മദ്യവും മയക്കുമരുന്നും ക്രിക്കറ്റും പോലെ ടെലിവിഷൻ പരമ്പരകൾ കുടുംബിനികളിൽ ആസക്തി സൃഷ്ടിക്കുന്നു. ഒഴിവുവേളകൾ മാത്രമല്ല ജീവിതത്തിന്‍റെ മുക്കാൽ സമയവും ഉപയോഗ ശൂന്യമാക്കിക്കളയുകയാണ് പല സ്ത്രീകളും. പ്രത്യേകിച്ചും വീട്ടമ്മമാർ. ക്രിയാത്മകമായ എല്ലാ നന്മകളേയും മനസ്സിൽ നിന്ന് എടുത്ത് കളയുന്ന നേരംകൊല്ലി സീരിയലുകൾ കുടുംബബന്ധങ്ങളെ പാഴാക്കുക തന്നെ ചെയ്യും. ടിആർപി റേറ്റിംഗ് കൊണ്ട് ശിഥിലമായ ബന്ധങ്ങളെ നേരെയാക്കാൻ ഒക്കുമോ?
ചെറിയ കുട്ടിയുടെ ദുരന്ത ജീവിതത്തിന്‍റെ കഥ പറയുന്ന സീരിയൽ കണ്ടിരിക്കെ അമ്മായിയമ്മയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. “ഹൊ! ആ കുഞ്ഞിനെ കഷ്‌ടപ്പെടുത്തുന്നത് കണ്ടില്ലേ, ഇവളെയൊക്കെ എന്താ ചെയ്യേണ്ടേ. ഇത്തരം സ്വഭാവോം കൊണ്ടു നടന്നാൽ ഒരു കാലത്തും ഗുണം പിടിക്കില്ല.” മരുമകളെ ഒളികണ്ണിട്ടു നോക്കി ഇങ്ങനെയൊരു ഡയലോഗ് ശരം കണക്കേ തൊടുത്തു വിട്ടപ്പോൾ അത് കൊള്ളേണ്ടയിടത്തു തന്നെ ചെന്നു കൊണ്ടു. മരുമകൾ അടുത്തിരുന്ന ഭർത്താവിനെ മുഖം കനപ്പിച്ച് നോക്കി. എന്നിട്ട് മറ്റൊരു ഡയലോഗ്! “അവളും ചോറു തന്നെയല്ലേ കഴിക്കുന്നേ!”
പിന്നെ സീരിയലിലെ കഥാപാത്രങ്ങൾ ടിവിയിൽ നിന്ന് മുറിയിലേക്ക് ഇറങ്ങി വന്ന് മുള്ളും മുനയും വച്ച ഡയലോഗുകൾ പറഞ്ഞു തുടങ്ങി. അങ്ങനെ സമാധാനപരമായി ഇരുണ്ടു പുലരേണ്ട ഒരു രാത്രി ആകെ കലങ്ങി മറിഞ്ഞു.
ഇത് ഒരു വീട്ടിൽ മിക്ക ദിവസവും നടക്കാറുള്ള സംഭവമാണ്. ഇതുപോലെ നിരവധി വീടുകളിൽ നടക്കുന്നുമുണ്ടാകാം.
കുടുംബ ബന്ധങ്ങളിലെ സെന്‍റിമെന്‍റ്സുകൾ ആവശ്യത്തിലധികം കൂട്ടിക്കലർത്തിയെടുത്ത ടെലിവിഷൻ സീരിയലുകളുടെ അതിപ്രസരത്തെക്കുറിച്ചും അവയുടെ സ്വാധീനത്തെക്കുറിച്ചും പറയാനും കേൾക്കാനും തുടങ്ങിയിട്ട് കാലങ്ങളായി. യാതൊരു ബെല്ലും ബ്രേക്കുമില്ലാതെ പായുന്ന സീരിയൽ ജ്വരം നിയന്ത്രിക്കപ്പെടേണ്ടതാണ് എന്നൊക്കെ ഒരു വശത്ത് ആവശ്യം ഉയരുമ്പോൾ മറുവശത്ത് ഞെട്ടിപ്പിക്കുന്ന കഥകളും സെന്‍റിമെന്‍റ്സും ആയി സീരിയലുകൾ യഥേഷ്ടം കെട്ടുകാഴ്ചകളായി നിറയുന്നു. കുറ്റവാസനയും അവിഹിതബന്ധവും ചൂഷണവും പീഡനവും നിറഞ്ഞ പല സീരിയലുകളും കണ്ടാൽ തോന്നും, കുടുംബകലഹം മാത്രമേ വീടുകളിൽ ഉള്ളൂവെന്ന്! പ്രതികാര ദാഹികളും അവിഹിത ബന്ധക്കാരും മാത്രമേ ഇന്നാട്ടിലുള്ളൂവെന്ന്!
കുട്ടികളും വീട്ടമ്മമാരും മുതിർന്ന പൗരന്മാരുമാണ് ഇത്തരം സീരിയലുകൾ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദത്തിന്‍റെ ഏറ്റവും പ്രധാന ഇരകൾ. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 7 മുതൽ 11 വരെ ഇപ്പോൾ കുടുംബ ബന്ധങ്ങൾക്ക് സ്‌ഥാനം ടെലിവിഷൻ സെറ്റിനു മുന്നിലാണ്.
ഒരു വ്യക്‌തി സ്ഥിരമായി സീരിയലുകൾ മാത്രം കാണുന്നത് അയാളുടെ മാനസികമായ കരുത്ത് നഷ്‌ടപ്പെടുത്തിയേക്കാം. അതിനാൽ ആ നേരത്ത് വായനാശീലം വളർത്തുകയാണ് നല്ലതെന്ന് പ്രശസ്ത സംവിധായകനും നടനുമായ ശ്രീനിവാസൻ ഒരിക്കല്‍ പറഞ്ഞത് വിവാദമായിരുന്നു.
“ടിവി സീരിയലുകൾ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അതിന് കാഴ്ചക്കാർ ഉള്ളത്. ഇതാണ് ഇവിടുത്തെ സ്ത്രീകൾ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞാണ് അത്തരം സീരിയലുകൾ നിർമ്മാതാക്കൾ ഇറക്കുന്നത്.” അധ്യാപികയായ ഷീജ അരുൺ ചൂണ്ടിക്കാട്ടുന്നു.
ഓവർസെന്‍റിമെന്‍റ്സുകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന പരമ്പരകളാകട്ടെ സാധാരണക്കാരായ സ്ത്രീകൾക്കു മുമ്പിൽ മോശം സന്ദേശം പ്രചരിപ്പിക്കുകയും കുടുംബ കലഹത്തിനും അനാവശ്യ പിരിമുറുക്കങ്ങൾക്കും കാരണമാകുകയും ചെയ്യുന്നുണ്ട്.
“പുരുഷന്മാരിൽ മദ്യവും മയക്കുമരുന്നും ക്രിക്കറ്റും പോലെ ടെലിവിഷൻ പരമ്പരകൾ കുടുംബിനികളിൽ ആസക്തി സൃഷ്ടിക്കുന്നു. ഒഴിവുവേളകൾ മാത്രമല്ല ജീവിതത്തിന്‍റെ മുക്കാൽ സമയവും ഉപയോഗ ശൂന്യമാക്കിക്കളയുകയാണ് പല സ്ത്രീകളും. പ്രത്യേകിച്ചും വീട്ടമ്മമാർ.” എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ കലാ നായർ പറയുന്നു.
വീട്ടിലെ ജോലികളൊക്കെ കഴിയുമ്പോൾ ബോറടി മാറ്റാനെന്ന പേരിലാണ് ടിവിയ്ക്കു മുന്നിൽ വന്നിരിക്കുക. അതു പിന്നീട് ശീലമാകും. എന്നാൽ ലഭിക്കുന്ന കാഴ്ചകളാകട്ടെ, മാനസികമായി യാതൊരു ഗുണവും ഇല്ലാത്തതാവും. ഈ കാഴ്ചകൾ സ്വന്തം കാഴ്ചപ്പാടിനെ പോലും മാറ്റിക്കളയാൻ പ്രാപ്തിയുള്ളതാണെന്ന സത്യം പലരും ഓർക്കാറുമില്ല. സെക്കന്‍റുകളിൽ മിന്നിമറിയുന്ന ചാനൽ കാഴ്ചകൾ ഒന്നും തന്നെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുമില്ല. മാത്രമല്ല, സീരിയലുകളിൽ സ്ഥിരമായി കേൾക്കുന്ന ചില സ്ത്രീപക്ഷ ഡയലോഗുകൾ കേട്ടാൽ നമ്മൾ ഇനിയും എത്രയോ കാതം പിന്നിൽ എന്നു തോന്നിപ്പോകും.
“നിനക്ക് എന്തു ചെയ്യാൻ പറ്റും? നീ ഒരു പെണ്ണല്ലേ?”
“വിവാഹിതയായാൽ പിന്നെ അച്ഛനമ്മമാരെ മറന്നേക്കണം.”
“പെണ്മക്കളുള്ള അച്‌ഛനമ്മമാരുടെ ഉള്ളിൽ തീയാണ്. അവർക്കൊരു ചിന്തയേ കാണൂ. മകളെ സുരക്ഷിതമായൊരു കൈകളിൽ ഏൽപിക്കണം.”
“കുടുംബത്തിന്‍റെ വിളക്കാണ് സ്ത്രീ.”
പെണ്ണായാൽ അവൾ നല്ല സഹോദരി, ഭാര്യ, അമ്മ ആകണം. ഇങ്ങനെ സ്ത്രീയെ നാലു ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെടാൻ വേണ്ടി സൃഷ്‌ടിച്ചെടുത്ത വാചകകസർത്തുകളിൽ സ്ത്രീ സമൂഹം മയങ്ങി കിടക്കുകയാണ്. അതിനൊപ്പം കുട ചൂടുകയാണ് പരമ്പരകൾ.
“ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകൾക്ക് ഇപ്പോഴും തുല്യത ലഭിക്കുന്നില്ല. രണ്ടാംകിട പൗരന്മാർ എന്ന സ്ത്രീയുടെ ആ സ്റ്റാറ്റസ് അതങ്ങനെ തന്നെ തുടരട്ടെ എന്ന മനോഭാവത്തോടെ ഇറക്കുന്ന ദൃശ്യങ്ങൾക്ക് അവൾ തന്നെ കീഴടങ്ങുകയാണ്” കൊച്ചിയിൽ ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന റോയി ചാക്കോ പറയുന്നു.
സ്ത്രീകളുടെ നിസ്സഹായതയും ഭർത്താവിന്‍റെ അവിഹിതവും അമ്മായിയമ്മപ്പോരും ആണ് ടെലിവിഷൻ പരമ്പരകളുടെ സമവാക്യം. സ്ത്രീകളുടെ പുരോഗതിക്ക് ഇവയൊന്നും സഹായിക്കുന്നില്ല. ഹെൽത്തി ഫാമിലി ലൈഫ് പ്രെമോട്ട് ചെയ്യുന്നില്ല. അദ്യത്തെ അഞ്ച് എപ്പിസോഡുകൾ ഭയങ്കര സസ്പെൻസിലായിരിക്കും. ഇനിയെന്തായിരിക്കും എന്ന ആകാംക്ഷ ജനിപ്പിച്ച്. അവസാനം ഒരു എപ്പിസോഡ് പോലും കാണാതിരിക്കാൻ വയ്യാത്ത അവസ്‌ഥയാകും. നായികാ കേന്ദ്രീകൃതമാണ് സീരിയലുകൾ. അതുകൊണ്ട് സ്ത്രീകൾ കൂടുതൽ കാണുന്നു. ഈ സ്‌ഥിതി സീരിയൽ നിർമ്മാതാക്കൾ ചൂഷണം ചെയ്യുന്നു.
കുട്ടികൾക്കും ചെറുപ്പക്കാർക്കും ഓവർഡോസിലുള്ള സെന്‍റിമെന്‍റ്സ് അത്ര ഇഷ്‌ടമായെന്നു വരില്ല. ഇഷ്‌ടമായാൽ തന്നെ അവരുടെ വ്യക്‌തിത്വ വികാസത്തെ അത് ബാധിച്ചേക്കാം. മുതിർന്നവർക്കാകട്ടെ ഓവർസെന്‍റിമെന്‍റ്സ് അത്ര പ്രശ്നവുമല്ല. വീട്ടിലെ ജോലിയെല്ലാം ഒതുക്കി, ടിവിക്കു മുന്നിലിരിക്കുമ്പോൾ അതിലെ കഥാപാത്രം പറയുന്നതെല്ലാം സ്വന്തം ജീവിതം തന്നെയാണെന്ന് തോന്നും. സെന്‍റിമെന്‍റ്സ് കൂടിപ്പോയാൽ അതു ജീവിതത്തെ നെഗറ്റീവായിട്ടേ ബാധിക്കൂ എന്ന കാര്യം വ്യക്‌തമാണല്ലോ. കൂടുതൽ സമയം സങ്കടങ്ങൾക്കും സെന്‍റിമെന്‍റ്സിനും പിന്നാലെ പോയാൽ ജീവിതവും അങ്ങനെയാകും. നമ്മൾ എത്ര പോസിറ്റീവാണോ, അത്രയും വിജയം സ്വന്തമാക്കാം. സെന്‍റിമെന്‍റ്സ് നമ്മുടെ മനോഭാവത്തെയും പെരുമാറ്റത്തെയും സ്വാധീനിക്കും.
“ദൈനം ദിന ജോലികളെ പോലും മറന്ന് ആളുകൾ ഇൻവോൾഡ് ആവുന്ന നാല് കാര്യങ്ങൾ എന്തായിരിക്കും? പ്രണ യം, മദ്യം, സീരിയൽ, സോഷ്യൽ മീഡിയ. വ്യക്‌തികൾക്കനുസരിച്ച് ഇതിന്‍റെ രീതി മാറിയേക്കാം എന്നു മാത്രം. അമിതമായാൽ ഇതെല്ലാം വിഷമായിതീരും.” കോളേജ് വിദ്യാർത്ഥിയായ അനിരുദ്ധ് ദേവ് തന്‍റെ അഭിപ്രായം തുറന്നടിക്കുന്നു.
കുടുംബ ബന്ധങ്ങൾക്കും മൊബൈൽഫോണും ഇന്‍റർനെറ്റും ഭീഷണിയാകുന്നതു പോലെ സീരിയലുകളും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
സീരിയലുകളിലും ടിവി ചാനലുകളിലും ഒരു വിഭാഗം ആകൃഷ്ടരാകുമ്പോൾ, മറ്റൊരു വിഭാഗം ഇന്‍റനെറ്റിലും സോഷ്യൽ മീഡിയയിലും ആധുനിക ഗാഡ്ജറ്റുകളിലും സമയം പോക്കുന്നു. രണ്ടായാലും വീട്ടിൽ പരസ്‌പരം മിണ്ടാട്ടം കുറയുന്നു എന്നതാണ് ഫലം! സാമൂഹ്യബന്ധവും കുടുംബബന്ധവും കുറയ്‌ക്കാൻ ഇവ കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് അടിമപ്പെടാത്തവർക്ക് മറ്റുള്ളവരുടെ പെരുമാറ്റം ചിലപ്പോൾ സഹിക്കാൻ പറ്റിയെന്നു വരില്ല. ഒരു വീട്ടിൽ അതിഥി എത്തുമ്പോൾ ഗൃഹനാഥ ടിവിക്കു മുന്നിലും കുടുംബനാഥനും മക്കളും ആധുനിക ഗാഡ്ജറ്റുകൾക്കുള്ളിലും അടിപ്പെട്ടും ഇരുന്നാൽ എന്താണ് സ്‌ഥിതി!. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മഞ്ജു പറയുന്നത് കേൾക്കൂ.
“മാസങ്ങൾക്കു ശേഷമാണ് ഒരു വർക്കിംഗ് ഡേയിൽ അവധി കിട്ടിയത്. അന്ന് ചേച്ചിയുടെ വീട്ടിൽ സകുടുംബം പോകാൻ തീരുമാനിച്ചു. വൈകിട്ട് 4 മണിക്കു ചെന്നപ്പോൾ ചേച്ചിയും അമ്മായിയമ്മയും എല്ലാം വളരെ സ്നേഹപൂർവ്വം സംസാരിച്ചു സൽക്കരിച്ചു. രാത്രി അൽപം വൈകി സ്വന്തം വീട്ടിലേക്ക് മടങ്ങാം. അത്താഴം കഴിച്ചിട്ടു പോകാം എന്നൊക്കെ കണക്കാക്കിയാണ് സന്ദർശനം. എന്നാൽ വൈകിട്ട് 7 മണി ആയതോടെ ചേച്ചിയും അമ്മയും ടിവിക്കു മുന്നിലായി. അതുവരെ നല്ല സ്നേഹത്തോടെ പെരുമാറിയ ചേച്ചിക്ക് യാതൊരു മൈൻഡുമില്ല. ഭക്ഷണം തരുന്ന ലക്ഷണവുമില്ല. ഇനി നിന്നാൽ പണികിട്ടും എന്ന് തോന്നിയപ്പോൾ ഞങ്ങൾ അവിടെ നിന്നും മുങ്ങി. പുറത്തു നിന്ന് ഭക്ഷണവും കഴിച്ച് വീട്ടിൽ പോയി.” ഇനി ചേച്ചിയുടെ സീരിയൽ അഡിക്ഷൻ മാറാതെ രാത്രി സന്ദർശനം ഇല്ലായെന്ന് മഞ്‌ജുവിനു തീരുമാനിക്കേണ്ടി വന്നു. കുട്ടികൾ ടിവി കാണുമ്പോഴും ഗെയിം കളിക്കുമ്പോഴും മുതിർന്നവർ ശ്രദ്ധിക്കണം എന്നു പറയാറുണ്ട്. ഇപ്പോൾ മുതിർന്നവർ ടിവിയ്ക്കു മുന്നിലും മൊബൈലിലും സോഷ്യൽ മീഡിയ്ക്കു മുന്നിലും കൂടുതൽ സമയം ചെലവിടുമ്പോൾ എന്തു ചെയ്യണം? ഒരു ദിവസത്തെ കഠിനാധ്വാനത്തിനുശേഷം അൽപം മെന്‍റൽ റിലാക്സേഷൻ, അതാണ് ആളുകൾ ചാനലുകളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന പരമ്പരകൾ മാനസിക സമ്മർദ്ദം കൂട്ടുന്നു. കെട്ടുകഥകൾ കണ്ട് സമയം കളയുന്നതിന് നിയന്ത്രണം വേണം.
“സീരിയലുകൾ കാണുക മാത്രമല്ല, കഥയിലെ സാഹചര്യങ്ങളെ കുറിച്ച് അയൽവക്കത്തുള്ളവരുമായി ചർച്ച നടത്തുകയും ചെയ്യും. കുടുംബ ബന്ധങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്നു. മറ്റുള്ളവരുടെ വികാര വിചാരങ്ങളെ കുറിച്ച് എന്തെങ്കിലും ധാരണ ലഭിക്കുകയും ചെയ്യും” സീരിയലുകൾ സ്ഥിരമായി കാണുന്ന ജയശ്രീ ഉണ്ണി പറയുന്നു.
“എന്നാൽ രണ്ടും മൂന്നും വർഷം തുടർച്ചയായി വരുന്ന പരമ്പരകൾ കണ്ടു കൊണ്ടിരിക്കുന്നത് സമയം വെറുതെ നഷ്‌ടപ്പെടുത്തലാണ്. യാതൊരു വിവരവും കിട്ടാത്ത പരമ്പരകൾ ഇതുകണ്ട് കരഞ്ഞും ചിന്തിച്ചും സമയം കൊല്ലുന്നത് നല്ലതല്ല” ജയശ്രീ പറയുന്നു.
തിരുവനന്തപുരത്ത് പൊതു ജനം ലെയിൻ ഹൗസിംഗ് കോളനിയിൽ വൈകിട്ട് 7 മുതൽ 9 വരെ സീരിയലുകൾ കാണേണ്ടായെന്ന് അവിടത്തെ റസിഡന്‍റ് അസോസിയേഷൻ തീരുമാനിച്ചത് അടുത്തിടയാണ്. എല്ലാ സ്ത്രീകളും ടിവിയിലെ സോപ്പ് സീരിയലുകൾ മാത്രമാണ് കാണുന്നതെന്ന് പറയാൻ പറ്റില്ല. 50 ശതമാനം സ്ത്രീകൾ വാർത്തകൾക്കും കറന്‍റ് അഫയർ പ്രോഗ്രാമിനും ഇടം കൊടുക്കുന്നുണ്ട്.
വിമൻ കമ്മീഷന്‍റെ മീഡിയ മോണിട്ടറിംഗ് സെൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഗ്രാമങ്ങളിൽ നടത്തിയ സർവ്വേയിൽ 54 ശതമാനം സ്ത്രീകളും പ്രതികരിച്ചത് അവർ വാർത്തകൾക്കും പ്രാധാന്യം നൽകുന്നുണ്ടെന്നാണ്.
1980 കളിലാണ് ടെലിവിഷൻ കേരളത്തിൽ സജീവമായത്. അതിനു മുമ്പ് ദൂരദർശൻ മാത്രം. അതും വേണ്ടത്ര പരിപാടികൾ കാണാൻ ഇല്ല. ഹിന്ദി മാത്രം. മലയാളം സംപ്രേക്ഷണം 4 മണിക്കൂർ മാത്രം. പിന്നീട് ചാനലുകൾ വർദ്ധിച്ചപ്പോൾ പരിപാടികൾക്കു റേറ്റിംഗ് കൂട്ടാൻ മത്സരിച്ചു. ഫലമോ സോപ്പ് പരിപാടിക്കു പിന്നാലെ ജനവും പാഞ്ഞു.