ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരുത്തിയെഴുതിയ ചിത്രമായിരുന്നു രൺവീർ സിങ് നായകനായ “ധുരന്ധർ”. ഹംസ അലി മസാരിയായി രൺവീർ തിളങ്ങിയപ്പോൾ, യെലീന ജമാൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സാറ അർജുനായിരുന്നു. ചിത്രത്തിന്‍റെ വിജയത്തിനൊപ്പം സാറയുടെ പ്രകടനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി പ്രേക്ഷകർക്ക് മുന്നിലുണ്ട് സാറ അർജുൻ. ബാലതാരമായി തുടങ്ങി, ഇന്ന് 21-ാം വയസ്സിൽ അനുഭവസമ്പത്തിന്‍റെ പക്വതയോടെ നായികയായി മുന്നേറുകയാണ് അവർ. “ധുരന്ധർ” എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ പുതിയൊരു സ്ഥാനം നേടിയ സാറ തന്‍റെ കരിയറിലെ ഏറ്റവും മനോഹരമായ ഘട്ടമാണ് ഇപ്പോൾ ആസ്വദിക്കുന്നത്.
ബാല്യം മുതൽ ക്യാമറകളുടെ ലോകത്ത്
വളരെ ചെറുപ്പത്തിൽ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിയ സാറ നൂറു കണക്കിന് പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ക്ലിനിക് പ്ലസ് ഷാംപുവിന്‍റെ പരസ്യങ്ങളിലെ ആ കൊച്ചു മുഖം ഇന്നും പലർക്കും പരിചിതമാണ്. തമിഴിലെ “ദൈവ തിരുമകൾ” എന്ന ചിത്രത്തിൽ വിക്രമിന്‍റെ മകളായി അഭിനയിച്ച സാറയുടെ നിഷ്കളങ്കമായ പ്രകടനം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. അത്രയും ചെറുപ്പത്തിൽ തന്നെ ഇത്ര സ്വാഭാവികമായി അഭിനയിക്കാൻ കഴിയുന്ന ബാലതാരങ്ങൾ അപൂർവമാണെന്ന് നിരൂപകരും അഭിപ്രായപ്പെട്ടു. തുടർന്ന് ഏക് തി ദായാൻ, ജയ് ഹോ, സാൻഡ് കി ആങ്ക് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്‌തു. മലയാളത്തിൽ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകരുടേയും മനസ്സിൽ ഇടം നേടി.
പ്രതിഭയ്ക്ക് പ്ലാൻ ബി ഇല്ല
ഒരു ബാലതാരമായിരുന്ന കാലം മുതൽ അഭിനയം തന്നെയാണ് തന്‍റെ ജീവിതത്തിലെ ഏക ലക്ഷ്യമെന്ന് സാറ പറയുന്നു. പ്രൊഫഷണൽ സമ്മർദ്ദത്തെ ഒരു ഭാരമായി കാണാതെ ഉത്തരവാദിത്വത്തിന്‍റെ അടയാളമായാണ് അവർ സ്വീകരിക്കുന്നത്.
സാറയുടെ വലിയ ശക്തി അവരുടെ അനായാസമായ അഭിനയമാണ്. അമിതാഭിനയമില്ലാത്ത, കഥാപാത്രത്തോട് പൂർണമായി ചേർന്ന് നിൽക്കുന്ന പ്രകടനം തന്നെയാണ് അവരെ വ്യത്യസ്തയാക്കിയത്. അതുകൊണ്ട് തന്നെ സാറയെ ആളുകൾ ഒരു സുന്ദരിയായ പെൺകുട്ടിയായല്ല കഴിവുറ്റ ഒരു കലാകാരിയായാണ് കാണുന്നത്. ബാലതാരങ്ങളിൽ പലരും പിന്നീട് നായികമാരായി വിജയിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സാറയ്ക്കും വെല്ലുവിളികൾ ഉണ്ടായിരുന്നു. ശക്തമായ പശ്ചാത്തലമുള്ള പുതിയ താരങ്ങളും വലിയ പിആർ സംവിധാനങ്ങളുമുള്ള മത്സരലോകത്താണ് അവർ മുന്നേറിയത്. എന്നാൽ ധുരന്ധർ തുടർന്ന് ധുരന്ധർ 2 എന്നിവയിലൂടെ സാറ വീണ്ടും ശ്രദ്ധാകേന്ദ്രമായി. ചിത്രത്തിലെ പ്രകടനത്തിനൊപ്പം തന്നേക്കാൾ ഇരട്ടി പ്രായമുള്ള രൺവീർ സിങുമായുള്ള പ്രണയരംഗങ്ങളും കെമിസ്ട്രിയും വലിയ ചർച്ചയായി. ഇതിനിടെ പുറത്തിങ്ങിയ തെലുങ്ക് ചിത്രം യൂഫോറിയയിലും നായികയായി എത്തിയ സാറയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സോഷ്യൽ മീഡിയ ബാധിക്കുന്നില്ല
യെലീന ജമാൽ എന്ന കഥാപാത്രത്തിലേക്കു തന്‍റെ പരിവർത്തനത്തി ന് സംവിധായകൻ ആദിത്യ ധറിന്‍റെ വ്യക്തമായ കാഴ്ച്ചപ്പാടാണ് സഹായിച്ചതെന്ന് സാറ പറയുന്നു. സെറ്റിൽ രൺവീർ സിങ്ങിന്‍റെ സമർപ്പണത്തെയും അവർ പ്രശംസിക്കുന്നു. രൺവീറുമായു ള്ള പ്രായവ്യത്യാസം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായെങ്കിലും അത് തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് സാറ പറയുന്നു.
“ആ ചർച്ചകളെക്കുറിച്ച് എനിക്ക് അധികം അറിവുണ്ടായിരുന്നില്ല. ഞാൻ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക” എന്നതാണ് എന്‍റെ നിലപാട്. ”
ബോർഡിംഗ് സ്കൂളിൽ പഠിക്കുമ്പോൾ മൊബൈൽ ഫോൺ പോലും ഉണ്ടായിരുന്നില്ലെന്നും പഠനം കഴിഞ്ഞതോടെ സിനിമയുടെ തിരക്കിലായതിനാൽ സോഷ്യൽ മീഡിയ ജീവിതത്തിന്‍റെ ഭാഗമായിട്ടില്ലെന്നും അവർ പറയുന്നു.
“കഥ എനിക്ക് അറിയാമായിരുന്നു. ഈ കാസ്റ്റിങ് എന്തുകൊണ്ട് ആവശ്യമാണെന്നും മനസ്സിലായിരുന്നു. അതു കൊണ്ട് പുറത്തു ചർച്ചകളെക്കുറിച്ച് ഞാൻ അധികം ചിന്തിച്ചില്ല. എനിക്ക് ആവശ്യമുള്ളപ്പോൾ മാത്രം സോഷ്യൽ മീഡിയയിൽ കയറും. വിനോദത്തിനായി ഞാൻ മറ്റ് കാര്യങ്ങളാണ് തിരഞ്ഞെടുക്കുന്നത്.”
അച്ഛനിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്
അഭിനയത്തെയും സിനിമയേയും കുറിച്ചുള്ള മിക്ക കാര്യങ്ങളും പഠിപ്പിച്ചത് അച്ഛനും നടനുമായ രാജ് അർജുനാണെന്ന് സാറ പറയുന്നു. സെറ്റിലും വീട്ടിലും അച്ഛനെ നിരീക്ഷിച്ചുകൊണ്ടാണ് അഭിനയത്തിന്‍റെ സൂക്ഷ്‌മതകൾ മനസ്സിലാക്കിയത്. സിനിമയെ സ്നേഹിക്കാനും കഥാപാത്രങ്ങളെ പഠിക്കാനും അച്ഛൻ തന്നെയാണ് പ്രചോദനമായത്. ഒരു നടിയാകാൻ അച്ഛൻ ഒരിക്കലും നിർബന്ധിച്ചിട്ടില്ലെന്നും തനിക്ക് ശരിക്കും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനാണ് എപ്പോഴും പ്രോത്സാഹിപ്പിച്ചതെന്നും സാറ പറയുന്നു. വിദ്യാഭ്യാസത്തിനും വ്യക്തിത്വ വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകണമെന്നും അച്ഛൻ നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്. വീട്ടിൽ സിനിമകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പ്രകടനങ്ങളെക്കുറിച്ചും പതിവായി ചർച്ച ചെയ്യാറുണ്ട്. തന്‍റെ അഭിനയത്തെക്കുറിച്ച് ഏറ്റവും സത്യസന്ധമായ അഭിപ്രായം പറയുന്നത് അച്ഛനാണെന്നും അത് തന്നെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്നും സാറ പറയുന്നു.
“അച്ഛനാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും മാതൃകയും. ഞാൻ ചെയ്യുന്ന സിനിമകളിലൂടെ അച്ഛന് എന്നെക്കുറിച്ച് അഭിമാനം തോന്നണം. അച്‌ഛനെപ്പോലെ കഠിനാധ്വാനത്തിലൂടെയാണ് അത് നേടാൻ ഞാൻ ആഗ്രഹിക്കുന്നത്” സാറ പറയുന്നു.
അച്ഛൻ പറയുന്നത്
2016-ൽ കാസ്റ്റിങ് ഡയറക്ടർ മുകേഷ് ഛബ്രയുടെ ഓഫീസിലേക്ക് സാറയോടൊപ്പം പോയ ദിവസമാണ് തന്‍റെ ജീവിതത്തിലെ വഴിത്തിരിവെന്ന് രാജ് അർജുൻ ഓർക്കുന്നു. അതിന് പിന്നാലെയാണ് “സീക്രട്ട് സൂപ്പർസ്റ്റാർ” എന്ന ചിത്രത്തിൽ അവസരം ലഭിച്ചതെന്നും അത് തന്‍റെ കരിയർ തന്നെ മാറ്റിമറിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇന്ന് മകൾ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുന്നത് കാണുമ്പോൾ അഭിമാനം മാത്രമാണെന്ന് രാജ് പറയുന്നു.
“പെൺമക്കൾ അച്ഛന്‍റെ കൈപിടിച്ച് മുന്നോട്ട് പോകുമെന്ന് ആളുകൾ പറയാറുണ്ട്. പക്ഷേ ഞാൻ എന്‍റെ ലക്ഷ്യസ്ഥാനത്ത് എത്തിയത് എന്‍റെ മകളുടെ കൈ പിടിച്ചാണ്. സാറ എന്‍റെ ജീവിതത്തിന്‍റെ വെളിച്ചമാണ്.”
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വൈകാരിക കുറിപ്പിലും അദ്ദേഹം എഴുതിയിരുന്നു.
“ജീവിതം മനസ്സിലാക്കാൻ ചിലപ്പോൾ തിരിഞ്ഞുനോക്കണം. നമ്മൾ നമ്മുടെ കുട്ടികളെ വളർത്തുകയാണെന്ന് കരുതുന്നു. എന്നാൽ സത്യത്തിൽ അവരാണ് നമ്മളെ വളർത്തുന്നത്.”
1999-ൽ സ്വപ്നങ്ങളുമായി മുംബൈയിലെത്തിയ താൻ വർഷങ്ങളോളം ഓഡിഷനുകൾക്കായി കാത്തുനിന്നുവെന്നും 2005-ൽ സാറ ജനിച്ചതോടൊയാണ് തന്‍റെ ജീവിതം പൂർണമായി മാറിയതെന്നും അദ്ദേഹം പറയുന്നു.
“അച്ഛന്മാർ പെൺമക്കൾക്ക് വഴി കാണിക്കുമെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ എന്‍റെ കഥ അതിന്‍റെ നേർവിപരീതമാണ്. എന്‍റെ മകൾ കാരണമാണ് ഞാൻ എന്‍റെ ലക്ഷ്യ സ്ഥാനത്ത് എത്തിയത്.” രാജ് അർജുൻ പറയുന്നു.
പഠനം തുടരാൻ ആഗ്രഹമുണ്ട്
പ്ലസ് ടു കഴിഞ്ഞപ്പോൾ വിദേശത്ത് പോയി അഭിനയപഠനം നടത്തണമെന്നായിരുന്നു സാറയുടെ ആഗ്രഹം. എന്നാൽ അതിനിടയിലാണ് മാജിക്, യൂഫോറിയ തുടങ്ങിയ ചിത്രങ്ങൾ വന്നത്. അതിനാൽ ആദ്യം സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തെലുങ്കിലെ അരങ്ങേറ്റ ചിത്രം യൂഫോറിയ മികച്ച പ്രതികരണം നേടിയതിൽ സാറ സന്തോഷം പ്രകടിപ്പിക്കുന്നു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയാണ് തന്‍റെ പ്രിയപ്പെട്ട നടനെന്നും, ഫാഷൻ ഐക്കണായി ഏറ്റവും ഇഷ്‌ടപ്പെടുന്നത് രേഖയെയാണെന്നും അവർ പറയുന്നു.
“രേഖയുടെ സാരികളുടെ വാർഡ്രോബ് ഒരിക്കൽ കാണണമെന്നത് എന്‍റെ ആഗ്രഹമാണ്.” സാറ ചിരിച്ചു കൊണ്ട് പറയുന്നു. ബാലതാരമായി തുടങ്ങിയ യാത്ര ഇന്ന് നായികയുടെ സ്ഥാനത്ത് എത്തിനിൽക്കുമ്പോഴും സാറ അർജുൻ സ്വപ്നങ്ങൾക്ക് അവസാനമില്ല. അഭിനയമെന്ന ഒരേയൊരു സ്വപ്നം പിന്തുടർന്ന് ഓരോ കഥാപാത്രത്തിലും സ്വയം പുതുക്കിക്കൊണ്ട് മുന്നേറുകയാണ് ഈ യുവതാരം.





