പകലിലെ കത്തുന്ന വെയിലിലെ ചൂട് സന്ധ്യക്കും ഇടതടവില്ലാതെ പ്രസരിച്ചിരുന്നു.
കടുത്ത വെയിലു കണ്ടപ്പോൾ വൈകീട്ട് ഒരു മഴ പ്രതീക്ഷിച്ചതായിരുന്നു. എവിടെയോ പെയ്യുന്ന മഴയുടെ തണവ് പേറിയ ഒരിളം കാറ്റ് വല്ലപ്പോഴും വീശുന്നതല്ലാതെ മഴ പെയ്യുന്ന ലക്ഷണങ്ങളില്ല. ബാൽക്കണിയിൽ വയ്ക്കുവാൻ ഏതാനും അലങ്കാര ചെടികൾ തേടി ഇറങ്ങിയതായിരുന്നു ഞാൻ. ഫ്ലാറ്റ് വാങ്ങിയ അവസരത്തിൽ ഏതാനും മണി പ്ലാന്റുകൾ അമ്മ ആവശ്യപെട്ടതനുസരിച്ചു സംഘടിപ്പിച്ചിരുന്നു. അമ്മ ആ ചെടികൾ കാര്യമായി പരിപാലിച്ചു പോന്നിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം വാടി പോവുകയാണ് ഉണ്ടായത്. അതെന്തുകൊണ്ടാണെന്നു എനിക്ക് മനസിലായതുമില്ല.
ആദ്യം പരിഗണനയ്ക്കായി വന്നിരുന്നത് അലങ്കാര മത്സ്യങ്ങളായിരുന്നു. നീന്തിത്തുടിക്കുന്ന അലങ്കാര മത്സ്യങ്ങളെ കാണുന്നത് നയനാനന്ദകരമെങ്കിലും ശരിയായ പരിചരണത്തിന്‍റെ ആവശ്യകതയും ശ്രദ്ധക്കുറവുമൂലം സ്വർണ്ണമത്സ്യങ്ങൾ ചത്തുപോകുന്നത് മനസ്സിന് വിഷമകരമാകുമെന്നും ഭാര്യ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ വീട്ടിലേക്ക് നല്ല പ്രതിരോധശേഷിയുള്ള അലങ്കാര ചെടികൾ മതി എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു.
അടുത്തയിടെ ഒരു സൃഹൃത്തിന്‍റെ ഗൃഹം സന്ദർശിച്ചപ്പോൾ മനസ്സിൽ കയറിയ താത്പര്യമായിരുന്നു അത്. ആ ഗൃഹത്തിനകത്തേക്ക് പ്രവേശിച്ചപ്പോൾ വല്ലാത്തൊരു കുളിർമ്മയും പോസറ്റീവ് എനർജിയും എന്നിൽ വന്നു നിറയുന്നപോലെ തോന്നി. അതിന്‍റെ ഒരു കാരണം വീടിനകത്തെ പച്ച തഴച്ച ചെടികളുടെ വിന്യാസമെന്ന് എനിക്കു തോന്നി.
നമ്മുടെ ബാൽക്കണിയിൽ വേണ്ടുവോളം സ്ഥലമുണ്ട്. വേണമെങ്കിൽ വീടിനകത്തും പരീക്ഷിക്കാവുന്നതാണ്. വലിയ പരിചരണമൊന്നും വേണ്ട. മാത്രമല്ല പച്ച തഴച്ചു നിൽക്കുന്ന സസ്യജാലങ്ങളെ പരിചരിക്കുന്നത് ആഹ്ളാദകരവുമാണ്. വീടിനകത്തെ പച്ചപ്പ് കണ്ണിന് കുളിർമയേകുന്ന കാഴ്ചയുമാണ്. ചില ചെടികൾ ഭാഗ്യം കൊണ്ടുവരുമെന്നും കുടുംബത്തിന് പൊതുവെ ഐശ്വര്യദായകമെന്നും കേട്ടറിവുണ്ട്.
അലങ്കാര ചെടികളെക്കുറിച്ചുള്ള ചിന്തകൾ എന്നെക്കൊണ്ടെത്തിച്ചത് വില്ലിയങ്കിളിന്‍റെ അടുക്കലാണ്.
അപ്പന്‍റെ പഴയ ഒരു സുഹൃത്താണ് സ്നേഹമുള്ളവർ വില്ലി എന്നു വിളിക്കുന്ന വില്യംസ് ടാനിയേൽ. ടൗണിൽ നിന്നും അല്പമകലെ ഒരൊഴിഞ്ഞ കോണിൽ നഴ്സറി നടത്തുന്ന അയാളെ അപ്പനൊടൊപ്പം ഒന്നുരണ്ടു തവണ കണ്ടതായുള്ള ഓർമ്മയുണ്ട്. കൗബോയ് സിനിമകളിലെ നായകരെപ്പോലുള്ള വേഷവിധാനവും ചുണ്ടിൽ എരിയുന്ന ചുരുട്ടുമാണ് അയാൾ എന്നിൽ അവശേഷിപ്പിച്ച ഓർമ്മകൾ. പഴയ ഇംഗ്ലീഷ് സിനിമകളിലെ നരച്ച കോട്ടിട്ട പൊടുന്നനെ കൈത്തോക്ക് എടുത്ത് വെടി വക്കുന്ന നായകരിൽ ഒരാളായി അയാൾ എന്‍റെ ഓർമ്മയുടെ അടരുകളിൽ ഒരു സ്ഥാനം നേടി.
ഒരിക്കൽ അയാൾ വീടിനു മുന്നിലെ കുറ്റിച്ചെടിയിൽ പതുങ്ങിക്കിടന്ന വിഷപ്പാമ്പിനെ വാലിൽ പിടിച്ച് തൂക്കിയെടുത്ത് ആൾ സഞ്ചാരം കുറഞ്ഞിടത്ത് കൊണ്ടുപോയിക്കളഞ്ഞത് ധീരതയുടെ ഒരോർമ്മയായി മനസ്സിൽ തങ്ങി നിൽക്കുന്നു. അയാളുടെ ശരീരഭാഷയും വേഷവിധാനവും അയാളുടെ തൊഴിലും തമ്മിലുള്ള വൈരുധ്യം എന്നെ ചിന്തിപ്പിച്ച ഒരു വിഷയമായിരുന്നു. എല്ലായ്‌പോഴും പൂക്കളോടും സസ്യങ്ങളോടും ഇടപഴകുന്ന ഒരാൾ കൈത്തോക്കുമായി രംഗത്തിറങ്ങുന്ന ഒരാളുടെ ശരീരഭാഷയിലാണെന്നത് എനിക്ക് ഉൾകൊള്ളാൻ ലേശം പ്രയാസമായിരുന്നു.
അയാളിൽ നിന്നും അപ്പൻ എന്തെങ്കിലും തൈകളോ ഫലവൃക്ഷങ്ങളുടെ ചെടിയോ വാങ്ങിക്കൊണ്ടുവന്നതായി ഓർക്കുന്നില്ല. അങ്ങനെ തൈകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ഒരു ബന്ധമല്ല അയാളുമായി അപ്പനുണ്ടായിരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏതായാലും ചെടികൾ വാങ്ങാൻ നിശ്ചയിച്ച സ്ഥിതിക്ക് വില്ലിയങ്കിളിനെ ഒന്നുപോയിക്കാണുന്നതും പഴയ പരിചയം പുതുക്കുന്നതും നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. ഭാര്യയെക്കൂട്ടിപ്പോകാനാണ് തീരുമാനിച്ചതെങ്കിലും ധാരാളം വീട്ടുജോലികൾ ചെയ്തു തീർക്കാനുണ്ടെന്ന് പറഞ്ഞ് അവൾ കൂടെ വരുന്നില്ലെന്ന് അറിയിച്ചു.
കായലിനെ തലോടിയെത്തിയ കാറ്റിന്‍റെ മുഷിഞ്ഞ ഗന്ധം അലോസരമായിത്തോന്നിയെങ്കിലും സായാഹ്നത്തിലെ യാത്ര ഉൻമേഷകരമായിരുന്നു. നേരിയ വിശാലതയിലേക്കു പടർന്ന ചുകന്ന വെയിൽ വഴിയോരത്തെയും പരിസരങ്ങളെയും സുന്ദരമാക്കാൻ തുടങ്ങിയിരുന്നു. വഴിയരികിലെ ഞാവൽ മരച്ചോട്ടിൽ നിന്നും കഴിച്ച തണ്ണിമത്തൻജ്യൂസ് മനസ്സിനും ശരീരത്തിനും കുളിർമ നല്കി.
തുടർ യാത്രയിൽ എന്‍റെ മനസ്സ് ഞാൻ കാണാൻ പോകുന്ന വില്ലിയങ്കിളിലേക്ക് ചുറ്റിപ്പറ്റിനിന്നു. അയാളുടെ മക്കളെല്ലാം വിദേശത്തും സ്വദേശത്തുമായി ഉയർന്ന ജോലിയിൽ കഴിയുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇവിടെ വില്ലിയങ്കിളും ഭാര്യയും അലങ്കാരച്ചെടിയുടെ ഉത്പാദനവും പരിപാലനവും വിൽപ്പനയുമായി കഴിയുന്നു. വിശേഷ അവസരങ്ങളിൽ അവർ മക്കളുടെ അടുത്തേക്ക് അവധിക്കാലം ചെലവഴിക്കാൻ പുറപ്പെടാറുണ്ട്. എന്നാൽ സ്ഥിരമായി മക്കളുടെ അടുക്കൽ താമസിക്കാൻ അവർക്കു താത്പര്യമില്ല. നാട്ടിൽ ചെടികളുടെ ഒപ്പം കഴിയുന്നതാണ് ഇവർക്കിഷ്ടം.
കോൺട്രാക്ടർ സിറിയക്കിന്‍റെ അയൽപക്കക്കാരാണ് വില്ലിയങ്കിൾ. ഏറെക്കാലം മുൻപ് വീടിനോട് ചേർന്ന് ഒരു പുതിയ മുറി എടുക്കുന്നതുമായി ബന്ധപ്പെട്ട് സിറിയക്കിന്‍റെ വീട്ടിൽ പോയിരുന്നു. അപ്പോഴാണ് വില്യംസിന്‍റെ വീടുംപരിസരവും കാണുന്നത്. വഴിത്താരയിൽ നിന്നും ഏറെ ഉള്ളിലേക്കിറങ്ങിയ വീട്.
കോളനി വാഴ്ചയുടെ അവശിഷ്ടമെന്ന് ചോന്നിക്കുന്ന ആ വീടിനു മുന്നിലുള്ള വിശാലതയിൽ ഹരിതകവും മറ്റു പല നിറങ്ങളും അതിന്‍റെ അനാദിയായ തഴപ്പോടുകൂടെ പീലി വിടർത്തി നിന്നിരുന്നു. ഒരു മങ്ങിയ കണ്ണാടിയിലെ കാഴ്ച പോലെ ആ ഓർമ്മചിത്രം മനസ്സിന്‍റെ ഏതോ കോണിൽ ഇന്നും തെളിമയാർന്നു നിൽക്കുന്നു.
പൊതുവേ നടന്നു ചെന്നെത്താൻ കഴിയുന്ന ദൂരങ്ങളെല്ലാം നടന്നു തന്നെ എത്തിച്ചേരുന്നതാണ് ഇഷ്ടം. ആളുകളും പരിസരവും നോക്കിക്കണ്ട് നടക്കുന്നതാണ് പതിവ്. ടൗൺ പരിസരം നടന്നു താണ്ടിയപ്പോഴേക്കും ശരീരത്തിൽ നേരിയ വിയർപ്പു പൊടിഞ്ഞിരുന്നു. ഇനിയങ്ങോട്ട് അധികം തിരക്കില്ലാത്ത വഴിത്താരയാണ്. യാത്ര പുരോഗമിക്കുന്തോറും നഗരക്കാഴ്ചകൾ കാണെക്കാണെ കുറഞ്ഞു വന്നു. ഏറെക്കാലത്തെ അപരിചിതത്വത്തെ കുടഞ്ഞു കളഞ്ഞ് വഴിക്കാഴ്ചകൾ തെളിമയാർന്ന് ദൃശ്യമായിക്കൊണ്ടിരുന്നു.
ഒടുവിൽ നടന്നെത്തി, കോൺട്രാക്ടർ സിറിയക്കിന്‍റെ വീട് കണ്ട് വിസ്മയിച്ചു പോയി. പഴയ ഓടിട്ട വീടിനു പകരം ഗംഭീരമായി പണി തീർത്ത രണ്ടുനില ബംഗ്ലാവ്. വിശാലമായ മുറ്റത്ത് ഓഡിയടക്കം രണ്ടുമൂന്നു വാഹനങ്ങൾ കരിങ്കല്ലുകൊണ്ട് തീർത്ത ചുറ്റുമതിൽ, കൊത്തുപണികളാൽ സമൃദ്ധമായ ഗേറ്റിൽ യൂണിഫോമിട്ട കാവൽക്കാരനും മുറ്റത്തെ പച്ചപ്പടർന്ന പുൽമേട്ടിൽ ചിതറിത്തെറിക്കുന്ന വെള്ളത്തുള്ളികൾ.
സിറിയക്ക്! എഞ്ചിനീയർ സിറിയക്ക് എന്നാണ് അയാൾ നാട്ടിൽ അറിയപ്പെടുന്നു. പത്താം തരം പാസാകാത്ത സിറിയക് എങ്ങനെയാണ് എഞ്ചിനീയറായത് എന്നത് ഒരു ചോദ്യചിഹ്നമായി എന്‍റെ മനസ്സിൽ ഉണ്ടായിരുന്നു. പണ്ട് കാലത്ത് മേസ്തിരിപ്പണിക്കാരൻ ഈനാശുവിനൊടൊപ്പം കൂടി കല്ലു ചുമന്നിരുന്ന സിറിയക്കിനെ പഴയ ആളുകൾക്കറിയാം. ആ സ്ഥാനത്തു നിന്നും എഞ്ചിനീയർ സിറിയക്കിലേക്കുള്ള പ്രയാണം മാതൃകാപരമെന്നേ പറയാനാകൂ.
എഞ്ചിനീയർ ബിരുദധാരികൾ പഠിച്ചതിനൊത്ത തൊഴിലു ലഭിക്കാതെ ഗുമസ്തപ്പണിക്കിറങ്ങുന്ന കാലഘട്ടത്തിൽ പത്താം തരം പാസാകാത്ത സിറിയക് നേടിയ നേട്ടം പ്രശംസ അർഹിക്കുന്നതാണ്. നാട്ടിലെ പല പൊതു ചടങ്ങുകളിലെ പ്രത്യേക ക്ഷണിതാവും സമാദരണീയനുമാണ് എഞ്ചിനീയർ സിറിയക്. മനുഷ്യന്‍റെ ജീവിതവിജയത്തിന്‍റെ മാനദണ്ഡമെന്തെന്ന ചോദ്യത്തിന് ഉത്തരമായി സിറിയക്കിന്‍റെ ജീവിതം ഉദാഹരിക്കാമെന്ന് എനിക്കു തോന്നി.
ഇച്ഛാശക്തി… ഇച്ഛാശക്തിയെ ഗതി തിരിച്ചു വിടാവുന്ന പ്രലോഭനങ്ങളിൽ വശംവദരാകാതിരിക്കാനുള്ള മാനസിക ബലം. പ്രതിസന്ധികളിൽ ഒട്ടും തന്നെ തളരാതെ പുരോഗതിക്കു വിഘാതമായേക്കാവുന്ന മനുഷ്യരോടും സാഹചര്യങ്ങളോടും വ്യവസ്ഥിതിയോടും പോരാടാനുള്ള വീര്യം. ഇതിനെല്ലാം പുറമെ ദൈവീകമായ അനുഗ്രഹവും. ഇവയെല്ലാം മനുഷ്യന്‍റെ വിധി നിർണ്ണയിക്കുന്ന ഘടകങ്ങളാണെന്ന് എനിക്കു തോന്നുന്നു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള കഴിവിനു പിന്നിൽ ദൈവത്തിന്‍റെ ഇടപെടൽ ഉണ്ടെന്ന് തീർത്തും വിശ്വസിക്കാം.
തീരുമാനങ്ങളും തീരുമാനത്തിൽ വരുത്തുന്ന മാറ്റങ്ങളും മനുഷ്യനെ പാതാളത്തോളം താഴ്ത്തുവാനും പർവ്വതത്തോളം ഉയർത്തുവാനും ശക്തിയുള്ളവയാണ്.
അതുകൊണ്ടു തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് ശരിയായ പ്രവർത്തനം നടത്തുവാനുള്ള ഒരുൾക്കാഴ്ച, അതു ദൈവദത്തമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഞാൻ തെല്ലുനേരം സിറിയക്കിന്‍റെ മനോഹരമായ ഭവനം നോക്കി നിന്നശേഷം വില്ലിയങ്കിളിന്‍റെ ഗൃഹം ലക്ഷ്യമാക്കി മുൻപോട്ടു നടന്നു…
(തുടരും)





