ഒരാൾക്ക് ജീവിതത്തിൽ എത്രമാത്രം പോസിറ്റീവും ഹാപ്പിയും ആയിരിക്കാൻ കഴിയുമോ, അത്രയും വിശാലമായി അയാൾക്ക് ചുറ്റമുള്ള ലോകവും വളരുന്നു. ദി മോർ യു ഗിവ്, ദി മോർ യു ഗ്രോ… രൂപ ജോർജിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് അതാണ്. സംരംഭകയും പരിസ്ഥിതി പ്രവർത്തകയും നർത്തകിയും സാമൂഹ്യപ്രവർത്തകയും ടെലിവിഷൻ അവതാരകയും കുടുംബിനിയുമാണ് രൂപ ജോർജ്.

കൊച്ചിയിൽ ബേബി മറൈൻ ഇന്‍റർനാഷണൽ, ഏഷ്യൻ കിച്ചൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ രൂപ, പരിസ്ഥിതി രംഗത്തും വിദ്യാഭ്യാസരംഗത്തും കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്നു. ഒപ്പം നിരവധി സ്ത്രീകൾക്ക് സ്വന്തം ജീവിതത്തിലേക്ക് ഹാപ്പിനസ് എങ്ങനെ ക്രിയേറ്റ് ചെയ്ത് മുന്നേറാമെന്നതിന്‍റെ റോൾ മോഡൽ കൂടിയായി മാറിയിരിക്കുകയാണ് ഈ വനിത. രൂപ ജോർജിന്‍റെ കാഴ്ചപ്പാടുകൾക്ക് കാതോർക്കാം.

ലോക്ഡൗൺ ഒരുപാട് ചെയിഞ്ചുകളുടെ കാലം. എന്തുതോന്നുന്നു അതേക്കുറിച്ച്?

ലോക്ഡൗൺ എല്ലാവർക്കും ഐ ഓപ്പണിംഗ് ആയിരുന്നു. സമയം തന്നെയാണ് ജീവിതത്തിലെ ഏറ്റവും വിലയേറിയ വസ്തു. അത് യഥാവിധി യൂസ് ചെയ്യാനുള്ള ഒരു ചലഞ്ചായിരുന്നു ലോക്ഡൗൺ കാലഘട്ടം എന്നു പറയാം. നമുക്ക് ഇത് എങ്ങനെയും വിനിയോഗിക്കാം. ക്രിയേറ്റീവോ ഡിസ്ട്രക്ടീവോ ആകാം. എനിക്ക് രൂപ ജോർജ് സർക്കിൾ എന്ന ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ട്. ഇപ്പോൾ 9 ഗ്രൂപ്പ് വരെയായി. അതിൽ മൊത്തം വുമൺ എന്‍റർപ്രണേഴ്സ്, സ്റ്റാർട്ടപ്പ് ഇവയൊക്കെ പ്രൊമോട്ട് ചെയ്യാറുണ്ട്. അതിൽ ഇപ്പോൾ കൂടുതൽ പേർ തെരഞ്ഞെടുത്തിരിക്കുന്നത് ഫുഡ് ഡെലിവറിയാണ്. അതിനുമുമ്പ് സ്ത്രീകൾ ജ്വല്ലറി, ഡ്രസ് ഇവയ്ക്കായിരുന്നു കൂടുതൽ പ്രമോഷൻ നൽകിയിരുന്നത്. ഈ സർക്കിൾ തന്നെ ചെയ്തിരിക്കുന്നത് ഒരുപാട് പേർക്ക് പലതരം വിവരങ്ങളും സഹായങ്ങളും ലഭ്യമാക്കാൻ കൂടിയാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ പേർ തേടുന്ന ഒരു രംഗമേതെന്ന് ചോദിച്ചാൽ മാനസികമായ സ്വാസ്ഥ്യം കൂടിയായിരിക്കുമെന്ന് തോന്നുന്നു.

മാറ്റം ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണോ അത്?

ഒരുപാട് ചോദ്യങ്ങൾ സൈക്കോളജിക്കൽ സഹായവുമായി ബന്ധപ്പെട്ടും എനിക്ക് ലഭിക്കുന്നുണ്ട്. ഒന്നു ലിസൺ ചെയ്യാൻ ആഗ്രഹിക്കുന്നവർ. പലയിടത്തും പല സാഹചര്യം. ഒറ്റപ്പെടൽ എന്നൽ തോന്നൽ ഒഴിവാക്കാൻ ഈ സമയം ക്രിയേറ്റീവ് ആകണം. സ്വയം ഒരു വഴി കണ്ടെത്തണം. ബിസിനസ് മോഡലുകൾ വരെ മാറിക്കഴിഞ്ഞു. എല്ലാം ഒരു വിർച്വൽ ലോകത്താണ്. വിദ്യാഭ്യാസം ഉൾപ്പെടെ ഇന്നോവേഷൻസ് ധാരാളം ആവശ്യമായ സമയം. ഇനിയുള്ള കാലം ഇന്നോവേറ്റീവ്, ക്രിയേറ്റീവ് ആളുകളുടെ ലോകമായിരിക്കും. നമ്മുടെ ബിസിനസ് മോഡൽ മാറുമ്പോഴും അതൊക്കെയാണ് പരിഗണനയിൽ പെടുന്നത്. ഞാൻ ഹോട്ടൽ ബിസിനസ് ചെയ്യുന്നു. ഈ സമയം പാഴ്സൽ മാത്രമാണ് ചെയ്യുന്നത്. നമുക്ക് ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പുതിയ വഴികൾ കണ്ടെത്തേണ്ടിവരും. ഓൺലൈൻ ക്ലാസുകൾ ആണ് ഇപ്പോഴത്തെ ഒരു ട്രെന്‍റ്. എന്നാൽ ഒരു പരിധി കഴിഞ്ഞ് ഇതൊന്നും പ്രാക്ടിക്കലാകില്ല. കുട്ടികൾക്ക് പരസ്പരം കളിച്ചും വഴക്കുണ്ടാക്കിയും തർക്കിച്ചും വളരണം. ഓൺലൈൻ ക്ലാസുകൾ മാത്രമാവുമ്പോൾ അവരും ഫ്രസ്ട്രേറ്റഡ് ആവും. ജീവിതം ഒരു റോബോട്ട് രീതിയ്ക്കാണ് വരിക. ജീവിതത്തിൽ സർവൈവൽ സ്കിൽ ഇല്ലാതാവും. ലൈഫ് ട്രാൻസ്ഫോമിംഗ് ആയ ഈ കാലഘട്ടത്തിൽ പോലും സർവൈവൽ അത്ര ഫലപ്രാപ്തിയിലല്ല.

വിദ്യാഭ്യാസം, കുട്ടികൾ ഈ രംഗത്താണ് കൂടുതൽ ശ്രദ്ധ?

അതെ, ഞാനിത്രയും പറയാൻ കാരണം സോഷ്യൽ വർക്കിന്‍റെ ഭാഗമായി കുട്ടികളുടെ ഇടയിൽ ചില കാര്യങ്ങളൊക്കെ ചെയ്യാൻ ശ്രമിച്ചിട്ടുള്ള വ്യക്‌തി എന്ന നിലയ്ക്കാണ്. പരാജയം ഏറ്റുവാങ്ങൽ, ഗിവ് ആന്‍റ് ടേക്ക്, ഒതുങ്ങി ജീവിക്കുക തുടങ്ങിയ ശീലങ്ങൾ കുട്ടികൾ മനസ്സിലാക്കണം. ഇന്നത്തെ വിവാഹം ആലോചിച്ചു നോക്കൂ. രണ്ടുമാസം മുമ്പ് വരെ 2000 പേരെ വിളിച്ചുനടത്തിയ നിശ്ചയം, കല്യാണത്തിന് 10 പേരായാലും നടക്കുമെന്നായി. ആളുകളെ ബോദ്ധ്യപ്പെടുത്താനാണ് ഇതൊക്കെ.

നമ്മുടെ കൂടെ ഈ പ്ലാനറ്റ് ഒരുപാട് പേർ ഷെയർ ചെയ്യുന്നു. വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണത്. വിലപ്പെട്ട വിഭവങ്ങൾ എല്ലാം കൂടി എന്‍റെ, എന്‍റെ എന്ന് ചിന്തിച്ച് ധൂർത്തടിക്കുന്നതിന്‍റെ ഭാഗമാണ് പരിസ്ഥിതി പ്രശ്നങ്ങളുടെയും ജന്തുജന്യരോഗങ്ങളുടെയും ഒരു കാരണം.

കുട്ടികൾക്കിടയിൽ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി വലിയൊരു ക്യാംപയിൻ ഞാൻ ചെയ്യുന്നുണ്ട്. ഒരു ബർത്ത്ഡേ വരുമ്പോൾ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനേക്കാൾ ചെടികൾ നട്ടുകൊണ്ട് ആഘോഷിക്കാൻ പറയും. ഷഷ്ഠിപൂർത്തി, സപ്തതി ഇങ്ങനെയൊക്കെ കേൾക്കാറില്ലേ. പ്രശസ്തരായവർ പലരും ഈ അവസരങ്ങളിൽ ചെടികൾ നട്ടിട്ടാണ് ആഘോഷിക്കുന്നത്. ഞാൻ തമാശയായി കുട്ടികളോട് പറയാറുണ്ട്, നിങ്ങളൊന്നും ഷഷ്ഠി പൂർത്തിയും സപ്തതിയും ആഘോഷിക്കാനൊന്നും കാത്തുനിൽക്കണ്ട. ഇപ്പോഴേ ചെയ്തോളൂ എന്ന്. അതുകൊണ്ട് പ്രകൃതിയുമായി കൈകോർത്തുനിന്നാൽ നിങ്ങൾക്ക് ചിലപ്പോൾ സപ്തതി വരെ ജീവിക്കാം. പരിസ്ഥിതി സംരക്ഷിക്കാൻ ഒരു സ്ക്കൂൾ തന്നെ ഇങ്ങനെ പ്രതിജ്‌ഞയെടുത്താൽ എത്ര നന്നാവും ലോകം. വർഷത്തിലൊരിക്കൽ പരിസ്ഥിതി ദിനത്തിന് ചെടികൾ വയ്ക്കും. പിന്നെ അതാരും തിരിഞ്ഞുനോക്കില്ല.

വേസ്റ്റ് കുറയ്ക്കാനുള്ള ക്യാംപയിനെക്കുറിച്ച് പറയാമോ?

നാം വേസ്റ്റേജ് കഴിവതും കുറയ്ക്കണം. പ്രത്യേകിച്ചും ഇപ്പോഴത്തെ ലോക്ഡൗൺ വേളയിൽ വിലപ്പെട്ട റിസോഴ്സ് നശിപ്പിച്ച് കളയരുത്. വേസ്റ്റ് എന്നു പറഞ്ഞ് നമ്മൾ കളയുന്ന സാധനങ്ങൾ വച്ച് കുക്ക് ചെയ്യുന്ന റെസിപ്പീസ് ഉണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഒരുപാട് പേർ അത് ഷെയർ ചെയ്തു. വളരെ നന്നായിരുന്നു ആ അനുഭവം. ഹൗ ടു മിനിമൈസ് വേസ്റ്റേജ്. അതാണ് നാം ചിന്തിക്കേണ്ടത്.

ലോക്ഡൗൺ പിരീയ്ഡിൽ എല്ലാവരും പാചകവിദഗ്ദ്ധരാവുകയാണ് ചെയ്തത്. എന്‍റെ കൂട്ടുകാരിൽ തന്നെ എത്ര പേരാണ് കുക്കിംഗ് യുട്യൂബ്  ചാനൽ തുടങ്ങിയിരിക്കുന്നത്. പാചകവൈദഗ്‌ദ്ധ്യം പ്രകടിപ്പിക്കേണ്ട ഒരു കാലഘട്ടമല്ല ഇത്. ഇപ്പോൾ ആരെ ഫോൺ വിളിച്ചാലും ഫുഡ് കഴിച്ച് ബോറടി മാറ്റുന്നു ഇത് കേൾക്കാൻ കഴിയും. സത്യം പറയാലോ ആർക്കും വായ്ക്കൊരു ലോക്ഡൗണില്ല. ഞാൻ കൂട്ടുകാരോടും പറയും. വീടനകത്തുകൂടി മാസ്ക് ഇട്ടോ എന്ന്.

എല്ലാവരും പാചകവും യുട്യൂബ് ചാനലും ഹോം ഡെലിവറിയും ആണിപ്പോൾ. ശ്രദ്ധിച്ച് റിസോഴ്സ് ഉപയോഗിച്ചാൽ നല്ലത്. വേസ്റ്റേജ് എങ്ങനെ കുറയ്ക്കാം അതായത് വെൽത്ത് ഔട്ട് ഓഫ് വേസ്റ്റ് ആ കോൺസെപ്റ്റ് കുട്ടികളെ മനസ്സിലാക്കിക്കാൻ ശ്രമിക്കാറുണ്ട്.

സ്ക്കൂളുകളിൽ ചെയ്യുന്ന മറ്റ് ആക്ടിവിറ്റികളെക്കുറിച്ച്? 

ഞാൻ ചെയ്യുന്ന ഒരു ആക്ടിവിറ്റിയാണ് കൈന്‍റ്നസ് ഡയറി. നന്മ വളർത്താനായി കുട്ടികൾക്ക് പ്രചോദനമേകുന്നതിനാണ് ഈ ഡയറി. വേൾഡ് അപ്രീസിയേഷൻ ഡേ എന്നൊന്നുണ്ട്. അത് ദിവസവും പാലിക്കണമെന്നാണ് ഞാൻ അവരോട് പറയാറുള്ളത്. നമ്മുടെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും ശക്‌തമായത് നാക്കാണ്. നല്ലതുമാത്രം പറയാൻ ആ നാക്ക് കൊണ്ട് പഠിക്കണം. മറ്റുള്ളവരുടെ നന്മ മാത്രം കണ്ടെത്താൻ ശ്രമിക്കണം. അത് പ്രാക്ടീസാക്കാനാണ് കൈന്‍റ്നസ് ഡയറി തുടങ്ങിയത്.

എൽപി, യുപി സ്ക്കൂളുകളിൽ ഇത് വളരെ സക്സസ്ഫുൾ ആയിരുന്നു. ഇതിന്‍റെ ഭാഗമായി സ്ക്കൂളുകളിൽ സ്റ്റുഡന്‍റ് ഓഫ് ദി മന്ത് അവാർഡ് ഓരോ ഡിവിഷനിലും ഏർപ്പെടുത്തി. കുട്ടികൾ ചെയ്ത നന്മകൾ, മറ്റുള്ളവരിൽ കണ്ടെത്തിയ നന്മകൾ, ക്ലാസ്മേറ്റിനേയോ പാരന്‍റ്സിനേയോ സഹായിച്ചത്, സ്വന്തം പോസിറ്റീവുകൾ ഇതൊക്കെയാണ് ചോദിക്കുന്നത്. ഇത്തരം ആക്ടിവിറ്റികൾ 30 ഓളം സ്ക്കൂളുകളിൽ ചെയ്യുന്നുണ്ട്.

സ്ക്കൂളിൽ വയ്ക്കുന്ന കൈന്‍റ്നസ് ബക്കറ്റിൽ കുട്ടികളുടെ ചുറ്റുവട്ടത്ത് കണ്ടെത്തുന്ന നന്മകൾ എഴുതി ഇടുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ചെറുപ്പം മുതൽ നാം അക്കാദമിക്, ആർട്ട്, സ്പോർട്സ് ഇങ്ങനെ എല്ലാറ്റിനും പ്രൈസ് കൊടുക്കും. പക്ഷേ ബെസ്റ്റ് കാരക്ടറിനോ റോൾമോഡലായ ഒരു കുട്ടിക്കോ സമ്മാനമൊന്നും കൊടുക്കാറില്ല. ഞാൻ ഏതാനും വർഷമായി അതിനൊക്കെ പ്രേരിപ്പിക്കുയും കൊടുക്കുകയും ചെയ്യാറുണ്ട്. ഇരുന്നൂറോളം സ്ക്കൂളുകളുമായി ഇത്തരം പ്രൊജക്ടുകൾ ചെയ്തു ബന്ധവുമുണ്ട്.

കാരക്ടറിനുള്ള അവാർഡ് 4 വർഷമായി ഞാൻ ഗ്രമങ്ങളിലെ യുപി സ്ക്കൂളുകളിലെ കുട്ടികൾക്ക് നൽകാറുണ്ട്. കാരക്ടർ മോൾഡ് ചെയ്യാനുള്ള ബെസ്റ്റ് ഏജാണ് എൽപി, യുപി പ്രായം. അതുപോലെ ബെസ്റ്റ് മദറിനും അപ്രീസിയേഷൻ കൊടുക്കാറുണ്ട്. ഏത് സ്ക്കൂളിലും ചെല്ലുമ്പോൾ കേൾക്കുന്ന ഒരു സ്ഥിരം പല്ലവിയുണ്ട്. ചില കുട്ടികളെ കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല എന്ന കാര്യം.

കുട്ടികളെ നല്ല രീതിയിൽ വളർത്തി വിദ്യാസമ്പന്നരാക്കുന്ന അമ്മമാർക്ക് ബെസ്റ്റ് മദർ അവാർഡ് ഞാൻ നൽകാറുണ്ട്. കുട്ടികളിൽ മാത്രമേ ഒരു ചേഞ്ച് വരുത്താൻ കഴിയൂ. അവർക്ക് ഗിഫ്റ്റ് കൊടുത്ത് കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം.

ധാരാളം സ്ത്രീകൂട്ടായ്മയ്ക്ക് ഊർജ്ജം പകരുന്നു?

 വിമൻ എംപവർമെന്‍റുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങളും ഇതിനിടയിൽ ചെയ്യാൻ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ചും മികച്ച വനിതാസംരംഭകരെ സ്യഷ്ടിക്കുക, അവർക്ക് പ്രോത്സാഹനം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക്. നിരവധി വുമൺ എന്‍റർപ്രണർഷിപ്പ് അവാർഡ് ജൂറികളിലുണ്ടാവാൻ ഭാഗ്യമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം യൂണികിന്‍റെ അവാർഡിൽ 8 പേരെ ഞാൻ നോമിനേറ്റ് ചെയ്തിരുന്നു. അതിൽ ഒരു ആന്‍റി ഉണ്ടായിരുന്നു. സരോജം എന്നാണ് പേര്. അവരെ നോമിനേറ്റ് ചെയ്ത സന്തോഷം കൊണ്ട് ആന്‍റി ആദ്യം പറഞ്ഞ വാചകം ഞാൻ ഒരിക്കലും മറക്കില്ല. “എന്‍റെ മോളെ സ്ക്കൂളിൽ പഠിക്കുമ്പോൾ പോലും ഒരു സമ്മാനം എനിക്ക് കിട്ടിയിട്ടില്ല” എന്ന്. അങ്ങനെയാണ് ആളുകൾ സ്ക്കൂൾ ഡേയ്സ് റിമമ്പർ ചെയ്യുന്നത്. അങ്ങനെയൊക്കെ ചെയ്യുമ്പോഴാണ് സമൂഹത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത്.

കോ എക്സിസ്റ്റൻസിന്‍റെയും പങ്ക്‍വയ്ക്കലിന്‍റെയും പ്രാധാന്യം ഇങ്ങനെയൊക്കെയും എത്തിക്കാൻ കഴിയും. എന്തായാലും സ്ക്കൂൾ കുട്ടികൾക്കിടയിൽ ബന്ധപ്പെട്ടുള്ള പ്രവർത്തനമേഖല തന്നെയാണ് എന്‍റെ മിഷൻ. എന്‍റെ കുട്ടികളുടെ പിറന്നാൾ, എന്‍റെ വെഡിംഗ് ആനിവേഴ്സറി ഇങ്ങനെയുള്ള എല്ലാ സെലിബ്രേഷനുകളും ഞാൻ കുട്ടികളുമായി പങ്കുവച്ച് ചെയ്യാൻ ഇഷ്ടപ്പെടുന്നു.

സോഷ്യൽ വർക്കർ എന്ന റോളിനെക്കുറിച്ച്? 

സാമൂഹ്യരംഗത്ത് പ്രവർത്തിക്കാൻ ചിലർ പറയുന്ന തടസം അതിനൊക്കെ പണം വേണ്ടേ എന്നാണ്. പൈസയേക്കാളും കൂടുതലായി ഇന്ന് ലോകത്തിന് വേണ്ടത് നമ്മുടെ സമയം, എനർജി, ടാലന്‍റ്, സ്കിൽ, ഓവറോൾ ഹ്യുമാനിറ്റി ഇതാണ്. മെന്‍റൽ ഹെൽത്ത് വലിയ ക്രൈസിസ് ആണ് പലർക്കും. ബേസിക്കിലി ഞാൻ സോഷ്യൽ വർക്കിൽ കോർഡിനേഷൻ ആണ് ചെയ്യുന്നത്. അതിലൂടെ ആവശ്യക്കാരെ പരസ്പരം ബന്ധപ്പെടുത്തി കൊടുക്കാൻ കഴിയും. ഇതിനൊക്കെ സമയവും മനസ്സും വേണം.

ഈ കോവിഡ് കാലത്തും അത്തരം ഒരുപാട് കോർഡിനേഷനും ഭക്ഷണ സാമഗ്രികളും മാസ്ക്കും സാനിറ്റൈസറുമൊക്കെയായി ചെയ്യാൻ കഴിഞ്ഞു. പൈസ ഇല്ല എന്ന് പറഞ്ഞ് ഒഴിയാൻ എളുപ്പമാണ്. ഇത്തരം വർക്കുകൾ പൈസ ഇല്ലാത്തവർക്കും ഏറ്റെടുത്ത് കോർഡിനേറ്റ് ചെയ്യാൻ കഴിയും. സ്വന്തം സുഹൃദ്‍വലയം നല്ല രീതിയിൽ വിനിയോഗിച്ചാൽ മാത്രം മതി. സമൂഹത്തിന്‍റെ നന്മയ്ക്കായി ഇതൊക്കെ എങ്ങനെ നടത്തിക്കാം എന്നു നമുക്ക് നോക്കാമല്ലോ. ഏതു മനുഷ്യനും ഫോക്കസ് ചെയ്യേണ്ട ഒരു കാര്യമുണ്ട് ലെറ്റസ് ബി പാർട് ഓഫ് ആൻസർ! അങ്ങനെ സൊല്യൂഷനിലേക്ക് നമുക്ക് എത്താൻ കഴിയും.

ഇങ്ങനെ പലതും കൂട്ടായ പ്രവർത്തനത്തിലൂടെ വിജയിച്ചു കാണുമ്പോൾ ലഭിക്കുന്ന സംതൃപ്തി, അതെനിക്ക് ആവോളം ലഭിച്ചിട്ടുണ്ട്. ഒരു സോഷ്യൽ വർക്കറുടെ അസാന്നിദ്ധ്യത്തിലും ആൾ ഉദ്ദേശിച്ച പ്രവർത്തനങ്ങൾ നടക്കണം. അതാണ് ശരിക്കുമുള്ള സോഷ്യൽ വർക്ക്. പൈസ കൊടുത്തുള്ള സോഷ്യൽ വർക്ക് ബാന്‍റ് എയ്ഡ് ഒട്ടിക്കുന്നതു പോലെയുള്ളൂ. പ്രോബ്ലം സോൾവ് ചെയ്ത് സ്വയം രണ്ടുകാലിൽ നിന്ന് കാര്യം നേടിയെടുക്കാൻ പ്രാപ്തരാകുമ്പോഴാണ് ജീവിതത്തെ ബോൾഡായി ഫേസ് ചെയ്യാൻ പഠിക്കുന്നത്.

ഇൻഫീരിയോരിറ്റി കോംപ്ലക്സാണ് പലർക്കും. എന്നാൽ ഇവർക്കൊരു പ്ലാറ്റ്ഫോം കൊടുത്താൽ സ്റ്റെപ്പ് ബൈ സ്റ്റെപ്പായിട്ട് വളരും. കഴിവില്ലാത്ത ഒരു മനുഷ്യർ പോലും ഇല്ല. യഥാർത്ഥത്തിൽ കഴിവില്ലായ്മ നമ്മുടെ ആറ്റിറ്റ്യൂഡിലാണ്. മറ്റുള്ളവർക്കും കൂടി ഹാപ്പിനസ് നൽകുക. ഗിവിംഗ് എന്ന ആറ്റിറ്റ്യൂഡ് കുട്ടിയിൽ വളർന്നുവരണം. എപ്പോഴും ടീം വർക്കാണ് വിജയിക്കുക. ടീമിൽ നിന്ന് ജോലി ചെയ്യാനുള്ള മനസ് ഉണ്ടാകണമെങ്കിൽ ഗിവിംഗ് ആറ്റിറ്റ്യൂഡ് ഉണ്ടാകണം.

ദി മോർ യു ഗിവ്, ദി മോർ യു ഗ്രോ എന്നാണ് എന്‍റെ കൺസെപ്റ്റ്. നമ്മൾ വളരും. നമ്മൾ വിരിയും. നമ്മൾ സുഗന്ധവും പരത്തും. ഗിവിംഗിലൂടെയാണ് ഇതെല്ലാം സാദ്ധ്യമാകുക. അതുകൊണ്ടാണ് കുട്ടികളെ അതിനു പ്രേരിപ്പിക്കുന്നത്. മറ്റുള്ളവരുടെ വളർച്ചയിലും ക്ഷേമത്തിലുമാണ് എന്‍റെ സന്തോഷം എന്ന നമ്മുടെ ഇന്ത്യയുടെ പ്രതിജ്‌ഞയിലെ ഒരു വാചകം തന്നെ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ മതി. എന്നാൽ മറ്റുള്ളവരുടെ വളർച്ചയാണ് നമ്മുടെ ഉറക്കമില്ലായ്മ എന്ന രീതിയിലാണ് നമ്മുടെ പെരുമാറ്റം. സോഷ്യൽ വർക്ക് നമ്മുടെ ഹൃദയത്തിൽ നിന്നാണ് ചെയ്യേണ്ടത്. മനുഷ്യരോടുള്ള സ്നേഹത്തിൽ നിന്നാണ് സാമൂഹ്യപ്രവർത്തനം ചെയ്യേണ്ടത് എന്ന് സോഷ്യൽ സയൻസ് ക്ലാസുകൾ എടുക്കുമ്പോൾ ഞാൻ പറയാറുണ്ട്. ധാരാളം സ്ക്കൂളുകളിൽ നിന്ന് സെക്ഷ്വൽ അബ്യൂസിലകപ്പെടുന്ന കുട്ടികളെക്കുറിച്ച് അറിയാറുണ്ട്. അത്തരം അവസ്ഥ നേരിടുന്ന കുട്ടികളെ സഹായിക്കാനും ശ്രമിക്കുന്നു.

ഹാപ്പിനസ്സിലേക്കുള്ള വഴി?

 നിരവധി സ്ത്രീകളുടെ ഒരു പ്രശ്നം നല്ല കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കാൻ മടിയാണെന്നതാണ്. എന്‍റെ പല കൂട്ടായ്മകളിലും സ്ക്കൂളുകളിലൊക്കെയായി സ്പോക്കൺ ഇംഗ്ലീഷ് കോഴ്സുകൾ ഒരുക്കിക്കൊടുക്കാൻ ഞാൻ ശ്രമിച്ചത് അങ്ങനെയാണ്. നിരവധി സ്ക്കൂളുകൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ ഒരുക്കിക്കൊടുക്കാൻ കഴിഞ്ഞു. ജീവിതത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും എത്ര പണമുണ്ടെങ്കിലും അൾട്ടിമേറ്റായ ഹാപ്പിനസ് ഇല്ലാത്ത അനുഭവം പലർക്കുമുണ്ട്.

ജീവിതം മീനിംഗ്ഫുൾ ആകാൻ എന്തെങ്കിലും ഒരു ഹോബിയോ കലയോ സ്വായത്തമാക്കുന്നത് വളരെ ഗുണം ചെയ്യും. ഡാൻസ് എന്‍റെ പ്രിയപ്പെട്ട മേഖലയാണ്. ഭരതനാട്യമാണ് കൂടുതലിഷ്ടം. ഏതൊരു വ്യക്‌തിക്കും ഒരു ഡ്രൈവിംഗ് ഫോഴ്സ് അത്യാവശ്യമാണ്. നമ്മുടെ മുൻ പ്രസിഡന്‍റ് ഡോ.കലാമിനെ നോക്കൂ, അദ്ദേഹം രുദ്രവീണ വായിക്കുമായിരുന്നു. ശാസ്ത്രജ്‌ഞനായിരുന്ന ആൽബർട്ട് ഐൻസ്റ്റിനെ നോക്കൂ അദ്ദേഹം നല്ലൊരു വയലിനിസ്റ്റായിരുന്നു. അദ്ദേഹത്തിന്‍റെ കണ്ടുപിടിത്തങ്ങളുടെ ഏറ്റവും വലിയ ഡ്രൈവിംഗ് ഫോഴ്സായിട്ട് നിന്നത് സംഗീതമാണ്. നൃത്തത്തിലൂടെ സ്ട്രസ് കുറയ്ക്കാൻ കഴിയും. എനർജി ബൂസ്റ്റർ കൂടിയാണ്.

നമ്മൾ സ്വയം ആ ഡ്രൈവിംഗ് ഫോഴ്സ് കണ്ടെത്തണം. ക്രിയേറ്റ് എ പാഷൻ ആന്‍റ് ഹോബി. അതാണ് വേണ്ടത്. ട്രക്കിംഗ്, മൗണ്ടൻ ക്ലൈംബിംഗ്, യാത്ര, ഗാർഡനിംഗ് ഇങ്ങനെ നല്ലൊരു ഹോബി നമ്മൾ കൾട്ടിവേറ്റ് ചെയ്ത് എടുക്കണം. ഒരു കംപ്ലീറ്റ് ഹ്യുമൻ ബീയിംഗ് ആവാൻ ഇതൊക്കെ ആവശ്യമാണ്. ചെറുപ്പം മുതൽ കലാമണ്ഡലത്തിൽ പഠിക്കാൻ അവസരം കിട്ടിയതും നൃത്തരംഗത്ത് ശ്രദ്ധിക്കാൻ അവസരം നൽകി. എന്‍റെ സ്വന്തം വീട് ഷൊർണൂരാണ്. ഇവിടെ കൊച്ചിയിൽ വന്നപ്പോഴും കലാക്ഷേത്ര ടീച്ചേഴ്സിന്‍റെ ശിക്ഷണം കിട്ടി, അങ്ങനെ ഭരതനാട്യത്തിൽ തന്നെ ശ്രദ്ധിക്കാൻ പറ്റി. ഇതിനൊക്കെ സമയം കണ്ടെത്തുന്നത് തന്നെയാണ് പ്രധാനം. 24 മണിക്കൂർ എങ്ങനെ ചാനലൈസ് ചെയ്യണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

എല്ലാവരുടെയും ലൈഫ് ഒരു റോളർകോസ്റ്റ് റൈഡ് പോലെ തന്നെയാണ്. ഇതിൽ നമ്മൾ സ്വീകരിക്കുന്ന നിലപാടാണ് ആ വ്യക്‌തിയുടെ മനസ്സിനെ നിയന്ത്രിക്കുന്നത്. ക്രിയേറ്റീവ് സ്കിൽ ബിൽഡ് ചെയ്യുമ്പോൾ അത് നമ്മുടെ കരിയറിനെ ബൂസ്റ്റ് ചെയ്യും. വീണക്കച്ചേരിയും ഞാൻ ചെയ്യാറുണ്ട്. അക്കാദമിക് അറിവിനേക്കാളും വലുതാണ് ലൈഫ് എന്ന യൂണിവേഴ്സിറ്റി. ഞാൻ സോഷ്യൽ വർക്കിന് എത്തുമ്പോൾ പലരും ചോദിക്കാറുണ്ട് എംഎസ്ഡബ്ലിയു ആയിരിക്കുമല്ലേ എന്ന്. ലൈഫ് യൂണിവേഴ്സിറ്റി എംഎസ്ഡബ്ലിയു ആണെന്ന് തമാശയ്ക്ക് പറയും. ക്രാഫ്റ്റ് ക്ലാസുകൾ, ബുക്ക് റീഡിംഗ്, ട്രീ ഫോർ ലൈഫ് ഇങ്ങനെ നിരവധി കാര്യങ്ങൾക്കായി ഒരുപാട് പേരെ പ്ലേസ് ചെയ്യാൻ കഴിഞ്ഞു.

ലൈഫിൽ ഇന്നേവരെ ഒരു പബ്ലിക് സ്പീച്ച് നടത്താത്തവർക്കുപോലും അതിനുള്ള ആഗ്രഹം ഉള്ളിൽ കാണും. ഗിവിംഗ് ആയ ലൈഫ് നയിക്കണം എന്ന ആഗ്രഹം മനസ്സിന്‍റെ ആവശ്യമായി മാറുമ്പോഴാണ് ഹാപ്പിനസ് കണ്ടെത്താൻ കഴിയൂ. കുറേ സ്ത്രീകളെ ഈ രീതിയിൽ മോട്ടിവേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളാണ് കുടുംബത്തിന്‍റെ നട്ടെല്ല്. അവരിലൂടെയാണ് സമൂഹത്തിലുള്ളവർക്ക് ഹാപ്പിനസ് സ്പ്രെഡ് ചെയ്യാൻ പറ്റുക. അപ്പോൾ സ്ത്രീകൾ ഹാപ്പിയോടെയും കൂടി ഇരിക്കണമല്ലോ. ഇത് ലഭിക്കണമെങ്കിൽ സെൽഫ്‍ലെസ് ആയി കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാനം.

മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുമ്പോഴാണ് സന്തോഷം വർദ്ധിക്കുക. ജീവിതം ഏറ്റവും ഈസി ആയിയെടുക്കുക. പ്രസന്‍റിൽ ഗ്രാറ്റിറ്റ്യൂഡോടെ ജീവിക്കുക.

കുടുംബം

ഭർത്താവ് ജോർജ് നൈനാൻ. ബേബി മറൈൻ ഇന്‍റർനാഷണൽ എന്ന കമ്പനിയുടെ മാനേജിംഗ് പാർട്ണർ ആണ്. രണ്ടു മക്കൾ ഉണ്ട്. നൈനാൻ, എബ്രഹാം. ജനിച്ചത് ഷൊർണൂരാണ്. വിവാഹശേഷം കൊച്ചിയിലാണ് താമസം.

और कहानियां पढ़ने के लिए क्लिक करें...