ഭർത്താവിനെ ചൊൽപ്പടിക്ക് നിർത്തുന്നതിൽ ചില ഭാര്യമാർ ബഹുകേമികളാണെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും വിവാഹിതനായതോടെയാണ് യഥാർത്ഥത്തിൽ എനിക്കത് മനസ്സിലായിത്തുടങ്ങിയത്. ഭർത്താവിന്‍റെ തീരുമാനങ്ങളെല്ലാം തകിടം മറിച്ച് തന്‍റെ അധികാരം സ്ഥാപിക്കാനുള്ള വ്യഗ്രത ഭാര്യ കഴിഞ്ഞേ മറ്റാർക്കും ഉണ്ടാകൂ എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ലായിരുന്നു.
ഒരു അവധി ദിവസം ഭാര്യയേയും കൂട്ടി പുറത്തൊന്നു കറങ്ങാമെന്നു ഞാൻ കരുതി. "ഡാർലിംഗ്, നമുക്കിന്നു വൈകു ന്നേരം 'ജോധാ അക്ബർ' കാണാൻ പോയാലോ?" ഞാൻ സ്നേഹത്തോടെ അവളോടു ചോദിച്ചു.
അവൾ കേട്ടഭാവം പോലും നടിച്ചില്ല. തീരെ സമയമില്ലെന്ന മട്ടിൽ അവളെന്നെ ഗർവ്വോടെ നോക്കി. “എന്തൊക്കെയാ ഈ പറയുന്നത്. സിനിമ കാണാനോ, ഇന്നെനിക്കൊരു കിറ്റി പാർട്ടിയുണ്ട്...” അവൾ തറപ്പിച്ചു പറഞ്ഞു.
കിറ്റി പാർട്ടിയിൽ പങ്കെടുക്കാതിരിക്കുന്നതിനെക്കുറിച്ച് അവൾക്ക് ആലോചിക്കാനേ വയ്യ. ദേഷ്യപ്പെട്ടിരിക്കുന്ന പൂച്ചയുടേതു പോലെ ഞാനൊന്നു മുരണ്ടു. പല്ലിറുമ്മി ദേഷ്യമടക്കി. തൽക്കാലം യാതൊന്നും മിണ്ടാതിരിക്കുന്നതാ ബുദ്ധിയെന്ന് എനിക്ക് തോന്നി. ഊതിവീർപ്പിച്ച ബലൂണിൽ പിൻ കൊണ്ട് കുത്തിയാലെന്നപോലെ നിമിഷ നേരത്തിനകം എന്‍റെ സിനിമാമോഹവും പൊട്ടിപ്പോയി! കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് ഭാവിയ്ക്ക് നല്ലതെന്ന് എനിക്ക് തോന്നിത്തുടങ്ങി...
ഭർത്താവിനെ നിലയ്ക്കു നിർത്തുവാനും മെരുക്കുവാനുമുള്ള മാന്ത്രികവിദ്യ സ്ത്രീകൾ എവിടെനിന്നാണ് അഭ്യസിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ഒരുപക്ഷേ അമ്മമാരിൽ നിന്നാവുമോ, അതുമല്ലെങ്കിൽ കൂട്ടുകാരികളിൽ നിന്നോ, അതോ ടിവി സീരിയലിലെ വില്ലത്തികളിൽ നിന്നാവുമോ? കുടുംബ ജീവിതമെന്ന യുദ്ധക്കളത്തിൽ അവരെന്തൊക്കെ യുദ്ധമുറകളാണ് നിരന്തരം പയറ്റുന്നത്! അവസാനം ഒന്നും പണയപ്പെടുത്താനില്ലാത്തവനെപ്പോലെ നിസ്സഹായനായി ഭർത്താവിന് അടിയറവു പറയേണ്ടതായും വരുന്നു.
മുമ്പ് താൻ നിശ്ചയിച്ചുറപ്പിച്ച പരിപാടികളൊക്കെ തകിടം മറിഞ്ഞതിനു പിന്നിൽ അവളുടെ കൈകളാണെന്നറിഞ്ഞതിനാൽ ഞാൻ ഇപ്പോൾ ശ്രദ്ധിച്ചാണ് കളിക്കുന്നത്. ഇവളെനിക്ക് ആപത്ത് വരുന്നരീതിയിലുള്ള കളിയായിരിക്കും പുറത്തെടുക്കുക. ഇല്ലെങ്കിൽ എന്‍റെ ആത്മാഭിമാനവും ആത്മവിശ്വാസവും തകർക്കാനായുള്ള എന്തെങ്കിലും ഗുഢാലോചനയായിരിക്കും.
ഈയിടെയുള്ള അവളുടെ പെരുമാറ്റം എന്നെ ശരിയ്ക്കും കുഴക്കിയിരിക്കുകയാണ്. ഞങ്ങളുടെ വീട്ടിൽ ഇരു പാർട്ടികളിലേതെന്നപോലെ പരസ്‌പരം പഴിചാരലും പോർവിളിയും സാധാരണമായിത്തീർന്നു. സുശക്തയായ നേതാവിനെപ്പോലെയാണ് എന്‍റെ സഹധർമ്മിണിയുടെ ഇടപെടൽ. കിട്ടിയാൽ ഭരണപക്ഷത്തിന്‍റെ കാലുവാരാനുള്ള ശ്രമം. ഒരായിരംവട്ടം അവളോട് ഇതേക്കുറിച്ച് ചോദിക്കണമെന്നു തോന്നിയതാ. നേരായ ചോദ്യങ്ങൾ വെറുതെ വളച്ചൊടിക്കുന്നത് എന്തിനാണെന്നെനിക്ക് മനസ്സിലായില്ല. ഭർത്താവ് പ്ലാൻ ചെയ്യുന്ന പദ്ധതികളൊക്കെയും നിമിഷനേരത്തിനകം തകർത്ത് കാറ്റിൽ പറത്തുന്നതിനുവേണ്ടിയാണോ ഭാര്യയെ സൃഷ്ടിച്ചിരിക്കുന്നതെന്നു തോന്നും. ഇവളുടെ ഈ പ്രത്യേക സിദ്ധിയ്ക്കുമുന്നിൽ ഭർത്താവായ ഞാൻ നിസ്സ ഹായനായിത്തീരും. സ്വേച്ഛാധിപതിയെപ്പോലെയാണ് അവളുടെ പെരുമാറ്റം.
“ഞാൻ ഒരു പാർട്ടിക്ക് പോവുകയാണ്, മടങ്ങി വരുമ്പോഴേക്കും നിങ്ങൾ മാർക്കറ്റിൽപ്പോയി ഫ്രൂട്ട്സും പച്ചക്കറിയുമൊക്കെ വാങ്ങി വയ്ക്കൂ. ഞാനെങ്ങാനും വരാൻ വൈകിയാൽ ദാ, ഈ രണ്ടുമൂന്ന് സാരി പ്രസ്സ് ചെയ്തു വയ്ക്കണേ, പിന്നെ വീട്ടിൽ ഒരു പ്രത്യേക ശ്രദ്ധവേണം.” വീട്ടിലെ ബോസായ അവൾ എനിക്കുവേണ്ട മാർഗ്ഗനിർദ്ദേശങ്ങളെല്ലാം നൽകി അപ്രത്യക്ഷയായി. എനിക്കു നിശ്ശബ്ദനായി നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. എന്നെ എത്ര നന്നായിട്ടാ ഇവൾ ഭരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞെങ്കിലും മനസ്സിനെ സ്വയം സാന്ത്വനിപ്പിച്ചു. ആജ്‌ഞാനുവർത്തിയായ ഭർത്താവിന്‍റെ ഗുണങ്ങൾ സാവകാശം എന്നിൽ പ്രകടമായിത്തുടങ്ങി. അറബിയുടെ അടിമയെപ്പോലെ ഞാൻ നിശ്ശബ്ദനായി ജോലികൾ ഓരോന്നായി ചെയ്തു തീർത്തു. ഭാര്യയുടെ ചൊൽപ്പടിക്കു തുള്ളുന്ന ഭർത്താക്കന്മാരുടെ സങ്കടം അപ്പോഴാണ് എനിക്ക് മനസ്സിലായത്. തിരിച്ചെത്തിയ അവൾ തന്‍റെ ലക്ഷ്യം സഫലീകരിച്ചതിന്‍റെ ചാരിതാർത്ഥ്യത്തിൽ ഒരു ദീർഘനിശ്വാസംവിട്ട് പുഞ്ചിരിപൊഴി ച്ചു. "റോസാ പുഷ്പം പോലിരുന്ന ചേട്ടൻ മുഖമെന്താ പെട്ടെന്നു വാടിയത്. വെറുതെ ദേഷ്യപ്പെടേണ്ട, ഈവനിംഗ് ഷോയ്ക്ക് പോകാൻ സാധിച്ചില്ലെന്നോർത്ത് സങ്കടപ്പെടണ്ട. നൈറ്റ് ഷോയ്ക്കെങ്കിലും നമുക്ക് 'ജോധാ അക്ബർ കാണാൻ പോകാം. സിനിമ തുടങ്ങാനിനിയും ഏറെ സമയമുണ്ടല്ലോ" അവൾ അടുത്ത പദ്ധതി പ്ലാൻ ചെയ്യുകയാണ്.