7 വർഷം മുമ്പുള്ള ഒരു ശനിയാഴ്ച, ഞാനവളെ ആദ്യമായി കണ്ടത് ഇപ്പോഴും ഓർക്കുന്നു. രാത്രി ഏകദേശം 11 മണി, ഉറങ്ങുന്നതിന് മുമ്പായി വസ്ത്രം മാറാൻ പോകുന്ന നേരത്താണ് കടുത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഡോർബെൽ മുഴങ്ങിയത്. എന്‍റെ മുഖത്തേക്ക് നീരസത്തോടെ നോക്കി കൊണ്ട് ഭർത്താവ് പിറുപിറുത്തു, “ഈ നേരത്ത് ആരാ?”
“ആവോ അറിയില്ല” ഉറക്കച്ചടവോടെ അദ്ദേഹം കിടക്കയിൽ നിന്നുമെഴുന്നേറ്റ് വസ്ത്രം നേരെയാക്കി ഡോറിനടുത്തേക്ക് നടക്കുന്നതിനിടെ ഡോർബെൽ വീണ്ടും മുഴങ്ങി. വന്നയാൾക്ക് എന്തോ തിടുക്കമുള്ളതു പോലെ…
“ഛെ, ആരാ ഈ നേരത്ത്? വീട്ടിൽ വരാൻ കണ്ട സമയമാണോ ഇത്?” അദ്ദേഹം തെല്ലൊരു നീരസത്തോടെ പിറുപിറുത്തു കൊണ്ട് വാതിലിനടുത്തേക്ക് നടന്നു.
വാതിൽ തുറക്കുന്ന ശബ്ദത്തിനൊപ്പം പുറത്തു നിന്നും ഏതോ സ്ത്രീയുടെ ശബ്ദം കേൾക്കുന്നതു പോലെ എനിക്ക് തോന്നി. തിടുക്കത്തിൽ എന്തോ പറയുന്നതുപോലെ. അവരുടെ അസമയത്തുള്ള വരവിൽ ഭർത്താവിനുണ്ടായ അസൗകര്യത്തിന് ക്ഷമ ചോദിച്ചു കൊണ്ട് അവർ സംസാരിച്ചു തുടങ്ങി. അപ്പോഴേക്കും ഞാൻ മുറിയിൽ നിന്നും പുറത്തെ വാതിലിനടുത്തേക്ക് ചെന്നു.
“ഹലോ, നിങ്ങൾ രജ്ഞന അല്ലേ? ഞാൻ ദീപ്തി” എന്നു പറഞ്ഞു കൊണ്ട് അവൾ ഒട്ടും കൂസലില്ലാതെ എന്‍റെയടുത്തേക്ക് വന്ന് കൈനീട്ടി.
അവൾ എന്‍റെ കൈപിടിച്ചു കൊണ്ട് ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു.
“ഞാൻ നിങ്ങളുടെ കോളനിയിൽ തന്നെയാ താമസം. അങ്ങ് 251-ാം നമ്പർ വീട്. കുറെ നാളുകളായി നിങ്ങളെ കാണണമെന്ന ആഗ്രഹമായിരുന്നു എനിക്ക്. സമയം ഒത്തു വന്നില്ല. ഇന്നോർത്തപ്പോൾ ഇങ്ങ് പോന്നു.”
“വരൂ” അൽപം നീരസത്തോടെയാണെങ്കിലും ഞാനവരെ അകത്തേക്ക് ക്ഷണിച്ചു. നല്ല തളർച്ചയും ക്ഷീണവുമുള്ളതിനാൽ ആതിഥേയ മര്യാദയോടെ സംസാരിക്കാനുള്ള മൂഡിലുമായിരുന്നില്ല.
“അയ്യോ, ഇവിടെ വേണ്ട. നമുക്കൊരുമിച്ച് പുറത്തു പോയി കോഫി കുടിക്കാം. മെഡോ കോഫി ഷോപ്പിൽ പോകാം.”
“മെഡോയിലോ? ഈ സമയത്ത്? നാളെ പോകാം?”
“അയ്യോ അത് പറ്റില്ല. നാളെ നമ്മൾ കാണുമെന്ന് ആരറിഞ്ഞു. നമുക്ക് ഇന്ന് തന്നെ പോകാം. നല്ല രസമായിരിക്കും. കോഫി ഷോപ്പ് ലേറ്റ് നൈറ്റ് വരെയുണ്ടല്ലോ.”
അവർ എന്തെങ്കിലും പ്രതികരിക്കും മുമ്പെ ദീപ്തി വേഗം തന്നെ വാതിലും കടന്ന് പുറത്തേക്ക് പോയി. “വേഗം രണ്ടുപേരും റെഡിയായി വാ. ഡ്രസ് മാറേണ്ട ആവശ്യമില്ല. അതൊക്കെ ആര് ശ്രദ്ധിക്കാനാ. എന്‍റെ കാർ റോഡിൽ പാർക്ക് ചെയ്‌തിരിക്കുകയാ. അവിടെ അധികനേരം പാർക്ക് ചെയ്യാൻ പറ്റില്ല. ഞാനവിടെ വെയിറ്റ് ചെയ്യാം” എന്ന് അവൾ മടങ്ങുന്നതിനിടെ ഉച്ചത്തിൽ പറഞ്ഞു കൊണ്ടിരുന്നു. ഇതെന്ത് കഥ എന്നർത്ഥത്തിൽ ഞാനും ഭർത്താവും പരസ്പരം പകച്ചു നോക്കി. ദീപ്തി വീടിന് പുറത്താണ്. അതുകൊണ്ട് മറ്റ് പോംവഴിയൊന്നുമില്ലാതെ ഞങ്ങളിരുവരും പെട്ടെന്ന് ജീൻസും ടീഷർട്ടുമണിഞ്ഞ് ദീപ്തിയുടെ കാർ പാർക്ക് ചെയ്തയിടത്ത് എത്തി.
അപ്പോൾ അതായിരുന്നു ദീപ്തി. നല്ല ഊർജ്ജസ്വലയായ പുറം പൂച്ച് കാട്ടാത്ത പച്ചയായ സ്ത്രീ. മനസിലുള്ളത് അവൾ തുറന്ന് പറയും. അവൾ റോഡിലൂടെ നടന്നു പോകുന്നത് പലപ്പോഴും കണ്ടിരുന്നുവെങ്കിലും മുമ്പൊരിക്കലും അവളെ പരിചയപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പക്ഷേ, എന്തു കൊണ്ടാണെന്നറിയില്ല. അവളെ പണ്ടുതൊട്ടെ എനിക്ക് പരിചയമുള്ളതു പോലെ തോന്നി.
നല്ല പൊക്കം, വടിവൊത്ത ശരീരം, ഇരുകവിളിലും പുഞ്ചിരിക്കുമ്പോൾ വിരിയുന്ന മനോഹരമായ നുണക്കുഴികൾ. ചുമലിനും താഴെ വരെ നീണ്ടിടതൂർന്ന മുടി അവളുടെ നീണ്ട മുഖത്തിന് മനോഹരമായി ഫ്രെയിം ഒരുക്കിയിരുന്നു. അതിനും അപ്പുറമായിരുന്നു അവളുടെ കരിവണ്ടു പോലെയുള്ള മിഴിയിണകൾ. വാചാലമായ മിഴികൾ. പക്ഷേ ദീപ്തി ഒന്നും സംസാരിക്കാതിരിക്കുമ്പോഴാണ് കണ്ണുകൾ വാചാലമാകുന്നതെന്ന് പറയാം. എല്ലാം കൂട്ടിച്ചേർത്താൽ നല്ല ചുറുചുറുക്കും ചൊടിയുമുള്ള പെൺകുട്ടി.
എനിക്കും ദീപ്തിക്കുമിടയിൽ സൗഹൃദം ഉടലെടുക്കാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. ഞങ്ങളിരുവരും ഡെറാഡൂൺകാരായിരുന്നു. മാത്രവുമല്ല, പൊതുമേഖല ബാങ്കിലാണ് ഞങ്ങളിരുവരും ജോലി ചെയ്തിരുന്നതും. ആദ്യം നോർമൽ കപ്പുചിനോ കുടിച്ചു കൊണ്ട് പരസ്പരം വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. പിന്നീട് ഐറിഷ് കോഫി, കോൾഡ് കോഫി വിത്ത് ഐസ്ക്രീം വരെ കഴിച്ചു കൊണ്ട് സംസാരം ഇടതടവില്ലാതെ സമയത്തെ അതിക്രമിച്ചു കൊണ്ട് മുന്നോട്ടു കടന്നു. സംസാരിച്ച് സംസാരിച്ച് സമയം വെളുപ്പിനെ 3 മണിയായതു പോലും ഞങ്ങളറിഞ്ഞില്ല.
സംസാരത്തിനിടെ അവൾ തന്‍റെ ബോയ്ഫ്രണ്ടിനെപ്പറ്റിയും പറഞ്ഞു. ദീപക്. ദീപക് അമേരിക്കയിൽ എംബിഎ ചെയ്യാൻ പോയിരിക്കുകയാണെന്നും ഇനി ഒരു വർഷം കഴിഞ്ഞേ മടങ്ങുവെന്നും അവൾ പറഞ്ഞു. പക്ഷേ ദീപക്കിന്‍റെ മാതാപിതാക്കൾ അവരുടെ വിവാഹ തീരുമാനത്തെ അനുകൂലിച്ചിട്ടില്ലായത്രേ. അതിന് കാരണം ദീപ്തി ഇരുനിറക്കാരിയാണെന്നതായിരുന്നു. പക്ഷേ ദീപക് ഉറച്ച തീരുമാനത്തിലാണ്. അവൻ വിവാഹം ചെയ്യുന്നുവെങ്കിൽ അത് ദീപ്തിയെ മാത്രമായിരിക്കും അല്ലാതെ മറ്റൊരാളേയും ആയിരിക്കുകയില്ല.
ആ രാത്രി ഞങ്ങൾക്കിടയിൽ രൂപപ്പെട്ട ശക്തമായ സൗഹൃദം ദിനംപ്രതി അടിയുറച്ചു കൊണ്ട് മുന്നേറി കൊണ്ടിരുന്നു. കഴിഞ്ഞ ജന്മത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ട ഏതോ ഒരാളെപ്പോലെയായിരുന്നു അവളെനിക്ക്. ഞങ്ങളെന്നും വൈകുന്നേരം ഒരുമിച്ച് നടക്കാനിറങ്ങി, ഒരുമിച്ച് സമയം കിട്ടുമ്പോൾ ഷോപ്പിംഗ് നടത്തി. സിനിമ കാണാനും ഒരുമിച്ച് പോയി. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ അവൾ ഞങ്ങളുടെ മൂന്നാമത്തെ കുടുംബാംഗമായി മാറിയിരുന്നു.
യാതൊരു പൊങ്ങച്ചവുമില്ലാത്ത വ്യക്‌തിത്വമായിരുന്നു അവളുടേത്. ഒളിമറയില്ലാത്ത പെരുമാറ്റം. മനസിൽ തോന്നുന്നത് അവൾ അറുത്തു മുറിച്ചു പറയും. ഒരു ഞായറാഴ്ച ദിവസം, ഡോർബെൽ 3 വട്ടം മുഴങ്ങി. ദീപ്തിയുടെ അതെ തിടുക്കം ഡോർബെല്ലിനും. അതിപ്പോൾ ദീപ്തിയുടെ മറ്റൊരു പ്രതിരൂപമായി മാറിയിരിക്കുന്നു. വാതിൽ തുറന്ന് നോക്കിയപ്പോൾ പുറത്ത് ദീപ്തി. പതിവുപോലെ കൈനീട്ടലില്ല, അഭിവാദനമില്ല. അവൾ തെല്ലും കൂസാതെ നേരെ?എന്‍റെ അടുക്കളയിലേക്ക് നടന്നു.
എനിക്കൊന്നും മനസിലായില്ല. അവൾ നേരെ ചെന്ന് കിച്ചൻ ഡ്രോയർ തുറന്ന് എന്‍റെ മുഴുവൻ സ്പൂണും ഫോർക്കുമെടുത്തു. “വീട്ടിൽ കുറച്ചുപേർ ലഞ്ചിനു വരുന്നുണ്ട്. എന്‍റെ കൈവശം സ്പൂണൊന്നും അധികമില്ല. നിങ്ങളിന്ന് കൈ കൊണ്ട് കഴിച്ചാൽ മതി. ങ്ഹാ, വേണ്ട ഈ രണ്ട് സ്പൂൺ വച്ചോ ബാക്കി വൈകുന്നേരം തരാം കേട്ടോ.” എന്നു പറഞ്ഞു കൊണ്ട് അവൾ പുറത്തേക്കോടി.
“ശരി വൈകുന്നേരം കാണാം. ഞാൻ ഫുഡ് കൊണ്ടുവരാം. നമുക്കൊരുമിച്ച് കഴിക്കാം.” അവൾ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.
എനിക്കവളുടെ പെരുമാറ്റം കണ്ടിട്ട് ചിരിയാണ് വന്നത്. എന്നേക്കാൾ ഏതാനും വർഷം ഇളയതാണ് അവൾ. അതുകൊണ്ടു കൂടി എനിക്കവൾ കുഞ്ഞനുജത്തിയെപ്പോലെയായിരുന്നു. വൈകുന്നേരമായി, പിന്നെ രാത്രിയായി. ഞാൻ രാത്രിയിലേക്കായി ഡിന്നർ തയ്യാറാക്കിയിരുന്നില്ല. ദീപ്തി വരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. പറഞ്ഞതു പോലെ അവൾ സ്പൂണും ഫോർക്കും തിരികെ കൊണ്ടു വന്നു തന്നു.
“ഭക്ഷണമൊന്നും ബാക്കി വന്നില്ല. വന്നവരെല്ലാം മൊത്തം കഴിച്ചു. ഫ്രിഡ്ജിൽ എന്തെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ എടുക്ക് ഞാൻ അപ്പോഴേക്കും കിച്ചടി തയ്യാറാക്കാം.” വന്നയുടനെ അവൾ പറഞ്ഞു.
അങ്ങനെ മാസങ്ങൾ കടന്നു പോയി. എപ്പോഴാണെന്നറിയില്ല, അവളിൽ ചില വിചിത്രമായ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഒരിക്കൽ ഒരു സംഭവമുണ്ടായി ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു അവളുടെ പെരുമാറ്റം. ഞാൻ വീടിന് പുറത്ത് ഗെയിറ്റിനടുത്തായി നിൽക്കുകയായിരുന്നു, ഈ സമയം ദീപ്തി ജോലിയും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. ദൂരെ നിന്നുള്ള അവളുടെ വരവ് കണ്ടപ്പോൾ തന്നെ മനസിൽ എന്തോ പന്തികേട് തോന്നി. ആകെ ആടിയുലഞ്ഞ പോലെയുള്ള വരവ്. അടുത്ത് വന്നപ്പോൾ ഞാനവളുടെ മുഖത്തേക്ക് നോക്കി. “എന്താ നീ ഇങ്ങനെ വളഞ്ഞു പുളഞ്ഞു നടക്കുന്നത്, എന്ത് പറ്റി? എന്തെങ്കിലും പ്രോബ്ളം ഉണ്ടോ?”
എന്‍റെ ചോദ്യം കേട്ട് അവൾ ഉടനടി പൊട്ടിച്ചിരിച്ചു. അവളുടെ കവിളിലെ നുണക്കുഴികൾ വിരിഞ്ഞു. “ഏയ് ഒന്നുമില്ല. കുറച്ച് ദിവസമായി നേരെ നടക്കാൻ പറ്റുന്നില്ലായിരുന്നു. ഡോക്ടർ പറഞ്ഞത്. ക്ഷീണം കൊണ്ടായിരിക്കുമെന്നാ. അതുകൊണ്ട് കുറച്ച് വിറ്റാമിൻ കഴിക്കാൻ പറഞ്ഞു. പക്ഷേ എവിടെയോ എന്തോ പ്രശ്നമുള്ളതു പോലെ എനിക്ക് തോന്നുന്നു. നാളെ ഏതെങ്കിലും സ്പെഷ്യലിസ്റ്റിനെ കാണണമെന്ന് വിചാരിക്കുവാ. അയ്യോ… നേരം വൈകി. പോകട്ടെ.” എന്നു പറഞ്ഞു കൊണ്ട് ഇടറിയ കാലുകളോടെ അവൾ ആടിയാടി ഫ്ളാറ്റ് ലക്ഷ്യമാക്കി നടന്നു.
മൂന്ന് ദിവസത്തിനു ശേഷം അവളുടെ ഫോൺ വന്നു. “രജ്ഞനാ ഞാൻ ഹോസ്പിറ്റലിലാണ്. എല്ലാം പെട്ടെന്നായിരുന്നു. അതുകൊണ്ട് പറയാൻ പറ്റിയില്ല.”
“എന്ത്, ഹോസ്പിറ്റലിലോ? ഏത് ഹോസ്പിറ്റലിൽ, എന്താ നിനക്ക് പറ്റിയത്?”
“അയ്യോ പേടിക്കണ്ട, എന്‍റെ മസ്തിഷ്കത്തിൽ ഏതോ കീടം കടന്നു കൂടിയിരിക്കുന്നു. ഇതെനിക്ക് എപ്പോഴെ അറിയാമായിരുന്നു. ഇപ്പോ ന്യൂറോളജിസ്റ്റ് ഒരു ട്യൂമർ കണ്ടെത്തി. കീടങ്ങളുടെ വീടായിരിക്കുമത്” എന്ന് പറഞ്ഞു കൊണ്ട് അവൾ ഉച്ചത്തിൽ ചിരിച്ചു.
“നീ തെളിച്ച് പറ. ഇങ്ങനെ കടങ്കഥ പറയാതെ?” ഞാനവളോട് ദേഷ്യത്തോടെ പറഞ്ഞു.
“ഉടനടി സർജറി ചെയ്യണമെന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഞാനും സമ്മതിച്ചു. അതുകൊണ്ട് അമ്മയോട് ഡെറാഡൂണിൽ നിന്നും വരാൻ പറഞ്ഞിട്ടുണ്ട്. നാളെയാണ് സർജറി എന്നെ കാണാൻ നീ വരുമല്ലോ അല്ലേ?”
ഒരു നിമിഷം സ്‌ഥലകാലബോധം നശിച്ചവളെ പോലെ ഞാൻ നിന്നു. മുന്നോട്ട് എന്ത് പറയണമെന്നറിയാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
ഇത്രയും സങ്കീർണ്ണമായ സർജറിയ്ക്ക് തൊട്ട് തലേന്നുള്ള സന്ധ്യയ്ക്ക് യാതൊരു ടെൻഷനുമില്ലാതെയിരിക്കാൻ ആർക്കാണ് കഴിയുക.
അവളുടെ മമ്മിയെ കണ്ട് ദീപ്തിയുടെ ആരോഗ്യവിവരം അറിയുന്നതിനായി ഞാനെന്നും ഹോസ്പിറ്റലിൽ പോയി കൊണ്ടിരുന്നു. 5 ദിവസത്തിനു ശേഷം അവളെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി. അവളുടെ മനോഹരമായ മുടിയൊക്കെയും മുറിച്ച് കളഞ്ഞിരുന്നു. മാത്രവുമല്ല ശിരസ്സിൽ ബാൻഡേജും ഇട്ടിരുന്നു. ഏറെ ക്ഷീണിതയായിരിക്കുന്നു അവൾ. പക്ഷേ അവളുടെ പുഞ്ചിരിയ്ക്ക് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. എത്ര ധൈര്യശാലിയാണവൾ. അവളെക്കുറിച്ചോർത്ത് എനിക്ക് മനസിൽ അഭിമാനം തോന്നി.
പക്ഷേ അവളുടെ മുഖത്ത് എന്തോ ഒരു മാറ്റമുണ്ടായതു പോലെ എനിക്ക് തോന്നി. മുഖത്തിന്‍റെ ഷെയ്പ് ആകെ മാറിയിരിക്കുന്നു. പക്ഷേ ചോദിക്കാൻ ധൈര്യമുണ്ടാകാതെ മനസിലുണർന്ന സങ്കടത്തെ കടിച്ചമർത്തി.
എന്‍റെ മുഖത്തെ ഭാവമാറ്റം അവൾ പെട്ടെന്ന് കണ്ടുപിടിച്ചു. “എന്താ നോക്കുന്നത്, എന്‍റെ മുഖം വളഞ്ഞിരിക്കുന്നുവല്ലേ? ആ തെമ്മാടി ട്യൂമർ ഉണ്ടല്ലോ എന്‍റെ മസ്തിഷ്കത്തിലെ നെർവിനെയൊക്കെ ചുറ്റിപിണഞ്ഞിരിക്കുകയായിരുന്നു. പാവം സർജൻ കുറേ ശ്രമിച്ചു. ഒടുവിൽ ആ നെർവിനെ മുറിക്കേണ്ടി വന്നു.” എന്നു പറഞ്ഞു കൊണ്ട് അവൾ പൊട്ടിച്ചിരിച്ചു. ആ ചിരിക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന സങ്കടവും നിരാശയും എനിക്ക് വ്യക്‌തമായി കാണാമായിരുന്നു.
“ജീവൻ തിരിച്ചു കിട്ടിയത് വളരെ ഭാഗ്യമായെന്നാ ഡോക്ടർ പറഞ്ഞത്. പിന്നെന്ത് മുഖം? എന്നെ മനസിലാകുന്നവർ, സ്നേഹിക്കുന്നവർ ഞാൻ ജീവനോടെയിരിക്കുന്നത് കാണാനല്ലേ ഇഷ്ടപ്പെടുക. എന്നെ മനസിലാക്കാത്തവർ എന്ത് വേണേലും ചിന്തിച്ചോട്ടെ. അതെന്നെ ബാധിക്കുന്ന കാര്യമല്ല. അതല്ലേ ശരി?” പിന്നെയും അവൾ ആയിരം വാട്ട് പവറുള്ള ബൾബു പോലെ പുഞ്ചിരിച്ചു.
ഈ ചെറുപ്രായത്തിൽ നേരിട്ട ഇത്രയും വലിയ പ്രഹരം അവൾ എങ്ങനെയോ ചിരിച്ചു കൊണ്ട് അഭിമുഖീകരിക്കുകയായിരുന്നു. അവളെനിക്കൊരു അദ്ഭുതമായിരുന്നു. ഹോസ്പിറ്റലിലെ മണി മുഴങ്ങി. സന്ദർശകരുടെ സമയം കഴിഞ്ഞിരിക്കുന്നു.
ഞാൻ പതിയെ യാന്ത്രികമായി ഹോസ്പിറ്റലിന്‍റെ പടിയിറങ്ങി വീട്ടിലേക്ക് മടങ്ങി. വഴിയിലുടനീളം അവളെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസിൽ. വിധി അവളോട് എത്ര വലിയ അന്യായമാണ് കാട്ടിയത്. രണ്ട് ദിവസത്തിനു ശേഷം ഞാൻ വീണ്ടും അവളെ കാണാനായി ഹോസ്പിറ്റലിലെത്തി. ദീപ്തി കറുത്ത കണ്ണട ധരിച്ച് കിടക്കയിൽ കിടക്കുകയായിരുന്നു.
“ഹായ്, എന്താ സ്റ്റൈൽ. അകത്ത് മുറിയിലിരിക്കുമ്പോൾ കറുത്ത കണ്ണടയോ?” പെട്ടെന്ന് ഒന്നുമാലോചിക്കാതെ ഞാനവളെ കണ്ടയുടനെ പറഞ്ഞു. പക്ഷേ അവളുടെ നിരാശപൂണ്ട മുഖം കണ്ടപ്പോൾ എനിക്ക് ഉള്ളിൽ കുറ്റബോധം തോന്നി. അവളുടെ കോടിയ മുഖം കണ്ടപ്പോൾ എന്‍റെ മനസ് കുറ്റബോധം കൊണ്ട് നീറി.
“പരാലിസിസ് വന്നതു കൊണ്ട് കണ്ണിമ വെട്ടുന്നില്ല. ഇൻഫക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഡോക്ടർ കണ്ണട ധരിക്കാൻ പറഞ്ഞിരിക്കുകയാ” അവൾ ഗൗരവം പൂണ്ട ശബ്ദത്തിൽ പറഞ്ഞു. സർജറിക്ക് ശേഷം അന്നാദ്യമായാണ് ഞാനവളെ അസ്വസ്ഥയായി കണ്ടത്.
അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പറഞ്ഞു.“സാരമില്ല കുറച്ചു ദിവസത്തെ കാര്യമല്ലേ, എല്ലാം ശരിയാകും” പക്ഷേ അവളുടെ ആ അവസ്‌ഥ കാണാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല.
ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ശേഷം കുറച്ചു നാളത്തെ പരിപൂർണ്ണ വിശ്രമം ആവശ്യമുള്ളതിനാൽ അവൾ മാതാപിതാക്കൾക്കൊപ്പം ഡെറാഡൂണിലേക്ക് മടങ്ങി. ഏകദേശം 2 മാസത്തെ വിശ്രമത്തിനു ശേഷം അവൾ ഡൽഹിയിലെ സ്വന്തം ഫ്ളാറ്റിലെത്തി.
അതെ പോലെ മെലിഞ്ഞ് നീണ്ട് ആത്മവിശ്വാസമുള്ള പെൺകുട്ടിയായി. അവളുടെ ശിരസിൽ മുടി വളർന്നിരുന്നു. പക്ഷേ ഒരെയൊരു വ്യത്യാസം മാത്രം. അവൾ എപ്പോഴും കണ്ണട ധരിച്ചിരുന്നുവെന്നതാണ്. അടഞ്ഞു പോയ ഇടതു കണ്ണും വികലമായ മുഖത്തിന്‍റെ ഏറെക്കുറെ ഭാഗം പുറമേക്ക് പ്രകടമാകാതിരിക്കാനുമായിരുന്നുവത്.
ഒരു ദിവസം വൈകുന്നേരം കോളനിയിലെ വാക്‌വേയിലൂടെ നടക്കവെ അവൾ മനസിൽ മൂടികിടന്ന ആ സങ്കടം അവസാനം എന്നോട് പങ്കുവച്ചു.
“രജ്ഞനാ, എന്‍റെ ഈ മുഖം കണ്ടിട്ട് ദീപക് എന്നെ പഴയതു പോലെ സ്നേഹിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ? എന്നെ വിവാഹം ചെയ്യാൻ അയാൾ ഇപ്പോഴും തയ്യാറാണെന്ന് കരുതുന്നുണ്ടോ?”
അവളുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടിയാണ് നൽകേണ്ടതെന്നറിയാതെ ഞാൻ പകച്ചു നിന്നു. ഞാൻ ദീപക്കിനെ ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നാലും അവളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി ആശ്വസിപ്പിക്കേണ്ടതാവശ്യമാണ്. “അയാൾ നിന്നെ സത്യസന്ധമായി സ്നേഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വിവാഹം ചെയ്യും.” അവളെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് ഞാനീ മറുപടി പറഞ്ഞതെന്ന് എനിക്കറിയാമായിരുന്നു.
“നിനക്കറിയാമോ രജ്ഞനാ, ദീപക് എനിക്ക് കുറേ മെസേജ് അയച്ചിരുന്നു. കുറേ തവണ അവൻ വിളിക്കുകയും ചെയ്‌തിരുന്നു. പക്ഷേ അതിനൊന്നും മറുപടി കൊടുക്കാൻ എനിക്കാവുമായിരുന്നില്ല.”
അവൾ തന്‍റെ ദുപ്പട്ട കൊണ്ട് വിരലുകൾ പൊതിഞ്ഞു പിടിക്കുന്നത് അവളറിയാതെ ഞാൻ ശ്രദ്ധിച്ചു. അവളാകെ അസ്വസ്ഥയും ദുഃഖിതയുമാണെന്ന് അവളുടെ ചലനങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും എനിക്ക് വായിച്ചറിയാൻ കഴിയുമായിരുന്നു.
“എന്തിനാ മണ്ടി അങ്ങനെയൊക്കെ ചിന്തിക്കുന്നത്? നീ അവനോട് സർജറിയെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ലേ? അവനെന്തു മാത്രം നിന്നെക്കുറിച്ചോർത്ത് വിഷമിക്കുന്നുണ്ടാകും?”
ഞാനവളെ സ്നേഹത്തോടെ ശാസിച്ചു “അതൊക്കെ എനിക്ക് മനസിലാവും. സർജറി ടൈമിൽ ദീപക്കിന്‍റെ സെമസ്റ്റർ എക്സാമായിരുന്നു. എന്തിനാ വെറുതെ ടെൻഷനടിപ്പിക്കുന്നത്. പിന്നെ ആലോചിച്ചപ്പോൾ എന്താണ് പറയേണ്ടതെന്നായി. ഏന്‍റെ കണ്ണുകളെയാണോ ദീപക് ഏറെ മോഹിച്ചിരുന്നത്, അതിൽ ഒരെണ്ണം എന്നന്നേക്കുമായി… ഇനിയെന്നെ ദീപക് വിവാഹം ചെയ്യുമെന്ന പ്രതീക്ഷ എനിക്കില്ല.”
“പക്ഷേ ദീപക് വാക്ക് തന്നതല്ലേ, നീയവനോട് പറയേണ്ടതായിരുന്നു. അതിനുള്ള അവകാശം ദീപക്കിനുണ്ടല്ലോ അല്ലേ?”
“എനിക്കറിയാം രജ്ഞനാ, പക്ഷേ തിരസ്കാരത്തെ ഭയന്നാണ് ഞാൻ… അവനെന്നെ വേണ്ടാന്നു വച്ചാലോ?”
“പക്ഷേ ഇക്കാര്യം അറിയാനുള്ള അവകാശം അവനില്ലേ?” ഞാൻ വീണ്ടും അവളോട് അതേ ചോദ്യം ആവർത്തിച്ചു.
“പക്ഷേ ഒറ്റക്കണ്ണിയെ വിവാഹം ചെയ്യേണ്ട ആവശ്യമുണ്ടോയെന്ന് അവൻ കരുതില്ലേ? അങ്ങനെ നിർബന്ധമില്ലല്ലോ. മാത്രവുമല്ല അവന്‍റെ ജീവിതത്തെ നശിപ്പിക്കാൻ യാതൊരു അവകാശവും എനിക്കില്ല. ഇപ്പോഴാണെങ്കിൽ ഞങ്ങളുടെ വിവാഹവും നടന്നിട്ടില്ല. അവൻ മറ്റേതെങ്കിലും നല്ല പെൺകുട്ടിയെ…”
അവളുടെ തൊണ്ടയിൽ വാക്കുകൾ കുരങ്ങി നിന്നു പോയ പോലെ… നടന്ന് ഫ്ളാറ്റിനടുത്ത് എത്തിയതിനാൽ തുടർന്നൊന്നും പറയാതെ അവൾ വേഗത്തിൽ സ്വന്തം ഫ്ളാറ്റിലേക്ക് മടങ്ങി. വൈകുന്നേരത്തെ ഇരുട്ടിലും അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ എനിക്ക് കാണാനാവുമായിരുന്നു.
അടുത്ത 2-3 ആഴ്ച ജോലി സംബന്ധമായ തിരക്കുകളിലായിരുന്നു ഞാൻ. ബാങ്കിൽ ഇൻസ്പെക്ഷൻ നടക്കുകയാണ്. ഒരു ദിവസം യാദൃശ്ചികമായി ദീപ്തി ടാക്സിയിൽ എങ്ങോട്ടോ പോകുന്നത് കണ്ടു. എന്നെ കണ്ടയുടനെ അവൾ ടാക്സി നിർത്തിച്ചു.
“രജ്ഞനാ, എനിക്ക് ട്രാൻസ്ഫർ കിട്ടി. ഡൽഹിക്ക് പുറത്താണ്.”
“എന്ത്? എങ്ങോട്ട് പോവുകയാണ്?”
“എല്ലാം ഞാൻ പറയാം. ഇപ്പോഴല്ലാ. ഫ്ളൈറ്റ് വിട്ടു പോകും. അവിടെ എത്തിയിട്ട് ഫോൺ ചെയ്യാം. ബൈ രജ്ഞനാ” എന്നു പറഞ്ഞു കൊണ്ട് ടാക്സി മുന്നോട്ടെടുക്കാൻ അവൾ ഡ്രൈവറോട് ആംഗ്യം കാട്ടി.
ടാക്സി പോകുന്നതും നോക്കി ഞാൻ അവിടെ തന്നെ പകച്ചു നിന്നു. പിന്നെ നിരാശയോടെ വീട്ടിലേക്ക് മടങ്ങി. ഇതെന്ത് ഫെയർവെല്ലാണ്? കൂട്ടുകാരിയെ വിട്ടുപോയതിൽ ദേഷ്യവും ഒപ്പം സങ്കടവും തോന്നി. ഞാനവിടെ നിന്നതു കൊണ്ടല്ലേ അവൾ ഇക്കാര്യം പറഞ്ഞത്. അല്ലായിരുന്നുവെങ്കിൽ അവൾ പറയുമായിരുന്നില്ലല്ലോ. ഇതാണോ സൗഹൃദം എന്ന് പറയുന്നത്?
ഞാനവളുടെ കോളിനായി ആഴ്ചകളോളം കാത്തിരുന്നു. പക്ഷേ ഒരു ഫോണോ സന്ദേശമോ ഒന്നുമുണ്ടായില്ല. അവൾ ഏത് നഗരത്തിലേക്കാണ് ട്രാൻസ്ഫറായി പോയതെന്ന കാര്യവും കൂടി എനിക്കറിയുമായിരുന്നില്ല. അവളുടെ ഫോണിലേക്ക് വിളിക്കുമ്പോഴൊക്കെ സ്വിച്ച്ഡ് ഓഫ് അല്ലെങ്കിൽ ഔട്ട് ഓഫ് കവറേജ് ഏരിയ എന്ന സന്ദേശമാണ് കേൾക്കാനായത്. കുറച്ചുനാൾ കഴിഞ്ഞതോടെ ആ നമ്പർ നിലവില്ല എന്ന സന്ദേശമാണ് കിട്ടിയത്.
ഒരു പക്ഷേ അവൾ തന്‍റെ ഫോൺ തന്നെ മാറി കാണും. എന്നെ വിളിക്കണമെന്നത് ഒരാവശ്യമായി അവൾക്ക് തോന്നി കാണില്ലായിരിക്കും. അവൾ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടും ഡി ആക്ടിവേറ്റ് ചെയ്തിരുന്നു. അവൾക്കയച്ചിരുന്ന മെയിലുകൾ തിരികെ വന്നു.
അവളുടെ സങ്കടമോർത്ത് ആദ്യം മുതലെ മനസ് അസ്വസ്ഥമായിരുന്നു. പക്ഷേ ഇപ്പോൾ എനിക്കവളോട് ദേഷ്യമാണ് തോന്നിയത്. എന്‍റെ സ്നേഹത്തെ, സൗഹൃദത്തെ അവൾ തമാശയായി കണ്ടതിലുള്ള ദേഷ്യമായിരുന്നു എനിക്കവളോട്. അവൾ എവിടെയായിരിക്കും.
ഈ സംഭവം കഴിഞ്ഞിട്ടിപ്പോൾ വർഷങ്ങളായിരിക്കുന്നു. ജീവിതം അതിന്‍റെ യാത്ര തുടർന്നു കൊണ്ടേയിരുന്നു. പുതിയ ബന്ധങ്ങൾ വന്നു ചേർന്നു. ഔദ്യോഗിക ജീവിതത്തിലെ വർദ്ധിച്ച ഉത്തരവാദിത്തങ്ങളും 2 കുട്ടികളുടെ വളർച്ചയും തിരക്കുകളുമൊക്കെയായി സമയമൊട്ടുമില്ലാതെയായി. ദീപ്തിയിലൂടെ വന്ന ആഘാതവും ഇപ്പോൾ ഏറെക്കുറെ മാഞ്ഞിരുന്നു.
എന്നാലും ഇടയ്ക്കിടെ നീറുന്ന വേദനയോടെ അവൾ മനസിൽ ഓടിയെത്തുമായിരുന്നു. അവൾ എവിടെയായിരിക്കും. എങ്ങനെ കഴിയുന്നുവെന്നൊക്കെയുള്ള ചിന്തകൾ മനസിലുണ്ടാകുമായിരുന്നു.
ഒരു ദിവസം ഓഫീസിൽ നിന്നും എനിക്കൊരു പ്രത്യേക അറിയിപ്പു കിട്ടി. അഹമ്മദാബാദിലെ പ്രശസ്തമായ സ്‌ഥാപനത്തിൽ 3 ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നിർദ്ദേശമായിരുന്നുവത്. പക്ഷേ പോകാൻ എനിക്കൊട്ടും മനസു തോന്നിയില്ല. നല്ലൊരു ട്രെയിനിംഗ് പ്രോഗ്രാമായതിനാൽ വിട്ടു കളയാൻ മനസും വന്നില്ല. അങ്ങനെ ഞാൻ അഹമ്മദാബാദിലെത്തി. പ്രോഗ്രാമിൽ പങ്കെടുക്കാൻ പല പല സ്‌ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും ഓഫീസർമാർ എത്തിയിരുന്നു.
ആദ്യ ദിനം പരിശീലകർ സ്വയം പരിചയപ്പെടുത്തി. ഇതിനിടെ വേദിയിൽ ഒരു വ്യക്‌തി സ്വയം പരിചയപ്പെടുത്തുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ദീപ്തി ജോലി ചെയ്‌തിരുന്ന ബാങ്കിലെ ഉദ്യോഗസ്‌ഥനായിരുന്നുവത്. അവസരം കിട്ടുമ്പോൾ അദ്ദേഹത്തെ കണ്ട് ദീപ്തിയെക്കുറിച്ച് ചോദിച്ചറിയാമെന്ന് ഞാൻ മനസിൽ കണക്കു കൂട്ടി. അതിനുള്ള അവസരവും സംജാതമായി. അടുത്ത ദിവസം ലഞ്ച് ടൈമിൽ ഞങ്ങൾ ഒരേ ടേബിളിലാണ് ഇരുന്നത്. ഈയവസരം നോക്കി ഞാനയാളോട് ദീപ്തിയെക്കുറിച്ച് ചോദിച്ചു.
“താങ്കൾക്ക് ദീപ്തിയെ അറിയാമോ? കുറേ വർഷം മുമ്പ് ഡൽഹി ഹെഡ് ഓഫീസിൽ ആയിരുന്നു. പക്ഷേ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല?”
“വളരെ നന്നായി അറിയാം. എന്‍റെ ബാച്ച്മേറ്റായിരുന്നു. ഇപ്പോൾ മുംബൈ മെയിൻ ബ്രാഞ്ചിലാണ് ദീപ്തി. താങ്കൾക്ക് അവരെ പരിചയമുണ്ടോ?”
“യെസ് കുറച്ച് വർഷം മുമ്പാണ് പരിചയപ്പെട്ടത്. ഞങ്ങളുടെ വീടിനടുത്തായിരുന്നു താമസം.” അവളെന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നുവെന്ന് എങ്ങനെ അദ്ദേഹത്തോട് പറയുമെന്ന ആശങ്കയിലായി ഞാൻ.
“ദീപ്തി ഇപ്പോഴും അൺമാരീഡാണോ അതോ വിവാഹം കഴിഞ്ഞോ?” അൽപം സങ്കോചത്തോടെയാണെങ്കിലും ഞാനയാളോട് ചോദിച്ചു.
“ങ്ഹാ, ദീപ്തിയുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ 6-7 വർഷമായി. മുംബൈയിൽ എത്തി കുറച്ചുനാൾ കഴിഞ്ഞായിരുന്നു വിവാഹം. ഭർത്താവ് അറിയപ്പെടുന്ന ഫിനാൻഷ്യൽ അനലിസ്റ്റാണ്. പല വൻകിട കമ്പനികൾ അദ്ദേഹത്തെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുകയാണ്. അത്രയ്ക്ക് കഴിവുറ്റയാളാണ്. അമേരിക്കയിൽ പഠനം നടത്തിയയാളാണെന്ന് കേട്ടിട്ടുണ്ട്. അവിടെ അദ്ദേഹത്തിന് മികച്ച അവസരങ്ങൾ കിട്ടിയതാണ്. പക്ഷേ ഇന്ത്യയിൽ സേവനം നടത്താനാണ് അദ്ദേഹത്തിനിഷ്ടം.”
“ഹൗ ക്യൂട്ട്, വളരെ നല്ല കാര്യം” ഞാൻ ആശ്ചര്യം പ്രകടിപ്പിച്ചു.
“അതെ… താങ്കൾക്ക് ഒരു പക്ഷേ അറിയില്ലായിരിക്കും അവരുടെ പ്രണയ കഥ വളരെ രസകരമായിരുന്നു. പാവത്തിന് ബ്രെയിൻ ട്യൂമറായിരുന്നു. സർജറിക്കിടെ ഡോക്ടർമാർക്ക് ചില പിഴവുകൾ സംഭവിച്ചു. അവരുടെ മുഖത്ത് പരാലിസിസ് ഉണ്ടായി. ആ സമയത്ത് അവരുടെ ബോയ്ഫ്രണ്ട് അതായത് പ്രതിശ്രുത വരൻ ദീപക് അമേരിക്കയിലായിരുന്നു. വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയാണ് അദ്ദേഹം അവിടെ പോയത്. പക്ഷേ അദ്ദേഹം ഈയവസ്‌ഥയിൽ ദീപ്തിയെ സ്വീകരിക്കുമോയെന്ന് ദീപ്തിക്ക് സംശയം ഉണ്ടായിരുന്നു. ഒട്ടും പ്രതീക്ഷയില്ലായിരുന്നു. അങ്ങനെയാണ് ദീപ്തി മുംബൈയിലേക്ക് ട്രാൻസ്ഫർ വാങ്ങിയത്. ദീപക് ദീപ്തിയെക്കുറിച്ച് അന്വേഷിച്ചാൽ ഒന്നും പറയരുതെന്ന് ഞങ്ങളിൽ നിന്നും ഉറപ്പും വാങ്ങിയിരുന്നു.” അയാൾ തമാശയെന്നോണം ദീപ്തിയുടെ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
“ആണോ, പിന്നെ എന്താണ് സംഭവിച്ചത്?” കഥയുടെ ഈ ഭാഗം വരെ എനിക്കറിയാമെന്ന കാര്യം അദ്ദേഹത്തോട് ഞാനെങ്ങനെയാണ് പറയുക.
“ദീപ്തി വിചാരിച്ചത് തന്നെ സംഭവിച്ചു. യുഎസിൽ നിന്നും മടങ്ങിയ ദീപക് ദീപ്തിയെ അന്വേഷിച്ച് ഞങ്ങളുടെ ഓഫീസിൽ വന്നു. ദീപ്തിയ്ക്ക് വാക്ക് നൽകിയതിനാൽ ഞങ്ങളാരും തന്നെ ദീപക്കിനോട് ഒന്നും പറഞ്ഞില്ല. പക്ഷേ ഹെഡ് ഓഫീസിൽ പോസ്റ്റിംഗ് ഡീറ്റൈയിൽസ് രഹസ്യമാക്കി വയ്ക്കില്ലല്ലോ? അദ്ദേഹം എച്ച്ആറിലും വർക്കിംഗ് സെക്ഷനിലും പോയി ദീപ്തിയുടെ പോസ്റ്റിംഗ് ഡീറ്റെയിൽസ് എടുത്തു.”
അദ്ദേഹം രസകരമായ കഥ പോലെ സംഭവങ്ങൾ വിവരിച്ചു കൊണ്ടിരുന്നു. ഡൈനിംഗ് ടേബിളിൽ ഉണ്ടായിരുന്നവർ ദീപ്തിയുടെ പ്രണയകഥ ഏറെ കൗതുകത്തോടെ കേട്ടിരുന്നു.
“പിന്നീടന്ത് സംഭവിച്ചു? ദീപക് മുംബൈയിൽ പോയോ?” കഥയുടെ പര്യവസാനം എന്തായിരിക്കുമെന്നറിയാനായി ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
“ങ്ഹാ ദീപക് പോയല്ലോ? അദ്ദേഹം ആദ്യ ഫ്ളൈറ്റിൽ തന്നെ മുംബൈയിലേക്ക് പറന്നു.” കഥയിപ്പോൾ ക്ലൈമാക്സിലേക്ക് വേഗത്തിലടുത്തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മേശക്കരികിൽ വന്നതിനാൽ എല്ലാവരും ബഹുമാനാർത്ഥം എഴുന്നേറ്റ് നിന്ന് അദ്ദേഹത്തോട് കോഴ്സ് സംബന്ധിച്ചുള്ള വിശദാംശങ്ങളെപ്പറ്റി സംസാരിക്കുന്ന തിരക്കിലായി. ദീപ്തിയുടെ പ്രണയകഥ അതോടെ അപൂർണ്ണമായ കഥയായി അവശേഷിച്ചു.
ലഞ്ചിനു ശേഷം തുടർന്ന ക്ലാസിൽ ശ്രദ്ധിക്കാൻ എനിക്കായില്ല. അടിക്കടി ദീപ്തിയുടെ പുഞ്ചിരിക്കുന്ന മുഖവും നുണക്കുഴികളും എന്‍റെ മനസിൽ തെളിഞ്ഞു വന്നു. അവളെ ഒരിക്കൽ കൂടി കാണണമെന്ന് മനസ് തീവ്രമായി ആഗ്രഹിച്ചു.
വൈകുന്നേരം ക്ലാസ് കഴിഞ്ഞയുടൻ ദീപ്തിയുടെ ബാച്ച്മേറ്റിൽ നിന്നും അവളുടെ ഫോൺ നമ്പർ വാങ്ങാമെന്ന് തീരുമാനിച്ചെങ്കിലും ക്ലാസ് കഴിയും മുമ്പെ തന്നെ അദ്ദേഹം അവിടെ നിന്നും പോയിരുന്നു. ഒരു പക്ഷേ ഫ്ളൈറ്റിനുള്ള സമയമായതിനാലാവണം അദ്ദേഹം വേഗം മടങ്ങിയത്.
പിറ്റേ ദിവസം രാവിലെയായിരുന്നു ഡൽഹിയിലേക്കുള്ള എന്‍റെ ഫ്ളൈറ്റ്. രാത്രി മുഴുവനും ദീപ്തിയെക്കുറിച്ച് ഞാൻ ആലോചിച്ച് കിടന്നു. ഒരിക്കലെങ്കിലും അവളെ കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ…
അതിരാവിലെ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടയിലും ദീപ്തിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു മനസു മുഴുവനും. അവളിപ്പോൾ എങ്ങനെയായിരിക്കും ഉണ്ടായിരിക്കുക. പക്ഷേ ഇത് ടെലിപ്പതിയാണോ അതോ യാദൃശ്ചികതയോ എന്താണെന്നറിയില്ല. ദീപ്തിയെ യാദൃശ്ചികമായി സെക്യൂരിറ്റി ലോഞ്ചിൽ കണ്ട് ഞാൻ പകച്ചു നിന്നു. ഇത് സ്വപ്നമോ യാഥാർത്ഥ്യമോ…
അതേ മെലിഞ്ഞ് ആകൃതിയൊത്ത ശരീരം. അതേ, ചുമലോളം ഇടതൂർന്ന നീണ്ട മുടിയിഴകൾ. അതേ ഡ്രസ് കോഡ്, കാഷ്വൽ ഫേഡഡ് ജീൻസും അവളുടെ പ്രിയപ്പെട്ട നിറത്തിലുള്ള ചുവപ്പും കറുപ്പും ചെക്ക് ഡിസൈനിലുള്ള ഷർട്ടും അണിഞ്ഞ്. എപ്പോഴത്തെയും പോലെ അവൾ ഷർട്ടിന്‍റെ കൈ മുട്ടു വരെ മടക്കി വച്ചിരുന്നു. അവളിൽ ഒന്നും മാറ്റമുള്ളതായി തോന്നിയില്ല.
വികൃതിയായ ഒരു കുട്ടിയുടെ പിറകിൽ അവൾ ഓടുകയായിരുന്നു. ആ കുട്ടിയാകട്ടെ നേരെ എന്‍റെ മുന്നിലേക്ക് ഓടി വരികയായിരുന്നുതാനും. ഞാൻ മുന്നോട്ട് ചെന്ന് കുഞ്ഞിനെ പിടിച്ചത് കണ്ട് ദീപ്തി എന്നെ സൂക്ഷിച്ചു നോക്കി. എന്നെ തിരിച്ചറിഞ്ഞയുടൻ അവൾ ഒരു കൈ കൊണ്ട് കുഞ്ഞിനെ താങ്ങിയെടുത്ത് മറുകൈ കൊണ്ട് എന്നെ സ്വന്തം നെഞ്ചോട് ചേർത്തു പിടിച്ചു.
“രജ്ഞനാ, എത്ര വർഷങ്ങൾക്ക് ശേഷമാ നമ്മൾ കണ്ടുമുട്ടുന്നത്. നീ എവിടെയായിരുന്നു?”
“ഞാനാണോ പോയത് അതോ നീയോ? നീ എവിടെയോ രഹസ്യമായി മുങ്ങി. എത്രവർഷമായിരിക്കുന്നു. നിന്നെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. എങ്ങോട്ടാ പോയത്? നിനക്ക് സുഖമാണോ?” അവൾ എന്നെ നിറമിഴികളോടെ നോക്കി.
“സോറി മൈ ഡിയർ ഫ്രണ്ട്.” ഞാൻ നിന്നോട് മനഃപൂർവ്വമാണ് ഒന്നും പറയാതിരുന്നത്. ദീപക് എന്നെ അന്വേഷിച്ച് നമ്മുടെ കോളനിയിൽ വരുമെന്ന് ഉറപ്പായിരുന്നു. ആ സമയത്ത് എന്നെക്കുറിച്ച് നീ അദ്ദേഹത്തോട് പറയും. അദ്ദേഹത്തിൽ നിന്നും ഞാൻ അകന്നു പോകുന്നത് നിനക്കിഷ്ടമായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു.”
“പിന്നെ എങ്ങനെയാ ദീപക് നിന്നെ കണ്ടു പിടിച്ചത്? അത് മാത്രമോ ദീപക്കിനെ ചുറ്റിപ്പറ്റിയുള്ള നിന്‍റെ പേടി അർത്ഥശൂന്യങ്ങളായിരുന്നില്ലേ?”
“അതൊക്കെ വല്യ കഥയാ. സർജറിയെക്കുറിച്ച് പറയാതിരുന്നതിന് ദീപക്കിന് എന്നോട് കടുത്ത ദേഷ്യമായിരുന്നു. 3-4 മാസം കമ്മ്യൂണിക്കേഷൻ ഇല്ലാതിരുന്നതു കൊണ്ട് ദീപക് വലിയ സങ്കടത്തിലായിരുന്നു. ഇന്ത്യയിലെത്തിയയുടൻ അദ്ദേഹം നേരെ പോയത് എന്‍റെ പഴയ താമസസ്‌ഥലത്തേക്കാ, അവിടെ ആർക്കും എന്നെക്കുറിച്ച് പറയാൻ കഴിഞ്ഞില്ല.”
“പിറ്റേ ദിവസം എന്‍റെ ഓഫീസിലെത്തി. അവിടെ നിന്ന് എന്‍റെ പോസ്റ്റിംഗ് ഡീറ്റെയിൽസ് മനസിലാക്കി നേരെ മുംബൈയിൽ എന്‍റെ വീട്ടിലെത്തി. രാത്രി 11 മണിക്ക് ഡോർബെൽ മുഴങ്ങുന്നത് കേട്ട് ഞാനാദ്യം പേടിച്ചു പോയി. ജനാലയിലൂടെ നോക്കിയപ്പോൾ പുറത്ത് ദീപക്. വാതിൽ തുറക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. വാതിൽ തുറന്നയുടൻ ആദ്യം കുറേ വഴക്കു പറഞ്ഞു. പിന്നെ എന്‍റെ സർജറിയെക്കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു. പിന്നെ… മറ്റാരെയെങ്കിലും വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്ന് ഞാൻ ദീപക്കിനോട് പറഞ്ഞു. അത് കേട്ടയുടൻ ദീപക് ദേഷ്യപ്പെട്ടു.”
“എന്നിട്ട്?” ഞാൻ ആകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.
“എനിക്ക് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നീയെന്നെ വിട്ടു പോകുമായിരുന്നോയെന്ന് ദീപക് എന്നോട് ചോദിച്ചു. വിവാഹശേഷം ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിൽ നീയെന്നെ ഡിവോഴ്സ് ചെയ്യുമായിരുന്നോ? പ്രാന്തി, നിനക്കെങ്ങനെ ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞു എന്നൊക്കെ പറഞ്ഞു.”
“ഞങ്ങൾ അന്ന് രാത്രി മുഴുവനും തർക്കിച്ചു കൊണ്ടിരുന്നു. രാവിലെയായപ്പോൾ ഞാൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാമെന്നും പറഞ്ഞ് ദീപക് കിച്ചനിൽ കയറി, എന്നോട് കുളിച്ച് റെഡിയാകാൻ പറഞ്ഞു. നമുക്ക് ഇന്നു തന്നെ രജിസ്റ്റർ മാര്യേജ് നടത്താമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ വിവാഹിതരായി.”
ദീപ്തിയുടെ മുഖത്ത് അപ്പോൾ ആയിരം വാട്ട് പ്രകാശമുള്ള ബൾബു പോലെ മനോഹരമായ പുഞ്ചിരി വിടർന്നു നിന്നു. അവളുടെ മുഖത്ത് പക്ഷാഘാതം ഉണ്ടായതിന്‍റെ അടയാളം മാഞ്ഞു പോയത് ഞാൻ ശ്രദ്ധിച്ചു. കണ്ണും അടഞ്ഞിരുന്നില്ല. അത് മറയ്ക്കാനുള്ള വലിയ കറുത്ത കണ്ണടയും ഉണ്ടായിരുന്നില്ല.
“മുഖത്തെ കോട്ടം? കണ്ണട?” എങ്ങനെ ഏത് വിധത്തിൽ ചോദിക്കണമെന്ന രൂപം പോലും അപ്പോൾ എനിക്ക് ഉണ്ടായിരുന്നില്ല.
“ഈ ലോകത്ത് വലിയ അദ്ഭുതങ്ങളും നടക്കും. ആ അദ്ഭുതം എന്നിലും സംഭവിച്ചു. ഒരു വർഷം കഴിഞ്ഞ് മുഖം കോടിയിരുന്നത് താനെ മാറി. ദീപക് എന്നെ ചിരിപ്പിച്ചിട്ടാ അത് മാറിയതെന്നാ ദീപക് പറയുന്നത്. ചില കേസുകളിൽ മുറിഞ്ഞു പോയ നെർവ്വ് താനെ ജോയിന്‍റായി മുഖം പഴയ രൂപത്തിലാകുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പറയാറില്ലേ… ഏത് രോഗത്തിനുമുള്ള ഔഷധമാണ് ശുദ്ധമായ സ്നേഹമെന്ന്.” എന്ന് പറഞ്ഞുകൊണ്ട് ദീപ്തി പൊട്ടിച്ചിരിച്ചു. പഴയ അതെ ഊർജജത്തോടെയുള്ള ചിരി. വീണ്ടും മനോഹരമായ നുണക്കുഴികൾ കവിളുകളിൽ വിരിഞ്ഞത് കണ്ട് എന്‍റെ കണ്ണും മനസും നിറഞ്ഞു.
പെട്ടെന്ന് അവളുടെ പേര് വിളിച്ചുള്ള പബ്ലിക് അനൗൺസ്മെന്‍റ് മുഴങ്ങി. ദീപ്തി എത്രയും വേഗം ഫ്ളൈറ്റിൽ കയറണമെന്ന് നിർദ്ദേശിച്ചുള്ളതായിരുന്നു അനൗൺസ്മെന്‍റ്.
അവൾ എന്നോട് യാത്ര പറഞ്ഞ ശേഷം മകന്‍റെ കൈ പിടിച്ചു കൊണ്ട് വിമാനത്തിനടുത്തേക്ക് തിടുക്കത്തിൽ നടന്നു. പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു മുംബൈയിലെത്തിയിട്ട് ഫോൺ ചെയ്യാമെന്ന് ആംഗ്യം കാട്ടി.
വീണ്ടും ഒരിക്കൽ കൂടി ദീപ്തി ആൾക്കൂട്ടത്തിനിടയിലെവിടെയോ മറഞ്ഞു. അന്ന് ഞാൻ ഏറെ സന്തോഷവതിയായിരുന്നു. വേദനാജനകമായ ഒരു അധ്യായം അവളുടെ ജീവിതത്തിൽ നിന്നും മറഞ്ഞു പോയതോർത്ത് ഞാനേറെ സന്തോഷിച്ചു.
ശരീരത്തിലും മനസിലും വരിഞ്ഞു മുറുകിയിരുന്ന കുറേ ചോദ്യങ്ങൾക്കും വേദനകൾക്കും സന്തോഷകരമായ പരിസമാപ്തി ഉണ്ടായതിന്‍റെ സന്തോഷത്തിൽ എന്‍റെ മനസ് തുള്ളിച്ചാടുകയായിരുന്നു.
ദിവ്യമായ സ്നേഹത്തിന്‍റെ ശക്തി കൊണ്ട് അവളുടെ ജീവിതം ധന്യമാക്കിയ ദീപക് എന്ന മഹദ് വ്യക്‌തിയോട് എനിക്ക് എന്തെന്നില്ലാത്ത സ്നേഹവും ആദരവുമാണപ്പോൾ തോന്നിയത്. പ്രകാശമായി പടരുന്ന അവളുടെ ചിരി എന്‍റെ മനസിൽ നിലാവു പോലെ പരന്നൊഴുകി.