ഫഹദ് സാർ... ജീവിത വൃക്ഷത്തിന്‍റെ ശാഖയിൽ ഞാൻ നിങ്ങളെ കാത്തിരിക്കുന്നു. എന്നെങ്കിലുമൊരിയ്ക്കൽ അങ്ങ് എന്നെത്തേടി വരുമെന്ന പ്രതീക്ഷയോടെ... മനസ്സ് അറിയാതെ ഉരുവിട്ടു കൊണ്ടിരുന്നു.

മനസ്സിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ ഞാൻ നരേട്ടനുമായി ആവശ്യത്തിനും, അനാവശ്യത്തിനും കലഹിച്ചു. ഒരു പക്ഷേ ക്ഷമയുടെ നെല്ലിപ്പലകയിലെത്തിയ നരേട്ടന്‍റെ പ്രതികരണം ചിലപ്പോഴെല്ലാം മോശമായിക്കൊണ്ടിരുന്നു.

സ്വയം നിയന്ത്രിച്ചു നിർത്തിയ ആത്മനിയന്ത്രണം കൈവിട്ടകന്നതായിരിക്കാം അതിന് കാരണം. അപ്പോഴെല്ലാം നാലു കുഞ്ഞിക്കണ്ണുകൾ ഞങ്ങളെ അമ്പരന്ന് നോക്കി നിന്നു. തങ്ങളുടെ ജനനശേഷം ആദ്യമായിക്കാണുന്ന മാതാപിതാക്കളുടെ കലഹം അവരെ ഒട്ടൊന്നുമല്ല വേദനിപ്പിച്ചത്.

കോളേജിലും എന്‍റെ മനസ്സിന്‍റെ പ്രക്ഷുബ്‍ധത പ്രതിഫലിച്ചു. വിദ്യാർത്ഥികൾക്കിടയിൽ സൗമ്യശീലയായ അധ്യാപികയെന്നറിയപ്പെട്ടിരുന്ന ഞാൻ, ഇടയ്ക്കെല്ലാം പൊട്ടിത്തെറിച്ചു. അതുകണ്ട് അവർ അദ്ഭുതസ്തംഭരായി. ഒടുവിൽ ക്ലാസ്സെടുക്കാൻ കഴിയാതെ ഞാൻ കോളേജിൽ നിന്നും നീണ്ട കാലത്തേയ്ക്ക് അവധിയെടുത്ത് വീട്ടിൽ കഴിഞ്ഞു കൂടി.

“മാഡം, ആപ് കോ ക്യാ ഹുവാ? ആപ് കഭി ഭീ ഇസി തരഹ് നഹി ഹൈ...” എന്നെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥികളുടെ ചോദ്യശരങ്ങൾക്കു മുന്നിൽ ഞാൻ തലകുനിച്ചു നിന്നു.

അതെ... അധ്യാപികയായ ശേഷം ആദ്യമായിട്ടായിരുന്നു ഞാൻ വല്ലാതെ പൊട്ടിത്തെറിച്ചത്. വിദ്യാർത്ഥികളുടെ മുന്നിൽ എന്നും സൗമ്യശീലയായ അധ്യാപികയായിരുന്നുവല്ലോ ഞാൻ. എന്നാൽ എന്‍റെ ജീവിതത്തിലെ താളപ്പിഴകൾ അവരൊരിക്കലും അറിഞ്ഞിരുന്നില്ലല്ലോ... അവർക്കെന്നും പ്രിയപ്പെട്ട അധ്യാപിക മാത്രമായിരുന്നു ഞാൻ.

വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ അധ്യാപിക...

ദുരന്തപൂർണ്ണമായ ഒരു ഭൂതകാലം എനിക്കുണ്ടെന്നും, ആ ഭൂതകാലത്തിലെ ദുരന്ത നായികയാണ് ഞാനെന്നും, ആ ദുരന്തം എന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും അവരറിയുന്നില്ലല്ലോ എന്ന് ദുഃഖത്തോടെ ഞാനോർത്തു.

ഒടുവിൽ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനത്തിനായാണ് ഞാൻ അൽപം കാലത്തേയ്ക്ക് ലീവെടുത്ത് നാട്ടിലെത്തിയത്. അമ്മയുടെ സ്നേഹസാമീപ്യത്തിൽ എല്ലാം മറക്കാൻ. കരയിൽ പിടിച്ചിട്ട പരൽമീനിനെപ്പോലെ ഉഴറുന്ന മനസ്സിന്‍റെ ഉഛ്വാസ വായുവിനു വേണ്ടിയുള്ള പിടച്ചിലിൽ നിന്നും അൽപം മുക്തി നേടാൻ. അതിനു വേണ്ടിയാണ് നരേട്ടനോടു പോലും പറയാതെ ഞാൻ ഡൽഹിയിൽ നിന്നും വണ്ടി കയറിയത്. നാട്ടിലെത്തി അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുമ്പോൾ, എന്‍റെ തലയിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു.

“മോളെ മീരാ... നിന്‍റെ ഈ ഒളിച്ചോട്ടം ഒട്ടും ശരിയായില്ല. ഇങ്ങനെയായാൽ നീ എന്തിൽ നിന്നാണോ ഓടിയോളിക്കാൻ ശ്രമിക്കുന്നത് ആ വസ്തു നിന്നെ വീണ്ടും വീണ്ടും കീഴ്പ്പെടുത്തുകയെ ഉള്ളൂ. നിന്നെ അലട്ടുന്ന ദുഃഖ ചിന്തകളിൽ നിന്ന് മോചനം ലഭിക്കണമെങ്കിൽ നീ കൂടുതൽ ധൈര്യം ആർജ്ജിക്കണം. എല്ലാം മറക്കുവാനുള്ള ശ്രമം തുടരണം. മീരാ... ഒരു കുടുംബിനിയാണെന്നുള്ള കാര്യം നീ മറന്നു പോകുന്നു. നിന്‍റെ മക്കൾ അവർ നിന്നെക്കണ്ടാണ് വളരുന്നത്. അവർക്കു വേണ്ടിയെങ്കിലും നീ ഒരു നല്ല അമ്മയായി, ഭാര്യയായി ജീവിക്കണം. പഴയതെല്ലാം നീ മറക്കണം. നരന്‍റെ സ്നേഹത്തെ അംഗീകരിയ്ക്കണം.”

അമ്മയുടെ വാക്കുകൾ എന്നിൽ ജ്വലിച്ചു കൊണ്ടിരുന്ന താപാഗ്നിയെ ഊതിക്കെടുത്തി. ഒരാഴ്ച കഴിഞ്ഞു ഞാൻ ഡൽഹിയ്ക്കു തന്നെ മടങ്ങി. പക്ഷേ നരേട്ടൻ അപ്പോഴേയ്ക്കും ഒരു കലഹപ്രിയനായി മാറിക്കഴിഞ്ഞിരുന്നു. മനോനിയന്ത്രണം വിട്ടകന്നവരെപ്പോലെ അദ്ദേഹം എന്നോട് വീണ്ടും കലഹം തുടർന്നു. എന്‍റെ ഒളിച്ചോട്ടം അദ്ദേഹത്തെ പ്രകോപിപ്പിച്ചിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...