വൈവിധ്യം കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ ഗ്രാമങ്ങളും ഗ്രാമീണ ജീവിതങ്ങളും തേടിക്കൊണ്ടൊരു യാത്ര. അതും ഏകാന്തമായി. കൊച്ചിയിൽ നിന്ന് ഫെബ്രുവരി 7 നാണ് നിധി ശോശ കുര്യൻ തന്‍റെ ചുവന്ന റിനോൾട്ട് ക്വിഡ് കാറിൽ ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയത്. നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ 25000 കിലോമീറ്റർ യാത്ര ചെയ്‌ത് പറയാൻ ഒരുപാട് കഥകളുമായി നിധി കന്യാകുമാരിയിൽ മടങ്ങിയെത്തും.

കേരളത്തിൽ ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഒരു വനിത കാറിൽ ഇന്ത്യ ചുറ്റിക്കറങ്ങുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം, ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്ന സാഗര തീരദേശങ്ങളെയും ഗ്രാമങ്ങളെയും പർവ്വതങ്ങളെയും കാഴ്ചകളിൽ സന്നിവേശിപ്പിക്കാനാണ് നിധി ആഗ്രഹിക്കുന്നത്. കൊച്ചിയിൽ മൂവി പ്രൊഡക്ഷൻ ഹൗസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നിധി, മുമ്പും ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. യാത്രകളെ അത്രയേറെ സ്നേഹിക്കുന്ന നിധിയുടെ സോളോ ട്രിപ്പ് വിശേഷങ്ങൾ.

എക്സ്പീരിയൻസ് ഡ്രൈവർ

ഒരു ദിവസം 590 കിലോമീറ്റർ വരെ ഡ്രൈവ് ചെയ്‌തിട്ടുണ്ട്. യാത്രയുടെ തുടക്കത്തിൽ വിജയവാഡയിൽ നിന്ന് വിശാഖ പട്ടണത്തേക്കുള്ള യാത്ര ഒറ്റ സ്ട്രെച്ചിൽ ഡ്രൈവ് ചെയ്‌തു പോകാൻ ശ്രമിച്ചു. രാവിലെ തുടങ്ങിയ യാത്ര അന്ന് രാത്രി ഒരു മണിയ്ക്കാണ് അവസാനിപ്പിക്കാൻ കഴിഞ്ഞത്. നാട്ടിൽ നിന്നൊക്കെ ആളുകൾ എന്നെ വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട്, എക്സ്പീരിയൻസ്ഡ് ആയ ഡ്രൈവർ ആയി. ഇനി ജോലി റിസൈൻ ചെയ്‌താൽ പോലും ഡ്രൈവറായി ജോലി തുടരാമെന്ന്. ഇപ്പോൾ ഞാൻ രാവിലെ നേരത്തെ യാത്ര തുടങ്ങി, വൈകിട്ട് ഒരു ഡെസ്റ്റിനേഷനിൽ അവസാനിപ്പിക്കും. രാത്രി യാത്ര ഒഴിവാക്കി. യൂത്ത് ഹോസ്റ്റലിലോ, ഓൺലൈൻ വഴി ബുക്ക് ചെയ്‌ത് ഹോട്ടൽ റൂമുകളിലോ, പരിചയക്കാരുടെ സഹായത്തോടെയോ ഒക്കെ രാത്രി താമസം റെഡിയാക്കുകയാണ്.

സോളോ എന്ന അനുഭവം

ഞാൻ ഫെബ്രുവരി 7നാണ് കൊച്ചിയിൽ നിന്ന് യാത്ര തുടങ്ങിയത്. തുടക്കത്തിൽ യാത്രയുമായി സിങ്കാവാൻ പത്തു ദിവസമെങ്കിലുമെടുത്തു എന്നു പറയുന്നതാവും ശരി. ആദ്യ ദിവസങ്ങളിൽ ഒരുപാട് ഫോൺ കോൾ വരുമല്ലോ. സോളോ ട്രിപ്പ് പോയിട്ട് യാത്ര എന്ന ഫീലിലേക്ക് പോലും എത്താൻ ആ സമയങ്ങളിലൊന്നും സാധിച്ചില്ല. നമ്മുടെ പ്രിയപ്പെട്ടവരൊക്കെ വിളിക്കുമ്പോൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. അതിനാൽ ഏകാന്തതയുടെ സവിശേഷ ഫീലൊന്നും അപ്പോൾ കിട്ടിയില്ല. സോളോ എന്നു പറയുമെങ്കിലും ഒറ്റയ്ക്കല്ലല്ലോ നമ്മൾ. ഇപ്പോൾ യാത്ര തുടങ്ങിയിട്ട് 40 ദിവസം പിന്നിട്ടിരിക്കുന്നു. ശരിക്കും അതിന്‍റെ യഥാർത്ഥ തലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കോവിഡ് സേഫ്റ്റി മെഷറുകൾ.

കോവിഡ് ആയതുകൊണ്ടാണ്, ഓരോ സ്‌ഥലത്തും പരിചയമുള്ള ഇടങ്ങളോ വ്യക്തികളെയോ തന്നെ കണക്ട് ചെയ്യാൻ ശ്രമിക്കുന്നത്. തികച്ചും അൺസേഫ് ആയ സമയമാണല്ലോ ഈ കൊറോണക്കാലം. യാത്രക്കിടെ കൊറോണയെങ്ങാനും പിടിപെട്ടാൽ ശരിയാവില്ല. റിസ്ക്കാണെന്നു മാത്രമല്ല സോളോട്രിപ്പ് അസുരക്ഷിതമാണെന്നു ആളുകൾ പറയും. നന്നായി പ്ലാൻ ചെയ്‌ത് പോയാൽ സോളോ യാത്ര സേഫ് ആണ്. ഒരു യാത്രയ്ക്കായി കുറച്ചൊക്കെ പ്രിപ്പെയർ ചെയ്‌ത് പോയാൽ ഭംഗിയായി ഫിനിഷ് ചെയ്യാം.

എനർജിയാണ് എല്ലാം

സോളോ എന്നു പറയുമ്പോൾ തന്നെയറിയാം, അതു വ്യത്യസ്തമാണ്. ആദ്യമൊക്കെ യാത്ര തുടങ്ങിയത് സോളോ ആയിട്ടായിരുന്നില്ല. ഫ്രണ്ട്സിന്‍റെയും ഫാമിലിയുടെയും കൂടെയാണല്ലോ യാത്രകൾ കൂടുതലും. ഞാൻ ശരിക്കും എനർജിയിൽ വിശ്വസിക്കുന്ന ആളാണ്. നമ്മുടെ കൂടെയുള്ള ആളുകളുടെ എനർജി നമ്മളുമായി യോജിക്കുന്നതല്ലെങ്കിൽ നമ്മൾ ഭയങ്കരമായിട്ട് അഡ്ജസ്റ്റ് ചെയ്യും. നമുക്ക് പിന്നെ ആ ട്രാവൽ അത്ര കണ്ട് എൻജോയബിൾ ആവില്ല പിന്നെ. കൂടെയുള്ള ആളുകളുമായി സംസാരിച്ചു കൊണ്ടിരിക്കും. ഒറ്റക്കിങ്ങനെ ഒരു യാത്ര ആദ്യമായിട്ടാണ്. ഇന്ത്യക്കുള്ളിൽ നിരവധി യാത്ര ചെയ്‌തിട്ടുണ്ട്. അതെല്ലാം പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഉപയോഗിച്ചു കൊണ്ടായിരുന്നു. ഞാൻ പൊതു യാത്രാ സംവിധാനങ്ങൾ യൂസ് ചെയ്യാൻ ഇഷ്ടമുള്ള വ്യക്‌തിയാണ്. ട്രെയിനിൽ സ്ഥലത്ത് എത്തുക, ഉൾപ്രദേശങ്ങളിലൊക്കെ റിക്ഷയും ഷെയർ ഓട്ടോയുമൊക്കെ കണക്ട് ചെയ്‌ത് പോകും. അത്തരം വേളകളിൽ ഒരുപാട് പുതിയ ആളുകളെ പരിചയപ്പെടാൻ കഴിയാറുണ്ട്. ആളുകളുമായി ഇന്‍ററാക്ട് ചെയ്യും. കുറച്ചു കൂടി ലൈഫ് കാണാൻ പറ്റും. കുറേയാളുകൾ ചേർന്ന് യാത്ര പോകുമ്പോൾ പരസ്പരം സംസാരിക്കുന്നതാണ് കൂടുതലും ഉണ്ടാകുക. നമുക്ക് സോളോ ഫീൽ ഇല്ല. ഒറ്റയ്ക്കു പോകുമ്പോൾ നാം കുറച്ചു കൂടെ ബോൾഡ് ആകും. ഒറ്റയ്ക്ക് ഒരു വ്യക്‌തി 100 ദിവസം യാത്ര ചെയ്യുക എന്നത് അത്ര എളുപ്പമല്ലെന്ന് അറിയാം. ആദ്യം 60 ദിവസമായിരുന്നു പ്ലാൻ ചെയ്‌തത്. പിന്നീടത് 100 ആക്കിയത്. കണക്കാക്കുന്നതു പോലെ ഓടിയെത്താൻ കഴിഞ്ഞെന്നു വരില്ല. ചില മേഖലകളിൽ യാത്ര വേഗം കവർ ചെയ്‌ത് പോകാൻ പറ്റില്ല.

കേരളമാണ് ഏറ്റവും ചെറിയ പ്രദേശം. ഇവിടെ മാത്രം നമ്മൾ എത്ര സ്‌ഥലത്ത് പോയിട്ടുണ്ട്. മനുഷ്യായുസിൽ കണ്ടുതീരാത്തത്ര അദ്ഭുതങ്ങൾ പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്നു. മനുഷ്യ നിർമ്മിതമായ കാര്യങ്ങൾ കാണാനല്ല ഞാൻ ആഗ്രഹിക്കുന്നത്. ഗ്രാമങ്ങൾ, കല്ലിൽ തീർത്ത ഗുഹകൾ ഇങ്ങനെ ഗ്രാമീണത്തനിമ വിളിച്ചോതുന്ന കാര്യങ്ങൾ കാണാനാണ് ആഗ്രഹം. ഏത് സ്‌ഥലത്താണോ ചെല്ലുന്നത് അവിടത്തെ ജീവിതമാണ് കാണാൻ ഫോക്ക്സ് ചെയ്യുന്നത്. ഒരുപാട് ഗ്രാമീണ സ്ത്രീകളുമായി സംവദിക്കാനും യാത്രയിൽ ശ്രമിക്കുന്നു.

യാത്രയുടെ സൗന്ദര്യം

തീരപ്രദേശങ്ങളിലൂടെയുള്ള യാത്ര ഇപ്പോൾ കൽക്കത്ത എത്തി അവസാനിക്കുകയാണ്. ഇവിടെ നമുക്ക് സൂര്യോദയമാണ് കാണാൻ കഴിയുക. ബംഗാൾ ഉൾക്കടലിൽ സൂര്യോദയവും, അറബിക്കടലിൽ സൂര്യാസ്തമയവും കാണണം. സൂര്യോദയം കാണാൻ നമ്മൾ കേരളത്തിൽ ബീച്ചിൽ പോകാറില്ലല്ലോ. ബംഗാളിലേക്ക് കടക്കുമ്പോൾ എല്ലാ പ്രഭാതങ്ങളും ഭയങ്കര സുന്ദരമാണ്. എനർജറ്റിക്, പോസിറ്റീവ് നിറഞ്ഞതും. നമ്മൾ രാവിലെ എഴുന്നേറ്റു വരുമ്പോൾ കാണുന്നത്, തീരദേശ യാത്രയിൽ വളരെ ബ്യൂട്ടിഫുളായ ബീച്ചും സൺറൈസുമാണ്. ഓരോ സ്‌ഥലത്തിന്‍റെയും സൗന്ദര്യം എക്സ്ഫ്ളോർ ചെയ്യാത്ത മേഖലകളിലാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

nidhi

സ്വയം പാചകം

താമസിക്കാനായി കണക്ട് ചെയ്യുന്ന സ്‌ഥലങ്ങളിൽ ഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കാറുണ്ട്. ബ്രെയ്ക്ക് ഫാസ്റ്റ് ഒക്കെ പാക്ക് ചെയ്‌തു കൊണ്ടുപോകും. പിന്നെ അത്യാവശ്യം പാചകം ചെയ്യാനുള്ള സാമഗ്രികൾ കയ്യിലുണ്ട്. അവൽ, റവ, ഗോതമ്പ്, അരി ഒക്കെ എടുത്തിട്ടുണ്ട്. പക്ഷേ കുക്ക് ചെയ്യാൻ മടിയാണ് പലപ്പോഴും. വൈകിട്ടാവുമ്പോൾ കുറച്ചു കഞ്ഞിയും പയറും വെളിച്ചെണ്ണയും ചെറിയ ഉള്ളിയുമൊക്കെയിട്ട് വേവിച്ചെടുത്ത് കഴിക്കും. പിന്നെ ഫുഡ് എക്സ്ഫ്ളോർ ചെയ്യുന്നില്ലേ എന്ന് ചോദിച്ചാൽ സുരക്ഷിതമാണെന്നു തോന്നുന്ന ചില ഇടങ്ങളിൽ മാത്രം ചെയ്യുന്നുണ്ട്.

കൽക്കത്തയിൽ ഞാൻ രണ്ടുദിവസം കൂടുതൽ തങ്ങി. അവിടെ നല്ല ഫുഡും കിട്ടും. എങ്കിലും ഇഷ്ടമുള്ളതൊന്നും ഈ യാത്രയിൽ എക്സ്ഫ്ളോർ ചെയ്യുന്നില്ല. ഒറ്റയ്ക്കുള്ള യാത്രയല്ലേ, വയറിന് അസ്വസ്ഥത വല്ലതും വന്നാല്ലോ എന്ന ഭയമുണ്ട്. റിസ്ക് എടുക്കാൻ വയ്യാത്തതുകൊണ്ട് ഈ യാത്രയിൽ വെറൈറ്റി ഫുഡ് കഴിക്കൽ ഒഴിവാക്കിയിരിക്കുകയാണ്. ഫ്ളാസ്കിൽ ചൂടുവെള്ളം കരുതിയിട്ട് ക്ഷീണം തോന്നുമ്പോൾ കട്ടൻ ചായ ഉണ്ടാക്കി കുടിക്കും. പരിചയമുള്ള ഇടങ്ങളിൽ പോകുമ്പോൾ മാത്രം ഭക്ഷണം തയ്യാറാക്കാൻ ശ്രമിക്കും. കഞ്ഞി വയ്ക്കും. അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെയായി അഡ്ജസ്റ്റ് ചെയ്യും.

സീസണൽ ഫ്രൂട്ട് പേരയ്ക്ക, പഴം, ഡ്രാഗൺ ഫ്രൂട്ട്, സബർജെല്ലി തുടങ്ങിയവ റോഡുകൾക്കടുത്ത് ലഭ്യമാണ്. അവിടെ നിർത്തി വാങ്ങി വയ്ക്കും. ഒരു കിലോ പേരയ്ക്കയൊക്കെ 20 രൂപയ്ക്ക് കിട്ടും. പഴങ്ങൾ കഴിക്കുന്നതാണ് യാത്രയിൽ എനിക്ക് സുഖം. കുറേനേരം ഇരുന്ന് ഡ്രൈവിംഗ് ആണല്ലോ. ഡ്രൈ ഫ്രൂട്ട്സും, ചോക്ക്ളേറ്റും ഇൻസ്റ്റൻറ് എനർജി നൽകും. അത് കൈവശം സ്റ്റോക്ക് ചെയ്‌തിരിക്കുകയാണ്. നോർത്തിലേക്ക് ചെന്നപ്പോൾ കടുകെണ്ണയും മറ്റുമാണ് ആഹാരത്തിലെ പ്രധാന ചലഞ്ച്.

യാത്രയ്ക്ക് കൊറോണക്കാലം

ഞാൻ പോലും വിചാരിച്ചില്ല, ഇത്രയും പിന്തുണ ഫേസ്ബുക്കിൽ ലഭിക്കുമെന്ന് ഒരു പോസ്റ്റ് ഇട്ടപ്പോൾ അതൊരുപാട് ഷെയർ ചെയ്യപ്പെട്ടു. അങ്ങനെ എവിടെ ചെന്നാലും ആളുകളെ കണക്ട് ചെയ്യാൻ എളുപ്പമാണ്. വീട്ടിൽ നല്ല സപ്പോർട്ടാണ്. അവർക്കറിയാം എന്‍റെ യാത്രാ പ്രേമം. ഈ യാത്ര 2020 ൽ പോകാനിരുന്നതാണ്. കോവിഡ് വന്നപ്പോൾ മാറ്റിവച്ചതാണ്. ഞാൻ സേഫ് ആയി പോയി വരുമെന്ന് അവർക്കറിയാം. എന്‍റെ ജോലി ധാരാളം യാത്രകൾ ചെയ്യുന്നതു തന്നെയാണല്ലോ. ഈ കൊറോണക്കാലം കറക്ട് ടൈം ആണ്. കുട്ടികൾക്കൊക്കെ ഓൺലൈൻ ക്ലാസാണ്. വീട്ടിൽ പേരന്‍റ്സും ഉണ്ട്. അതിനാൽ വളരെ സൗകര്യമാണ്. എല്ലാ രീതിയിലും ഫ്രീമൈന്‍റായി യാത്ര ചെയ്യാൻ ഈ അവസരം വിനിയോഗിക്കാം.

ചലഞ്ചുകൾ പ്രതീക്ഷിക്കണം

എങ്കിലും ഇത്തരം യാത്രകൾ അത്ര എളുപ്പമാവില്ലല്ലോ. സ്ട്രഗിൾ പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ തന്നെയാണ് ഓരോ ദിവസവും കടന്നു പോകുന്നത്. ആദ്യം എനിക്കൊരു ഭയമുണ്ടായിരുന്നു. ലോൺലിനസ് കൊണ്ട് മടുപ്പ് തോന്നുമോ എന്ന്. പിന്നെ ആ പേടി പോയി. ഒറ്റയ്ക്കാണ് എന്ന് ചിന്തിക്കാൻ പോലും സമയമില്ല. രാവിലെ എഴുന്നേൽക്കുന്നു, പാക്ക് ചെയ്യുന്നു, കുക്ക് ചെയ്യുന്നു, വണ്ടിയിൽ കയറുന്നു, പോകുന്നു, യാത്രയിലുടനീളം ആളുകളെ കാണുന്നു. ഒറ്റയ്ക്കാണ് ഡ്രൈവ് ചെയ്യുന്നത്. ഇതുവരെ എന്‍റെ വണ്ടിയിൽ ഒരാൾ പോലും കയറിയിട്ടില്ല. പക്ഷേ ജീവിതത്തിലായാലും സ്‌ഥിരമായിട്ടൊരു കൂട്ട് ആർക്കുമില്ലല്ലോ എന്ന് ഫിലോസഫി ഓർത്താൽ പോരെ! ആളുകളെ കാണുന്നു വരുന്നു പോകുന്നു. നല്ലൊരു എനർജി ആളുകൾക്ക് കൊടുക്കുന്നുവെങ്കിൽ തിരിച്ചും അതുപോലെ നല്ല എനർജി ലഭിക്കും. ഒരാളുടെ അടുത്തു നിന്നും നെഗറ്റീവ് അനുഭവം ഉണ്ടായിട്ടില്ല. നമ്മൾ പോസിറ്റീവായിരുന്നാൽ മതി.

ഒരുപാട് പേരുടെ സ്വപ്നം

എത്രയോ പേർ ആഗ്രഹിക്കുന്ന കാര്യമാണ് ഇങ്ങനെയൊരു യാത്ര. അതിനായി കാലെടുത്തു വയ്ക്കണം. നമ്മൾ ശക്തമായി ആഗ്രഹിച്ചാൽ ഉറപ്പായും പോകാൻ പറ്റും. യാത്രയിലാണെങ്കിലും ലൈഫിലാണെങ്കിലും നമ്മൾ കൊടുക്കുന്ന പോലെയിരിക്കും ലഭിക്കൽ. നമുക്ക് സ്വീകരിക്കാൻ പറ്റാത്ത എനർജി ആണെങ്കിൽ മാറി നടക്കുക. നമ്മൾ കണക്ട് ചെയ്യുന്ന എത്രയോ പേരുണ്ട്. എത്രയോ പേരെ കണക്ട് ചെയ്യാൻ പറ്റാത്തവരുണ്ട്. ഓരോ ആളുകളെ മീറ്റ് ചെയ്യുന്നതു പോലും ഒരു ഡെസ്റ്റിനിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ കൽക്കത്തയിൽ ആദ്യമായിട്ട് വന്നത് 2016 ലാണ്. അന്ന് ഈ മണ്ണിൽ കാലു കുത്തിയപ്പോൾ പലതരം ചിന്തകൾ കയറി വന്നു. കൽക്കത്തയെക്കുറിച്ച് ഭയങ്കരമായ വികാരത്തോടെയാണ് വരുന്നത്. ആദ്യമായിട്ട് ഹൗറ റയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങിയപ്പോൾ ഞാൻ കരഞ്ഞു പോയി. എനിക്കറിയാം എത്രയോ പേർ ആഗ്രഹിക്കുന്ന കാര്യമാണ് യാത്രകൾ. ആഗ്രഹിക്കുന്ന കാര്യങ്ങളിലേക്ക് വരിക എളുപ്പമല്ല. ഒരു കാലെടുത്തു മുന്നോട്ടു വയ്ക്കുന്ന ആ നിമിഷം പോകണമെന്ന് ആഗ്രഹിച്ചാൽ ഉറപ്പായും പോകാൻ പറ്റും. ചെറിയ ആഗ്രഹം മനസിൽ കൊണ്ടു നടന്നിട്ട് കാര്യമില്ല. ആഗ്രഹം അതിശക്തമാണെങ്കിൽ എല്ലാ തടസവും മാറിക്കിട്ടും, ആഗ്രഹിക്കുന്നതിലേക്ക് എത്തപ്പെടും.

ഡ്രീം കാണുക പ്രവൃത്തിക്കുക

ഡ്രീം കാണുക എന്നാൽ ശക്തമായി കാണുക. അതിനായി പ്രയത്നിക്കുക. യാത്ര ചെയ്യാൻ ഇഷ്ടമുണ്ട് എന്ന് പറഞ്ഞിട്ടു കാര്യമില്ല. അതിനെന്താണ് വേണ്ടത്. ആദ്യം പണം വേണം. അതിനായിട്ടെന്തു ചെയ്യണം? ഞാൻ ചെയ്തത്, കുറേശ്ശേ സേവ് ചെയ്‌തു യാത്ര ഫണ്ട് ഉണ്ടാക്കുകയാണ്. 365 ദിവസങ്ങളുണ്ട്. ഫാമിലിക്കു വേണ്ടി ജോലിക്കു വേണ്ടി നമുക്ക് വേണ്ടിയൊക്കെ ഈ 365 ൽ നിന്ന് കണ്ടെത്തണം. എന്‍റെ കയ്യിൽ പൈസയായിട്ടൊന്നുമല്ല, ചെറിയ സേവിംഗ്സിലൂടെ കണ്ടെത്താൻ ശ്രമിച്ചു. അഞ്ചു വർഷം മുമ്പ് 2015 ൽ ആണ് ഞാൻ ഈ യാത്ര ആഗ്രഹിച്ചത്. 2020 ൽ ഒരു ഓൾ ഇന്ത്യ യാത്ര പോകണം. അന്നു തൊട്ടേ ഒരു തുക നീക്കിയിരിപ്പിനായി ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്തൊക്കെ അത്യാവശ്യം വന്നിട്ടും ആ ഫണ്ടിൽ തൊട്ടില്ല. ഇനി ഇപ്പോൾ എന്ത് അത്യാവശ്യം വന്നാലും കൂട്ടുകാരിൽ നിന്ന് മണിട്രാൻസ്ഫർ ചെയ്യിക്കാമല്ലോ, തിരിച്ചു ചെന്ന് പണിയെടുത്ത് മടക്കി കൊടുക്കാമല്ലോ.

ഡോറയുടെ പ്രയാണം

വളരെ കംഫർട്ടബിളായ ജനറേഷൻ അല്ലേ നമ്മൾ. എന്തെല്ലാം സൗകര്യങ്ങളാണ് ഇന്ന്. എനിക്ക് എല്ലാവരോടും ഒന്നേ പറയാനുള്ളൂ, യാത്ര ചെയ്‌താൽ നിങ്ങളുടെ ലോകം വലുതാകും. ഒരുപാട് ആളുകളെ അവരുടെ അനുഭവങ്ങളെ നേരിട്ടു കാണാം. എങ്ങനെ ഒരാൾ ആവണമെന്ന് ചിന്തിക്കും, എങ്ങനെ ഒരാൾ ആയിക്കൂടാ എന്നും മനസിലാക്കും നൂറു ദിവസങ്ങൾ കഴിയുമ്പോൾ ഈ യാത്ര തീരും. പക്ഷേ എന്‍റെ യാത്രകൾ അവസാനിക്കുമോ? ഇനിയും ഡോറയുടെ പ്രയാണം തുടരും.

और कहानियां पढ़ने के लिए क्लिक करें...