മരശിഖരങ്ങളിലും ചെടികളിലും മണ്ണിലും കിളിർക്കുന്ന പുതുനാമ്പുകളെ കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആനന്ദമാണ്. ജീവന്‍റെ ആ കുഞ്ഞ് തുടിപ്പുപോലെ ആയിരുന്നെങ്കിലെന്ന് അപ്പോഴൊക്കെ ഞാൻ കൊതിച്ചു പോയിട്ടുണ്ട്. ഇളം ചുവപ്പാർന്ന മൃദുലമായ പുതുനാമ്പുകളെ ഒന്ന് തൊട്ട് നോക്കാനുള്ള മോഹം അതോടെ മനസ്സിൽ ശക്തി പ്രാപിക്കും. പക്ഷേ, ലക്ഷ്മിക്ക് എന്‍റെ ഉത്തരം കിറുക്കുകളോട് അശേഷം താൽപര്യമുണ്ടായിരുന്നില്ല. “നിനക്ക് വട്ടാ… നീയൊരു സയൻസ് സ്റ്റുഡന്‍റല്ലേ… പുതുനാമ്പുകൾ മണ്ണാങ്കട്ട…”

മരങ്ങളിലും വിത്തുകളിലും പുതുനാമ്പുകൾ പൊട്ടി മുളച്ചില്ലെങ്കിൽ അത് മരിച്ചതിന് തുല്യമാ. ലക്ഷ്മി ഇടയ്ക്ക് ദേഷ്യപ്പെട്ട് പറയും. പക്ഷേ, എന്‍റെ ചിന്ത മറ്റൊരു വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇന്ന് വർഷങ്ങൾക്കിപ്പുറം ലക്ഷ്മി മെയിൽ അയച്ചപ്പോഴാണ് മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന ഓർമ്മകൾ തട്ടിയുണർന്നത്. കാലിഫോർണിയയിൽ നിന്നും മടങ്ങി വന്നിരിക്കുന്നു. അവളെ നേരിൽ കാണാൻ പോകുകയാണ്. അവൾ റിസർച്ച് പൂർത്തിയാക്കി.

എന്‍റെ ജീവിതം മറ്റുള്ളവരുടേതിൽ നിന്നും വ്യത്യസ്തമാകണമെന്ന് ഞാൻ ആഗ്രഹിച്ചു. പുതുതായി എന്തെങ്കിലും ചെയ്ത് വേറിട്ട് ജീവിക്കണം. എന്‍റെ ഇതേ ഗുണങ്ങളാണ് പുതുനാമ്പുകളിലും കണ്ടത്. അതുകൊണ്ട് ഞാൻ സ്വയം ഒരു പുതുനാമ്പുപോലെയാകാൻ കൊതിച്ചുകൊണ്ടിരുന്നു.

പക്ഷേ…

“നല്ലൊരു ബന്ധമാണ്. നമുക്ക് സ്വപ്നം കാണാൻ കൂടി കഴിയാത്ത ഒന്ന്.” അച്ഛന്‍റെ തീരുമാനം ആ വാക്കുകളിൽ ഉണ്ടായിരുന്നു. എന്‍റെ സ്വപ്നങ്ങൾക്ക് അച്ഛന്‍റെ ഇഷ്ടം ആദ്യപ്രഹരമേൽപ്പിച്ചു. ബിസിനസ്സിൽ ഉണ്ടായ തകർച്ചയിൽ നിന്നും മോചനം നേടാനുള്ള അച്ഛന്‍റെ പിടിവള്ളിയായിരുന്നു ഈ വിവാഹം. അച്ഛന്‍റെ തീരുമാനത്തിന് മുന്നിൽ എനിക്ക് പിടിച്ചുനിൽക്കാനായില്ല. ബി എസ് സി കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം തകർന്നടിഞ്ഞു.

മനോജ് ബാങ്കിലെ ക്ലർക്കായിരുന്നു. ഞാനെന്‍റെ ആഗ്രഹത്തെക്കുറിച്ച് ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനത് വലിയ ആശ്ചര്യമായിരുന്നു. എന്നാലും നിർബന്ധത്തിന് വഴങ്ങി ഒടുവിൽ മനോജ് സമ്മതിച്ചു.

“ഓകെ, നിനക്കതാണ് ഇഷ്ടമെങ്കിൽ ആയിക്കോ, പക്ഷേ നീ ബിഎഡ് ചെയ്യണമെന്നായിരുന്നു എന്‍റെ ആഗ്രഹം. നിനക്ക് എംബിബിഎസിന് പോകണമെങ്കിൽ പോയ്ക്കോ. ഇപ്പോ ഡോക്ടർമാർക്കൊക്കെ എന്താ ശബളം.”

അവിചാരിതമായിട്ടാണെങ്കിലും എനിക്ക് വീണുകിട്ടിയ ഈ അവസരത്തിൽ ഞാനേറെ ആഹ്ലാദവതിയായിരുന്നു. ഒരു വർഷത്തെ പരിശ്രമം ഫലം കണ്ടു. എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നത്. മെഡിക്കൽ എൻട്രൻസ് പാസായ ദിവസം. പിന്നെയെല്ലാം എളുപ്പത്തിൽ നടന്നു. സർക്കാർ കോളേജിൽ തന്നെ എനിക്ക് പ്രവേശനം കിട്ടി.

മെഡിക്കൽ വിദ്യാർത്ഥിനി, കുടുംബനാഥ എന്നീ റോളുകൾ വളരെ ഭംഗിയായി കൈകാര്യം ചെയ്യാൻ ഞാൻ അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടിരുന്നു. ഓരോ ഉത്തരവാദിത്തങ്ങൾ വലിയ ഉത്സാഹത്തോടെ ചെയ്തു. കോളേജിലും വീട്ടിലും യാതൊരുവിധ പരാതിക്കും ഇട നൽകിയില്ല. ഈ കഠിനമായ പരിശ്രമത്തിൽ ഞാനെത്രമാത്രം ഉരുകിയൊലിച്ചിരുന്നു. മൂന്നാം വർഷം അപ്പുവിന്‍റെ വരവോടെ എന്‍റെ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചു.

ഇത്തിരിപോന്ന കുഞ്ഞിനെ വീട്ടിലാക്കി പഠിക്കാൻ പോകുക വേദനാജനകമായിരുന്നു. പക്ഷേ, മനോജിന്‍റെ അമ്മ കുഞ്ഞിന് യാതൊരു കുറവുമുണ്ടാകാതെ പരിചരിച്ചിരുന്നതിനാൽ മനസ്സിന് ഇത്തിരി ആശ്വാസം തോന്നി. എന്‍റെ കഠിനാദ്ധ്വാനത്തെ പ്രൊഫ. രമേശ്നാരായണൻ ഇടയ്ക്കിടെ പുകഴ്ത്തി സംസാരിക്കും. എനിക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തരാൻ അദ്ദേഹം സദാ സന്നദ്ധനുമായിരുന്നു. പ്രൊഫ. രമേശിനെപ്പറ്റി ഞാൻ ഇടയ്ക്കിടെ മനോജിനോടും പറയുമായിരുന്നു.

“ഈയിടെയായി നീ രമേശിനെപറ്റി മാത്രമാണല്ലോ സംസാരിക്കാറ്. വല്ല കോളുമുണ്ടോ?” ഒരിക്കൽ മനോജ് പാതി തമാശയെന്നോണം പറഞ്ഞു. പക്ഷേ, മനോജ് എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ലെങ്കിലും ഇടയ്ക്കിടെയുള്ള കുത്തുവാക്കുകളിൽ നിന്നും എനിക്ക് കാര്യം മനസ്സിലായി.

“ഛെ… മനോജേട്ടൻ ഇത്രയും തരംതാഴ്ന്ന് ചിന്തിക്കുമെന്ന് ഞാൻ വിചാരിച്ചില്ല. പറയും മുമ്പ് ഒന്നാലോചിച്ചുകൂടേ?”

“എന്താലോചിക്കാനാ നിനക്കിഷ്ടമുള്ള കാര്യമല്ലേ അത്. ഡോക്ടറാകണമെന്നുള്ള നിന്‍റെ സ്വപ്നം വളരെയെളുപ്പം സാധിക്കട്ടെ.”

അതായിരുന്നു തുടക്കം. പിന്നീട് എനിക്കും മനോജേട്ടനുമിടയിൽ ഒരു വൻമതിൽ രൂപം കൊള്ളാൻ തുടങ്ങി. സ്വന്തം പരിധിക്കുള്ളിൽ മാത്രം ഒതുങ്ങിക്കഴിയുക. മനോജിന് എന്തെങ്കിലും പറയാനുള്ള അവസരമുണ്ടാക്കാതിരിക്കുക. അതായിരുന്നു എന്‍റെ ലക്ഷ്യം. എന്നിട്ടും ഒരുകാര്യം എന്‍റെ മനസ്സിൽ തികട്ടി വന്നു. എന്നെപ്പോലെ ഒരു ഭാര്യയെക്കിട്ടിയത് മഹാഭാഗ്യമാണെന്ന് പറഞ്ഞ്, എങ്ങനെ മാറാൻ കഴിഞ്ഞു? പക്ഷേ മനോജേട്ടന്‍റെ മനസ്സിൽ രൂപപ്പെട്ട പുതിയ വിചാരങ്ങൾ എന്‍റെ ഭാവിയെ തകർക്കുമെന്ന് വിചാരിച്ചിരുന്നില്ല. കാലം സ്നേഹത്തോടൊപ്പം ചതിക്കുഴികളും ഒരുക്കിവയ്ക്കും. ചിലരത് വിജയകരമായി ചാടിക്കടക്കും. മറ്റു ചിലർ…

അതിനുശേഷമുള്ള നീണ്ട 10 വർഷങ്ങൾ സംഘർഷം നിറഞ്ഞതായിരുന്നു. എംഎസ് എടുത്ത ശേഷം സിറ്റിയിൽ തന്നെയുള്ള അശോകാ നഴ്സിംഗ് ഹോമിൽ ഉയർന്നശബളത്തിൽ ജോലിക്ക് ചേർന്നു. പതിയെ എന്‍റെ കാര്യപ്രാപ്തി നാടാകെ അറിഞ്ഞുതുടങ്ങിയിരുന്നു. നഴ്സിംഗ് ഹോമിൽ നിന്നും എന്നെ കൊണ്ടുപോകാൻ മനോജ് വരുമ്പോഴൊക്കെ ഡോ.അശോക് എന്‍റെ കാര്യശേഷിയെപ്പറ്റി പ്രശംസിച്ച് സംസാരിക്കുമായിരുന്നു.

വീട്ടിലെ സാമ്പത്തിക സ്ഥിതി മാറിത്തുടങ്ങി. അത്യാധുനിക സുഖസൗകര്യങ്ങൾ ഉണ്ടായി. പക്ഷേ എനിക്കും മനോജിനുമിടയിൽ അസന്തുഷ്ടി വർദ്ധിച്ചുവന്നു. എന്തെങ്കിലും സീരിയസ് കേസുണ്ടായി ആശുപത്രിയിൽ കുറച്ചുനേരം കൂടി തങ്ങേണ്ടിവരുന്നത് മനോജിന് സഹിക്കാനാകുമായിരുന്നില്ല.

മനോജ് ഒരിക്കലും എന്‍റെ ജോലിയുടെ പരിമിതിയെക്കുറിച്ച് ചിന്തിച്ചില്ല. ഒരു ഡോക്ടറുടെ ജോലിയിൽ സമയത്തേക്കാളുപരി അർപ്പണമനോഭാവമാണ് വേണ്ടതെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. ഒരു ഘടികാര സൂചികണക്കെ അത് ചലിച്ചുകൊണ്ടേയിരിക്കും.

ഒരു ദിവസം സീരിയസ് കേസ് അറ്റൻഡ് ചെയ്തതശേഷം വീട്ടിൽ വളരെ വൈകിവന്നതായിരുന്നു. വൈകിവരുന്നതിൽ നീരസം കാട്ടുന്ന മനോജിനോട് ഞാൻ കാര്യം വിശദീകരിച്ചു.

“മനോജേട്ടാ, വളരെ സീരിയസ് കണ്ടീഷനിലുള്ള ഒരു പേഷ്യന്‍റ്…” ഞാൻ പറഞ്ഞു തീരുംമുമ്പ് മനോജ് ഇടയിൽ കയറിപ്പറഞ്ഞു.

“ഏത് പേഷ്യന്‍റാ, ഡോ.അശോകാണോ?”

മനോജിന്‍റെ ചോദ്യം കേട്ട് ഞാൻ സ്തബ്ധയായി. വീണ്ടും വൃത്തികെട്ട വിചാരങ്ങൾ…

സമനില വീണ്ടുകിട്ടിയപ്പോൾ ഞാൻ അടിമുടി ജ്വലിക്കുകയായിരുന്നു. “വാക്കുകൾ സൂക്ഷിച്ചുവേണം പ്രയോഗിക്കാൻ?”

“ഓഹോ, നീയെന്നെ ചോദ്യം ചെയ്തു തുടങ്ങിയോ?”

“എപ്പോഴും നിന്നെ പ്രശംസിക്കുന്നവരെയല്ലേ നിനക്കിഷ്ടം. ഞാൻ ബാങ്കിലെ വെറുമൊരു ക്ലർക്ക്…” മനോജ് വായിൽ വന്നതൊക്കെ പറഞ്ഞുകൊണ്ടിരുന്നു.

“മനോജ്…”

“എന്നെ വിഡ്ഢിയാക്കാമെന്ന് നീ വിചാരിക്കണ്ട… നിന്‍റെ ആശുപത്രിയിൽ വന്ന് അന്വേഷിക്കണോ?”

നഴ്സിംഗ് ഹോമിൽ വന്ന് മനോജ് ഇതൊരു പ്രശ്നമാക്കുമോ? എന്‍റെ ആത്മാഭിമാനം, പ്രൊഫഷൻ എല്ലാം ആ അപമാനത്തിൽ ഒളിച്ചുപോകില്ലേ? പക്ഷേ, പിന്നീട് അതെല്ലാം എന്‍റെ ജീവിതത്തിന്‍റെ ഭാഗമാകുകയായിരുന്നു. ഈ പ്രശ്നം അവസാനിക്കാനായി ഞാനെന്ത് ചെയ്യാനാണ്. അതെനിക്ക് തീർത്തും അജ്ഞമായിരുന്നു.

അശോകാ നഴ്സിംഗ് ഹോമിലെ ജോലി ഉപേക്ഷിക്കണോ? ഞാനിത്രയും വർഷം തപസ്സനുഷ്ഠിച്ച് പഠിച്ചത് ഇതിനായിരുന്നോ? ഞാൻ ജോലി ഉപേക്ഷിച്ചാൽ വീട്ടുചിലവുകൾ നടത്താൻ മനോജിന്‍റെ ശബളം തികയുമോ?

പക്ഷേ, മനോജിന്‍റെ സ്വഭാവം ദിനംപ്രതി വഷളായിക്കൊണ്ടിരുന്നു. വീട്ടിൽ ഏതെങ്കിലും പുരുഷന്മാരായ രോഗികൾ ചികിത്സ തേടി വരുന്നതുപോലും മനോജ് സംശയിച്ചു. എന്‍റെ ശബളം വേണം. പക്ഷേ, കർത്തവ്യബോധത്തോടെ പ്രൊഫഷൻ കൈകാര്യം ചെയ്തുകൂടാ.

ഒരിക്കൽ സന്തുഷ്ടനായിരിക്കുന്ന സമയത്ത് മനോജിനോട് ഇക്കാര്യം സൂചിപ്പിച്ചു.

“അതങ്ങ് വിട്ടുകള ശാരി, ദേഷ്യം തോന്നുമ്പോൾ ഞാനറിയാതെ ഓരോന്ന് പറഞ്ഞുപോകുന്നതാ.” അന്നതിന് മനോജ് പറഞ്ഞ കാരണമിതായിരുന്നു.

പക്ഷേ ദേഷ്യത്തിൽ പറഞ്ഞുപോകുന്ന കാര്യങ്ങൾ എന്‍റെ അസ്തിത്വത്തെ പൊള്ളിക്കുന്നതായിരുന്നു. എന്‍റെ ഉത്സാഹത്തേയും ജോലിയിലുള്ള താൽപര്യത്തേയും മനോജിന്‍റെ വാക്കുകൾ സ്വാധീനിച്ചു.

മനോജിന്‍റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്‍റെ കാതുകളിൽ മുഴുങ്ങിക്കൊണ്ടിരുന്നു. ഏതെങ്കിലും രോഗിയെ പരിശോധിക്കുന്ന വേളയിൽ അതെല്ലാം എന്‍റെ മനസ്സിലേക്കോടിയെത്തും. രോഗശാന്തി വന്നശേഷം ഈ രോഗി തന്നെത്തേടി വീട്ടിലെത്തുമോ… അങ്ങനെയാണെങ്കിൽ മനോജ് പതിവ് പല്ലവി തുടങ്ങും. ഈ രോഗിയുടെ അസുഖം ഭേദപ്പെടാതിരുന്നെങ്കിലെന്ന് ഞാൻ അപ്പോഴൊക്കെ ആഗ്രഹിച്ചുപോയിട്ടുണ്ട്. ഇത്തരം ദുഷ്ടചിന്തകൾ മനസ്സിൽ വന്ന് മൂടുന്നതോടെ അവയെല്ലാം തട്ടിയെറിഞ്ഞ് മനസ്സിനെ ശാന്തമാക്കാൻ ഞാൻ ആവുന്നതും ശ്രമിക്കും. ഇങ്ങനെ സ്വയം ശപിച്ച് കഴിയാനാണോ വിധി?

എനിക്കും മനോജിനുമിടയിലുണ്ടായ ബന്ധത്തിന്‍റെ ആഴം കുറഞ്ഞുകൊണ്ടിരുന്നു. ബാങ്കിലെ സഹപ്രവർത്തകയായ ഷീലുമായുള്ള അതിരുവിട്ടുള്ള അടുപ്പത്തെക്കുറിച്ച് സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞപ്പോൾ മുതൽ മനോജിനോട് കഠിനമായ വെറുപ്പ് തോന്നി. അന്ന് ഞാൻ പൂർണ്ണമായും തകർന്നുപോയി. മാനസികവിഷമം മൂലം തകർന്നുപോയ ഞാനന്ന് പതിവിലും നേരത്തെ വീട്ടിലെത്തി. എന്‍റെ വരവ് ആ സമയത്തെങ്ങും പ്രതീക്ഷിക്കാതിരുന്നതിനാൽ മനോജിനേയും ആ സ്ത്രീയെയും അസ്വാഭാവിക സാഹചര്യത്തിൽ എനിക്ക് കാണേണ്ടി വന്നു. എന്‍റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഇരുവരും എന്നെ പകച്ചു നോക്കിക്കൊണ്ടിരുന്നു. മനോജ് ഒന്നും സംഭവിക്കാത്ത മട്ടിൽ അഭിനയിക്കാൻ ശ്രമിച്ചു. പക്ഷേ, ആ സ്ത്രീയുടെ ഭാഗത്ത് അങ്ങനെയൊരു പ്രതികരണമുണ്ടായില്ല. അമ്മ അപ്പുവിനേയും കൂട്ടി മനോജിന്‍റെ ഇളയസഹോദരന്‍റെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

അന്ന് രാത്രി ഇതേപ്പറ്റി ചോദിച്ചപ്പോൾ മനോജിന്‍റെ മുഖമാകെ ദേഷ്യംകൊണ്ട് ചുവന്നു.

“ഇത്ര പഠിപ്പും വിവരവുമുണ്ടായിട്ടും നീ എന്താ ഇങ്ങനെയൊക്കയാ ചിന്തിക്കുന്നത്. ഷീല വളരെ എന്‍റെ വളരെ നല്ല സുഹൃത്താണ്. അവളുടെ ഭർത്താവിനും എന്നെ പരിചയമുണ്ട്. ഞങ്ങൾക്കിടയിലെ സൗഹൃദത്തെക്കുറിച്ച് നിനക്ക് മനസ്സിലാവില്ല. വലിയ ഡോക്ടറാണെന്നാ നിന്‍റെ വിചാരം. പക്ഷേ, കാൽകാശിന്‍റെ വിവരമില്ല. ഒരു കാര്യം ഓർത്തോ, ഞാനാ നിന്നെ പഠിപ്പിച്ചത്, അല്ലാതെ നിന്‍റെ അച്ഛനല്ല. എന്നിട്ടാ നീയെന്നെ ചോദ്യം ചെയ്യാൻ വരുന്നത്?”

മനോജിന്‍റെ ആരോപണങ്ങളെ ഞാൻ അദ്ദേഹത്തിന്‍റെ പോസസ്സീവ്നെസ്സായി കണ്ട് സഹിക്കുമായിരുന്നു. എനിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച് സ്വന്തം തെറ്റിനെ മറച്ചുപിടിക്കാനുള്ള വ്യഗ്രത കണ്ടപ്പോൾ എനിക്ക് മനോജിനോട് പുച്ഛമാണ് തോന്നിയത്. കേവലനായ പുരുഷൻ. പക്ഷേ, കുഞ്ഞിനെക്കുറിച്ചുള്ള ചിന്ത എന്നെ ദുർബലയാക്കി. മനഃസാക്ഷിയുള്ള ഏതൊരമ്മയുടെയും ദൗർബല്യമാണല്ലോ അവളുടെ കുഞ്ഞ്.

പഴയ ജീവിതം എനിക്കുമുന്നിൽ ഓർമ്മകളായി കടന്നുവരാൻ കാരണം എന്‍റെ കൂട്ടുകാരി ലക്ഷ്മിയാണ്. മനസ്സിലെ ഭാരമിറക്കി വയ്ക്കാൻ ഞാനനുഭവിച്ച വേദനകൾ അക്ഷരങ്ങളായി പിറവിയെടുത്തു. ഇതല്ലാതെ എനിക്കെന്ത് ചെയ്യാൻ കഴിയും. ആശുപത്രിയിൽ പോകുന്നത് ഏകദേശം പൂർണ്ണമായും നിലച്ചു. ഞാനൊരു രോഗിയാണെന്ന് സ്വയം തോന്നി. ശരിയായ തീരുമാനങ്ങളില്ല, ലക്ഷ്യങ്ങളില്ല, നിസ്സംഗതയുടെ ആഴങ്ങളിലേക്ക് ഞാൻ പതിച്ചുകൊണ്ടിരുന്നു.

വരുമാനം നിലച്ചതിൽ മനോജ് അസന്തുഷ്ടി പ്രകടിപ്പിച്ചു തുടങ്ങി. താമസിയാതെ പ്രതികാരമെന്ന നിലയിൽ റിസൈൻ ചെയ്തുകൊണ്ടുള്ള കത്തയച്ചു.

“ശാരി, നീയെന്താ ഒന്നും പറയാത്തത്? നിനക്ക് എന്തുപറ്റി? ഞാനിത്രയും ദൂരം താണ്ടി വന്നത് നിന്നെ കാണാനാ.” ലക്ഷ്മിയുടെ പരിഭവം കലർന്ന ശബ്ദം, അവർക്കെന്‍റെ നിശ്ശബ്ദതയെ സഹിക്കാനാകുമായിരുന്നില്ല.

“നീയെന്തിനാ ആശുപത്രിയിലെ ജോലി മതിയാക്കിയത്?”

“ഞാനെത്ര ആഗ്രഹിച്ചിട്ടും എന്‍റെയുള്ളിലെ ഡോക്ടർ ജീവിക്കുന്നില്ല.”

“അതെന്തുകൊണ്ടാ?” അവളുടെ ചോദ്യത്തിൽ ദേഷ്യം കലർന്നിരുന്നു. പക്ഷേ, ആ ചോദ്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ ഞാൻ തീർത്തും അശക്തയായിരുന്നു. ഞാനവളെ നടന്ന സംഭവങ്ങൾ അറിയിച്ചു.

ലക്ഷ്മി അതെല്ലാം കേട്ട് തരിച്ചിരുന്നു. എന്നെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവൾ എന്‍റെ ചുമലിൽ പിടിച്ചു. ഞാനവളുടെ തോളിൽ ചാഞ്ഞ് പൊട്ടികരഞ്ഞു.

ലക്ഷ്മി അതറിഞ്ഞുകൊണ്ടാകാം എന്നെ നിശ്ശബ്ദം കരയാനനുവദിച്ചു. വൈകുന്നേരം ബാങ്കിൽ നിന്നും വന്ന മനോജിനോട് സംസാരിക്കാൻ ലക്ഷ്മി താൽപര്യം കാട്ടിയില്ല. പക്ഷേ, ലക്ഷ്മിയുടെ മുന്നിൽ മനോജ് താനൊരു നല്ല ഭർത്താവാണെന്ന് തെളിയിക്കാൻ പാഴ്ശ്രമം നടത്തിക്കൊണ്ടിരുന്നു.

“ലക്ഷ്മി ആരെങ്കിലും സ്വന്തം കരിയർ നശിപ്പിക്കുമോ? എത്ര പണം ചെലവഴിച്ചാ ഞാനിവളെ പഠിപ്പിച്ചത്, ഇവൾക്ക് വിവരമില്ല.”

രാത്രി ഭക്ഷണം കഴിച്ചശേഷം ഞാൻ ലക്ഷ്മിയേയും കൂട്ടി ടെറസിൽ പോയിരുന്നു. നല്ല തണുത്ത കാറ്റേറ്റപ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസം തോന്നി. ലക്ഷ്മി കുറച്ചുനേരത്തെ മൗനത്തിനുശേഷം എന്‍റെ നേർക്കുതിരിഞ്ഞു. “ശാരി, നീ അയാളെ ഉപേക്ഷിക്ക്, അയാൾക്കൊപ്പമുള്ള ജീവിതം ഇനി നിനക്ക് പ്രയാസകരമായിരിക്കും. കുഞ്ഞിനെയോർത്ത് വിഷമിക്കണ്ട. അവനിഷ്ടമുള്ളയാളുടെ കൂടെ ജീവിക്കട്ടെ.”

“ഇല്ല ലക്ഷ്മി, എന്‍റെ കുഞ്ഞ്… അവന്‍റെ മനസ്സ് വേദനിക്കുന്നത് എനിക്ക് സഹിക്കാനാകില്ല.”

“ഓകെ, തൽക്കാലം നീ അതേപ്പറ്റി ചിന്തിക്കണ്ട. പകരം സ്വന്തം ജീവിതത്തെക്കുറിച്ചോർക്കുക. ഞാൻ പറയുന്നത് നീ കേൾക്കണം.”

ഞാൻ യാന്ത്രികമായി തലയാട്ടി.

“ഓകെ. ഫൈൻ. നാളെ അതേപ്പറ്റി വിശദമായി സംസാരിക്കാം. ഇപ്പോ ഉറങ്ങാം.” ലക്ഷ്മി എഴുന്നേറ്റു.

പിറ്റേദിവസം മോനെ സ്കൂളിൽ കൊണ്ടുവിട്ടശേഷം മടങ്ങിവന്ന എന്നെ അവൾ നിർബന്ധപൂർവ്വം പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

“എങ്ങോട്ടാ?” ഞാനവളെ ചോദ്യഭാവത്തിൽ നോക്കി.

“പറയാം.” ലക്ഷ്മി ഒരു ഓട്ടോ വിളിച്ചു. ഞങ്ങൾ അതിൽ കയറിയിരുന്നു.

ഓട്ടോ സിറ്റിയിൽ നിന്നൽപം അകലെയുള്ള നിർമ്മല ചാരിറ്റി ഹൗസിന് മുന്നിൽ ചെന്നുനിന്നു.

അതിവിപുലമായ കാമ്പസിനുള്ളിൽ അനാഥാശ്രമത്തോടൊപ്പം ഒരാശുപത്രിയും സ്കൂളും പ്രവർത്തിക്കുന്നു. ഈ ആശുപത്രിയിലെ 2-3 കേസുകൾ ആശോക നഴ്സിംഗ് ഹോമിൽ വച്ച് ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ട്. കാര്യമറിയാതെ ഞാൻ ലക്ഷ്മിയെ പകച്ചുനോക്കി. പക്ഷേ ലക്ഷ്മിക്ക് ഒരു ഭാവഭേദവുമില്ല. എന്തോ നിശ്ചയിച്ചുറപ്പിച്ച മട്ട്.

“ഇവിടുത്തെ ചീഫ് എന്‍റെ ചേച്ചിയുടെ അടുത്ത കൂട്ടുകാരിയാ. എന്നെ പരിചയമുണ്ട്. നമുക്കവരെ കാണാം.” ലക്ഷ്മി എന്‍റെ കൈപിടിച്ച് ഓഫീസ് ലക്ഷ്യമാക്കി നടന്നു. അവൾ വിശാലമായ ഓഫീസ് മുറിയിലേക്ക് എന്നെ നയിച്ചു.

“ഗുഡ് മോർണിംഗ് സിസ്റ്റർ” ഏതോ ഫയലിൽ നോക്കുകയായിരുന്ന മദ്ധ്യവയസ്കയായ സിസ്റ്റർ കണ്ണുയർത്തി ഞങ്ങളെ നോക്കി.

“ഗുഡ് മോഡണിംഗ്” അവരുടെ ചുണ്ടുകൾ മന്ത്രിച്ചു. സിസ്റ്റർ തടിച്ച കണ്ണട ഫ്രെയിം നേരെയാക്കി വീണ്ടും ഞങ്ങളെ നോക്കി. ലക്ഷ്മിയെ തിരിച്ചറിഞ്ഞതോടെ അവരുടെ മുഖത്ത് ആശ്ചര്യം പടർന്നു. “ങ്ഹേ… നീയോ… വെൽക്കം. വരൂ… ഇരിക്കൂ. നീ എന്ന് വന്നു?”

“കുറച്ച് ദിവസമായി. സിസ്റ്ററിന് സുഖമല്ലേ?”

“യെസ്… യെസ്… ഈ കുട്ടി?” സിസ്റ്റർ എന്നെ നോക്കി.

ലക്ഷ്മി പരിചയപ്പെടുത്തിയ ഉടനെ സിസ്റ്റർ പുഞ്ചിരിയോടെ പറഞ്ഞു, “ഓ.. യെസ്… ഐ നോ ഹെർ വെരി വെൽ… പക്ഷേ, ആദ്യമായിട്ടാണ് കാണുന്നത്. അശോകാ നഴ്സിംഗ് ഹോമിലെ ഡോക്ടറായിരുന്നില്ലേ…”

“ങ്ഹേ… അപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി.” ലക്ഷ്മി ഗൂഢമായി ചിരിച്ചു.

“എത്ര ക്രിട്ടിക്കലായ രോഗികളെയാ ഈ ഡോക്ടർ ചികിത്സിച്ച് സുഖപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ ഹോസ്പിറ്റലിൽനിന്നും ഞങ്ങൾ ചില രോഗികളെ അങ്ങോട്ട് റഫർ ചെയ്യാറുണ്ട്. കണ്ടതിൽ വളരെ സന്തോഷമുണ്ട്.” സിസ്റ്ററുടെ കണ്ണുകളിൽ എന്നോടുള്ള ആദരവ്.

“സിസ്റ്റർ, സിസ്റ്ററിന് സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം പറയാൻ പോകുകയാണ്. ഡോ.ശാരി തമ്പി സിസ്റ്ററിന്‍റെ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു. അതിന് സിസ്റ്ററിന്‍റെ സമ്മതം…”

അതുകേട്ട് ഞാൻ ഞെട്ടിപ്പോയി. ലക്ഷ്മിയെ തടയാൻ ശ്രമിച്ചെങ്കിലും ലക്ഷ്മി അത് അവഗണിച്ചു.

“ഓ… ജീസസ്… യൂ ആർ ഗ്രേറ്റ്… ഇത് സന്തോഷമുള്ള കാര്യമാണ്. ഡോ.ശാരി യു ക്യാൻ ചാർജ്ജ് അറ്റ് എനി ടൈം. പക്ഷേ, ഉയർന്ന ശബളം തരാനാവില്ലെന്ന പരിമിതിയുണ്ട്.”

“ദാറ്റിസ് നോട്ട് എ മാറ്റർ സിസ്റ്റർ. അത് സിസ്റ്റർ തീരുമാനിച്ചാൽ മതി. അങ്ങനെയാണെങ്കിൽ അവൾ തിങ്കളാഴ്ച തൊട്ട് വന്നോട്ടെ അല്ലേ സിസ്റ്റർ?”

“ഷുവർ. ഞങ്ങളുടെ ഹോസ്പിറ്റലിന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.” സിസ്റ്റർ ചിരിച്ചു. പിന്നെയും കുറച്ചുനേരം സംസാരിച്ചശേഷം യാത്രപറഞ്ഞിറങ്ങി.

ക്യാമ്പസിന് പുറത്തിറങ്ങിയ ഞങ്ങൾ അതുവഴി വന്ന ഓട്ടോയിൽ കയറി. എനിക്ക് ലക്ഷ്മിയോട് ചെറിയ ദേഷ്യവും തോന്നി. “ഇതെന്ത് തമാശയാ ലക്ഷ്മി, നീ എന്നോട് ഒരുവാക്കുപോലും ചോദിച്ചില്ലല്ലോ? എനിക്കൊന്നിനും കഴിയില്ല.”

എന്‍റെ മാനസികാവസ്ഥയെക്കുറിച്ച് അവൾക്ക് നല്ലവണ്ണം അറിയാം. ഇത്രയും വലിയ ചുമതല എന്നെ ഏൽപ്പിക്കുക… അതെനിക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.

“ശാരി, എനിക്ക് നിന്നെ മനസ്സിലാക്കാൻ പറ്റും. നിനക്കതിന് കഴിയും. ഇതേവരെ നീ ദുഃഖം സഹിച്ചു. അയാൾക്ക് നിന്നെയല്ല നിന്‍റെ പണമായിരുന്നു ആവശ്യം. പക്ഷേ, ഇനിമുതൽ നിന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി നീ ജോലി ചെയ്യണം.”

എന്‍റെ വാദഗതികളെ ഖണ്ഡിച്ചുകൊണ്ടുള്ള അവളുടെ ശാന്തമായ മറുപടിക്ക് മുന്നിൽ നിശ്ശബ്ദയായി. രണ്ട് ദിവസം എനിക്കൊപ്പം താമസിച്ചശേഷം അവൾ മടങ്ങിപ്പോയി.

ലക്ഷ്മി പറഞ്ഞതനുസരിച്ച് നിർമ്മൽ ചാരിറ്റി ഹൗസിൽ ഞാൻ തിങ്കളാഴ്ച തന്നെ ജോയിൻ ചെയ്തു. പതിയെ ഞാനാ സത്യം തിരിച്ചറിഞ്ഞു, എന്‍റെ ജോലിയോടും കടമയോടും ഞാനെത്രമാത്രം അനീതി ചെയ്തെന്ന്. ദിവസങ്ങൾ കടന്നു പോയി രോഗികൾ സ്നേഹത്തോടെ ഇടപഴകിയപ്പോൾ ഞാൻ കഴിഞ്ഞ കാര്യങ്ങളെല്ലാം മറക്കാൻ ശ്രമിച്ചു. ഉള്ളിന്‍റെയുള്ളിൽ ഡോ.ശാരി തമ്പിയെ വളർത്തിക്കൊണ്ടുവരാൻ ഞാൻ കഠിനമായി ശ്രമിച്ചു.

“ശാരി, ഇപ്പോ ഞങ്ങൾക്ക് ഇത്രയുമേ തരാൻ കഴിയൂ.. നിങ്ങളുടെ യോഗ്യതയും സേവനങ്ങളും വച്ച് നോക്കുമ്പോൾ ഇത് വളരെ ചെറുതാണെന്ന് അറിയാം.” ഒരു മാസത്തിനുശേഷം ചീഫായ സിസ്റ്റർ മേരി ഒരു കവർ എന്നെ ഏൽപ്പിക്കവേ പറഞ്ഞു.

“ഇല്ല സിസ്റ്റർ, എത്രയായാലും അതെനിക്ക് ധാരാളമാണ്. ഞാനിവിടെ വന്നശേഷം എന്തെല്ലാമാണ് നേടിയതെന്ന് സിസ്റ്റർക്ക് അറിയില്ല. ഒത്തിരി നന്ദിയുണ്ട്.” ഞാൻ പറഞ്ഞതിലെ പൊരുൾ മനസ്സിലാകാഞ്ഞിട്ടെന്നോണം അവരെന്നെ നോക്കി പുഞ്ചിരിച്ചു.

ഇതിനിടയിൽ മനോജിന് ട്രാൻസ്ഫറായി. അതോടെ വീട്ടിൽ ഞാനും മോനും അമ്മയും മാത്രമായി. വരുമാനം കുറഞ്ഞതിൽ മനോജിന് എന്നോട് അതിയായ ദേഷ്യമുണ്ടായിരുന്നു. ജോലിത്തിരക്കുമൂലം ഇത്തിരി വൈകിയാലും മോൻ എന്നെ അക്ഷമയോടെ കാത്തിരിപ്പുണ്ടാവും. നിഷ്കളങ്കമായ ആ മുഖം കാണുമ്പോൾ ഞാനെന്‍റെ വേദനകളെ മറന്നു. മനോജിന്‍റെ ക്രൂരമായ കണ്ണുകളുടെ സ്ഥാനത്തിപ്പോൾ പ്രശാന്തസുന്ദരമായ മുഖങ്ങളും സ്നേഹം തിരയാടുന്ന കണ്ണുകളും മാത്രമാണ്. ഒരിക്കൽ ക്യാമ്പസിന് മുന്നിലൂടെ നടക്കവെ സിസ്റ്റർ പറഞ്ഞു.

“ഡോക്ടർക്ക് അറിയാമോ? ഡോക്ടർ ഇവിടെ വന്നതിനുശേഷം ആശുപത്രിക്ക് നല്ല പേരാണ്. അതിന് ഞാനെത്ര നന്ദി പറഞ്ഞാലാണ് മതിയാകുക. രോഗികൾക്ക് മാത്രമല്ല ഇവിടുത്തെ അന്തരീക്ഷത്തിനു വരെ ഒരു പുതുജീവൻ വെച്ചിരിക്കുകയാണ്. നോക്കൂ ഡോക്ടർ, ഇപ്പോൾ കുഞ്ഞുങ്ങൾ എത്രമത്രം സന്തുഷ്ടരാണെന്നോ. എല്ലാവരും നന്നായി പഠിക്കുന്നുണ്ട്.” സിസ്റ്ററുടെ വാക്കുകൾ എന്‍റെ മനസ്സിൽ കുളിർമഴ പെയ്യിച്ചു. നിർമ്മല ചാരിറ്റി ഹൗസിൽ പോകുന്നത് മനോജിനെ സംബന്ധിച്ച് വളരെ നാണക്കേടായിരുന്നു.

ആശുപത്രിയിലെ ഒഴിവുവേളകളിൽ ഞാനെന്നും കുറച്ചുനേരം അനാഥാലയത്തിലെ കുട്ടികളോടൊപ്പം ചെലവഴിച്ചിരുന്നു. ആ കുഞ്ഞ് മുഖങ്ങളിലെ നിഷ്കളങ്കതയും ഉദാസീനമായ കണ്ണുകളും എന്‍റെ മനസ്സിൽ വല്ലാത്ത വേദനയുണ്ടാക്കി. ഇവരെന്ത് പാപം ചെയ്തിട്ടാണ് ഈ ശിക്ഷ ഏറ്റുവാങ്ങുന്നത്. അവർക്ക് മുന്നിൽ കുറ്റബോധത്തോടെയാണ് എപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്. അവർക്കൊപ്പം കുറച്ച് സമയം വിനിയോഗിച്ചില്ലെങ്കിൽ എന്തോ ഒരസ്വസ്ഥതയാണ് എനിക്ക്. നഴ്സിംഗ് ഹോമിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സിൽ ചേക്കേറിയിരുന്നതു പോലുള്ള കുറ്റബോധവും ഭയവും ഇപ്പോൾ ലെവലേശമില്ല. കുട്ടികൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മനസ്സ് എന്നോട് മന്ത്രിച്ചുകൊണ്ടിരുന്നു. അവർക്കൊപ്പം ചെലവഴിച്ചിരുന്ന സമയം എനിക്കൊരു പുതിയ ജീവിതമാണ് നൽകിയത്.

ലക്ഷ്മിയെ നേരിൽകണ്ട് ഈ സന്തോഷവർത്തമാനം അറിയിക്കമെന്ന് എന്‍റെ മനസ്സപ്പോൾ കൊതിച്ചുപോയി. അവളാണ് സ്നേഹത്തിലേക്കും വിശ്വാസത്തിലേക്കും എന്‍റെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്. ജീവിതത്തിന് നല്ല തിളക്കമാണിപ്പോൾ….

വീണ്ടും ജീവന്‍റെ പുതുനാമ്പുകൾ കിളിർക്കുന്നത് ഞാൻ കണ്ടു. ആശുപത്രിയിലെ രോഗികളിൽ… അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ തിളങ്ങുന്ന കണ്ണുകളിൽ.. അപ്പുമോന്‍റെ സന്തോഷത്തിൽ. എല്ലായിടത്തും സ്നേഹത്തിന്‍റെയും പ്രതീക്ഷയുടെയും പുതുനാമ്പുകൾ എനിക്ക് ചുറ്റും തളിർത്തുകൊണ്ടിരുന്നു.

और कहानियां पढ़ने के लिए क्लिक करें...