ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ ഭാര്യയോടൊപ്പം കണ്ടതിനു ശേഷം പൊതുവെ ദേഷ്യക്കാരനും അഹങ്കാരിയും ഗർവ്വും ഈഗോയും ആവശ്യത്തിലധികമുള്ള സുധിയെ അസ്വസ്ഥനും കോപാകുലനുമായിട്ടാണ് കാണപ്പെട്ടത്. ആ സിനിമയിലെ നായകന് തുല്യം ജീവിതം കൊണ്ടു നടക്കുന്ന സുധിയെ ഭാര്യ രജനിയാണ് ഈ സിനിമ കാണിച്ചു കൊടുത്തത്. അങ്ങനെയെങ്കിലും ഒരു മാറ്റം ഉണ്ടാവട്ടെ എന്ന് കരുതിയിട്ട്. പക്ഷേ സിനിമ കണ്ട ശേഷം സുധി അടിമുടി പിന്നെയും കലങ്ങി മറിഞ്ഞു.

അതിൽ പറയുന്നത് മുഴുവനും തെറ്റാണ്, സ്ത്രീകൾ അങ്ങനെയൊക്കെ തന്നെ ജീവിക്കേണ്ടവരാണ്, അങ്ങനെ ജീവിച്ചാൽ മതി എന്ന് സുധി രജനിയോട് തറപ്പിച്ചു പറഞ്ഞു. അല്ലെങ്കിലും താൻ മാത്രം ശരി എന്ന ചിന്ത വച്ചു പുലർത്തുന്ന ഒരാളായിരുന്നു സുധി. നാളെ നമ്മുടെ മോൾക്കാണ് ഈ ഗതി വന്നതെങ്കിലോ എന്ന രജനിയുടെ ചോദ്യത്തിന് നീ നിന്‍റെ കരിനാക്ക് വെച്ച് വേണ്ടാത്തതൊന്നും പറയല്ലേ എന്നൊരു താക്കീതായിരുന്നു മറുപടി. എന്തിനും ഏതിനും പുച്ഛത്തോടെ അടച്ചാക്ഷേപിക്കുക എന്നത് സുധിയുടെ ഒരു ശീലമായിരുന്നു. ഉത്തരം മുട്ടിയാലോ… കൊഞ്ഞനം കാട്ടുന്ന പ്രവണതയും.

ഈ സിനിമ കണ്ട ശേഷം ഒരിക്കൽ സുധിയും രജനിയും മോളും കൂടി ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വേസ്റ്റ് മനപ്പൂർവ്വം മേശ മേൽ പരത്തി ഇട്ടു സുധി. സുധിയേട്ടൻ എന്താ ഈ കാണിക്കുന്നേ എന്ന് രജനി ചോദിച്ചപ്പോൾ “ഇവിടെ ക്ലീനിംഗ് സ്റ്റാഫ് ഉണ്ട്. അവർക്ക് ശബളം കിട്ടുന്നതൊക്കെ ഇതിനൊക്കെ കൂടിയാണ്. പണിയെടുക്കാതെ അങ്ങനെ അവർ ശബളം വാങ്ങണ്ട.” ആ സിനിമയോടും തന്നോടും കൂടിയുള്ള പ്രതികാരമായിട്ടാണ് രജനിക്കത് തോന്നിയത്.

“പപ്പാ… യു ആർ കൾച്ചർലെസ്സ്” മകൾ പറഞ്ഞു.

“അതേടി നിന്‍റെ പപ്പ കൾച്ചർലെസ്സ് തന്നെയാ… അതുകൊണ്ടാണ് പപ്പയ്ക്ക് മമ്മിയെ കെട്ടേണ്ടി വന്നത്.” ഇതും പറഞ്ഞ് സുധി ഉറക്കെ ഉറക്കെ ചിരിച്ചു.

“അതിനും എന്തിനാ അമ്മയെ കുറ്റം പറയുന്നേ” മോള് ചോദിച്ചു.

കഴിച്ചു കഴിഞ്ഞെങ്കിൽ വേഗം എണീക്ക് എന്നൊരു താക്കീതായിരുന്നു മറുപടി. സ്വന്തം കാര്യത്തിൽ മഹാവൃത്തിക്കാരനായിരുന്നു സുധി. ഷർട്ടിലോ മുണ്ടിലോ മറ്റോ ചെറിയൊരു അഴുക്കു പറ്റിയാൽ അത് ഉടനെ മാറ്റും. വീടിനടുത്തു തന്നെയാണ് ഓഫീസ് എന്നതിനാൽ ഉച്ചയ്ക്ക് സ്വന്തം കാറിൽ ഉണ്ണാൻ വരും. ഉച്ചയ്ക്ക് ശേഷം വേറെ ഷർട്ട് ഇട്ടിട്ടാണ് പോവുക. അത്ര വൃത്തിക്കാരനും കണിശക്കാരനും അതോടൊപ്പം താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന് വിശ്വസിക്കുന്ന പിടിവാശിക്കാരനും ആയിരുന്നു സുധി.

ഒരു ദിവസം രാവിലെ എണീറ്റ് രജനി താൻ തലേന്ന് രാത്രി കണ്ട സ്വപ്നം സുധിയോട് പറഞ്ഞു. സ്വപ്നം വേറൊന്നുമല്ല. സുധിയെ വിട്ട് രജനി വേറെ കല്യാണം കഴിക്കുന്നു. രജനിയുടെ ഇഷ്ടങ്ങൾ പറയാതെ അറിഞ്ഞു ചെയ്യുന്ന ഒരാളെ. അടുക്കളയിൽ അയാൾ അവളെ സഹായിക്കുന്നു, വസ്ത്രങ്ങൾ കഴുകി ഉണക്കുന്നു, ഇസ്തിരിയിടുന്നു, ഇടയ്ക്കിടെ വന്നു കെട്ടിപ്പിടിക്കുന്നു, ഉമ്മ വെക്കുന്നു അങ്ങനെ അങ്ങനെ വളരെ റൊമാന്‍റിക് ആയുള്ള ജീവിതം. ഇതെല്ലാം കേട്ടു കഴിഞ്ഞ ശേഷം സുധി ചോദിച്ചു.

“ബെഡ് ഷെയറിങ്ങിലും അവൻ എന്നേക്കാൾ മിടുക്കനായിരുന്നോ?”

എവിടെ നിന്നില്ലാത്ത ദേഷ്യത്തോടെ രജനി പറഞ്ഞു. “അതിന്‍റെ മുന്നിൽ നിങ്ങൾ ഒന്നുമല്ല.” അലക്കാനിട്ടിരുന്ന തുണികൾ ഓരോന്നായി അവൾ ശക്തിയിൽ അലക്കു കല്ലിൻമേൽ അടിച്ചു തിരുമ്മി. അന്ന് സുധി ചായ കുടിച്ചില്ല. ഓഫീസിൽ പോയെങ്കിലും ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വന്നില്ല. ഉച്ചയൂണിന് കാണാതായപ്പോൾ രജനി സുധിയെ ഫോണിൽ വിളിച്ചു നോക്കി. പത്ത് മിനിറ്റിനു ശേഷം സുധി വന്നു. “പോട്ടേ ഞാൻ തമാശ പറഞ്ഞതല്ലേ…” സുധി പറഞ്ഞു. അന്ന് ഉച്ചയ്ക്ക് ഊണ് കഴിക്കുമ്പോ പതിവിനു വിപരീതമായി സുധി പറഞ്ഞു.“രജനി…. ആ വേസ്റ്റ് ഇടാനുള്ള പാത്രം എടുത്തു കൊണ്ടു വന്നേ…”

രജനി ഞെട്ടിപ്പോയി. മാറ്റങ്ങൾ വന്നു തുടങ്ങിയോ എന്നവൾ അതിശയപ്പെട്ടു. വേറൊരു ദിവസം അന്ന് ഞായറാഴ്ച ആയിരുന്നു. രാവിലെ ചായ കുടിക്കാൻ വിളിച്ചിട്ടും സുധി വരുന്നില്ല. അവൾ ചെന്ന് നോക്കുമ്പോൾ മൊബൈലിൽ ചാറ്റിംഗിലും വോയിസ് മെസ്സേജുമാണ്, ഓഫീസ് ഗ്രൂപ്പിൽ. തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത സുധി തന്‍റെ മുടന്തൻ ന്യായങ്ങൾ നിരത്തി മുന്നേറുകയാണ്.

“എനിക്ക് പണമുണ്ടെങ്കിൽ ഞാൻ എന്‍റെ ഇഷ്ടം പോലെ ജീവിക്കും. എനിക്ക് യാതൊരുവിധ സോഷ്യൽ കമ്മിറ്റ്മെന്‍റും ഇല്ല. എനിക്ക് മുകളിൽ ഞാൻ ആരെയും സ്‌ഥാപിച്ചിട്ടില്ല. എല്ലാം എല്ലാം എന്‍റെ കീഴിൽ തന്നെ.” മറുപടിയായി വന്ന വോയിസ് രജനിയും കേട്ടു.

“ഞാൻ എന്‍റെ മുകളിൽ കാണുന്നത് ഇന്ന് നമ്മൾ അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങൾക്കും കാരണക്കാരായ ശാസ്ത്രജ്ഞന്മാരെയാണ്. സുധി അവരെയും അംഗീകരിക്കുന്നില്ല എന്നാണോ. സുധിയ്ക്ക് യാതൊരുവിധ സാമൂഹിക ഉത്തരവാദിത്തവും ഇല്ലെന്നാണോ?”

തിരിച്ച് സുധിയുടെ വോയ്സ്

“അംഗീകരിക്കുന്നില്ല. ഓരോ കാലഘട്ടത്തിനും അതാവശ്യമായിരുന്നു ഈ പറഞ്ഞ കണ്ടുപിടുത്തങ്ങൾ. എന്നു വച്ച് അവരെ നമ്മുടെ മുകളിൽ സ്‌ഥാപിക്കാനോ നമുക്ക് സോഷ്യൽ കമ്മിറ്റ്മെന്‍റ് ഉണ്ടെന്ന് പറയാനോ പറ്റില്ല. നമ്മൾ ഉണ്ടാക്കുന്ന കാശു കൊണ്ട് നമ്മൾ തോന്നിയ പോലെ ജീവിക്കും. സോറി നമ്മളല്ല. ഞാൻ അതിനു സോഷ്യൽ കമ്മിറ്റ്മെന്‍റിന്‍റെ ആവശ്യം തീരെയില്ല. ലളിത ജീവിതം എന്നതു തന്നെ ഒരു തെറ്റായ പ്രവണതയാണ്.“ചേട്ടാ… ചായ”

“ഗ്രൂപ്പിലെ ചർച്ചകൾക്കിടയിൽ എന്നെ ശല്യപ്പെടുത്തരുതെന്ന് എത്ര തവണ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഒന്ന് പോയേ മുന്നീന്ന്. അവളുടെ ഒരു ചായ.”

ഗ്രൂപ്പിലെ ദേഷ്യം മുഴുവൻ സുധി രജനിയോട് തീർത്തു. ഗ്രൂപ്പിലെ ചർച്ചയിൽ തന്‍റെ സുധിയേട്ടൻ ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു എന്നവൾക്ക് മനസ്സിലായി. പത്തു പതിനഞ്ചു മിനിട്ടുകൾക്ക് ശേഷം “ആർക്കും എന്‍റത്ര വിവരമില്ല, എല്ലാവർക്കും ആശയ ദാരിദ്യ്രമാണ്, എന്‍റെ തലച്ചോറിനോട് ഏറ്റുമുട്ടി ജയിക്കാൻ അവർക്കാർക്കും പറ്റുന്നില്ല” എന്നൊക്കെ അഭിമാനത്തോടെ പറഞ്ഞ് സുധി ചായ കുടിക്കാൻ വന്നിരുന്നു. സുധിയെ വെറുപ്പിക്കേണ്ട എന്ന് കരുതി അവസാനം എല്ലാവരും സുധി പറഞ്ഞതിനെയൊക്കെ സമ്മതിച്ചു കൊടുത്തതാണ് എന്ന് രജനിക്ക് മനസ്സിലായി. താനിത് എന്നും എത്രയോ തവണ ചെയ്യുന്നതാണ് എന്നവൾ മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. അതുപോലും തന്‍റെ ഭർത്താവിന് മനസ്സിലാവുന്നില്ലല്ലോ എന്നവൾ സങ്കടത്തോടെ ഓർത്തു.

അങ്ങനെ സന്തോഷത്തോടെ ചായ കുടിക്കാൻ വന്നിരുന്നപ്പോഴാണ് മേശപ്പുറത്ത് മകൾ കഴിച്ചതിന്‍റെ ബാക്കി പുട്ടും പഴവും അവൾ കഴിച്ച പാത്രത്തിൽ കാണുന്നത്. “നിനക്കിത് കളഞ്ഞിട്ട് പാത്രം കഴുകി വച്ചു കൂടെ?” സുധി അലറി. തിരിച്ച് രജനിയും അലറി.

“നിങ്ങള് വന്നിട്ട് ഒന്നിച്ചിരിക്കാം എന്ന് കരുതി. മോൾ കഴിച്ചതിന്‍റെ ബാക്കിയിൽ എനിക്കുള്ളത് എടുത്തിട്ട് ഞാൻ കഴിച്ചോളാം… എന്ന് കരുതി. പാത്രം ഞാനല്ലാതെ പിന്നാരാ ഇവിടെ കഴുകുന്നത്? സുധിയേട്ടൻ ഇന്നുവരെ അങ്ങനെ വല്ലതും ചെയ്തിട്ടുണ്ടോ?” രജനി ചോദിച്ചു.

“നിന്‍റെ സ്വപ്നത്തിലെ മറ്റവൻ വരുമെന്നായിരിക്കും ഉദ്ദേശിച്ചത്” സുധി പറഞ്ഞു.

“സ്വപ്നത്തിലാണെങ്കിലും നല്ലൊരു ജീവിതമായിരുന്നു അത്” രജനിയും വിട്ടു കൊടുത്തില്ല. സുധി പിന്നൊന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ച് വേസ്റ്റ് അതിന്‍റെ പാത്രത്തിൽ തന്നെ ഇട്ടിട്ട് മിണ്ടാതെ എണീറ്റു പോയി. രജനി ഉള്ളു നിറയെ ചിരിച്ചു. പാവം സുധിയേട്ടൻ.

ഒരു ദിവസം അലക്കിത്തേച്ച വെള്ളമുണ്ടും വെള്ള ഷർട്ടും ഇട്ട് സുധി ഒരു കല്യാണത്തിന് പോകാനൊരുങ്ങി. കൂടെ പോകണമെന്ന് രജനിക്കും മോൾക്കും തോന്നിയെങ്കിലും കാറ് വർക്ക് ഷോപ്പിലാണ്. ബസിൽ പോകുമ്പോ മോൾ ഛർദിക്കും. അവിടെ എന്നോട് തർക്കിച്ചു ജയിക്കാൻ കുറേ പേരുണ്ടാവുമെന്നും അത് നിനക്ക് ബോറടിക്കുമെന്നും സുധി മുടന്തൻ ന്യായങ്ങൾ പറഞ്ഞു. കാറ് വർക്ക്ഷോപ്പിൽ ആണെന്നത് ശരി. ബാക്കി പറഞ്ഞതിൽ അവസാനം പറഞ്ഞത് കേട്ടപ്പോൾ കല്യാണത്തിന് വരുന്നില്ല എന്ന് രജനി പറഞ്ഞു.

“ഞാൻ വരുന്നത് വരെ നീ നിന്‍റെ സ്വപ്നത്തിലെ കെട്ടിയോനുമായി സംസാരിച്ചിരിക്ക്” എന്ന് പറഞ്ഞിട്ടാണ് സുധി പോയത്. അത് രജനിക്ക് നൊന്തു.

അമ്മേ അച്‌ഛനിന്ന് ബിരിയാണി കഴിക്കും അല്ലേ എന്ന മോളുടെ ചോദ്യത്തിന് അവിടെ പച്ചക്കറി സദ്യ ആയിരിക്കും മോളേ എന്നവൾ മറുപടി പറഞ്ഞു. “നമുക്ക് ഇന്നലത്തെ ലേശം ചോറുണ്ട് അത് ചൂടാക്കി കഴിക്കാം. പിന്നെ അമ്മ മോൾക്ക് മീൻ വറുത്തു തരാം” രജനി പറഞ്ഞു.

വറുത്ത മീൻ ഉണ്ടെങ്കിൽ പിന്നെ അവൾക്ക് വേറൊന്നും വേണ്ട. കുറച്ചധികം സമയം കഴിഞ്ഞില്ല. കോളിംഗ് ബെൽ ആരോ അടിക്കുന്ന ശബ്ദം കേട്ടാണ് രജനി വാതിൽ തുറന്നത്. നോക്കുമ്പോൾ മുന്നിൽ സുധിയേട്ടൻ. അലക്കി തേച്ച മുണ്ടിൽ ആകെ എന്തൊക്കെയോ പറ്റിയിരിക്കുന്നു.

“നീ വേഗം ഡെറ്റോൾ എടുത്തു കൊണ്ടു വന്നേ…” എന്നു പറഞ്ഞ് സുധി പുറകിലെ കുളിമുറിയിലേക്കോടി കാര്യം എന്തെന്നറിയാതെ രജനി പുറകെയും.

“എന്താ സുധിയേട്ടാ പറ്റിയത്?” ആധിയോടെ അവൾ ചോദിച്ചു.

“ഒന്ന് മിണ്ടാതെ പോയേ” എന്നൊരു ആട്ടായിരുന്നു അതിനുള്ള മറുപടി. കുളി കഴിഞ്ഞു വസ്ത്രം മാറി സുധി സിറ്റ് ഔട്ടിൽ വന്നിരുന്നു.

“എന്തുപറ്റി?” രജനി ചോദിച്ചു. സുധി ഒന്നും മിണ്ടാതെ ഒറ്റയിരിപ്പാണ്. രജനിക്കാണെങ്കിൽ ആധി കേറിയിട്ട് എന്തു ചെയ്യണമെന്ന് അറിയുന്നുമില്ല. കുറേനേരം കഴിഞ്ഞപ്പോൾ

“ഇവിടെ ആരുമില്ലേ? സുധിയേട്ടൻ ഓക്കേ ആണല്ലോ” എന്ന് ചോദിച്ച് അപ്പുറത്തെ വീട്ടിലെ രവി വീട്ടിലേയ്ക്ക് കയറി വന്നു.

“എന്താ രവീ… സുധിയേട്ടന് എന്താ പറ്റിയത്?” രജനി പേടിയോടെ ചോദിച്ചു. രവി നിന്ന് ചിരിക്കാൻ തുടങ്ങി.

“എന്താ പറ്റിയതെന്ന് പറ രവി…” രജനി കരച്ചിലിന്‍റെ വക്കത്തെത്തി.

”ഒന്നും പറയണ്ട ചേച്ചീ… ഈ സുധിയേട്ടന്‍റെ ഒരു കാര്യം. സുധിയേട്ടൻ കേറിയ ബസിൽ ഞാനും ഉണ്ടായിരുന്നു. രാവിലെ കറിക്ക് എന്തേലും വാങ്ങാൻ മാർക്കറ്റിലോട്ട് പോകാൻ. സുധിയേട്ടന് മൂന്ന് പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ഇരിക്കാൻ സീറ്റ് കിട്ടി. സൈഡിൽ. ബസിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഒരു പാവം ചെറിയ പെങ്കൊച്ച് നിക്കാൻ പറ്റാതെ തൂങ്ങി നിക്കുന്നത് കണ്ട് സുധിയേട്ടൻ അതിനെ പിടിച്ച് പുള്ളീടെ അടുത്തിരുത്താൻ നോക്കി. നടുക്കിരിക്കുന്ന ആള് അതിന് സമ്മതിച്ചില്ല. ആളൊരു തടിയനായിരുന്നു. അല്ലെങ്കിൽ തന്നെ മൂന്ന് പേർക്ക് ശരിക്കും ഇരിക്കാൻ പറ്റുന്നില്ല. അപ്പോഴാ ഒരു കൊച്ചിനേം പിടിച്ച് അഡ്ജസ്റ്റ് ചെയ്യാൻ പറയുന്നത്. എന്നയാൾ പറഞ്ഞു. നമ്മുടെ സുധിയേട്ടൻ വിട്ടു കൊടുക്കോ… അയാളോടുള്ള വാശിയിൽ കൊച്ചിനെ പിടിച്ച് അയാളുടെയും സുധിയേട്ടന്‍റെയും നടുക്കിരുത്തി”

“എന്നിട്ട് എന്തുണ്ടായി? ഒന്ന് വേഗം പറ രവീ…” രജനി ആകെ ടെൻഷൻ അടിച്ചു കൊണ്ട് ചോദിച്ചു. മോളും ആകെ പേടിച്ചു നിക്കുകയാണ്.

“എന്നിട്ടെന്താ അയാളോട് സുധിയേട്ടൻ തട്ടിക്കയറി. ഒരു കൊച്ച് ഉറക്കം തൂങ്ങി ബുദ്ധിമുട്ടി നിക്കുന്നത് തനിക്ക് കണ്ടൂടെ… മനുഷ്യത്വം വേണമെടോ എന്നൊക്കെ പറഞ്ഞ്.”

“എന്നിട്ട് അയാൾ വല്ലതും ചെയ്തോ സുധിയേട്ടനെ? പറ… എന്നിട്ടെന്തുണ്ടായെന്ന് പറ” രജനി നിന്ന് വിറയ്ക്കുകയാണ്.

“എന്നിട്ടെന്തുണ്ടാവാൻ… കുറച്ച് കഴിഞ്ഞപ്പോൾ ആ കൊച്ച് അയാളുടെ മടിയിൽ ഛർദിച്ചു. പകുതി സുധിയേട്ടനും കൊടുത്തു. രവി ഇരുന്ന് ചിരിക്കാൻ തുടങ്ങി.

ഇത്രയും കേട്ടപ്പോൾ മോള് ഉറക്കെ പൊട്ടിച്ചിരിച്ചു.“അങ്ങനെ വേണം അച്ഛന്. ഞാൻ ഛർദിക്കും എന്ന് പറഞ്ഞ് എന്നെ കൊണ്ടു പോവാഞ്ഞതല്ലേ… അങ്ങനെ വേണം” അവൾ പറഞ്ഞു. രജനിക്കും ചിരി അടക്കാൻ പറ്റിയില്ല.

“ചേച്ചീ എന്തോരം തെറിയാ അയാൾ പറഞ്ഞത്. പലതും ഞാൻ ആദ്യമായിട്ട് കേൾക്കാ…”

“എന്നിട്ട് പിന്നെന്ത് സംഭവിച്ചു?” രജനി ചോദിച്ചു.

“ഡ്രൈവറോട് വണ്ടി നിർത്താൻ കണ്ടക്ടർ പറഞ്ഞു. എന്നിട്ട് രണ്ടു കുപ്പി വെള്ളം ബസിൽ ഉണ്ടായിരുന്നത് എടുത്ത് രണ്ടാളുടെയും ഡ്രെസ്സിൽ ഒഴിച്ചു കൊടുത്തു. ഒരു അഡ്ജസ്മെന്‍റ് കഴുകൽ. ആ കൊച്ച് രാവിലെ ഇഡ്ഡലിയും സാമ്പാറും ആണെന്ന് തോന്നുന്നു രാവിലെ കഴിച്ചത്.” രവി ചിരിക്കിടയിൽ പറഞ്ഞൊപ്പിച്ചു.

“ഇനി ഇതൊക്കെ ആരാ കഴുകേണ്ടത് ഞാൻ തന്നെയല്ലേ?” രജനി ചിരിച്ചു കൊണ്ട് ചോദിച്ചു. സുധി ഒന്നും മിണ്ടാതെ അണ്ടിപോയ അണ്ണാനെ പോലെ ഇരിക്കുകയാണ്. കുറച്ച് നേരം കൂടി തമാശ പറഞ്ഞ് രവി പോയി.

“പോട്ടേ…. സാരമില്ല. വാ ചോറുണ്ണാം. ഇന്നലത്തെ ചോറ് ചൂടാക്കിയതാണുള്ളത്.” അവൾ പറഞ്ഞു. പൊതുവേ തലേ ദിവസത്തെ ചോറ് കഴിക്കാത്ത സുധി ഒന്നും മിണ്ടാതെ രജനിക്ക് പിന്നാലെ പോയി ഊണ് കഴിച്ചു. അച്‌ഛനൊരു ബിരിയാണി നഷ്ടമായല്ലോ എന്ന് മകൾ കളിയാക്കി കൊണ്ട് പറഞ്ഞു.

അന്ന് രാത്രി മോള് ഉറങ്ങിയതിനു ശേഷം സുധി രജനിയോട് പറഞ്ഞു. “ഞാൻ ഒരിക്കലും നീ ആഗ്രഹിക്കുന്ന തരത്തിലുള്ള ഭർത്താവ് അല്ലല്ലോ?”

“അതെന്താ സുധിയേട്ടാ അങ്ങനെ ചോദിച്ചത്?”

അല്ലാ ഞാൻ ഒരു കാര്യത്തിലും നിന്നെ സഹായിക്കുന്നില്ല. എല്ലാം നീ ഒറ്റയ്ക്ക് ചെയ്യണം. നീ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടല്ലേ? ശരിക്കും പറഞ്ഞാൽ എനിക്ക് വല്ലാത്ത ഈഗോ ആണ് രജനീ. അതാണ് എന്നെ ഇന്നത്തെ മനുഷ്യനാക്കുന്നത്. എനിക്കൊരു സൈക്യാട്രിസ്റ്റിനെ കാണണം. ഈ കോംപ്ലെക്സും ഈഗോയും മാറ്റണം. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ഭർത്താവിനെ പോലെ തന്നെയാണ് ഞാനും. എനിക്കിനി അങ്ങനെ ആവണ്ട.” രജനി സുധിയെ സൂക്ഷിച്ചു നോക്കി. “സുധിയേട്ടൻ ആരെയും കാണേണ്ട. എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. സുധിയേട്ടൻ ഇങ്ങനെത്തന്നെ ആയാൽ മതി.

രണ്ടു മൂന്ന് ദിവസത്തിന് ശേഷം അന്ന് പതിവിലും വൈകിയാണ് സുധി വീട്ടിലെത്തിയത്. കൂടെ രവിയും ഉണ്ടായിരുന്നു. “കുറേ നേരമായി ഞാൻ വിളിക്കുന്നു. ഫോൺ സ്വിച്ചഡ് ഓഫ് ആണല്ലോ? എന്തുപറ്റി? എവിടെയെങ്കിലും പോയതാണെങ്കിൽ ഒന്ന് പറഞ്ഞിട്ട് പോവേണ്ട? എന്താ രവീ… അന്നത്തെപ്പോലെ വല്ല അക്കിടിയും പറ്റിയോ?” രജനി ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇല്ല ചേച്ചി. ചേട്ടൻ എന്നെയും കൂട്ടി ഒരു സ്ഥലം വരെ പോയതാ… എന്‍റെ ഒരു സുഹൃത്തായ ഒരു മനഃശാസ്ത്രജ്ഞനെ കാണാൻ.”

“എന്തിനാ സുധിയേട്ടാ ഓരോന്ന് ആലോചിച്ചു കൂട്ടിയിട്ട് ഇങ്ങനൊക്കെ? എന്നിട്ട് ഡോക്ടർ എന്താ പറഞ്ഞേ?” രജനി രവിയോട് ചോദിച്ചു.

“എന്ത് പറയാൻ… അവിടെ ചെന്നിട്ട് ഡോക്ടർ പറയുന്നതൊക്കെ തെറ്റാണെന്നും ഞാനാണ് ശരിയെന്നും സ്‌ഥാപിക്കാൻ ശ്രമിച്ചു. ഈ രീതിയിലാണോ ഡോക്ടർ രോഗികളെ ചികിത്സിക്കുന്നത് എന്നൊക്കെ ചോദിച്ചു.”

സത്യം പറഞ്ഞാൽ സുധിക്ക് ഒന്നും അറിയില്ല. സുധി വെറും പുറം പൂച്ച് മാത്രമാണെന്ന് ഡോക്ടർ പറഞ്ഞു. അറിവ് ഉണ്ടെന്ന് നടിക്കുന്നു എന്നല്ലാതെ ശരിക്കും സുധി ഒരു വട്ടപൂജ്യം ആണെന്ന് ഡോക്ടർ പറഞ്ഞു. അവിടെയുള്ള ഒരു കലണ്ടറിലെ ആനയെ കാണിച്ചിട്ട് ഈ ആനയെ കുറിച്ചു പോലും വ്യക്തമായ ധാരണ ഇല്ലാത്ത ആളാണ് സുധി എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഈ ആനയെന്താ ചേനത്തോട്ടത്തിലൂടെ നടന്നു വന്ന ആനയാണോ എന്ന് ഡോക്ടറോട് ചൂടായി പുച്ഛത്തിൽ ചോദിച്ചു.

പിന്നെ ആനയെന്താണെന്നും ചേനയെന്താണെന്നും എനിക്കറിയാം. നിങ്ങൾ ചേന തിന്നുമായിരിക്കും എന്നു കരുതി ഞാനും ചേന തിന്നണം എന്ന് പറയുന്നതിൽ അർത്ഥമില്ല. ചേന ഇഷ്ടമുള്ളവർ തിന്നട്ടെ എന്നെ അതിന് കിട്ടില്ല. നിങ്ങളെപ്പോലെയുള്ളവരെ തർക്കിച്ച് കീഴ്പ്പെടുത്തുക എന്നത് മാത്രമാണ് എന്‍റെ അജണ്ടയിലുള്ളത്. അതിന് സുധീ നമ്മളിപ്പോൾ ആനയെക്കുറിച്ചല്ലേ പറഞ്ഞത് ചേനയെ കുറിച്ചല്ലല്ലോ എന്ന് ഡോക്ടർ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ അതേ ആനയെ കുറിച്ച് തന്നെയാണ് നമ്മളിപ്പോൾ പറഞ്ഞു വന്നത്.

പക്ഷേ ഡോക്ടർക്ക് സംസാരിക്കാനുള്ള ആശയ ദാരിദ്യ്രം ഉണ്ടെങ്കിൽ പിന്നെ മിണ്ടരുത് എന്ന് സുധിയേട്ടൻ പറഞ്ഞു. പിന്നെ ചേച്ചീ ഡോക്ടർ, അവൻ എന്‍റെ ഒരു സുഹൃത്ത് കൂടിയാണ്. നമ്മളൊരു ഫ്രണ്ട്‍ലി വിസിറ്റിംഗിന് വന്നതല്ലേ സുധിയേട്ടാ എന്നൊക്കെ ഞാൻ പറഞ്ഞ് സമാധാനിച്ചപ്പോൾ സുധിയേട്ടൻ ഒന്നടങ്ങി. അതിന് ശേഷം ഡോക്ടർ പറയുന്നത് മുഴുവനും മിണ്ടാതിരുന്നു കേൾക്കാൻ സന്മനസ്സ് കാണിച്ചു.

ഡോക്ടർ പറഞ്ഞത് മുഴുവനും കേട്ടു കഴിഞ്ഞ് സുധിയേട്ടൻ പൊട്ടിക്കരഞ്ഞു. കുറേ നേരം ഈഗോയും എന്തൊക്കെയോ കോംപെക്സുമാണ് തന്നെ ഭരിക്കുന്നത് എന്ന അറിവ് സ്വയം ഉണ്ടെങ്കിലും അതൊന്നും അംഗീകരിക്കാൻ സുധിയേട്ടൻ തയ്യാറായിരുന്നില്ല.

മഹാന്മാരായ സാഹിത്യകാരന്മാരെയും പ്രശസ്തരായ കഴിവു തെളിയിച്ച സിനിമാ നടന്മാരെയും നടിമാരെയും ക്ലാസിക്കൽ നൃത്തം ചെയ്യുന്ന ലോകപ്രശസ്തരെയും വിവരമില്ലാത്ത തെണ്ടികൾ എന്നുവരെ സംസാരത്തിനിടയിൽ സുധിയേട്ടൻ വിശേഷിപ്പിച്ചിരുന്നു. അതൊക്കെ തന്‍റെ ഉള്ളിന്‍റെ ഉള്ളിലുള്ള അസൂയയുടെ ഭാഗമാണെന്നൊക്കെ ഇപ്പൊ സുധിയേട്ടൻ തിരിച്ചറിഞ്ഞു. ഈഗോയും കോംപ്ലക്സും മാറ്റി വച്ച, അതില്ലാത്ത പുതിയൊരു സുധിയേട്ടനാണ് ഇപ്പൊ നമ്മുടെ മുന്നിൽ നിൽക്കുന്നത്.” രവി പറഞ്ഞു തീർത്തു.

എന്തുപറയണം എന്നറിയാതെ ആകെ സ്തംഭിച്ചു തരിച്ചു നിൽക്കുകയാണ് രജനി. വലിയൊരു അപരാധിയെ പോലെ സുധിയും.“രണ്ടുപേരും ഇങ്ങനെ മിഴിച്ചു നിക്കാതെ സുധിയേട്ടന് നല്ലൊരു ചായ ഇട്ട് കൊടുക്കാൻ നോക്ക്. ഞാൻ പോണു വീട്ടിലേക്ക്” എന്ന് പറഞ്ഞ് രവി പടികളിറങ്ങി.

രജനി സുധിയെ നോക്കി നിന്നു. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ധാരധാരയായൊഴുകി. മോള് രവിയുടെ വീട്ടിൽ കളിക്കാൻ പോയത് നന്നായി. അല്ലെങ്കിൽ താൻ കരഞ്ഞാൽ അവളും കരഞ്ഞേനെ. രജനി മനസ്സിലോർത്തു.

“രവി പറഞ്ഞ പോലെ നല്ലൊരു ചായ ഇട്. എന്തെങ്കിലും എടുത്തു വെക്ക്. വിശക്കുന്നു.” സുധി പറഞ്ഞു. രജനി ചായ വെക്കാൻ അടുക്കളയിൽ കയറി. സുധി പിന്നാലെ ചെന്നു. രജനി ചായ ഇടുമ്പോൾ സുധി മേശപ്പുറത്തെ അടച്ചു വച്ച പാത്രം തുറന്നു നോക്കി. മോള് രാവിലെ കഴിച്ച പുട്ടിന്‍റെ ബാക്കി. സുധി അതിലേക്ക് ലേശം കറിയൊഴിച്ചു. “അയ്യോ ഇതൊന്നും സുധിയേട്ടൻ ചെയ്യണ്ട. ഞാൻ ചെയ്‌തോളാം. ഇങ്ങനൊന്നും വേണ്ട. ഇതിലൊന്നും എനിക്കൊരു ബുദ്ധിമുട്ടും ഇല്ല. ഞാൻ അടുക്കളയിൽ പണിയെടുക്കുമ്പോ മൊബൈലിൽ തന്നെ നോക്കിയിരിക്കാതെ എന്‍റടുത്തു വന്ന് എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരുന്നാൽ മാത്രം മതി. എനിക്കത്രയേ വേണ്ടൂ…” രജനിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“ഞാൻ നേടിയതൊന്നും അറിവല്ല രജനീ…”

രജനിയെ ചേർത്തു പിടിച്ചു കൊണ്ട് സുധി പറഞ്ഞു “എന്‍റെ അഹങ്കാരം, ഈഗോ,കോംപ്ലക്സ് ആരുടെ മുന്നിലും തോൽക്കരുത് എന്ന പിടിവാശി ഇതൊക്കെയായിരുന്നു എന്‍റെ പ്രശ്നം. മനഃശാസ്ത്രത്തിൽ എവല്യൂഷൻ ഇൻ മൂഡ് എന്ന് പറയുന്ന പലതരം മാനിയകളിൽ പെടുന്ന ഒന്ന്. വിവരമില്ലായ്മ ആയിരുന്നു അതൊക്കെ എന്ന് ഞാൻ ഇപ്പൊ തിരിച്ചറിഞ്ഞു. അറിവിനേക്കാളും നമുക്ക് വേണ്ടത് തിരിച്ചറിവാണ് എന്ന് എനിക്കിപ്പോ മനസ്സിലായി. സുധി പറഞ്ഞു നിർത്തി. രജനിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. “ഇന്ന് രാത്രി വേഗം ഊണ് കഴിക്കാം. അത് കഴിഞ്ഞ് നിന്‍റെ മൊബൈലിൽ ഇപ്പോഴും ആ സിനിമയുണ്ടല്ലോ. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. അത് ഒന്നൂടെ നമുക്ക് ഒന്നിച്ചിരുന്ന് കാണാം.”

കളി കഴിഞ്ഞ് ഓടി വന്ന മകളെയും ചേർത്തു പിടിച്ച് എന്തെന്നില്ലാത്ത സന്തോഷത്തോടെ രജനി സുധിയോട് ഒന്നു കൂടി ചേർന്നു നിന്നു.

और कहानियां पढ़ने के लिए क्लिक करें...