ഇടുക്കി ഹൈറേഞ്ചിലെ പാറക്കടവിൽ റബ്ബർ എസ്‌റ്റേറ്റിൽ നിന്നുള്ള മരം കോച്ചുന്ന തണുത്ത കാറ്റ് തോട്ടം തുടങ്ങുന്നിടത്തെ പാറക്കടവിൽ ബംഗ്ലാവിലേയ്ക്കും വീശിയെത്തി. മുതലാളിയുടെ ബെൻസ് കാർ കഴുകിത്തുടച്ച ശേഷം ജോലിക്കാരി കൊണ്ടു വച്ച ചായ അൽപാൽപമായി കുടിച്ചു കൊണ്ട് ഡ്രൈവർ സുകുമാരൻ ഗേറ്റിൽ നിന്ന് പത്രമെടുത്ത് എബ്രഹാം മുതലാളിക്ക് വായിക്കുവാൻ പാകത്തിന് സിറ്റൗട്ടിലെ ടീപോയിൽ വച്ചു.
മുതലാളിയുടെ തിയേറ്റർ കോംപ്ലക്സും കല്യാണമണ്ഡപവും മകൻ എബി തന്നെയാണ് നോക്കുന്നതെങ്കിലും തടി മില്ല് മുതലാളിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ തന്നെയാണ് ഇപ്പോഴും. സുകുമാരൻ ഡ്രൈവറായി എത്തിയിട്ട് ചുരുങ്ങിയ മാസങ്ങളേ ആയിട്ടുള്ളു. മുമ്പുണ്ടായിരുന്ന അറുപത് വയസ്സ് കഴിഞ്ഞ ഡ്രൈവർ പ്രായാധിക്യത്തിന്‍റെ അവശതകളും ചെറിയ അസുഖങ്ങളും കാരണം വിശ്രമ ജീവിതത്തിലേയ്ക്ക് കടക്കണമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും പറ്റിയ ഒരാളെ കിട്ടിയിട്ടേ മുതലാളി അതിന് സമ്മതം കൊടുത്തുള്ളൂ.
“സുകു, ബ്രേക്‌ഫാസ്‌റ്റ് കഴിച്ച് പെട്ടെന്ന് റെഡിയാകണം ഇന്ന് ഒന്നു രണ്ട് ഓട്ടം കൂടുതലുള്ളതാണ്." മുതലാളി പത്രം കയ്യിലെടുത്ത് സുകുവിനോട് പറഞ്ഞു. കേട്ടപാതി കേൾക്കാത്ത പാതി സുകു എബിയുടെ പ്ലസ്‌ടുവിനും ഒമ്പതിനും പഠിക്കുന്ന മക്കളെ സ്‌കൂളിലാക്കി വന്ന് കുളിച്ച് പ്രാതലും കഴിച്ച് റെഡിയായി കാറിനടുത്ത് നിന്നു.
ഹൈറേഞ്ചിന്‍റെ ഓരോ വളവുകൾ തിരിയ്ക്കുമ്പോഴും സുകുമാരൻ ചിന്തകളും താനിവിടെ വന്ന നാളുകളിലൂടെ സവാരി ചെയ്യുകയായിരുന്നു. മാസത്തിൽ ഒരുദിവസം മാത്രം അവധിയെടുത്ത് കോഴഞ്ചേരിയിൽ ഭാര്യവീട്ടിലെത്തി ഭാര്യയെയും ഏഴിലും അഞ്ചിലും പഠിയ്ക്കുന്ന മക്കളെയും കണ്ട് തന്‍റെ ചെലവ് കഴിഞ്ഞ് മിച്ചം വയ്ക്കുന്ന പൈസ ഭാര്യയെ ഏൽപ്പിച്ച് മടങ്ങുന്ന തനിക്ക് താമസവും ആഹാരവും എല്ലാം സൗജന്യമായി മുതലാളിയുടെ കാരുണ്യത്തിൽ നടക്കുന്നതു തന്നെ ഈശ്വരകൃപയാണെന്ന് അയാൾ ഓർത്തു.
താൻ കോമേഴ്സിൽ ബിരുദമെടുത്തതാണെന്ന് ഇടയ്ക്ക് എപ്പോഴോ മനസ്സിലാക്കിയ മുതലാളി തടിമില്ലിലെ കണക്കുകളുടെ മേൽനോട്ടം ചെറുതായിട്ടെങ്കിലും തന്നെ ഏൽപ്പിച്ചത് തന്നിലുള്ള വിശ്വാസത്തിന്‍റെ ഒരു അടയാളമായി അയാൾക്ക് തോന്നി. ഇടയ്ക്ക് സമയം കിട്ടുമ്പോൾ മില്ലിൽ തടിയറുക്കുന്നിടത്തെ ട്രോളിയിൽ ഒരാൾ കുറവാണെങ്കിൽ ഒരു കൈസഹായം ചെയ്യാറുള്ളതും അവർക്കിടയിലും ഒപ്പം മുതലാളിയുടെ കുടുംബത്തിലും ഒരു അംഗീകാരമായി എന്ന് മാസ ശമ്പളം വർദ്ധിപ്പിച്ച് തന്നപ്പോഴാണ് അയാൾക്ക് മനസ്സിലായത്.
വൈകിട്ട് നേരത്തെ വരുന്ന ദിവസങ്ങളിൽ കൊച്ചു മുതലാളിയുടെ ഇളയ മകന് സ്‌കൂളിലെ ചില വിഷയങ്ങളിൽ തന്‍റെ അറിവ് വച്ചുള്ള കാര്യങ്ങൾ പറഞ്ഞുകൊടുത്തു തുടങ്ങിയതോടെ അവരുടെ സുകുമാഷ് ആയിട്ടും ചില ദിവസങ്ങളിൽ ചമയമിടുന്നത് തനിക്ക് സന്തോഷം മാത്രമേ തന്നിട്ടുള്ളു. ഓരോന്ന് ചിന്തിച്ച് തടിമില്ലിൽ എത്തിയത് താൻ അറിഞ്ഞില്ല എന്നത് അയാൾ ആശ്ചര്യത്തോടെ ഓർത്തു.
മില്ലിൽ നിന്ന് പതിവിലും നേരത്തെ ഇറങ്ങുന്നു എന്ന് അറിഞ്ഞപ്പോൾ ഇന്നത്തെ ഡ്യൂട്ടി തന്‍റെ ഇവിടെയുള്ള അവസാനത്തെ ഡ്യൂട്ടിയാകുമെന്ന് അയാൾ ഒട്ടുമേ കരുതിയില്ല. തിരുവനന്തപുരത്തു നിന്ന് വരുന്ന സുഹൃത്തിനെ സ്വീകരിക്കുവാനായി വണ്ടി നേരെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി കാർ ഒതുക്കിയിട്ട് അയാൾ കാത്തു നിന്നു. മുതലാളി പ്രധാന ഗേറ്റിൽ നിന്ന് ട്രെയിനിൽ വന്നിറങ്ങിയ അതിഥിയെയും കൂട്ടി കാറിനടുത്തെത്തി.