രക്തത്തിലെ മാലിന്യങ്ങളെ അരിച്ചു നീക്കി ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്ന വൃക്കകളിൽ ഉണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നവും വലിയ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. അല്ലെങ്കിൽ വൃക്ക തകരാറിലാകാനും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമായിരിക്കും ഫലം. പ്രതിരോധിക്കാൻ കഴിയുന്ന ഒരു രോഗാവസ്ഥയാണ് വൃക്കയിലെ കല്ലുകൾ എന്നിരിക്കെ രോഗമെത്തി ചികിത്സിക്കുന്നതിലും നല്ലത് അതിനെ പ്രതിരോധിക്കുക തന്നെയാണ്.
എന്താണ് വൃക്കയിലെ കല്ലുകൾ
ധാതുക്കളും വിവിധ ലവണ പദാർത്ഥങ്ങളും ശരീരത്തിന് വളരെ അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമുള്ള തോതിൽ ഇവ ഉപയോഗിച്ച് മിച്ചം ഉള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നു. എന്നാൽ കാൽസ്യം ഫോസ്ഫേറ്റ്, ഓക്സിലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ പദാർത്ഥങ്ങൾ മൂത്രത്തിൽ ക്രമാതീതമായി വർദ്ധിക്കുമ്പോൾ ഇവ കേന്ദ്രീകരിക്കുകയും ക്രിസ്റ്റലൈസ് ചെയ്യുകയും കല്ലുകൾ ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇവ മൂത്രവാഹിനി കുഴലിലേക്കും മൂത്രസഞ്ചിയിലേക്കും എത്തുമ്പോൾ അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു.
ലക്ഷണങ്ങൾ
- വേദനയാണ് പ്രധാന ലക്ഷണം, പിൻഭാഗത്ത് വാരിയല്ലുകളുടെ താഴെ നിന്ന് തുടങ്ങി അടിവയറ്റിലേക്ക് നീളുന്ന വേദന.
- മൂത്രത്തിൽ രക്തത്തിന്‍റെ അംശം. കല്ല് മൂത്രവാഹിനി കുഴലിലൂടെ പോകുമ്പോൾ ഉണ്ടാകുന്ന മുറിവുകളാണ് മൂത്രത്തിൽ രക്തം കലരുന്നതിന്‍റെ കാരണം.
- മൂത്രത്തിന്‍റെ അളവ് കുറയുന്നത്.
- മനം പുരട്ടലുംഛർദ്ദിയും.
- യഥാസമയത്ത് ചികിത്സിക്കാതെ വന്നാൽ അണുബാധയായി മാറി വിറയലോടു കൂടിയുള്ള പനി ഉണ്ടാകാം.
കാരണങ്ങൾ
- വൃക്കയിൽ കല്ലുണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. വെള്ളം കുടി കുറയുന്നതാണ് പ്രധാന കാരണം. ധാരാളം വെള്ളം കുടിച്ചാൽ ധാതുലവണങ്ങൾ ഒന്നിച്ചു കൂടാനും അടിയാനുമുള്ള സാധ്യത കുറയും, അത് കല്ലിന്‍റെ സാധ്യത കുറയ്ക്കും.
- ഭക്ഷണത്തിലെ ഉയർന്ന അനിമൽ പ്രോട്ടീൻ അളവ് ഓക്സിലേറ്റ്, യൂറിക്കാസിഡ് കല്ലുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.
- ഉയർന്ന ചൂടുള്ള കാലാവസ്ഥ. ചൂട് കൂടുമ്പോൾ മൂത്രത്തിന്‍റെ അളവ് കുറഞ്ഞ് കട്ടി കൂടുന്നു. ഇത് കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
- അമിതവണ്ണം, ഹൈപ്പർ പാരാ തൈറോയിഡിസം, വൃക്ക സംബന്ധമായ ട്യൂബുലാർ ആസിഡോസിസ്, ഹൈപ്പർ കാൽസിനൂറിയ എന്നീ അവസ്ഥകളും കല്ലിന് സാധ്യത കൂട്ടുന്നു.
കല്ലുകൾപലവിധം
കല്ലുകളുടെ രാസഘടനയാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. കാൽസ്യം കല്ലുകൾ, യൂറിക് ആസിഡ് കല്ലുകൾ എന്നിവയാണ് പ്രധാനപ്പെട്ടത്. കാൽസ്യം ഓക്സലേറ്റ്, കാൽസ്യം ഫോസ്ഫേറ്റ് എന്നിങ്ങനെയുള്ള കാൽസ്യം കല്ലുകൾ കണ്ടുവരുന്നു.
യൂറിക്കാസിഡ് കല്ലുകൾ- മദ്യപാനവും സോഫ്റ്റ്ഡ്രിങ്ക്സും, ചുവന്ന മാംസത്തിന്‍റെ ഉപയോഗവും ഇത്തരം കല്ലുകളുടെ സാധ്യത കൂട്ടുന്നു.
സ്ട്രൂവൈറ്റ് കല്ലുകൾ- തുടർച്ചയായ മൂത്രാശ അണുബാധയിലൂടെ ഉണ്ടാകുന്നു. സിസ്റ്റീൻ അമിനോ ആസിഡ്ത തുടർച്ചയായി മൂത്രത്തിലൂടെ വിസർജിക്കപ്പെടുമ്പോഴാണ് ‘സിസ്റ്റീൻ’ കല്ലുകൾ ഉണ്ടാകുന്നത്.
രോഗനിർണയം
അൾട്രാസൗണ്ട്, എക്സ്-റേ KUB എന്നിവയിലൂടെ രോഗനിർണയം എളുപ്പം സാധ്യമാകുന്നു. മൂത്രവാഹിനി കുഴലിൽ ഉണ്ടാകുന്ന തടസ്സം മൂലം ഉണ്ടാകുന്ന ഹൈഡ്രോ നെഫ്രോസിസ് കണ്ടെത്താനും അൾട്രാസൗണ്ട് സ്കാനിംഗ് സഹായിക്കും. പൊതുവേ അനുയോജ്യമായ പരിശോധനയാണ് പ്ലെയിൻ സിടി KUB, എല്ലാത്തരം കല്ലുകളെയും വ്യക്തമായി കാണാൻ സാധിക്കുന്നതും യഥാർത്ഥ വലുപ്പം, അവ സ്ഥിതി ചെയ്യുന്ന സ്ഥലം, വൃക്കകളുടെ പ്രവർത്തനത്തിന് ഉണ്ടാകുന്ന തടസ്സം എന്നിവയും മനസ്സിലാക്കാം. അണുബാധ തിരിച്ചറിയാൻ രക്ത പരിശോധന അനിവാര്യമാണ്.