പ്രതികൂല സാഹചര്യങ്ങൾ ചിലരെ തളർത്തിക്കളയാം, ആത്മവിശ്വാസത്തെ തകർത്തു കളയാം. എന്നാൽ വർദ്ധിച്ച ആത്മവിശ്വാസത്തോടെ മന:കരുത്തോടെ പിടിച്ച് നിൽക്കുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്‌തിത്വമാണ് ചെറായി സ്വദേശിയായ നൃത്താദ്ധ്യാപിക ഹേമലതയുടേത്. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ നൃത്തം പഠിക്കുകയും പിന്നീട് അതേ കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയുമായിരുന്ന ഹേമലതയ്ക്ക് കോളേജിൽ നേരിടേണ്ടി വന്നത് ജാതിവർണ്ണ വ്യവസ്ഥകളിലെ അസമത്വങ്ങളേയും അതിന് ചുക്കാൻ പിടിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങളേയുമായിരുന്നു.
മാനസികമായി തകർന്നു പോകാവുന്ന ഒത്തിരി സാഹചര്യങ്ങൾ, ഒറ്റപ്പെടലുകൾ… എന്നിട്ടും ടീച്ചർ ഒട്ടും ധൈര്യം ചോരാതെ, ജാഗ്രതയോടെ അതിനെതിരെ നിയമപോരാട്ടം നടത്തുകയായിരുന്നു. ഹേമലത ആ അനുഭവങ്ങൾ ഓർമ്മിക്കുകയാണ്.
ബാല്യകാലാനുഭവങ്ങൾ
“സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബപശ്ചാത്തലമാണ് എന്‍റേത്. ഞങ്ങൾ നാല് സഹോദരങ്ങളും അച്‌ഛനും അമ്മയും അടങ്ങുന്ന കുടുംബം. അച്‌ഛൻ ഭാസ്കരൻ എഫ്എസിറ്റി ജീവനക്കാരനായിരുന്നു. കഷ്ടപ്പാടുകൾ നിറഞ്ഞ നാളുകളായിരുന്നുവത്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്ത് നാട്ടിലെ കലാപ്രവർത്തങ്ങളിലൊക്കെ സജീവമായിരുന്നു ഞാൻ.” ആ സമയത്താണ് ഹേമലതയുടെ മനസ്സിൽ ഒരു കുഞ്ഞ് വലിയ സ്വപ്നം ചേക്കേറിയത്. ക്ലാസിക്കൽ നൃത്തം പഠിക്കണം! ആ സ്വപ്നത്തിലേക്ക് അധിക ദൂരമില്ലെന്ന് അറിഞ്ഞനാളിൽ ഹേമലത തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ഭരതനാട്യം ഡിപ്ലോമ കോഴ്സിന് ചേരാനുള്ള അപേക്ഷ സമർപ്പിച്ചു.
“അതിനു മുമ്പ് നാട്ടിലെ ചില പരിപാടികളിൽ തിരുവാ തിര കളിക്കുന്നതായിരുന്നു എനിക്ക് നൃത്തവുമായുണ്ടായിരുന്ന ഏക ബന്ധം. അല്ലാതെ കുഞ്ഞുന്നാൾ തുടങ്ങി നൃത്തം പഠിച്ച് തുടങ്ങാൻ അവസരമൊന്നുമുണ്ടായില്ല. പിന്നെ രണ്ടും കൽപിച്ച് മുന്നിട്ടിറങ്ങുകയായിരുന്നു. അതൊരു കുറച്ചിലായി എനിക്ക് തോന്നിയതുമില്ല. നൃത്തം ഏത് പ്രായത്തിലും പഠിക്കാമെന്ന ആത്മവിശ്വാസവും ധൈര്യവും മാത്രമായിരുന്നു എന്‍റെ മുതൽക്കൂട്ട്” ഹേമലത പറയുന്നു.
ആർഎൽവി കോളേജിലേക്ക്
“യാതൊരു മുന്നോരുക്കവുമില്ലാതെയായിരുന്നു ഞാൻ ആർഎൽവി കോളേജിലേക്ക് പോകുന്നത്. അവിടെ എത്തുമ്പോൾ അഡ്മിഷനു വേണ്ടി ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എല്ലാവരും തന്നെ ചെറുപ്പം തുടങ്ങി നൃത്തം അഭ്യസിച്ചവരും നിരവധി കലാമത്സരങ്ങളിൽ പങ്കെടുത്തവരും. അവരിൽ നിന്നൊക്കെ വേറിട്ട് നിന്നത് ഞാൻ മാത്രമായിരുന്നു. അതുകൊണ്ട് അതിന്‍റെ ആശങ്കയും മനസ്സിലുണ്ടായിരുന്നു. അഭിമുഖത്തിനൊപ്പം അധ്യാപകർ ആവശ്യപ്പെടുന്ന നൃത്ത ചുവടുകളും കാട്ടി കൊടുക്കണം. ഇക്കാര്യം അവിടെ എത്തിയപ്പോഴാണ് ഞാനറിയുന്നത്. എനിക്കാണെങ്കിൽ തിരുവാതിരയുടെ ചുവടുകൾ മാത്രമേ അറിയൂ. എന്‍റെ വിഷമസ്‌ഥിതിയറിഞ്ഞ് ഒരു കുട്ടി എനിക്ക് ചില ചുവടുകൾ കാണിച്ചു തന്നു. ചെറിയൊരു റിഹേഴ്സൽ നടത്തി. ആ സമയത്ത് അതൊക്കെ മനസ്സിലാക്കുക പ്രയാസമായിരുന്നു. എങ്കിലും നൃത്തത്തിന്‍റെ ഏകദേശ രീതിയെപ്പറ്റി ധാരണ കിട്ടുമല്ലോ.
അഭിമുഖത്തിനായി ഉള്ളിലേക്ക് വിളിക്കുന്നു. അകത്ത് ചെന്നപ്പോൾ അന്നത്തെ പ്രിൻസിപ്പാൾ പി. ലീല, കലാക്ഷേത്ര വിലാസിനി ടീച്ചർ അടക്കം 2-3 അധ്യാപികമാരും ഒപ്പം ഒരു സീനിയർ വിദ്യാർത്ഥിനിയുമുണ്ടായിരുന്നു. അവരെയൊക്കെ നോക്കി ബഹുമാന പുരസ്സരം വണങ്ങിയ ശേഷം വല്ലാത്തൊരു നെഞ്ചിടിപ്പോടെ ചോദ്യങ്ങൾക്കായി കാത്തിരുന്നു. പേരും മറ്റ് വിവരങ്ങളും ചോദിച്ച ശേഷം നൃത്തം പഠിച്ചിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. വല്ലാത്ത ആശങ്കയോടെ ഇല്ലെന്ന് മറുപടി പറഞ്ഞു. എന്‍റെ മറുപടി കേട്ട് നൃത്തം അറിയാത്തതാണ് നല്ലത് അങ്ങനെയായാൽ നൃത്തം നന്നായി പഠിച്ചെടുക്കും എന്നായിരുന്നു എന്നെ ഞെട്ടിച്ചു കൊണ്ടുള്ള വിലാസിനി ടീച്ചറുടെ മറുപടി. അത് കഴിഞ്ഞായിരുന്നു മറ്റൊരു രസകരമായ കാര്യം നടന്നത്. അധ്യാപികമാരിൽ ഒരാൾ എന്നോട് നമസ്കാരം കാണിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ഉടനടി എഴുന്നേറ്റ് ഒരിക്കൽ കൂടി എല്ലാവരോടുമായി നമസ്ക്കാരം പറഞ്ഞു. അത് കണ്ട് അവർ എന്നെ തിരുത്തി. നൃത്തത്തിലെ നമസ്ക്കാരം കാണിക്കാനാണ് അവർ ആവശ്യപ്പെട്ടത്. അതോടെ ഞാൻ കുറച്ച് മുമ്പ് പഠിച്ച ചുവടുകൾ മറന്നു പോയി. ആ സീനിയർ വിദ്യാർത്ഥിനി നമസ്ക്കാരം ചെയ്യുന്നതെങ്ങനെയാണെന്ന് കാട്ടി തന്നു. ഇത്തിരി പരിശ്രമത്തിനൊടുവിൽ ഞാൻ ഏറെക്കുറെ അതുപോലെ കാണിച്ചു. അങ്ങനെ ആർഎൽവിയിൽ എനിക്ക് അഡ്മിഷൻ കിട്ടി.”
നൃത്ത പഠനക്കാലം സന്തോഷത്തിന്‍റെ നാളുകളായിരുന്നു. സ്നേഹനിധികളായ അധ്യാപകരുടെ ചിട്ടയാർന്ന ശിക്ഷണത്തിലൂടെ ഹേമലത നൃത്തത്തിന്‍റെ ഓരോ ചുവടുകളും പഠിച്ചെടുത്തു.
മാറ്റത്തിന്‍റെ തുടക്കം
4 വർഷത്തെ ഡിപ്ലോമ കഴിഞ്ഞായിരുന്നു അരങ്ങേറ്റം. ആർഎൽവിയിലെ അധ്യാപികമാരുടെയും സഹപാഠികളുടെയുമൊക്കെ സാന്നിധ്യത്തിൽ സ്വന്തം നാടായ ചെറായിയിൽ. “എനിക്ക് മറക്കാനാവാത്ത മുഹൂർത്തമായിരുന്നു. ജീവിതത്തിന് പുതിയൊരു ദിശ കൈ വന്നതു പോലെ തോന്നി.”
“പക്ഷേ റിസൽറ്റ് വന്നപ്പോൾ എനിക്ക് സെക്കന്‍റ് ക്ലാസ്സ്. അങ്ങനെയൊരിക്കലും സംഭവിക്കുകയില്ലെന്ന് എന്നെ പഠിപ്പിച്ച അധ്യാപികമാരും തറപ്പിച്ച് പറഞ്ഞു. കാരണം തീയറിയും പ്രാക്ടിക്കലുമൊക്കെ ഞാൻ നന്നായി ചെയ്‌തിരുന്നു.” നിജ:സ്ഥിതിയറിയാൻ ഹേമലത തിരുവനന്തപുരത്തു പോയി. “പുന:പരിശോധനയിൽ എനിക്ക് മാർക്ക് കൂടുതലുള്ളതായി അറിഞ്ഞു. അങ്ങനെ എന്‍റെ സർട്ടിഫിക്കറ്റിൽ ഫസ്റ്റ് ക്ലാസ്സ് എന്ന് തിരുത്തു കിട്ടി.”
ജാതീയമായ വിവേചനം ആയിരുന്നു ഇതിന് പിന്നിൽ. ഉന്നത ജാതിയിൽപ്പെട്ടവരായിരുന്നു കോളേജിൽ അധികവും വന്നിരുന്നത്. ആ സാഹചര്യത്തിൽ ദളിത് വിദ്യാർത്ഥികൾക്ക് പല തരത്തിലുള്ള വിവേചനങ്ങൾ നേരിടേണ്ടതായി വന്നിരുന്നു. ക്ലാസ്സിലെ ഏറ്റവും പിൻനിര ബെഞ്ചിലായിരുന്നു ദളിത് വിദ്യാർത്ഥികളുടെ സ്‌ഥാനം, ഇന്‍റേണൽ അസസ്സ്മെന്‍റ് മാർക്ക് കുറയ്ക്കൽ, ബെറ്റർമെന്‍റ് അവസരം നിഷേധിക്കൽ, ദളിത് വിദ്യാർത്ഥികളെ ക്ലാസ്സിൽ പൂർണ്ണമായി അവഗണിക്കൽ ഇങ്ങനെയൊക്കെയായിരുന്നു. “ഞാൻ ബെറ്റർമെന്‍റിന് കൊടുത്തപ്പോൾ എനിക്ക് സർട്ടിഫിക്കറ്റിൽ ഫസ്റ്റ് ക്ലാസ്സായി തിരുത്തി കിട്ടി. പക്ഷേ ബെറ്റർമെന്‍റ് എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ബെറ്റർമെന്‍റിന് അപേക്ഷിച്ച മറ്റ് മുന്നോക്ക വിഭാഗക്കാരായ കുട്ടികളുടെ സർട്ടിഫിക്കറ്റിൽ ഇങ്ങനെയെഴുതിയിരുന്നില്ലെന്നതാണ് വിഷമിപ്പിച്ച കാര്യം.
“ക്ലാസ്സിൽ ഇത്തരം വിവേചനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഞാനത്ര കാര്യമാക്കിയിരുന്നില്ല. സ്നേഹനിധികളായ ചില അധ്യാപികമാരുടെ സാന്നിധ്യവും ശിക്ഷണവും ഉള്ളതു കൊണ്ട് അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും മാറ്റി നിർത്തപ്പെടുമ്പോൾ ചെറുതായി വേദനിച്ചിട്ടുണ്ട്.” ഹേമലത പറയുന്നു.
ഭരതനാട്യം പോസ്റ്റ് ഡിപ്ലോമയ്ക്ക് ചേർന്ന സമയം. അതു പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ യൂണിവേഴ്സിറ്റി റൂൾ അനുസരിച്ച് എംഎ ഭരതനാട്യം ചെയ്യാനുള്ള അവസരം കിട്ടി.
ഗസ്റ്റ് അധ്യാപികയുടെ റോൾ
“ഭരതനാട്യത്തിൽ പിജി കഴിഞ്ഞ് ഹേമലത ആർഎൽവിയിൽ തന്നെ ഒരു വർഷക്കാലം ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തു. പിന്നീട് കാലടി സംസ്കൃത സർവകലാശാലയിൽ. മൂന്ന് വർഷത്തെ കരാറിലായിരുന്നു നിയമനമെങ്കിലും രണ്ട് വർഷം പിന്നിട്ട ശേഷമാണ് ഹേമലതയ്ക്ക് കയ്യിൽ നിയമന ഉത്തരവ് കിട്ടുന്നത്. അതുകൊണ്ട് നഷ്‌ടമായത് രണ്ട് വർഷമാണ്. ഇത്തരം അന്യായങ്ങൾക്കിടയിലും മൊത്തം ഏഴ് വർഷക്കാലത്തോളം അവിടെ തുടരാൻ സാധിച്ചു. 2009 ൽ വീണ്ടും ആർഎൽവി കോളേജിൽ തന്നെ എനിക്ക് ഭരതനാട്യത്തിൽ ഗസ്റ്റ് ലക്‌ചററായി നിയമനം കിട്ടി.” 2010 ൽ വീണ്ടും ഇന്‍റര്‍വ്യൂവിന് പോയെങ്കിലും ഇത്രയും പരിചയസമ്പന്നത ഉണ്ടായിട്ടു പോലും ഹേമലത തഴയപ്പെട്ടു.
“ഗസ്റ്റ് ലക്ച്ചർ നിയമനങ്ങളിൽ വരുന്ന വിവേചനം ചൂണ്ടിക്കാണിച്ച് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബിക്ക് ഞാൻ പരാതി കൊടുത്തതിന്‍റെ ഫലമായാണ് നിയമനം എംപ്ലോയ്മെന്‍റ് വഴിയാക്കിയത്.”
2013 ൽ ആർഎൽവിയിൽ ജൂനിയർ ലക്ചറർ പോസ്റ്റിലേക്ക് ഹേമലതയ്ക്ക് നിയമനം കിട്ടി. “പക്ഷേ എന്‍റെയടക്കം 15 അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റുകളിൽ കോളേജ് അധികൃതർ മോശമായ പരാമർശം എഴുതി വച്ചത് വിനയായി. അതിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ച് ഈ പരാമർശം മാറ്റി കിട്ടാൻ അപേക്ഷ സമർപ്പിച്ചു. അന്ന് ഈ പരാതി നൽകാൻ കൂടെയുണ്ടായിരുന്നത് ആറോ ഏഴോ അധ്യാപകർ മാത്രമായിരുന്നു. ബാക്കിയെല്ലാവരും ഭയന്ന് പിന്മാറുകയായിരുന്നു. പരാതി കൊടുത്താൽ ഒരു പബ്ലിക്ക് പരിപാടിയും തരില്ലെന്ന് പറഞ്ഞ് കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് അവർ പിന്മാറിയത്. ഒടുക്കം ഞാനും വീണ ഡിപ്പാർട്ട്മെന്‍റിലെ അധ്യാപികയായ ശുഭയും മാത്രമാണ് പരാതിയുമായി മുന്നോട്ട് പോയത്. അങ്ങനെ സർട്ടിഫിക്കറ്റ് തിരുത്തി കിട്ടി. ആ വർഷം മെയ് 31 ന് റിട്ടേർഡ് ആകുന്ന പ്രിൻസിപ്പാൾ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള നിയമനങ്ങൾ നടത്തി. അതിൽ നിന്നും ഞങ്ങളെ മന:പൂർവ്വം ഒഴിവാക്കി.
അതിനുശേഷം കോളേജ് അധികൃതർ പ്രതികാര ബുദ്ധിയോടെയാണ് ഞങ്ങളോട് പെരുമാറിയത്. പിറ്റേവർഷം ആർഎൽവിയിൽ ജോലിക്ക് കയറിയപ്പോൾ സ്‌ഥിതി കൂടുതൽ വഷളായി. “ഞാൻ ആരോടും സംസാരിക്കരുതെന്ന് കർശനമായി വിലക്കി. ഞങ്ങളോട് മിണ്ടിയവരെ എച്ച്ഒഡി വിളിച്ച് ശകാരിക്കുമായിരുന്നു. താക്കീത് ലംഘിച്ചാൽ പുറത്താക്കുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി. അതുകൊണ്ട് ആരും ഞങ്ങളോട് സംസാരിക്കാതെയായി. ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ പോലും എന്നോട് മിണ്ടാൻ ഭയന്നു. ഇന്‍റേണൽ മാർക്ക് കുറയ്ക്കും. അതുകൊണ്ട് വളരെ സൂക്ഷിച്ച് ശ്രദ്ധയോടെയാണ് ഞാനവിടെ നിന്നിരുന്നത്. ഇത്തരം അനീതികൾക്കിടയിൽ സ്വസ്ഥമായി ജോലി ചെയ്യുകയെന്നത് എത്രമാത്രം വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് ഊഹിക്കാമല്ലോ.”
“ഇതിനിടയിൽ റൊട്ടേഷൻ അനുസരിച്ചല്ല നിയമനമെന്ന് പറഞ്ഞ് എസ്ടി വിഭാഗക്കാരനായ ഒരധ്യാപകൻ കേസ് ഫയൽ ചെയ്‌തിരുന്നു. എന്നാൽ മറ്റ് ഡിപ്പാർട്ടുമെന്‍റുകളിൽ 3 വർഷം തുടർച്ചയായി അധ്യാപകർ ജോലി ചെയ്‌തിരുന്നുവെന്നതാണ് വിരോധാഭാസം. അത് എന്തുകൊണ്ടാണെന്ന് ഞങ്ങളുടെ ചോദ്യത്തിന് എംപ്ലോയ്മെന്‍റിന് വ്യക്‌തമായ മറുപടി തരാൻ കഴിഞ്ഞില്ല. അതിന് പിന്നിലും ജാതീയമായ വേർതിരിവ് തന്നെയല്ലേ?” ഹേമലത ചോദിക്കുന്നു.
പിന്നേയും പ്രശ്നങ്ങൾ ഒതുക്കാനുള്ള ശ്രമങ്ങൾ
പ്രശ്നങ്ങൾ അവിടെയും അവസാനിച്ചില്ല. രണ്ട് മൂന്ന് അധ്യാപകർ കുട്ടികളെ സമീപിച്ച് ഹേമലതയ്ക്കെതിരെ പരാതി എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു.
“അധ്യാപകർക്ക് ഇഷ്‌ടമുള്ള ചില കുട്ടികളുണ്ട് അവർ ക്ലാസ്സിൽ വരാത്തവരാണെങ്കിൽ അറ്റന്‍റൻസ് കൊടുക്കാൻ ആവശ്യപ്പെടുമായിരുന്നു. എന്നാൽ കൃത്യമായി വരുന്നവർക്ക് അവർ അധ്യാപകരുടെ പ്രിയപ്പെട്ടവരല്ലെങ്കിൽ അറ്റന്‍റഡൻസ് കൊടുക്കരുതെന്നുമായിരുന്നു വിലക്ക്.” ഇത്തരം അനീതികളെയൊക്കെ ഹേമലത ചോദ്യം ചെയ്യുന്നത് കോളേജ് അധികൃതരെ ചൊടിപ്പിച്ചിരുന്നു.
“ഒരു അധ്യാപിക എന്ന രീതിയിൽ വിദ്യാർത്ഥികളുടെ പിഴവുകൾ കണ്ടാൽ അവരെ തിരുത്തി നേർവഴിയ്ക്ക് നയിക്കണമെന്ന പാഠമാണ് എന്‍റെ ഗുരുക്കന്മാർ എന്നെ പഠിപ്പിച്ചത്. അത് ഞാൻ അങ്ങേയറ്റം ശ്രദ്ധിച്ചു.” ഹേമലത ആ നാളുകൾ കണ്ണീരോടെ ഓർക്കുന്നു.
“2015 അധ്യയനവർഷത്തിൽ ജോലി ചെയ്യുന്ന സമയം. ഡിസംബർ 31 ന് ഒരു വിദ്യാർത്ഥിനിയുടെ വ്യാജപരാതിയെ തുടർന്ന് എന്നെ കോളേജിൽ നിന്നും പുറത്താക്കി. അതിന് തൊട്ട് മുമ്പ് 3 ദിവസങ്ങളിൽ ഞാൻ അവധിയിലായിരുന്നു. മുൻകൂട്ടി അവധി വാങ്ങിയപ്പോഴൊന്നും ഇത്തരത്തിൽ ഒരു പരാതിയുള്ളതായി എച്ച്ഒഡി സൂചിപ്പിച്ചിരുന്നുമില്ല. അവധി കഴിഞ്ഞ് കോളേജിൽ എത്തിയപ്പോഴാണ് ഇന്നു മുതൽ ക്ലാസെടുക്കണ്ടാ എന്ന് പ്രിൻസിപ്പാൾ വാക്കാൽ അറിയിക്കുന്നത്. ശരിക്കും കാര്യമറിയാതെ ഞാൻ പകച്ചു നിന്നു.”
“എന്താണ് പരാതിയെന്ന് ചോദിച്ചപ്പോൾ” നിങ്ങൾ കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു മേലധികാരിയുടെ ഒഴുക്കൻ മറുപടി. മാത്രമല്ല പരാതി കാട്ടിയതുമില്ല. സത്യത്തിൽ അങ്ങനെയൊരു സംഭവവും നടന്നിട്ടില്ല. എനിക്ക് ഒരു മെമ്മോ പോലും മുൻകൂറായി തന്നിട്ടില്ല. അത് ചോദ്യം ചെയ്തപ്പോൾ പിന്നെയും പ്രശ്നങ്ങൾ. ഞാൻ ജോലിയുപേക്ഷിച്ച് പോകുകയാണെന്ന് എഴുതി കൊടുക്കണമെന്നായി പ്രിൻസിപ്പാൾ ഗോവിന്ദൻ നമ്പൂതിരി സർ. ഒപ്പം എച്ച്ഒഡി യും അത് തന്നെ ആവർത്തിച്ചു.
ഹേമലത പിറ്റേ ദിവസം തന്നെ പുറത്താക്കലിന്‍റെ കാരണമന്വേഷിച്ച് കോളേജ് അധികൃതർക്ക് ഒരു കത്ത് നൽകി. വിദ്യാർത്ഥി സംഘടനകളുടെ പരാതിയും ഭീഷണിയും കാരണം പുറത്താക്കുന്നു എന്നായിരുന്നു കോളേജ് അധികൃതരുടെ മറുപടി. വിദ്യാർത്ഥിനിയുടെ പരാതിയടക്കം രേഖാമൂലം മറുപടി വേണമെന്ന് ആവശ്യപ്പെട്ടതിന് പകരമായി ഹേമലതയ്ക്ക് കോളേജ് അധികൃതർ കുറ്റാരോപണ മെമ്മോയാണ് നൽകിയത്. ഒപ്പം വിശദീകരണം തരുന്നതുവരെ കോളേജിൽ പ്രവേശനം നിഷേധിച്ചുള്ള താക്കീതും.
“ആരോപണം ഉണ്ടായ സാഹചര്യം രഹസ്യമൊഴിയായി രേഖപ്പെടുത്താം പരസ്യമായി വെളിപ്പെടുത്താനാവില്ല”എന്ന് ഞാൻ മറുപടി കൊടുത്തു. അതിന് 15 ദിവസം കഴിഞ്ഞ് എന്നെ പുറത്താക്കി കൊണ്ടുള്ള ഓർഡർ വീട്ടിലേക്ക് അയച്ചു തരുകയായിരുന്നു. അതിന് മുന്നോടിയായി കോടതിയിൽ ഞാൻ സ്റ്റേ ഓർഡറിനായി അപേക്ഷിച്ചിരുന്നു. സ്റ്റേ ഓർഡറുമായി കോളേജിൽ പ്രവേശിച്ച എനിക്കെതിരെ കുറച്ച് ഫൈൻ ആർട്സ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി വന്നു. സ്റ്റേ ഓർഡർ കത്തിക്കുക എന്ന ലക്ഷ്യവുമായി.”
“കോടതിയുത്തരവ് കത്തിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് ഞാൻ വിദഗ്ദ്ധമായി അവിടെ നിന്നു പിന്മാറി.”
“വിദ്യാർത്ഥി സംഘടനയിലെ കുട്ടികളായിരുന്നു അവർ. സംഘടന ബലത്തിലല്ല അവരുടെ എതിർപ്പ്. ആരുടെയോ വ്യക്‌തി താൽപര്യം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ഇതെല്ലാം കോളേജിലെ ചില അധ്യാപകരുടെ മേൽനോട്ടത്തിലായിരുന്നു.”
“തുടർന്ന് ഞാൻ ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും സർവീസ് കേസാണെന്ന് പറഞ്ഞ് കേസ് പിൻവലിക്കാൻ പോലീസ് എന്നെ നിർബന്ധിക്കുകയായിരുന്നു. എസ്സി, എസ്ടി പീഡന കേസല്ല ഇത് എന്നായിരുന്നു പോലീസിന്‍റെ വാദം.”
“പിന്നീട് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്‌തതിനെ തുടർന്ന് പോലീസ് എഫ്ഐആർ തയ്യാറാക്കി. ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഹൈക്കോർട്ടിൽ കേസ് ഫയൽ ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് പോലീസ് നൽകിയ മറുപടിയും വിചിത്രമായിരുന്നു. കേസ് അന്വേഷണം പൂർത്തിയായെന്നും സാക്ഷിമൊഴികളുടെ അടിസ്‌ഥാനത്തിൽ കേസിന് കഴമ്പില്ല എന്നുമായിരുന്നു അത്. അതോടെ കുറ്റപത്രത്തിന്‍റെ കോപ്പിയ്ക്കായും കാത്തിരിപ്പായി. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ വിവരാവകാശം ആവശ്യപ്പെട്ടപ്പോൾ കേസന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു പോലീസിന്‍റെ മറുപടി. യഥാർത്ഥത്തിൽ പോലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസമന്ത്രിയ്ക്കും ഹരിജനക്ഷേമവകുപ്പ് മന്ത്രിയ്ക്കും എസ്എസി എസ്ടി കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരെ സർക്കാർ വേണ്ട നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്” ഇത്തരം ജാതീയമായ അടിച്ചമർത്തലുകളും ഒറ്റപ്പെടുത്തലുകളും കാലങ്ങളായി ആ കാമ്പസിലുണ്ടായിരുന്നതാണെന്ന് ഹേമലത ചൂണ്ടിക്കാട്ടുന്നു.
പിഎസ്സി വഴിയുള്ള നിയമനം കോളേജിൽ നടന്നത് 1970 തുകളിലായിരുന്നു. അതിനുശേഷം അത് നടന്നിട്ടില്ല എന്ന വസ്തുതയും ഈ നിയമനങ്ങൾ നടത്തുന്നതിനു വേണ്ടിയും സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
“ഇതെനിക്ക് വേണ്ടിയുള്ള നിയമപോരാട്ടമല്ല. സമാന അനുഭവങ്ങൾ നേരിടുന്നവർക്കും ഇനി അതിന് ഇരയാക്കാൻ പോകുന്നവർക്കും വേണ്ടിയുള്ളതാണ്. അത്തരക്കാരുടെ വിഷമങ്ങളും സങ്കടങ്ങളും പുറംലോകം അറിയുന്നില്ല. സമൂഹത്തിൽ ഒറ്റപ്പെടും ജോലി നഷ്ടപ്പെടും എന്നൊക്കെയുള്ള ആധികൾ മൂലമാണ് ഇതിനെ ആരും ചോദ്യം ചെയ്യാത്തത്. തന്നെയുമല്ല കേസിന് പോയാൽ വർഷങ്ങൾ കഴിഞ്ഞാലും തീരില്ല. നല്ലൊരു സമ്പാദ്യം തന്നെ തീരും.
“കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നിയമ പരിരക്ഷ കിട്ടുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്. ഇത്തരം ആക്രമണങ്ങൾ സംഘടനാപരമല്ല വ്യക്‌തി താൽപര്യങ്ങളുടെ പേരിലാണ്. അവിടെ നിന്നും പഠിച്ചു പോയ നേതാവ് ഈ കാമ്പസ് കണി കാണിക്കില്ല അധ്യാപികേ… എന്നാണ് എന്നെ ഭീഷണിപ്പെടുത്തിയത്.
കോളേജിന്‍റെ അഫിലിയേഷൻ സമരങ്ങളിലും വികസന പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത വിദ്യാർത്ഥി നേതാവ് കൂടിയായിരുന്നു ഹേമലത ടീച്ചർ.
അതിജീവനത്തിനായുള്ള പോരാട്ടം
മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പരാതി കൊടുത്തിരുന്നു. പക്ഷേ ഇതുവരെ പുനരന്വേഷണത്തിന് ഉത്തരവിട്ടില്ല എന്നതാണ് വാസ്തവം. മുഖ്യമന്ത്രിയുടെ മുന്നില്‍ ഈ വിഷയം എത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. മൂന്നോ നാലോ തവണ ഞാന്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു, പക്ഷേ അപ്പോഴൊന്നും കാണാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്‍റെ സെക്രട്ടറി ജയരാജന്‍ സാറിനെ കണ്ട് റിക്വസ്റ്റ് കൊടുത്തിരുന്നു. എം വി ജയരാജന്‍ സാര്‍ മുഖാന്തിരം നല്‍കിയ കത്ത് മുഖ്യമന്ത്രിയുടെ ഫയലില്‍ ഉള്ളതായി അറിഞ്ഞു. മന്ത്രി എ.കെ ബാലനും നേരിട്ട് പരാതി കൊടുത്തിരുന്നു. അദ്ദേഹം അത് ഒപ്പിട്ട് ഉടന്‍ തന്നെ അഡീഷണല്‍ സെക്രട്ടറിയ്ക്ക് കൊടുക്കാന്‍ പറഞ്ഞതുമാണ്. പക്ഷേ, എന്തുകൊണ്ടോ അത് അഡീഷണല്‍ സെക്രട്ടറിയുടെ കൈവശം എത്തിയില്ല. എറണാകുളം ജില്ലയിലുള്ള ആരോ അത് എടുത്ത് മാറ്റിയിട്ടുണ്ട്. ഇതിന്‍റെ സത്യാവസ്ഥ പുറത്തു വരാന്‍ പാടില്ല എന്ന നിലപാടാണ് ഇതിന് പിന്നില്‍. ഈ പരാതിയുമായി ബന്ധപ്പെട്ട് പലരേയും നേരില്‍ കണ്ട് നീതി ലഭിക്കണം എന്ന് പറഞ്ഞിട്ടും ഇതില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പരിമിതികളുണ്ടെന്നാണ് പലരില്‍ നിന്നും എനിക്ക് ലഭിച്ച മറുപടി. എന്നാല്‍ എന്നെങ്കിലും സത്യം പുറത്തു വരും എനിക്ക് നീതി ലഭിക്കും എന്നു വിശ്വസിക്കുന്നു.
ടീച്ചര്‍ ഉറച്ച് വിശ്വസിക്കുന്നു
ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് അയച്ചിരിക്കുന്ന ടീച്ചര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത് ഈ പരാതി അന്വേഷിക്കാന്‍ ചുമതലപ്പെട്ടയാളും പരാതിക്കാനുമായ എച്ച്ഒഡി യാണെന്നതാണ് മറ്റൊരു വിരോധാഭാസം. ആ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹോമലത ടീച്ചര്‍ നീതി തേടി കോടതിയെ സമീപിച്ചത് തെറ്റാണെന്ന വിധി വന്നിരിക്കുന്നതും. ഇതില്‍ നിന്നും ഉരുത്തിരിയുന്ന യാഥാര്‍ത്ഥ്യം ഒന്നുമാത്രമാണ് നീതിനിഷേധം മാത്രമാണ്.
എസ് സി എസ് ടി കമ്മീഷനിലും ടീച്ചര്‍ പരതി നല്‍കുകയുണ്ടായി. കമ്മീഷന്‍ വിളിക്കാന്‍ ഒന്നരവര്‍ഷക്കാലം കാത്തിരിക്കേണ്ടി വന്നു ടീച്ചര്‍ക്ക്. അതും നിരവധി തവണയായുള്ള അപേക്ഷയയ്ക്ക് ശേഷം.
“കമ്മീഷന്‍ ഹീയറിംഗിന് വിളിച്ചപ്പോള്‍ ഞാനും എന്നെ കോളേജില്‍ നിന്നും പുറത്താക്കിയ പ്രിന്‍സിപ്പാളും പിന്നീട് വന്ന പ്രിന്‍സിപ്പാളും എന്നെ പുറത്താക്കാന്‍ വ്യാജരേഖ ചമച്ച എച്ച്ഒഡിയും ഹാജരായി. എല്ലാ രേഖകളും ഞാന്‍ കൃത്യമായി അവരെ കാണിക്കുകയും അവര്‍ക്കത് ബോധ്യമായതിന്‍റെ അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം സംവരണ തത്ത്വങ്ങള്‍ പാലിച്ചുകൊണ്ട് വേണമെന്ന് കമ്മീഷന്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. കമ്മീഷന്‍റെ ഉത്തരവുണ്ടായിട്ടും ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായി. കമ്മീഷന്‍ ഓഫീസിലുള്ള ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തുകയായിരുന്നു. ഒരു വര്‍ഷമായുള്ള കാത്തിരിപ്പിന് ശേഷമാണ് ലഭിക്കുന്നത്.” ടീച്ചര്‍ സങ്കടത്തോടെ പറയുന്നു.
എന്നിട്ടും പ്രശ്നം പരിഹാരിക്കാതെ
“ഈ ഉത്തരവനുസരിച്ച് ഇന്‍റര്‍വ്യൂവിന് ഹാജരാകുന്നതിനു വേണ്ടി കോളേജിലേയ്ക്ക് ഞാന്‍ പലപ്രാവശ്യം വിളിക്കുകയുണ്ടായി. കൊറോണക്കാലമാണ് ഈ വര്‍ഷം താല്‍കാലിക അധ്യാപകരെ നിയമിക്കുന്നില്ലെന്ന മറുപടിയാണ് അവിടെ നിന്നും ലഭിച്ചത്. എന്നാല്‍ ഇന്‍റര്‍വ്യൂ നടത്തി നിയമനം നടത്തിയതായി എനിക്കറിയന്‍ കഴിഞ്ഞു.”
“ഞാനും ഇടതുപക്ഷ സഹയാത്രികയാണ്. എന്‍റെ പ്രശ്നത്തില്‍ രാഷ്ട്രീയക്കാരായ ആളുകളുടെ ഇടപെടല്‍ ശക്തമായ നിലയിലുണ്ടായിട്ടുണ്ട്. അത് വ്യക്തിതാല്‍പര്യം സംരക്ഷിക്കാനാവും. ഇവിടെ ജാതിവിവേചനം ശക്തമാണെന്നതാണ് ഇതില്‍ നിന്നും മനസിലാകുന്നത്. തൊഴിലിടങ്ങളിലാണെങ്കില്‍ അവരെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്ന വിധത്തിലാണ് സവര്‍ണ്ണാധിപത്യം വച്ചുപുലര്‍ത്തുന്ന ചില വ്യക്തികള്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ അത് പുറംലോകം അറിയുന്നില്ല.”
“പക്ഷേ ഞാന്‍ ഒരു സ്ത്രീയായിട്ടുപോലും പിടിച്ചു നില്‍ക്കുകയാണ്. അതിജീവനമെന്നത് എന്നെ സംബന്ധിച്ച് വളരെ വിഷമകരമായ കാര്യമാണ്. നിയമപരമായി പോകണമെങ്കില്‍ സാമ്പത്തിക പിന്‍ബലമാവശ്യമാണ്. എന്‍റെ ജീവന് ഭീഷണിയുണ്ട്. ഭീഷണി മുഴക്കിയവര്‍ യുവജനസംഘടനാ നേതാക്കന്മാരാണ്. ഇത് പൊതുസമൂഹം അറിഞ്ഞില്ലയെങ്കില്‍ നീതി ലഭിക്കില്ലായെന്നാണ് ഇവിടുത്തെ സ്ഥിതി വിശേഷം. ഈ കേസുമായി 4-5 വര്‍ഷമായി നീതിയ്ക്കായി കാത്തിരിക്കുകയാണ്. ഒരു മേഖലയിലും തൊഴിലെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ബന്ധപ്പെട്ട മേഖലയില്‍ അവസരമുണ്ടായിട്ടും നീതിനിഷേധമാണ്. എന്നെപ്പോലെ ഇനി എത്രയോ പേര്‍ ഇവിടെ ഉണ്ടാവും.” ടീച്ചര്‍ ചോദിക്കുന്നു.
ജാതീയമായ വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യര്‍ ഈ ‘ആധുനിക യുഗത്തിലും’ മാനസികമായി വളര്‍ന്നിട്ടില്ലെന്നതാണ് ഹേമലത ടീച്ചറുടെ അനുഭവം വ്യക്തമാക്കുന്നത്. ഇവിടെ ജാതിവര്‍ണ്ണവിവേചനങ്ങള്‍ക്കതീതമായി സ്വാതന്ത്ര്യത്തോടെ അന്തസ്സോടെ അവകാശത്തോടെ തൊഴിലെടുത്ത് ജീവിക്കാന്‍ എല്ലാവര്‍ക്കുമില്ലേ അവകാശം?