നിർമ്മല പുതപ്പിനുള്ളിലേയ്ക്ക് ശരീരം മുഴുവൻ വളച്ചു വച്ച് കരയാൻ തുടങ്ങി. പുതപ്പിന്‍റെ വിറയലല്ലാതെ ഒന്നും കാണാനില്ലാത്തതിനാൽ കാണികൾ നിരാശരായി. അവർ ആ റൂമിലെ എല്ലാ സാധനങ്ങളിലും കണ്ണോടിച്ചു വിരസതയോടെ നിന്നു.

അവിടെയുള്ള എല്ലാ വസ്തുക്കളിലും ആ വീടിന്‍റെ അവസ്‌ഥ പ്രതിഫലിച്ചു കാണാമായിരുന്നു. ജനാലപ്പടിയിലുള്ള പഴയ മാസികക്കെട്ടിൽ പൊടി നിറഞ്ഞിരിക്കുന്നു. നിറം മങ്ങിയ വിവാഹ ഫോട്ടോ ചുവരലമാരയിൽ ചെരിഞ്ഞിരിക്കുന്നു. വല്ലാത്തൊരു മൗനത്തിന്‍റെ അസ്വസ്ഥതയിൽ നിന്നും രക്ഷപ്പെടാൻ വെമ്പി ഓരോരുത്തരായി പുറത്തേയ്ക്കിറങ്ങാൻ തുടങ്ങി. നിവൃത്തികേടിന്‍റെ കയ്പുചാലിച്ച മുഖവുമായി തൊട്ടയൽപക്കത്തെ രണ്ടു പേർ മാത്രം അവിടെ തങ്ങി.

“കുട്ടികൾ?”

അടക്കിപ്പിടിച്ച സ്വരത്തിൽ ആരോ ചോദിച്ചു. ഉത്തരം പറയാനാവാത്ത വിമ്മിട്ടത്തോടെ അയൽക്കാരികളിലൊരാൾ കൂടി പുറത്തേയ്ക്കിറങ്ങി. പുതപ്പിനുള്ളിലെ ചൂട് ജ്വലിച്ചുയർന്ന് ഒരഗ്നി കുണ്ഠമായി മാറിയ പോലെ നിർമ്മലയ്ക്കു തോന്നി. വിയർത്തു കുളിച്ച് അവൾ എഴുന്നേറ്റു. കട്ടിലിനരികിൽ മുട്ടുകാലിൻ മേൽ തലയും വച്ച് വളഞ്ഞിരുന്നു. ഹാളിൽ നിന്നുള്ള പിറുപിറുപ്പുകൾ വാതിൽ കടന്നെത്തുന്നു. ചന്ദനത്തിരിയുടെ മരണഗന്ധം എല്ലായിടത്തും നിറഞ്ഞു കഴിഞ്ഞു. സന്ദർശകരുടെ കാലുകൾ റൂമിനു പുറത്ത് നിറയാൻ തുടങ്ങി.

ഹാളിലെ ഫർണ്ണീച്ചറുകളെല്ലാം ആരൊക്കെയോ ചേർന്ന് പുറത്തേയ്ക്ക് ഇട്ടിരുന്നു. ഒഴിഞ്ഞ സ്‌ഥലവും ആൾക്കൂട്ടവും ചേർന്ന് വല്ലാത്തൊരു അപരിചിതത്വം സൃഷ്ടിച്ചതായി സുരേന്ദ്രന് തോന്നാൻ തുടങ്ങി.

മറ്റാരുടെയോ വീട്ടിലെ മരണത്തിൽ പങ്കുകൊള്ളാനെത്തിയ പോലെ ഒരു ശൂന്യത. അർത്ഥമില്ലാത്ത ആശ്വാസ വചനങ്ങളും ചോദ്യ വാക്കുകളും ചുറ്റിനും കറങ്ങുന്നു. എല്ലാമൊന്ന് പെട്ടെന്ന് തീർന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു.

ഓടിപ്പോകണം. നിർമ്മലയുടെ നോട്ടമെത്താത്ത, മക്കളുടെ വിളിയൊച്ചയെത്താത്ത ഏതെങ്കിലും തുരുത്തിൽ ചെന്നടിയണം. ഈ അഗ്നി കുണ്ഠത്തിൽ അവസാനശ്വാസവും പൊള്ളിയുരുകിയടിയും മുമ്പ് രക്ഷപ്പെടണം. രണ്ടു ദിവസമായി ഏതൊക്കെയോ അബോധതലങ്ങളിലൂടെയാണ് മനസ്സിന്‍റെ യാത്ര.

“സുരേട്ടാ, ഇനീം വൈകണ്ടലോ. എടുക്കല്ലേ?”

സുരേന്ദ്രൻ വേച്ചു വേച്ച് എഴുന്നേറ്റു. വെള്ളത്തുണി പുതപ്പിച്ചു കിടത്തിയ കുഞ്ഞുരൂപത്തിന്‍റെ മുഖത്തെ തുണി പതിയെ മാറ്റി. ഉറക്കമാണവൻ. നല്ല ഉറക്കം. ഒരു കുഞ്ഞുപുഞ്ചിരിയിൽ നിശ്ചലമായി പോയ ചുണ്ടുകൾ.

“ആരാ, ഇവന്‍റെ മുഖംമൂടി ഇട്ടെ, അവനത് ഇഷ്ടല്യാന്നറിയില്ലെ നിങ്ങക്ക്?” അയാൾ അലറി വിളിച്ചു. രണ്ടുനാൾ മുമ്പ് ടിവിയിൽ സിനിമയും വച്ച് എല്ലാവരും കിടന്നുറങ്ങിയ ഹാളിൽ ഇപ്പോൾ അവനൊറ്റയ്ക്ക് ഉറങ്ങുന്നു. വലിയൊരു ചുഴലിക്കാറ്റിനിടയിൽ വന്ന ശൂന്യതയിൽ നിന്നും മറ്റൊരു നിലവിളിക്കാറ്റായി അയാൾ പുറത്തേക്കോടി.

റിനുവും ദിശയും സൈനാന്‍റിയുടെ വീട്ടിലായിരുന്നു. പഴമയെ പുതുക്കിപ്പണിതു മനോഹരമാക്കിയ ആ വീടിന്‍റെ ഉൾമുറികളിലൊന്നിലായിരുന്നു അവർ. വിളർത്ത മുഖവും പാറിപ്പറന്ന തലമുടിയും മുഷിഞ്ഞ ഡ്രസ്സുമായി ദിശ ഒരു മൂലയിൽ ചുമരും ചാരി ഇരുന്നു.

ഒരു പഴയ ബാലമാസികയിലെ പദപ്രശ്നത്തിനിടയിൽ കുരുങ്ങിയിരിക്കുകയായിരുന്നു റിനു. എത്ര ശ്രമിച്ചിട്ടും പിടി തരാതെ ചില ഉത്തരങ്ങളും ചോദ്യങ്ങളും. ഇടയ്ക്കിടെ അവൻ ചോദ്യങ്ങളുമായി തല പൊക്കും. ഇടയ്ക്കിടെ ആരൊക്കെയോ വാതിക്കൽ വന്നെത്തി നോക്കി പോവുന്നുണ്ട്. എന്നും കളിക്കാൻ കൂട്ടുവരാറുള്ള സൈനാന്‍റിയുടെ മക്കളെയും കാണാനില്ല.

“ദിച്ചു, നമുക്ക് വീട്ടില് പോവാം? വിശക്കുന്നു. നമ്മളെന്തിനാ ഇവടെ? പോവാ”

ദിശ അവനെ പിടിച്ച് മടിയിൽ ഇരുത്തി. സൈനാന്‍റി എപ്പോഴോ കൊണ്ടു വച്ച ബിസ്ക്കറ്റ് വായിൽ വച്ചു കൊടുത്തു.

“മോൻ ഒതുങ്ങി ഇരിക്കാമെങ്കിൽ ചേച്ചി ഒരു കഥ പറഞ്ഞ് തരാം. എന്നിട്ട് വീട്ടില് പോവാം.” ഏതോ ഇല്ലാക്കഥയുടെ ചരടിലേക്ക് അവനെ കൂട്ടിക്കെട്ടുന്നതിനിടയിൽ അവളുടെ കുഞ്ഞു കണ്ണുകൾ പിന്നെയും നനഞ്ഞൊഴുകാൻ തുടങ്ങി. നൂറു കണക്കിനു കണ്ണുകൾ തങ്ങളുടെ മേലാകെ ഓടി നടക്കുന്നതു പോലൊരു അരക്ഷിതത്വം അവൾക്കനുഭവപ്പെടാൻ തുടങ്ങി. കണ്ണടയ്ക്കാൻ തുടങ്ങിയ റിനുവിനെ അവൾ ദേഹത്തോട് ചേർത്തു പിടിച്ചു.

“ദിച്ചു, കുഞ്ഞുനെ…”

ഞെട്ടി വിറച്ച ദിശ അവന്‍റെ വായ് പൊത്തിപ്പിടിച്ചു. ഒരു മരുഭൂമിയുടെ നടുവിൽ ഒറ്റപ്പെട്ടു പോയവരെപ്പോലെ അവർ ഒതുങ്ങിക്കൂടിയിരുന്നു.

കവറിൽ നിന്നെടുത്ത കോഴിക്കഷണങ്ങൾ പാത്രത്തിലിട്ട് സൈനബ ഒന്നേ നോക്കിയുള്ളൂ. കുടലാകെ മറിഞ്ഞു വരുന്നതു പോലെ. വായ പൊത്തിപ്പിടിച്ച് അവൾ വാഷ്ബേസിനരികിലേക്കോടി. ആശുപത്രിയിൽ നിന്നുള്ള വരവിലാണ് മജീദ് ധൃതിപ്പെട്ട് ഇളം ചുവപ്പു നിറത്തിലുള്ള ചോര തങ്ങി നിൽക്കുന്ന ആ ഇറച്ചി കഷണങ്ങളുടെ പാക്കറ്റ് അവളെ ഏൽപിച്ചത്.

ഇത്തരമൊരു സന്ദർഭത്തിലും രുചികളെക്കുറിച്ചു ചിന്തിക്കാൻ മജീദിനു കഴിയുന്നുണ്ടല്ലോ എന്ന ചിന്ത അവളിൽ അമർഷം വളർത്തി. ഈ നേരത്ത് നിർമ്മലയോടൊപ്പം നിൽക്കണമായിരുന്നു. ഉച്ചച്ചോറിനോടൊപ്പം ഇറച്ചിക്കറി കാണാതിരുന്നാൽ മജീദിനു ഹാലിളകും.

സൈനബ ഇറച്ചിക്കഷണങ്ങളിലേക്ക് വെള്ളം തുറന്നു വിട്ടു. ഇതേ നിറമായിരുന്നല്ലോ പടച്ചോനെ. ഇതേ നിറം വല്ലാത്തൊരു നിലവിളി ശബ്ദമായിരുന്നു അത്. വേദനയോ ഞെട്ടലോ പരിഭ്രമമോ മരണ പരാക്രമമോ എന്ന് തിരിച്ചറിയാൻ പറ്റാത്ത കൂട്ടക്കരച്ചിൽ. പകുതി കുഴച്ചു വച്ച അപ്പപ്പൊടി വെപ്രാളത്തിനിടയിൽ താഴെ വീണു ചിതറി.

നിർമ്മലയുടെ വീട്ടിലെ ഓഫീസ് മുറിയിലെ ചെറിയ കട്ടിലിൽ കുഞ്ഞുമോൻ ചുവന്ന് കിടന്നു. മുറിയാകെ ചുവപ്പ് കാലിൽ പശ പോലെ എന്തോ ഒട്ടിപ്പിടിച്ചു. തിരിഞ്ഞോടി. ആദ്യം കണ്ട ചവിട്ടിയിൽ കാൽ അമർത്തിത്തുടച്ചു. അവിടെയും ചുവപ്പു പടരുന്നതിനിടയിൽ ചെറിയൊരു മാംസക്കഷണം പതിഞ്ഞു കിടന്നു. അള്ളാ എന്ന ഒറ്റ വിളിയിൽ സൈനബ ചുരുണ്ടു വീണു.

എസ്.ഐ രാജീവൻ അടുത്ത സിഗരറ്റിന് തീ കൊടുത്തു. സ്റ്റേഷനു പുറത്തു വച്ചിട്ടുള്ള പുകയില നിരോധിത മേഖല എന്ന ബോർഡെടുത്ത് എസ്.ഐയുടെ മുന്നിൽ പ്രതിഷ്ഠിക്കാൻ തോന്നിയ ചിന്തയെ ഒരു മുരടനക്കലിലൊതുക്കി കോൺസ്റ്റബിൾ ഭാസ്കരൻ വിനീതനായി നിന്നു.

ഇയാൾ എന്തെങ്കിലുമൊന്ന് മൊഴിഞ്ഞിട്ടു വേണം ബാക്കി കൂടി വായിച്ച് തീർക്കാൻ. ഇന്ന് രമണിയെ കീമോയ്ക്കു കൊണ്ടു പോകേണ്ട ദിവസമാണ്. മരുന്ന് ട്യൂബിലൂടെ ഞരമ്പിലേക്കൊഴുകുമ്പോൾ അവൾ നോക്കാറുള്ള നോട്ടമോർത്തപ്പോൾ ഭാസ്കരൻ തളർന്നു. അയാൾക്ക് എല്ലാവരോടും അരിശം വന്നു.

“സർ, ബാക്കി കൂടി?”

രാജീവൻ അപ്പോൾ പോലീസായിരുന്നില്ല. ഹോസ്റ്റൽ മുറിയിലെ മുഷിഞ്ഞ കിടക്കയിൽ മറ്റൊരു പഴന്തുണിക്കെട്ടു പോലെ വീണു കിടക്കുകയായിരുന്നു. അപ്പുറത്തെ കട്ടിലിൽ നിന്ന് രഘുവിന്‍റെ ഞരക്കം ഇടയ്ക്കിടെ ചെവിയിലെത്തുന്നുണ്ട്. നടുവിൽ കസേരയിൽ ഇരുന്ന് അനിലിന്‍റെ രോഷം.

“കംപ്ലയിന്‍റ് കൊടുക്കാന് ഞാനന്നേ പറഞ്ഞതാ. നിങ്ങൾ കേട്ടില്ല. ഇപ്പോ എന്തായി. അനുഭവിച്ചോ. ഒരക്ഷരം പുറത്തു പറയാൻ പറ്റ്വോ? ഞാൻ ഇതോടെ നിർത്താണ്. നാളെ ആദ്യത്തെ വണ്ടിയ്ക്ക് നാട്ടിൽ പോവും.”

നിവൃത്തികേടുകളിൽ നിന്ന് ഉടലെടുത്ത ആശയമായിരുന്നു അത്. രാത്രിയിൽ ഹോസ്റ്റലിനു പിറകിലെ പഴയ കെട്ടിടത്തിൽ ക്യാമറയുമായി ഒളിഞ്ഞിരിക്കുക. തെളിവു സഹിതം വാർഡനച്ചനു മുന്നിൽ അവതരിപ്പിക്കുക. ഇതുവരെ നേരിടേണ്ടി വന്ന എല്ലാ അപമാനങ്ങൾക്കും ഒരു പകരം വീട്ടൽ. പക്ഷേ അമിതാവേശത്തോടെയുള്ള പ്ലാനിംഗ് എവിടെയോ പാളി. കനത്ത ഷൂസുകൾ നെഞ്ചിൽ ആഞ്ഞു പതിച്ചു. കൈത്തണ്ടയിൽ കുത്തിയിറക്കിയ സൂചികളിലൂടെ കയറി വന്ന മയക്കം തലച്ചോറിനെ തളർത്തി.

“സർ…”

രാജീവൻ സിഗററ്റ് കുത്തിക്കെടുത്തി.

“ആ വായിക്കടോ”

നിർവികാരതയുടെ പൂപ്പൽ ബാധിച്ച ശബ്ദത്തിൽ ഭാസ്ക്കരൻ പേജു മറിച്ചു.

“പലതരം ലഹരി മരുന്നുകൾക്ക് അടിമയായിരുന്നു പ്രതി. പഠനത്തിൽ മിടുക്കനായിരുന്ന പ്രതി മയക്കുമരുന്നു മാഫിയയിൽ എത്തിപ്പെടുകയായിരുന്നു. അമിതമായ ലഹരി ഉപയോഗം മൂലം പല പെരുമാറ്റ വൈകല്യങ്ങളും ഇയാൾക്കുണ്ടായിരുന്നു. വീട്ടുകാരുമായി നിരന്തരം വഴക്കിടാറുണ്ടെങ്കിലും സഹോദരങ്ങളുമായി നല്ല അടുപ്പത്തിലായിരുന്നു.”

ലോക്കപ്പിനു പുറത്തു നിന്നിരുന്ന മനോജ് അഴികൾക്കിടയിലൂടെ നോക്കി.

“പന്നക്കഴുവേറി, എന്നിട്ടാണ് ഒരു കുരുന്നു ശരീരത്തിനെ.”

വായിൽ കുമിഞ്ഞു കൂടിയ വെള്ളം തുപ്പിക്കളഞ്ഞ് അയാൾ കസേരയിൽ തളർന്നിരുന്നു. വിവരമറിഞ്ഞയുടൻ സംഭവ സ്‌ഥലത്തേക്ക് പോയ സംഘത്തിൽ ദൗർഭാഗ്യവശാൽ അയാളും ഉണ്ടായിരുന്നു.

ഒരു കുഞ്ഞുടൽ ഏറ്റു വാങ്ങാവുന്നതിലധികം മുറിവുകളുമായി ചുവന്നു കിടന്നു. ചുണ്ടിലപ്പോഴും ഒരു കുഞ്ഞു പുഞ്ചിരി ഉറഞ്ഞു കൂടിയിരുന്നു. അയാൾക്ക് മകനേയും ഭാര്യയേയും കാണാൻ തോന്നി. ശരീരമാസകലം തളർന്നു പോയവനെ പോലെ അടുത്തുള്ള സോഫയിലേക്ക് അയാൾ ചാഞ്ഞിരുന്നു.

“ഇരുപത്തൊന്ന് കുത്തുകളായിരുന്നു. മുഖമൊഴികെ ബാക്കി എല്ലായിടത്തും മുറിവുകളുണ്ടായിരുന്നു…”

“മതിയെടോ” രാജീവൻ കൈ ഉയർത്തി തടഞ്ഞു.

“എന്നിട്ടവൻ ഇപ്പോൾ എന്തു ചെയ്യുന്നു? നോർമലായോ മൊഴി എടുക്കണ്ടേ?”

“വയലന്‍റായിരുന്നു. ഞങ്ങൾ മൂന്നാലു പേർ ചേർന്നു പിടിച്ചൊതുക്കി ലോക്കപ്പിലാക്കി… സ്റ്റീഫൻ ചെറുതായി ഒന്ന് കൈവച്ച്. ഇപ്പോ ഒതുങ്ങിക്കിടപ്പുണ്ട്.

ലോക്കപ്പിലെ വെറും നിലത്ത് ആ തണുപ്പിലേക്കലിഞ്ഞ് അപ്രത്യക്ഷനാവാൻ മോഹിച്ച് മഹി കിടന്നു. ചുണ്ടിൽ നിന്ന് പൊട്ടിയ ചോര തുപ്പലിൽ കലർന്ന് നിലത്തേക്കൊഴുകി. കാലങ്ങൾക്കു ശേഷം അവന് അമ്മയെ കെട്ടിപ്പിടിക്കാൻ തോന്നി. ഒരിക്കൽ മാത്രം ആ മടിയിൽ മുഖം വച്ചൊന്നു കിടക്കാൻ.

പിന്നെയും ഞരമ്പുകളിലൂടെ ചൂട് കയറി വരുന്നു. തലച്ചോറ് പൊട്ടിപ്പിളരുന്ന പോലെ. കൈകൾ ചുമരിലള്ളിപ്പിടിച്ച് അവനലറിക്കരഞ്ഞു. തല ചുമരിലേക്കാഞ്ഞിടിച്ചു. വാതിൽ തുറന്ന് സ്റ്റീഫൻ വീണ്ടും അകത്തു കയറി. ഒരു ദീനരോദനത്തോടെ മഹി മൂലയിലേയ്ക്ക് ചുരുണ്ടു വീണു.

അബോധാവസ്‌ഥയിലേയ്ക്കുള്ള ആ യാത്രയിൽ അവന്‍റെ മനസ്സിൽ തലേ ദിവസം അരങ്ങേറിയ യുദ്ധക്കാഴ്ചകളുടെ തനിയാവർത്തനം നടന്നു. കൂട്ടത്തിലെ എല്ലാ പോരാളികളും മരിച്ചു വീണുകഴിഞ്ഞു. ഇനി ഒറ്റയ്ക്കാണ്. മുന്നേറണം അരിഞ്ഞു വീഴ്ത്തണം. ശത്രുക്കൾ മുന്നിൽ നിന്ന് ആർത്തട്ടഹസിക്കുന്നു.

“കുഞ്ഞാട്ടാ, ഒരു കഥ പറഞ്ഞരോ. ദിച്ചു റിനൂന് മാത്രേ പറഞ്ഞൊടുക്കുള്ളൂത്രേ… അമ്മേം ഒറങ്ങി. ഇന്നാള് പറഞ്ഞ ഉറുമ്പിന്‍റെ കഥ മതി.” കഴുത്തിൽ ചുറ്റിപ്പിടിച്ച കുഞ്ഞിക്കൈ എടുത്തു മാറ്റി. പിന്തിരിപ്പിക്കാൻ പല രൂപത്തിലും എത്തും. ശത്രുക്കളുടെ അടവുകൾ പണ്ടേ അറിയാം…

വെട്ടി മുന്നേറണം. തളർന്നു വീഴും മുമ്പെ അരിഞ്ഞു വീഴ്ത്തണം എല്ലാവരെയും. കയ്യിൽ വഴുവഴുക്കുന്ന നനവ് പടരുന്നു. പച്ചച്ചോരയുടെ ഗന്ധം ലഹരി കൂട്ടി. വെളിച്ചം, അലർച്ചകൾ ആരോ കനത്തൊരായുധം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തും വരെ പോരാടി.

വരിഞ്ഞു കെട്ടിയിട്ട കയറിൽ നിന്ന് ഈ തണുത്ത നിലം വരെ കടുത്ത മർദ്ദനങ്ങൾ. ഇതിനിടയിൽ കുഞ്ഞുമോനെവിടെ ആവോ. മാറ്റി നിർത്തിയതാണല്ലോ. അമ്മയേയും കണ്ടില്ല. അമ്മ അമ്മ… അവൻ നിലത്ത് പറ്റിച്ചേർന്നു കിടന്നു.

“അമ്മാ, ഒരു കഥ പറഞ്ഞരോ.”

മയക്കം പിടിക്കാൻ തുടങ്ങിയതേയുള്ളൂ. കുഞ്ഞുവാണ്. ഇങ്ങനൊരു പതിവ് ഇടയ്ക്കുണ്ട്. അമ്മക്കഥ കേട്ട് ഇടയിൽ വന്നു കിടക്കണം. സുരേന്ദ്രൻ അപ്പുറത്ത് കൂർക്കം വലി തുടങ്ങിക്കഴിഞ്ഞു.

മഹി വീട്ടിലെത്തുന്ന ദിവസങ്ങളിലെല്ലാമുള്ള പതിവു വഴക്കുകൾക്കു ശേഷം കിടക്കാൻ തന്നെ വൈകി. “ദൈവമേ, അവന്‍റെ ബുദ്ധി നേരെയാക്കണേ, വല്ലാത്തൊരപരിചിതത്വമാണ് അവന്‍റെ മുഖത്ത്. ശത്രുക്കളോടെന്ന പോലെയാണ് പെരുമാറ്റം. വേണ്ടായിരുന്നു. നാട്ടിലെ കോളേജിൽ പഠിച്ചാൽ മതി എന്ന അവന്‍റെ ആഗ്രഹമായിരുന്നു ശരി. ഇതിപ്പോൾ അവനൊരുപാട് അകന്നു പോയ പോലെ.” തികട്ടി വന്ന തേങ്ങലിനെ തലയിണയിലേക്കമർത്തി നിർമ്മല കിടന്നു.

മയക്കം പിടിച്ച ബോധമണ്ഡലത്തിലേയ്ക്ക് അമർത്തിയൊതുക്കിയ ഒരു ശബ്ദം കേറി വന്നു. ഒരു രൂക്ഷഗന്ധം വീടാകെ നിറഞ്ഞു. അതു ചോരയുടെ മണമാണെന്ന് തിരിച്ചറിഞ്ഞതും എഴുന്നേറ്റോടിച്ചെന്നു. ദൈവമേ, എന്‍റെ മക്കൾ. ദിച്ചുവും റിനുവും ഹാളിലേ സോഫയിൽ കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ടായിരുന്നു.

മഹിയുടെ റൂമിന്‍റെ വാതിൽ ചവിട്ടിത്തുറന്നു. അവിടാകെ നിറഞ്ഞ ചുവപ്പിൽ കുഞ്ഞു കിടന്നു പിടഞ്ഞു. മേശപ്പുറത്തുള്ള ഇസ്തിരിപ്പെട്ടിയാണ് കയ്യിൽ തടഞ്ഞത്. തല പെരുപ്പിക്കുന്ന ചുവപ്പിന്‍റെ വഴുപ്പിലേക്ക് നിർമ്മല കുഴഞ്ഞു വീണു.

വെളിച്ചം ജനാല തുറന്ന് ഉള്ളിലേക്കെത്തി നോക്കിയപ്പോൾ വീട് ഉണർന്നു. ആദ്യം പതിവു പോലെ നിർമ്മലയുടെ ബോധത്തിലേക്കിടാൻ വീടിനു കഴിഞ്ഞു. അമ്പരന്ന മുഖങ്ങൾക്കിടയിലൂടെ നിർമ്മല വീട് വൃത്തിയാക്കാൻ തുടങ്ങി. ചിതറിക്കിടന്നിരുന്ന കളിപ്പാട്ടങ്ങളും കുഞ്ഞുടുപ്പുകളും അലമാരയിലേയ്ക്ക് ഒതുക്കി വച്ചു. നൈറ്റി എടുത്തു കുത്തി ചൂലെടുത്ത് അടിച്ചു വാരാൻ തുടങ്ങിയപ്പോൾ ഒരു വിതുമ്പലോടെ ആരോ വന്നു ചൂല് പിടിച്ചു വാങ്ങി.

നിർമ്മലയെ ആ പകൽ വീട്ടിലെ ഏറ്റവും സുരക്ഷിതമായ ഒരു മുറിയിലെ കട്ടിലിലേയ്ക്ക് ഏറ്റുവാങ്ങി. അവളുടെ മുഖം ഭയപ്പെടുത്തും വിധം ശാന്തമായിരുന്നു. അതിനുശേഷം നിർമ്മല പുതപ്പിനുള്ളിലേയ്ക്ക് ശരീരം മുഴുവൻ വളച്ചുവച്ച് കരയാൻ തുടങ്ങി.

और कहानियां पढ़ने के लिए क्लिक करें...