അഭിരാമിയ്ക്ക‌് ആകപ്പാടെ ഒരു വല്ലായ്‌മ പോലെ. ഒരിടത്തിരുന്നി ട്ട് ഒരു സമാധാനവും കിട്ടുന്നില്ല. കാരണം മറ്റൊന്നുമല്ല, പുതിയതായി പണി കഴിപ്പിച്ച കാപ്പുവളയും വജ്ര മോതിരവും കുട്ടുകാരികൾക്കു മുന്നിൽ പ്രദർശിപ്പിക്കാനാവാത്തതിലുള്ള അമർഷമാണ്.
അവൾ അസ്വസ്‌ഥതയോടെ കൈയിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് മുറിയിലൂടെ നാലഞ്ചുവട്ടം നടന്നു. ഇടയ്ക്ക് ഡ്രസ്സിംഗ് റൂമിലെത്തി കണ്ണാടിക്കു മുന്നിൽ നിന്ന് കൈയിലണിഞ്ഞിരിക്കുന്ന മോതിരത്തിന്‍റെയും വളയുടെയും ഭംഗി ആസ്വദിക്കും. അതിനിടയിൽ അലമാര തുറന്ന് ഏതു സാരിയാണ് ഉടുക്കേണ്ടതെന്ന് കാര്യമായി തിരയുവാനും തുടങ്ങി.
“പാർട്ടിയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ സാരി സെലക്റ്റ് ചെയ്‌തതുകൊണ്ടുമാത്രം എന്തു പ്രയോജനം?’ നിരാശാഭാവത്തോടെ പിറുപിറുത്തുകൊണ്ട് അഭിരാമി അലമാര ആടച്ചു.
“നീയെന്തിനാ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നത്. എവിടെയെങ്കിലും ഒരിടത്ത് അടങ്ങിയിരിക്ക്.” അഭിരാമിയുടെ ദേഷ്യവും സങ്കടവും കലർന്ന മുഖഭാവം കണ്ട് ഭർത്താവ് സന്ദീപ് പറഞ്ഞു.
“നിങ്ങളെന്തിനാ കണ്ണുമിഴിച്ച് നോക്കുന്നത്, സുഖമില്ലെങ്കിൽ മിണ്ടാതെ കിടന്ന് ഉറങ്ങിയാൽ പോരേ മനുഷ്യാ” അഭിരാമി പല്ലിറുമ്മി.
“നീ ശബ്ദമുണ്ടാക്കി മുറിയിലൂടെ ഓടി നടന്നാൽ ഞാനെങ്ങനെയാ ഒന്ന് സ്വസ്‌ഥമായി ഉറങ്ങുന്നത്?”
“ജയശ്രീയുടെ വീട്ടിൽ നടത്തുന്ന പാർട്ടിയിൽ പങ്കെടുക്കണമെന്ന് ഞാൻ കഴിഞ്ഞ ആഴ്‌ച തന്നെ നിങ്ങളോടു പറഞ്ഞിരുന്നതല്ലേ? ആ ദിവസം തന്നെ പനിപിടിച്ച് കിടപ്പിലുമായി. നിങ്ങൾക്ക് കുറച്ചുശ്രദ്ധിച്ചുകൂടേ, പനി വരാൻ കണ്ട സമയം.” അഭിരാമിയുടെ സ്വരം കുറ്റപ്പെടുത്തുന്നതായിരുന്നു.
“നിന്‍റെ പറച്ചിൽ കേട്ടാൽ തോന്നും ഞാൻ കരുതിക്കൂട്ടി അസുഖം വരുത്തിയതാണെന്ന്. നീയെന്തിനാ വിഷമിക്കുന്നേ, എല്ലാ മാസവും മുറയ്ക്ക് ബർത്ത്‌ഡേ പാർട്ടിയും കിറ്റി പാർട്ടിയുമൊക്കെ നടത്തുന്നുണ്ടല്ലോ. തൽക്കാലം ഇന്നത്തെ പാർട്ടി ഒഴിവാക്കണം, അത്രയല്ലേയുള്ളൂ.”
ഇതുകേട്ട അഭിരാമിയുടെ മുഖത്ത് നിരാശ നിഴലിച്ചു. “ഈ വളയും മോതിരവുമൊക്കെ എല്ലാവരേയും കാണിക്കാൻ ഇനിയും ഒരു മാസം കാത്തിരിക്കണമെന്നോ? എന്തായാലും ഈ വജ്രമോതിരം രമ്യയെ കാണിക്കാതെ പറ്റില്ല. അവൾ കഴിഞ്ഞമാസം ഒരു തുക്കടാ മോതിരവും കൊണ്ട് വന്നിരുന്നു. ഹൊ! അവളുടെ മട്ടുംഭാവവും ഒന്നു കാണേണ്ടതായിരുന്നു.”
“ഇതാണോ ഇത്ര വലിയ കാര്യം, നിനക്ക് അടുത്ത മാസം ഇതൊക്കെ പ്രദർശിപ്പിക്കാമല്ലോ.” സന്ദീപ് ആശ്വസിപ്പിച്ചു.
“ഒഹ്! നിങ്ങളെക്കൊണ്ട് തോറ്റു. അടുത്തമാസം ആരൊക്കെയുണ്ടാവുമെന്നാർക്കറിയാം. അതുവരെ കാത്തിരുന്നാൽ എനിക്ക് വല്ല ഭ്രാന്തും പിടിക്കും.”
“എന്നാ പിന്നെ ഇനി ഒരൊറ്റ ഉപായമേയുള്ളു. നീയെനിക്കൊരു ഉറക്ക ഗുളിക താ. ഞാൻ മിണ്ടാതെ ഇവിടെയെങ്ങാനും കിടന്നുറങ്ങാം. നിനക്ക് സമാധാനമായി പാർട്ടിയ്ക്കും പോകാമല്ലോ.”
“ഒഹ്! നിങ്ങൾ പറയുന്നതുകേട്ടാൽ തോന്നും എപ്പോഴും എന്നെക്കുറിച്ചുള്ള വിചാരമാണ് നിങ്ങൾക്കെന്ന്.”
“സാരമില്ല നീ ധൈര്യമായി പൊയ് ക്കോ, ഒരു മണിക്കുറിന്‍റെ കാര്യമല്ലേയുള്ളു. ഞാൻ ഉറങ്ങിയും ടി.വി. കണ്ടു. മൊക്കെ സമയം ചെലവഴിച്ചോളാം. എനിക്ക് ഒരു ഗ്ലാസ്സ് ചായ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. അവിടെ വച്ച് ആരെങ്കിലും എന്നെ അന്വേഷിച്ചാൽ സുഖമില്ലെ ഒന്നൊന്നും പറയേണ്ട.”
സന്ദീപിനു ചായയുണ്ടാക്കി കൊടുത്തശേഷം ഡ്രസ് ചേഞ്ച് ചെയ്‌ത് അഭിരാമി പാർട്ടിയിലെത്തിയപ്പോഴേക്കും സമയം മൂന്നുമണിയോടടുത്തിരുന്നു. അയ്യോ! ഇതെന്തു പറ്റി? നമ്മുടെ ‘പങ്ചൽ ക്വീൻ’ ഇന്നെന്താ ലേറ്റായത്?” ചോദ്യങ്ങൾ ഉയർന്നു.
കൈയിലണിഞ്ഞ വളയും മോതിരവും എല്ലാവരേയും കാണിക്കുവാനായി അവൾ നെറ്റിയിൽ വീണ മുടിച്ചുരുൾ വശത്തേയ്ക്ക് വകഞ്ഞു മാറ്റി. “ഇടയ്ക്കൊക്കെ വൈകി വരുന്നതും നല്ലതല്ലേ. ദാ ഇപ്പോ തന്നെ കണ്ടില്ലേ ഞാൻ പങ്‌ചൽ കീൻ ആണെന്ന കാര്യം ഇപ്പോഴാ അറിയുന്നത്.”
നന്ദന പെട്ടെന്ന് അഭിരാമിയുടെ കൈയിലെ വള ശ്രദ്ധിക്കാനിടയായി. ഇതു മനസ്സിലാക്കിയ രമ്യ ഇടയ്ക്കു കയറി അഭിപ്രായം പറഞ്ഞു. “അറിഞ്ഞോ, ഇന്നലെ റോസിയുടെ ഭർത്താവിന് ഒരു ആക്സിഡൻറുണ്ടായി. തലനാരിഴയ്ക്കാ രക്ഷപ്പെട്ടത്” എല്ലാവരേയും നോക്കി രമ്യ തുടർന്നു. എന്‍റെ ഭർത്താവിനും ഒരാക്‌സിഡൻറുണ്ടായി. എന്തു പറയാനാ. ഇപ്പറഞ്ഞതിലും ഭയങ്കരമായിരുന്നു. ചേട്ടൻ രക്ഷപ്പെട്ടത് എങ്ങനെയെന്നോർത്ത് എല്ലാവരും അത്ഭുതപ്പെട്ടു. മരുമകളുടെ ഭക്‌തിയും പാതിവ്രത്യവും കൊണ്ടുമാത്രമാണ് എന്‍റെ മകൻ അപമൃത്യുവിൽ നിന്നും രക്ഷപ്പെട്ടതെന്ന് അമ്മായിയമ്മ പറഞ്ഞതുകേട്ടപ്പോൾ സന്തോഷംകൊണ്ട് എന്‍റെ കണ്ണു നിറഞ്ഞു.
രമ്യയുടെ പൊങ്ങച്ചം കേട്ട് കൂടി നിന്നവർ പുച്‌ഛത്തോടെ പരസ്‌പരം നോക്കി ചിരിച്ചു. അടുത്തത് തന്‍റെ ഊഴമാണെന്ന ഭാവേന ശ്രുതി സംസാരം തുടർന്നു. “വാസ്തവം പറഞ്ഞാൽ രമ്യ പറഞ്ഞതിലും കാര്യമുണ്ട്. കഴിഞ്ഞവർഷം നവംബറിൽ എന്‍റെ ഭർത്താവിനു ബ്ലഡ് പ്രഷർ വല്ലാതെ കുടി. ഡോക്‌ടർ ടെസ്‌റ്റു ചെയ്‌തപ്പോൾ 240. പക്ഷേ ഇതിയാൻ മുഖഭാവം കണ്ടാൽ അസുഖമാണെന്നേ പറയില്ല. ഇത്ര ഹൈ ബി.പി.യിലും ഇങ്ങേരെങ്ങനെ എഴുന്നേറ്റു നടക്കുന്നുവെന്നോർത്ത് ഡോക്ടർക്കുപോലും ആശ്ച്ചര്യംതോന്നി. ഈ അവസ്‌ഥയിൽ എന്തും സംഭവിക്കാം. ബ്രെയിൻ ഹെമറേജ്, ഹാർട്ട് അറ്റാക്ക്… ബി.പി. 240 ആയത് അത്ര നിസ്സാരമാണോ. ശ്രുതിയുടെ പാതിവ്രത്യവും സ്നേഹവും ഒന്നുമാത്രമാണ് സജീവിനെ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടു വന്നതെന്ന് സുഹ്യത്തു ക്കൾ പറഞ്ഞു. അല്ലെങ്കിൽ പിന്നെ ബി.പി. 200 ആവുമ്പോഴേക്കും ആളു തട്ടിപ്പോവേണ്ടതല്ലേ.”
ഒരു വിഷയത്തിനു തുടക്കം കിട്ടിയെന്നതുപോലെ കിറ്റി പാർട്ടിയ്ക്കെത്തിയ ഓരോരുത്തരായി അവരവരുടെ സത്യവാൻ സാവിത്രി ചരിത്രം വിളമ്പുവാൻ തുടങ്ങി. കൂട്ടത്തിൽ ഒരാളുടെ ഭർത്താവിനു ചെറിയൊരു ഹാർട്ട് അറ്റാക്ക്, പിന്നെ പക്ഷിപ്പനി… ചിക്കുൻഗുനിയ, ജപ്പാൻ ജ്വരം… തക്കാളിപ്പനി…. എലിപ്പനി… ഭൂത പ്രേതബാധയിൽ നിന്നും ഭർത്താവിനെ രക്ഷിച്ച കഥ വേറെയും പൊന്തിവന്നു.
ചുരുക്കത്തിൽ കീറ്റി പാർട്ടിയ്ക്ക് എത്തിയവരെല്ലാം ശീലാവതികളായിരുന്നു. തങ്ങളുടെ ‘നല്ല നടപ്പ്’ ഭർത്താക്കന്മാരെ മരണത്തിൽ നിന്നും രക്ഷിച്ചതായാണ് എല്ലാവരും സ്‌ഥാപിച്ചത്. ചർച്ചയ്ക്കിടയിൽ അഭിരാമിയുടെ വളയും മോതിരവും ആരും ശ്രദ്ധിച്ചില്ല. പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയ കഥകളൊന്നും അഭിരാമിയുടെ പക്കൽ ഇല്ലായിരുന്നു താനും.
ഭക്ഷണം കഴിച്ച് എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക് മടങ്ങി. അഭിരാമി മാത്രം ആകെ മൂഡോഫായിരുന്നു. പാർട്ടിയിൽ ആക്‌സിഡന്‍റ് വിഷയം എടുത്തിട്ട രമ്യയോട് അവൾക്ക് അടക്കാനാവാത്ത ദേഷ്യം തോന്നി.
വാസ്തവത്തിൽ ‘സെൻറർ ഓഫ് അട്രാക്ഷൻ’ ആകേണ്ടിയിരുന്നത് തന്‍റെ വളയും മോതിരവുമായിരുന്നു. എന്നാൽ ശ്രദ്ധ തിരിച്ചുവിട്ട് എല്ലാം തുലച്ചില്ലേ ആ രമ്യ. വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സന്ദീ പ് ടി.വി. പരിപാടികൾ കണ്ടുകൊണ്ടിരിക്കുകയാണ്. “എന്തായി, കൂട്ടുകാരികൾക്ക് നിന്‍റെ വളയും മോതിരവുമൊക്കെ ഇഷ്ടമായോ?” സന്ദീപ് അല്‌പം പരിഹാസത്തോടെ ചോദിച്ചു.
“മണ്ണാങ്കട്ട… മോതിരവും വളയുമൊന്നും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ആ ഭയങ്കരി രമ്യയാണ് കാരണം. എന്‍റെ ഇന്നത്തെ ദിവസം തന്നെ പാഴായെന്ന് പറഞ്ഞാൽ മതിയല്ലോ. എന്‍റെ വളയും മോതിരവും അവൾ തീർച്ചയായും കണ്ടു കാണും. എല്ലാവരും അതിൽ ശ്രദ്ധിക്കുമെന്ന അസൂയകൊണ്ട് അവൾ റോസിയൂടെ ഭർത്താവിന്‍റെ ആക്‌സിഡന്‍റ വിഷയം അവതരിപ്പിച്ചതാണ്. സംശയമില്ല.” അഭിരാമിയുടെ ശബ്ദമിടറി.
“ഇതുനല്ല തമാശ, ഒന്നര മണിക്കൂറും റോസിയുടെ ഭർത്താവിന്‍റെ ആക്‌സിഡന്‍റിനെക്കുറിച്ചാണോ അവിടെ സംസാരരമുണ്ടായത്.” സന്ദീപ് തിരക്കി.
“എന്തു പറയാനാ, പിന്നീട് ഓരോരുത്തരായി തുടങ്ങിയില്ലേ പുരാണപാരായണം, ഭർത്താക്കന്മാരെ വലിയ ആപത്തിൽ നിന്നും രക്ഷിച്ച കഥകൾ! എനിക്കൊരുത്തിയ്ക്ക് മാത്രം ഒന്നും പറയാനില്ലാതെ നിൽക്കേണ്ടിവന്നു. അവരുടെയൊക്കെ ഭർത്താക്കന്മാർക്ക് നല്ല ഹൈ ഫൈ രോഗങ്ങളല്ലേ പിടിപെട്ടത്. നിങ്ങൾക്കാകട്ടെ ഒരു നിസ്സാര പനിമാത്രം, എന്തെങ്കിലും ഗുരുതരരോഗമായിരുന്നെങ്കിൽ കൂട്ടുകാരികളോട് അഭിമാനത്തോടെ പറയാമായിരുന്നു!” അഭിരാമി എഴുന്നേറ്റ് ചവിട്ടിത്തുള്ളി അകത്തേയ്ക്ക് പോയി. “ഇനി ഇവളുടെ പ്രാർത്ഥന കാരണം എനിക്കെങ്ങാനും ബ്രെയിൻ ട്യൂമർ വരുമോ… അയ്യോ… എന്നെ രക്ഷിക്കണേ..” തലവേദന സഹിക്കാനാവാതെ സന്ദീപ് നെറ്റി തടവി.