ആരും പോകാൻ കൊതിക്കുന്ന ആ മഞ്ഞിന്‍റെ താഴ്വരയിലേക്ക് മക്കളുടെ വിന്‍റർ വെക്കേഷൻ ആസ്വദിക്കാൻ പോയ പ്രവാസി മലയാളി ശിഹാബ് കുമ്പളയും കുടുംബവും അവിസ്മരണീയമായ കാശ്മീരിയാത്രയുടെ അഴക് വർണ്ണിക്കുന്നു…
ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ഒരു പ്രാവശ്യമെങ്കിലും കാശ്മീർ കാണണമെന്നത്. ഇന്ത്യയിലെ സ്വിറ്റ്സർലൻഡ്, ഭൂമിയിലെ മനോഹരമായ അപൂർവ്വ പ്രകൃതി കാഴ്ചകളിൽ ഒന്ന് എന്നിങ്ങനെ പല അപര നാമങ്ങളിൽ കേട്ട് കേൾവി മാത്രമുള്ള ഒരു പ്രദേശം. പക്ഷേ മാധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയത് അശാന്തി നിറഞ്ഞ സുരക്ഷിതമല്ലാത്തൊരിടം. പത്ത് പതിനഞ്ച് വർഷമായി മനസ്സിൽ കൊണ്ട് നടന്ന പ്രകൃതിസൗന്ദര്യത്തിന്‍റെ അവസാന വാക്ക്. ഈ ഇടയ്ക്കാണ് ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു കാശ്മീർ വാസിയെ കാണാൻ ഇടയായത്. കാശ്മീരിനെകുറിച്ച് ചോദിച്ചപ്പോൾ അയാൾ വാചാലനായി. സുഹൃത്തേ നിങ്ങൾ മനസ്സിലാക്കിയ കാശ്മീർ അല്ല യഥാർത്ഥ കാശ്മീർ. 100 ശതമാനം സുരക്ഷ ഉറപ്പുള്ള പ്രദേശമാണ്. ധൈര്യമായി പൊയ്ക്കോളൂ, കണ്ട് വിലയിരുത്തു, എന്‍റെ വീട്ടിൽ വരൂ… എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞതിന് ശേഷമാണ് ഈ സ്വപ്നഭൂമിയിൽ പോകാൻ ഞാൻ തീരുമാനിച്ചത്.
ഇതിനിടയിൽ സ്ക്കൂൾ വിന്‍റർ വെക്കേഷൻ തുടങ്ങി. കുട്ടികൾക്ക് മഞ്ഞുകാഴ്ചകൾ കാണാൻ വല്ലാത്ത ആഗ്രഹം. ഏതെങ്കിലും യൂറോപ്യൻ നാടുകളിൽ പോകാൻ പറഞ്ഞോണ്ടിരുന്നു. പ്രത്യേകിച്ച് ജോർജിയ, റുമേനിയ എന്നീ നാടുകൾ. പക്ഷേ ഇതിനേക്കാളും മനോഹരമായ സ്ഥലങ്ങൾ സ്വന്തം നാട്ടിൽ ഉണ്ടാകുമ്പോൾ… എന്‍റെ മനസ്സ് മന്ത്രിച്ചു. എന്തുകൊണ്ട് കാശ്മീർ ആയിക്കൂടാ എന്ന്. കുട്ടികളോട് പറഞ്ഞു നമുക്ക് കാശ്മീർ പോകാം. അവിടെ ഇഷ്ടം പോലെ മഞ്ഞുകാഴ്ച കാണാം എന്ന്. അവർ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.
പരിചയമുള്ള ഒരു ട്രാവൽ ആന്‍റ് ടൂറിസം സ്ഥാപനത്തിനോട് കാശ്മീർ പാക്കേജിന്‍റെ കാര്യം ചോദിച്ചു. അവർ കൂടുതൽ ധൈര്യം തന്നു. അങ്ങനെ 16 ഡിസംബർ 2017 ന് ദുബായിൽ നിന്നും സ്വപ്നഭൂമിയിലേക്ക് യാത്ര തിരിച്ചു. ഡൽഹി വഴി ശ്രീനഗർ എയർപോർട്ട്. വിമാനം ഇറങ്ങി എല്ലാവരും. ആകാംക്ഷയോടെ വിമാനത്തിന്‍റെ ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു. രാവിലെ 8.45 ആണ് സമയം. അപ്പോൾ -3 ഡിഗ്രിയാണ് പുറഞ്ഞെ താപനിലയെന്ന് പൈലറ്റ് പറഞ്ഞു. റൺവേയുടെ അങ്ങിങ്ങ് മഞ്ഞുകട്ടകൾ കാണാമായിരുന്നു.
എയർപോർട്ടിൽ നിന്നും ഞങ്ങളെ കൊണ്ടുപോകാൻ ട്രാവൽ ഏജൻസിയുടെ വണ്ടിയും ഡ്രൈവറും പുറത്തു കാത്തു നിൽക്കുന്നു. എന്‍റെ മൊബൈൽ നോ സർവ്വീസ് എന്ന് കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് ഡ്രൈവർ പറഞ്ഞാണ് ഞാൻ അറിഞ്ഞത് ജമ്മുകാശ്മീരിൽ പ്രീപെയ്ഡ് സിം ആക്ടീവ് ആവില്ല എന്ന്. എന്തോ പ്രത്യേക നിയമം ആണത്രേ. ലോക്കൽ അല്ലാത്തവരുടെ സിം പോസ്റ്റ് പെയ്ഡ് ആവണമെന്ന്. ആദ്യം ഇത്തിരി പരിഭ്രമിച്ചെങ്കിലും പിന്നീട് അതുമായി പൊരുത്തപ്പെട്ടു. ഡ്രൈവർ ഫുൾ ടൈം കൂടെയുണ്ടല്ലോ.
ഷിക്കാര തോണി യാത്ര
എയർപോർട്ടിൽ നിന്നും നേരെ ഹൗസ് ബോട്ടിലേക്കുള്ള യാത്ര. പോകുന്ന വഴികൾ പ്രത്യേക കാഴ്ചകൾ ഒന്നും ഇല്ലായിരുന്നു. കുറച്ച് യാത്രയ്ക്ക്ശേഷം മനോഹരമായ ഷിക്കാര (ചെറുതോണി) വഞ്ചി ഹൗസ്ബോട്ട് എത്തി. അവിടെ ചെക്ക് ഇൻ ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം പ്രശ്സതമായ ഹസ്റത് ബാൽ മസ്ജിദ് കണ്ടു. പിന്നെ രണ്ട് മണിക്കൂർ വീണ്ടും ഷിക്കാര ഡ്രൈവ്, മനോഹരമായ കാഴ്ചകൾ. സീസൺ അല്ലാത്തതിനാൽ കുറേയധികം ഷിക്കാരകൾ വെള്ളത്തിലില്ലായിരുന്നു. പക്ഷേ അങ്ങിങ്ങായി കുറച്ച് തോണികൾ ഞങ്ങളുടെ അടുത്തെത്തി. കച്ചവടക്കാർ, പൂക്കൾ, കാശ്മീരിഷാൾ, പഴങ്ങൾ എന്നിങ്ങനെ. ഷിക്കാരയിൽ നിന്നും പുറത്തേക്കുള്ള കാഴ്ചകൾ വളരെ മനോഹരമാണ്. മഞ്ഞുമലകൾ വെള്ളി കൊണ്ട് മൂടിയപോലെ സൂര്യപ്രകാശം അതിൽ തട്ടി നമ്മുടെ മുഖത്ത് തട്ടുന്ന ഒരു അനുഭൂതി. നേരം ഇരുട്ടാൻ തുടങ്ങി. കൂടെ തണുപ്പും കൂടി കൂടി വന്നു. അവിടെ നിന്നും കാറിലൂടെ പ്രശസ്തമായ മുഗൾ ഗാർഡൻ ലക്ഷ്യമാക്കി യാത്ര തുടർന്നു. അവിടെ, മഞ്ഞുകാലത്ത് പൂക്കൾ ഉണ്ടാവാത്തതിനാൽ അതിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ ഭാഗ്യമുണ്ടായില്ല. ഇതിനിടയിൽ ഒരു കാശ്മീരി കുടുംബത്തെ പരിചയപ്പെടാൻ സാധിച്ചു. അവർക്കിടയിൽ നിന്നും ഒരു യുവതി എന്‍റെ ഭാര്യയോട് നിങ്ങൾ എന്തിനാ വിന്‍റർ സീസൺ തെരഞ്ഞെടുത്തത്? കാശ്മീരിന്‍റെ സൗന്ദര്യം അനുഭവിക്കണമെങ്കിൽ സ്പ്രിംഗ് (മാർച്ച്- മെയ്) അല്ലെങ്കിൽ സമ്മർ (മെയ്- ആഗസ്റ്റ്) വരണമെന്ന് പറഞ്ഞു. ഒരു കാര്യം പറയാൻ വിട്ടുപോയി. കാശ്മീരികൾ അവരുടെ ഭൂപ്രകൃതി പോലെ വളരെ സൗന്ദര്യമുള്ളവരാണ്. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ. വെളുത്ത ചുവന്ന മനുഷ്യർ.
പിന്നീട് ബോട്ടിലേക്ക് തിരിച്ചു. പ്രാർത്ഥനയ്ക്കു ശേഷം ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്നു. ബോട്ടിൽ ഹീറ്റിംഗ് സൗകര്യം ഉണ്ടായിരുന്നു. പിറ്റേന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം ചെക്ക് ഔട്ട് ചെയ്ത് വീണ്ടും ഡ്രൈവറുടെ കൂടെ കാറിൽ പഹൽഗാം ലക്ഷ്യമാക്കിയുള്ള യാത്ര. ദൂരെ മലയ്ക്ക് മുകളിൽ മനോഹരമായ അക്ബർ ഫോർട്ട് കാണാമായിരുന്നു. ഇപ്പോൾ അത് സൈനിക താവളമായതിനാൽ പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. വഴിമദ്ധ്യേ മനോഹരമായ പീൽ പഞ്ചാൽ മലനിരകളുടെ കാഴ്ചകളും റോഡിനു സമാന്തരമായി ഒഴുകുന്ന ലിഡർ അരുവിയും.
ആപ്പിൾ വാലിയെത്തിയപ്പോൾ ഉച്ചഭക്ഷണം കഴിച്ചു. വീണ്ടും യാത്ര തുടർന്നു. ആപ്പിൾ സീസൺ കഴിഞ്ഞതിനാൽ മരങ്ങളെല്ലാം ഉണങ്ങിയത് പോലെയാണ്. സെപ്റ്റംബറിലാണ് ആപ്പിൾ വിളവെടുക്കുന്നത്. കഴിഞ്ഞ വർഷം പോയ ഷിംല മനാലി യാത്രയിൽ ആപ്പിൾ വിളവെടുപ്പ് കണ്ടതിനാൽ മഞ്ഞുകാഴ്ചകൾ മാത്രമായിരുന്നു ഇത്തവണത്തെ ലക്ഷ്യം. അതുകൊണ്ട് ആപ്പിൾ കാഴ്ചകൾ കണ്ടില്ലെങ്കിലും വിഷമം തോന്നിയില്ല. മനോഹരമായ കുങ്കുമ കാഴ്ചയും സീസൺ കഴിഞ്ഞു പോയതിനാൽ മിസ്സായി. വല്ലാത്ത നഷ്ടം തോന്നി. കുറേ കുങ്കുമ കൃഷി നടത്തിയിരുന്ന പാടങ്ങൾ മാത്രം കണ്ടു.
ഉച്ചകഴിഞ്ഞപ്പോൾ പഹൽഗാം എത്തി. ഹോട്ടൽ ഗ്രീൻ റിസോർട്ടിൽ ചെക്ക് ഇൻ ചെയ്തു. അവിടെ മൊത്തം മഞ്ഞ് മൂടിയിരുന്നു. കുട്ടികൾ മഞ്ഞിൽ കുറച്ചു നേരം കളിച്ചു. പിന്നീട് കുതിര സവാരി. മഞ്ഞിന് മീതെയുള്ള കുതിര സവാരി വല്ലാത്ത ഒരു അനുഭവമായിരുന്നു. ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് അടുത്തുള്ള ബൈസ്റാൻ വാലി കാണാൻ പോയി. അവിടെ താപനില മൈനസ് 6 ഡിഗ്രിയ്ക്ക് താഴെയാണ്. ശ്വസിക്കുമ്പോൾ മൂക്കിലും വായിലും എല്ലാം പുക. കുട്ടികൾക്ക് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പറ്റുമോ എന്ന് കുറച്ച് പേടി തോന്നാതിരുന്നില്ല.
തിരിച്ചെത്തിയപ്പോഴേക്കും ഹോട്ടലിന്‍റെ മുന്നിലുള്ള സ്ഥലങ്ങളിൽ കാൽ ഭാഗവും മഞ്ഞിൽ മൂടിയിരുന്നു. ഹോട്ടലിന്‍റെ ഇടതുഭാഗം സൈനിക താവളമാണ്. മേലെ ഇന്ത്യൻ പതാക പറക്കുന്നത് കാണാം. അത്താഴത്തിനുശേഷം കുറച്ച് സമയം പുറത്തേക്ക് നോക്കി നിന്നു. അത്ര മനോഹരമാണ് ആ സ്ഥലങ്ങൾ. പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിനുശേഷം ചന്ദൻവാടിയും അരുൺവാലിയും കാണാൻ യാത്ര തിരിച്ചു. ബേതാബ് വാലിയും കണ്ടു. അവിടെയാണത്രേ ബേതാബ് ഹിന്ദി ഫിലിം ചിത്രീകരിച്ചത്. അതിനുശേഷം ഈ പേരിൽ അറിയപ്പെട്ടു. നായർസാബ്, പിക്കറ്റ് 43 തുടങ്ങിയ ചിത്രങ്ങളിൽ മാത്രം കണ്ടിരുന്ന സ്ഥലങ്ങൾ നേരിൽ കാണുമ്പോൾ വല്ലാത്തൊരു അനുഭവമായിരുന്നു. പ്രശസ്തമായ അമർനാഥ് ക്ഷേത്രത്തിലേക്കുള്ള വഴിയും ഇത് തന്നെ.
പിറ്റേന്നുള്ള യാത്ര ഗുൽ മാർഗ് ലക്ഷ്യം വച്ചായിരുന്നു. ഗുൽ മാർഗ് എത്തുന്നതിനു മുമ്പുള്ള ചെറുപട്ടണമാണ് തൻ മാർഗ്. അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ചു. വൈകാതെ ഗുൽ മാർഗിൽ എത്തി. മഞ്ഞാൽ മൂടപ്പെട്ടു കിടക്കുന്ന ഗുൽ മാർഗ് വല്ലാത്തൊരു റൊമാന്‍റിക് മൂഡ് സമ്മാനിക്കും. ഇരുട്ടുമ്പോഴേക്കും മൈനസ് 11 ഡിഗ്രി വരെയാണത്രേ അവിടത്തെ തണുപ്പ്.
അന്ന് അവിടെ തങ്ങി. പിറ്റേന്ന് ഗൈഡിനെ കൂട്ടി ഗുണ്ടുള കേബിൾ കാർ യാത്ര. സമുദ്രനിരപ്പിൽ നിന്നും 10,000 ഫീറ്റ് മേലെ. താഴെ കുറേ കൊച്ചുവീടുകൾ. പൂർണ്ണമായും മഞ്ഞാൽ മൂടിയിരിക്കുന്നു. ആൾ താമസമില്ല. ശൈത്യകാലത്ത് അവർ താഴ്ഭാഗങ്ങളിൽ പോയി താമസിക്കാറാണ് പതിവത്രേ. ആകെയുള്ളത് അവിടിവിടെയായി കാണുന്ന സൈനികർ. കാശ്മീരി യാത്രയിൽ ഉടനീളം സൈനികരുമായി ചങ്ങാത്തം കൂടാൻ സാധിച്ചു എന്നു എടു ത്ത് പറയട്ടെ. ഇത്ര തണുപ്പിലും രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിക്കുന്നവർ.
മഞ്ഞിൽ ആടിത്തിമിർത്ത്…
ഗുണ്ടുളയിൽ ഒരുപാട് മഞ്ഞ് ഗെയിംസ് ഉണ്ടായിരുന്നു. സ്കീയിംഗ്, സ്നോബോർഡിംഗ് അങ്ങനെ തുടങ്ങുന്ന ഒരു വലിയ ലിസ്റ്റ്. അതെല്ലാം മക്കളുമായി ആവോളം ആസ്വദിച്ച ശേഷം അന്ന് വൈകുന്നേരം ശ്രീനഗറിലേക്കുള്ള മടക്കായാത്ര. ശ്രീനഗർ അടുക്കും തോറും മഞ്ഞുമലകൾ കുറഞ്ഞു കുറഞ്ഞുവന്നു. ഇരുട്ടുന്നതിനു മുമ്പ് ഹോട്ടലിൽ തിരിച്ചെത്തി.
പിറ്റേന്ന് രാവിലെ ചെക്ക് ഔട്ട് ചെയ്ത് എയർപോർട്ടിലേക്കുള്ള യാത്ര. ഫ്ളൈറ്റിന് 2 മണിക്കൂർ മുമ്പേ സുരക്ഷ പരിശോധനയ്ക്കായി എയർപോർട്ടിൽ എത്തണം. കാരണം മറ്റു എയർപോർട്ടുകളിൽ നിന്നും വ്യത്യസ്തമായി സൈനിക പരിശോധന കൂടി കഴിഞ്ഞതിനു ശേഷമാണ് യാത്രികർക്ക് പ്രവേശനം. പരിശോധനയ്ക്ക് ശേഷം ഫ്ളൈറ്റിൽ കയറി, വിന്‍റർ വെക്കേഷന് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഏറ്റവും നല്ല അനുഭവങ്ങൾ സമ്മാനിച്ച കാശ്മീരിനോട് യാത്ര പറഞ്ഞൊരു ടേക്ക് ഓഫ്!