വധു ഡയറ്റീഷ്യനാണെന്നറിഞ്ഞതു മുതൽ മുമ്പെങ്ങുമുണ്ടാവാത്ത ആഹ്ളാദവും ആശ്വസവും… പ്രായം ചെന്ന അച്ഛനുമമ്മയ്ക്കും ഇനി മുതൽ പോഷക സമ്പുഷ്‌ടമായ ഭക്ഷണം തരപ്പെടുമല്ലോ. ഷുഗറു കൂടിയോ പ്രഷറു കുറഞ്ഞാ എന്നൊക്കെ അറിയാൻ ടെൻഷനടിച്ച് ആശുപത്രിയിലേക്കോടി കഷ്‌ടപ്പെടുകയും വേണ്ട ഭക്ഷണത്തിൽ എന്തെല്ലാം ഉൾപ്പെടുത്തണം എന്തെല്ലാം ഒഴിവാക്കണം എന്ന് വീട്ടിലിരുന്ന് മനസ്സിലാക്കാമല്ലോ…

ഹോട്ടൽ ഭക്ഷണം മടുത്തു. ഇനി അവളുണ്ടാക്കി തരുന്ന നല്ല ഭക്ഷണം കഴിച്ച് ആരോഗ്യമൊന്നു ശരിയാക്കണം. ഞാൻ മനക്കോട്ട കെട്ടിത്തുടങ്ങി. മുമ്പ് കൈ നോട്ടത്തിലും മഷിനോട്ടത്തിലുമൊന്നും ഒരു തരി വിശ്വാസമില്ലാത്ത കൂട്ടത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഇതിലും അൽപസ്വൽപം സത്യമില്ലേ എന്നു തോന്നി പോവുന്നുണ്ട്. കാര്യം മറ്റൊന്നുമല്ല..” കയ്യിൽ തള്ളവിരലിൽ അരിയുടെ ചിഹ്‌നം കാണുന്നുണ്ട്. ഭാവിയിൽ ആഹാരത്തിനും ഒരു മുട്ടും കാണില്ല.” കൈനോട്ടക്കാരൻ പറഞ്ഞത് വെറുതെയാവില്ല.

ഭക്ഷണകാര്യത്തെ ചൊല്ലി സുഹൃത്തുക്കൾ മുമ്പും തന്നെ പരിഹസിച്ചിട്ടുണ്ടല്ലോ.ഹോം സയൻസുകാരി ഭാര്യയുടെ ഭക്ഷണപ്പെരുമയേക്കുറിച്ച് എരിവും പുളിയും കൂട്ടി വാതോരാതെ സംസാരിക്കുന്ന സുഹൃത്തിനു മുന്നിൽ ഭാര്യ ഡയറ്റീഷ്യനാണെന്നു പറഞ്ഞ് ഇനിയെങ്കിലും പിടിച്ചു നിൽക്കാമല്ലോ… തീർന്നില്ല, അന്നൊരിക്കൽ റെ‌സ്റ്റോറന്‍റിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് മറ്റൊരു സുഹൃത്ത് പറഞ്ഞ കാര്യവും ഓർമ്മ വന്നു. നീ വേഗം പെണ്ണ് കെട്ട്, ഭക്ഷണം ശരിയായാൽ തന്നെ എല്ലാം ശരിയാവും. ഭക്ഷണത്തോടുള്ള അനിഷ്ടമൊക്കെ മാറും.

അങ്ങനെ കാത്തുകാത്തിരുന്ന് ആ ദിനം വന്നെത്തി. ഡയറ്റീഷ്യനുമായുള്ള എന്‍റെ വിവാഹം വിചാരിച്ചതിലും ഗംഭീരമായി തന്നെ നടന്നു. ജീവിതം, ഭക്ഷണ സൗഭാഗ്യം ഒക്കെ മാറുകയല്ലേ സന്തോഷം കൊണ്ട് കാൽ നിലത്തുറയ്ക്കുന്നില്ല. കണ്ണിലെ കൃഷ്ണമണി പോലെ കരുതലോടെ വളർത്തി വലുതാക്കിയ മകളെ എന്‍റെ കരങ്ങളിലേയ്ക്ക് ഏൽപ്പിച്ച വധുവിന്‍റെ രക്ഷിതാക്കളെ ഞാൻ കൃജ്‌ഞതയോടെ നോക്കി.

ആഹ്ളാദം മാത്രം നിറഞ്ഞ വിവാഹ നാളുകൾ. നല്ല നാളുകൾ പറന്നകലാൻ അധികനാൾ വേണ്ടെന്നു പറയുന്നത് വെറുതെയല്ല. അങ്ങനെ സന്തോഷം നിറഞ്ഞ എന്‍റെ ജീവിതത്തിനു മീതെയും കരിനിഴൽ വീണു തുടങ്ങിയിരുന്നു. അല്ല ഇനിയൊരു പക്ഷേ അസൂയക്കാർ കണ്ണു വച്ചതാവുമോ? അന്ധവിശ്വാസങ്ങളുടെ പിടിയിൽ അകപ്പെടുകയാണ്.

ഒരു ഞായറാഴ്ച്‌ച ജോലിക്കൊന്നും പോകേണ്ടല്ലോ. തിടുക്കമൊന്നും വേണ്ട. മൂടിപ്പുതച്ച് ഉറങ്ങുന്നതിനിടയ്ക്ക് ആരോ കുലുക്കി വിളിക്കുന്നു.

“അതവളാണ് ഡയറ്റീഷ്യൻ.” ഞാൻ വീണ്ടും ഉറങ്ങാൻ ഭാവിക്കുന്നതു കണ്ട് അവളെന്നെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു.

“ഉറക്കം മതിയാക്ക്, വണ്ണം കൂടും. ഇപ്പോ തന്നെ കുടവയറുണ്ടല്ലോ… ഇനിയും തടി കൂടിയാൽ കൂട്ടുകാർ ടാ… തടിയാ… എന്നു വിളിച്ച് കളിയാക്കും…” കൂട്ടുകാരുടെ പേരും പറഞ്ഞ് സ്വന്തം അഭിപ്രായമാണ് അവൾ പാസാക്കിയത്. ഞാൻ ചെറുതായൊന്നു ചമ്മി. മറുപടിയെന്തു പറയണം, ഒന്നും പറയാതെ ഒഴിഞ്ഞു മാറുന്നതെങ്ങനെ?

“അല്ല… അതിപ്പോ ഇങ്ങനെയായിപ്പോയി. എന്തു ചെയ്യാൻ പറ്റും. പാരമ്പര്യമായിപ്പോയില്ലേ? അടുത്ത ആഴ്ച ഞാൻ ജിമ്മിൽ ചേരുന്നുണ്ട്. പിന്നെ ഒക്കെ ശരിയാവും…”

“രോഗം വന്ന് ചികിത്സിക്കുന്ന രീതിയാണല്ലോ നിങ്ങളുടേത്.” അവൾ വീട് ആശുപത്രിയാക്കി മാറ്റാനുള്ള നടപടി തുടങ്ങി. വണ്ണം ശരിക്കും കൂടിയശേഷം എങ്ങനെ നിയന്ത്രിക്കണം എന്നാണ് നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ വാസ്‌തവത്തിൽ ഈ കൊഴുപ്പും വണ്ണവും എന്തുകൊണ്ട് കൂടുന്നുവെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ ചെറുപ്രായത്തിൽ തന്നെ ഒബേസറ്റി ഉണ്ടാവുന്നതെന്തുകൊണ്ടാണ്? ഞാൻ ഇളിഭ്യനായി നിൽക്കുന്നതു കണ്ട് അവൾ തന്നെ മറുപടിയും പറഞ്ഞു.

“തെറ്റായ ഭക്ഷണശീലം, അതാണ് ശത്രു. വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നതു മൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നു. ഇന്നു മുതൽ ഈ പൊറോട്ട തീറ്റ നിർത്തണം. ഇനി രണ്ടു നേരവും നെയ്യ് ചേർക്കാത്ത ചപ്പാത്തി മതി, ആരോഗ്യത്തിനും നല്ലതാണ്.” ഭാര്യ ഡയറ്റീഷ്യനാവുമ്പോൾ ഇതൊക്കെ കേൾക്കേണ്ടി വരുമെന്നു മാത്രമല്ല അനുസരിക്കേണ്ടിയും വരും.

ശനിയാഴ്ച വൈകുന്നേരം തന്നെ ഞായറാഴ്ച്ച വെളുപ്പിനെ മുതൽ കഴിക്കേണ്ട വിഭവങ്ങളുടെ ഒരു ചാർട്ട് തന്നെ മനസ്സിൽ വരച്ചെടുത്തതായിരുന്നു. ഹാ… കടലിൽ കായം കലക്കിയതു പോലെ ഒക്കെ വെറുതെയായിരുന്നു. രാവിലെ കറന്‍റ് അടുപ്പിച്ചതുപോലെ രണ്ടു ചപ്പാത്തിയാണ് അവൾ പ്ലെയ്റ്റിൽ കൊണ്ടു വച്ചത്. വരണ്ടുണങ്ങിയ രാജസ്‌ഥാനി ചപ്പാത്തി പോലുണ്ട്? പൊറോട്ടയ്ക്ക് പകരം ചപ്പാത്തി. ഉണക്ക ചപ്പാത്തി തൊണ്ടയിൽ കുടുങ്ങിയാലോ… ഞാൻ ഭയന്നു.

“അല്ല വ്യായാമം ചെയ്ത് ഈ തടി കുറയ്ക്കാവുന്നതേയുള്ളു. അതിനു പൊറോട്ട ഒഴിവാക്കുന്നതെന്തിനാ? മുങ്ങാൻ പോകുന്നവൻ വൈക്കോൽ തുമ്പിൽ പിടിക്കുന്നതു പോലെ ഞാനും ഒരവസാന ശ്രമം നടത്തി നോക്കി.

“വ്യായാമം… നിങ്ങൾ? എന്നും രാവിലെ 8 മണിക്കല്ലേ ഉണരുന്നത്. അതും ഓഫീസിൽ പോകാൻ വൈകുമെന്നതു കൊണ്ടു മാത്രം. അവധി ദിവസമാണെങ്കിൽ പറയുകയും വേണ്ട. അതു കൊണ്ട് വ്യായാമത്തിന്‍റെ കാര്യം പറഞ്ഞ് ഒഴിയാൻ നോക്കണ്ട. ഈയൊരവസ്‌ഥയിൽ തടി കുറയ്ക്കാൻ ഭക്ഷണ ശീലങ്ങളിൽ നിയന്ത്രണം വരുത്തുകയല്ലാതെ മറ്റു മാർഗ്ഗമില്ല.” നിർദയഭാവത്തോടെ അവൾ പറഞ്ഞു.

ചപ്പാത്തി ക്ഷീണം തീരും മുമ്പേ അടുത്ത ആക്രമണം. ചായകുടി മതിയാക്കണം. അതൊരിക്കലുമില്ല, ചായയെനിക്ക് പണ്ടേ ജീവനാ… വാശിപിടിച്ചപ്പോൾ ചായ തരാമെന്നവളേറ്റു. വിത്ത് ഔട്ട്. രുചിയില്ലാത്ത കാടിചായ എനിക്ക് വേണ്ട. പിന്നെയും കുടവയറും അമിതവണ്ണവുമൊക്കെ എടുത്ത് പറഞ്ഞ് ഒരു ഹെൽത്ത് ഡയറ്റിലുടെ അവളെന്നെ തോൽപ്പിച്ചു. ചായ, പൊറോട്ട വിലക്കിനു ശേഷം അടുത്ത വിലക്കെന്താവും? ഹൃദയം മിടിച്ചു. വിചാരിച്ചതുപോലെ എണ്ണയും മസാലയും തൊടാത്ത കറികൾ, ആരോഗ്യത്തിന്‍റെ ശത്രുക്കളാണ് ഈ കൊഴുപ്പുകൾ. ഉപ്പും എരിവും പേരിനും മാത്രം ചേർക്കുന്ന വേവിച്ച വിഭവങ്ങളുടെ പെരുമ അവൾ പലവട്ടം പറഞ്ഞു. ഉരുളക്കിഴങ്ങും ചോറുമൊക്കെ വണ്ണം കൂട്ടും. ഒക്കെ ഒഴിവാക്കണം.” അവൾ കണിശമായി പറഞ്ഞു.

എന്‍റെ മുതലക്കണ്ണീർ കണ്ടാവണം ഒരു കപ്പ് ചോറു വിളമ്പാമെന്നവൾ സമ്മതിച്ചു. ഭക്ഷണം കഴിഞ്ഞ് അൽപം മധുരം പതിവുള്ളതാണ്. മധുരം കഴിച്ചാൽ തടി കൂടും കഴിക്കരുത്!

പകരം ഭക്ഷണശേഷം കഴിക്കാൻ കുനുകുനേ അരിഞ്ഞ പച്ചക്കറി സാലഡ് തളികയിലിടം പിടിച്ചു. വായ്ക്ക് രുചിയില്ലെങ്കിലും നാലുനേരവും എന്തെങ്കിലുമൊക്കെ കഴിച്ചിരുന്നതാണ്. ഇതിപ്പോ ആരോഗ്യത്തിന്‍റെ പേരും പറഞ്ഞ് ഉള്ള കഞ്ഞികൂടി ഇല്ലാതാക്കുകയാണല്ലോ…

ആരോഗ്യത്തിന്‍റെ പേരിൽ ഇനി പ്ലേറ്റിൽ നിന്നെന്തെല്ലാം അപ്രത്യക്ഷമാവും എന്ന ആധി കാരണം ഞാൻ കൂടുതൽ ക്ഷീണിതനായി.

और कहानियां पढ़ने के लिए क्लिक करें...