ഉത്തരാഖണ്ഡിന്‍റെ തലസ്ഥാന നഗരമായ ഡറാഡൂണിലേക്കാണ് ഇത്തവണത്തെ യാത്ര. ഒരാഴ്ചയായി നടത്തി വരുന്ന ബിസിനസ്സ് യാത്രകളുടെ ക്ഷീണം മറക്കാൻ ഒന്ന് റിലാക്സ് ആകാൻ വേണ്ടിയാണ് ഞങ്ങൾ ഡറാഡൂൺ തെരഞ്ഞെടുത്തത്.

ഡൽഹിയിൽ നിന്നും ഞങ്ങൾ ബിസിനസ് കറക്കങ്ങൾക്കായി വിളിച്ച ടാക്സി യാത്ര അവസാനിപ്പിച്ചത് ഉത്തർപ്രദേശിലെ ശഹരൻപുരിൽ ആയിരുന്നു. അവിടെ നിന്ന് ഡറാഡൂണിലേക്ക് ബസിലാണ് യാത്ര തുടർന്നത്.

67 കിലോമീറ്റർ ദൂരമുണ്ട്. രണ്ടര മണിക്കൂർ യാത്രയുണ്ട്. യുപി സർക്കാരിന്‍റെ ബസിൽ ഞങ്ങൾ സീറ്റു പിടിച്ചു, ബസിൽ വന്ന കച്ചവടക്കാരിൽ നിന്നും പഴങ്ങളും വറുത്ത കപ്പലണ്ടിയും വാങ്ങി കഴിക്കാൻ തുടങ്ങി. ബസ് പതിയെ ശഹരൻപൂർ ടൗണിലൂടെ നീങ്ങുകയാണ്. സിഗ്നലിൽ പച്ച തെളിഞ്ഞാലും ചുവപ്പു തെളിഞ്ഞാലും കയ്യൂക്കുള്ളവൻ വണ്ടിയെടുത്തു പോകുന്നുണ്ട്. ആർക്കോ വേണ്ടി തെളിയുന്ന സിഗ്നൽ ലാമ്പുകൾ.

അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ബസ് നഗരത്തിനു പുറത്തേക്കു എത്തി. പുറത്തു നല്ല പൊടിയാണ്. റോഡുപണി നടക്കുന്നുണ്ട്. വൈകുന്നേരം ആയതിനാൽ ബസിൽ നല്ല തിരക്കുണ്ട്. കപ്പലണ്ടി കഴിക്കുന്നതിനോടൊപ്പം മൂളിപ്പാട്ടും പാടി പുറത്തെ കാഴ്ചകൾ ആസ്വദിച്ചു ഇരിക്കുകയായിരുന്നു. പാട്ടിൽ ഹരം കയറിയ സുഹൃത്ത് ഗസൽ തുടങ്ങി വച്ചു. പിന്നെ മലയാളി എവിടെ ചെന്നാലും പാടുന്ന അല്ലിയാമ്പൽ കടവും സന്യാസിനിയുമായി ഞങ്ങൾ കൊഴുപ്പിക്കാൻ തുടങ്ങി. മുന്നിലെ സീറ്റിൽ പതിയെ താളമിട്ടു പാടി തുടങ്ങിയപ്പോഴേക്കും ആ സീറ്റിലെ രണ്ടു കുട്ടികൾ എഴുന്നേറ്റു നിന്ന് ഞങ്ങളുടെ പാട്ടിന്‍റെ കൂടെ കൂടി. കാഴ്ചക്കാർ കൂടിയപ്പോൾ പാട്ടിന്‍റെ താളവും മുറുകി.

സീറ്റിന്‍റെ തൊട്ടടുത്തു നിന്നിരുന്ന തട്ടമിട്ട രണ്ടു സുന്ദരികളായ കോളേജു കുട്ടികൾ കൂടി ഞങ്ങളുടെ പാട്ടിനൊപ്പം സീറ്റിൽ താളമിടാൻ തുടങ്ങി.

സിനിമയിൽ നിവിൻ പോളി പറഞ്ഞപോലെ “അവൾ തട്ടമിട്ടാൽ ന്‍റെ സാറേ ചുറ്റുമുള്ളത് ഒന്നും കാണാൻ കഴിയില്ല.” എന്ന ഡയലോഗ് ഓർത്തു പോയി. ഇത് യുപിയാണ് സ്‌ഥലം, നാട്ടുകാരുടേതാണ് നിയമം എന്നറിയുന്നതു കൊണ്ടും പിന്നെ ജീവിതത്തിൽ ഒന്നും കാണാൻ കഴിയില്ല എന്ന ബോധ്യം ഉള്ളത് കൊണ്ടും അവരെ ശ്രദ്ധിക്കാതെ ഞങ്ങൾ ഞങ്ങളുടെ കാര്യം മാത്രം ശ്രദ്ധിച്ചു. ഇടക്കൊരു ഹിന്ദി പാട്ട് പാടുമോ എന്ന് ആ കുട്ടികൾ ചോദിച്ചു. ഹിന്ദി ഭാഷ ഞങ്ങൾക്ക് നന്നായി അറിയുന്നത് കൊണ്ട് ഞങ്ങൾ അത് പാടില്ല എന്നും പറഞ്ഞു!

നേരം സന്ധ്യയായി, പുറമേ നിന്നും നല്ല തണുത്ത കാറ്റ് വരുന്നുണ്ട്. ജനൽ അടച്ചു, ഇപ്പോൾ ചുരം കയറി കൊണ്ടിരിക്കുകയാണ്, വളരെ വീതി കുറഞ്ഞ റോഡുകൾ ആണ്. എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ നമ്മുടെ ബസ് പല സ്‌ഥലങ്ങളിലും ഒതുക്കി നിർത്തി.

മുകളിൽ നിന്നും മണ്ണിടിഞ്ഞു വീണതിന്‍റെ അടയാളങ്ങൾ, മലവെള്ളപാച്ചിലിൽ വെള്ളം കുത്തിയൊഴുകി പോയ വഴികൾ, അങ്ങനെ കാഴ്ചകൾ കണ്ടു അതിൽ ലയിച്ചിരിക്കുമ്പോഴെക്കും വെൽക്കം റ്റു ഉത്തരാഖണ്ഡ് ബോർഡ് ഞങ്ങളെ വരവേറ്റു.

ഹിമാലയത്തിലെ താഴെ തട്ടിൽ സ്‌ഥിതി ചെയ്യുന്ന ഒരു പട്ടണം ആണ് ഡറാഡൂൺ. ഇവിടെ നിന്നും ഹിമാലയം ആരംഭിക്കുകയായി. നാട്ടിലെ സിനിമകളിലും പട്ടാള കഥകളിലും ആണ് ഡറാഡൂണിനെ കുറിച്ച് നമ്മൾ എപ്പോഴും കേൾക്കുന്നത്. “പണ്ട് ഞാൻ ഡറാഡൂണിൽ ആയിരുന്നപ്പോൾ” എന്ന് തുടങ്ങിയാവും മിക്കവാറും സംഭാഷണം.

ഇന്ത്യൻ ആർമിയുടെ ട്രെയിനിംഗ് സെന്‍റർ ആയ ഇന്ത്യൻ മിലിട്ടറി അക്കാദമി സ്‌ഥിതി ചെയ്യുന്നത് ഡറാഡൂണിൽ ആണ്. ഇന്ത്യൻ കരസേനയിലെ മിക്ക ഓഫീസർമാരും എല്ലാം തന്നെ ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കുന്നത് ഇവിടെ നിന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് മിലിട്ടറി ഓഫീസർമാരെയെല്ലാം ട്രെയിനിംഗിനു വേണ്ടി ബ്രിട്ടനിലേക്ക് അയച്ചിരുന്നു. ലോക മഹായുദ്ധം വന്നപ്പോൾ ഒരുപാട് മിലിട്ടറി ഉദ്യോഗ്ഥരുടെ ആവശ്യം വരികയും അവരെയെല്ലാം ബ്രിട്ടനിൽ വിട്ടു പഠിപ്പിക്കൽ അപ്രായോഗികമാണെന്നും ചിന്തിച്ചപ്പോഴാണ് അവർ ഇന്ത്യയിൽ തന്നെ ഒരു ട്രെയിനിംഗ് കേന്ദ്രം തുടങ്ങാൻ തീരുമാനിക്കുന്നത്. ഇന്ത്യൻ കരസേനയുടെ വിവിധ പദവികൾ അലങ്കരിച്ചവർ എല്ലാം തന്നെ ഇവിടെ നിന്ന് ട്രെയിനിംഗ് കിട്ടിയവരാണ്.

വലിയ സിറ്റിയാണ് ഡറാഡൂൺ. ഇന്ത്യയിലെ പ്രധാനപ്പെട്ട എജ്യുക്കേഷൻ ഹബ്ബ് കൂടിയാണ്. ലോക നിലവാരത്തിലുള്ള ബോർഡിംഗ് സ്കൂളുകൾ, കോളേജുകൾ, റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, എംബിഎ കോളേജുകൾ എല്ലാം ഉണ്ട്.

എഞ്ചിനീയറിംഗ് കോളേജുകളിൽ ഒരുപാട് മലയാളി കുട്ടികളും ഇവിടെയുണ്ട്. മലയാളികൾ അധികവും ഫോറസ്ട്രിയും അഗ്രിക്കൾച്ചറൽ സയൻസും പഠിക്കാൻ വന്നവരാണ്. ഇന്‍റർസ്റ്റേറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ഞങ്ങൾ ഒരു ഓട്ടോ വിളിച്ചു. മനോഹരമായ വൃത്തിയുള്ള റോഡുകൾ. ബസ് സ്റ്റാൻഡിൽ നിന്നും ആറു കിലോമീറ്റർ മാറിയാണ് റെയിൽവേ സ്റ്റേഷൻ. അതിനടുത്താണ് ഞങ്ങളുടെ ഹോട്ടൽ. റൂമിൽ ചെക്ക് ഇൻ ചെയ്‌തു ഫ്രഷ് ആയി ഞങ്ങൾ.

dehradun

ഹോട്ടലിലെ ബാൽക്കണിയിൽ നിന്നും മനോഹരമായ കാഴ്ചയാണ്. നല്ല തണുപ്പുണ്ട്, ദീപാവലിയുമാണ്. വീടും നഗരവും എല്ലാം എൽഇഡി വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ആകാശം നിറയെ വർണ്ണപൂക്കൾ വാരി വിതറി കരിമരുന്നു പ്രയോഗവും നടക്കുന്നുണ്ട്.

ഞങ്ങൾ പുറത്തിറങ്ങാൻ തീരുമാനിച്ചു. ഡറാഡൂണിലെ രാത്രി കാഴ്ചകൾ അറിയണമല്ലോ, മാത്രവുമല്ല അവിടത്തെ ഭക്ഷണവും പരീക്ഷിക്കണം.

റോഡിന്‍റെ ഒരു വശത്തേക്ക് നടന്നാൽ റെസിഡൻഷ്യൽ ഏരിയ ആണ്. വീടുകൾ എല്ലാം തന്നെ ദീപാലങ്കാരത്തിൽ മുങ്ങി നിൽക്കുന്നു. മുറ്റവും മതിലുകളും മൺചിരാതുകൾ പ്രകാശം പരത്തുന്നു. റോഡിനു സമീപത്തെ കടകൾ എല്ലാം തന്നെ പലതരം ദീപാവലി മിഠായികൾ നിരത്തിയിട്ടുണ്ട്. എല്ലാം കഴിച്ചു നോക്കാം. എല്ലാം കുറേശെ വാങ്ങി, കാഴ്ചകൾ കണ്ടു നടന്നു.

പല സ്ഥലത്തും പല സംഘാടനകളുടെയും ആഘോഷങ്ങൾ നടക്കുന്നുണ്ട്. രാത്രി ഡറാഡൂൺ സുന്ദരിയാണ്. റോഡിനു സമീപത്തൊക്കെ ചെറിയ കടകൾ ഒരുപാടുണ്ട്. എല്ലാ തന്നെ തന്തൂരി സ്റ്റൈൽ ആണ്. വെജ്, നോൺവെജ് എല്ലാം ഉണ്ട്.

നല്ല മഷ്റൂം, പനീർ എല്ലാം ഉണ്ട് തന്തൂരിയായി. പിന്നെ അവിടത്തെ നാടൻ രുചികളും എല്ലാം കഴിച്ചു ഞങ്ങൾ റൂമിലേക്ക് നടന്നു.

ആ രാത്രി ഒരൽപം പോലും ഉറങ്ങാൻ സാധിച്ചില്ല. നേരം വെളുക്കുവോളം മത്സരം കണക്കെ ആയിരുന്നു ദീപാവലി വെടിക്കെട്ടുകൾ.

രാവിലെ ഞങ്ങൾ സ്‌ഥലങ്ങൾ കാണാൻ ഇറങ്ങി. ഹോട്ടിലെ ട്രാവൽ ഡെസ്കിൽ നിന്നും അവിടെ കാണാനുള്ള സ്‌ഥലങ്ങളുടെ ലിസ്റ്റും ദൂരവും എഴുതി തന്നു.

ലിസ്റ്റിലെ ആദ്യ സ്‌ഥലത്തേക്ക് പോകുവാൻ വേണ്ടി ഓട്ടോ വിളിച്ചപ്പോഴേക്കും നല്ല കത്തി റേറ്റ്, ഞങ്ങളെ ലോക്കൽ ബസ് സ്റ്റാൻഡിൽ വിടാൻ പറഞ്ഞു. ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള സ്റ്റാൻഡിൽ വിടാൻ അമ്പതു രൂപ!

തലേ ദിവസം ആറു കിലോമീറ്റർ സഞ്ചരിക്കാൻ വന്നത് നൂറ്റിയമ്പത് രൂപ. ബസ് സ്റ്റാൻഡിൽ ഇറങ്ങി. ബസ് അന്വേഷിക്കാൻ നോക്കുമ്പോൾ അവിടെ പ്രീ പെയിഡ് ടാക്സി കൗണ്ടർ. എട്ടു മണിക്കൂർ ഡറാഡൂൺ ചുറ്റുവട്ടം ഉള്ള പ്രദേശങ്ങൾ കറങ്ങുവാൻ മൂന്നുപേർക്ക് 1800 രൂപ.

ആദ്യം പോയത് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെക്കായിരുന്നു. ദീപാവലി അവധി ആയതിനാൽ കാണാൻ കഴിഞ്ഞില്ല, അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു.

റോബേർസ് കേവിലെക്കായിരുന്നു അടുത്ത യാത്ര. അതെ കൊള്ളക്കാരുടെ ഗുഹ തന്നെ. പണ്ട് കൊള്ള മുതലുകളുമായി അവർ ഒളിച്ചു താമസിച്ചിരുന്ന ഇടം. കാടിനോട് ചേർന്ന് ഒരുപാട് നീളമുള്ള ഗുഹയാണ്. പ്രത്യേകത എന്തെന്നാൽ ഗുഹയിൽ മുട്ടോളം വെള്ളമുണ്ട്. അതിലൂടെ വേണം നടക്കുവാൻ. ഗുഹയിലൂടെ നടക്കുമ്പോൾ പല ഭാഗങ്ങളിലും ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം. ഒരു അദ്ഭുത ലോകം തന്നെയാണ് അത്.

നല്ല നീല വെളളത്തിലൂടെ നടക്കാൻ ചെരിപ്പ് വേണം. പത്തു രൂപ കൊടുത്താൽ വാടകയ്ക്ക് സ്ലിപ്പർ കിട്ടും. പല സാമൂഹ്യദ്രോഹികളും ബിയർ കുപ്പികൾ പൊട്ടിച്ചു ഇട്ടിട്ടുണ്ട് മുകളിൽ. അത് ചിലപ്പോൾ വെള്ളത്തിലൂടെ ഒഴുകി വരും.

ഞങ്ങൾ ഡ്രസ്സിംഗ് റൂമിൽ നിന്നും വസ്ത്രങ്ങൾ മാറി, നടക്കാൻ ആരംഭിച്ചു. വെള്ളത്തിലേക്ക് കാലെടുത്തു വച്ചതും കോച്ചുന്ന തണുപ്പ്. ഓരോ അടിവെക്കുമ്പോഴും തണുപ്പ് അരിച്ചു മുകളിലേക്ക് കയറുന്ന പോലെ. പതിയെ പതിയെ തണുപ്പ് ശീലമായി. തെളിഞ്ഞ നീല നിറമുള്ള വെള്ളത്തിലൂടെ ഓരോ അടിയും മുന്നോട്ടു പോകുമ്പോഴും ഗുഹയിൽ ഉള്ള ആകർഷണം കൂടി വന്നു.

ഗുഹയുടെ ചുമരുകൾ എല്ലാം തന്നെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. കുറേ കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങൾ. ഗുഹയിലൂടെ നടന്നു ഞങ്ങൾ ഒരു തുറന്ന സ്ഥലത്തെത്തി. മുകളിലേക്ക് നോക്കുമ്പോൾ ഒരു കിണറിൽ ഇറങ്ങി നിൽക്കുന്ന പോലെ തോന്നും.

ചെറിയ കുട്ടികൾ ഇവിടെ സ്വിമ്മിംഗ് പൂളിലേതുപോലെ കളിക്കുകയാണ്. ഇവിടെന്നു അങ്ങോട്ട് ഗുഹയിൽ വെള്ളം ശക്തമായി ചുഴി പോലെ ഒഴുകി വരികയാണ്. ഇവിടെ ക്രോസ് ചെയ്യാൻ നമ്മൾ പാറയിൽ ചവിട്ടി മുകളിൽ കയറി അപ്പുറത്തേക്ക് ഇറങ്ങണം.

ശ്രദ്ധിച്ചു വേണം പാറയിൽ ചവിട്ടി കയറാൻ, നല്ല വഴുക്കൽ ഉണ്ട്. വീണ്ടും ഗുഹയ്ക്കുള്ളിൽ കയറി, നടക്കേണ്ട വഴികളിൽ എല്ലാം തന്നെ ചുമരിൽ ആരോ മാർക്ക് ഇട്ടിട്ടുണ്ട്. ഞങ്ങൾ അത് നോക്കി മുന്നോട്ടു നടന്നു. ഇപ്പോൾ എത്തി നിൽക്കുന്നത് വലിയൊരു കോട്ടയുടെ ഹാൾ പോലെയുള്ള സ്‌ഥലത്താണ്. ഇവിടെ പഴയൊരു മതിലും കാണുന്നുണ്ട്. ഗുഹ സംരക്ഷിക്കാൻ പണ്ടെന്നോ കെട്ടിയതാണ്. കുറച്ചു സമയം അവിടെ വിശ്രമിച്ചു വീണ്ടും മുന്നോട്ടു നടന്നു.

അവിടെ കണ്ട കാഴ്ചയായിരുന്നു കൂടുതൽ അദ്ഭുതപ്പെടുത്തിയത്. വെള്ളത്തിൽ കുറച്ചു കസേരകൾ നിരത്തിയിട്ടിരിക്കുന്നു. വെള്ളത്തിൽ ഒരു കാന്‍റീൻ! ഗുഹക്കു മുകൾ ഭാഗത്തായി ഒരു തട്ടുകട, ഓംലെറ്റ്, മാഗി, ചായ, കാപ്പി എല്ലാം കിട്ടും. നല്ല തണുപ്പുള്ള വെള്ളത്തിൽ ഇരുന്നു ചൂടുള്ള ചായയും ഓംലെറ്റും വൗ… കിടു ഫീൽ…

കുറേ സമയം കാടിനു അകത്തെ ആ സ്ഥലത്ത് ചായയും കഴിച്ചു സ്‌ഥലം ആസ്വദിച്ചു ഇരുന്നു. ഒരു സ്റ്റാർ ഹോട്ടലിനും നൽകാൻ കഴിയാത്ത ആംബിയൻസ്. കുറച്ചു ദൂരം കൂടി മുന്നോട്ടു നടക്കാനുണ്ട്, അവിടെ വരെ പോയി തിരിച്ചു വന്നു. തിരിച്ചു നടക്കുമ്പോൾ കുറെ സമയം കൂടി ആ ഗുഹയ്ക്കുള്ളിൽ വെള്ളത്തിൽ ചെലവഴിക്കാൻ തോന്നി…

അടുത്തത് സഹസ്ര ധാരയിലേക്കാണ്. പേര് സൂചിപ്പിച്ചത് പോലെ ആയിരം ജലധാരകൾ ആണ്. ഹിമാലയത്തിലെ മലയിടുക്കുകളിൽ നിന്നും ധാരയായി എത്തുന്ന വെള്ളം ഒരു പുഴയായി ഒഴുകുന്നു. നല്ല തണുപ്പുണ്ട്. തെളിഞ്ഞ വെള്ളം! നദിക്കു ഇരുവശവും നിറയെ കടകളും ചെറിയ റിസോർട്ടുകളുമാണ്. ഓരോ കടകളിലും വസ്ത്രം മാറാനുള്ള മുറികളും ലഭ്യമാണ്. നദിയിൽ ബണ്ട് കെട്ടുന്നതു പോലെ കരിങ്കൽ കൊണ്ട് ചെറിയ സ്വിമ്മിംഗ് പൂൾ കണക്കെ പല പല ഭാഗങ്ങൾ ആയി വേർതിരിച്ചിട്ടുണ്ട്. വെള്ളം കുറവായത് കാരണം തടയണകൾ കെട്ടിയതാണ്.

ഞങ്ങൾ വാഹനത്തിൽ നിന്നും ഇറങ്ങി, ഒരുപാട് നായകൾ കൂട്ടമായി നിൽക്കുന്നു. ഞങ്ങൾ മുന്നോട്ടു നടന്നു. അതിൽ രണ്ടു നായകൾ ഒരു വഴി കാട്ടിയെ പോലെ ഞങ്ങളുടെ കൂടെ നടന്നു. നദിയുടെ ഓരംപറ്റി കുറച്ചു മുകൾ ഭാഗത്തേക്ക് നടന്നു. ഇവിടെ ചെറിയൊരു അമ്യൂസ്മെന്‍റ് പാർക്ക് ഉണ്ട്. ദീപാവലി അവധിയാണ് പാർക്കിന്. അതുകൊണ്ട് തന്നെ ഇവിടെ തിരക്ക് കുറവാണ്. വൈകുന്നേരം ആയതിനാൽ നല്ല തണുപ്പുണ്ട്. വെള്ളത്തിലേക്ക് കാലെടുത്തു വയ്ക്കാൻ കഴിയുന്നില്ല. തെളിഞ്ഞ വെള്ളം, താഴെ നിറയെ ചുണ്ണാമ്പു കല്ലുകൾ, ഇവിടെ മതിൽ കെട്ടി തിരിച്ച ഭാഗത്ത് മറ്റാരും ഇല്ല. ശാന്തം സുന്ദരം. നല്ല തണുപ്പിലും ഒന്ന് മുങ്ങി കുളിക്കാൻ തീരുമാനിച്ചു.

വസ്ത്രങ്ങൾ മാറി നേരെ വെള്ളത്തിലേക്ക് എടുത്തു ചാടി. ഇവിടെ വെള്ളത്തിന് സൾഫറിന്‍റെ അംശം കൂടുതൽ ആണ്. അതുകൊണ്ട് തന്നെ ത്വക്ക് രോഗങ്ങൾക്ക് ഇവിടെ കുളിക്കുന്നത് നല്ലതാണ്. വിശ്വാസവും സയൻസും നോക്കി ഇവിടെ കുളിക്കാൻ ധാരാളം പേർ എത്തുന്നു.

സന്ധ്യയോടു അടുക്കുന്നു. ഈ വെള്ളത്തിൽ ഇങ്ങനെ ശയിച്ചു കിടക്കുമ്പോൾ മനസ്സും ശരീരവും വളരെ ശാന്തമാകുന്നു. ഇരു കരകളിലെയും കടക്കാരും കോട്ടേജുകളും ചിരാതുകൾ തെളിയിച്ചിരിക്കുന്നു. മനോഹരമായ കാഴ്ച. നദിയിൽ കിടന്നു നദിക്കു ഇരുവശവും തെളിഞ്ഞ ആ ദീപാലങ്കാരത്തിന്‍റെ ആസ്വാദനം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിയുന്നില്ല. മഴക്കാലത്ത് ഇവിടെ ഇങ്ങനെ ശയിച്ചു കിടക്കാൻ കഴിയില്ല. വെള്ളം കുത്തിയൊലിച്ചു ഒഴുകുകയായിരിക്കും.

തൊട്ടടുത്ത് തന്നെ ദ്രോണാചാര്യരുടെ പേരിൽ ഒരു ക്ഷേത്രം ഉണ്ട്. കുറച്ചു മാറി ദ്രോണാചാര്യൻ തപസ്സു ചെയ്ത ഗുഹയും കാണാം.

രാത്രിയായി. വസ്ത്രം മാറി അടുത്ത കടയിൽ നിന്നും നല്ല ചൂടുള്ള ചായയും ചോളവും കഴിച്ചു. ശരീരവും മനസ്സും ഭാരമൊഴിഞ്ഞ അവസ്ഥയിൽ ആ തണുപ്പിൽ ഞങ്ങൾ നടന്നു. കൂടെ ഞങ്ങളുടെ വഴികാട്ടിയായ രണ്ടു ശ്വാനന്മാരും. ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി അവർക്ക് കൊടുത്തു. നമ്മുടെ ഡ്രൈവർ ചേട്ടൻ മുറുക്കാനും ചവച്ചു കാറിനു അരികിൽ നിൽപ്പുണ്ട്. ഇന്നത്തെ കാഴ്ചകൾ അവസാനിപ്പിക്കാം, റൂമിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ അദ്ദേഹവും ഹാപ്പിയായി. കാരണം ഓരോ സ്ഥലവും ആസ്വദിച്ചു കാണാൻ ഞങ്ങൾ കൂടുതൽ സമയം എടുത്തത് കൊണ്ട് കുറച്ചു ദൂരമേ ഓടേണ്ടി വന്നിട്ടുള്ളൂ.

അവിടത്തെ തണുപ്പിനെ കുറിച്ചും കാലാവസ്‌ഥയെ കുറിച്ചും അദ്ദേഹം വാചാലനായി. പിന്നെ കേരളത്തിലെ പ്രളയത്തെ കുറിച്ച് ചോദിച്ചു. ഈ യാത്രയിൽ ഞങ്ങൾ പരിചയപ്പെട്ട എല്ലാവർക്കും കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചാണ് അറിയേണ്ടത്.

തട്ടുകടക്കാരൻ മുതൽ ഹോട്ടൽ റിസപ്ഷനിലെ പെൺകുട്ടി, ഓട്ടോ ഡ്രൈവർ അങ്ങനെ ഒരുപാട് പേർ നമുക്ക് സംഭവിച്ച ദുരന്തത്തിന്‍റെ ആധിയിൽ ആണ്. ഇന്ത്യയുടെ രണ്ടറ്റത്ത് കിടക്കുന്ന ആൾക്കാർ, രണ്ടു ഭാഷ, രണ്ടു സംസ്കാരം, രണ്ടു പ്രകൃതി എന്നിട്ടും മനുഷ്യ സ്നേഹത്തിന്‍റെ നേർക്കാഴ്ചകൾ ആയിരുന്നു അവരുടെ സ്നേഹത്തോടെയുള്ള ആ കരുതലും ആശ്വസിപ്പിക്കലും.

റൂമിൽ നിന്നും പുറത്തിറങ്ങി തലേ ദിവസം നടന്ന റോഡിന്‍റെ എതിർവശത്തേക്ക് നടന്നു, ഭക്ഷണം തന്നെയാണ് ലക്ഷ്യം. ഒരുപാട് പെട്ടികടകൾ ഉണ്ട്. മോമോസ്, ബജികൾ, പൂരി അങ്ങനെ…

ഒരു കടയിൽ കയറി നല്ല വെട്ടി തിളക്കുന്ന നാടൻ മട്ടൻ സൂപ്പ് ചൂടോടെ അകത്താക്കി. ഇവിടെ ദീപാവലിയുടെ ആഘോഷം കഴിഞ്ഞിട്ടില്ല. പടക്കവും മത്താപ്പൂവും എല്ലാം ഉണ്ട്. അന്നത്തെ ഉറക്കവും നഷ്ടപെടും എന്നുറപ്പിച്ചു.

ഹോട്ടലിലെ ബാൽക്കണിയിൽ ഇരുന്നു കാഴ്ചകൾ കണ്ടു. പല നിറത്തിലുള്ള പൂത്തിരികളും പടക്കങ്ങളും വർണ്ണ കാഴ്ചകൾ നിറച്ച ആകാശത്തു കൂടെ ഡറാഡൂൺ എയർ പോർട്ടിൽ നിന്നും പറന്നുയർന്ന വിമാനങ്ങൾ പോകുന്നത് നോക്കിയിരുന്നു.

അതിരാവിലെ എഴുന്നേറ്റു നടക്കാനിറങ്ങി. ഡറാഡൂണിന്‍റെ മഞ്ഞിൽ മൂടിയ പ്രഭാത കാഴ്ചകൾ ആയിരുന്നു ലക്ഷ്യം. സമയം ഏഴുമണിയോട് അടുത്തു. അടുത്തു കണ്ട പെട്ടിക്കടയിൽ നിന്നും ഇഞ്ചിയും ഏലവും ഇട്ടു തിളപ്പിച്ച ചൂട് ചായ കുടിച്ചു ഞങ്ങൾ ഹോട്ടലിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും പ്രഭാത ഭക്ഷണം റെഡി ആയിരുന്നു.

കുളിയും ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. തലേ ദിവസം കാണാൻ ബാക്കി വച്ച കാഴ്ചകൾ ഇന്ന് കാണണം.

ലോക്കൽ ബസ് സ്റ്റാൻഡിൽ നിന്നും കുറച്ചു ദൂരമുണ്ട് എഫ്ആർഐ ലേക്ക്. ടാക്സി വിളിച്ചു. വിശാലമായ റോഡിനു ഇരുവശം കുട്ടികളും കുടുംബങ്ങളും കൂട്ടമായി നടക്കുന്നുണ്ട്. ദീപാവലി ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല എന്ന് തോന്നുന്നു. അവധി ദിവസങ്ങൾ അവരവരുടെ രീതിയിൽ സന്തോഷിക്കുകയാണ് ഓരോ ഗ്രൂപ്പുകളും.

കൊളോണിയൽ രീതിയിൽ പണിത വലിയ മതിലിനു സമീത്തു കൂടെയാണ് നമ്മുടെ കാർ പോയിക്കൊണ്ടിരിക്കുന്നത്. പഴയ ബ്രിട്ടീഷ് കൊട്ടാരങ്ങളെ ഓർമ്മപ്പെടുത്തുന്നു. വലിയ ഗേറ്റിനു മുന്നിൽ കാർ നിർത്തി. സെക്യൂരിറ്റി ചെക്കിംഗ് ആണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫോറസ്റ്റ് റിസർച്ച് സ്ഥാപനങ്ങളിൽ ഒന്നാണ് എഫ്ആർഐ. 1878 ൽ ബ്രിട്ടീഷ് ഇംപീരിയൽ ഫോറസ്റ്റ് സ്ക്കൂൾ ആയിട്ടായിരുന്നു ഇതിന്‍റെ തുടക്കം. 1906 ൽ ഇതിനെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്തുകയായിരുന്നു.

450 ഹെക്ടറിൽ പടർന്നു കിടക്കുന്ന വലിയൊരു ലോകമാണ് എഫ്ആർഐ ക്യാമ്പസ്. വിശാലമായ പൂന്തോട്ടം, എത്ര സമയം ചെലവഴിച്ചാലും ഇവിടെ നമുക്ക് കൂടുതൽ കൂടുതൽ ഫ്രെഷ്നസ് തരുന്നു.

വലിയൊരു ഫോറസ്ട്രി മ്യൂസിയം തന്നെ ഇവിടെ ഉണ്ട്. കാടിനെ സ്നേഹിക്കുന്നവർക്ക് മരങ്ങളെ സ്നേഹിക്കുന്നവർക്ക് ഒരുപാട് പുതിയ അറിവ് നൽകുന്നവയാണ് ഇത്. ഈ വരാന്തകളിലൂടെ നടക്കുമ്പോൾ ഒരു രാജകൊട്ടാരത്തിൽ നിൽക്കുന്ന പ്രൗഡിയാണ്. ഇംഗ്ലണ്ടിലെ ഏതോ പട്ടണത്തിൽ എത്തിയ പോലെയൊരു അനുഭവം ഈ കെട്ടിടവും പൂന്തോട്ടവും സമ്മാനിക്കുന്നു.

dehradun

ആർക്കിടെക്ക്ച്ചർ വിദ്യാർത്ഥികൾക്കും വളരെയധികം താൽപര്യമുള്ള കെട്ടിടമാണ് ഇത്. പുൽത്തകിടിയിൽ ഒരുപാട് പേര് ഫോട്ടോസ് എടുക്കുന്ന തിരക്കിലാണ്. നല്ല സീനറിയിൽ ഒരുപാട് ചിത്രങ്ങൾ പകർത്താൻ കഴിയും ഇവിടെ! കാഴ്ചകൾ കണ്ട സമയം പോയതറിഞ്ഞില്ല. ഇനിയും കാഴ്ചകൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ട്.

ഇനി അടുത്തതായി കാണാനുള്ളത് തപ്കേഷർ മഹാദേവിക്ഷേത്രം ആണ്. കാടിനോട് ചേർന്ന് നിൽക്കുന്ന ശിവ ക്ഷേത്രം.

നഗരത്തിരക്കിൽ നിന്നും മാറി തിരക്കൊഴിഞ്ഞ ഒരിടമാണിത്. വലിയൊരു ഗ്രൗണ്ടും അതിനോട് ചേർന്ന് കുറച്ചു മരങ്ങളും നമ്മുടെ നാട്ടിലെ അമ്പലപ്പറമ്പുകളെപ്പോലെ തോന്നിപ്പിക്കുന്ന സ്‌ഥലം.

താഴോട്ട് പടികൾ ഇറങ്ങി വേണം ക്ഷേത്രത്തിൽ പോകാൻ. പടികളിൽ സന്യാസിമാർ ഭിക്ഷയാചിച്ചു ഇരിക്കുന്നുണ്ട്. പടികൾക്കു മുകൾ വശങ്ങളിലായി വഴിയമ്പലം പോലെയുള്ള ചെറിയ കെട്ടിടങ്ങളും ഉണ്ട്. അവിടെയെല്ലാം സന്യാസിമാർ വിശ്രമിക്കുന്നു.

ഞങ്ങൾ പകുതി പടികൾ ഇറങ്ങി. ഇനി താഴേക്ക് ഇറങ്ങിയാൽ പുഴയാണ്. ഇടതു വശത്തേക്ക് ആണ് ക്ഷേത്രം. നദിക്കപ്പുറത്ത് ഹനുമാന്‍റെ വലിയൊരു പ്രതിമയുണ്ട്, അങ്ങോട്ട് പോകുവാൻ ചെറിയൊരു പാലവും നദിക്കു കുറുകെയുണ്ട്.

ചെരിപ്പുകൾ അഴിച്ചു വച്ച് നടന്നു. ഇതൊരു ഗുഹാക്ഷേത്രം ആണ്. ഗുഹക്കു അകത്തേക്ക് പ്രവേശിക്കുമ്പോൾ ഭക്‌തി സാന്ദ്രമായ അന്തരീക്ഷം. ഗുഹക്കു നടുവിലായി വലിയൊരു ശിവലിംഗം ഉണ്ട്. ഒരുപാട് ഭക്‌തർ പ്രാർത്ഥിക്കുന്നു. ശിവലിംഗത്തിനു മുകളിലെക്കായി ഗുഹയുടെ സീലിംഗിൽ നിന്നും വെള്ളം ഉറവായി വീണു കൊണ്ടിരിക്കുന്നത് പ്രത്യേകതയാണ്.

ഗുഹയ്ക്കുള്ളിൽ ആയി വലിയൊരു നടുത്തളം ഉണ്ട്. വലിയൊരു കോൺഫറൻസ് മുറിയുടെ അത്ര തന്നെയുണ്ട്.

ഇവിടെ പ്രാർത്ഥിച്ചാൽ എല്ലാ ആഗ്രഹങ്ങളും സാധിച്ചും കിട്ടും എന്നാണ് വിശ്വാസം. ദ്രോണാചാര്യർ ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. അദ്ദേഹത്തിന്‍റെ മകനായ അശ്വത്ഥമാ ഈ ഗുഹയിലാണ് ജനിച്ചത്. അമ്മയിൽ മുലപ്പാല് കുറവായത് കാരണം കുഞ്ഞായ അശ്വത്ഥാ കരഞ്ഞു പ്രാർത്ഥിച്ചെന്നും അത് കേട്ട് ശിവൻ കുഞ്ഞിനു യഥേഷ്ടം പാൽ നൽകിയെന്നുമാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഇവിടെ പ്രാർത്ഥിച്ചാൽ എല്ലാം സാധ്യമാകും എന്ന് ശിവഭക്‌തർ വിശ്വസിക്കുന്നു.

ഗുഹയിൽ നിന്നും താഴേക്കിറങ്ങിയാൽ നദിയിലേക്ക് എത്താം. തെളിഞ്ഞ വെള്ളം. മുട്ടോളം മാത്രമേയുള്ളൂ. അപ്പുറത്ത് കാടാണ്. അതിന്‍റെ എല്ലാ ശാന്തിയും ഇവിടെയുണ്ട്. ചിലർ വിശ്വാസം കൊണ്ട് ഇവിടെ സ്നാനം ചെയ്യുന്നു. ചിലർ സെൽഫി എടുക്കാനായി വെള്ളത്തിൽ ഇറങ്ങി നിൽക്കുന്നു. ഒരു നൂറു മീറ്റർ നദിക്കരയിലൂടെ നടന്നു. ഇവിടെ കുറച്ചു കൂടി ആഴമുണ്ട്. രണ്ടു സന്യാസിമാർ ഈ തണുപ്പിൽ കഴുത്ത് വരെ വെള്ളത്തിൽ മുങ്ങിനിന്ന് ധ്യാനം ചെയ്യുകയാണ്.

ഇവിടെ മുറിച്ചു കടന്നാൽ കുറച്ചു ദൂരം കാടിലൂടെ ട്രക്ക് ചെയ്യാം. കുറച്ചു യുവാക്കൾ ആ വഴി പോകുന്നത് കണ്ടു ഞങ്ങൾ തിരിച്ചു നടന്നു.

സമയം കുറവാണ്. സമീപത്തുള്ള കടയിൽ നിന്നും ഓരോ ചായ കുടിച്ചു. പ്രായം ചെന്ന ഒരു അമ്മച്ചി ക്ഷേത്രത്തിന്‍റെ ഐതീഹ്യത്തെ കുറിച്ചും അവിടുന്ന് പ്രാർത്ഥിച്ചു കാര്യങ്ങൾ നേടിയ ആളുകളുടെയും കഥകൾ വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

ഡറാഡൂണിലെ ബുദ്ധ ക്ഷേത്രത്തിൽ ആണ് പിന്നീട് പോയത്. പെട്ടെന്ന് ടിബറ്റിലോ നേപ്പാളിലോ എത്തിയ പോലെ തോന്നി. നിറയെ ബുദ്ധസന്യാസിമാർ, യോദ്ധ സിനിമയിലെ അക്കോസോട്ടയെ ഓർമ്മിപ്പിക്കുന്ന അതേ പ്രായത്തിലുള്ള കുറേ കുട്ടികൾ. നിഷ്ക്കളങ്കമായ പുഞ്ചിരി! 103 അടി ഉയരമുള്ള ബുദ്ധന്‍റെ പ്രതിമ നല്ലൊരു കാഴ്ചയാണ്. വളരെ ശാന്തമായി നടന്നു ഇവിടത്തെ കാഴ്ചകളെ അനുഭവിച്ചറിഞ്ഞു.

പല വലിയ ബുദ്ധമത നേതാക്കളും ഇവിടെ സന്ദർശിച്ചിട്ടുണ്ട്. 1965 ൽ ആണ് ഈ ക്ഷേത്രം പണിതത്. ജാപ്പനീസ് ആർക്കിടെക്ച്ചർ സ്റ്റൈലും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കൂടി കലരുമ്പോൾ സന്ദർശകർക്ക് അവാച്യമായ ആനന്ദം തന്നെയാണ്.

സമയം വൈകുന്നേരമായി ഇനിയും യാത്ര തുടരേണ്ടതുണ്ട്. ഡറാഡൂണിലെ കാഴ്ചകൾക്ക് വിട നൽകി ഞങ്ങൾ തിരിക്കുകയാണ്. കണ്ട കാഴ്ചകൾ മനോഹരം കാണാത്ത കാഴ്ചകൾ അതിമനോഹരം ആണെന്ന് അറിയാം. മറ്റൊരു ദിവസം ഡറാഡൂൺ എന്ന കാമുകിയെ കാണാൻ തിരിച്ചു വരാമെന്ന ഉറപ്പിൽ യാത്ര തുടർന്നു. അതേ… ഓരോ യാത്രികനും പ്രണയിച്ചു പോകുന്ന സൗന്ദര്യമാണ് ഡറാഡൂൺ എന്ന സുന്ദരിക്ക്…

और कहानियां पढ़ने के लिए क्लिक करें...