വൈവിധ്യം കൊണ്ട് സമ്പന്നമായ ഇന്ത്യയുടെ ഗ്രാമങ്ങളും ഗ്രാമീണ ജീവിതങ്ങളും തേടിക്കൊണ്ടൊരു യാത്ര. അതും ഏകാന്തമായി. കൊച്ചിയിൽ നിന്ന് ഫെബ്രുവരി 7 നാണ് നിധി ശോശ കുര്യൻ തന്‍റെ ചുവന്ന റിനോൾട്ട് ക്വിഡ് കാറിൽ ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയത്. നൂറു ദിവസങ്ങൾ പിന്നിടുമ്പോൾ 25000 കിലോമീറ്റർ യാത്ര ചെയ്‌ത് പറയാൻ ഒരുപാട് കഥകളുമായി നിധി കന്യാകുമാരിയിൽ മടങ്ങിയെത്തും.
കേരളത്തിൽ ആദ്യമായിട്ടാണ് ഒറ്റയ്ക്ക് ഒരു വനിത കാറിൽ ഇന്ത്യ ചുറ്റിക്കറങ്ങുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം, ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്ന സാഗര തീരദേശങ്ങളെയും ഗ്രാമങ്ങളെയും പർവ്വതങ്ങളെയും കാഴ്ചകളിൽ സന്നിവേശിപ്പിക്കാനാണ് നിധി ആഗ്രഹിക്കുന്നത്. കൊച്ചിയിൽ മൂവി പ്രൊഡക്ഷൻ ഹൗസിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന നിധി, മുമ്പും ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. യാത്രകളെ അത്രയേറെ സ്നേഹിക്കുന്ന നിധിയുടെ സോളോ ട്രിപ്പ് വിശേഷങ്ങൾ.
എക്സ്പീരിയൻസ് ഡ്രൈവർ
ഒരു ദിവസം 590 കിലോമീറ്റർ വരെ ഡ്രൈവ് ചെയ്‌തിട്ടുണ്ട്. യാത്രയുടെ തുടക്കത്തിൽ വിജയവാഡയിൽ നിന്ന് വിശാഖ പട്ടണത്തേക്കുള്ള യാത്ര ഒറ്റ സ്ട്രെച്ചിൽ ഡ്രൈവ് ചെയ്‌തു പോകാൻ ശ്രമിച്ചു. രാവിലെ തുടങ്ങിയ യാത്ര അന്ന് രാത്രി ഒരു മണിയ്ക്കാണ് അവസാനിപ്പിക്കാൻ കഴിഞ്ഞത്. നാട്ടിൽ നിന്നൊക്കെ ആളുകൾ എന്നെ വിളിക്കുമ്പോൾ ഞാൻ പറയാറുണ്ട്, എക്സ്പീരിയൻസ്ഡ് ആയ ഡ്രൈവർ ആയി. ഇനി ജോലി റിസൈൻ ചെയ്‌താൽ പോലും ഡ്രൈവറായി ജോലി തുടരാമെന്ന്. ഇപ്പോൾ ഞാൻ രാവിലെ നേരത്തെ യാത്ര തുടങ്ങി, വൈകിട്ട് ഒരു ഡെസ്റ്റിനേഷനിൽ അവസാനിപ്പിക്കും. രാത്രി യാത്ര ഒഴിവാക്കി. യൂത്ത് ഹോസ്റ്റലിലോ, ഓൺലൈൻ വഴി ബുക്ക് ചെയ്‌ത് ഹോട്ടൽ റൂമുകളിലോ, പരിചയക്കാരുടെ സഹായത്തോടെയോ ഒക്കെ രാത്രി താമസം റെഡിയാക്കുകയാണ്.
സോളോ എന്ന അനുഭവം
ഞാൻ ഫെബ്രുവരി 7നാണ് കൊച്ചിയിൽ നിന്ന് യാത്ര തുടങ്ങിയത്. തുടക്കത്തിൽ യാത്രയുമായി സിങ്കാവാൻ പത്തു ദിവസമെങ്കിലുമെടുത്തു എന്നു പറയുന്നതാവും ശരി. ആദ്യ ദിവസങ്ങളിൽ ഒരുപാട് ഫോൺ കോൾ വരുമല്ലോ. സോളോ ട്രിപ്പ് പോയിട്ട് യാത്ര എന്ന ഫീലിലേക്ക് പോലും എത്താൻ ആ സമയങ്ങളിലൊന്നും സാധിച്ചില്ല. നമ്മുടെ പ്രിയപ്പെട്ടവരൊക്കെ വിളിക്കുമ്പോൾ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കും. അതിനാൽ ഏകാന്തതയുടെ സവിശേഷ ഫീലൊന്നും അപ്പോൾ കിട്ടിയില്ല. സോളോ എന്നു പറയുമെങ്കിലും ഒറ്റയ്ക്കല്ലല്ലോ നമ്മൾ. ഇപ്പോൾ യാത്ര തുടങ്ങിയിട്ട് 40 ദിവസം പിന്നിട്ടിരിക്കുന്നു. ശരിക്കും അതിന്‍റെ യഥാർത്ഥ തലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കോവിഡ് സേഫ്റ്റി മെഷറുകൾ.
കോവിഡ് ആയതുകൊണ്ടാണ്, ഓരോ സ്‌ഥലത്തും പരിചയമുള്ള ഇടങ്ങളോ വ്യക്തികളെയോ തന്നെ കണക്ട് ചെയ്യാൻ ശ്രമിക്കുന്നത്. തികച്ചും അൺസേഫ് ആയ സമയമാണല്ലോ ഈ കൊറോണക്കാലം. യാത്രക്കിടെ കൊറോണയെങ്ങാനും പിടിപെട്ടാൽ ശരിയാവില്ല. റിസ്ക്കാണെന്നു മാത്രമല്ല സോളോട്രിപ്പ് അസുരക്ഷിതമാണെന്നു ആളുകൾ പറയും. നന്നായി പ്ലാൻ ചെയ്‌ത് പോയാൽ സോളോ യാത്ര സേഫ് ആണ്. ഒരു യാത്രയ്ക്കായി കുറച്ചൊക്കെ പ്രിപ്പെയർ ചെയ്‌ത് പോയാൽ ഭംഗിയായി ഫിനിഷ് ചെയ്യാം.