ഏരിയൽ വ്യായാമം ആന്‍റിഗ്രാവിറ്റി ഫിറ്റ്നസ് എന്നും അറിയപ്പെടുന്നു. വായുവിൽ തൂങ്ങിക്കിടന്നുകൊണ്ടുള്ള വ്യായാമമാണിത്. സീലിംഗിലും മറ്റും ഒരു തുണി തുല്യമായ നീളത്തിൽ ദൃഢമായി കെട്ടിയ ശേഷം ആ തുണി ദേഹത്ത് പൊതിഞ്ഞാണ് വ്യത്യസ്തമായ ഈ വ്യായാമങ്ങൾ ചെയ്യുക. എന്നാൽ എന്താണ് ഏരിയൽ ഫിറ്റ്നസ്? ഇതുകൊണ്ട് എന്താണ് പ്രയോജനം? ഈ ഫിറ്റ്നസ് ട്രെൻഡ് സ്ത്രീകൾക്ക് ഗുണകരമാണോ? ഇതെല്ലാം അറിയേണ്ടത് വളരെ പ്രധാനമാണ്.
അക്രോബാറ്റിക് ഫീൽ
ഇത് ഒരുതരം സ്കിൽ ആണെന്നാണ് ചലച്ചിത്രതാരം ടൈഗർ ഷ്‌റോഫിന്‍റെ പേഴ്സണൽ കോച്ചും ഫിറ്റ്നസ് കൺസൾട്ടന്‍റുമായ ജില്ലെ സിംഗ് പറയുന്നത്. സൈക്കിൾ ചവിട്ടാൻ പഠിച്ച് അത് ഓടിച്ച് ആസ്വദിക്കുന്നത് പോലെയാണിത്, അതിൽ ഒരു ചെറിയ ത്രില്ലും കുറച്ച് രസവുമുണ്ട്. ഇതിൽ നമ്മൾ വായുവിൽ തൂങ്ങി ഗുരുത്വാകർഷണത്തിന് എതിരായി വ്യത്യസ്ത വ്യായാമങ്ങൾ ചെയ്യുന്നു എന്ന് മാത്രം.
“നൈലോൺ നൈക്ര കൊണ്ട് തയ്യാറാക്കിയ ഒരു സിൽക്ക് തുണിയാണ് വ്യായാമത്തിന്‍റെ ഈ ഫോർമാറ്റിൽ ഉപയോഗിക്കുന്നത്. വളരെ ദൃഢതയേറിയതാണ് ഈ ഫാബ്രിക്. അതുപോലെ തികച്ചും വഴക്കമുള്ളതുമാണ്. അതിനാൽ തുണിയുടെ ഉരസലേറ്റ് ശരീരത്തിൽ വേദനയുണ്ടാകില്ല.”
“കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് ഇതൊരു മികച്ച വ്യായാമമാണ്. ഇത് അവരുടെ ശരീരത്തിലെ ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിക്കുന്നു. അവരിൽ വളർച്ചാ ഹോർമോണുകൾ നന്നായി ഉത്പാദിപ്പിക്കപ്പെടുന്നു. ആർത്തവചക്രം ക്രമമായി നിലനിർത്തുകയും ചർമ്മത്തിന് തിളക്കം നൽകുകയും ഇത് ചെയ്യുന്നു. ഈ വ്യായാമം ശരീരത്തെ സ്ട്രച്ച് ചെയ്യുന്നതിനാൽ ഉയരം വർദ്ധിപ്പിക്കാനും സഹായകമാകും.”
ഫിറ്റ്നസ്സ് നിലനിർത്തും
ഫരീദാബാദിൽ നിന്നുള്ള റേഡിയോളജിസ്റ്റായ ഡോ. കുൽവീൻ ഫിറ്റ്നസ് നിലനിർത്താൻ ഈ വ്യായാമം ഉപയോഗിച്ചതിന്‍റെ ഫലങ്ങളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്, “ഈ വ്യായാമം ചെയ്തു തുടങ്ങുന്ന സമയത്ത് എന്‍റെ ശരീരത്തിലെ മിക്കവാറും എല്ലാ സന്ധികളും സ്റ്റിഫ് ആയിരുന്നു. ശരീരത്തിന്‍റെ സ്റ്റിഫ്നസ്സ് ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏരിയൽ വ്യായാമം വളരെ നല്ല ഓപ്ഷനാണ്. മുട്ടുവേദന കാരണം തറയിൽ വ്യായാമം ചെയ്യാൻ കഴിയാത്തവർക്ക് ഈ ശൈലി പരീക്ഷിക്കാം. ഇതിൽ ബാലൻസ്, ഫോക്കസ് എന്നിവയുടെ വളരെ നല്ല സംയോജനമുണ്ട്.”
“ഗർഭധാരണത്തിനും പ്രസവത്തിനും ശേഷം, പല സ്ത്രീകളുടെയും പെൽവിക് പ്രദേശം വളരെ ദുർബലമായിരിക്കും. ഒരു സ്ത്രീയുടെ പെൽവിക്, പുറകിലെ പേശികൾ ദുർബലമാണെങ്കിൽ കാൽമുട്ട്, കണങ്കാൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഈ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഏരിയൽ വ്യായാമങ്ങൾ ചെയ്യുന്നതെങ്കിൽ അത് വളരെ ഗുണം ചെയ്യും. പിന്നീട് ഇടുപ്പും കാൽമുട്ടും റീപ്ലേസ്‌മെന്‍റ് ചെയ്യേണ്ട ആവശ്യ൦ വരില്ല."
“ഈ വ്യായാമ രീതി ചെയ്യാൻ ആഗ്രഹിക്കുന്നവർ വ്യായാമം ചെയ്യുന്ന വേളയിൽ തലകറക്കം ഉണ്ടാകുന്നില്ലന്ന് ഉറപ്പു വരുത്തണം. സെർവിക്കൽ പ്രശ്നമുള്ളവർ ഈ വ്യായാമരീതി ഒഴിവാക്കണം."
“ഒരു വിദഗ്ദന്‍റെ മേൽനോട്ടത്തിൽ വ്യായാമാഭ്യാസം ചെയ്യുന്നതിന് ചെലവ് അൽപ്പം കൂടുതലാണ്, കാരണം നിലവിൽ ഈ വ്യായാമരീതി വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ഉള്ളൂ. കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതോടെ സാധാരണക്കാർക്കും ഇത് സ്വീകരിക്കാനാകും.