നാണം കുണുങ്ങി സ്വഭാവമുള്ള സണ്ണി ഡിയോൾ പക്ഷേ സ്ക്രീനിൽ ചെയ്ത വേഷങ്ങൾ ഒക്കെ ക്ഷുഭിത യുവാവിന്‍റേതാണ്. റിയൽ ലൈഫിൽ വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന സണ്ണിയെ നാം സിനിമയിൽ കാണാറ് ഗർജ്‌ജിക്കുന്ന സിംഹമായാണ്. റോമാൻസ് ചെയ്തതിനേക്കാൾ കൂടുതൽ ആക്ഷനാണ് സണ്ണി ചെയ്തിരിക്കുന്നത്. 1983 ൽ ബേത്താബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സണ്ണി ഡിയോൾ വളരെ നീണ്ടകാലം തന്‍റെ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ സ്നേഹം നിലനിർത്തി.

കരിയറിലെ ഉയർച്ച താഴ്ചകളും ദേശ സ്നേഹം തുളുമ്പുന്ന സിനിമകളിലൂടെയുള്ള തിരിച്ചു വരവും സണ്ണിയെ വിസ്മയിപ്പിക്കുന്ന താരമാക്കിയിരുന്നു. ആക്ഷൻ ഹീറോ മനസ്സ് തുറക്കുന്നു.

സംവിധാനം കഠിനമായ ജോലിയാണ്

സത്യത്തിൽ സംവിധാനം വളരെ ടഫ് ആയിട്ടുള്ള കാര്യമാണ്. എനിക്ക് ആക്‌ടിംഗ് അനായാസമായി ചെയ്യാൻ കഴിയും പക്ഷേ സംവിധാനം അങ്ങനെയല്ല. നടന് ഷോട്ട് എടുത്ത ശേഷം സംവിധായകന്‍റെ മുഖത്തേയ്‌ക്ക് നോക്കിയാൽ ശരിയായോ ഇല്ലയോ എന്ന് മനസ്സിലാക്കാനാവും. പക്ഷേ സ്വന്തം അഭിനയം സ്വയം സംവിധാനം ചെയ്യുമ്പോൾ ഇതൊന്നും നടക്കില്ലല്ലോ. എല്ലാം നമ്മൾ തന്നെ തീരുമാനിക്കണം. ഷോട്ട് എടുത്ത ശേഷം ടീമേറ്റിനോട് ഫീഡ് ബാക്ക് ചോദിക്കേണ്ടി വരും. അല്ലെങ്കിൽ മോണിറ്ററിൽ പോയി നോക്കി വിലയിരുത്തണം. സ്വയം സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുമ്പോൾ ജോലി ഭാരം കൂടും.

മാത്രമല്ല സംവിധാന കുപ്പായം അണിയാനായി ഒരുപാട് എനർജിയും ആവശ്യമാണ്. മനസ്സും ശരീരവും ഒരുപോലെ വർക്ക് ചെയ്യേണ്ടതുണ്ട്. പല തരം സ്വഭാവ സവിശേഷതയുള്ളവരെ ഒന്നിച്ചു നിർത്തി. ജോലി പൂർത്തിയാക്കുക അൽപം ഡിപ്ലോമസി ഉള്ളവർക്കേ സാധിക്കൂ. ആത്മസംഘർഷത്തെ മറികടക്കാനും കഴിയണം. എങ്കിൽ മാത്രമേ സംവിധാനം സുഗമമായി നടക്കുകയുള്ളൂ. ഇതൊക്കെയാണെങ്കിലും ഞാൻ ഈ ജോലി നന്നായി ആസ്വദിക്കാറുണ്ട്.

ഞാൻ അഭിനയം തുടങ്ങിയ കാലത്ത് ജസ്റ്റ് കോളേജ് പാസായി വന്നതേയുണ്ടായിരുന്നുള്ളൂ. എന്‍റെ ആദ്യ സിനിമ ബേത്താബ് സംവിധാനം ചെയ്‌ത രാഹുൽ രാവലും ഞാനും തമ്മിൽ വലിയ പ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ക്യാമറയ്ക്ക് പുറകിലുള്ള കാര്യങ്ങളെപ്പറ്റി ഞാൻ രാഹുലിന്‍റെ അടുത്ത് നിന്നാണ് കൂടുതലും പഠിച്ചത്. 1999 ൽ ദില്ലഗി സംവിധാനം ചെയ്തു. അപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചു. ഖായൽ റിട്ടേൺസ് ചെയ്യുമ്പോൾ അത് നിർമ്മിക്കാനും ഞാനാഗ്രഹിച്ചത് ഞാൻ വിചാരിക്കുന്നപോലെ ചിത്രം ജനങ്ങളിൽ എത്തിക്കാൻ കൂടി വേണ്ടിയാണ്.

ഇനി മകന്‍റെ ഊഴം

എന്‍റെ മകൻ കരണിനെ അടുത്ത് തന്നെ സിനിമയിൽ ലോഞ്ച് ചെയ്യും. എന്‍റെ അച്‌ഛൻ ധർമ്മേദ്ര എന്നെ ബേത്താബിലൂടെയും അനിയൻ ബോബി ഡിയോളിനെ ബർസാത്തിലൂടെയുമാണ് വെള്ളിത്തിരയിൽ എത്തിച്ചത്. ഞങ്ങൾ രണ്ടാളും വന്നത് റൊമാന്‍റിക് സിനിമകളിലൂടെയാണ്. എന്‍റെ മകനെയും റോമാന്‍റിക് ചിത്രത്തിലൂടെ അരങ്ങത്ത് കൊണ്ടു വരാനാണ് ആഗ്രഹിക്കുന്നത്. അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്.

ഡിയോൾ കുടുംബത്തിലെ പുതുതലമുറക്കാരൻ അധികം വൈകാതെ നിങ്ങളുടെ മുമ്പിലെത്തും. അവനിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ട്. കരൺ നന്നായി പരിശ്രമിക്കുന്നുണ്ട്. കഠിനദ്ധ്വാനത്തേക്കാൾ വലുതായി ഒന്നുമില്ല എന്ന് ഞങ്ങൾ അവനെ പഠിപ്പിച്ചിട്ടുണ്ട്. അവൻ തന്‍റെ അച്‌ഛൻ 58-ാം വയസ്സിലും കഠിനമായി അദ്ധ്വാനിക്കുന്നതും ആക്ഷൻ സീനുകൾ ഡൂപ്പില്ലാതെ ചെയ്യുന്നതും കാണുന്നുണ്ട്. അവന്‍റെ മുത്തച്ഛനും അറുപതാം വയസ്സു വരെ ആക്ഷൻ ചെയ്‌തിരുന്നു. ഇതെല്ലാം കരണിന് ആത്മവിശ്വാസം നൽകാതിരിക്കില്ല.

എനിക്കിപ്പോഴും പേടിയാണ്

എന്‍റെ പപ്പ വളരെ ജോളി ടൈപ്പാണെങ്കിലും എനിക്കിപ്പോഴും പപ്പയെ പേടിയാണ്. ഇത് ഞങ്ങളുടെ കുടുംബ പാരമ്പര്യമാണ്. എന്‍റെ പപ്പയ്ക്ക് എന്‍റെ മുത്തച്ഛനെ പേടിയായിരുന്നു. എന്‍റെ മകനും എന്നോട് കളി തമാശ പറയാനുള്ള സ്വാതന്ത്യ്രം ഉണ്ടെങ്കിലും അവനും എന്നെ പേടിയാണ്. ഞങ്ങൾക്കിടയിൽ ജനറേഷൻ ഗ്യാപൊന്നുമില്ലെങ്കിലും ബഹുമാനത്താലുള്ള ഒരു അകൽച്ചയുണ്ട്. അത് നല്ലതാണ്. ഞാൻ എന്‍റെ മകനെ ഒരു കാര്യം പഠിപ്പിച്ചിട്ടുണ്ട്. ഒരിക്കലും മണ്ണിനെ മറന്ന് കളിക്കരുത്. എന്‍റെ പപ്പയും എന്നെ വളർത്തിയത് അങ്ങനെയാണ്. താരമെന്നത് ഒരു പുറം കുപ്പായം മാത്രമാണ്. ജീവിതത്തിൽ മൂല്യങ്ങളാണ് വലുത് താരപദവിയല്ല.

എന്‍റെ ആദ്യ സിനിമ

ഞാൻ ആദ്യ സിനിമ ചെയ്യുമ്പോൾ പൂർണ്ണമായ തയ്യാറെടുപ്പോടെയല്ല വന്നിരുന്നത്. ഞാനെല്ലാം പഠിച്ചത് സീനിയേഴ്സിൽ നിന്നാണ്. ഞാൻ ബേത്താബ് ചെയ്യുമ്പോൾ എങ്ങനെയാണ് ഒരു സിനിമ ഉണ്ടാവുന്നത് എന്ന് അറിയില്ലായിരുന്നു. പക്ഷേ അറിയാനുള്ള ആഗ്രഹം നന്നായി ഉണ്ടായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ എല്ലാം പഠിച്ചതിനു ശേഷമാണ് രംഗത്ത് വരുന്നത്. അറിയാത്തത് ഗൂഗിൾ ചെയ്‌ത് മനസ്സിലാക്കും. മേക്കപ്പിടുന്നതിന്‍റെ രഹസ്യം പോലും പഠിക്കും. മെറ്റിരിയലിന്‍റെ പ്രത്യേകതപോലും അറിയാം. സിക്‌സ് പായ്‌ക്ക് ബോഡി വരെ ശ്രദ്ധിച്ച് നിലനിർത്തും. ഇതൊക്കെയാണ് അഭിനയം എന്നാണ് ഇവരുടെ വിചാരം. വായനയും ജീവിത നിരീക്ഷണവും ഒന്നും ഇല്ല. ആക്ട്ടിംഗ് ഒഴികെ എല്ലാത്തിനും തയ്യാറെടുക്കും.

ഞാൻ വെറുതെയിരിക്കാറില്ല

അലസന്മാരെയാണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത്, വെറുതെയിരിക്കാൻ ഞാൻ ഇഷ്‌ടപ്പെടാറില്ല. ഇന്നും ഞാൻ അതിരാവിലെ ഉണരും. പണ്ടും അങ്ങനെ തന്നെയായിരുന്നു. ഒറ്റ ദിവസംപ്പോലും മുടങ്ങാതെ ഞാൻ വ്യായാമം ചെയ്യാറുണ്ട്. എന്ത് തിരക്കുണ്ടെങ്കിലും അതിന് തടസ്സം വരുത്താറില്ല. രാത്രി വൈകി ഷൂട്ട് കഴിഞ്ഞെത്തിയാലും പതിവ് ദിനചര്യകൾ അതിരാവിലെ ഉണർന്ന് ചെയ്യും. ഒഴിവ് കഴിവ് പറയുന്നവരെയും എനിക്ക് അംഗീകരിക്കാനാവില്ല. ഞാനിതു വരെ എത്തിയതിന്‍റെ പ്രധാന കാരണം എന്‍റെ ഉത്സാഹവും സപോർട്സും ആണ്. കായിക വിഷയത്തെ ആധാരമാക്കി സിനിമ ചെയ്യണം എന്നത് എന്‍റെ തുടക്കം മുതൽ ഉള്ള സ്വപ്നമായിരുന്നു. പലതവണ ശ്രമിക്കുകയും ചെയ്‌തു. പക്ഷേ നടന്നില്ല. ഇന്ന് അത്തരം ചിത്രങ്ങൾ ധാരാളം ഇറങ്ങുന്നുണ്ട്. ഞാൻ ക്രിക്കറ്റും, ഫുട്ബോളും, ബാസ്ക്കറ്റ് ബോളും കളിക്കാറുണ്ടായിരുന്നു. അതിനാലാണ് ഇന്നും എനിക്ക് സ്‌റ്റാമിന സൂക്ഷിക്കാൻ സാധിക്കുന്നത്. ഞാനും ശേഖർ കപൂറും ചേർന്ന് ഒരു സ്പോർട്സ് ചിത്രം പ്ലാൻ ചെയ്തിരുന്നു. ജിപി സിപ്പി നിർമ്മിക്കാമെന്നും ഏറ്റിരുന്നു. പിന്നെ അദ്ദേഹം അതിൽ നിന്ന് പിന്മാറിയതെന്തെന്ന് ഇന്നും അറിയില്ല.

റോമാൻസിന് പ്രായം തടസ്സമല്ല

എന്‍റെ പ്രായത്തിലുള്ള താരങ്ങളൊക്കൊ ഇപ്പോൾ റോമാൻസൊന്നും ചെയ്യുന്നില്ല. അനിൽ കപൂർ, ജാക്കി ഷറോഫ് ഒക്കെ അച്‌ഛൻ വേഷങ്ങളാണ് അധികവും ചെയ്യുന്നത്. ഗായൽ വൺസ് എഗെയ്നിൽ പിതാവിന്‍റെ വേഷമാണ് എനിക്ക്. എന്നു കരുതി ഞാൻ റൊമാൻസ് ചെയ്യില്ല എന്നൊന്നും ഇല്ല. റോമാൻസിന് പ്രായ പരിധിയില്ല. റോൾ നല്ലതാണെങ്കിൽ ആടി പാടാൻ ഞാൻ റെഡിയാണ്. നമ്മുടെ ഇൻഡസ്ട്രിയിൽ 50 നു മേലെയുള്ളവരാണ് ഇപ്പോഴും നല്ല റൊമാൻസ് ചെയ്യുന്നത്.

ആളുകൾക്ക് എന്നൊടൊപ്പം ജോലിചെയ്യാൻ വിമുഖതയാണ്. ചില താരങ്ങൾ എനിക്കൊപ്പം വർക്ക് ചെയ്യാൻ മടി കാട്ടുന്നു എന്നു ചിലർ പറയാറുണ്ട്. അത് എന്‍റെ പ്രശ്നമല്ല. ആരെങ്കിലും എനിക്കൊപ്പം അഭിനിയിക്കാൻ തയ്യാറാവുന്നില്ല എന്നത് എന്നെ സങ്കടപ്പെടുത്തുന്നില്ല. ഈ കാരണം കൊണ്ട് എനിക്ക് ആരോടും ദേഷ്യവുമില്ല. സൽമാനൊപ്പം എന്താണഭിനയിക്കാത്തത് എന്ന് ചോദിക്കാറുണ്ട്. ഞങ്ങൾ രണ്ടാൾക്കും യോജിച്ച സ്ക്രിപ്റ്റ് വരുമ്പോൾ അത് ആലോചിക്കാം. എനിക്ക് ആരുമായും കൂട്ട് കൂടുന്നതിൽ എതിർപ്പില്ല.

സെൻസറും ഞാനും

സെൻസർ ബോർഡിന്‍റെ പണി സർട്ടിഫിക്കറ്റ് കൊടുക്കലാണ്. അല്ലാതെ സിനിമയുടെ വില കുറക്കുന്നത് അവരുടെ ജോലിയല്ല. ഈയിടെ ചില പടങ്ങൾക്ക് കട്ട് നിർദ്ദേശിക്കുന്നത് നിർമ്മാതാക്കളെയും സംവിധായകരെയും ചൊടിപ്പിച്ചിട്ടുണ്ട്. സിനിമ സംവിധായകന്‍റെ കലയാണ്. തന്‍റെ സിനിമയിൽ എന്ത് വേണം എന്ന് നിശ്ചയിക്കേണ്ടത് സംവിധായകനാണ്. അല്ലാതെ സെൻസർ ബോർഡിലെ മെമ്പർമാരല്ല. കലയെയും കലാകാരനെയും നിയന്ത്രിക്കുന്നത് നല്ല പ്രവണതയല്ല.

और कहानियां पढ़ने के लिए क्लिक करें...