വീണ്ടും മഞ്ഞിന്‍റെ മറനീക്കി വിവേകിന്‍റെ ഓർമ്മകളിലേക്ക് സിംല കടന്നുവന്നപ്പോൾ പതിവു പോലെ അയാൾ അസ്വസ്‌ഥനായി. സിംല എന്നുമയാൾക്ക് മുറിപ്പാടുകളിൽ മഞ്ഞു വീഴ്ത്തുന്ന ഒരോർമ്മയാണ്. മനസ്സിന്‍റെ ഒരു പാതികൊണ്ട് മറക്കണമെന്നും മറുപാതികൊണ്ട് ഓർക്കണമെന്നും അയാൾ നിരന്തരം തന്നോടുതന്നെ കലഹിച്ചു.
ഇത്തവണ ഗീതയുടേതായിരുന്നു ആവശ്യം. ഗീതയുടെ കസിൻ സിസ്റ്ററുടെ മകൾ കനിയുടെ വിവാഹമാണ് അടുത്തയാഴ്ച, സിംലയിൽ വെച്ച്, ഗീതയും കനിയും തമ്മിലുള്ള അടുപ്പം വിവേകിന് നന്നായറിയാം. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം മാറ്റിവെച്ച് ഗീത ഓടിച്ചെല്ലുമെന്നറിയാം. വിവാഹത്തിന് ഗീതയ്ക്കൊപ്പം പോകണമോ എന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ വിവേകിനു കഴിഞ്ഞില്ല. അയാൾ ഓർക്കുകയായിരുന്നു, എത്ര തവണ പോയിട്ടുണ്ട് താൻ സിംലയിൽ? ഓർമ്മയില്ല. സ്നേഹത്തിലേക്കുള്ള ഒരു തീർത്ഥാടനം പോലെ യാത്ര പോകുകയായിരുന്നു ഓരോ തവണയും. ഒരിക്കലും മടുപ്പു തോന്നിയില്ല. എന്നിട്ടും ഗീത ജാഗു മലനിരകളും സ്കേറ്റൽ പോയിന്‍റും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അയാൾക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഒന്നും ഗീതയോട് ഒളിയ്ക്കാൻ അയാൾ ആഗ്രഹിച്ചിട്ടില്ല. അതേസമയം മറന്നു കളഞ്ഞ, അവസാനിപ്പിച്ച തന്‍റെയാ പ്രണയകഥയെക്കുറിച്ച് പറഞ്ഞ് ഗീതയുടെ മനസ്സു വേദനിപ്പിക്കേണ്ട എന്നയാൾ ആഗിഹിക്കുകയും ചെയ്തിരുന്നു.
ജീവിതത്തിലെ കഴിഞ്ഞുപോയ അധ്യായങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നായിരുന്നു വീണ എന്നിട്ടും എവിടെയോ നഷ്ടപ്പെട്ടുപോയി അവൾ.
ഒരിക്കൽ കുട്ടുകാരൻ സുധീർ ചോദിച്ചതോർമ്മയുണ്ട്. “ഈ ഭൂമിയിൽ കാണാൻ ഭംഗിയുള്ള എത്രയധികം സ്‌ഥലങ്ങൾ കിടക്കുന്നു. എന്നിട്ടും നീയെപ്പോഴും സിംലയിലേക്കു തന്നെ വണ്ടിപിടിക്കുന്നു. മടുക്കില്ലേ നിനക്കീ യാത്ര?”
സുധീറിന് എന്ത് ഉത്തരം കൊടുക്കാനാണ്. അവൻ പറഞ്ഞത് ശരിയാണ്. ഒന്നിൽ കൂടുതൽ തവണ ഒരാളെ ആകർഷിക്കാനുള്ള ഭംഗിയൊന്നും സിംലയ്ക്കില്ല. എന്നിട്ടും താനവിടെ പോയതിന് കൈയും കണക്കുമില്ല. അതൊന്നും ആർക്കുമറിയില്ല, തനിക്കല്ലാതെ. ബുദ്ധിയും മനസ്സും തമ്മിലുള്ള യുദ്ധമായിരുന്നു ഇക്കഴിഞ്ഞ അഞ്ചുവർഷവും. പ്രായോഗികതയുടെ തത്വശാസ്ത്രങ്ങൾ പറഞ്ഞ്, ഇപ്പോഴും ഓർമ്മകളെ കൂട്ടുപിടിക്കുന്നതിലെ വിഡ്ഢിത്തത്തെ കളിയാക്കി തന്നോടു തന്നെ തർക്കിക്കുകയായിരുന്നു. പക്ഷേ പ്രണയമെന്നും മനസ്സിനു മാത്രം മനസ്സിലാകുന്ന ഭാഷയാണല്ലോ. തോറ്റത് ബുദ്ധി തന്നെയായിരുന്നു. സിംലയിലെ മഞ്ഞു പുതച്ച താഴ്വരകളിലേക്ക് ഓരോ തവണയും ഓടിച്ചെല്ലുകയായിരുന്നു. വേണ്ടെന്ന് തീർത്തു ചൊല്ലാൻ തന്നെത്തന്നെ വിലക്കാൻ എന്തുകൊണ്ടോ അയാൾക്കു കഴിഞ്ഞില്ല.
സിംലയിൽ അത് ശൈത്യകാലമായിരുന്നു. വെള്ളപ്പട്ടു പുതച്ചുറങ്ങുന്ന ഒരു സുന്ദരിയാണ് സിംലയെന്ന് വിവേകിനു തോന്നി. തീക്ഷ്‌ണമായ സുര്യകിരണങ്ങൾക്കുപോലും തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ മുടലല്ലാതെ മറ്റൊന്നും നിറയ്ക്കാനായില്ല. ആത്മാവോളം തണുക്കുന്നുണ്ടായിരുന്നു വിവേകിന്. വുളൻ വസ്ത്രങ്ങളും സ്വറ്ററും ഷോളുമെല്ലാം ആ തണുപ്പിൽ നോക്കുകുത്തികളാകുന്നത് അയാൾ അറിഞ്ഞു.
ചുറ്റും തണുത്തുമരവിച്ച നിശ്ശബ്‌ദതയിലൂടെ അയാൾ നടന്നു ചെന്നത് മാൽ റോഡിലേക്കാണ്. വാഹനങ്ങളുടെ ഇരമ്പലും ആളുകളുടെ ബഹളവും അന്തരിക്ഷത്തെ ചൂടുപിടിപ്പിക്കുന്നത് അയാൾ കണ്ടു. ഈ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് വിറയ്ക്കുന്ന കൈവിരലുകൾ അയാളെ ഓർമ്മപ്പെടുത്തി.
ആദ്യം കണ്ട ചായക്കടയിൽ കയറി ഒരു ചായയ്ക്ക് ഓർഡർ കൊടുക്കുമ്പോഴും അയാൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. പലവട്ടം സിംലയിൽ വന്നു പോയിട്ടുണ്ടെങ്കിലും വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഈ ചായക്കടയിൽ ഇങ്ങനെ… വിവേക് ഓർക്കുകയായിരുന്നു.
ഓർമ്മകളിൽ ഈ ചായക്കടയും കടക്കാരനും തണുത്തുറഞ്ഞ ഡിസംബർ പകലുകളും ഒളിമങ്ങാതെ ഇന്നുമുണ്ട്. കടക്കാരനും തന്നെ തിരിച്ചറിഞ്ഞെന്ന് അയാൾക്കുതോന്നി. വർഷങ്ങൾക്കപ്പുറം എത്രയോ പ്രഭാതങ്ങളിൽ ഈ ചായക്കടയിൽ താൻ കാത്തിരുന്നിട്ടുണ്ട്. പ്രിയപ്പെട്ട ഒരാൾക്കുവേണ്ടി സ്നേഹത്തിന്‍റെ സംഗീതം തന്നെ കേൾപ്പിച്ച ഭുതകാലത്തിലെ ആ പ്രിയപ്പെട്ട കൂട്ടുകാരി വീണയ്ക്കുവേണ്ടി…
ഒരുപക്ഷേ ഈ ചായക്കടക്കാരനും ചിലപ്പോൾ അതോർത്തു കാണും. അല്ലെങ്കിൽ പിന്നെയെന്തിനാണ് കണ്ണുകളിൽ ചിരപരിചിതമായ ഭാവം പേറി അയാൾ തന്നോടു ചിരിച്ചത്. പ്രണയം കൊണ്ട് ഭ്രാന്തെടുത്തവനെ പോലെ അലഞ്ഞ തന്നെ ഈ മലനിരകൾക്കു മറക്കാൻ കഴിയുന്നതെങ്ങനെ.
ഉള്ളിൽ തൊട്ട് തണുപ്പ് എന്തോ പറഞ്ഞപ്പോഴാണ് സ്വപ്നങ്ങളിൽ നിന്നയാൾ ഉണർന്നത്. അയാൾ ഓർക്കുകയായിരുന്നു കാലം വരുത്തിയ മാറ്റങ്ങളെ കുറിച്ച്. ഡിസംബർ പകലുകളിലെ കോടമഞ്ഞുപോലും വിറകൊള്ളിച്ചിട്ടില്ല അന്നൊന്നും. ഇപ്പോൾ നഷ്‌ടപ്രണയത്തിന്‍റെ വേദനയും വിങ്ങലും കൊണ്ട് ഇടറിപ്പോയ തന്‍റെ ആത്മാവോളം വീശിയടിക്കാമെന്നുള്ള ധാർഷ്ട്യവുമായാണ് കാറ്റ് ചുളം കുത്തി കുന്നിറങ്ങുന്നത്. തോറ്റുപോയവനെ വീണ്ടും വീണ്ടും തോൽവിയുടെ ചതു പ്പിലേക്കെറിയാൻ കാലത്തിനെന്നും ഇഷ്ടമാണ്. ഒടുവിൽ കണ്ടപ്പോൾ വീണയും അതുതന്നെയാണ് പറഞ്ഞത്. തന്‍റെ സ്വപ്നങ്ങളിൽ സൂര്യകാന്തിപ്പുക്കളുടെ തേജസ്സോടെ ജ്വലിച്ചു നിന്ന ആ പഴയ വീണയല്ലല്ലോ ഇതെന്ന് മനസ്സ് സങ്കടപ്പെടുന്നുണ്ടായിരുന്നു അപ്പോൾ. ഭൂതകാലത്തിന്‍റെ നനുത്ത ഓർമ്മകളിൽ പ്രസരിപ്പ് എന്നതിനു നേരെ താനെഴുതി ചേർത്തത് വീണയെന്നായിരുന്നു.
കൃത്യം ഒമ്പതു മണിയ്ക്ക് വീട്ടിൽ നിന്നിറങ്ങി പേരറിയാത്ത ആ കുറ്റൻ മരത്തണലിനു കീഴിലെ ചായക്കടയിൽ കാത്തുനിൽക്കുന്ന തന്‍റെയരികിലേക്ക് അവൾ നടന്നുവരുമ്പോഴൊക്കെ ഞാനത് ഉറപ്പിച്ചു കൊണ്ടിരുന്നു. സ്‌കൂളിന്‍റെ പടിവാതിലോളം അവളെ അനുഗമിക്കുമ്പോഴാകും അവളുടെ സാന്നിദ്ധ്യത്തിൽ നിന്നും എന്നിലേക്ക് പടർന്ന ഉണർവ്വിന്‍റെ സാന്നിധ്യം ഞാനറിയുക. കൈവീശി കണ്ണിൽ നിന്നും മറയുന്ന വീണയെ നോക്കി. ഒടുവിൽ തിരിഞ്ഞു നടക്കുമ്പോൾ പലപ്പോഴും ഒരു മൂളിപ്പാട്ടിന്‍റെ ഈണം ചൂണ്ടിൽ തത്തിക്കളിക്കുന്നുണ്ടാകും.
വീണ തന്‍റെ അനിയത്തിയുടെ കൂട്ടുകാരിയായിരുന്നു. പോരാത്തതിന് വീണയുടെ കുടുംബവും തന്‍റെ കുടുംബവും തമ്മിൽ വർഷങ്ങൾ നീണ്ട സൗഹൃദവും ഉണ്ടായിരുന്നു. കയ്യെത്തി തൊടാവുന്ന അകലത്തിൽ അവളുണ്ടല്ലോ എന്നു കൊതിച്ചെങ്കിലും തന്‍റെ സ്നേഹത്തെ പണത്തിന്‍റെയും സമ്പത്തിന്‍റെയും ത്രാസിൽ വെച്ചു തൂക്കിയ വീണയുടെ അച്ഛനു മുന്നിൽ താൻ ഭൂമിയോളം ചെറുതായിപ്പോയി. യാഥാർത്ഥ്യത്തിൽ നിന്ന് സ്വപ്നത്തെ ധ്രുവങ്ങളിലേയ്‌ക്ക് അകറ്റിയതും ആ മനുഷ്യനായിരുന്നു. ജാതിയോ മതമോ ഒന്നുമല്ലായിരുന്നു വീണയുടെ അച്ഛന്‍റെ പ്രശ്നം. പണമായിരുന്നു അയാളുടെ മാനദണ്‌ഡം. അതിനുമുന്നിൽ തന്‍റെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത പോലും അയാൾക്കൊന്നുമല്ലായിരുന്നു.
തന്‍റെ കഴിവിൽ വിശ്വസിച്ച് വിവാഹാലോചനയുമായി ചെന്ന തന്‍റെ മാതാപിതാക്കളെ അന്ന് വീണയുടെ അചചരൻ അപമാനിച്ചു വിട്ടപ്പോൾ മുറിപ്പെട്ട മനസ്സിന്‍റെ പിടച്ചിൽ വർഷങ്ങൾക്കിപ്പുറവും വിവേക് ഉള്ളു തൊട്ടറിഞ്ഞു.
അപമാനിതനായതിന്‍റെ വാശിയിൽ വേണ്ടെന്നുവെയ്ക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല അയാൾക്ക് വീണ. തന്‍റെ അനിയത്തിയുടെ കൂടെ സമയം കിട്ടുമ്പോഴൊക്കെ വീട്ടിലേക്കോടി വരുന്ന വീണ എന്നുമൊരു ആശ്വാസമായിരുന്നു. അവളുടെ നിഴലുപോലും സംസാരിക്കുന്നത് തന്‍റെ ഹൃദയത്തോടാണെന്ന് പലപ്പോഴും അയാൾക്കു തോന്നി. തന്‍റെ മുഖഭാവത്തിൽ നിന്നുകൂടി അവൾ വായിച്ചെടുക്കുമായിരുന്നു മനസ്സ്. വീണ ഇല്ലാതെയായാൽ ശൂന്യമായി പോകുന്ന ജീവിതം അസ്വസ്‌ഥനാക്കാൻ തുടങ്ങുകയായിരുന്നു വിവേകിനെ.
വീണയുടെ ഡിഗ്രി പരീക്ഷ കഴിഞ്ഞയുടനെ വിവാഹിതനാകാൻ അന്ന് വിവേക് തീരുമാനിച്ചു. പക്ഷേ പണം കൊണ്ട് മറ്റുള്ളവരുടെ സ്വപ്നങ്ങളെ എങ്ങനെ മുറിപ്പെടുത്താം എന്ന് തെളിയിച്ചുകൊണ്ട് പ്രശസ്തനായ അഡ്വക്കറ്റ് രാമാനന്ദന്‍റെ മകൻ ദീപക്കുമായി വീണയുടെ വിവാഹം ഉറപ്പിച്ചത് അവളുടെ അച്ഛൻ തന്നെയായിരുന്നു. വാശിക്കാരനായ കുട്ടിയെ പോലെ വീണയ്ക്കു വേണ്ടി വാശിപിടിച്ചെങ്കിലും മറ്റുള്ളവരുടെ പ്രലോഭനങ്ങൾക്കു മുന്നിൽ പിന്മാറാതിരിക്കാൻ വിവേകിനു കഴിഞ്ഞില്ല.
ത്യാഗമെന്ന ഓമനപ്പേരിട്ട് അയാൾ തന്‍റെ പ്രണയത്തിന് മനസ്സിൽ കല്ലറയൊരുക്കി. വിവാഹമണ്ഡപത്തിൽ സുമംഗലിയായി നിൽക്കുന്ന വീണയുടെ കണ്ണിൽ നഷ‌്ട സ്വപ്നങ്ങളുടെ പിടച്ചിൽ കണ്ടില്ലെന്നു നടിച്ച് അയാൾ സിംലാ കുന്നുകളിറങ്ങി. കൊൽക്കത്തയിലേക്കുള്ള ആ പറിച്ചു നടൽ അന്ന് ഒഴിവാക്കാൻ കഴിയില്ലായിരുന്നു എന്ന കാര്യം വിവേക് വേദനയോടെ ഓർത്തു.
പിന്നീടൊരിക്കലും വീണയെ കാണരുതെന്നാഗ്രഹിച്ചിട്ടും അയാൾക്ക് സിംലയിൽ പോകാതിരിക്കാനായില്ല. സന്തോഷകരമായ ജീവിതം നയിക്കുന്ന ഒരു വീണയെ പ്രതീക്ഷിച്ച വിവേക് ശരിക്കും ദുഃഖിതനായി. ഭർത്താവിന്‍റെ ദുർനടപ്പിൽ സങ്കടപ്പെട്ട് കഴിയുന്ന വീണയെയാണ് അയാൾ കണ്ടത്. ധൂർത്തനായ ദീപക് അവളുടെ ജീവിതം സങ്കീർണ്ണമാക്കുകയായിരുന്നു. സർവ്വവിധ സൗകര്യങ്ങളോടെയും വളർന്ന വീണയുടെ ഇന്നത്തെ ജീവിതം അയാളെ അസ്വസ്‌ഥനാക്കി. വേദനയോടെയാണ് അയാൾ അത്തവണ സിംലയിൽ നിന്നും മടങ്ങിയത്.
പിന്നീട് വീണയെ കാണുമ്പോഴേക്കും അവൾ വളരെ പ്രയാസപ്പെട്ട് ഒരു പ്രൈമറി സ്‌കൂളിൽ താൽക്കാലികമായി ജോലി നേടിയിരുന്നു. സാഹചര്യങ്ങളെ അതിജീവിക്കാൻ അവൾ പഠിക്കുന്നു എന്ന സന്തോഷം അന്ന് വിവേകിനു കുട്ടായി. എങ്കിലും ഒന്നിച്ചു സ്വപ്നം കണ്ട ആ സുന്ദരലോകത്തിലെ നിറയെ ചിരിക്കുന്ന വീണ എവിടെ പോയതെന്ന് അയാൾ പലപ്പോഴും തന്നോടുതന്നെ ചോദിച്ചു.
ഒഫീഷ്യൽ ആവശ്യത്തിനാണ് എന്നും പറഞ്ഞ് ഓരോ തവണയും വിവേക് സിംലയിലേക്ക് പോകുമ്പോഴും കയ്യിൽ വീണയ്ക്കു കൊടുക്കാൻ അമ്മ കൊടുത്തുവിടുന്ന മധുരപലഹാരങ്ങൾ കാണും. മരുമകളായി കുടുബത്തിലേക്കു കയറി വരേണ്ടവൾ കൈവിട്ടുപോയ സങ്കടം അമ്മയുടെ മുഖത്ത് വിവേക് പലപ്പോഴും വായിച്ചു. വീണയുടെ ഭർത്താവും അതിഥിമര്യാദകൾ മറക്കാതെ വിവേകിനെ സ്വീകരിച്ചിരുത്തി. മദ്യവും ധൂർത്തും നിറഞ്ഞ അയാളുടെ ജീവിതത്തിൽ വീണയെ സംബന്ധിച്ച് യാതൊന്നിനും പ്രസക്തിയില്ലായിരുന്നു. സ്നേഹത്തിന്‍റെതായ സ്വാർത്ഥത പോയിട്ട് സ്നേഹത്തിന്‍റെ ഒരു കണികപോലും അയാളുടെ മനസ്സിൽ ഇല്ലെന്ന് വിവേകിന് തോന്നി.
പക്ഷേ വീണ ആരോടും പരാതിപ്പെട്ടില്ല. സങ്കടങ്ങളുടെ ആ വൻതിരകളിൽ ചെന്നടിച്ചു വീഴുമ്പോഴും രക്ഷപ്പെടണമെന്ന് അവൾ ആഗ്രഹിച്ചില്ല. പരിഭവങ്ങൾ ഉറഞ്ഞുകൂടിയ ഒരു മഞ്ഞുമലയായിരുന്നു അവളുടെ മനസ്സ്. നിർവ്വികാരത കൂടുകൂട്ടിയപോലെ ഇരിക്കുന്ന വീണയെ കണ്ട് ഒരിക്കൽ വിവേക് ചോദിച്ചു: “രക്ഷപ്പെട്ടു കൂടെ നിനക്കീ ചതുപ്പിൽ നിന്ന്? എന്തിനാണ് ഈ ബന്ധം തുടരുന്നത്?”
“അങ്ങനെ വേർപെടുത്തി കളയാവുന്ന ഒന്നല്ല വിവേക് ദാമ്പത്യം, താലി കെട്ടുന്നത്ര എളുപ്പമല്ല അത് അഴിച്ചെടുക്കാൻ. ഇപ്പോൾ നിങ്ങൾക്കത് മനസ്സിലാവില്ല. നിറപ്പകിട്ടൊന്നുമില്ലെങ്കിലും ഞാൻ ജീവിച്ചു തീർക്കുന്നതും ജീവിതം തന്നെയാണ്. എനിക്കറിയാം നിങ്ങൾ ഞാൻ സന്തോഷിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാളാണെന്ന്. പക്ഷേ ജീവിതത്തിന്‍റെ യാഥാർത്ഥ്യം ഞാനിന്നറിയുന്നു, ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല.
ജീവിതത്തിൽ ചതിക്കപ്പെട്ടു എന്നതു ശരിയാണ്. പക്ഷേ അതു കരുതി ആത്മഹത്യ ചെയ്യാനോ ജീവിതത്തിൽ നിന്ന് ഒളിച്ചോടാനോ ഞാൻ തയ്യാറല്ല. നിങ്ങളോടൊക്കെ എനിക്ക് നന്ദിയുണ്ട്. അച്ഛനും അമ്മയും വിവേകും അമ്മാവന്മാരും ഏട്ടന്മാരും ഒക്കെ ഞങ്ങളെ രണ്ടുപേരെയും ഒരുപാട് സഹായിച്ചിട്ടുണ്ട്. എപ്പോഴും ഇങ്ങനെ ആരെങ്കിലുമൊക്കെ സഹായിക്കാനുണ്ടായതാണ് ഒരർത്ഥത്തിൽ ദീപകിനെ ഇത്ര ഉത്തരവാദിത്വമില്ലാത്തവനായി മാറ്റിയത്. ആരുമില്ല എന്ന തോന്നലുണ്ടായാൽ മതി, ഒരു പക്ഷേ അല്പം ഉത്തരവാദിത്വത്തോടെ അദ്ദേഹം പെരുമാറിക്കൂടാ എന്നില്ല. എനിക്കൊരൽപം സമയം കൂടി തരു എല്ലാവരും. അദ്ദേഹത്തെ മാറ്റിയെടുക്കാൻ പറ്റുമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്.
എന്നെക്കുറിച്ചോർത്ത് വിവേക് വിഷമിക്കേണ്ട. എന്‍റെ യാഥാർത്ഥ്യങ്ങളോട് ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു. പിന്നെ നിങ്ങളെന്നും എന്‍റെ കൂടെയുണ്ടല്ലോ. എന്‍റെ അഭ്യുദയകാംക്ഷിയായ്… എന്‍റെ നല്ല കുട്ടുകാരനായി. എനിക്ക് സന്തോഷിക്കാൻ ഇതൊക്കെ ധാരാളം.”
ഇതായിരുന്നു വിവേകിന്‍റെ അവസാന സിംലാ യാത്ര. തൊട്ടടുത്ത വർഷം ഗീതയുമായുള്ള വിവാഹം നടന്നു. സ്നേഹനിധിയായ ഗീത ജീവിതത്തിൽ ഒരു പുതിയ വെളിച്ചമായ് ഉണരുകയാണെന്ന് അയാൾക്കു തോന്നി. യാഥാർത്ഥ്യങ്ങളെ സ്നേഹിക്കാൻ വീണയെപ്പോലെ അയാളും ശ്രമിച്ചുകൊണ്ടിരുന്നു.
രണ്ടുവർഷങ്ങൾക്കുശേഷം ഇപ്പോൾ ഇങ്ങനെ ഈ മണ്ണിൽ നിൽക്കുന്നതും ഗീതയ്ക്കുവേണ്ടിയാണ്. കനിയുടെ വിവാഹത്തിനു നാലഞ്ചുദിവസം മുമ്പേ തന്നെ എത്തണമെന്നത് ഗീതയുടെ ആഗ്രഹമായിരുന്നു. ഗീതയുടെ ആഗ്രഹം പോലെതന്നെ സിംലയിൽ വന്നിറങ്ങുമ്പോൾ സന്തോഷപൂർവ്വം കനിയും കുടുംബവും അവരെ എതിരേറ്റു. മറ്റുള്ളവരുടെ നിറഞ്ഞ ചിരി കാണുന്നതും ഒരു സന്തോഷമാണെന്ന് വിവേക് അറിഞ്ഞു.
വിവാഹവസ്ത്രങ്ങൾ ഗീതയെ കാണിക്കുന്ന തിരക്കിലായിരുന്നു കനി. വ്യത്യസതമായ ഡിസൈനുകളിലുള്ള ആ സാരികളും ചുരിദാറുകളും ഗീതയേയും ആകർഷിച്ചു. “ഇതെവിടെ നിന്നാ കനീ?” ചോദിക്കാതിരിക്കാനായില്ല.
“ഇവിടെ അടുത്ത് പുതിയതായി ഒരു ടെക്സ്‌റ്റയിൽസ് വന്നിട്ടുണ്ട് ചേച്ചി. ചാന്ദ്‌നി ടെക്‌സ്‌റ്റയിൽസ്. ഡിസൈനർ സാരികൾ കിട്ടും അവിടെ. ഇപ്പോൾ ഡ്രസ്ലെടുക്കാൻ ആരും ഡൽഹിയിലൊന്നും പോകാറില്ല. ഇവിടെത്തന്നെ ഉണ്ട് നല്ല സെലക്ഷൻ. വേണമെങ്കിൽ ചേച്ചീ നമുക്ക് നാളെ ഒരു ഷോപ്പിംഗിനിറങ്ങാം.”
“വേണ്ട കനീ. ഞാൻ ചോദിച്ചെന്നേയുള്ളൂ. ഏതായാലും നല്ല കളക്ഷൻ.” ഗീത പറഞ്ഞു.
പിറ്റേദിവസം, വിവേകും ഗീതയുംകൂടി കറങ്ങാനിറങ്ങിയപ്പോൾ അമ്മായിയാണ് വന്നു പറഞ്ഞത്. പോയി വരുന്ന വഴി ചാന്ദ്നി ടെക്സ്റ്റൈൽസിൽ കയറി തയ്ക്കാൻ കൊടുത്ത കനിയുടെ ചുരിദാറുകൾ വാങ്ങി കൊണ്ടുവരാൻ. ടെക്സ്‌റ്റൈൽസിനു മുന്നിലെത്തിയപ്പോൾ ഗീതയെ ടെക്സ്‌റ്റൈൽസിലാക്കി വിവേക് ചുറ്റി കറങ്ങാനിറങ്ങി. “നീ തയ്ച്ച ഡ്രസ്സ് വാങ്ങി വരുമ്പോഴേക്കും ഞാൻ ഒന്ന് ചുറ്റിയിട്ടു വരാം.”
ഇവിടെ അടുത്തെവിടെയോ പണ്ട് ദീപകിനൊരു വുളൻ ഡ്രസ്സുകളുടെ കടയുണ്ടായിരുന്നല്ലോ എന്ന കാര്യം വിവേകിനപ്പോഴാണ് ഓർമ്മ വന്നത്. ഒന്ന് അന്വേഷിച്ചു നോക്കിയാൽ ചിലപ്പോൾ ഒരു പക്ഷേ വീണയേയും ദീപകിനെയും കാണാനാകും, അയാൾ കരുതി. ആൾക്കൂട്ടത്തിനിടയിൽ, കടയുടെ കൗണ്ടറുകളിൽ പരിചയമുഖങ്ങളുണ്ടോ എന്ന് തിരയുകയായിരുന്നു വിവേക്. പക്ഷേ, കാണാൻ കഴിഞ്ഞില്ല. നിരാശനായാണ് അയാൾ മടങ്ങിയത്.
തിരിച്ച് ചാന്ദ്‌നി ടെക്സ്‌റ്റൈയിലിലെത്തുമ്പോൾ അയാൾ തളർന്നിരുന്നു. അപ്പോഴാണ് കൗണ്ടറിലിരിക്കുന്ന മനുഷ്യനെ വിവേക് ശ്രദ്ധിച്ചത്.
“ഇത്…..” ഓർമ്മകളിൽ ആ മുഖം പരതി കൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ ഗീതയുടെ സ്വരം കേട്ടത്. “നോക്കിയേ, ഒരു സർപ്രൈസ്….” തിരിഞ്ഞുനോക്കിയ അയാൾ അത്ഭുതപ്പെട്ടുപോയി. ഗീതയ്ക്കൊപ്പം ആ പഴയ സുന്ദരമായ ചിരിയോടെ വീണ. “ശരിക്കും സർപ്രൈസ് തന്നെ ഗീത…” അയാൾ മനസ്സിൽ പറഞ്ഞു.
“ഇവരും നമ്മുടെ നാട്ടുകാരാണെന്ന് സംസാരിച്ചപ്പോഴല്ലേ മനസ്സിലായത്.” സിംലയിൽ ഒരു പരിചയക്കാരിയെ കണ്ടുകിട്ടിയ സന്തോഷമായിരുന്നു ഗീതയുടെ വാക്കുകളിൽ.
“അയ്യോ… സോറി. ഞാൻ പേരു ചോദിക്കാൻ മറന്നു.” ക്ഷമാരൂപേണ ഗീത വീണയോടു തിരക്കി. ഉത്തരം പറഞ്ഞത് വിവേകായിരുന്നു.
“ഗീതാ… ഇത് വീണ. നമ്മുടെ വിദ്യയുടെ കൂട്ടുകാരി അവർ ക്ലാസ്മേറ്റ്സ് ആയിരുന്നു. വിവാഹം കഴിഞ്ഞതോടെ രണ്ടുപേരും രണ്ടു വഴിയിലായി.”
“തിരക്കുകൾക്കിടയിൽ സൗഹൃദം കൈവിട്ടുപോയി എന്നു പറയുന്നതാകും ശരി. അച്‌ഛൻ മരിച്ചശേഷം അമ്മ ഞങ്ങൾക്കൊപ്പം താമസമായി. പഴയ വീടു വിറ്റ് ഞങ്ങൾ ഇവിടെ അടുത്തേയ്ക്കു മാറി. ഒന്നും ആരെയും അറിയിക്കാൻ പറ്റിയില്ല. അതോടെ വിദ്യയ്ക്ക് ഞങ്ങളെ തേടിവരാനുള്ള അഡ്രസ്സും നഷ്‌ടമായി.” നഷ്ടബോധത്തിന്‍റെ ചെറിയ വിങ്ങലോടെയാണ് വീണയത് പറഞ്ഞത്. അപ്പോഴേക്കും കൗണ്ടറിലിരിക്കുകയായിരുന്ന ദീപക് എണീറ്റ് അവർക്കരികിലേക്കു വന്നു.
“ഇപ്പോൾ നല്ല തിരക്കാണ്. ഈ ടെക്സ്റ്റൈയിൽസിലെ കാര്യങ്ങൾ നോക്കി നടത്താൻ തന്നെ സമയം തികയുന്നില്ല. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതും തയ്ച്ചെടുക്കുന്നതും സെലക്ട് ചെയ്യുന്നതും ഒക്കെ എന്‍റെ ഡിപ്പാർട്ട്മെന്‍റാണ്. ജോലിക്കാരുടെയും കൗണ്ടറിലെയും കാര്യം ദീപക് നോക്കും.” വീണ വിശേഷങ്ങൾ പറഞ്ഞു.
“അതു മാത്രമല്ല വിവേക്…. പിന്നെ ഞങ്ങളാണ് ഏറ്റവും ഭാഗ്യം ചെയ്തത ദമ്പതിമാർ. ദിവസത്തിൽ 24 മണിക്കൂറും ഞങ്ങളൊന്നിച്ചല്ലേ?” ദീപകിന്‍റെ വാക്കുകൾ കേട്ട് വീണയുടെ മുഖത്ത് നാണം വിരിയുന്നത് വിവേക് കണ്ടു. പ്രതീക്ഷകൾ വീണയെ സന്തോഷത്തിലേക്കു തന്നെയാണ് തുഴഞ്ഞു കൊണ്ടുപോയതെന്ന് അയാൾക്കു ബോധ്യമായി.
പിറ്റേദിവസം വീണയുടെ വീട്ടിൽ ചെന്നപ്പോൾ അമ്മയിൽ നിന്നുമാണ് വിവേക് കാര്യങ്ങൾ അറിഞ്ഞത്.
ടീച്ചറായി ജോലി ചെയ്യുമ്പോൾ തന്നെ ടെയ്‌ലറിംഗ് പഠിക്കാൻ വീണ സമയം കണ്ടെത്തിയിരുന്നു. വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും തയ്ക്കാനുമൊക്കെയായി വീട്ടിൽ തന്നെ ഒരു മെഷീനും വീണ വാങ്ങിച്ചു. വീണയുടെ പുത്തൻ ഡിസൈനിംഗു സെലക്ഷനുമൊക്കെ കസ്‌റ്റമേഴ്‌സിനു വളരെ പെട്ടെന്നാണ് ഇഷ്ടമായത്. പതിയെ സ്‌കൂളിലെ താൽക്കാലിക ഉദ്യോഗം കളഞ്ഞ് മുഴുവൻ സമയ തയ്യൽക്കാരിയായി അവൾ.
വീണ തയ്ച്ച വസ്ത്രങ്ങൾ ട്രെൻഡായതോടെ ദീപകിന്‍റെ ചെറിയ ടെക്‌സ്റ്റൈയിൽസും അഭിവൃദ്ധി പ്രാപിച്ചു. പതിയെ സിംലയിലെ നമ്പർ വൺ വസ്ത്രകേന്ദ്രമായി ‘ചാന്ദ്‌നി ടെക്സ് റ്റൈൽസ്. കുറേക്കൂടെ തിരക്കുള്ള സിംലയുടെ ഹൃദയഭാഗത്തേക്ക് ദീപകും വീണയും ചേർന്ന് തങ്ങളുടെ ടെക്സ്റ്റൈൽസ് മാറ്റി സ്‌ഥാപിച്ചതോടെ ദീപകിന്‍റെ ബിസിനസ്സ് ഗ്രാഫും കുത്തനെ ഉയർന്നു.
വീണയുടെ ജീവിതത്തിലെ സന്തോഷത്തിന്‍റെ തിളക്കം അവരുടെ വീട്ടിലും വിവേക് കണ്ടു. അടുക്കുംചിട്ടയുമുള്ള അവരുടെയാ ഇരുനിലവീടും പരിസരവും കുടുംബാന്തരീക്ഷവും വിവേകിന്‍റെ മനസ്സിനെ സ്‌പർശിച്ചു.
വീണയുടെ മകൾക്കു നൽകാനായി ആദ്യമേ കളിപ്പാട്ടങ്ങളും സമ്മാനങ്ങളും വാങ്ങി കരുതിയിരുന്നു ഗീത. സ്നേഹത്തോടെ ആ കുട്ടിയെ എടുത്ത് നെഞ്ചോട് ചേർത്തപ്പോൾ മനസ്സ് ആർദ്രമായ പോലെ അയാൾക്കുതോന്നി. തന്‍റെ വീണയുടെ മകൾ! ഒരു കുഞ്ഞു താന്തോന്നി വേദന അപ്പോഴത്തെ ആ വലിയ സന്തോഷങ്ങൾക്കിടയിലും അയാളുടെ മനസ്സിൽ നഖമാഴ്ത്തി.