്നെ റോഡിന്‍റെ സ്‌ഥിതി പരിതാപകരവുമായിരുന്നു. രേഖയുടെ ദുരവസ്‌ഥ കണ്ട് ചില സഹപ്രവർത്തകർ അവളോടു സഹതാപം പ്രകടിപ്പിച്ചു. സ്ത്രീയായതിനാൽ നഗരപ്രദേശം നൽകണമെന്ന് ചിലർ ശുപാർശ ചെയ്തു. ചിലരാകട്ടെ രേഖയ്ക്ക് വേണ്ടി ഗ്രാമപ്രദേശം കവർ ചെയ്യാനും തയ്യാറായി. എന്നാൽ രേഖയ്ക്ക് ഇതൊന്നും സ്വീകാര്യമായിരുന്നില്ല. വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറാനായിരുന്നു അവൾക്ക് താല്‌പര്യം.

പലപ്പോഴും പരസ്പരം വിരുദ്ധ സ്വഭാവമുള്ള ആളുകളുമായാവും അവൾക്ക് ഇടപെടേണ്ടി വരുന്നത്. ചില ഡോക്ടർമാരാകട്ടെ, കമ്പനിയുടെ ഗംഭീരപാർട്ടിയിൽ പങ്കെടുത്ത ശേഷം മറ്റേതെങ്കിലും കമ്പനിയുടെ മരുന്ന് പ്രിസ്ക്രൈബ് ചെയ്യും. മറ്റു ചിലരാകട്ടെ രോഗികൾ കൂടുതലാണെന്ന പേരിൽ അവളോട് ഏറെ നേരം കാത്തിരിക്കാൻ പറയും. ചിലർ മണിക്കുറുകൾ കാത്തിരുത്തി ഒരക്ഷരം പോലും പറയാതെ നടന്നുപോകും. രേഖ പറയുന്നതൊക്കെ ക്ഷമയോടെ കേൾക്കുന്നവരുടെ പക്കലാവട്ടെ മരുന്നു വാങ്ങാനും മാത്രം രോഗികളും കാണില്ല. ചില മെഡിക്കൽ ഷോപ്പുകാർ ആദ്യം മരുന്നിന് ഓർഡർ നൽകും. പിന്നെയെന്തെങ്കിലും കാരണം പറഞ്ഞ് മെഡിസിൻ മടക്കി നൽകും.

സെയിൽ വർദ്ധിപ്പിക്കാൻ രേഖ തന്നാലാവും വിധം ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും എവിടെയോ എന്തൊക്കെയോ പോരായ്മകൾ വന്നു കൊണ്ടിരുന്നു. പക്ഷേ, രേഖ തോറ്റു പിൻവാങ്ങാൻ ഒരുക്കമല്ലായിരുന്നു. കമ്പനി സെയിലിൽ കാര്യമായ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, എന്നിരുന്നാലും കമ്പനി പുതിയൊരു പ്രോഡക്ട് ലോഞ്ച് ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ആന്‍റിബയോ ട്ടിക്ക് – ആന്‍റി സ്‌പാജ്‌യോട്ടിക് കോമ്പിനേഷൻ മെഡിസിൻ.

പുതിയ പ്രൊഡക്ട‌് സെയിലിനു വേണ്ടി വലിയൊരു പബ്ലിസിറ്റി തന്നെ അവർ നടത്തുന്നുണ്ടായിരുന്നു. പ്രൊഡക്റ്റിന്‍റെ സെയിൽ വർദ്ധിപ്പിക്കുന്നതിനായി മെഡിക്കൽ റപ്രസന്‍റേറ്റീവ്സിൽ സമ്മർദ്ദം ചെലുത്തി.

“രേഖാ… മീറ്റിംഗ് കഴിഞ്ഞല്ലോ. വാ, നമുക്ക് വീട്ടിലേയ്ക്കു പോകാം.” രാജീവിന്‍റെ ശബ്ദ‌ം കേട്ട് ചിന്താമഗ്നയായിരുന്ന രേഖ പെട്ടെന്ന് ഞെട്ടിയുണർന്നു. ഒരക്ഷരം പോലും പറയാതെ അവൾ രാജീവിനൊപ്പം പുറത്തിറങ്ങി.

“വിഷമിക്കണ്ട. ഞാൻ സഹായിക്കാം.” രാജീവ് ധൈര്യം നൽകാൻ ശ്രമിച്ചു.

“സഹായിക്കാമെന്നോ? അതിന് നിങ്ങൾക്ക് തന്നെ നിന്നു തിരിയാൻ സമയമില്ലല്ലോ?”

“അതു സാരമില്ല.” രാജീവ് പറഞ്ഞു.

രാജീവിന്‍റെ സഹായം വെറും വാക്കുകളിൽ മാത്രം ഒതുങ്ങി നിന്നില്ല. തന്‍റെ ജോലിയൊക്കെ കൃത്യമായി ചെയ്തു തീർത്ത ശേഷം രാജീവ് രേഖയ്ക്ക് വേണ്ടിയും പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ ഊണും ഉറക്കവുമൊക്കെ മറന്ന് അവർ രണ്ടുപേരും ജോലിയിൽ വ്യാപൃതരായി.

അവരുടെ അദ്ധ്വാനത്തിന് ഫലം കണ്ടുതുടങ്ങി. രേഖയുടെ ജോലിയിൽ സംതൃപ്‌തനായ ഓഫീസറുടെ മുഖത്ത് തിളക്കം. രേഖയുടെ സന്തോഷത്തിനതിരില്ലായിരുന്നു.

രാജീവിനോടുള്ള പ്രണയം അവൾക്ക് ഇനിയും മറച്ചു വയ്ക്കാൻ തോന്നിയില്ല. ഏറെ നാളത്തെ പരിചയക്കാരായിരുന്നു രേഖയും രാജീവും. ഇരുവർക്കും പരസ്‌പരം ഇഷ്‌ടവുമായിരുന്നു. പക്ഷേ മനസ്സിലെ പ്രണയം തുറന്നു പറയാൻ അതുവരെ ഒരവസരം ലഭിച്ചില്ലെന്നു മാത്രം.

ജോലിയൊക്കെ തീർത്ത് ഓഫീസിൽ നിന്നും മടങ്ങുമ്പോൾ രേഖ രാജീവിനോട് ഓഫീസ് പ്രശ്‌നങ്ങൾ അവതരിപ്പിക്കും. രാജീവ് അതിനുള്ള പരിഹാരം പറഞ്ഞുകൊടുക്കും. അങ്ങനെ രേഖയുടെ ഒഫീഷ്യൽ ടെൻഷൻ വലിയൊരു പരിധിവരെ ദുരീകരിക്കുമായിരുന്നു. എന്തൊരു പ്രശ്‌നം വരുമ്പോഴും താൻ സഹായത്തിനുണ്ടാവുമെന്ന് രാജീവ് ഉറപ്പു നൽകി. എന്നാൽ രാജീവ് തന്നോടൊപ്പം ആജീവനാന്തം ഉണ്ടാവണമെന്നായിരുന്നു രേഖയുടെ ആഗ്രഹം.

ഒരു ദിവസം രേഖ എങ്ങനെയെങ്കിലും തന്‍റെ പ്രണയം രാജീവിനോട് തുറന്നു പറയണമെന്ന് തീരുമാനിച്ചു. അപ്പോഴേയ്ക്കും ബസ്സ് എത്തിയതിനാൽ രണ്ടുപേരും തിടുക്കത്തിൽ ബസ്സിൽ കയറി.

“രാജീവ്, ഇന്നു വൈകുന്നേരം എന്‍റെ വീട്ടിലേക്ക് വരുന്നണ്ടല്ലേ?”

“എന്നാരു പറഞ്ഞു!”

“എന്‍റെ മനസ്സ്.”

“ഓഹോ! അങ്ങനെയെങ്കിൽ ഞാനെന്തിനാണ് നിന്‍റെ വീട്ടിലേക്ക് വരുന്നതെന്ന് മനസ്സിനോടൊന്നു ചോദിച്ചു നോക്ക്.”

“എന്‍റെ പപ്പയെ കാണുന്നതിന്. ഇനി അധികം ചോദ്യം ചോദിക്കരുത്.” രേഖ ചമ്മലോടെ പറഞ്ഞു.

“പക്ഷേ വീട്ടിലേയ്ക്ക് വരുന്നതിനുള്ള കാരണം കുടി ഞാനൊന്നറിയട്ടെ…”

“പപ്പയുടെ മുന്നിൽ ധൈര്യത്തോടെ ചെന്നു നിന്നു ഞാനാണ് അങ്ങയുടെ ഭാവിമരുമകൻ എന്നു പറയണം.”

“ഏ… മിസ് രേഖാ… സ്വപ്‌നലോകത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നാലും.”

“ഞാൻ ഭൂമിയിൽ തന്നെയാ നിൽക്കുന്നത്. അതും പതറാത്ത ഉറച്ച കാലുകളും ഊന്നി തന്നെയാ നിൽക്കുന്നത്. പക്ഷേ, എനിക്കു തോന്നുന്നത് നിങ്ങൾ ആകാശത്തു കൂടി പാറി നടക്കുകയാണെന്നാണ്. അതല്ലേ ഭൂമിയിലുള്ള ഈയൊരുവളുടെ പ്രണയം തിരിച്ചറിയാൻ പറ്റാതായത്.”

“പ്രണയം, അതും നിനക്ക്? എന്താണ് പറയുന്നതെന്ന് നിശ്ചയമുണ്ടല്ലോ? രേഖാ, സത്യം പറഞ്ഞാൽ നമ്മൾ നല്ല സുഹൃത്തുക്കളാണ്. ഇരുവർക്കും പരസ്‌പരം ഇഷ്‌ടവുമാണ്. ഇതുവരെ കാര്യങ്ങൾ ഓ. കെ. അതിൽ കൂടുതൽ മുന്നോട്ടു പോവുന്നത് ഉചിതമല്ല.”

“പക്ഷേ രാജീവ്…”

“നോക്ക് രേഖ, നമ്മൾ നല്ല ഫ്രണ്ട്സാണ്. നമുക്ക് പരസ്പരം ഇഷ്ടവുമാണ്, എന്നു കരുതി വിവാഹം കഴിക്കണമെന്നുണ്ടോ?”

“നിങ്ങൾ ശരിക്കുമൊരു ദുഷ്‌ടൻ തന്നെ രാജീവ്.”

“ഞാൻ നിന്നെ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കുകയാണ്.”

“എന്‍റെ മനസ്സിനെ വിഷമിപ്പിക്കാൻ നിങ്ങൾക്കാവില്ല.” രേഖയുടെ ശബ്ദം ഇടറി.

“രേഖ… ഞാൻ പറയുന്നതെന്താണെന്നു നീയൊന്ന് മനസ്സി രുത്തി ചിന്തിച്ചു നോക്ക്. സമ്പന്നവും സുരക്ഷിതവുമായൊരു സാഹചര്യത്തിലാണ് നീ ജനിച്ചു വളർന്നത്. ആ ഒരവസ്ഥ ഞാനെങ്ങനെ നിനക്ക് നൽകും?”

“പറ്റും. അതുകൊണ്ടല്ലേ ഞാൻ നിങ്ങളെ തന്നെ തെരഞ്ഞെടുത്തത്. സുന്ദരവും സന്തുഷ്‌ടവും സുരക്ഷിതവുമായ കുടുംബജീവിതം. അത് രാജീവിനു മാത്രമേ നൽകാനാവു.”

“ഒരുപക്ഷേ, നിന്‍റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ എനിക്കു പറ്റിയെന്നു വരില്ല. പിന്നീട് പശ്ചാത്തപിച്ചിട്ടു കാര്യമുണ്ടാവില്ല.” രാജീവ് രേഖയെ ഉപദേശിച്ചു.

“എന്നാൽ പിന്നെ എന്നെ നിങ്ങൾക്ക് ഇഷ്ടമില്ലെന്നു തുറന്നു പറഞ്ഞാൽ പോരേ?”

രാജീവ് തന്‍റെ ന്യായങ്ങൾ നിരത്താൻ ശ്രമിച്ചപ്പോഴേക്കും രേഖ ബസ്സിൽ നിന്നും താഴെയിറങ്ങിയിരുന്നു. അടുത്ത ദിവസം രേഖയുടെ ചുവന്നു കലങ്ങിയ കണ്ണുകൾ രാജീവിന്‍റെ സംശയങ്ങൾക്ക് ഉത്തരം നൽകി.

“ഫോർ മൈ സ്വീറ്റ് ഹാർട്ട്…” രാജീവ് ഭംഗിയുള്ള ഒരു റോസാപുഷ്പം രേഖയുടെ മേശപ്പുറത്ത് കൊണ്ടുവച്ചു.

“ഇതെന്താ, ഇപ്പോ ഒരു സോപ്പിങ്ങ്?”

“എന്‍റെ ഏറ്റവും അടുപ്പമുള്ള കുട്ടുകാരിയൊന്നു സന്തോഷിച്ചു കാണാൻ…” രാജീവിന്‍റെ സംസാരം കേട്ട് രേഖയ്ക്ക് സന്തോഷം തോന്നി.

“ഈ റോസിനു പകരമായി ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ നീ സാധിച്ചു തരുമോ?”

“അതിന് ഞാൻ എന്നെത്തന്നെ നിങ്ങൾക്കു നൽകാൻ ഒരുക്കമല്ലേ. രാജീവല്ലേ പിന്മാറുന്നത്.”

“വീണ്ടും അതേ റൂട്ടിൽ തന്നെ… പ്ലീസ് രേഖ… പ്രണയം, വിവാഹം ഇതേക്കുറിച്ചൊന്നും എന്നോടു സംസാരിക്കാതിരുന്നാൽ വലിയ ഉപകാരമായിരുന്നു.”

“അല്പം വിഷമമാണ്. പക്ഷേ രാജീവ് നിനക്ക് വേണ്ടി ഞാനതിന് ശ്രമിക്കാം.”

“അപ്പോൾ നിനക്ക് ബുദ്ധിയുണ്ട്. നമ്മൾ പണ്ടത്തേതുപോലെ നല്ല ഫ്രണ്ട്സായിരിക്കും.”

“അപ്പോൾ നമ്മളിപ്പോൾ സുഹൃത്തുക്കളല്ലെന്നാണോ?” രേഖയുടെ പരിഹാസവാക്കുകൾ കേട്ട് രാജീവ് പൊട്ടിച്ചിരിച്ചു.

ഇനി പ്രണയത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് രേഖ രാജീവിന് ഉറപ്പു നൽകിയെങ്കിലും അതു പ്രാവർത്തികമാക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി. ദിനം ദിനമുള്ള ഈ പ്രണയവും അഭ്യർത്ഥനയും… അതിലുമെത്രേയോ നല്ലതാണിത്. പരസ്പരം എന്നുമെന്നും കാണാതാവുമ്പോൾ വിവാഹത്തെക്കുറിച്ചുള്ള ചിന്തയും മനസ്സിൽ നിന്നും മാറും…

അടുത്ത ഒരു മാസം ജോലിത്തിരക്കിൽ മുങ്ങിപ്പോയതേ അവരറിഞ്ഞില്ല. റിപ്പോർട്ടിംഗ്, മീറ്റിംഗ്, റിഫ്രഷർ കോഴ്‌സ് ലക്ചർ…. രേഖ രാജീവിന്‍റെ കാര്യമേ മറന്നു. പക്ഷേ ജോലിത്തിരക്ക് തീർന്നപ്പോൾ അവൾക്ക് രാജീവിനെ ഓർമ്മ വന്നു. മനസ്സ് വല്ലാതെ മിടിച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ രാജീവിന് മറ്റൊരു പ്രണയം കാണും. അതുകൊണ്ടല്ലേ തന്നെപ്പോലെ സൗന്ദര്യവും ബുദ്ധിയുമുള്ള ഒരുവളെ വേണ്ടെന്നു വയ്ക്കുന്നത്. രാജീവ് തന്‍റെ പ്രണയം സ്വീകരിക്കാത്തതെന്താവും? പോട്ടെ… രാജീവുമായി ഒരകൽച്ച… അതാവും ശരി.

അങ്ങനെയിരിക്കേ ഒരു ഒഫീഷ്യൽ പാർട്ടിയ്ക്കിടയിൽ അവർ വീണ്ടും കണ്ടുമുട്ടി. രേഖ മുഖത്ത് പുഞ്ചിരി വരുത്തി ക്കൊണ്ടു ചോദിച്ചു, “ഇതെന്താ മാവേലിയോ… എത്ര നാളായി കണ്ടിട്ട്…”

“ഇതേ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാലോ?”

“എന്താ ദേഷ്യത്തിലാണോ?”

“ദേഷ്യമാണെങ്കിൽ തന്നെ നീ എന്തിനാ വേവലാതിപ്പെടുന്നത്?”

“ഞാനല്ലേ വേവലാതിപ്പെടേണ്ടത്. മതി രാജീവ്, ഇനിയുമിങ്ങനെ വിഷമിപ്പിക്കുന്നതു മതിയാക്ക്.”

“ഞാൻ നിന്നെ വിഷമിപ്പിക്കുന്നുവെന്നോ?”

“നമ്മുടെ വിവാഹകാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമയമായി രാജീവ്… ഇനി എപ്പോഴുമെപ്പോഴും നിങ്ങളെ ഉപദ്രവിക്കില്ല.”

“അന്നത്തെ തീരുമാനമൊക്കെ മറന്നോ?”

“എന്‍റെ വിവാഹകാര്യം വീട്ടുകാർ കൂടുതൽ ദിവസം വെച്ച് നീട്ടാൻ സാധ്യതയില്ല. ധാരാളം വിവാഹാലോചനകൾ വരുന്നുണ്ട്. എനിക്കാരെയെങ്കിലും ഇഷ്ടമാണോയെന്ന് പപ്പ ഒരു ദിവസം ചോദിച്ചു.”

“അയ്യോ! നീ അറിയാതെ എന്‍റെ പേരെങ്ങാനും പറഞ്ഞോ?”

“ഇല്ല… രാജീവ് നേരിട്ട് വീട്ടിൽ വന്ന് പപ്പയോടു നമ്മുടെ വിവാഹകാര്യം സംസാരിക്കണമെന്നാണ് എന്‍റെ ആഗ്രഹം.”

ലഞ്ച് ടൈമായതിനാൽ പാർട്ടിക്ക് എത്തിയ അതിഥികൾ അവരുടെ അടുത്തുള്ള ടേബിളിൽ വന്നിരിക്കുവാൻ തുടങ്ങി. പ്രൈവസി നഷ്ടമായതോടെ രേഖ സംസാരം നിർത്തി. എന്തായാലും താൻ തന്നെ പപ്പയോടു തന്‍റെ പ്രണയകാര്യം തുറന്നുപറയും. രേഖ തീർച്ചയാക്കി. പാർട്ടിക്ക് ശേഷം രേഖ വീട്ടിലേക്ക് മടങ്ങി.

“രേഖച്ചേച്ചീ…. വിവാഹാലോചന ഒരുപാടു വരുന്നുണ്ട്. വിവാഹം കഴിക്കാനുദ്ദേശ്യമില്ലേ… ലിസ്‌റ്റിൽ അടുത്തത് ഈയുള്ളവനാണെന്ന കാര്യം മറക്കണ്ട.” സഹോദരൻ രേഖയെ വിവാഹകാര്യം പറഞ്ഞ് ഇടയ്ക്കിടെ കളിയാക്കും.

“ഇവളുടെ വിവാഹമൊന്നു കഴിഞ്ഞിട്ടു വേണം എനിക്ക് സ്വസ്ഥമായൊന്നിരിക്കാൻ…” പപ്പയും പറയുമായിരുന്നു.

“വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ… പെൺകുട്ടികളുടെ ജീവിതത്തിൽ ഇതൊക്കെ സമയത്തു നടക്കണം. ഇല്ലെങ്കിൽ…” അമ്മയുടെ മുഖത്തെപ്പോഴും ആശങ്കയായിരിക്കും.

ഏറെ നേരത്തെ ആലോചനയ്ക്കു ശേഷം പപ്പയോട് എല്ലാം തുറന്നു പറയണമെന്ന് അവൾ തീരുമാനിച്ചുറപ്പിച്ചു. ആദിയും അന്തവുമില്ലാത്ത ഈ ടെൻഷൻ… ഇതവസാനിപ്പിക്കണം. രാജീവാണെങ്കിൽ ഒരു തീരുമാനമെടുക്കുന്നില്ല. ഇനി പപ്പയ്ക്ക് മാത്രമേ ഇതിനൊരു പരിഹാരം കാണാനാവു…

അവൾ ധൈര്യം സംഭരിച്ച് പപ്പയോടു പറയേണ്ട കാര്യങ്ങൾ മനസ്സിൽ കുറിച്ചുവച്ചു. രാവിലെയെഴുന്നേറ്റ് കുളിച്ചു റെഡിയായി ഒരു കപ്പ് ചായയുമായി അവൾ പപ്പയുടെ അടുത്തു വന്നിരുന്നു. കോളിംഗ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് അവൾ എഴുന്നേറ്റ് വാതിൽ തുറന്നു. കസിൻ നന്ദു… കോളേജ് വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞ് 2 മണിക്കൂർ കഴിഞ്ഞതവരറിഞ്ഞില്ല. അന്നും പപ്പയോടു രാജീവിന്‍റെ കാര്യം സംസാരിക്കാനായില്ല.

പിറ്റേന്ന് വൈകുന്നേരം. “മോളേ, കുറച്ചു വെള്ളമെടുത്തു കൊണ്ടുവാ…” പപ്പയുടെ ശബ്ദ‌ം കേട്ട് അവൾ ഡ്രോയിംഗ് റൂമിലെത്തി. തനിക്ക് പുതിയ വല്ല വിവാഹാലോചനയും വന്നിരിക്കും. രേഖ മനസ്സിൽ കരുതി. ഒരുപക്ഷേ തിരുവനന്തപുരത്തുള്ള അങ്കിളിന്‍റെ മകൻ നന്ദു അതിനാവും ഇന്നലെ വന്നത്. പപ്പ കല്യാണക്കാര്യം പറഞ്ഞാൽ ഇത്തവണ ഞാൻ രാജീവിന്‍റെ കാര്യം പറയും. രേഖ ഒരു ഗ്ലാസ് വെള്ളവുമെടുത്ത് ഡ്രോയിംഗ് റൂമിലേക്കു നടന്നു.

“മോളേ, നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു.” പപ്പ വിഷയമെടുത്തിട്ടതോടെ അവൾക്ക് അഭിപ്രായം പറയാൻ അവസരം ഒത്തുവന്നു. എങ്ങനെ പറഞ്ഞു തുടങ്ങണമെന്നു കരുതി അവൾ വിഷമിച്ചിരിക്കുമ്പോഴാണ്….

“ഉച്ചയ്ക്ക് രാജീവ് വീട്ടിൽ വന്നിരുന്നു.” പപ്പ പറഞ്ഞു നിർത്തി.

കേട്ടതും രേഖയുടെ ഹൃദയമിടിപ്പിനു വേഗത കൂടി. അപ്രതീക്ഷിതമായ ആ സാഹചര്യത്തിൽ അവൾ മൗനം പാലിച്ചു. രാജീവ് ശരിക്കുമൊരു സുത്രശാലി തന്നെ. താൻ എത്രവട്ടം കെഞ്ചി പറഞ്ഞതാ… അപ്പോഴൊക്കെ പറ്റില്ലെന്നു പറഞ്ഞ് ഇപ്പോ നേരിട്ടു വന്നിരിക്കുന്നു. പപ്പയ്ക്ക് രാജീവിനെ ഇഷ്‌ടമായിക്കാണും. പക്ഷേ, പപ്പയുടെ പെരുമാറ്റം കണ്ട് ഒന്നും ഉറപ്പിച്ചു പറയാനും വയ്യ…

“രാജീവ് എത്തരക്കാരനാണ്?” പപ്പ ഗംഭീരസ്വരത്തിൽ തിരക്കി.

“നല്ല സ്വഭാവമാ… കരിയർ ഓറിയന്‍റഡ്… ഹെൽപ്ഫുൾ… രാജീവിനെ എനിക്ക് ശരിക്കും ഇഷ്ട‌മാണ്. ഒരേ ജോബായതി നാൽ ജോലിക്കാര്യങ്ങൾ, പ്രോബ്ലംസ്, സമയം ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ഞാൻ ജോലിക്കു പോകുന്നതും രാജീവിന് ഇഷ്ടമാണ്. പപ്പാ, രാജീവിനൊപ്പം എനിക്ക് സന്തോഷത്തോടെ ജീവിക്കാനാവും.”

“നന്നായാലോചിച്ചാണോ നീ തീരുമാനമെടുത്തത്?”

“അതെ. ഞങ്ങൾക്ക് ഒരുപാടു കാര്യങ്ങളിൽ ചേർച്ചയുണ്ട്. പഠനം, സ്വഭാവം, ജോലി…”

“അയാളുടെ ജാതി, മതം… അതു നീ തിരക്കിയോ?”

“ജാതി… ഇല്ല… അത് അറിയണമെന്നു തോന്നിയില്ല. പപ്പയ്ക്കും ജാതി-മതത്തിലൊന്നും വിശ്വാസമില്ലല്ലോ. അതു കൊണ്ട് ഞാനും…”

“ജാതി… മതം അതൊന്നും എനിക്കും പ്രശ്ന‌മല്ല. എന്നിരുന്നാൽ തന്നെ വിവാഹക്കാര്യം വരുമ്പോൾ നന്നായി ആലോചിക്കേണ്ടേ? നിനക്ക് രാജീവിന്‍റെ ഫുൾ നെയിം അറിയുമോ?”

“ഫുൾ നെയിം? രാജീവ് പിള്ള.”

“ജീവിതകാലം മുഴുവൻ ഒപ്പം ജീവിക്കാൻ പോകുന്നവളാണ്. ശരിക്കുള്ള പേരുപോലുമറിയില്ല.”

രേഖ കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു.

“അയാളുടെ ശരിയായ പേര് രാജീവ് ഊർമ്മിള പിള്ള എന്നാണ്.”

“ഏ…!”

“രാജീവിന് അമ്മ മാത്രമേയുള്ളു. അച്‌ഛനെക്കുറിച്ച് രാജീവിനോ അമ്മയ്‌ക്കോ അറിയില്ല.”

“പപ്പ പറയുന്നത്?”

“മോളേ, ഞാൻ പറയുന്നത്… അച്‌ഛനെക്കുറിച്ച് രാജീവിനോ അയാളുടെ അമ്മയ്‌ക്കോ അറിയില്ല. അയാളുടെ അമ്മ ഒരു വേശ്യയാണ്.”

“ഇല്ല… ഇല്ല പപ്പാ, ഇതൊക്കെ നുണയാണെന്നു പറയു. രാജീവ് ഇതുവരെ ഇതൊന്നും എന്നോടു പറഞ്ഞിട്ടില്ല. എന്നിൽ നിന്ന് ഇതെല്ലാം ഇതുവരെ മറച്ചു പിടിച്ചതെന്തിനാവും, രാജീവിന് ഒരിക്കലുമൊരു വിശ്വാസവഞ്ചകനാകാൻ പറ്റില്ല.” രേഖ പൊട്ടിക്കരഞ്ഞു.

“അല്ല മോളേ, രാജീവ് നിന്നെ ചതിച്ചതൊന്നുമല്ല. നീ കണ്ണുമടച്ച് അയാളെ പ്രണയിക്കുകയായിരുന്നു. രാജീവിനിതൊക്കെ എന്നെന്നേക്കുമായി മറച്ചുപിടിച്ച് ജീവിക്കാമായിരുന്നു. നല്ലവനായതു കൊണ്ടല്ലേ രാജീവ് ഇതൊക്കെ നേരത്തെ തന്നെ തുറന്നു പറഞ്ഞത്. നീയൊരു നല്ല വീട്ടിലെ കുട്ടിയാണെന്നറിഞ്ഞ് അയാൾക്ക് അവസരം മുതലടുക്കാമായിരുന്നു. പക്ഷേ നീയോ, അയാളുടെ പേരും ചുറ്റുപാടും അന്വേഷിക്കാതെ എടുത്തുചാടി വിവാഹത്തിനൊരുങ്ങി. രാജീവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു നിനക്ക്. നീ കാല്‌പനിക ലോകത്താണ് ജീവിക്കുന്നത്. ജീവിതത്തിൽ ഏറ്റവും സീരിയസ്സായി എടുക്കേണ്ട തീരുമാനങ്ങളിലൊന്നാണ് വിവാഹം, അതുപോലും നീ… ജീവിതത്തിൽ വലിയൊരു തെറ്റിലേക്ക് വീഴാൻ തയ്യാറാവുകയായിരുന്നില്ലേ നീ. ഞാൻ പറഞ്ഞതു പോലും നിനക്ക് വിശ്വാസമില്ലാതായി.”

“ഞാനെന്തു ചെയ്യണം പപ്പാ, എനിക്കൊരു തീരുമാനമെടുക്കാൻ പറ്റുന്നില്ല.”

“മനസ്സിരുത്തി ആലോചിക്ക്. എന്നിട്ട് തീരുമാനമെടുത്താൽ മതി. നല്ലൊരു പയ്യനാണ് രാജീവ്. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ടാവും. നിങ്ങൾക്ക് സന്തോഷമുള്ള ഒരു കുടുംബജീവിതം നയിക്കാനുമാവും. പക്ഷേ രാജീവ് ഇന്നും അമ്മയ്‌ക്കൊപ്പം അതേ ചേരിയിലാണ് താമസം. ഇനിയും അവിടെയേ താമസിക്കു. അമ്മയെ വിഷമിപ്പിച്ചിട്ട് തനിക്കൊന്നും വേണ്ടെന്നാണ് രാജീവ് പറയുന്നത്. എന്തുമാത്രം തീ തിന്നും കഷ്‌ടതകൾ അനുഭവിച്ചുമാണ് ആ അമ്മ അവനെ വളർത്തി പഠിപ്പിച്ചതെന്നോ? ആ മകനെ അവർക്കെങ്ങനെ പിരിയാനാവും?”

“തീരുമാനം നിന്‍റെ കൈകളിലാണ്. വെല്ലുവിളികളെ അഭിമുഖീകരിച്ച് രാജീവിനൊപ്പം ജീവിക്കാൻ നീ ഒരുക്കമാണോ? ഈ യാഥാർത്ഥ്യമൊക്കെ ഉൾക്കൊണ്ട് നിനക്ക് അവരെ അമ്മായിയമ്മയായി അംഗീകരിക്കാൻ പറ്റുമോ? അവരോട് പുച്ഛ‌വും വെറുപ്പുമില്ലാതെ ബഹുമാനത്തോടെ പെരുമാറാൻ സാധിക്കുമോ? നീ ഇതിനൊക്കെ തയ്യാറാണെങ്കിൽ മാത്രം രാജീവിനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാൽ മതി. ഇതൊക്കെ ഇപ്പോൾ നിനക്ക് പ്രശ്‌നമില്ലെന്നു തോന്നുമെങ്കിലും ഒരു വിഷമഘട്ടം വരുമ്പോൾ നീ ഇതൊക്കെ ഒറ്റയ്ക്ക് തരണം ചെയ്യേണ്ടതായി വരും. അപ്പോൾ ഇതുപോലെ നിന്നെ ഉപദേശിക്കാൻ ആരും കാണില്ല. ഒരു നൂറുവട്ടം ആലോചിച്ചു വേണം തീരുമാനമെടുക്കാൻ.”

“പക്ഷേ ഇതൊക്കെ രാജീവ് എന്നോടെന്തു കൊണ്ടു പറഞ്ഞില്ല?”

“ഇതുപോലൊരു അമ്മയുടെ മകനാണ് താനെന്നു പറയാൻ ആരാണ് ഇഷ്‌ടപ്പെടുക? ഇനി എനിക്കൊന്നും പറയാനില്ല. നിനക്ക് വിദ്യാഭ്യാസവും ലോകപരിചയവുമൊക്കെയുണ്ട്. ഉചിതമായൊരു തീരുമാനം…”

രേഖയ്ക്ക് അന്നുരാത്രി ഒരു പോള കണ്ണടയ്ക്കാൻ സാധിച്ചില്ല. രാത്രിയുടനീളം ഉറക്കമിളച്ചിരുന്നാലോചിച്ചിട്ടും അവൾക്ക് ശരിയായ ഒരു തീരുമാനത്തിലെത്താൻ സാധിച്ചില്ല. വിവാഹം കഴിക്കണമോ വേണ്ടയോ? രാജീവിന്‍റെ അമ്മയോട് തനിക്ക് ആദരവോടെ പെരുമാറാൻ കഴിയുമോ? ഉത്തരം കണ്ടെത്താനാകാത്ത അനേകായിരം ചോദ്യങ്ങൾ അവളുടെ സ്‌മൃതിപഥത്തിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു.

മിസ് രേഖാ മാത്യു മിസിസ്സ് രേഖാ രാജീവ് ആകുന്നതിനുള്ള തടസ്സം എന്താണ്? രാജീവിന്‍റെ അമ്മയുടെ സ്‌റ്റാറ്റസ് മാത്രം. എല്ലാവരേയും സ്നേഹിക്കുന്ന രാജീവിനെ സ്നേഹിക്കുന്ന മനസ്സ് തനിക്കുണ്ടെങ്കിൽ അവരെയും സ്നേഹിക്കാൻ കഴിയും. അവൾ ഉദയസൂര്യന്‍റെ കിരണങ്ങളെ സ്നേഹത്തോടെ വരവേറ്റു.

ഗുഡ് ബുക്ക്

“ഇന്നെന്താ? ഭവതി വലിയ സന്തോഷത്തിലാണല്ലോ?” നിഷിമയുടെ മുഖത്തെ പ്രകാശം കണ്ട് ആനന്ദ് ചോദിച്ചു.

“കാര്യമൊക്കെയുണ്ട്. കേട്ടാൽ ആനന്ദിനും സന്തോഷമാവും.”

“എങ്കിൽ താമസിക്കണ്ട. കേൾക്കട്ടേ വിശേഷം.”

“നാളെ രാവിലെയുള്ള ട്രെയിനിൽ നകുലേട്ടൻ വരുന്നു. രാവിലെ തന്നെ ചേട്ടനെ കൊണ്ടുവരാൻ സ്‌റ്റേഷനിൽ പോകണം. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം തോന്നുന്നു.”

“അതുകൊള്ളാമല്ലോ, ആദ്യമായാണ് നിന്‍റെ വീട്ടിൽ നിന്ന് ഒരാൾ അതിഥിയായി വരുന്നത്. അച്‌ഛൻറയും അമ്മയുടെയും പിണക്കമൊക്കെ മാറിയോ?”

“ആനന്ദ്, അച്‌ഛനുമമ്മയുമല്ല, നകുലേട്ടനല്ലേ വരുന്നത്.”

“അതല്ല, ഇവിടെ വരുന്നതിനു മുമ്പ് അവരുടെ സമ്മതം വാങ്ങിയിട്ടുണ്ടാവുമല്ലോ.”

“എന്‍റെ വീട്ടിൽ നിന്നും ഏട്ടൻ വരുന്നുവെന്ന് പറയുമ്പോഴും വേണോ പരിഹാസം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആദ്യമായി ഒരാൾ വരുന്നതാണ്. അതും ഇഷ്‌ടപ്പെട്ടില്ലേ,” കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു നിഷിമ.

“എന്തായിത് നിഷിമാ, ഈ ഒരു നിസ്സാര കാര്യത്തെച്ചൊല്ലി ഇന്നത്തെ വൈകുന്നേരം നശിപ്പിക്കണോ?” ആനന്ദ് അവളെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു.

“ശരി” കണ്ണു തുടച്ചു കൊണ്ട് അവൾ പറഞ്ഞു, “എന്നാൽ ഇന്ന് പുറത്തു പോകാം. ഒന്നു ചുറ്റിയിട്ടു വരാം.”

“ശരി, മഹാറാണിയുടെ ആജ്‌ഞ പോലെ” ചിരിച്ചുകൊണ്ട് ആനന്ദ് പറഞ്ഞു.

ഓഫീസിൽ നിന്ന് ക്ഷീണിച്ചാണ് ആനന്ദ് വന്നത്. അയാൾ വാച്ചിലേക്ക് നോക്കി. സമയം എട്ടുമണി. ഒരു ചൂട് ചായയും കുടിച്ച് ടിവിയുടെ മുന്നിൽ ഇരിക്കാം എന്നു വിചാരിച്ചതാണ്. ഇനിയും തിരക്കിലൂടെ വണ്ടി ഓടിക്കാൻ അയാൾക്ക് മടുപ്പ് തോന്നി. പക്ഷേ, നിഷിമയ്ക്ക് പുറത്തു പോവാൻ ഇഷ്ട‌മാണെങ്കിൽ അങ്ങനെ തന്നെ അവളുടെ സന്തോഷമല്ലേ പ്രധാനം… നിഷിമ പോകാൻ തയ്യാറാവുകയായിരുന്നു. അയാൾ തനിയെ ഉണ്ടാക്കിയ ചായയുമായി ടിവിയുടെ മൂന്നിലെത്തി. അപ്പോൾ അയാളുടെ മനസ്സു നിറയെ പഴയ ആ ദിനങ്ങളായിരുന്നു. ഇപ്പോഴും അത് തെളിഞ്ഞ ഓർമ്മയിൽ ഉണ്ട്.

ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ ഓഫീസിലെ എല്ലാവരുടേയും കൂടെ പോയതാണ്. പെട്ടെന്നാണ് ഒരു പെൺകുട്ടി മുന്നിലെത്തിയത്. ഇത്രയും സുന്ദരിയായ പെണ്ണോ? താൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നുപോയി. പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത് നോക്കുമ്പോൾ, അവളിലായിരുന്നു സകലരുടേയും ശ്രദ്ധ.

ഓഫീസിലെ സീനിയർ പിള്ളസാർ വന്നതും മീറ്റിംഗ് തുടങ്ങി. നവാഗതരെ പരിചയപ്പെടുത്തുന്ന സമയമെത്തി. നിഷിമ എന്ന പേരും സുന്ദരമായ ആ മുഖവും മാത്രമാണ് താൻ കേട്ടത്.

“ഏതു ലോകത്തിലാണ്, ആനന്ദ്?” പിള്ളസാർ ചുമലിൽ തട്ടിയപ്പോഴാണ് താൻ ശ്രദ്ധിച്ചത്.

“നിഷിമയെ തന്‍റെ സെക്ഷനിലേക്കാണ് പോസ്റ്റു ചെയ്തിരിക്കുന്നത്.” ഒരു കള്ളച്ചിരിയോടെ സാർ പറഞ്ഞു.

“കഴിഞ്ഞില്ലേ, ആനന്ദിന്‍റെ ജോലി.” പുറകിൽ നിന്നാരോ തന്നെ കളിയാക്കി.

വളരെ പെട്ടെന്നു തന്നെ ആനന്ദും നിഷിമയും അടുത്തു. സൗന്ദര്യത്തോടൊപ്പം ബുദ്ധിസാമർത്ഥ്യവും അവൾക്കുണ്ടെന്ന് ആനന്ദിന് മനസ്സിലായി. ഓഫീസിനു പുറത്തും അവർ കൂടുതൽ സമയം ചെലവിടാൻ തുടങ്ങി.

ആ ദിവസങ്ങളെക്കുറിച്ചോർത്തപ്പോൾ തന്നെ അയാളുടെ മുഖത്ത് ഒരു ചിരി പടർന്നു. നിഷിമയുമായി അടുത്തു തുടങ്ങിയപ്പോൾ തന്നെ അയാൾ പതിവായി ഡയറി എഴുതിത്തുടങ്ങി. എന്നും അവളുടെ ഓരോ ഗുണവും അയാൾ കൃത്യമായി കുറിച്ചിടും. വേഷത്തിലും ഭാവത്തിലും അയാൾ മുമ്പ് ഒരിക്കലുമില്ലാത്ത ശ്രദ്ധ കാണിച്ചു തുടങ്ങി.

ഇരുവരും ഒരുമിച്ചായി എപ്പോഴും കറക്കം. നിഷിമയ്ക്ക് നാടകം വലിയ ഇഷ്ടമായിരുന്നു. ഒരു നാടകാസ്വാദകയായ അവൾ ചില നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്‌തു. അവളുടെ റിഹേഴ്സ‌ൽ കണ്ട് അഭിപ്രായം പറയാൻ അയാൾക്കും ഇഷ്ടമായിരുന്നു.

എല്ലാം സന്തോഷമായി പോവുമ്പോഴാണ് പ്രതീക്ഷിക്കാതെ ആനന്ദിന് സ്ഥലം മാറ്റത്തോടുകൂടി പ്രൊമോഷൻ കിട്ടുന്നത്.

“പ്രൊമോഷൻ കിട്ടുമ്പോഴും അടി കിട്ടിയ ഭാവത്തിൽ ഇരിക്കുന്നതു കണ്ടില്ലേ.” ഇവിടെ ഒരാൾ തമാശരൂപേണ നിഷിമ പറഞ്ഞു.

“ഇതെന്തൊരു പ്രൊമോഷൻ? നീയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ എനിക്കാവില്ല.” ആനന്ദ് വിഷമത്തോടെ പറഞ്ഞു.

“വിഷമിക്കേണ്ട ആനന്ദ്, നമ്മൾ പിരിയുന്നില്ല. വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ പോവുന്നു.” വളരെ ലാഘവത്തോടെ നിഷിമ പറഞ്ഞു. ആനന്ദ് അത്ഭുതത്തോടെ അവളെ നോക്കി. “വിവാഹമോ? വീട്ടുകാരോട് സംസാരിക്കാതെയോ? നീ തനിയെ എത്ര പെട്ടെന്നാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്?” അയാൾ ചോദിച്ചു.

“സംസാരിക്കാമല്ലോ, എന്തായാലും എന്നെങ്കിലും പറഞ്ഞല്ലേ പറ്റൂ,” അവൾ തന്‍റെ തീരുമാനം പറഞ്ഞു നിർത്തി.

ആനന്ദ് തന്‍റെ ഇഷ്‌ടം വീട്ടിൽ അറിയിച്ചു. അയാളുടെ അച്ഛനും അമ്മയ്ക്കും എതിർപ്പൊന്നും ഉണ്ടായില്ല. എന്നാൽ നിഷിമയുടെ വീട്ടുകാർ ഈ ബന്ധത്തിനെതിരായിരുന്നു.

“ഇങ്ങനെ ഒരു ബന്ധത്തിനു പോകാൻ നിനക്ക് നാണമില്ലേ. ഒരു സാധാരണ ക്ലാർക്കാണ് അവന്‍റെ അച്‌ഛൻ അഞ്ചു സഹോദരങ്ങളുള്ള ഒരു കുടുംബത്തിന്‍റെ മുഴുവൻ ആശ്രയമാണവൻ. അവിടെ നിന്‍റെ ജീവിതം നരകമായിരിക്കും.” അവളുടെ അച്‌ഛൻ ഈ ബന്ധത്തെ എതിർത്തു.

“അച്‌ഛാ, എനിക്കറിയാം. ഞങ്ങൾ രണ്ടുപേരും നല്ല ഉദ്യോഗമുള്ളവരാണ്. പക്ഷേ, ആനന്ദിന് നല്ല ജോലിയുണ്ടല്ലോ. കാണാനും തെറ്റില്ല. ഞങ്ങൾ സ്നേഹിച്ചുപോയി.”

“ഓഹോ, തീരുമാനമൊക്കെ നീ തന്നെ എടുത്തെങ്കിൽ പിന്നെ ഞങ്ങളുടെ ആവശ്യമെന്താ?” അച്‌ഛൻ പൊട്ടിത്തെറിച്ചു.

വിവാഹം കഴിഞ്ഞ് മൂന്നു വർഷങ്ങളായി. ആദ്യമായാണ് നിഷിമയുടെ വീട്ടിൽ നിന്ന് ഒരാൾ വരുന്നത്. അവളാകട്ടെ, വിശ്വപ്രസിദ്ധ മനഃശാസ്ത്രജ്ഞനായ നകുലേട്ടനെ പറ്റി വാതോരാതെ പറഞ്ഞു കൊണ്ടേയിരുന്നു. സന്തോഷം കൊണ്ട് അവൾ മതിമറന്നു. എന്നാൽ ആനന്ദ് അത്ര സന്തുഷ്ട‌നായില്ല. പക്ഷേ, നിഷിമയ്ക്ക് വിഷമം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ അയാൾ തയ്യാറല്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് നകുലൻ വന്നു.

“ചേട്ടനെങ്കിലും എന്‍റെ വിവാഹത്തിനു വരാമായിരുന്നു. ഞാൻ എന്തുമാത്രം വിഷമിച്ചെന്നോ,” നിഷിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“എന്‍റെ പൊന്നനിയത്തി, ഞാൻ കാനഡയിൽ പോയിട്ട് മൂന്നു വർഷമായി നിന്‍റെ വിശേഷങ്ങളെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. നിന്‍റെ ചേട്ടത്തിയും വരണമെന്ന് വിചാരിച്ചതാ. പക്ഷേ ഒരു കുട്ടുകാരിയുടെ കല്യാണമായിപ്പോയി. ഉടനെ തന്നെ അവൾ നിന്നെ കാണാൻ വരും.”

ആനന്ദ് ഇടയ്ക്ക് ക്ഷമാപണ സ്വരത്തിൽ പറഞ്ഞു, “എനിക്ക് ഇന്ന് ഓഫീസിൽ കുറച്ച് അത്യാവശ്യ ജോലികളുണ്ട്. ചേട്ടൻ ഒന്നും വിചാരിക്കരുത്. ഞാൻ പോയിട്ടു വേഗം മടങ്ങാം.”

വാസ്തവത്തിൽ, നിഷിമയേയും ചേട്ടനേയും തനിയെ സംസാരിക്കാൻ വിടണമെന്ന് അയാൾക്കു തോന്നി. സ്വയം ഒഴിവാകാൻ കണ്ടുപിടിച്ച ഒരു മാർഗ്ഗമായിരുന്നു അത്.

“അറിഞ്ഞോ, ആനന്ദ്? ഞങ്ങൾ എത്രമാത്രം സംസാരിച്ചെന്നോ, നകുലേട്ടൻ ഒരുപാട് മനഃശാസ്ത്രകളികൾ കാണിച്ചുതന്നു. മനസ്സിരിപ്പ് അറിയാനുള്ള വിദ്യയും ഉണ്ടത്രേ.” ഓഫീസിൽ നിന്ന് തിരികെയെത്തിയ ആനന്ദിനോട് നിഷിമ വിവരിച്ചു.

“ഇന്ന് നിഷിമ എന്തെല്ലാം വിഭവങ്ങളാണ് ഉണ്ടാക്കിയത്. കഴിച്ചു കഴിച്ച് ഞാൻ ക്ഷീണിച്ചു.” ചിരിച്ചുകൊണ്ട് നകുലൻ പറഞ്ഞു.

“നകുലേട്ടാ, നമുക്ക് മനസ്സ് അറിയാനുള്ള ആ കളിയൊന്നു കളിച്ചാലോ,” ഡിന്നറിനു ശേഷം നിഷിമ നിർബന്ധം പിടിച്ചു.

നകുലൻ അത് ശരിവച്ചു. അയാൾ ആനന്ദിനോടായി പറഞ്ഞു. “കേട്ടോ ആനന്ദ്, ഇത് കളിയല്ല. ഭാര്യാഭർത്താക്കന്മാരുടെ ഉള്ളിലിരിപ്പ് അറിയാനുള്ള ഒരു വിദ്യയാണ്.”

“ശരി, എനിക്കു സമ്മതം.” ആനന്ദ് തയ്യാറായി തലകുലുക്കി. നകുലൻ അവർക്ക് രണ്ടുപേർക്കും ഓരോ കടലാസ്സു വീതം നൽകി.

“ഇനി ശ്രദ്ധിച്ചു കേൾക്കണം. നിങ്ങൾ രണ്ടുപേരും പരസ്പ‌രം നന്നായി അറിയുന്നവരാണ്. നല്ല ഗുണങ്ങൾ കണ്ടിട്ട് ഇഷ്ട്‌ടം തോന്നിയല്ലേ നിങ്ങൾ കല്യാണം കഴിച്ചതും.”

“ശരിയാണ് ചേട്ടാ, ആനന്ദ് എന്നും ഡയറിയിൽ എന്‍റെ ഓരോ ഗുണം വീതം എഴുതുമായിരുന്നു.” നിഷിമ ഇടയ്ക്ക കയറി പറഞ്ഞു.

“അതു നന്നായി. അരമണിക്കൂർ സമയം തരാം. അതിനുള്ളിൽ രണ്ടുപേരും പങ്കാളിയുടെ കുറവുകൾ എഴുതണം. പരസ്പ്‌പരം ഇപ്പോൾ മിണ്ടരുത് എന്നുമാത്രം.”

ആനന്ദും നിഷിമയും ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. അര മണിക്കൂറിനു ശേഷം നകുലൻ രണ്ടുപേരോടും എഴുത്ത് നിർത്താൻ പറഞ്ഞു.

“ഇനി ആരാണോ ഏറ്റവും കൂടുതൽ ദോഷം എഴുതിയിട്ടുള്ളത്, അവരുടെ കടലാസ് ഞാൻ വായിക്കാം. മറ്റേയാൾ ശിക്ഷ വാങ്ങിക്കാൻ തയ്യാറായിക്കോ.” നകുലൻ തുടർന്നു. “ആരാണ് ഏറ്റവും കൂടുതൽ കുറ്റങ്ങൾ എഴുതിയ വ്യക്തി?”

“ഞാൻ ആനന്ദിന്‍റെ പത്ത് കുറ്റങ്ങൾ എഴുതിയിട്ടുണ്ട്.” നിഷിമ പറഞ്ഞു.

“ശരി, എങ്കിൽ ആദ്യം അവൾ വായിക്കട്ടെ” എന്നായി ആനന്ദ്.

“ആദ്യത്തെ പ്രശ്ന‌ം കേട്ടോളൂ.” നകുലൻ പറഞ്ഞു. “നിസ്സാര കാര്യങ്ങൾക്കു പോലും വഴക്കിടും. എന്താ ശരിയാണോ?”

ചിരിച്ചുകൊണ്ട് ആനന്ദ് പറഞ്ഞു, “നിഷിമ പറഞ്ഞതിൽ തെറ്റില്ല. ”

“എങ്കിലിനി നിഷിമയുടെ ഊഴമാണ്. എന്തു ശിക്ഷയാണ് എന്നു പറഞ്ഞോളു.”

“പത്ത് ദിവസം രാവിലെ എഴുന്നേറ്റ് ചായ ഇടുന്ന ഡ്യൂട്ടി ആനന്ദിന്.” നിഷിമ സന്തോഷത്തോടെ പറഞ്ഞു.

അയാൾ സമ്മതിച്ചു. പിന്നീട് വായിച്ച ഓരോ പോരായ്‌മകൾക്കും ആനന്ദിന് ശിക്ഷ ലഭിച്ചുകൊണ്ടേയിരുന്നു. എല്ലാം സസന്തോഷം ആനന്ദ് സമ്മതിച്ചു.

ഇത്രയും അനുസരണയുള്ള ഭർത്താവാകേണ്ട ആനന്ദ്. അവളുടെ ആരോപണങ്ങൾ തെറ്റാണെന്ന് പറയുകയെങ്കിലും ചെയ്യ്, നകുലൻ പറഞ്ഞു.

പക്ഷേ ആനന്ദ് വെറുതെ ചിരിച്ചന്നേയുള്ളു നിഷിയുടെ ലിസ്റ്റ് വായിച്ചു കഴി‌ഞ്ഞ് നകലൻ ആനന്ദിന്‍റെ പേപ്പർ വാങ്ങി. അതിൽ ഒന്നും എഴുതിയിരുന്നില്ല.

“ചേട്ടാ, സത്യം പറയട്ടെ, ഇതുവരെ നിഷിമയിൽ എനിക്ക് കുറവുകൾ ഒന്നും തോന്നിയിട്ടില്ല. ഒരു വാക്കോ, നോക്കോ കൊണ്ടുപോലും അവളെ നോവിക്കാൻ എനിക്കിഷ്ടമല്ല.”

തനിക്കു ചുറ്റുമുള്ള ലോകം നിശ്ചലമായതു പോലെ തോന്നി നിഷിമയ്ക്ക്. മുമ്പൊരിക്കലും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. നിമിഷങ്ങൾക്കകം അവൾ പൊട്ടിക്കരയാൻ തുടങ്ങി.

“കണ്ടില്ലേ ചേട്ടാ, ഇതാണ് ആനന്ദ്. ഈ സ്നേഹം തിരിച്ചു നൽകാനുള്ള യോഗ്യത പോലും എനിക്കില്ല.” അവൾ കരച്ചിലടക്കി പറഞ്ഞു.

“നോക്ക്, കുറവുകൾ എണ്ണിപ്പറഞ്ഞതു തന്നെ അവളുടെ തെറ്റാണ്. അതിന് ആനന്ദ് തന്നെ ശിക്ഷ കൊടുത്തോളൂ.”

“ശരി, ശിക്ഷ ഞാൻ തന്നെ പറയാം. ഇന്ന് ഒന്നാന്തരം ഡിന്നർ നിഷിമ തന്നെ ഉണ്ടാക്കണം. മൂന്നുപേർക്കും വയറു നിറയെ ഭക്ഷണം, എന്താ സമ്മതിച്ചോ?” ആനന്ദ് പറഞ്ഞു. “പേടിക്കേണ്ട, ഞാനും നിന്നെ സഹായിക്കാം.”

ഇത്രയും പറഞ്ഞ് ആനന്ദും നകുലനും പൊട്ടിച്ചിരിച്ചു. കണ്ണീരിനിടയിലും നിഷിമ ചിരിച്ചുപോയി. അപ്പോഴവിടെ സ്നേഹത്തിന്‍റെ നനുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

സ്വന്തം

അനുഷയ്ക്ക് വീട് ഇഷ്ടമായി. രണ്ട് വലിയ വിശാലമായ മുറികൾ, ഡ്രോയിംഗ് റൂം, ഓപ്പൺ കിച്ചൺ, പിന്നെ ബാൽക്കണി. അവൾക്ക് ഊഞ്ഞാലിടാനും നിറയെ പൂച്ചട്ടികൾ വയ്ക്കുവാനും സ്ഥലമുണ്ട്.

പുതിയ ബിൽഡിംഗിലെ എട്ടാം നിലയിലെ ഫ്ളാറ്റ് അനുഷ സങ്കല്പ്പിച്ച പോലെ തന്നെയായിരുന്നു. വില മാത്രം കരുതിയതിനേക്കാൾ അല്പം കൂടി അനുഷ മനസ്സു കൊണ്ട് കണക്കുകൂട്ടി. തനിക്കു വേണ്ടി ഇത്രയ്ക്കൊക്കെ ചെയ്യാൻ കഴിയുമായിരുന്നു. തന്‍റെ ബജറ്റിനേക്കാൾ 4 ലക്ഷം രൂപ കൂടിയാലെന്ത്, എല്ലാ മാസവും കൊടുത്തുകൊണ്ടിരുന്ന വാടക ഒഴിവാക്കാമല്ലോ.

ബാൽക്കണിയിൽ നിന്നാൽ മനോഹരമായ കാഴ്ചകൾ കാണാം. റോഡിന്‍റെ മറുവശം പാർക്ക്, പാർക്കിൽ കളിക്കുന്ന കുട്ടികൾ, ഉലാത്തുന്ന പ്രായം ചെന്നവർ. അടുത്തെങ്ങും ഉയരമുള്ള കെട്ടിടങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനുഷയ്ക്ക് സന്തോഷമായി. ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് എത്തി നോക്കിയപ്പോൾ 7-8 വയസ്സുള്ള ഒരു പെൺകുട്ടി കളിക്കുന്നത് അവൾ കണ്ടു. താഴത്തെ വീടിന്‍റെ ബാൽക്കണി വൃത്തിയില്ലാത്തതായിരുന്നു. നിറയെ പൊടി പിടിച്ചിരുന്നു. അനുഷ മുഖം തിരിച്ച് പുറത്ത് വന്നു.

ബാങ്ക് ലോണിന്‍റെ കാര്യങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. അവൾ ബാങ്കിലെ ഉയർന്ന പദവിയിലായതു കൊണ്ട് ലോൺ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല. ബിൽഡിംഗ് സൊസൈറ്റിയിലെ ചില പ്രധാന കടലാസുകൾ ഒപ്പിട്ടു കഴിഞ്ഞപ്പോൾ അവൾക്ക് തോന്നി ബിൽഡിംഗ് ഒന്നു ചുറ്റിക്കണ്ടുവരാമെന്ന്. അവൾ ഇനി ഇവിടെ ഒറ്റയ്ക്ക് താമസിക്കേണ്ടതാണ്. ബിൽഡിംഗിൽ എങ്ങനെയുള്ള ആൾക്കാരാണ് താമസിക്കുന്നതെന്ന് ഒന്ന് കാണട്ടെ.

നല്ല വൃത്തിയുള്ള ബിൽഡിംഗാണ്. കുട്ടികൾക്ക് കളിക്കാൻ ധാരാളം സ്ഥലമുണ്ട്. വണ്ടികൾ പാർക്ക് ചെയ്യാൻ പ്രത്യേകം സൗകര്യമുണ്ടായിരുന്നു. ഒരു വശത്ത് സ്വിമ്മിംഗ് പൂളും മറുവശത്ത് ജിമ്മും ഉണ്ട്. മരക്കൂട്ടങ്ങൾക്കിടയിൽ ഇരിക്കുന്നതിനായി സിമന്‍റ് ബഞ്ചുകൾ ഉണ്ടാക്കിയിട്ടിരുന്നു. ഒരു ബഞ്ചിലിരുന്ന് അവൾ മായയിലെന്ന പോലെ ആലോചിച്ചു. അവസാനം തനിക്ക് സ്വന്തമായി വീടുണ്ടാകാൻ പോകുന്നു.

പെട്ടെന്ന് അനുഷയ്ക്ക് തന്നെ ആരോ വിളിച്ച പോലെ തോന്നി അവൾ തിരിഞ്ഞു നോക്കി. അരികെ പല്ലവ് നിൽക്കുന്നു. അനുഷയുടെ ഫ്ളാറ്റിന്‍റെ താഴത്തെ ബാൽക്കണിയിൽ കളിച്ചു കൊണ്ടിരുന്ന ആ പെൺകുട്ടി അയാളുടെ കൈ പിടിച്ച് നിന്നിരുന്നു.

അനുഷ എഴുന്നേറ്റ് നിന്നു, “പല്ലവ്, നിങ്ങൾ ഇവിടെ?”

“ഞാൻ ഇവിടെയാണ് താമസിക്കുന്നത്. നിങ്ങളോ? ആരെയെങ്കിലും കാണാൻ വന്നതാണോ?”

അനുഷ ഒന്ന് നിർത്തിയിട്ട് പറഞ്ഞു. “ഞാനും ഇവിടെ താമസിക്കാൻ വരികയാണ്. എട്ടാമത്തെ നിലയിൽ ഇന്ന് ഞാൻ ഒരു ഫ്ളാറ്റ് ബുക്ക് ചെയ്തതേയുള്ളൂ.”

“ഗ്രേറ്റ്,” പല്ലവ് പറഞ്ഞു. “വെൽകം ടു ഔവർ ബിൽഡിംഗ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം. ഞാൻ ഏഴാം നിലയിലാണ് താമസിക്കുന്നത്. വരൂ, വീട്ടിൽ വന്ന് ഒരു കപ്പ് ചായ കുടിക്കാം. എന്‍റെ ഭാര്യയേയും പരിചയപ്പെടാം.”

ആദ്യം അനുഷ ഒന്ന് സംശയിച്ചു. പിന്നെ കരുതി, എന്തായാലും ഇവിടെ താമസിക്കാനുള്ളതാണ്. കുറച്ചുപേരെ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.

പല്ലവ് അവളോടൊപ്പം ബാങ്കിൽ ജോലി ചെയ്യുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അയാൾക്ക് ഈ ബ്രാഞ്ചിലേയ്ക്ക് ട്രാൻസ്ഫർ ആയത്. അവർ ഇടയ്ക്കൊക്കെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ബാങ്കിലെ ജോലിത്തിരക്ക് കാരണം സൗഹൃദത്തിനൊന്നും സമയമുണ്ടായിരുന്നില്ല. അല്ലെങ്കിലും അനുഷ ഓഫീസിലെ ആൾക്കാരുമായി അല്പം അകലം പാലിച്ചിരുന്നു. ഇതിനു മുമ്പ് ഉണ്ടായിരുന്ന ബ്രാഞ്ചിലെ സഹപ്രവർത്തകർ അവൾ അവിവാഹിതയാണെന്നും നഗരത്തിൽ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും അറിഞ്ഞപ്പോൾ ഒന്നും പറയാതെ തന്നെ അവളുടെ വീട്ടിൽ എത്താൻ തുടങ്ങി. അനുഷയ്ക്ക് അത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതം അവൾ സ്വയം തെരഞ്ഞെടുത്തതാണ്. വർഷങ്ങൾക്കു മുമ്പ് അവൾക്കുണ്ടായ ദുരന്തത്തിന്‍റെ മുറിവ് ഇപ്പോഴും ഉള്ളിലെവിടെയോ ഉണ്ട്. ഇനിയവൾക്ക് ഒരു പുരുഷനെ അത്ര എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

പഴയ ഓർമ്മകളെ തട്ടിക്കളഞ്ഞ് അനുഷ പല്ലവിന്‍റെ ഒപ്പം അയാളുടെ വീട്ടിലേയ്ക്ക് നടന്നു. വഴിയിൽ വച്ചു തന്നെ അവൾ പല്ലവിന്‍റെ മകളുമായി ചങ്ങാത്തത്തിലായി. അനന്യ കൗതുകമുള്ള കുട്ടിയായിരുന്നു. മിടുക്കി. പല്ലവ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അനുഷയുടെ കോളേജിലെ കൂട്ടുകാരി സമീറയാണ്.

സമീറ പുറത്തെവിടെയോ പോകാനെന്നവണ്ണം നല്ലപോലെ അണിഞ്ഞൊരുങ്ങിയിരുന്നു. അനുഷയെ കണ്ടപ്പോൾ അവൾ ഉറക്കെ ബഹളം വച്ച് അവളെ കെട്ടിപ്പിടിച്ചു. രണ്ട് പഴയ കൂട്ടുകാരികളുടെ കണ്ടുമുട്ടൽ കണ്ട് പല്ലവ് കുഴങ്ങിപ്പോയി. “നിങ്ങൾക്ക് പരസ്പരം ഇത്രയ്ക്കും അറിയാമെന്ന് ഞാൻ കരുതിയതേയില്ല.” അയാൾ പറഞ്ഞു.

അനുഷ പതുക്കെ പറഞ്ഞു, “സമീറയും ഞാനും കോളേജിൽ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. ഇവൾ പിന്നെ വിവാഹം കഴിച്ചു. പിന്നെ…”

സമീറ ഇടയ്ക്കു വച്ച് തടഞ്ഞു. “നീ കഴിച്ചതുമില്ല… സത്യം പറഞ്ഞാൽ എന്നേക്കാൾ മുമ്പേ നീ താലിച്ചരടിൽ കുടുങ്ങേണ്ടതായിരുന്നു. ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ…”

അനുഷയുടെ മുഖം ചുവന്നു. അവൾ പെട്ടെന്ന് വിഷയം മാറ്റി.. “അതെല്ലാം വിട്… അതൊക്കെ പഴയ കാര്യങ്ങളായി.”

പല്ലവ് ഞെട്ടി. “അനുഷാ, നിങ്ങൾ അൺ മാരീഡ് ആണോ? എനിക്ക് അറിയില്ലായിരുന്നു. ഞാൻ കരുതിയത്… അല്ലെങ്കിലും വലിയ നഗരങ്ങളിൽ എന്ത് അറിയാനാണ്. വർക്കിംഗ് വിമൻ എല്ലാവരും ഒരേപോലെയിരിക്കും. പക്ഷേ നിങ്ങൾ ഇവിടെ താമസിക്കാൻ വന്നത് നന്നായി. ഞങ്ങൾ രണ്ടുപേർക്കും നിങ്ങളുടെ കമ്പനി കിട്ടും.”

അനുഷ തലയാട്ടി. സമീറ ചായയും പലഹാരങ്ങളും കൊണ്ടു വന്നു. വർത്തമാനം തുടർന്നു. അനുഷ തന്‍റെ സമ്പാദ്യം കൊണ്ടാണ് ഫ്ളാറ്റ് വാങ്ങുന്നതെന്നു കേട്ടപ്പോൾ സമീറയ്ക്ക് അദ്ഭുതമായി.

“നിനക്കറിയാമല്ലോ സമീറാ, എന്‍റെ വിവാഹം മുടങ്ങി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന് ഹൃദയാഘാതം വന്ന് ഞങ്ങളെ വിട്ടുപോയി. 2-3 വർഷങ്ങൾ കഴിഞ്ഞപ്പോൾ ചേട്ടൻ കുടുംബസമേതം അമേരിക്കയിലേക്ക് പോയി. അപ്പോഴേയ്ക്കും എനിക്ക് ബാങ്കിൽ ജോലി കിട്ടിയിരുന്നു. ചേട്ടന് ഞാൻ കൂടെ ചെല്ലണം എന്നുണ്ടായിരുന്നു. പക്ഷേ ഞാൻ തടഞ്ഞു. അപ്പോൾ മുതൽ ഒറ്റയ്ക്ക് കഴിയുകയാണ്.” അനുഷ ഒരു ദീർഘനിശ്വാസത്തോടെ തന്‍റെ ജീവിതകഥ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു.

സമീറ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ എന്തോ ആലോചിച്ചിട്ട് പറഞ്ഞു, “അനുഷാ, നിനക്കറിയാമോ, സ്ത്രീധനത്തെച്ചൊല്ലി നീ വിവാഹം വേണ്ടെന്നു വച്ചപ്പോൾ എനിക്ക് തോന്നിയത് നീ തെറ്റാണ് ചെയ്യുന്നത് എന്നാണ്.”

അനുഷ ഞെട്ടിത്തെറിച്ച് അവളെ നോക്കി.

“അതെ അനുഷാ. നോക്ക്, എന്‍റെ അച്ഛനും എന്‍റെ വിവാഹത്തിന് സ്ത്രീധനം കൊടുത്തു. ഇന്ന് പല്ലവ് ചുറ്റിക്കറങ്ങുന്ന വണ്ടി എന്‍റെ അച്ഛൻ കൊടുത്തതാണ്. ഈ വീട്ടിലെ എല്ലാ സാധനങ്ങളും അദ്ദേഹം തന്നതാണ്. നോക്ക്, അതുകൊണ്ടു തന്നെ ഞാൻ ഇവിടെ അന്തസ്സായി ജീവിക്കുന്നു. എന്‍റെ വീട്ടുകാർക്ക് നല്ല സ്ഥാനമുണ്ട് ഇവിടെ, എനിക്കെതിരെ എന്തെങ്കിലും പറയാൻ പോലും പല്ലവിന് ധൈര്യമുണ്ടാവില്ല.”

അനുഷ തന്‍റെ കൂട്ടുകാരിയുടെ മുഖം നോക്കിക്കൊണ്ടിരുന്നു. സമീറ ആദ്യം മുതലേ ഇങ്ങനെ തന്നെയായിരുന്നു. സ്വാർത്ഥമതി. പക്ഷേ ഇന്ന് അവൾ സ്ത്രീധനത്തിനെ അനുകൂലിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ തന്‍റേയും സമീറയുടെയും ചിന്തകൾ തമ്മിൽ വലിയ അകലം ഉണ്ടെന്ന് അനുഷയ്ക്ക് തോന്നി.

അനുഷ എഴുന്നേറ്റ് നിന്നു, “എന്നെ വിടൂ സമീറാ, കുറെ പണി ബാക്കിയുണ്ട്.”

അവളെ യാത്രയാക്കാൻ താഴെ വന്ന സമീറ അനുഷയുടെ വലിയ വണ്ടി കണ്ട് ഞെട്ടിപ്പോയി, “ഇത് നിന്‍റെ വണ്ടിയാണോ? നീയാണോ ഓടിക്കുന്നത്?”

അനുഷ പാതി ചിരിച്ച് നിർത്തി. അവൾ ഇത്രമാത്രം പറഞ്ഞു. “എനിക്കാരും സ്ത്രീധനമായി വണ്ടി തന്നിട്ടില്ല.”

സമീറ ഉത്തരം മുട്ടി നിന്നുപോയി.

അനുഷ വണ്ടിയോടിച്ച് പുറത്തേക്കു പോയി. എന്താണെന്നറിയില്ല, വർഷങ്ങൾ കഴിഞ്ഞ് സമീറയെ കണ്ടിട്ടും അവൾക്ക് സന്തോഷമായില്ല. തന്‍റേയും ജയരാജിന്‍റെയും ബന്ധത്തിന്‍റെ സാക്ഷി അവളായിരുന്നല്ലോ.

അനുഷയുടെ അമ്മായിയാണ് ജയരാജിന്‍റെ ബന്ധം കൊണ്ടുവന്നത്. അമ്മ മരിച്ചതിനു ശേഷം അമ്മായി അനുഷയുടെ കുടുംബകാര്യങ്ങൾ നല്ലപോലെ ശ്രദ്ധിച്ചിരുന്നു. ചേട്ടന്‍റെ വിവാഹം കഴിഞ്ഞപ്പോൾ അവർ അനുഷയുടെ വിവാഹത്തിന് നിർബന്ധം പിടിച്ചു. ജയരാജും അനുഷയും പരസ്പരം കണ്ടു. അനുഷയ്ക്ക് ഒറ്റ നോട്ടത്തിൽ തന്നെ ജയരാജിനെ ഇഷ്ടമായി. അവർ പരസ്പരം കാണുന്നത് ആരും തടഞ്ഞിരുന്നില്ല. നിശ്ചയം കഴിഞ്ഞിരുന്നു. ഇനി വിവാഹച്ചടങ്ങേ ബാക്കിയുള്ളു.

ജയരാജിന്‍റെ അടുത്ത് അനുഷ തന്നെത്തന്നെ തുറന്നുവിട്ടിരുന്നു. അയാളോടൊപ്പം ജീവിതം തുടങ്ങുന്നത് സ്വപ്നം കണ്ട് ഇരുപത്തിനാലു മണിക്കൂറും അവൾ ഒരു ഉന്മാദത്തിലെന്ന പോലെയാണ് കഴിഞ്ഞിരുന്നത്. ചിലപ്പോൾ അവർ സിനിമ കാണാൻ പോകും, മറ്റു ചിലപ്പോൾ ലോംഗ് ഡ്രൈവിനും. ജയരാജ് അവളുടെ നഗരത്തിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു തന്നെ അവളുടെ വീട്ടിൽ എത്തും. അവിടെത്തന്നെ ഭക്ഷണം കഴിക്കും. അവൾ എപ്പോൾ ജയരാജുമായി ഇത്ര അടുത്തു എന്ന് അറിയില്ലായിരുന്നു. ജയരാജിന് അവൾ സമീറയെ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പിന്നെ പലവട്ടം സമീറയും അവരോടൊപ്പം സിനിമ കാണാൻ പോകുമായിരുന്നു.

ജയരാജിന്‍റേയും അനുഷയുടെയും വിവാഹത്തീയതി ഉറപ്പിക്കുന്ന ദിവസം അനുഷ നിലത്തൊന്നുമായിരുന്നില്ല. അമ്മായി അവളെ പിങ്ക് നിറത്തിലുള്ള പുതിയ സാരി ഉടുപ്പിച്ച വധുവിനെപ്പോലെ ഒരുക്കി. കാതിൽ മാച്ച് ചെയ്യുന്ന കമ്മൽ, കൈയിൽ പച്ച കുപ്പിവളകൾ, കാലിൽ കിലുങ്ങുന്ന വെള്ളിക്കൊലുസ്. ഒരുങ്ങിക്കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോൾ അവൾ നാണിച്ചു പോയി. അവൾ ഇതിനു മുമ്പ് ഒരിക്കലും ഇത്രയധികം ഒരുങ്ങിയിരുന്നില്ല.

വൈകുന്നേരം ജയരാജിന്‍റെ അച്ഛനമ്മമാരും വീട്ടിലെ മറ്റുള്ളവരും വന്നു. വർത്തമാനത്തിനിടയിൽ തന്‍റെ അച്ഛന്‍റെ ഉച്ചത്തിലുള്ള വർത്തമാനം കേട്ട് അനുഷ പരിഭ്രമിച്ച് മുറിയിലേക്ക് ചെന്നു. ജയരാജിന്‍റെ ചെറിയച്ഛൻ അനുഷയുടെ അച്ഛന്‍റെ കൈയിൽ സ്ത്രീധനത്തിന്‍റെ നീണ്ട ഒരു ലിസ്റ്റ് പിടിപ്പിച്ചിരുന്നു. അച്ഛൻ ഉയർന്ന സ്വരത്തിൽ പറഞ്ഞു, “നിങ്ങൾക്ക് മുമ്പേ അറിയാമല്ലോ ഞാൻ സ്ത്രീധന വിരോധിയാണെന്ന്. എനിക്ക് ഒറ്റ മകളേയുള്ളൂ. ഞാൻ അവളുടെ വിവാഹം ആഘോഷപൂർവ്വം നടത്തും. പക്ഷേ സ്ത്രീധനം കൊടുത്ത് ഞാൻ അവളേയോ എന്നേയോ അപമാനിക്കില്ല.”

ജയരാജിന്‍റെ ചെറിയച്ഛൻ അദ്ദേഹത്തിന്‍റെ വാക്കുകളെ തടഞ്ഞു. “നിങ്ങൾ എന്ത് പുതിയ കാര്യമാണ് പറയുന്നത്. പെൺകുട്ടികളുടെ വിവാഹത്തിന് കൊടുക്കാതെ പറ്റില്ലല്ലോ. അത് സ്ത്രീധനത്തിന്‍റെ പേരിലായാലും മറ്റെന്തെങ്കിലും പേരിലായാലും.”

ഉടനെ ജയരാജിന്‍റെ അമ്മയും ഒപ്പം കൂടി, “എനിക്ക് ഒറ്റ മകനേയുള്ളൂ. എനിക്കും ചില ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ട്. ഞാൻ വളർത്തിക്കൊണ്ടു വന്ന മോനെ എങ്ങനെ ഞാൻ വെറുതെ മറ്റുള്ളവർക്ക് കൊടുക്കും.”

അനുഷ കർട്ടനു പിന്നിൽ നിന്ന് എല്ലാം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു. ജയരാജ് എവിടെ? അയാൾ എന്താണ് ഒന്നും പറയാത്തത്? അയാളും ഇതാണോ ആഗ്രഹിക്കുന്നത്? അനുഷ തിരിഞ്ഞ് മുറിയിലേക്ക് പോയി. അവൾ തന്‍റെ മുറിയിൽ നിന്ന് ജയരാജിന്‍റെ മൊബൈലിലേയ്ക്ക് വിളിച്ചു. ജയരാജ് ഫോൺ എടുത്തു. അയാൾ അല്പം ദേഷ്യത്തിലാണെന്ന് തോന്നി. അനുഷ മുഖവുരയൊന്നുമില്ലാതെ ചോദിച്ചു, “ജയ്, നിങ്ങളുടെ വീട്ടുകാർ എന്‍റെ വീട്ടിൽ വിവാഹത്തീയതി നിശ്ചയിക്കാൻ വന്നിട്ടുണ്ട്. അവർ സ്ത്രീധനം ചോദിക്കുകയാണ്. നിങ്ങൾക്ക് ഇക്കാര്യം അറിവുണ്ടോ?”

ജയരാജിന്‍റെ മറുപടി തണുപ്പനായിരുന്നു. “നീ ഇതിലൊന്നും ഇടപെടണ്ട അനുഷാ, ഇത് മുതിർന്നവർ തമ്മിലുള്ള കാര്യമാണ്. അവർ തീരുമാനിക്കട്ടെ. എന്‍റെ വീട്ടുകാർ എന്തെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ അതിലെന്താണ് തെറ്റ്? വിവാഹസമയത്ത് ആവശ്യങ്ങൾ എല്ലാം നടക്കണ്ടേ?”

അനുഷയുടെ കൈയിൽ നിന്ന് റിസീവർ താഴെ വീണു. അപ്പോൾ ഇതാണ് ജയരാജ്. താൻ ജീവിതപങ്കാളി ആക്കാൻ ആഗ്രഹിച്ച ആൾ, ഭാരിച്ച ചുവടുകളോടെ അവൾ മുറിയിലേക്ക് ചെന്നു. മുറിയിൽ ഇപ്പോഴും തർക്കം തുടരുകയായിരുന്നു. ഇപ്പോൾ ജയരാജിന്‍റെ അകന്ന ബന്ധുക്കൾ പോലും സ്ത്രീധനത്തെ അനുകൂലിച്ച് ഉറക്കെ സംസാരിക്കാൻ തുടങ്ങിയിരുന്നു.

അനുഷയുടെ അച്ഛൻ തളർന്ന മട്ടിൽ അടുത്തുള്ള ചുമർ നോക്കി ഇരിക്കുകയായിരുന്നു. അനുഷ ചെന്ന് അചഛന്‍റെ ചുമലിൽ കൈ വച്ചു. എന്നിട്ട് നിശ്ചയദാർഢ്യത്തോടെ പറഞ്ഞു, “അച്ഛാ, അച്ഛൻ വിശ്വാസങ്ങൾക്കും തത്വങ്ങൾക്കും എതിരായി പ്രവർത്തിക്കേണ്ട കാര്യമില്ല. പെൺകുട്ടികൾക്ക് വില പേശുന്ന ഇത്തരം വീട്ടിൽ പോകാൻ എനിക്കു തന്നെ താല്പര്യമില്ല. ഈ ബന്ധം ഇവിടെ അവസാനിപ്പിക്കൂ അച്ഛാ…. പ്ലീസ്,” പറഞ്ഞു പറഞ്ഞ് അനുഷ കരയാൻ തുടങ്ങി.

അച്ഛൻ അവളുടെ തലയിൽ കൈ വച്ച് ജയരാജിന്‍റെ അച്ഛനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, “താങ്കൾ മകന് മറ്റൊരു ബന്ധം നോക്കിക്കോളു എന്‍റെ മകൾ താങ്കളുടെ വീട്ടിലേയ്ക്ക് വരില്ല.”

ജയരാജിന്‍റെ കഥ അവിടെ തീർന്നു. ജയരാജിന്‍റെ പെരുമാറ്റം അനുഷയെ കുറേ നാളത്തേയ്ക്ക് അലട്ടി. അയാളോട് അവൾ എത്ര അടുത്തിരുന്നു. ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയതല്ല. അനുഷ അച്ഛന്‍റെ മുമ്പിൽ ഒരിക്കലും തന്‍റെ ദുഃഖം കാണിച്ചില്ല. പക്ഷേ അവൾക്കറിയാമായിരുന്നു, അച്ഛൻ ഉള്ളിന്‍റെയുള്ളിൽ വളരെ വിഷമിക്കുന്നുണ്ടെന്ന്. അനുഷ പഴയപോലെ ജോലിക്ക് പോകാൻ തുടങ്ങി. അച്ഛനെ അമ്മായി പരിഹസിക്കാൻ മറന്നില്ല. മകളുടെ വിവാഹത്തിന് വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ. ഇത്ര നല്ല പയ്യനെ കൈവിട്ടു കളഞ്ഞു എന്നൊക്കെ.

അനുഷ അമ്മായിയുടെ വാക്കുകൾ കേട്ടു. അവൾ തിരിഞ്ഞു നിന്നു പറഞ്ഞു, “അമ്മായി, എനിക്ക് വിവാഹം നടക്കാത്തതിൽ ഒട്ടും വിഷമമില്ല. ഞങ്ങളെപ്പോലെ വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ സ്ത്രീധനത്തിന് എതിരായില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഈ കാൻസർ എങ്ങനെ ഇല്ലാതാക്കാൻ പറ്റും?”

അമ്മായി എന്തൊക്കെയോ പിറുപിറുത്തിട്ട് മിണ്ടാതിരുന്നു. അവർക്ക് ഇതൊന്നും മനസ്സിലാവില്ല എന്ന് അനുഷയ്ക്ക് അറിയാമായിരുന്നു. ജീവിതം കടന്നുപോയി. ആ സംഭവം ഒരിക്കലും മറക്കാൻ അനുഷയ്ക്കായില്ല. അവളുടെ ജീവിതത്തിൽ മറ്റൊരു പുരുഷനും വന്നില്ല എന്നല്ല. പക്ഷേ അവൾക്ക് ആരേയും വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഇന്ന് സമീറ അവളുടെ പഴയ മുറിവുകൾ ചുരണ്ടിയെടുത്തു. സമീറയെപ്പോലെയുള്ള സ്ത്രീകൾ എങ്ങനെ സന്താഷമായിരിക്കുന്നു എന്ന് അനുഷ കുറേനേരം ആലോപിച്ചിരുന്നു. പക്ഷേ അവൾക്ക് ഉത്തരം കിട്ടിയില്ല.

ഏതാണ്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അനുഷ തന്‍റെ പുതിയ വീട്ടിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. ഒരാഴ്ച്ച മുഴുവൻ അവധിയെടുത്ത് അവൾ തന്‍റെ വീട് ഒരുക്കി. അവളെ സഹായിക്കാനും ഇടയ്ക്ക് പരദൂഷണം പറയാനും സമീറ വരുമായിരുന്നു. ചിലപ്പോൾ സമീറ അവളെ തന്‍റെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കാൻ പിടിച്ചു നിർത്തും പല്ലവും ഇപ്പോൾ അവളോട് തുറന്ന് പെരുമാറാൻ തുടങ്ങിയിരുന്നു. സമീറ ഭക്ഷണം ഉണ്ടാക്കുന്ന സമയം മുഴുവൻ പല്ലവും അനന്യയും അവളെ ചുറ്റിപ്പറ്റി നിൽക്കും.

അനുഷയുടെ വീട് പൂർണ്ണമായും തയ്യാറായി ഇനി ഹൗസ് വാമിംഗ് പാർട്ടിയാണ് ബാക്കിയുള്ളത്. അവൾ ഓഫീസിൽ നിന്ന് കുറച്ചുപേരെ വിളിച്ചിരുന്നു. പാർട്ടി എങ്ങനെ നടത്തണമെന്ന് പല്ലവും വളരെ ഉത്സാഹത്തോടെ അവളെ ഉപദേശിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അയാൾ ഒരു കാര്യം പറഞ്ഞു. “അനുഷാ, നിങ്ങളുടെ വീട്ടിലെ പാർട്ടിയാവുമ്പോൾ വൈനൊക്കെ വേണം.”

അനുഷ പുഞ്ചിരിച്ചു. അതിന്‍റെ കാര്യങ്ങളൊക്കെ നിങ്ങൾ തന്നെ നോക്കണം എന്ന് അവൾ പറയാൻ വരികയായിരുന്നു. പെട്ടെന്ന് സമീറ പൊട്ടിത്തെറിച്ചു, “പല്ലവ്, പാർട്ടിയിൽ മദ്യത്തിന്‍റെ കാര്യം പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? നിങ്ങൾ കുടിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? എന്നിട്ട് വീണ്ടും തുടങ്ങി.”

പല്ലവ് അമ്പരന്നു പോയി. അയാൾ തപ്പിത്തടഞ്ഞ് പറഞ്ഞു. “സമീറാ, കുറച്ച് വൈൻ കൊണ്ട് എന്തുണ്ടാവാനാണ്? നമ്മൾ വീട്ടിൽ മദ്യം സൂക്ഷിക്കാറില്ലല്ലോ.”

“നോ….” സമീറയുടെ ശബ്ദം ഉച്ചത്തിലായി.

അനുഷ എങ്ങനെയോ അവരെ രണ്ടുപേരേയും തടഞ്ഞു. പല്ലവ് അവിടെ നിന്ന് എഴുന്നേറ്റ് പോയി. ഭാര്യ ഇങ്ങനെ തടഞ്ഞൽ അയാൾക്ക് ഇഷ്ടമായില്ല എന്നത് വ്യക്തമായിരുന്നു

പാർട്ടിയിൽ അനുഷയുടെ ബോസ് രഘു തന്‍റെ ഭാര്യ ലക്ഷ്മിയോടൊപ്പമാണ് വന്നത്. അനുഷയുടെ വീട് കണ്ട് അയാളുടെ വായിൽ നിന്ന് വീണുപോയി. “കൊള്ളാം അനു ഐ ആം ഇപ്രസ്ഡ്, ഇന്നുവരെ ഞാൻ ഓഫീസിലെ നിങ്ങളുടെ ജോലിയെ കണ്ടിട്ടുള്ളൂ. ഇപ്പോൾ മനസ്സിലായി നിങ്ങൾ ഓഫീസിൽ എന്ന എഫിഷ്യന്റ്റ് ആണോ അതേപോലെ വീടിന്‍റെ മാനേജ്മെൻറും നന്നായി ചെയ്യുന്നു എന്ന് .”

അനുഷ പുഞ്ചിരിച്ച് “താങ്ക് യൂ സർ” എന്നു മാത്രം പറഞ്ഞു. ലക്ഷ്മി ചുറ്റി നടന്ന് വീടിന്‍റെ ഓരോ മൂലയും നോക്കി. ബാൽക്കണിയിൽ നിരനിരയായി വച്ചിട്ടുള്ള പൂച്ചട്ടികളിൽ വിരിഞ്ഞു നിൽക്കുന്ന ബഹുവർണ്ണ പുഷ്പങ്ങൾ, മുള കൂട്ടിക്കെട്ടിയുണ്ടാക്കിയ മണ്ഡപം. അതിൽ അനുഷ വച്ചിട്ടുള്ള ചൂരലിന്‍റെ ഊഞ്ഞാൽ, അടുത്ത് തൂക്കിയിട്ടിരിക്കുന്ന ക്രോട്ടണിന്‍റെയും പൂക്കളുടേയും ബാസ്കറ്റുകൾ. ആ സമയത്ത് അനുഷ എല്ലാവർക്കും സർബ്ബത്ത് കൊടുക്കുകയായിരുന്നു. ലക്ഷ്മി സർബ്ബത്തിനെ ഗ്ലാസ് കൈയിലെടുത്ത് അല്പം ഉച്ചത്തിൽ പറഞ്ഞു, “നമ്മളെല്ലാം അനുഷയെക്കുറിച്ച് അഭിമാനിക്കണം. ഈ വീട്ടിലെ എല്ലാ സാധനങ്ങളും അവർ ഒരുക്കിയതാണ്. തന്‍റെ പൈസയുടെ ബലത്തിൽ അവർ ഇത്ര നല്ല വീടുണ്ടാക്കി. ഞാൻ എന്‍റെ മകൾ സൗമ്യയോടും പറയും അവൾ അനുഷയെപ്പോലെ സെൽഫ് സഫിഷ്യന്‍റ് ആകണമെന്ന്.”

ഇതുകേട്ട് എല്ലാ അതിഥികളും കൈയടിക്കാൻ തുടങ്ങി. അനുഷ നാണിച്ചുപോയി പെട്ടെന്ന് അവളുടെ കാതിൽ സമീറയുടെ വാക്കുകൾ വന്നുവീണു. “ലക്ഷ്മി മാഡം, ഇതിലെന്താണ് ഇത വലിയ കാര്യം? അനുഷയുടെ പോലെ എന്‍റെ വീട്ടിലും എല്ലാ സാധനങ്ങളും എന്‍റെയാണ്. പക്ഷേ എന്‍റെ ഭർത്താവ് വാങ്ങിയതല്ല. അതെല്ലാം എന്‍റെ അച്ഛൻ തന്നതാണ്.”

സമീറ പറഞ്ഞതു കേട്ട് കുറച്ചുപേർ ചിരിച്ചു. അനുഷ അവളുടെ മുഖം നോക്കി നിന്നുപോയി. അപ്പോൾ സമീറയ്ക്ക് അവളുടെ നേട്ടങ്ങളിൽ അസൂയയുണ്ടോ? അവൾ ചിന്തിക്കും മുമ്പ് പല്ലവ് അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുന്നതു കണ്ടു. അയാളുടെ മുഖം ചുട്ടു പഴുത്തിരുന്നു.

ഇതിനു ശേഷം മുറിയിൽ നിശ്ശബ്ദത നിറഞ്ഞു. സമീറയുടെ വാക്കുകളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ആർക്കും അറിയില്ലായിരുന്നു. ലക്ഷ്മി മാത്രം തന്‍റെ അടുത്തു നിന്ന കുറച്ചു പേരോട് പറഞ്ഞു, “അച്ഛനമ്മമാരുടെ പണം കൊണ്ട് സ്വന്തം വീടൊരുക്കാൻ എളുപ്പമാണ്. പക്ഷേ ഞാൻ അതിന് എതിരാണ്. അച്ഛനമ്മമാർക്കും അവരുടെ വയസ്സുകാലത്ത് പണം വേണം. ആ സമയത്ത് അവർക്ക് ആര് കൊടുക്കും? ഇന്നത്തെ തലമുറ അവരെ നോക്കിയതു തന്നെ.”

അനുഷ പലതും ഉണ്ടാക്കിയിരുന്നു. കുറച്ചു സാധനങ്ങൾ പുറത്തു നിന്നും വാങ്ങിയിരുന്നു. അവളുടെ ഓഫീസിലെ കൂട്ടുകാരി മൈത്രി കേക്ക് കൊണ്ടുവന്നിരുന്നു. കേക്ക് മുറിച്ച ശേഷം എല്ലാവരും ആഹാരം കഴിച്ചു. പാർട്ടി രാത്രി 11 മണി വരെ നീണ്ടു. സമീറ ബാക്കി അതിഥികളോടൊപ്പം പോയി. മൈത്രി കൂടെ നിന്ന് അടുക്കളയിൽ അനുഷയെ സഹായിച്ചു. മണിക്കൂറുകൾ കഴിഞ്ഞ് അവളും തന്‍റെ ഭർത്താവ് ഗൗരവിന്‍റെ ഒപ്പം പോയി.

അനുഷയ്ക്ക് ക്ഷീണം തോന്നുന്നുണ്ടായിരുന്നു. കടുപ്പത്തിൽ ഒരു കപ്പ് ചായയുണ്ടാക്കി അവൾ ബാൽക്കണിയിൽ ചെന്നു. പട്ടെന്ന് അവൾ താഴെ നിന്ന് ബഹളം കേട്ടു. പല്ലവിന്‍റെ ശബ്ദം ആയിരുന്നു. “നീയിന്ന് എല്ലാവരുടേയും മുന്നിൽ വച്ച് എന്നെ അപമാനിച്ചു. ഇനി ഈ വീട്ടിൽ നിന്‍റെ അച്ഛൻ തന്ന ഒരു സാധനവും ഉണ്ടാവില്ല.”

പിന്നെ താഴെ നിന്ന് എന്തൊക്കെയോ പൊട്ടുന്ന ശബ്ദം കേട്ടു. സമീറ അലറി, “എന്‍റെ സാധനങ്ങൾ തൊടാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു?”

പല്ലവിന്‍റെ ശബ്ദ‌ം മുമ്പത്തേതിലും ഉറക്കെ ആയിരുന്നു, “നീ നിന്‍റെ എല്ലാ സാധനങ്ങളും ഇവിടെ നിന്ന് കൊണ്ടുപോ. നിന്‍റെ അച്‌ഛൻ തന്ന ഒന്നും എനിക്കു വേണ്ട. നീ എന്നെ നിന്‍റെ വേലക്കാരനാക്കി വച്ചിരിക്കുകയാണ്. ഞാൻ സമ്പാദിക്കുന്നു, വീട് നോക്കുന്നു. പക്ഷേ എനിക്കൊരു വിലയുമില്ല. പോ ഇവിടുന്ന്, എനിക്ക് നിന്‍റെ മുഖം പോലും കാണണ്ട.”

അതു കഴിഞ്ഞും പിന്നേയും ഉറക്കെ കുറേ ശബ്ദ‌ങ്ങൾ കേട്ടു. പിന്നെ എല്ലാം ശാന്തമായി.

അനുഷ ദീർഘശ്വാസം വിട്ടു. ഈ ബിൽഡിംഗിൽ വീട് വാങ്ങിയത് ശരിയായില്ലേ ആവോ. രാത്രി ഏറെനേരം അവൾക്ക് ഉറക്കം വന്നില്ല. വർഷങ്ങൾക്ക് ശേഷം അവൾക്ക് അച്ഛനെ വളരെയധികം ഓർമ്മ വന്നു. അച്‌ഛൻ എപ്പോഴും പറയുമായിരുന്നു. “മോളേ, ഞാൻ നിനക്ക് മറ്റൊന്നും തന്നില്ലെങ്കിലും തലയുയർത്തി ജീവിക്കാനുള്ള ധൈര്യം എന്തായാലും തരും.” അച്‌ഛന്‍റെ ഓർമ്മകളിൽ മനസ്സ് വേദനിച്ചു. ശരിക്കും അച്ഛൻ അവൾക്ക് അപാര ധൈര്യം തന്നെയാണ് തന്നത്.

രാവിലെ നേരത്തേ എഴുന്നേറ്റ് അനുഷ ഓഫീസിൽ പോയി. പല്ലവ് വന്നിട്ടുണ്ടായിരുന്നില്ല. ജോലിയിൽ മുഴുകിയ കാരണം അനുഷ വൈകുന്നേരം വരെ മറ്റുള്ളവരെ ശ്രദ്ധിച്ചതേയില്ല. വീട്ടിൽ എത്തിയപ്പോൾ വൈകി. റൈസ് കുക്കറിൽ ചോറും പ്രഷർ കുക്കറിൽ പരിപ്പും വച്ച് അവൾ ടിവി കാണാൻ തുടങ്ങി.

പെട്ടെന്ന് കോളിംഗ് ബെൽ അടിച്ചു മുന്നിൽ സമീറ പരിഭ്രമിച്ച് നിൽക്കുന്നു. അവളുടെ പിന്നിൽ അനന്യ ഉണ്ടായിരുന്നു. അനുഷ രണ്ടുപേരേയും അകത്തേയ്ക്ക് കൊണ്ടുവന്നു. അനന്യ അനുഷയുടെ കൈ പിടിച്ച് പറഞ്ഞു, “ആന്‍റീ, എന്തെങ്കിലും തിന്നാൻ തരാമോ, ഭയങ്കര വിശപ്പ്. രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല.”

അനുഷയ്ക്ക് കരച്ചിൽ വന്നു. അവൾ അനന്യയെ കെട്ടിപ്പിടിച്ചു എന്നിട്ട് സമീറയെ ശകാരിച്ചുകൊണ്ട് പറഞ്ഞു, നിന്‍റെ മോൾ രാവിലെ തൊട്ട് വിശന്നിരിക്കുകയാണ്. എന്നിട്ട് നിനക്കത് അറിയില്ലേ?”

അനുഷയുടെ മടിയിൽ തലവെച്ച് സമീറ ഏങ്ങലടിക്കാൻ തുടങ്ങി. “ഞാൻ എന്തു പറയാനാണ് അനുഷാ, ഇന്നലെ മുതൽ എനിക്കൊരു കാര്യത്തെക്കുറിച്ചും ഓർമ്മയില്ല. പല്ലവ് വീട് വിട്ടുപോയി. പിന്നെ ഞാൻ…”

അനുഷ അവളുടെ തല തഴുകിക്കൊണ്ട് പറഞ്ഞു, “സമീറാ, ഞാൻ നിങ്ങൾക്ക് രണ്ടുപേർക്കും കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം, നീ സ്വയം ഒന്ന് അടങ്ങ്.”

അടുക്കളയിൽ പോയി അനുഷ പെട്ടെന്ന് പരിപ്പ് താളിച്ചു. രാത്രിയിലെ കടലയും കോഫ്‌തയും ഉണ്ടായിരുന്നു. പെട്ടെന്ന് മൈക്രോ വേവിൽ വച്ച് ചൂടാക്കി. പിന്നെ രണ്ട് പ്ലേറ്റിൽ ചോറും പരിപ്പും പച്ചക്കറികളും എടുത്ത് അനന്യയുടേയും സമീറയുടേയും കൈകളിൽ പിടിപ്പിച്ചു. അനന്യ ടേബിളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.

സമീറ ഒരു വായ് മാത്രം കഴിച്ച് പ്ലേറ്റ് ദൂരെ വച്ച് വീണ്ടും വിലപിക്കാൻ തുടങ്ങി. “നീ തന്നെ പറ എന്തു ചെയ്യുമെന്ന്? പല്ലവ് പറഞ്ഞിരിക്കുന്നത് അച്‌ഛൻ തന്ന സാധനങ്ങൾ ഞാൻ വീട്ടിൽ നിന്ന് കളയാതെ തിരിച്ചു വരില്ല എന്നാണ്. ഫോൺ ചെയ്ത് നോക്കി. എവിടെയാണെന്ന് അറിയില്ല. അദ്ദേഹം ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും?”

സമീറയുടെ കരച്ചിൽ കൂടിക്കൊണ്ടിരുന്നു. പല്ലവ് ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് അവൾ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. അച്ഛന്‍റെ വീട്ടിൽ തിരിച്ച് ചെല്ലാൻ പറ്റില്ല. എന്ത് അവകാശത്തിൽ പോകാനാണ്. ഇനി എല്ലാം പഴയതുപോലെ ആകുമോ എന്നറിയില്ല.

അനുഷ കണ്ണുകൾ അടച്ചു. പല്ലവിന്‍റെ സ്ഥാനത്ത് അവൾ ജയരാജിന്‍റെ മുഖവും സമീറയുടെ സ്‌ഥാനത്ത് സ്വന്ത മുഖവും കണ്ടു. വർഷങ്ങൾക്കു മുമ്പ് അവൾ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അവളുടെ ജീവിതവും സമീറയുടേയും പല്ലവിന്‍റെയും പോലെയൊക്കെ ആകുമായിരുന്നു. പല്ലവിന് കുറേ കഴിഞ്ഞപ്പോൾ സ്ത്രീധനം കുത്താൻ തുടങ്ങി. സമീറയോ? അച്‌ഛന്‍റെ സ്വത്തിനെപ്പറ്റി പറഞ്ഞ് പരിഹസിക്കാതെ എങ്ങനെ അവൾക്കിനി ഭർത്താവിനെ ഭരിക്കാൻ പറ്റും? ഈ ചോദ്യത്തിന്‍റെ ഉത്തരം അനുഷയ്ക്ക് അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.

ഒരു പൈങ്കിളിക്കഥ

 

“നിങ്ങൾ എന്നെ ഓർമ്മിക്കാറുണ്ടോ എപ്പോഴെങ്കിലും?” ആ ചോദ്യം അപ്രതീക്ഷിതമായി അവൾ ചോദിച്ചു.

“അതിന് ഓർക്കുവാനായ് എന്താണ് നീ തന്നത്?”

“എന്ത് തരാൻ?”

“അങ്ങനെയൊരു പൂക്കാലം നമുക്കിടയിലുണ്ടോ? നീണ്ട ബോഗയ്ൻവില്ലയുടെ ചുവട്ടിൽ അക്ഷമനായി നിന്നെ കാത്ത് ഞാൻ നിന്നിട്ടില്ല. പൊതിയിലച്ചോറിന്‍റെ ഒരരകിൽ നിന്ന് ഉപ്പുമാങ്ങ ഞെക്കിയെടുത്ത് വലിച്ചുറ്റി ക്ലാസ് കട്ട് ചെയ്ത‌് തിയേറ്ററിലെ എസിയിൽ കുനിഞ്ഞിരുന്ന് കപ്പലണ്ടി കൊറിച്ചിട്ടില്ല.

നിന്‍റെ നെറ്റിയിൽ ചുംബനമഴ എന്തിന്? നേരിട്ട് കണ്ടിട്ട് പേലുമില്ല. പിന്നെ എന്തോർക്കാൻ? വാട്‌സാപ്പിൽ കുത്തിയിരുന്ന് തുടിക്കുന്ന ഹൃദയം അയച്ചാൽ പ്രണയമാകുമെന്ന് ആരാണ് പറഞ്ഞത്?

അത് അലഞ്ഞ് തിരിയുന്ന മോഹഭംഗിതരായ ആത്മാക്കളുടെ ഒരിടം. അവിടെ താൽക്കാലിക കാമനകൾക്ക് സ്വാസ്ഥ്യം.

ഉപാധിയില്ലാത്ത സെക്സ്, വിരേചനം മറ്റൊന്നുമില്ല അതിനപ്പുറത്തേക്ക് ഭാവനയുടെ വല നെയ്യാൻ നിനക്ക് ലജ്‌ജയില്ലേ? മണ്ടി.”

അവന്‍റെ ശബ്ദത്തിലെ രോഷം പതഞ്ഞു പൊങ്ങുന്നത് അറിഞ്ഞപ്പോൾ ചോദിക്കണ്ടായിരുന്നു എന്ന് തോന്നി. പലപ്പോഴും അങ്ങനെയാണ്. പറഞ്ഞ് തുടങ്ങിയതിൽ നിന്നും ഏറെ ദൂരേയ്ക്ക് സഞ്ചരിച്ച് ചില്ലകൾ പടർന്ന് ഒരു വാഗ്വാദം. തണുപ്പിക്കാനായ് വിഷയം മാറ്റാൻ ശ്രമിച്ചു.

“നീ വിഷയം മാറ്റുന്നു.”

കനത്ത ശബ്ദം ഫോണിലൂടെ അലച്ച് കയറുന്നു. “വല്ലപ്പോഴും ഓർത്താൽ എന്താണിത്ര കുറച്ചിൽ.”

“വാട്‌സാപ്പ് സ്വൈരിണികളുടെ പരിഭവം.”

“രാത്രി സഞ്ചാരിണികൾ പകൽ വെട്ടത്തിൽ നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ എന്ന് ചോദിക്കില്ല.

അതുപോലെയാണോ ഞാൻ? ഇങ്ങനെ സ്ത്രീകളെ പരിഹസിക്കുന്നത് എന്തിനാണ്? അന്തസ്സുള്ള സ്ത്രീകളുണ്ട്. എഴുത്തും വായനയും പ്രണയിക്കുന്നവർ. ആരാണവർക്ക് കയ്യടി നൽകാത്തത്?”

സ്നേഹം ഇത്ര മോശമോ? ആർത്തവവിരാമം അടുക്കുന്ന മധ്യ വയസ്കകളുടെ കടൽ ചൊരുക്കിന് പറയുന്ന പേര് സ്നേഹമോ? തിളച്ചു മറിയുന്ന ക്യാമ്പസുകളിലേക്ക് ചെല്ല്. അവിടെ പോലും കുട്ടികൾ മാറിയിരിക്കുന്നു. പരാജയപ്പെടുമ്പോൾ ഉള്ള നീണ്ട മൗനം. പക്ഷേ അതൊട്ടും ആശ്വാസം നൽകുന്നുണ്ടായിരുന്നില്ല. മനസ്സ് കിതയ്ക്കുന്നുണ്ട് വല്ലാതെ.

ആശുപത്രിയിൽ നേർത്ത തണുപ്പിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ നേഴ്സ് ചോദിച്ചു.

“കൂടെയാരുമില്ലേ? പ്രത്യേകിച്ചും ഇങ്ങനെയൊരു ടെസ്‌റ്റ്.”

കാൻസർ ആണോ അല്ലയോ എന്നറിയാനായി ഒരു മണിക്കൂർ ലാബിന് മുന്നിൽ കണ്ണടച്ചിരുന്നപ്പോൾ ആദ്യം അവന്‍റെ മുഖം ഓർമ്മ വന്നു. കീമോ ചെയ്‌ത്‌ നീണ്ട മുടി പോയാൽ അവനെന്നെ തിരിച്ചറിയുമോ? പഴയതുപോലെ സ്നേഹം?

പെട്ടെന്ന് കുനുകുനാ ടൈപ്പ് ചെയ്തു.

“നീ എന്നെ ഓർക്കാറുണ്ടോ?” അപ്പോഴാണ് മറുപടി കിട്ടിയത് സത്യസന്ധമായ മറുപടി.

“കള്ളങ്ങൾ പറയാറില്ല. ഒന്നാശ്വാസിപ്പിക്കാൻ പോലും. ഇത്തരം ബന്ധങ്ങൾക്കിടയിൽ ഈമാതിരി ചോദ്യങ്ങൾക്ക് പ്രസക്‌തി ഉണ്ടോ? “നിന്‍റെ ഭർത്താവ് നിന്നെ തന്നെയാണോ ഓർക്കുന്നത്? അത് ആദ്യം ഓർത്ത് നോക്ക്. ബാലിശമായ ചോദ്യങ്ങൾക്ക് ഉപാധികളില്ലാത്ത ബന്ധത്തിന് സ്നേഹത്തിന്‍റെ പലിശക്കണക്ക് വേണ്ട. എപ്പോൾ വേണമെങ്കിലും തീരാവുന്ന ഒരു ലഹരി, ഒരു ച്യൂയിംഗം നുണയും പോലെ. കണ്ടാൽ നുണയും എന്നല്ലാതെ ആരെങ്കിലും ഓർത്തിരിക്കുമോ. ജസ്‌റ്റ് ഫോർ റിലാക്സ് അതിനപ്പുറം സെന്‍റിമെൻസ് ചേർത്ത് വിഷാദം അഭിനയിക്കരുത്.” ഉപദേശം ഉള്ളിൽ ആഴ്ന്നിറങ്ങി. ഉള്ളിൽ ഒരു വലിച്ചിൽ പിടച്ചിൽ പോലെ ഒന്ന് പിന്നെ ശാന്തം. പുറത്ത് തട്ടി സിസ്‌റ്റർ ചുമ്മാ പേടിപ്പിച്ചില്ലേ. തൊണ്ടയിൽ ചെറിയ നൊസ്യൂൾ. വോയ്‌സ് റെസ്‌റ്റ് വേണം. ഒരാഴ്ച്‌ച ആന്‍റിബയോട്ടിക്ക് മുടക്കരുത്.

“എന്താടോ പേടി മാറിയില്ലേ?” സിസ്‌റ്റർ കൃപ ചിരിച്ചു. മുഖത്ത് തെളിച്ചമില്ലല്ലോ. ചിരി വരുത്താൻ ശ്രമിച്ചു.

“സിസ്‌റ്റർ ഞാൻ ഹെയർ ഡൊണേറ്റ് ചെയ്യാൻ തയ്യാർ.”

“അതിന് തനിക്ക് പ്രശ്ന‌ം ഇല്ലല്ലോ… പിന്നെ ഈ നീളൻ മുടി ഭംഗിയല്ലേ.”

“എന്ത് ഭംഗി? ആര് ഓർക്കാൻ ആരെങ്കിലും നമ്മളെ ഓർക്കണമെങ്കിൽ എന്തെങ്കിലും വേണ്ടേ? ഞാൻ വരാം. അടുത്ത് തന്നെ.” ആത്മവിശ്വാസം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നു. കൂർത്തയുടെ അറ്റം വലിച്ചിറക്കി ജീൻസിനുള്ളിലാക്കി നടക്കുമ്പോൾ വെട്ടം കണ്ണിലേക്ക്. സുഖത്തിന്‍റെ പേരോ സ്വാസ്ഥ്യം.

പെട്ടെന്ന് ഓക്കാനിക്കാൻ വന്നു. സെഡേഷന്‍റെ പ്രശ്‌നം ആയിരിക്കും. അല്ലാ ചങ്കിൽ നിന്ന് പൈങ്കിളി ചിറകടിക്കുന്നു. പുറത്തേക്ക് പറത്താം. നീല വാനിലേക്ക്.. ഒരൊറ്റ ചിറകടിയിൽ അത് പുറത്തേക്ക് തെറിച്ചു… ചിറക് അരിഞ്ഞിട്ടിരിക്കുന്നു. കുഞ്ഞു തലയിൽ രക്ത തുള്ളികൾ… പിടയുന്നു. ഞാനാ പിടച്ചിൽ നോക്കി നിന്നു അവസാനത്തെ ശ്വാസവും നിലക്കും വരെ. നിലാവിൽ ചിറകിട്ടടിക്കുന്ന എന്‍റെ മനസ്സ്. ഞാനതിനെ കൊന്നു കുഴിച്ചുമൂടി.

വാട്‌സാപ്പ് പ്രണയിനികളേ ഇതിനേക്കാൾ മനോഹരമായി നിങ്ങൾക്ക് അന്ത്യരംഗം ഉണ്ടാകിനിടയില്ല. കാരണം നിങ്ങൾ അപഥ സഞ്ചാരിണികളാണ്. പച്ച വെളിച്ചത്തിൽ ഇറങ്ങുന്ന ജാരത്തികൾ. പിന്നെ മനസ്സിനെക്കുറിച്ചും വ്യഥകളെക്കുറിച്ചും വിലപിക്കാതിരിക്കുക. നിങ്ങൾ പരിഹാസ്യരാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ…!

ആകാശമേലാപ്പ്

രാത്രി മുഴുവനും നന്ദന ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. തനിക്കെന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയാനാവാതെ അവൾ അസ്വസ്ഥയായി. ശരീരം മുഴുവനും നുറുങ്ങുന്ന വേദനയാണ്.

രാവിലെ എഴുന്നേറ്റപ്പോൾ തലകറങ്ങി വീണു പോകുമെന്ന അവസ്‌ഥ. വീണു പോകാതിരിക്കാൻ നന്ദന കട്ടിലിൽ തന്നെയിരുന്നു. ആ സമയത്താണ് തനൂജ വിളിക്കുന്ന ശബ്ദം കേട്ടത്. “എന്ത് പറ്റി നന്ദു… ഇന്ന് നിനക്ക് ഓഫീസിലൊന്നും പോകണ്ടേ?” നന്ദന നാത്തൂനോട് എങ്ങിനെയോ മറുപടി പറഞ്ഞൊപ്പിച്ചു.

“പോകണം ചേച്ചി, റെഡിയാകുവാ.”

നന്ദനയുടെ ശബ്ദത്തിൽ നിന്നും അവളുടെ മാനസികാവസ്‌ഥ മനസ്സിലാക്കിയട്ടെന്നോണം ചെയ്‌തു കൊണ്ടിരുന്ന ജോലി നിർത്തിയിട്ട് തനൂജ മുറിയിലേക്ക് ഓടി വന്നു. “എന്ത് പറ്റി നന്ദു? നിനക്ക് എന്തെങ്കിലും ക്ഷീണം തോന്നുന്നോ? ”

“ഇല്ല ചേച്ചി” നന്ദു മറുപടി പറഞ്ഞു. “ഒരു കുഴപ്പവുമില്ല”

“കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ” തനൂജ നന്ദനയുടെ നെറ്റിയിൽ തൊട്ടു നോക്കി. “അയ്യോ നല്ല ചൂടുണ്ടല്ലോ, പനിക്കുന്നുണ്ടോ?”

“ങ്ഹും” എന്ന് മൂളി കൊണ്ട് നന്ദന ബാത്ത് റൂമിലേക്ക് ഓടി. ഉള്ളിൽ എന്തോ തിളച്ച് മറിഞ്ഞ് തികട്ടി വരുനതുപോലെ നന്ദനയ്ക്ക് തോന്നി. തനൂജയും അവളുടെ പിന്നാലെ ചെന്നു. ബാത്ത്റൂമിൽ കയറിയ നന്ദന ഛർദ്ദിച്ചു.

നന്ദനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ തനൂജ പകച്ചു നിന്നു. ഭർത്താവാണെങ്കിൽ വീട്ടിലുമില്ല. എന്താണ് ചെയ്യേണ്ടതെന്നറിയാതെ തനൂജ നന്ദനയെ കുറച്ച് നേരം നോക്കി നിന്നു. അതിനു ശേഷം അവൾ നന്ദനയുടെ പുറം തടവി കൊടുത്ത് കിടക്കയിൽ താങ്ങികൊണ്ടു വന്ന് കിടത്തി.

“ഇന്ന് ഓഫീസിൽ പോകണ്ട… കണ്ടില്ലേ എന്തൊരു തളർച്ചയാ നിനക്ക്.”

നന്ദന അതിന് മറുപടിയൊന്നും പറയാതെ കിടക്കയിൽ കിടന്നു.

തനൂജ ഒരു നിമിഷം നന്ദനയെ നോക്കി നിന്ന ശേഷം അടുക്കളയിൽ പോയി നന്ദനയ്ക്കായി ഒരു കപ്പ് ചായയുമായി വന്നു. നന്ദനയുടെ നേർക്ക് ചായ നീട്ടിയ തനൂജ നന്ദനയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു.

“നീയെന്തിനാ മോളെ കരയുന്നത്. ഒക്കെ ശരിയാവും.” തനൂജ അവളുടെ കണ്ണുനീർ തുടച്ച് ആശ്വസിപ്പിച്ചു.

“ചേച്ചി എന്നെ എത്രമാത്രമാ ശ്രദ്ധിക്കുന്നത്. അമ്മയുടെ കുറവ് ഒരിക്കലും ചേച്ചി എന്നെ അറിയിച്ചിട്ടില്ല. എപ്പോഴും എന്നെ സ്നേഹിച്ച് ഞാൻ ചെയ്യുന്ന തെറ്റുകൾ ക്ഷമിച്ച്…. എനിക്കറിയില്ല. എനിക്കൊന്നിനോടും താൽപര്യം തോന്നുന്നില്ല ചേച്ചി.”

“നിനക്കെന്താ പറ്റിയത് മോളെ? വാ, എന്തെങ്കിലും കഴിച്ചശേഷം ആശുപത്രിയിൽ പോകാം.” തനൂജ നന്ദനയെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

തനൂജ നിർബന്ധിച്ചതിനെ തുടർന്ന് നന്ദന ആശുപത്രിയിൽ പോകാൻ തയ്യാറായി. തനൂജയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയായിരുന്നു ഡോ.ഷൈലജ. സിറ്റിയിലെ പ്രശസ്തയായ ഡോക്ടർ. രണ്ടുപേരും തയ്യാറായശേഷം ഡോ. ഷൈലജയുടെ ക്ലിനിക്കിലേക്ക് പോയി.

ഡോ.ഷൈലജ നന്ദനയെ പരിശോധിച്ച ശേഷം തനൂജയെ മാത്രമായി ക്യാബിനിലേക്ക് വിളിപ്പിച്ചു.

“തനൂ, നന്ദനയുടെ കല്യാണം കഴിഞ്ഞതാണോ?”

“ഇല്ല, ആലോചനകൾ നടക്കുന്നുണ്ട്. പക്ഷേ എന്താ അങ്ങനെ ചോദിച്ചത്? എന്തെങ്കിലും സീരിയസ് പ്രോബ്ളം?” തനൂജ പരിഭ്രമത്തോടെ ഷൈലജയെ നോക്കി.

“അതെ തനൂ, കാര്യം ഇത്തിരി സീരിയസാണ്. നന്ദന പ്രഗ്നന്‍റ് ആണ്. ഏകദേശം മൂന്നരമാസം കഴിഞ്ഞിരിക്കുന്നു.” ഡോ.ഷൈലജ പറഞ്ഞത് കേട്ട് തനൂജ നിശ്ച ലമായി നിന്നു.

തിരിച്ച് എന്ത് പറയണമെന്നറിയാതെ തനൂജ പകപ്പോടെ ഡോക്ടറെ നോക്കി. കുറച്ച് നേരത്തെ നിശബ്ദതയെ തുടർന്ന് തനൂജ ക്യാബിനിൽ നിന്നും പുറത്ത് കടന്ന് ഫാർമസിയിൽ നിന്നും മരുന്നും വാങ്ങി നന്ദനയേയും കൂട്ടി വീട്ടിലേക്ക് മടങ്ങി. ഇതേപ്പറ്റി അവളോട് എങ്ങനെ ചോദിക്കും? വല്ലാത്ത അവസ്ഥയിലായിരുന്നു തനൂജ.

ഭക്ഷണം കഴിപ്പിച്ച ശേഷം മരുന്ന് കൊടുത്ത് അവളോട് വിശ്രമിക്കാൻ ആവശ്യപ്പെട്ടു. വൈകുന്നേരം ക്ഷീണം മാറുമ്പോൾ കാര്യങ്ങൾ സാവധാനം ചോദിച്ച് മനസ്സിലാക്കാമെന്ന തീരുമാനത്തിലായിരുന്നു തനൂജ.

വൈകുന്നേരം ചായയുമായി മുറിയിലെത്തിയ തനൂജ, നന്ദന കിടക്കയിലിരുന്ന് കരയുന്നതാണ് കണ്ടത്. നന്ദനയുടെ അടുത്തിരുന്ന് തനൂജ അവളെ തലോടി. “നന്ദു ചായ കുടിക്ക്. എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിക്കാനുണ്ട്.”

“ശരി ചേച്ചി, എനിക്കും ചേച്ചിയോട് ഒരു കാര്യം പറയാനുണ്ട്.” എന്നു പറഞ്ഞുകൊണ്ട് നന്ദന ചായ കുടിക്കാൻ തുടങ്ങി. അവളുടെ കൈകൾ വിറയ്ക്കുന്നത് തനൂജ ശ്രദ്ധിച്ചു.

ചായ കുടിച്ച ശേഷം ഇരുവരും സങ്കോചത്തോടെ പരസ്പരം നോക്കി. എങ്ങനെ പറഞ്ഞ് തുടങ്ങണമെന്ന ആശങ്കയിലായിരുന്നു അവർ. ഒടുവിൽ നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് തനൂജ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “നന്ദന, നിനക്കറിയാമോ നീ പ്രഗ്നൻറ് ആണെന്ന കാര്യം.”

“ഇല്ല ചേച്ചി, പക്ഷേ എനിക്കെന്തോ അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു.”

നന്ദനയുടെ മറുപടി കേട്ട് തനൂജയ്ക്ക് ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി. “നിനക്ക് 28 വയസ്സായില്ലേ? എന്നിട്ടും പ്രഗ്നന്‍റ് ആണെന്ന കാര്യം മനസ്സിലായില്ലെന്നോ. മൂന്നരമാസം കഴിഞ്ഞിരിക്കുന്നു. ഇത്രയും സീരിയസായ കാര്യം എന്നോട് പറയേണ്ട ആവശ്യമില്ലെന്ന് നീ കരുതിയോ? നിന്‍റെ ചേട്ടനോടും പപ്പയോടും ഞാനെന്ത് മറുപടി പറയും? നിന്നെ നോക്കാനുള്ള ഉത്തരവാദിത്തം അവർ എന്നെയാ ഏൽപ്പിച്ചത്. എന്നിട്ടും നീ… ഞാനെന്ത് പറയും,” തനൂജ കണ്ഠമിടറി കൊണ്ട് വിലപിച്ചു കൊണ്ടിരുന്നു.

നന്ദന മുഖം പൊത്തി കരഞ്ഞു. “ചേച്ചിക്കറിയാമല്ലോ… എന്‍റെ പീരിയഡ്സ് ഇറഗുലർ ആണെന്ന്. അതുകൊണ്ടാ ഇതറിയാതെ പോയത് ചേച്ചി.” നന്ദന തേങ്ങിക്കരഞ്ഞു കൊണ്ട് തനൂജയുടെ കൈപിടിച്ചു.

തനൂജ ദേഷ്യം നിയന്ത്രിക്കാൻ പാടുപ്പെട്ടു, “ആരാണ് അവൻ? ഇതിന് ഉത്തരവാദി ആരാണ്? നിനക്ക് ആരെയെങ്കിലും ഇഷ്‌ടമായിരുന്നുവെങ്കിൽ ഞങ്ങളത് നടത്തിത്തരുമായിരുന്നില്ലേ.”

“ചേച്ചി, ചേട്ടന്‍റെ ബോസില്ലേ, മഹേഷ് നാരായൺ…” ഇത്രയും പറഞ്ഞ ശേഷം നന്ദന കരയാൻ തുടങ്ങി.

“എന്തൊരു കഷ്ടമാ… മഹേഷ് കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അച്‌ഛനാ… അയാൾ നിന്നെ കല്യാണം കഴിക്കുമോ?”

“അറിയില്ല ചേച്ചി,” നന്ദന ശിരസ്സ് കുനിച്ചിരുന്നു.

“പാർട്ടിയിൽ വച്ച് ചേട്ടൻ പരിചയപ്പെടുത്തിയപ്പോൾ അയാൾ കല്യാണം കഴിച്ചതാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നോട് ഇതുവരേയും പറഞ്ഞിട്ടില്ല. ഇപ്പോൾ ചേച്ചി പറഞ്ഞാണ് ഞാനറിയുന്നത്. ”

നന്ദനയുടെ മറുപടി കേട്ട് തനൂജയ്ക്ക് ദേഷ്യം വന്നു. അവർ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു ദൂരെ മാറി നിന്നു.

“ഇനി ഞാനെന്ത് ചെയ്യാനാ? നീ പറ? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. നാല് ദിവസം കഴിഞ്ഞാൽ പപ്പയും ചേട്ടനും ഇങ്ങെത്തും. അവരുടെ മുഖത്തെങ്ങനെ നോക്കും?”

“ചേച്ചിയെന്നെ രക്ഷിക്കണം. ചേട്ടനും പപ്പയും ഇക്കാര്യമറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. ചേട്ടനെന്നെ കൊല്ലും.” നന്ദന തനൂജയെ ചേർത്തു പിടിച്ച് കരയാൻ തുടങ്ങി.

“ഞാനൊന്ന് ആലോചിക്കട്ടെ” എന്ന് പറഞ്ഞു കൊണ്ട് തനൂജ സ്വന്തം മുറിയിലേക്ക് പോയി. അന്ന് രാത്രി മുഴുവനും അവർ അതേപ്പറ്റി ആലോചിച്ച് കിടന്നു. ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി.” നന്ദന ഗർഭിണിയാണെന്ന കാര്യം ശ്രീജിത്തിനെ അറിയിക്കുക. ആദ്യം കേൾക്കുമ്പോൾ ഒരു പക്ഷേ കടുത്ത ദേഷ്യം പ്രകടിപ്പിച്ചേക്കാം. കാര്യം എന്തായാലും ഒരു പരിഹാരമുണ്ടാകു മല്ലോ” തനൂജ നെടുവീർപ്പിട്ടു.

രാവിലെ തന്നെ തനൂജ ഭർത്താവിനെ വിളിച്ച് സാവകാശത്തിൽ കാര്യം ധരിപ്പിച്ചു.

ശ്രീജിത്ത് മറുപടിയൊന്നും പറയാതെ ഏറെ നേരം നിശബ്ദനായി. പിന്നെ നേർത്ത ശബ്ദത്തിൽ സംസാരിച്ചു. “ഞാൻ ഉച്ചയ്ക്കുള്ള ഫ്ളൈറ്റിൽ തന്നെ എത്താം. നീ അപ്പോഴേക്കും ഡോക്ടർ ഷൈലജയുമായി സംസാരിച്ച് എന്തെങ്കിലും പരിഹാരമുണ്ടോയെന്ന് ചോദിക്ക്, അബോർഷൻ ചെയ്യാൻ പറ്റിയാൽ… പിന്നെയുള്ള കാര്യം പിന്നെ നോക്കാം.” എന്നു പറഞ്ഞു കൊണ്ട് ശ്രീജിത്ത് ഫോൺ കട്ട് ചെയ്‌തു.

വീട്ടിലെ ജോലിയൊക്കെ തീർത്ത ശേഷം തനൂജ നന്ദനയുടെ മുറിയിലെത്തി. നന്ദന കിടക്കയിൽ മുഖം പൂഴ്ത്തിയിരുന്ന് അപ്പോഴും കരയുകയായിരുന്നു.

തനൂജ അടുത്തു ചെന്ന് അവളുടെ ചുമലിൽ കൈവച്ചു, “ഇനി കരഞ്ഞിട്ട് കാര്യമില്ല. നന്ദു നമുക്ക് ഡോക്‌ടറുടെ അടുത്ത് പോകാം.” നന്ദന ഒരു യന്ത്രപ്പാവപോലെ തല ചലിപ്പിച്ചു. ഇരുവരും ഉടനടി തയ്യാറായി ഡോ.ഷൈലജയുടെ ക്ലിനിക്കിലെത്തി.

തനൂജ ഷൈലജയുടെ കൺസൾട്ടിംഗ് റൂമിൽ കയറി ഷൈലജയോട് കാര്യം പറഞ്ഞു.“ അബോർഷൻ ചെയ്യാനാണ് തീരുമാനം.”

“ഒന്ന് ചെക്കപ്പ് ചെയ്യട്ടെ… പോസിബിളാണോ എന്നറിയണമല്ലോ.” ഡോ.ഷൈലജ ഗൗരവത്തിൽ പറഞ്ഞു.

നന്ദനയെ പരിശോധിച്ച ശേഷം മുറിയിൽ നിന്നും പുറത്തു കടന്ന ഡോ. ഷൈലജ നിരാശയോടെ പറഞ്ഞു.“ഐ ആം സോറി തനു. അബോർഷൻ ഈസ് നോട്ട് പോസിബിൾ. നന്ദനയുടെ ജീവൻ വരെ അപകടത്തിലാകാം. പ്രഗ്നൻസി 4 മാസത്തോളമായിരിക്കുന്നു.”

ഷൈലജയുടെ നിരാശ കലർന്ന മറുപടി കേട്ട് തനൂജ ഇടിവെട്ടിയതു പോലെ കസേരയിലിരുന്നു. ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ തനൂജ ഷൈലജയുടെ മുഖത്തേക്ക് പകച്ചു നോക്കി.

ഡോ. ഷൈലജ കൈനീട്ടി തനൂജയുടെ വിരലിൽ തൊട്ട് ആശ്വസിപ്പിച്ചു. ഏതാനും നാളുകൾ കഴിയുന്നതോടെ പരമ രഹസ്യമായിരിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞു തുടങ്ങും. പിന്നെ എന്താവും സംഭവിക്കുക? ആര് അവളെ വിവാഹം ചെയ്യും? അറിവില്ലായ്മ കൊണ്ട് ഉണ്ടായ തെറ്റുമൂലം അവൾക്ക് ജീവിതം മുഴുവനും പിഴയൊടുക്കേണ്ടി വരും. നന്ദനയുടെ അവസ്‌ഥയെക്കുറിച്ചോർത്തപ്പോൾ തനൂജയുടെ കണ്ണുനിറഞ്ഞു.

“എന്ത് ചെയ്യും… നന്ദുവിനെ ഇതിൽ നിന്നും എങ്ങനെ രക്ഷിക്കാനാവും.” തനൂജ സ്വന്തം നെറ്റിത്തടവി കൊണ്ട് ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കുന്നതിനിടെ ശ്രീജിത്തിന്‍റെ വിളികേട്ട് ചിന്തകളിൽ നിന്നുണർന്നു.

“എന്താ തനു? എന്താ സംഭവിച്ചത്?

ശ്രീജിത്തിനെ കണ്ടയുടനെ തനൂജ ഓടിച്ചെന്ന് അയാളുടെ മാറിൽ മുഖം പൂഴ്ത്തി തേങ്ങിക്കരഞ്ഞു.

“ശ്രീയേട്ടാ… നമ്മൾ ഇനി എന്ത് ചെയ്യും. അവൾ സ്വന്തം ജീവിതം തന്നെ തകർത്തു. അബോർഷൻ ചെയ്യാനാവില്ലെന്നാ ഷൈലജ പറയുന്നത്. നടത്തിയാൽ അതവളുടെ ജീവന് തന്നെ ആപത്താവും.”

ശ്രീജിത്തിന്‍റെ മുഖം ചുവന്ന് അയാൾ ദേഷ്യത്തോടെ തനൂജയുടെ ചുമലിൽ പിടിച്ചു.

“ചത്തു പോകട്ടെ അവൾ. നമ്മൾ എല്ലാം നാണംകെട്ടില്ലേ. എല്ലാവരുടേയും മുഖത്ത് എങ്ങനെ നോക്കും?” അയാൾ ദേഷ്യം കൊണ്ട് വിറച്ചു.

“നിങ്ങളെന്താ പറയുന്നത്? നന്ദു നമ്മൾക്ക് മകളെ പോലെയല്ലേ… അവൾക്ക് തെറ്റ് സംഭവിച്ചു, ശരിയാണ്. പക്ഷേ അത് തിരുത്തേണ്ട ഉത്തരവാദിത്തം നമ്മൾക്കില്ലേ? ശ്രീയേട്ടാ ധൈര്യം കൈവെടിയാതിരിക്ക്. എന്തെങ്കിലും വഴിയുണ്ടാവും.” തനൂജ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ച് പാടുപ്പെട്ടു.

ശ്രീജിത്തും തനൂജയും നന്ദനയേയും കൂട്ടി വീട്ടിലേക്ക് മടങ്ങി. വീട്ടിലേക്കുള്ള യാത്രയിലുടനീളം അയാൾ കാറിൽ നിശബ്ദനായി ഇരുന്നു. ഇതിനിടെ അയാൾ ഒരിക്കൽ പോലും നന്ദനയുടെ മുഖത്തേക്ക് നോക്കിയില്ല. അയാളുടെ മനസ്സിൽ ദേഷ്യവും നിരാശയും നുരഞ്ഞു പൊന്തി കൊണ്ടിരുന്നു.

മഹേഷ് നാരായണന് നന്ദുവിനെ പരിചയപ്പെടുത്തിയ നിമിഷത്തെയോർത്ത് അയാൾ പശ്ചാത്തപിച്ചു. മഹേഷിന്‍റെ സ്വഭാവം അത്ര നല്ലതല്ലെന്ന കാര്യം തനിക്ക് മുൻക്കൂട്ടി അറിയാമായിരുന്നിട്ടും അങ്ങനെ ചെയ്തല്ലോയെന്നോർത്ത് അയാൾ മനസ്സിൽ വിലപിച്ചു.

മഹേഷ് തന്‍റെ സഹോദരിയോട് അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

വീടിന് മുന്നിൽ കാർ നിർത്തിയയുടൻ നന്ദന കാറിൽ നിന്നിറങ്ങി സങ്കോചത്തോടെ മുഖം കുനിച്ച് വീടിനകത്ത് കയറി.

പിന്നാലെ തനൂജയും ശ്രീജിത്തും. സ്വീകരണ മുറിയിലെത്തിയ നന്ദന പൊട്ടിക്കരച്ചിലോടെ ശ്രീജിത്തിന്‍റെ കാലിൽ പിടിച്ചു, “ചേട്ടാ, എന്നോട് ക്ഷമിക്ക്… കുട്ടിക്കാലം തുടങ്ങി ഞാൻ ചെയ്യുന്ന ഓരോ തെറ്റും ചേട്ടൻ ക്ഷമിച്ചിട്ടുണ്ട്. ഇന്ന് പക്ഷേ… എന്നെ ചേട്ടൻ എത്ര വേണമെങ്കിലും അടിച്ചോ… പക്ഷേ എന്നോട് ദേഷ്യപ്പെടരുത്. എന്നെ വെറുക്കരുത്.”

കുഞ്ഞനുജത്തിയുടെ വാക്കുകൾ അയാളുടെ മനസ്സിനെ പൊള്ളിച്ചു. അവളുടെ ഈ ഗതികേടിന് ഞാനും ഒരു പരിധി വരെ കാരണമായിട്ടുണ്ടല്ലോയെന്നോർത്ത് അയാളുടെ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകഞ്ഞു.

അയാൾ നന്ദനയെ പിടിച്ച് എഴുന്നേൽപ്പിച്ച് തന്‍റെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. അന്ന് രാത്രി മൂന്നുപേരും ഭക്ഷണം കഴിച്ചില്ല. എന്ത് ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലായി എല്ലാവരും.

“3-4 ദിവസം കഴിയുമ്പോൾ പപ്പ ഇങ്ങെത്തും. പപ്പയോടെന്ത് പറയും? ഇക്കാര്യമറിഞ്ഞാൽ പപ്പയ്ക്ക് ഹാർട്ട്അറ്റാക്ക് വരും. ഭാഗ്യം ഇതൊന്നു കാണാൻ അമ്മ ഉണ്ടാകാഞ്ഞത്.” തനൂജ നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു.

“ചെറിയച്ഛന്‍റെ വീട്ടിൽ കുറച്ച് ദിവസം കൂടി നിൽക്കാൻ പപ്പയോട് പറയാം. അപ്പോഴേക്കും നമുക്ക് എന്തെങ്കിലും വഴിതെളിയും.”

“ശരിയാ… അതാ നല്ലത്.” എന്നു പറഞ്ഞു കൊണ്ട് തനൂജ സ്വന്തം മുറിയിലേക്ക് പോയി. നന്ദനയും സ്വന്തം മുറിയിലേക്ക് പോയി. ശ്രീജിത്ത് മുറിയിലെത്തിയപ്പോൾ തനൂജ മനസ്സിൽ അപ്പോൾ തോന്നിയ അഭിപ്രായം പറഞ്ഞു.

“തനൂജയേയും കൂട്ടി നീലഗിരിയിലുള്ള എന്‍റെ കസിന്‍റെ വീട്ടിൽ പോയാലോയെന്നാണ് ഞാൻ ആലോചിക്കുന്നത്.”

“അവിടെ ചെന്നിട്ട് എന്ത് ചെയ്യാനാ? അയാൾ അവിടെ തനിച്ച് താമസിക്കുവല്ലേ” ശ്രീജിത്ത് ചോദ്യഭാവത്തിൽ നോക്കി.

“അതെ, ചേട്ടൻ കല്യാണം കഴിച്ചിട്ടില്ല. ചേട്ടനെ കൊണ്ട് നന്ദനയെ വിവാഹം കഴിപ്പിക്കുന്ന കാര്യം സംസാരിക്കുകയും ചെയ്യാം. ചേട്ടൻ ഞാൻ പറയുന്നത് കേൾക്കും.”

“അത് ശരിയല്ല തനൂജ. അങ്ങനെ നിർബന്ധിച്ച് രണ്ട് പേരെ കൊണ്ട് ചെയ്യിക്കാവുന്ന കാര്യമാണോ കല്യാണം. എന്താ നിന്‍റെ ചേട്ടൻ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്? ഇപ്പോൾ 37-38 വയസ്സായി കാണില്ലേ അയാൾക്ക്?”

“ചേട്ടൻ ഒരു പെൺകുട്ടിയുമായി നല്ല അടുപ്പത്തിലായിരുന്നു. പക്ഷേ ആ പെണ്ണ് ഒടുവിൽ ചേട്ടന്‍റെ കൂട്ടുകാരനെ കല്യാണം കഴിച്ചു. അന്നു തുടങ്ങി ചേട്ടന് കല്യാണത്തോട് വെറുപ്പായി. ഒത്തിരി ആലോചനകൾ വന്നതാ. പക്ഷേ ചേട്ടനൊന്നും ഇഷ്‌ടമായില്ല. ചേട്ടനും നന്ദനയും നല്ല മാച്ചായിരിക്കുമെന്നാ എനിക്ക് തോന്നുന്നത്. ഇക്കാര്യം ഞാൻ നന്ദനയോട് ചോദിച്ച് നോക്കാം.” തനൂജ തെല്ലൊരാശ്വാസത്തോടെ പറഞ്ഞു.

“ങ്ഹും അങ്ങനെ ചെയ്തോ. ഇപ്പോൾ മറ്റൊരു വഴിയും തെളിഞ്ഞ് കാണുന്നില്ലല്ലോ. അവിടെ കുറച്ച് കാലം തങ്ങുമ്പോൾ നന്ദന പതിയെ എല്ലാം മറക്കും.”

പിറ്റേ ദിവസം തന്നെ തനൂജ നന്ദനയേയും കൂട്ടി നീലഗിരിയിലേക്ക് യാത്രയായി. ശ്രീജിത്ത് പപ്പയെ വിളിച്ച് കുറച്ച് ദിവസം കൂടി ഇളയച്‌ഛനൊപ്പം മുംബൈയിൽ താമസിക്കാൻ ആവശ്യപ്പെട്ടു.

നീലഗിരിയിൽ കസിന്‍റെ വീട്ടിലെത്തിയ തനൂജ വിമലിനോട് നന്ദനയെപ്പറ്റിയുള്ള കാര്യങ്ങൾ ധരിപ്പിച്ചു. സംസാരത്തിനിടെ നന്ദനയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോയെന്ന് തനൂജ വിമലിനോട് ചോദിച്ചു.

തന്‍റെ ഏകാന്ത ജീവിതത്തിൽ എന്തുകൊണ്ടും നന്ദന അനുയോജ്യമായിരിക്കുമെന്നാണ് അയാൾക്ക് അപ്പോൾ തോന്നിയത്. തന്നെപ്പോലെ തന്നെ അവൾ സ്നേഹത്തിൽ വിശ്വസിച്ച് ചതിക്കപ്പെട്ടവളാണ് എന്നയാൾ ഓർത്തു. അങ്ങനെയൊരാൾക്ക് ശുദ്ധവും സത്യസന്ധവുമായ സ്നേഹത്തിന്‍റെ വിലയും സ്‌ഥാനവും എന്തായിരിക്കുമെന്ന് നന്നായിട്ടറിയാം.

“തനു എനിക്കൊരു എതിർപ്പുമില്ല. അവളെ എനിക്കിഷ്ടപ്പെടാൻ കഴിയും. പക്ഷേ അവളുടെ കൂടി അഭിപ്രായം അറിയണം.” അയാൾ പറഞ്ഞു.

തനൂജ ഒട്ടും വൈകാതെ ഇക്കാര്യം നന്ദനയെ ധരിപ്പിച്ചു. നന്ദനയ്ക്കും പൂർണ്ണസമ്മതമായിരുന്നു. ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിട്ടും തനിക്കൊരു ജീവിതം തരാൻ മനസ്സു കാട്ടിയ വിമലിനോട് അവൾക്കപ്പോൾ ആദരവ് കലർന്ന സ്നേഹമാണ് തോന്നിയത്.

തനൂജ ഉടനടി ഇക്കാര്യം ശ്രീജിത്തിനെ ഫോണിൽ വിളിച്ചറിയിച്ചു. ശ്രീജിത്തിന് ആ വാർത്ത നൽകിയ സന്തോഷം വലുതായിരുന്നു. വിമലിനോട് അയാൾക്കപ്പോൾ നിറഞ്ഞ ബഹുമാനമാണ് തോന്നിയത്.

ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ മഴപെയ്ത പ്രതീതിയാണ് അയാൾക്ക് അനുഭവപ്പെട്ടത്. ആ സന്തോഷം അയാളുടെ വാക്കുകളിലും പ്രകടമായിരുന്നു. “തനു, നീ ശരിക്കും ഒരു അദ്ഭുതം തന്നെയാ… എന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ് നീ… നിന്‍റെ സ്‌ഥാനത്ത് മറ്റൊരാൾ ആയിരുന്നെങ്കിൽ…. എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല എന്‍റെ പൊന്നുമോളെ.”

“എന്താ ചേട്ടാ ഇത്? നന്ദന എനിക്കാരാ ചേട്ടാ? ഞാനവളെ എന്നും എന്‍റെ കുഞ്ഞനുജത്തിയായിട്ടാ കരുതിയിട്ടുള്ളത്?” തനു ഉള്ളിൽ തികട്ടി വന്ന കരച്ചിലടക്കി കൊണ്ട് പറഞ്ഞു.

ശ്രീജിത്ത് പപ്പയെ ഫോൺ ചെയ്‌ത് മടങ്ങി വരാനാവശ്യപ്പെട്ടു. വീട്ടിലെത്തിയ പപ്പയോട് ശ്രീജിത്ത് സംഭവങ്ങൾ പറഞ്ഞു. കാര്യമറിഞ്ഞ് അസ്വസ്ഥനായ പപ്പയെ ആശ്വസിപ്പിക്കാൻ ശ്രീജിത്ത് പാടുപെട്ടുവെങ്കിലും ഒടുക്കം സത്യാവസ്‌ഥയുമായി പൊരുത്തപ്പെട്ട പപ്പ പുതിയ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു. അതല്ലാതെ മറ്റ് പോംവഴിയില്ലല്ലോ? പപ്പ ആശ്വാസം കൊണ്ടു.

ഒടുവിൽ രണ്ട് വീട്ടുകാരുടേയും സമ്മതത്തോടെ നന്ദനയുടേയും വിമലിന്‍റെയും വിവാഹം നടന്നു. വലിയ ആർഭാടമൊന്നുമില്ലാതെ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടുള്ള ചടങ്ങായിരുന്നു.

ഭർത്താവിന്‍റെ വീട്ടിലേക്ക് പോകാൻ നേരം നന്ദന തനൂജയെ കെട്ടിപ്പിടിച്ച് കരഞ്ഞു. സ്നേഹനിധിയായ തനൂജചേച്ചിയെ ഒരു ജന്മം കൊണ്ട് സ്നേഹിച്ചാൽ പോലും മതിയാവില്ല.

തകർന്നു പോകുമായിരുന്ന തന്‍റെ ജീവിതം രണ്ട് കൈകൾ കൊണ്ട് കോരിയെടുത്ത് നെഞ്ചോട് ചേർത്ത തനൂജ ചേച്ചിയും വിമൽച്ചേട്ടനും ഉള്ള സ്നേഹത്തിന്‍റെ ഈ പച്ചതുരുത്തുകളിൽ താനെന്നും സുരക്ഷിതയായിരിക്കും എന്ന ഉറപ്പ് അവളെ ഏറെ ആഹ്ലാദവതിയാക്കി.

സർവ്വം സമ്മതം

ബൈക്ക് ആക്‌സിഡന്‍റിൽ പെട്ടുള്ള രാഹുലിന്‍റെ ആകസ്‌മികമായ മരണം സ്വപ്നയെ തീർത്തും തകർത്തു കളഞ്ഞിരുന്നു. ഏഴു വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ടുകൊണ്ട് മരണത്തിലേയ്ക്ക് നടന്നു കയറിയ പ്രിയതമനെയോർത്ത് അവൾ ദിവസങ്ങളോളം കരഞ്ഞു. പലപ്പോഴും ആരും കാണാതെ. മുമ്പോട്ടുള്ള ജീവിതം ഇനി എന്താവും എന്ന ആധിയും അവളെ അലട്ടിയിരുന്നു. ഒന്നും ഒരു ദുഃസ്വ‌പ്നമായി എഴുതി തള്ളാൻ മാത്രം കഴിയുന്നതല്ലല്ലോ കഴിഞ്ഞകാല ജീവിതം.

താൻ കരയുന്നത് കുട്ടികൾ കാണാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. അവർക്കിഷ്‌ടമുള്ള കളിപ്പാട്ടങ്ങളും പലഹാരങ്ങളുമായി വൈകുന്നേരം പടികടന്നെത്തുന്ന അച്‌ഛന്‍റെ അഭാവം അവരുടെ മനസ്സിൽ വലിയ ശൂന്യത സ്യഷ്ടിച്ചിരുന്നു.

ആ കുറവ് അറിയാതിരിക്കാൻ രാഹുലിന്‍റെ അനുജൻ ഹരികൃഷ്‌ണൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഹുലിന്‍റെ വീട്ടുകാർക്ക് സ്വ‌പ്നയെക്കുറിച്ചോർത്തായിരുന്നു ഏറെ വിഷമം. ചെറുപ്പം. ജീവിച്ച് കൊതിതീരാത്തവൾ. ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയപ്പോഴേ വൈധവ്യത്തിന്‍റെ കറുത്ത കമ്പളം വാരിപ്പുതയ്‌ക്കേണ്ടി വന്നല്ലോ ആ കുട്ടിക്ക് എന്ന് രാഹുലിന്‍റെ അമ്മ പരിതപിച്ചുകൊണ്ടിരുന്നു. ആരും കാണാതെയുള്ള അവരുടെ തേങ്ങൽ കണ്ട് രാഹുലിന്‍റെ അച്ഛന്‍റെയും കണ്ണു നിറഞ്ഞു.

ഒരു ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ വെച്ചാണ് സ്വപ്പ്നയെ രാഹുലിന്‍റെ അമ്മ കണ്ടിഷ്‌ടപ്പെടുന്നത്. അന്ന് ബിഎ ഫൈനൽ പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു സ്വപ്ന. ഒറ്റ നോട്ടത്തിലേ തന്നെ അവർക്ക് സ്വപ്നയെ ഇഷ്ട‌മായി. പക്ഷേ ബിഎ കഴിഞ്ഞ് ലിറ്ററേച്ചറെടുത്ത് പോസ്റ്റ്ഗ്രാജുവേഷൻ പഠിക്കണമെന്ന ഉദ്ദേശത്തിലായിരുന്നു അവൾ. അവളുടെ വീട്ടുകാർക്കും അതായിരുന്നു താല്പ‌ര്യം. നല്ലൊരു ആലോചന അവളുടെ ഭാഗ്യം തന്നെയാണെന്ന് പറഞ്ഞ് ബന്ധുക്കളും അവരെ നിർബന്ധിച്ചു.

സ്വപ്ന തുടർന്ന് പഠിക്കുന്നതിനോട് രാഹുലിന്‍റെ അമ്മയ്ക്ക് ഒട്ടും താലപര്യമുണ്ടായിരുന്നില്ല. “എന്‍റെ മരുമകൾ സമ്പാദിച്ച് വീട് കഴിയേണ്ട അവസ്‌ഥയല്ല ഞങ്ങൾക്ക്. സർക്കാർ വകുപ്പിൽ എൻജിനീയറാ രാഹുൽ. നല്ല ശമ്പളം അവന് കിട്ടുന്നുമുണ്ട്. അത്യാവശ്യം സ്വത്തുക്കളുണ്ട്. മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ല. മാത്രമല്ല, എനിക്ക് പെൺമക്കളില്ല. അവളെനിക്ക് സ്വന്തം മോളായി കൂടെ ഉണ്ടായാൽ മതി.”

അവർ പറഞ്ഞതിൽ തെറ്റില്ലായിരുന്നു. രാഹുലിനൊപ്പം അവൾ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. പക്ഷേ വിവാഹം കഴിഞ്ഞ് ഏഴ് വർഷങ്ങൾക്കു ശേഷം സ്വപ്നയേയും രണ്ട് കുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് രാഹുൽ കടന്നു പോകുമെന്ന് ആരെങ്കിലും വിചാരിച്ചതാണോ. ജീവിതത്തിൽ സന്തോഷം വിതറി നിറഞ്ഞു നിന്ന സ്നേഹനിധിയായ ഒരാളുടെ പെട്ടെന്നുള്ള അസാന്നിധ്യം ആ കുടുംബത്തെ മൊത്തം പിടിച്ചു കുലുക്കിയിരുന്നു.

രാഹുലിന്‍റെ അച്‌ഛനുമമ്മയും സ്വപ്‌നയെ രാഹുലിന്‍റെ സ്ഥാനത്താണ് കണ്ടിരുന്നത്. അവൾക്ക് വിഷമമുണ്ടാകുന്ന രീതിയിൽ അവർ ഒരിക്കലും പെരുമാറിയിരുന്നില്ല. സ്വപ്‌നയും കുഞ്ഞുങ്ങളും അവർക്ക് അത്രയ്ക്ക് ജീവനായിരുന്നു.

പക്ഷേ സ്വപ്നയുടെ ഇളയമ്മ അതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ല. സ്വപ്‌നയെ ജീവനു തുല്യം സ്നേഹിച്ചിരുന്ന ഇളയമ്മ അവളുടെ ഭാവിജീവിതത്തെക്കുറിച്ചോർത്ത് വിഷമിച്ചു. അവളെ എത്രയും പെട്ടെന്ന് വീട്ടിൽ മടക്കിക്കൊണ്ടു വരണമെന്ന് അവർ സ്വപ്‌നയുടെ അമ്മയോട് പറഞ്ഞു.

“അവൾ ഞങ്ങൾക്കൊപ്പമല്ലേ കഴിയേണ്ടത്. അതാണ് ശരി.. ഇത് അവളുടെ വീടാ, ഇടയ്ക്ക് അവൾക്ക് ഇഷ്ടമുള്ളപ്പോൾ അവിടെയും വന്ന് താമസിക്കാം. കുറച്ചുനാൾ കഴിയട്ടെ അവൾക്ക് നല്ലൊരു ഭർത്താവിനെ കണ്ടുപിടിക്കണം.” രാഹുലിന്‍റെ അമ്മയുടെ കണ്ഠമിടറി.

“ഇക്കാലത്ത് ഒരു പെണ്ണിന് യോജിച്ച ചെറുക്കനെ കണ്ടുപിടിക്കുന്നത് തന്നെ വല്യപാടാ, അപ്പോഴാ രണ്ട് കുട്ടികളുള്ള അവൾക്ക്…” ഇളയമ്മ ദയനീയമായി പറഞ്ഞു.

“നമ്മൾ ആത്മാർത്ഥമായി മനസ്സു വെച്ചാൽ നടക്കാത്തതെന്താ, എന്തെങ്കിലും ഒരു പോംവഴിയുണ്ടാവും. അവളുടെ സന്തോഷമല്ലേ വലുത്. അല്ലാതെ എന്നും വേദനിച്ച് ജീവിതകാലം കഴിച്ചുകൂട്ടണോ…” രാഹുലിന്‍റെ അമ്മയുടെ വാക്കുകൾ ദൃഢമായിരുന്നു.

എല്ലാവരുടേയും തീരുമാനപ്രകാരം കുറച്ചു ദിവസം സ്വപ്നയുടെ അമ്മയും കൂടി വീട്ടിൽ താമസിച്ചു. രാഹുലിന്‍റെ അനുജൻ ഹരികൃഷ്‌ണൻ യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകനും ഗവേഷണ വിദ്യാർത്ഥിയുമായിരുന്നു. ഹരികൃഷ്ണൻ രണ്ടാഴ്‌ച കൂടുമ്പോൾ വീട്ടിൽ വന്ന് കുട്ടികളെ കാണും. അവർക്കായി എന്തെങ്കിലും കൈയിലുണ്ടാവും. കുട്ടികൾക്ക് അത് വളരെ ആശ്വാസം പകർന്നു.

ഇളയച്ഛ‌നെന്നതിലുപരി ഒരച്‌ഛന് മക്കളോടുള്ള വാത്സല്യമായിരുന്നു ഹരികൃഷ്ണ‌ന് അവരോട് ഉണ്ടായിരുന്നത്. അവർക്ക് ഒരു കുറവും വരാതെ അയാൾ ആ കുടുംബത്തിന് കാവൽ നിന്നു. സ്വപ്‌ന പതിയെ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി. അവൾ അടുക്കളയിൽ കയറി രാഹുലിന്‍റെ അമ്മയെ സഹായിച്ചു തുടങ്ങി. അവളിലുണ്ടായ മാറ്റത്തിൽ കുട്ടികൾക്കായിരുന്നു ഏറെ സന്തോഷം.

“മോനേ, നീ വന്നു കഴിഞ്ഞാൽ പിള്ളേർക്കെന്ത് സന്തോഷമാ” ഒരിക്കൽ സ്വപ്‌നയുടെ അമ്മ ഹരികൃഷ്ണനോടായി പറഞ്ഞു.

“എനിക്കും അങ്ങനെ തന്നെയാ, അവിടെ അവധി ദിവസങ്ങളിൽ ഉറക്കവും വായനയും എഴുത്തുമായി കഴിച്ചു കൂട്ടുകയല്ലേ, അതിലെന്ത് രസം.”

“റിസർച്ച് കഴിഞ്ഞല്ലോ… ഇനി ഫ്രീ ആയല്ലോ.”

“ശരിയാ” ഹരികൃഷ്‌ണൻ തലയാട്ടി.

കുട്ടികളുടെ പരീക്ഷ കഴിഞ്ഞതോടെ സ്വനയ്ക്ക് തിരക്ക് കുറഞ്ഞു. സ്വപ്നയുടെ അമ്മ തിരികെ വീട്ടിലേയ്ക്ക് മടങ്ങിപ്പേയി. സ്വപ്നയ്ക്കും കുട്ടികൾക്കും ആ വീട്ടിൽ യാതൊരു കുറവുമുണ്ടാവുകയില്ല. അതോർത്ത് അവർ സമാധാനപ്പെട്ടു.

“രാഹുലിന്‍റെ അഭാവം ഒട്ടും അറിയിക്കാതെയാ അവർ അവളേയും കുഞ്ഞുങ്ങളേയും നോക്കുന്നത്. രാഹുലിന്‍റെ അച്‌ഛനും അമ്മയും വളരെ നല്ലവരാ.”

“അനിയൻ കല്യാണം കഴിയും വരെയേ ഇതൊക്കെ ഉണ്ടാവൂ. സ്വന്തം കുടുംബമായാൽ ചേട്ടന്‍റെ വിധവയേയും മക്കളേയും നോക്കാൻ മെനക്കെടുമോ? അവരുടെ ഇപ്പോഴത്തെ പെരുമാറ്റം കണക്കാക്കണ്ട. അവൾക്ക് സ്വന്തം കാലിൽ നില്ക്കാനുള്ള കാര്യപ്രാപ്‌തിക്ക് വേണ്ടിയാ,” ഇളയമ്മ സ്വപ്‌നയുടെ വീട്ടുകാരെ കുറ്റപ്പെടുത്തുന്ന മട്ടിൽ പറഞ്ഞു കൊണ്ടിരുന്നു.

ഒരിക്കൽ ഇളയമ്മ സ്വപ്‌നയുടെ വീട്ടിലെത്തി. ഹരികൃഷ്‌ണൻ വീട്ടിലുണ്ടായിരുന്നതിനാൽ കുട്ടികൾ വലിയ ഉത്സാഹത്തിലായിരുന്നു.

“അച്‌ഛന്‍റെ കുറവ് അറിയിക്കാതെയാ അവൻ കുഞ്ഞുങ്ങളെ നോക്കുന്നത്,” രാഹുലിന്‍റെ അച്‌ഛൻ സ്വപ്നയുടെ ഇളയമ്മയോടായി പറഞ്ഞു.

“നമുക്ക് അടുത്ത ബന്ധത്തിൽപെട്ട ഏതെങ്കിലും പെണ്ണിനെ ഹരിക്കുട്ടനു വേണ്ടി ആലോചിച്ചാലോ, അങ്ങനെയാവുമ്പോൾ വരുന്ന പെണ്ണിനും കുട്ടികളെ ഇഷ്‌ടമാവുകയും ചെയ്യും.” ഇളയമ്മ ഒരു നിർദ്ദേശം മുന്നോട്ടു വെച്ചു.

“പക്ഷേ അങ്ങനെയൊരു പെണ്ണിനെ…”

“അതൊക്കെ നമുക്ക് കണ്ടുപിടിക്കാം.” ഇളയമ്മ ഉത്സാഹത്തോടെ പറഞ്ഞു.

“ഈ വീട്ടിൽ സന്തോഷത്തിന്‍റെ നാളുകളുണ്ടാവണം.”

“തീർച്ചയായും വേണം, പക്ഷേ അതാദ്യം സ്വപ്നയുടെ ജീവിതത്തിലാ വേണ്ടത്.” രാഹുലിന്‍റെ അമ്മ പറഞ്ഞു.

“അവളെ ഒന്ന് സെറ്റിലാക്കിയ ശേഷം മതി ഹരിക്കൂട്ടാ കല്യാണം.” അമ്മ തറപ്പിച്ചു പറഞ്ഞു

“ങ്ഹാ, നിങ്ങൾ പറഞ്ഞത് ശരിയാണ്. സ്വപ്നയ്ക്കു വേണ്ടി എന്തെങ്കിലും ബിസിനസ് തുടങ്ങിക്കൊടുത്താലോ.” ഇളയമ്മ ഉത്സാഹം കൊണ്ടു.

“പക്ഷേ ജീവിക്കാൻ അതുമാത്രം പോരല്ലോ. അവൾക്ക് നല്ലൊരു ഭർത്താവിനെ കണ്ടുപിടിക്കണം.” രാഹുലിന്‍റെ അമ്മയുടെ കണ്ഠമിടറി.

“പക്ഷേ കുട്ടികൾ.. അവൾക്ക് അവരെ ഒരിക്കലും വിട്ടു പിരിയാനാവില്ലല്ലോ… അവരുടെ സംരക്ഷണം” ഇളയമ്മ സംശയം പ്രകടിപ്പിച്ചു.

“നിങ്ങൾ പറഞ്ഞതിലും കാര്യമുണ്ട്, പക്ഷേ അവളുടെ വിഷമമൊക്കെ മാറണം. എന്തെങ്കിലും പരിഹാരം കണ്ടെത്തിയേ തീരൂ. അവൾ ചെറുപ്പമല്ലേ.” അവരുടെ വാക്കുകൾ ഉറച്ചതായിരുന്നു.

ഒരു ഞായറാഴ്‌ച ദിവസം രാഹുലിന്‍റെ അച്‌ഛൻ ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും ഉടനെ വീട്ടിലെത്തണമെന്നും പറഞ്ഞ് സ്വപ്‌നയുടെ അച്‌ഛന് ഫോൺ ചെയ്തു.

“അവർ എന്താ പറയാൻ പോകുന്നതെന്ന് എനിക്കറിയാം,” ഫോൺ വന്ന വിവരമറിഞ്ഞ് ഇളയമ്മ പറഞ്ഞു.

“സ്വ‌പ്ന കല്യാണത്തിന് സമ്മതിക്കാത്തതു കൊണ്ട് നമ്മളെല്ലാവരും ചെന്ന് അവളെ കൂട്ടിക്കൊണ്ടു വന്ന് വീട്ടിൽ നിർത്തണമെന്നാവും അവർ പറയാൻ പോകുന്നത്.”

“അവർ അങ്ങനെയുള്ളവരല്ല, അവരെന്താണ് പറയാൻ പോകുന്നതെന്ന് കേട്ടിട്ടു പോരേ കാര്യങ്ങൾ തീരുമാനിക്കാൻ.” സ്വപ്‌നയുടെ അച്‌ഛൻ പറഞ്ഞു.

എല്ലാവരും കൂടി തിടുക്കപ്പെട്ട് രാഹുലിന്‍റെ വീട്ടിലെത്തി. അവിടെ സമാധാനപൂർണ്ണമായ അന്തരീക്ഷം. ഹരികൃഷ്‌ണനും അച്‌ഛനും അമ്മയുമൊക്കെ പതിവിലും കവിഞ്ഞ സന്തോഷത്തിലായിരുന്നു. എന്നാൽ സ്വപ്‌നയാകെ അസ്വസ്‌ഥയായിരുന്നു. അവളുടെ മുഖം അത് വിളിച്ചു പറയുന്നുമുണ്ടായിരുന്നു.

“ഞാൻ നേരത്തേ സൂചിപ്പിച്ചതു പോലെ സ്വപനയുടെ വിവാഹം ഉടൻ നടത്തണം.” രാഹുലിന്‍റെ അമ്മ സംസാരത്തിന് തുടക്കമിട്ടു.

“സ്വ‌പ്ന കുട്ടികൾക്കു മാത്രമായാണ് ജീവിക്കുന്നത്. അതുകൊണ്ട് ആ ഉത്തരവാദിത്തം അവൾ മറ്റാരുമായി പങ്കു വയ്ക്കാൻ തയ്യാറല്ല. സ്വപ്‌നയ്ക്ക് മാത്രമല്ല ഹരിക്കുട്ടനും ഇക്കാര്യത്തിൽ വാശിയുള്ള കൂട്ടത്തിലാ. അവൻ ആ കുഞ്ഞുങ്ങളെ ആർക്കും വിട്ടുകൊടുക്കുകയില്ല. അതുകൊണ്ട് അവരുടെ സംരക്ഷണം ഏറ്റെടുക്കാൻ അവൻ തയ്യാറാ, അതിനായി ജീവിതകാലം മുഴുവനും അവിവാഹിതനായി കഴിയാനും തയ്യാറാണ്.

രാഹുലിന്‍റെ അച്‌ഛൻ ഇടയ്ക്കു കയറി പറഞ്ഞു. “എനിക്കും അവന്‍റെ അഭിപ്രായത്തോട് യോജിപ്പേയുള്ളൂ. ഹരിക്കുട്ടന് പെണ്ണു കാണലിനോടോ, വിവാഹത്തോടോ താല്‌പര്യമേയില്ല.”

“എന്നാൽ സ്വപ്‌നയുമായിട്ടുള്ള വിവാഹത്തിന് അവനൊട്ട് എതിർപ്പുമില്ല.” രാഹുലിന്‍റെ അമ്മ പറഞ്ഞു.

“കുട്ടികളെ മറ്റൊരാളെ ഏല്‌പിക്കുന്നതിൽ രണ്ടുപേർക്കും താല്‌പര്യമില്ല. കുട്ടികൾക്ക് വേണ്ടിയാ രണ്ടുപേരും ജീവിക്കുന്നതും. കുട്ടികൾ ചെറുതാണല്ലോ, ആ സ്‌ഥിതിക്ക് അതിൽ യാതൊരു തെറ്റുമില്ല. പക്ഷേ അവർ മുതിർന്നു കഴിഞ്ഞാൽ ആളുകൾ അമ്മയേയും ഇളയച്‌ഛനേയും ചേർത്ത് ഓരോന്ന് പറഞ്ഞു നടക്കും. ആ അവസ്‌ഥയെ നേരിടാൻ അവർക്കാവുമോ? അങ്ങനെയൊരു സാഹചര്യമുണ്ടാകാതിരിക്കാൻ ഹരിക്കുട്ടനും സ്വപ്‌നയും തമ്മിൽ വിവാഹം ചെയ്യുകയാണ് വേണ്ടത്. പക്ഷേ സ്വപ്ന അതിന് സമ്മതിക്കുന്നില്ല.”

“മറ്റൊന്നുമല്ല അമ്മേ, എന്നേക്കാൾ നല്ലൊരു പെൺകുട്ടിയെ ഹരിക്ക് എന്തായാലും കിട്ടും. മാത്രമല്ല ഇനിയൊരു വിവാഹ ജീവിതത്തോട്…” സ്വപ്‌ന സങ്കടത്തോടെ പറഞ്ഞു.

“കുട്ടികൾ എന്‍റെയും കൂടി ജീവിതത്തിലെ ഭാഗമാണ്. അവരെ കൂടാതെ ചിന്തിക്കാൻ എനിക്കാവില്ല.” മറ്റാരെങ്കിലും എന്തെങ്കിലും പറയും മുമ്പേ ഹരികൃഷ്ണൻ പറഞ്ഞു.

*സ്വപ്ന, ഒരു കാര്യവും കൂടിയുണ്ട്. ഇക്കാര്യത്തിൽ ദയയോ മഹാമനസ്കതയോ വിചാരിച്ചിട്ടല്ല ഞാൻ വിവാഹത്തിന് മുതിരുന്നത്. അറിയാത്ത പെണ്ണിനെ കല്യാണം കഴിക്കുന്നതിനേക്കാൾ നല്ലതല്ലേ പരിചയമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നത്. സ്വ‌പ്നയെ കുറിച്ച് ഞാനങ്ങനെ സ്വപ്‌നം കണ്ട് നടന്നിട്ടൊന്നുമില്ല. ചേട്ടത്തിയുടെ സ്ഥാനത്തായിരുന്നുവെങ്കിലും ഞാനെപ്പോഴും ഒരു സുഹൃത്തിന്‍റെ സ്ഥാനത്താണ് സ്വപ്നയെ കണ്ടിരുന്നത്. ഈ തീരുമാനം എന്തുകൊണ്ടും ഉചിതമാണെന്നാണ് എന്‍റെ മനസ്സ് പറയുന്നത്.”

“വിവാഹം ചെയ്യുന്നത് രാഹുലിന്‍റെ ഓർമ്മകളോട് ചെയ്യുന്ന നീതികേടാണെന്നാ അവൾ കരുതുന്നത്. ഭാര്യയും കുഞ്ഞുങ്ങളും എന്നും സന്തോഷത്തോടെ കഴിയുന്നത് കാണാനാവും രാഹുൽ ആഗ്രഹിക്കുക. മരണം എല്ലാ സന്തോഷത്തിന്‍റെയും അവസാനമല്ലല്ലോ… കുട്ടികൾക്കും അത് വിഷമമാകില്ലേ… അച്‌ഛനെപ്പോലെ സ്നേഹിക്കുന്ന ഒരാൾ… ഹരിക്കുട്ടൻ അതിന് തയ്യാറായ സ്‌ഥിതിക്ക്… കുട്ടികൾക്ക് നീ കൊടുക്കുന്ന ഏറ്റവും വലിയ സന്തോഷമാവുമത്. നീ ആ സന്തോഷത്തെ അവരുടെ ജീവിതത്തിൽ നിന്നും മനഃപൂർവ്വം അടർത്തി മാറ്റരുത്.”

തന്നെ ജീവനു തുല്യം സ്നേഹിക്കുന്നവരോട് എന്തെങ്കിലും എതിർപ്പ് പ്രകടിപ്പിക്കാനോ അവരെ ധിക്കരിക്കാനോ സ്വപ്നയ്ക്ക് കഴിഞ്ഞില്ല.

സ്വപ്‌നയുടെ കണ്ണുകളിൽ ഈറൻ പടർന്നു. ചുവന്നു തുടുത്ത കവിളിണകളിലൂടെ കണ്ണീർ ഒഴുകിയിറങ്ങി. അവൾ കുട്ടികളെ ചേർത്തു പിടിച്ചുകൊണ്ട് എല്ലാവരോടും നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു. ഇടിവെട്ടി പെയ്‌ത മഴയ്ക്കു ശേഷം പരന്ന ഇളംവെയിലുപോലെ അവളുടെ പുഞ്ചിരി മുറിക്കുള്ളിൽ പ്രകാശം പരത്തി.

എന്‍റെ പിഴ എന്‍റെ വലിയ പിഴ

പള്ളി വികാരി ജോൺ വട്ടപ്പാറയിൽ എന്തിന് വൈദികവൃത്തി അവസാനിപ്പിക്കുന്നു എന്നത് ഇടവകയാകെ മുഴങ്ങിയ ചോദ്യമായിരുന്നു. ചോദ്യം ഒന്നും ഉത്തരങ്ങൾ പലതും ഇടവകയിൽ ആകെ അലയടിച്ചു.

ഏറെ മാന്യതയും പക്വതയും പുലർത്തി വന്ന പാതിരി എങ്ങനെ നസ്രാണികൾക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കുന്ന തീരുമാനത്തിലെത്തി എന്ന് ചോദ്യം ഇടവക കവിഞ്ഞ് നാട്ടിലാകെ പരന്നു.

മാന്യതയുടെ മൂടുപടമണിഞ്ഞ വികൃത മുഖമെന്നും അതല്ല മറ്റ് പലതുമാണെന്നും പ്രത്യക്ഷത്തിൽ ഒന്നും കാണാനാകാതെ വിശ്വാസികളും നാട്ടുകാരും പല ചിത്രങ്ങൾ വരച്ചും മായ്ച്ചും കൊണ്ടിരുന്നു.

സൂര്യൻ കത്തിക്കാളുന്ന ആ പകലിൽ പള്ളി മൈതാനത്ത് പോലീസ് ജീപ്പ് കണ്ട ഏതോ ഒരു വിശ്വാസിയിൽ നിന്നും അച്ഛനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയിരിക്കുന്നു എന്ന ശ്രുതി വിശ്വാസികളുടെ വികാരത്തിലേക്ക് കൊളുത്തപ്പെട്ട അഗ്നി പോലെ പടർന്നുകയറി.

പ്രമാണികളായ പള്ളിക്കമറ്റിക്കാരും കടുത്ത വിശ്വാസികളും ആവിശ്വാസികളും ആൾക്കൂട്ടമായി പള്ളിയിലേക്ക് കുതിച്ചു. റോഡിൽ നിന്നും ഉയർന്നുനിൽക്കുന്ന പള്ളിയുടെ എണ്ണിയാലോടുങ്ങാത്ത പടികൾ പാഞ്ഞു കയറി കിതാപ്പോടെ അവർ പള്ളിമുറ്റത്തു കൂട്ടം കൂടി.

എല്ലാ വേളകളിലും ശുഭ്രവസ്ത്രധാരിയായി മാത്രം കണ്ടിരുന്ന തങ്ങളുടെ പാതിരിയെ കറുത്ത ജീൻസും നൂൽ ചെളിയിൽ മുക്കി പതിപ്പിച്ച വർണ്ണാഭമായ ഉടുപ്പുമണിഞ്ഞു നിൽക്കുന്ന അച്ഛനെ കണ്ട വിശ്വാസികൾ അമ്പരന്നു.

ജോണച്ഛനോട് ബഹുമാനത്തോടെ ഇടപഴകി പിരിയുന്ന പോലീസിനെ നോക്കി അന്ധാളിപ്പോടെ വിശ്വാസ സമൂഹം പരസ്പരം സംശയങ്ങൾ ഉയർത്തുകയും ആശ്വസിക്കുകയും ചെയ്തു.

“അച്ഛൻ വല്ല കല്യാണം കഴിക്കാൻ പോവാണോ, അത് വല്ല കൊലേം നടത്തിയാ?” പ്രായമുള്ള മുന്തിയ കാരണവർ ഈപ്പാൻ ചേട്ടൻ അച്ഛന്‍റെ നേരെ ചോദ്യമെറിഞ്ഞു.

അതിനു മറുപടിയെന്നോണം യേശുവിനെ പോലെ നിഷ്കളങ്കമായി ചിരിക്കുകയും വേശ്യയെ കല്ലെറിഞ്ഞവരെ ശാസിച്ചവനെ പോലെ ചില ചോദ്യങ്ങളിലൂടെ വിശ്വാസികളെ അനുനയിപ്പിച്ച് തിരിച്ചുവിടുകയും ചെയ്തെങ്കിലും മടങ്ങുമ്പോൾവിശ്വാസത്തിന്‍റെയും വെറുപ്പിന്‍റെയും മനസുകളിൽ മിഥ്യാഭിമാനത്തിന്‍റെ വ്രണങ്ങളിലെ ഈച്ചകൾ ഉച്ചത്തിൽ ആർത്തുകൊണ്ടെയിരുന്നു.

പിറ്റേന്ന് നടുക്കത്തോടെയാണ് ആ നാടും ഇടവകയും ഉറക്കമുണർന്നത് ഒറ്റയും പെട്ടയും മുഴങ്ങുന്നതിനു മുന്നേ മുൻ കപ്യാർ തങ്കായി എന്ന തങ്കച്ചൻ സെമിത്തേരിക്കരികിലെ കാലപ്പഴക്കമുള്ള നാടൻ മാവിന്‍റെ നീണ്ട കൈകളിൽ തൂങ്ങിയാടുന്ന ചിത്രം സോഷ്യൽ മീഡിയ വഴി ദൃശ്യ ചിത്രങ്ങളായി ഇംഗ്ലീഷ് പ്രേത ചിത്രങ്ങളുടെ പോസ്റ്ററുകൾ പോലെ പ്രചരിച്ചു കഴിഞ്ഞിരുന്നു.

ഇടവകാംഗങ്ങളും നാട്ടുകാരാലും നിറഞ്ഞു കഴിഞ്ഞിരുന്ന സെമിത്തെരിയിൽ, ബോഡി വെട്ടിയിറക്കാൻ കുശനിയിൽ നിന്നും സ്റ്റീൽ കത്തിയുമായി പാഞ്ഞ കമ്മറ്റിയംഗം ജോർജിനെ ജോണച്ഛൻ തടഞ്ഞു. പോലീസ് വരുന്നതു വരെ ബോഡിയിൽ സ്പർശിക്കരുതെന്ന് സിഐയുടെ നിർദ്ദേശത്തെ പോലീസിന്‍റെ അഭാവത്തിൽ പലരും ചോദ്യം ചെയ്യുകയും മറ്റു പുതിയ കഥകളുമായി ജനക്കൂട്ടം അപ്രാപ്യമായ ഇരയുടെ മുന്നിലെ വേട്ട മൃഗത്തെ പോലെ വട്ടം കറങ്ങുകയും ചെയ്തുകൊണ്ടിരുന്നു.

ഏറെ താമസിയാതെ പോലീസ് എത്തുകയും സിഐ രമേഷ് ബാബുവുമായി ഒരു മണിക്കൂറോളം അച്ഛനും തങ്കച്ചന്‍റെ കുടുംബവും അടച്ചിട്ട മുറിയിൽ ചർച്ച നടത്തുകയും ചെയ്ത ശേഷം ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ എടുക്കുകയും ചെയ്തതോടെ ജനക്കൂട്ടം നിരാശയോടെ പിരിഞ്ഞു പോയി.

തങ്കച്ചന്‍റെ ഭാര്യയും ഇളയ മകൾ ജാൻസിയും ജോൺ അച്ഛന്‍റെ മുറിയിൽ കുറച്ചുനേരം തങ്ങുകയും ശേഷം നിറകണ്ണുകളോടെ ഓട്ടോയിൽ കയറിപ്പോവുകയും ചെയ്തതോടെ ചെവി വട്ടം പിടിച്ച് ആകാംഷയോടെ നിരീക്ഷണ ഭാവത്തിൽ ആ കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേർന്നെന്ന വണ്ണം ഒട്ടും തൃപ്തിയില്ലാതെ, ആശ്വാസത്തിനായി സ്വയം കഥകൾ മെനഞ്ഞ് ആൾക്കൂട്ടവും പതിയെ മടങ്ങി. അങ്ങനെ ആ അധ്യായം അവിടെ അവസാനിക്കുകയും വെറുപ്പിന്‍റെ ബലൂണുകൾ ആൾക്കൂട്ടം മനസ്സിലൂതി വീർപ്പിക്കുകയും അത് മെല്ലെ പൊട്ടിതെറിച്ചു കൊണ്ടിരിക്കുകയും ചെയ്തു കൊണ്ടെയിരുന്നു.

ബിഷപ്പ് ഹൗസിലെ വിശാലമായ മുറിയിൽ മെഴുകുതിരി കാലുകൾക്ക് കീഴെ മുഖാമുഖമായിരുന്ന പിതാവിന്‍റെയും ജോണച്ഛന്‍റെയും മുഖം ശാന്തമായിരുന്നു. നിശബ്ദത ഇടയ്ക്കിടെ തടം കെട്ടുകയും ഒഴിഞ്ഞു പോവുകയും ചെയ്തുകൊണ്ടിരുന്നു.

“കാനൻ വ്യവസ്ഥയിലെ 1388 ഒന്നിലെ കുമ്പസാര രഹസ്യത്തിന്‍റെ ലംഘനമെന്നത് പുരോഹിതന്‍റെ സ്ഥാനഭ്രഷ്ട് നിശ്ചയമായും നീതീകരിക്കപ്പെടെണ്ടതാണ്. പക്ഷെ… സ്വയം ഒരു സ്ഥാനത്യാഗത്തിന് മുതിരെണ്ടതുണ്ടോ?”

പിതാവിന്‍റെ ഗൗരവമേറിയ അടക്കം പറച്ചിലിൽ ജോൺ അച്ഛൻ സൗമ്യമായി പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്നാൽ തന്നിൽ നിന്നും ഒരു മറുപടി പിതാവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് അച്ഛന് തോന്നി.

“പിതാവേ ലഭിക്കണ്ട സ്നേഹമോ ലാളനയോ ലഭിക്കാതെ വളരാൻ വിധിക്കപ്പെട്ട ഓർഫണേജിലെ എത്രയോ കുഞ്ഞുങ്ങളിൽ ഒരുവളാണ് 12 വയസ്സുള്ള മരിയയും. ആ കുഞ്ഞിനെയാണ് അയാൾ ക്രൂരമായി നശിപ്പിക്കാൻ ശ്രമിച്ചത്. ദൈവ നിശ്ചയം പോലെ ആണ്ടു പ്രാർത്ഥനയോടെ മുന്നോടിയായി സെമിത്തേരി വരെ പോയതുകൊണ്ട് മാത്രമാണ് ആ കുഞ്ഞിനെയും ഒരു കുടുംബത്തെയും നമ്മുടെ സഭയെയും രക്ഷിക്കാൻ എനിക്ക് സാധിച്ചത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു പിതാവേ, അല്ലെങ്കിൽ…”

ഒന്ന് ആലോചനയോടെ നിർത്തിയ ശേഷം ജോണച്ഛൻ തുടർന്നു…

“എന്നാൽ ആ നരാധമൻ ആരാണെന്ന് മനസ്സിലാക്കാൻ കഴിയുന്നതിനു മുന്നേ ആ രാത്രിയുടെ മറവിൽ നിന്നും അപ്രതീക്ഷിതമായി എന്നെ തട്ടിത്തെറിപ്പിച്ച് അയാൾ ഇരുളിലേക്ക് ഓടി മറഞ്ഞു.” പിതാവിന്‍റെ മുഖത്ത് സംശയത്തിന്‍റെ നിഴലുകൾ വീണ്ടും പടർന്നു കയറി.

“ആ സമയത്ത് എങ്ങനെ ആ കുഞ്ഞ് അവിടെയെത്തി?”

“ആണ്ട് പ്രാർത്ഥനയുടെ ഒരുക്കങ്ങൾക്കായി എത്തിയതായിരുന്നു സിസ്റ്റെഴ്‌സും കുട്ടികളും. എല്ലാവരും തിരികെ പോയെങ്കിലും ആ കുഞ്ഞുമാത്രം എന്തോ അവളുടെ അപ്പന്‍റെ ശവാക്കല്ലറയ്ക്കു മുന്നിൽ തിരികെ മടങ്ങാതെ കുറച്ചു സമയമിരുന്നു. ആ സമയത്ത് മദ്യപിക്കാനോ മറ്റോ എത്തിയതായിരിക്കണം അയാളവിടെ.”

കുറച്ചുനേരം ജോണച്ചൻ നിശബ്ദനായി ഓർമ്മകളിലൂടെ വീണ്ടും സഞ്ചരിക്കുന്നതായി തോന്നി.

“അത്യാഹിതം ഒന്നും സംഭവിക്കാത്തതിനാലും എല്ലാവരുടെയും നന്മയെ കരുതിയും അത് അവിടെ അവസാനിക്കട്ടെ എന്ന് ഞാൻ കരുതി. എന്നാൽ ആ ചിന്ത എന്നെ വല്ലാതെ വേട്ടയാടി. ഏതാനും ദിവസത്തിനകം എനിക്ക് മുന്നിലെ കുമ്പസാരക്കൂട്ടിൽ ഞാൻ അയാളെ തിരിച്ചറിഞ്ഞു. പിതാവേ… എന്നെങ്കിലും അയാളെ ദൈവം എനിക്ക് മുന്നിലെത്തിക്കുമെന്ന എന്‍റെ വിശ്വാസം. ആ നീതിമാൻ സാധിച്ചു തരുകയായിരുന്നു.”

സഭയെ എങ്ങനെ പ്രതിരോധിക്കാം എന്ന സ്പഷ്ടമായ ബോധ്യമുളള പിതാവ് തന്‍റെ മുന്നിലിരിക്കുന്ന സഭാ നിയമങ്ങളുടെ ലംഘകനെന്ന മുദ്ര ചാർത്താൻ പോകുന്ന ജോൺച്ഛനെ ആർദ്രമായി നോക്കി മനുഷ്യത്വത്തിന്‍റെ വലിയ ഇടനാഴിയിൽ നിയമങ്ങളെന്ന സാങ്കേതികതയെ നീക്കിനിർത്തിയ ദൈവിക സ്പർശമാണ് അദ്ദേഹമെന്നു പിതാവിന് അറിയാമായിരുന്നു.

“ജോൺ അച്ഛനെ ഏതായാലും കുടുംബ വീട്ടിലൊക്കെ ഒന്ന് പോയി റിലാക്സ് ആയി വരൂ. ഞാൻ റോമിലേക്ക് എഴുതുന്നുണ്ട്. എല്ലാം നന്നായി വരും.”

സ്തുതി ചൊല്ലി കൈ മുത്തി ആത്മസംതൃപ്തിയോടെ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴേക്കും പിതാവിനെ ശബ്ദം ആകാംക്ഷയോടെ വീണ്ടും ഉയർന്നു…

“അപ്പോൾ അയാൾ…”

“ഇന്നലെ പള്ളിസെമിത്തെരിക്കരികിലെ മാവിൽതൂങ്ങി…” ഒന്ന് നിർത്തി പുതിയ ഖണ്ഡിക കൂട്ടി ചേർക്കുന്ന പോലെ ജോണച്ഛൻ തുടർന്നു.

“ഇതാണ് പിതാവേ ലോകം. കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ദുഷിച്ച വ്യക്തിയെ പോലെ മലിനമായ ഉൾപ്രാരണകളെ അത്‌ വെളിപ്പെടുത്തില്ല. എന്നാൽ ഇരുൾ പടരുമ്പോൾ ആ മൃഗം സധൈര്യം പുറത്തേക്കു കുതിക്കുക തന്നെ ചെയ്യും. എന്നാൽ ദൈവികമായ വെളിച്ചം അവനെ വേട്ടയാടികൊണ്ടിരിക്കുക തന്നെ ചെയ്യും.”

പിന്നിൽ ദൈവ സോസ്ത്രം ഉയരുന്നത് കേട്ട് ജോൺ അച്ഛൻ പുറത്തേക്ക് നടന്നു. ക്രൂശിതരൂപങ്ങളിലും അലേഖനം ചെയ്ത വിശുദ്ധരുടെ മുഖങ്ങളിലും ആ സമയം പീഡയുടെ വേദനകൾ ഇല്ലായിരുന്നു. പുത്രനെയോർത്തഭിമാനിക്കുന്ന പിതാവിന്‍റെ സംതൃപ്തിയായിരുന്നു ആ മുഖങ്ങളിലെല്ലാം…

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें