രക്തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കി ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്ന വൃക്കകളിൽ ഉണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നവും വലിയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. അല്ലെങ്കിൽ വൃക്ക തകരാറിലാകാനും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായിരിക്കും ഫലം. പ്രതിരോധിക്കാൻ കഴിയുന്ന ഒരു രോഗാവസ്ഥയാണ് വൃക്കയിലെ കല്ലുകൾ എന്നിരിക്കെ രോഗമെത്തി ചികിത്സിക്കുന്നതിലും നല്ലത് അതിനെ പ്രതിരോധിക്കുക തന്നെയാണ്.

എന്താണ് വൃക്കയിലെ കല്ലുകൾ

ധാതുക്കളും വിവിധ ലവണ പദാർത്ഥങ്ങളും ശരീരത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമുള്ള തോതിൽ ഇവ ഉപയോഗിച്ച് മിച്ചം ഉള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നു. എന്നാൽ കാൽസ്യം ഫോസ്ഫേറ്റ്, ഓക്സിലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ പദാർത്ഥങ്ങൾ മൂത്രത്തിൽ ക്രമാതീതമായി വർദ്ധിക്കുമ്പോൾ ഇവ കേന്ദ്രീകരിക്കുകയും ക്രിസ്റ്റലൈസ് ചെയ്യുകയും കല്ലുകൾ ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇവ മൂത്രവാഹിനി കുഴലിലേക്കും മൂത്രസഞ്ചിയിലേക്കും എത്തുമ്പോൾ അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.

ലക്ഷണങ്ങൾ

  • വേദനയാണ് പ്രധാന ലക്ഷണം, പിൻഭാഗത്ത് വാരിയല്ലുകളുടെ താഴെ നിന്ന് തുടങ്ങി അടിവയറ്റിലേക്ക് നീളുന്ന വേദന.
  • മൂത്രത്തിൽ രക്തത്തിന്‍റെ അംശം. കല്ല് മൂത്രവാഹിനി കുഴലിലൂടെ പോകുമ്പോൾ ഉണ്ടാകുന്ന മുറിവുകളാണ് മൂത്രത്തിൽ രക്തം കലരുന്നതിന്‍റെ കാരണം.
  • മൂത്രത്തിന്‍റെ അളവ് കുറയുന്നത്.
  • മനം പുരട്ടലുംഛർദ്ദിയും.
  • യഥാസമയത്ത് ചികിത്സിക്കാതെ വന്നാൽ അണുബാധയായി മാറി വിറയലോടു കൂടിയുള്ള പനി ഉണ്ടാകാം.

കാരണങ്ങൾ

  • വൃക്കയിൽ കല്ലുണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. വെള്ളം കുടി കുറയുന്നതാണ് പ്രധാന കാരണം. ധാരാളം വെള്ളം കുടിച്ചാൽ ധാതുലവണങ്ങൾ ഒന്നിച്ചു കൂടാനും അടിയാനുമുള്ള സാധ്യത കുറയും, അത് കല്ലിന്‍റെ സാധ്യത കുറയ്ക്കും.
  • ഭക്ഷണത്തിലെ ഉയർന്ന അനിമൽ പ്രോട്ടീൻ അളവ് ഓക്സിലേറ്റ്, യൂറിക്കാസിഡ് കല്ലുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
  • ഉയർന്ന ചൂടുള്ള കാലാവസ്ഥ. ചൂട് കൂടുമ്പോൾ മൂത്രത്തിന്‍റെ അളവ് കുറഞ്ഞ് കട്ടി കൂടുന്നു. ഇത് കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
  • അമിതവണ്ണം, ഹൈപ്പർ പാരാ തൈറോയിഡിസം, വൃക്ക സംബന്ധമായ ട്യൂബുലാർ ആസിഡോസിസ്, ഹൈപ്പർ കാൽസിനൂറിയ എന്നീ അവസ്ഥകളും കല്ലിന് സാധ്യത കൂട്ടുന്നു.

കല്ലുകൾപലവിധം

കല്ലുകളുടെ രാസഘടനയാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. കാൽസ്യം കല്ലുകൾ, യൂറിക് ആസിഡ് കല്ലുകൾ എന്നിവയാണ് പ്രധാനപ്പെട്ടത്. കാൽസ്യം ഓക്സലേറ്റ്, കാൽസ്യം ഫോസ്ഫേറ്റ് എന്നിങ്ങനെയുള്ള കാൽസ്യം കല്ലുകൾ കണ്ടുവരുന്നു.

യൂറിക്കാസിഡ് കല്ലുകൾ  മദ്യപാനവും സോഫ്റ്റ്ഡ്രിങ്ക്സും, ചുവന്ന മാംസത്തിന്‍റെ ഉപയോഗവും ഇത്തരം കല്ലുകളുടെ സാധ്യത കൂട്ടുന്നു.

സ്ട്രൂവൈറ്റ് കല്ലുകൾ- തുടർച്ചയായ മൂത്രാശ അണുബാധയിലൂടെ ഉണ്ടാകുന്നു. സിസ്റ്റീൻ അമിനോ ആസിഡ്ത തുടർച്ചയായി മൂത്രത്തിലൂടെ വിസർജിക്കപ്പെടുമ്പോഴാണ് ‘സിസ്റ്റീൻ’ കല്ലുകൾ ഉണ്ടാകുന്നത്.

രോഗനിർണയം

അൾട്രാസൗണ്ട്, എക്സ്-റേ KUB എന്നിവയിലൂടെ രോഗനിർണയം എളുപ്പം സാധ്യമാകുന്നു. മൂത്രവാഹിനി കുഴലിൽ ഉണ്ടാകുന്ന തടസ്സം മൂലം ഉണ്ടാകുന്ന ഹൈഡ്രോ നെഫ്രോസിസ് കണ്ടെത്താനും അൾട്രാസൗണ്ട് സ്കാനിംഗ് സഹായിക്കും. പൊതുവേ അനുയോജ്യമായ പരിശോധനയാണ് പ്ലെയിൻ സിടി KUB, എല്ലാത്തരം കല്ലുകളെയും വ്യക്തമായി കാണാൻ സാധിക്കുന്നതും യഥാർത്ഥ വലുപ്പം, അവ സ്ഥിതി ചെയ്യുന്ന സ്ഥലം, വൃക്കകളുടെ പ്രവർത്തനത്തിന് ഉണ്ടാകുന്ന തടസ്സം എന്നിവയും മനസ്സിലാക്കാം. അണുബാധ തിരിച്ചറിയാൻ രക്ത പരിശോധന അനിവാര്യമാണ്.

എങ്ങിനെ പ്രതിരോധിക്കാം

  • ദിവസവും 2-2 .5 ലിറ്റർ മൂത്രമെങ്കിലും ഉണ്ടാകുന്ന തരത്തിൽ വെള്ളം കുടിക്കുക.
  • സോഡിയത്തിന്‍റെ ഉപയോഗം കുറയ്ക്കുക. ദിവസേനയുള്ള ആഹാരത്തിൽ സോഡിയം 2 ഗ്രാം ആയി ചുരുക്കണം. സോഡിയത്തിന്‍റെ പ്രധാന ഉറവിടം ഉപ്പാണ്.
  • ഓക്സിലേറ്റ് അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. പാലക് ചീര, ഡാർക്ക് ചോക്ലേറ്റ്, പച്ച ഇലകറികൾ എന്നിവയിലെല്ലാം ഓക്സിലേറ്റ് അടങ്ങിയിട്ടുണ്ട്.
  • ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണക്രമം ഒഴിവാക്കുക. അനിമൽ പ്രോട്ടീൻ ആയ ചുവന്ന മാംസം, കോഴിയിറച്ചി, സമുദ്രോല്പന്നങ്ങൾ എന്നിവയുടെ അളവ് കുറയ്ക്കുക.

ഹോമിയോപ്പതിയുടെ പ്രസക്തി

ഹോമിയോപ്പതി ഉപയോഗിക്കുന്നതിന്‍റെ ഏറ്റവും വലിയ നേട്ടം അത് ശരീരത്തെ മൊത്തമായി പരിഗണിക്കുന്നു എന്നതാണ്. സ്വയമേ സുഖപ്പെടാനും രോഗങ്ങളിൽ നിന്ന് മുക്തി നേടാനുമുള്ള സ്വാഭാവികശേഷി ശരീരത്തിന് ഉണ്ടെന്ന് അടിസ്ഥാനമാക്കിയുള്ള ഒരു വൈദ്യശാസ്ത്രമാണിത്. ഓരോ വ്യക്തികളും മറ്റു വ്യക്തികളിൽ നിന്ന് വിഭിന്നരാണ് എന്ന അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ഓരോ രോഗിയുടെയും ജീവിതശൈലി, ഭക്ഷണശീലങ്ങൾ, സമ്മർദ്ദ ഘടകങ്ങൾ എന്നിവ വിശദമായി മനസ്സിലാക്കി അവർക്ക് അനുയോജ്യമായ മരുന്നുകളാണ് ഹോമിയോപ്പതിയിൽ നൽകുന്നത്. ചികിത്സ പൂർണമായും വ്യക്തിയിൽ അധിഷ്ഠിതമാണ്. ഇതുതന്നെയാണ് ഹോമിയോപ്പതിയെ മറ്റ് വൈദ്യശാസ്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും.  അതുകൊണ്ട് തന്നെ ആദ്യ കൂടികാഴ്ചയിൽ രോഗിയെ കുറിച്ചുള്ള അവബോധം കിട്ടേണ്ടത് ഹോമിയോപ്പതിയെ സംബന്ധിച്ച് പ്രധാനമാണ്. അതിനാൽ തന്നെ ദൈനംദിന ജീവിതത്തെകുറിച്ചുള്ള പൂർണമായ വിവരശേഖരണം ആവശ്യമായിവരുന്നു.

ഹോമിയോപ്പതി ഔഷധങ്ങളിൽ 75% ത്തോളം ഔഷധ സസ്യങ്ങളിൽ നിന്നുമാണ് നിർമ്മിക്കുന്നത്. Berberis Vulgaris, Lycopodium, Hydrangea, Ocimum Canum, Nux Vomica എന്നിവ ഹോമിയോപ്പതിയിലെ കല്ലുകൾക്കുള്ള ചുരുക്കം ചില മരുന്നുകൾ മാത്രം. ഇവയിൽ തന്നെ Hydrangea  എന്ന മരുന്ന് ‘സ്റ്റോൺബ്രേക്കർ’ എന്നറിയപ്പെടുന്നു. ഓരോ മരുന്നുകളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ എന്നത്ശ ശ്രദ്ധിക്കേണ്ടതാണ്. ഫലപ്രദമായ ഹോമിയോ ചികിത്സയിലൂടെ വൃക്കയിലെ കല്ലുകളെ പുറന്തള്ളാനും കല്ലുകൾ രൂപപ്പെടാനുമുള്ള പ്രവണതയെ കുറച്ചു കൊണ്ടുവരുവാൻ സഹായിക്കുന്നു.

Dr. Anju Wilson
Homoeopathic consultant
Nedumbassey,
Email: anjumariawilson@gmail
Phone: 7306562143

और कहानियां पढ़ने के लिए क्लिक करें...