ഫോൺ ചെയ്തപ്പോൾ അമ്മാൾ രാത്രി നല്ല ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ഉണർന്നതും കിടന്നു കൊണ്ട് തന്നെ ലൈറ്റിട്ട് പെട്ടെന്ന് ഫോൺ എടുത്തു. സേവ് ചെയ്യാത്ത ഒരു നമ്പർ. പണ്ട് ഏറെക്കാലം സർക്കാർ സർവ്വീസിലായിരുന്നപ്പോൾ കിട്ടിയ ഒരു ശീലം വച്ച് ആളെയറിയാത്ത ഇത്തരം കോളുകൾ കഴിയുന്നതും എടുക്കാറില്ലായിരുന്നു. എന്നാൽ റിട്ടയർമെന്‍റിന് ശേഷം ആ സ്വഭാവം കുറേശ്ശെയായി ഇപ്പോൾ മാറ്റിയെടുക്കുന്നുണ്ട്. എന്നിട്ടും രണ്ട് വട്ടം കൂടി ആലോചിച്ച ശേഷം അയാൾ ഫോൺ അറ്റൻഡ് ചെയ്യാൻ തന്നെ തീരുമാനിച്ചു കൊണ്ട് ടച്ച് ചെയ്തു.
"മാഷല്ലേ."
അമ്പത് വയസ്സു തോന്നിക്കുന്ന ഒരു പുരുഷ ശബ്ദം. പ്യൂണായിട്ട് ജോലിയിൽ കയറി ക്ലാർക്കായി റിട്ടയർ ചെയ്ത് താൻ ട്യൂട്ടോറിയലിൽ ആദ്യകാലങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട് എന്നത് ഒരു സത്യം തന്നെയാണ് എന്ന് അയാൾ ഓർത്തു. ആ സൗഹൃദങ്ങളിൽ ചിലർ മാഷ് എന്ന് ഇടക്ക് വിളിക്കാറുമുണ്ട്. പക്ഷെ ഇത് അവരാരുമല്ലല്ലോ. അയാൾ ഫോണിൽ സമയം നോക്കി. പതിനൊന്നരയായിരിക്കുന്നു. മറുപടിയൊന്നും കിട്ടാത്തതിനാലാകണം വീണ്ടും ചോദ്യം വന്നു.
“ഹലോ വേണു മാഷല്ലേ?"
അപ്പോൾ വിളിച്ചയാൾക്ക് തെറ്റിയിട്ടില്ല എന്ന് അയാൾക്ക് ഉറപ്പായി. സ്വസ്ഥമായ ഉറക്കം നഷ്ടപ്പെട്ടതിന്‍റെ നേരിയ നീരസം ഒട്ടുമേ ശബ്ദത്തിൽ കാണിക്കാതെ അയാൾ ചോദിച്ചു.
"അതെ ആരാ?"
"മാഷെ ഞാൻ ശ്രീകാന്ത് ആണ്. മാഷിന്‍റെ ശ്രീക്കുട്ടൻ." വീടിനടുത്ത് ട്യൂഷൻ പഠിപ്പിച്ച കുട്ടികളുടെ ഓർമ്മയിലുള്ള പേരുകളിൽ അടുത്തൊന്നും ഒരു സൗഹൃദവും പുതുക്കാത്ത ഒരു ശ്രീക്കുട്ടനെ അയാൾ മനസ്സിൽ ഒന്ന് പരതി നോക്കി. പിടികിട്ടിയില്ല എന്ന് കണ്ടിട്ടാവണം മറുതലക്കൽ നിന്ന് വീണ്ടും ശബ്ദം വന്നു.
“മാഷ് പണ്ട് കളക്ടറേറ്റിൽ ആദ്യമായി ജോലി കിട്ടി വന്നപ്പോൾ.”
"ഓക്കെ ഓക്കെ എനിക്ക് ഓർമ്മയുണ്ട് ശ്രീക്കുട്ടാ. പിന്നെ എന്താണ് വിശേഷം?" ശ്രീകാന്തിനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അയാൾ ഇടയിൽ കയറിപ്പറഞ്ഞു.
"മാഷെ ഞാൻ ഇപ്പോൾ ട്രെയിനിൽ കയറുകയാണ്. രാവിലെ ആറരയ്ക്ക് മാഷിന്‍റെ നാട്ടിലെത്തും. വാട്‌സാപ്പിൽ മാഷിന്‍റെ ലൊക്കേഷൻ ഇട്ടിരുന്നാൽ ഞാൻ വീട്ടിലെത്തിക്കൊള്ളാം. വിവരങ്ങളെല്ലാം അവിടെ വന്നിട്ട് പറയാം." എന്നു മാത്രം പറഞ്ഞ് ശ്രീക്കുട്ടൻ ഫോൺ വെച്ചു.
ലൈറ്റണച്ച് കിടന്നപ്പോൾ അയാളുടെ മനസ്സ് ഏറെ വർഷങ്ങൾ പുറകിലേക്ക് ഒരു യാത്ര തുടങ്ങി കഴിഞ്ഞിരുന്നു. അതെ കൃത്യം മുപ്പത്തിയഞ്ച് വർഷങ്ങൾ പുറകോട്ടുള്ള ഒരു ട്രെയിൻ യാത്ര. പുലർച്ചെ ടൗണിൽ എത്തിയ ട്രെയിനിൽ നിന്ന് ഇറങ്ങി കളക്‌ടറേറ്റ് കണ്ടുപിടിച്ച് വാച്ച്മാനെ കണ്ട് ആദ്യമായി ജോലി കിട്ടി ജോയിൻ ചെയ്യാൻ വന്നതാണെന്ന് പറഞ്ഞ് ഓർഡർ കാണിച്ച് കൊടുത്തതോടെ പിന്നീടുള്ള കാര്യങ്ങളെല്ലാം അന്ന് അയാൾക്ക് എളുപ്പമായി.
ജോലിക്ക് ചേർന്ന അന്നുതന്നെ താമസത്തിനുള്ള ഒരു മുറി സഹപ്രവർത്തകർ ശരിപ്പെടുത്തി തന്നത് ഈ ശ്രീകാന്തിന്‍റെ വീടായിരുന്നു എന്നതും പത്തിൽ തോറ്റതിനാൽ ഇനി പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചിരുന്ന ശ്രീകാന്തിന്‍റെ വീട്ടിലെ ഒരു ചായ്പ് മുറി പിന്നീടുള്ള മൂന്ന് വർഷക്കാലത്തെ അയാളുടെ മേൽവിലാസമായതും ഒരു മിന്നൽ പോലെ ക്ഷണത്തിൽ അയാളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.