ഫോൺ ചെയ്തപ്പോൾ അമ്മാൾ രാത്രി നല്ല ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ഉണർന്നതും കിടന്നു കൊണ്ട് തന്നെ ലൈറ്റിട്ട് പെട്ടെന്ന് ഫോൺ എടുത്തു. സേവ് ചെയ്യാത്ത ഒരു നമ്പർ. പണ്ട് ഏറെക്കാലം സർക്കാർ സർവ്വീസിലായിരുന്നപ്പോൾ കിട്ടിയ ഒരു ശീലം വച്ച് ആളെയറിയാത്ത ഇത്തരം കോളുകൾ കഴിയുന്നതും എടുക്കാറില്ലായിരുന്നു. എന്നാൽ റിട്ടയർമെന്‍റിന് ശേഷം ആ സ്വഭാവം കുറേശ്ശെയായി ഇപ്പോൾ മാറ്റിയെടുക്കുന്നുണ്ട്. എന്നിട്ടും രണ്ട് വട്ടം കൂടി ആലോചിച്ച ശേഷം അയാൾ ഫോൺ അറ്റൻഡ് ചെയ്യാൻ തന്നെ തീരുമാനിച്ചു കൊണ്ട് ടച്ച് ചെയ്തു.
“മാഷല്ലേ.”
അമ്പത് വയസ്സു തോന്നിക്കുന്ന ഒരു പുരുഷ ശബ്ദം. പ്യൂണായിട്ട് ജോലിയിൽ കയറി ക്ലാർക്കായി റിട്ടയർ ചെയ്ത് താൻ ട്യൂട്ടോറിയലിൽ ആദ്യകാലങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട് എന്നത് ഒരു സത്യം തന്നെയാണ് എന്ന് അയാൾ ഓർത്തു. ആ സൗഹൃദങ്ങളിൽ ചിലർ മാഷ് എന്ന് ഇടക്ക് വിളിക്കാറുമുണ്ട്. പക്ഷെ ഇത് അവരാരുമല്ലല്ലോ. അയാൾ ഫോണിൽ സമയം നോക്കി. പതിനൊന്നരയായിരിക്കുന്നു. മറുപടിയൊന്നും കിട്ടാത്തതിനാലാകണം വീണ്ടും ചോദ്യം വന്നു.
“ഹലോ വേണു മാഷല്ലേ?”
അപ്പോൾ വിളിച്ചയാൾക്ക് തെറ്റിയിട്ടില്ല എന്ന് അയാൾക്ക് ഉറപ്പായി. സ്വസ്ഥമായ ഉറക്കം നഷ്ടപ്പെട്ടതിന്‍റെ നേരിയ നീരസം ഒട്ടുമേ ശബ്ദത്തിൽ കാണിക്കാതെ അയാൾ ചോദിച്ചു.
“അതെ ആരാ?”
“മാഷെ ഞാൻ ശ്രീകാന്ത് ആണ്. മാഷിന്‍റെ ശ്രീക്കുട്ടൻ.” വീടിനടുത്ത് ട്യൂഷൻ പഠിപ്പിച്ച കുട്ടികളുടെ ഓർമ്മയിലുള്ള പേരുകളിൽ അടുത്തൊന്നും ഒരു സൗഹൃദവും പുതുക്കാത്ത ഒരു ശ്രീക്കുട്ടനെ അയാൾ മനസ്സിൽ ഒന്ന് പരതി നോക്കി. പിടികിട്ടിയില്ല എന്ന് കണ്ടിട്ടാവണം മറുതലക്കൽ നിന്ന് വീണ്ടും ശബ്ദം വന്നു.
“മാഷ് പണ്ട് കളക്ടറേറ്റിൽ ആദ്യമായി ജോലി കിട്ടി വന്നപ്പോൾ.”
“ഓക്കെ ഓക്കെ എനിക്ക് ഓർമ്മയുണ്ട് ശ്രീക്കുട്ടാ. പിന്നെ എന്താണ് വിശേഷം?” ശ്രീകാന്തിനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അയാൾ ഇടയിൽ കയറിപ്പറഞ്ഞു.
“മാഷെ ഞാൻ ഇപ്പോൾ ട്രെയിനിൽ കയറുകയാണ്. രാവിലെ ആറരയ്ക്ക് മാഷിന്‍റെ നാട്ടിലെത്തും. വാട്‌സാപ്പിൽ മാഷിന്‍റെ ലൊക്കേഷൻ ഇട്ടിരുന്നാൽ ഞാൻ വീട്ടിലെത്തിക്കൊള്ളാം. വിവരങ്ങളെല്ലാം അവിടെ വന്നിട്ട് പറയാം.” എന്നു മാത്രം പറഞ്ഞ് ശ്രീക്കുട്ടൻ ഫോൺ വെച്ചു.
ലൈറ്റണച്ച് കിടന്നപ്പോൾ അയാളുടെ മനസ്സ് ഏറെ വർഷങ്ങൾ പുറകിലേക്ക് ഒരു യാത്ര തുടങ്ങി കഴിഞ്ഞിരുന്നു. അതെ കൃത്യം മുപ്പത്തിയഞ്ച് വർഷങ്ങൾ പുറകോട്ടുള്ള ഒരു ട്രെയിൻ യാത്ര. പുലർച്ചെ ടൗണിൽ എത്തിയ ട്രെയിനിൽ നിന്ന് ഇറങ്ങി കളക്‌ടറേറ്റ് കണ്ടുപിടിച്ച് വാച്ച്മാനെ കണ്ട് ആദ്യമായി ജോലി കിട്ടി ജോയിൻ ചെയ്യാൻ വന്നതാണെന്ന് പറഞ്ഞ് ഓർഡർ കാണിച്ച് കൊടുത്തതോടെ പിന്നീടുള്ള കാര്യങ്ങളെല്ലാം അന്ന് അയാൾക്ക് എളുപ്പമായി.
ജോലിക്ക് ചേർന്ന അന്നുതന്നെ താമസത്തിനുള്ള ഒരു മുറി സഹപ്രവർത്തകർ ശരിപ്പെടുത്തി തന്നത് ഈ ശ്രീകാന്തിന്‍റെ വീടായിരുന്നു എന്നതും പത്തിൽ തോറ്റതിനാൽ ഇനി പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചിരുന്ന ശ്രീകാന്തിന്‍റെ വീട്ടിലെ ഒരു ചായ്പ് മുറി പിന്നീടുള്ള മൂന്ന് വർഷക്കാലത്തെ അയാളുടെ മേൽവിലാസമായതും ഒരു മിന്നൽ പോലെ ക്ഷണത്തിൽ അയാളുടെ ഓർമ്മയിൽ തെളിഞ്ഞു വന്നു.
ദിവസങ്ങൾ കഴിയവെ ആ വീട്ടുകാരുമായുള്ള ബന്ധം ദൃഢമായപ്പോൾ ഇവനെ ഒന്ന് പത്ത് പാസാക്കി തന്നാൽ മോന് നൂറ് പുണ്യം കിട്ടുമെന്ന ശ്രീകാന്തിന്‍റെ വീട്ടുകാരുടെ യാചന അയാൾ ഏറ്റെടുത്തു സഫലമാക്കിക്കൊടുത്തു. തുടർപഠനത്തിന് ശ്രീക്കുട്ടനും വീട്ടുകാർക്കും ഒട്ടുമേ താൽപര്യമില്ലാതിരുന്നതിനാൽ വയറിംഗ് ജോലികൾ ചെയ്യുന്ന ഒരാളുടെ കീഴിലാക്കി പണി പഠിപ്പിച്ചു. താൻ അവിടെ നിന്ന് സ്‌ഥലം മാറി പോരുമ്പോൾ ശ്രീകാന്ത് ആ ജോലിയിൽ ലൈസൻസ് എടുക്കുന്ന ശ്രമത്തിലായിരുന്നു എന്നത് ഓർമ്മയിൽ തെളിഞ്ഞു. മൊബൈൽ ഫോൺ ഇല്ലാതിരുന്ന ആ കാലത്ത് വല്ലപ്പോഴും വന്നിരുന്ന കത്തിലൂടെ പരസ്‌പരം വിശേഷങ്ങൾ അറിഞ്ഞിരുന്നെങ്കിലും ക്രമേണ അതും പാടെ നിലച്ചു.
ഓരോന്ന് ഓർത്ത് കിടന്നപ്പോൾ ഏറെ വൈകിയാണ് ഉറങ്ങിയതെങ്കിലും പതിവ് സമയത്തു തന്നെ ശ്രീമതി ഉണർന്ന് ജോലികൾ തുടങ്ങിയപ്പോൾ ഉണർന്നെഴുന്നേറ്റ് ചെന്ന് ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. പ്രാതലിന് ഒരു അതിഥി കൂടിയുണ്ടാകുമെന്നത് അവർ ഇരുവരിലും ചെറുതല്ലാത്ത ഒരു ഉന്മേഷവും ഉളവാക്കി.
ശ്രീക്കുട്ടൻ വീട് കണ്ടുപിടിച്ച് എത്തിയ ഉടൻ കുളിയെല്ലാം കഴിഞ്ഞ് പ്രാതലിന് ഇരുന്നപ്പോഴാണ് ഏറെ നാളത്തെ വിശേഷങ്ങൾ പങ്കുവെച്ചത്. അവൻ വിവാഹവും അച്ഛന്‍റെ മരണവും രണ്ട് വർഷം മുമ്പ് നടന്ന അവന്‍റെ മകളുടെ വിവാഹവും തുടർന്ന് മകൾക്കും ഭർത്താവിനും പരസ്പരം യോജിച്ച് പോകുവാൻ സാദ്ധ്യമാകാതെ വന്നതും വിവാഹമോചനം ഇരുകൂട്ടരും ആവശ്യപ്പെട്ടതും കേസ് വിധിയായതും എല്ലാമെല്ലാം അങ്ങനെ ഓരാരോ വിശേഷങ്ങളായി അവനിൽ നിന്ന് മെല്ലെ മെല്ലെ പുറത്തുവന്നു.
അവസാനം ഈ വരവിന്‍റെ ഉദ്ദേശവും ശ്രീക്കുട്ടൻ പതിയെ പങ്കുവച്ചു. പറ്റിയ ഒരു ആലോചന ഉടൻ കണ്ടെത്തി മകളുടെ ഭാവി ഭദ്രമാക്കുവാൻ സഹായിക്കണമെന്നതായിരുന്നു ശ്രീകാന്ത് തൊണ്ടയിടറി പറഞ്ഞു വച്ചത്. അൽപ നേരം അവർക്കിടയിൽ മൗനം തളം കെട്ടി. അവന്‍റെ ഇപ്പോഴത്തെ അവസ്‌ഥ അവരെ ഇതുവരെയും വല്ലാതെ വിഷമിപ്പിച്ചുവെങ്കിലും ശ്രീമതിയുടെ കണ്ണുകൾ അതിനിടയിൽ ഒരു മാത്ര വിടരുന്നത് അയാൾ ശ്രദ്ധിച്ചിരുന്നു. ശ്രീക്കുട്ടൻ മകളുടെ ജാതകക്കുറിയുടെ പകർപ്പ് കയ്യിലേൽപ്പിച്ച് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഇക്കാര്യം അന്വേഷിച്ചു പറയാമെന്ന് ശ്രീക്കുട്ടനെ ആശ്വസിപ്പിക്കുകയും ചെയ്തു.
ശ്രീകാന്ത് ഗേറ്റ് കടന്ന് ഒരു ഓട്ടോയിൽ കയറിയ ശേഷവും അവനെ കൈ വീശി യാത്രയാക്കിക്കൊണ്ട് ഇരുവരും തിരിഞ്ഞ് വീട്ടിലേക്ക് കയറിയപ്പോഴാണ് ശ്രീമതി ചോദിച്ചത്.
“നമുക്ക് മോനു വേണ്ടി ഇക്കാര്യം ഒന്ന് ആലോചിച്ചാലോ?”
“അതിന് അവൻ സമ്മതിക്കണ്ടേ?” അയാൾ തിരിച്ചു ചോദിച്ചു കൊണ്ട് തുടർന്നു.
“അവൻ ഊണ് കഴിക്കാൻ വരട്ടെ നോക്കാ.”
ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന മകൻ ഉച്ചയൂണിന് വന്ന് ഇരുന്നപ്പോഴാണ് അയാൾ നേരത്തെ സൂചിപ്പിരുന്ന പോലെ ശ്രീമതി മകനോട് രാവിലെയുണ്ടായ കാര്യങ്ങൾ പറഞ്ഞത്. മകന്‍റെ ഭാര്യ അസുഖം ബാധിച്ച് മരിച്ചിട്ട് ഈ ചിങ്ങത്തിൽ ഒരു വർഷമാകുന്നു.
അടുത്ത വർഷം ഒന്നാം ക്ലാസ്സിലാകുന്ന കൊച്ചു മകന് ഇനിയെന്തായാലും ഒരു അമ്മയുടെ ആവശ്യമുണ്ട് എന്ന് ശ്രീമതി കുറെ നാളായി പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടോ മകൻ തീരെ ചെവി കൊടുക്കാതെ നടക്കുകയാണ്. ഭാര്യയ്ക്കാണെങ്കിൽ പ്രായത്തിന്‍റെ അവശതകൾ കൂടിക്കൂടി വരുകയുമാണ് എന്നതും തന്‍റെ ആരോഗ്യവും ഒട്ടും മെച്ചമല്ല എന്നതും അയാൾ എല്ലായ്പ്പോഴും ഓർക്കാറുണ്ട്. രണ്ടുപേരിൽ ആരെങ്കിലും കിടപ്പിലായാൽ തന്നെ എല്ലാം തകിടം മറിയുമെന്ന അവസ്ഥയിലായിരിക്കുന്നു കാര്യങ്ങൾ എന്ന് അയാൾ ആശങ്കപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായി.
ഊണ് കഴിഞ്ഞ് കൈ കഴുകിത്തുടച്ച് മറുപടിയൊന്നും പറയാതെ വീണ്ടും ഡ്രൈവിംഗ് സ്‌കൂളിലേക്ക് പോകാൻ ഇറങ്ങുന്ന മകന്‍റെ കയ്യിലേക്ക് രാവിലെ ശ്രീക്കുട്ടൻ തന്‍റെ കയ്യിൽ തന്നേൽപ്പിച്ച ജാതകക്കുറി മടിച്ചു മടിച്ച് കൊടുത്തിട്ട് അയാൾ ഒന്നും മിണ്ടാതെ നിന്നു. പുറകിൽ നിന്ന് ഭാര്യയുടെ ചൂടുള്ള നിശ്വാസം ചുമലിൽ തട്ടുന്നത് അയാൾ അറിഞ്ഞു.
ആ കടലാസ് ഒന്ന് നിവർത്തി നോക്കി അത് പഴയതുപോലെ തന്നെ മടക്കിയ ശേഷം നാലായി കീറി ആ തുണ്ടുകൾ അയാളുടെ തന്നെ കയ്യി ലേക്ക് കൊടുത്തിട്ട് പടിയിറങ്ങവെ മകൻ പറഞ്ഞു.
“ഈ ജാതകം നോക്കണ്ട അച്‌ഛാ. ആ കുട്ടിയുടെ വിവാഹം ഈ ജാതകം നോക്കിയിട്ടാണല്ലോ നടന്നിട്ടുണ്ടാകുക. പിന്നെ എന്‍റെ വിവാഹവും അച്‌ഛൻ തന്നെയല്ലേ ജാതകം നോക്കിച്ച് നടത്തിയതും. എന്നിട്ടിപ്പോഴെന്തായി?”
പ്രതീക്ഷകൾ അസ്തമിച്ച അയാൾ നിസ്സഹായനായി ദൂരേക്ക് കണ്ണുകൾ പായിച്ച് നിന്നു. മകൻ തുടർന്നു.
“പക്ഷേ എന്‍റെ മകന് ഒരമ്മയിൽ നിന്ന് കിട്ടേണ്ടതായ പരചരണം എന്ന അവന്‍റെ ജന്മാവകാശം ഞാനായിട്ട് അവന് നിഷേധിക്കുവാൻ പാടില്ലല്ലോ. നമ്മുടെ ചുറ്റുപാടുകളും സാഹചര്യങ്ങളും അവരെ ധരിപ്പിച്ചിട്ട് അവർക്ക് സ്വീകാര്യമെങ്കിൽ ഈ ആലോചന മുന്നോട്ട് നീക്കാമെന്നും അടുത്ത മാസം തന്നെ ലളിതമായ ഒരു ചടങ്ങായി നമുക്ക് വിവാഹം നടത്താമെന്നും അച്ഛൻ അവർക്ക് വാക്കു കൊടുത്തേക്കൂ.”
ആശ്വാസത്തിന്‍റെതായ രണ്ട് നെടു വീർപ്പുകൾ അവിടെ ഒരുമിച്ചുയരവെ മകന്‍റെ കാർ അപ്പോൾ ഗേറ്റ് കഴിഞ്ഞ് കുറച്ചുകൂടി സുഗമമായ പാതയിലേക്ക് കടക്കുകയായിരുന്നു. “മോന് നൂറ് പുണ്യം കിട്ടും” എന്ന ആ പഴയ അനുഗ്രഹവർഷത്തിന്‍റെ പുണ്യാഞ്ജലികൾ കാലമേറെക്കഴിഞ്ഞിട്ടും തനിക്കൊപ്പം തന്നെ തന്‍റെ മകന്‍റെ നേർക്കും ചൊരിഞ്ഞു തുടങ്ങിയത് അയാൾ പതിയെ തിരിച്ചറിയുകയായിരുന്നു.