കല്യാണത്തിൽ തളച്ചിടേണ്ടവരാണോ നമ്മുടെ പെൺകുട്ടികൾ? പുതിയ ചിന്ത, പുതിയ കാലം, പുതുമയുള്ള സ്വപ്നങ്ങൾ. എന്തുകൊണ്ടായിരിക്കും ഇന്നത്തെ നമ്മുടെ പെൺകുട്ടികൾ കല്യാണം പതുക്കെ മതിയെന്ന് പറയുന്നത്? ഇനിയും ചിലർ കല്യാണം തന്നെ വേണ്ടെന്ന് തീരുമാനിക്കുന്നത്? ഇന്നത്തെ പെൺകുട്ടികൾക്ക് ജീവിതത്തെക്കുറിച്ചും അവരുടെ ഭാവി എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉണ്ട്. അതുകൊണ്ടുതന്നെ അവർ കൃത്യമായി പ്ലാൻ ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നുമുണ്ട്.
കുറച്ചു കാലം മുമ്പ് വരെ കല്യാണം, കുട്ടികൾ, കുടുംബം, എന്തെങ്കിലുമൊരു ജോലി എന്നത് മാറി, കല്യാണം കുട്ടികൾ എന്നത് അവസാന ചോയിസും പഠനം, ആഗ്രഹിച്ച നല്ലൊരു ജോലി, രക്ഷിതാക്കൾ തന്‍റെ കൂടി ഉത്തരവാദിത്തമാണ് എന്ന ചിന്തയിലേക്ക് വളർന്നിരിക്കുകയാണ് പെൺകുട്ടികൾ. ആൺകുട്ടികളും ഇതേ രീതിയിൽ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നതും ആശാവഹമായ കാര്യമാണ്. പഴയ തലമുറയിലെ ആളുകൾ ഇതിനെ ഫോറിൻ കൾച്ചർ എന്നൊക്കെ പറയുമെങ്കിലും ഇന്നത്തെ തലമുറ വളരെ ഫോക്കസ്ഡാണ്.
സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല വ്യക്തിത്വം സംരക്ഷിക്കുക എന്ന തന്‍റേടം കൂടിയ തീരുമാനം കൂടി ഉണ്ടാകുന്നിടത്താണ് തുല്യത കൈവരിക്കുന്നത്. കല്യാണം കഴിഞ്ഞാൽ അവൻ നോക്കിക്കോളും എന്നു വിചാരിക്കുന്ന പെൺകുട്ടികൾ ഇന്നുണ്ടെന്ന് തോന്നുന്നില്ല.
എന്താണ് ഇന്നത്തെ പെൺകുട്ടികളുടെ കാഴ്ചപ്പാടും സ്വപ്നങ്ങളുമെന്ന് അവരോട് തന്നെ ചോദിക്കാം. പലസ്ഥലങ്ങളിൽ നിന്നും പലതരം ജോലികൾ ചെയ്യുന്ന, പഠിക്കുന്ന, വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്ന ഒരുപറ്റം സ്ത്രീകളുടെ കാഴ്ചപ്പാടുകളിലേക്ക് സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന എൻജിഒആയ ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഫൗണ്ടർ മോഹൻദാസ് വയലാംകുഴി നടത്തിയ സഞ്ചാരം.
തീരുമാനം സ്വയം എടുക്കട്ടെ
“പെൺകുട്ടികളുടെ വിവാഹവും, വിവാഹപ്രായവും അവർ തീരുമാനിക്കുന്നതാവണം. ഒരു പ്രായപരിധി നിശ്ചയിക്കുന്നതിലും നല്ലത് വിവാഹം വേണോ? അത് എപ്പോൾ വേണം? എന്നൊക്കെയുള്ള പെൺകുട്ടികളുടെ തീരുമാനത്തെ അംഗീകരിക്കുകയാണ് വേണ്ടത്.”
– രേഷ്മ രാമകൃഷ്ണൻ, ഇംഗ്ളീഷ് ട്രെയിനർ, കാസർകോട്
ജീവിതവിജയത്തിന് മുൻഗണന
“ഇന്നത്തെ കാലഘട്ടത്തിൽ, ആധുനിക സ്ത്രീകൾ അവരുടെ ജീവിതവിജയത്തിനാണ് മുൻഗണന നൽകുന്നതെന്ന ഞാൻ കരുതുന്നു. കുറച്ചു കൂടി ചരടുകളില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യങ്ങൾ ഇന്ന് അവർക്ക് ലഭിക്കുന്നുണ്ട്. ആരുടെയെങ്കിലും നിഴലിൽ ജീവിക്കുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയുമായി സ്വന്തം കാലിൽ നിൽക്കുന്നതാണ് നല്ലതെന്ന് എല്ലാവരും മനസ്സിലാക്കുന്നു. കൂടുതൽ സ്ത്രീകളും വൈകി വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നു. കാരണം അവരുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് അവർക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു പിന്തുണയുള്ള പങ്കാളിയെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. ദാമ്പത്യജീവിതം, സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിനും ജോലിക്ക് പോകുന്നതിനും ഒരു തടസമായി ചില സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കാറുണ്ട്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം, ഇന്നത്തെ സ്ത്രീകൾ ഇതൊക്കെ ജീവിതത്തിൽ നേടിയെടുത്തിട്ടുമതി വിവാഹം എന്ന കാഴചപ്പാടിലേക്കു മാറിയത്. ഇക്കാലത്ത്, പല പുരുഷന്മാരും തങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശക്തയും, സ്വതന്ത്ര ചിന്താഗതിയും, പ്രൊഫഷണലി വിജയം കൈവരിച്ച ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഒരു സ്ത്രീ തന്‍റെ പ്രതിബന്ധങ്ങളെ മറികടന്ന് ഒരു വിവാഹം ആരംഭിക്കുന്നതിന് മുമ്പ് അവരുടെ സ്വപ്‌നങ്ങൾ നേടിയെടുത്ത് സ്വന്തം കാലിൽ നില്കുന്നത് കാണുന്നതുതന്നെ വളരെ മനോഹരമാണ്. കാരണം, അത് അവരെ ഒരു ദീർഘദാമ്പത്യബന്ധത്തിന് തുല്യമായി സംഭാവന ചെയ്യാൻ പ്രാപ്തരാക്കും.”
– ഫെബി മെർലിൻ സാം, രജിസ്ട്രേഡ് നേഴ്‌സ്, എൻ.എം.സി. റോയൽ ഹോസ്പിറ്റൽ, അബുദാബി
ഒരേയൊരു ജീവിതം
“ഇങ്ങനെയൊക്കെ നടന്നാൽ മതിയോ മോളെ, ഒരു കല്യാണമൊക്കെ കഴിക്കണ്ടേ?” “എന്നാണ് ഇവടന്ന് ഒരു സദ്യ കിട്ടുക?” ഭൂരിഭാഗം പെൺകുട്ടികൾ കേട്ടു തഴമ്പിച്ച ചോദ്യമാണിത്.
നമ്മുടെ സമൂഹവും വീട്ടുകാരും ചെറുപ്പം മുതൽ പെൺകുട്ടികളെ കല്യാണത്തിന് വേണ്ടി ഒരുക്കിയെടുക്കുകയാണ്, അറിഞ്ഞുകൊണ്ടും അറിയാതെയും. “നീ അടങ്ങി ഒതുങ്ങി ഇരുന്നോ, നാളെ വേറെ വീട്ടിൽ പോകേണ്ടവളാണ്, ആൾക്കാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ട, നല്ല ആലോചനകൾ വരില്ല”. അടക്കവും ഒതുക്കവും ഒരു കഴിവല്ല, കഴിവുകേടാണെന്നു വേണം പറയാൻ. ഒരു നല്ല ഭാര്യയാവുക, ഒരു നല്ല മകളാവുക, ഒരു നല്ല അമ്മയാവുക, ഇതാണോ ഒരു സ്ത്രീയുടെ ജീവിതലക്ഷ്യം? ഇതൊക്കെയാണോ അവരെ അളക്കാനുള്ള അളവുകോൽ?
ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും, കാര്യത്തോട് അടുക്കുമ്പോൾ അന്നുംഇന്നും പെൺകുട്ടികളുടെ അവസ്ഥ ഇതുതന്നെയാണ്. ഇതിൽ ആകെവന്ന മാറ്റം പണ്ടത്തെ പെൺകുട്ടികൾക്ക് സ്വപ്നം കാണാൻ പേടിയായിരുന്നു പക്ഷെ, ഇന്നത്തെ കുട്ടികൾ അങ്ങനെയല്ല. അവർക്കറിയാം, നാല് ചുമരല്ല ലോകമെന്ന്. ആ തിരിച്ചറിവാണ് മാറ്റത്തിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ്.
എല്ലാ പെൺകുട്ടികളുടെയും സ്വപ്നം വെറും ഫെയറിടെയ്ൽ വെഡിംഗ് അല്ല. അവർക്ക് അവരുടേതായ സ്വപ്നങ്ങളും ചിന്തകളും ഉണ്ട്. അതിലേക്ക് ചുവട് വയ്ക്കുമ്പോൾ അവർക്ക് കല്യാണം ഒരു തടസ്സമാണ് എന്ന തോന്നൽ വന്നാൽ അത് സ്വീകരിക്കാനും അതിനെ സപ്പോർട്ട് ചെയ്യാനും ആണ് വീട്ടുകാരും സമൂഹവും നോക്കേണ്ടത്. ഇന്ന് നമ്മൾ ആരാധിക്കുന്ന ധീരവനിതകളൊക്കെ വീടിന്‍റെ അകത്തളങ്ങളിൽ തളക്കപ്പെടാതെ പുറത്തിറങ്ങി പൊരുതി ജീവിച്ചവരാണ് എന്ന് നമ്മൾ ഓർമ്മിക്കണം. അഫ്റ്റർ ഓൾ, നമ്മളുടെ ജീവിതം നമ്മൾക്ക് ജീവിക്കാൻ ഉള്ളതാണ്, വേറെ ആൾക്കാരുടെ പാവ ആയി ജീവിക്കാൻ ഉള്ളതല്ല. ഒന്നേയുള്ളൂ ജീവിതം അതു നിങ്ങൾക്ക് വേണ്ടി ജീവിക്കുക.
– ഡോ. തുളസി ബാലസുബ്രഹ്മണ്യൻ, അസോസിയേറ്റ് സയന്‍റിഫിക് റൈറ്റർ, ഇൻഡജീൻ, ഗുരുവായൂർ
ഒറ്റയ്ക്ക് ജീവിക്കാൻ ഭയമില്ല
“ഒരു കാര്യത്തിന് വേണ്ടിയും മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാനാണ് ഇക്കാലത്തുള്ള പെൺകുട്ടികൾ ആഗ്രഹിക്കുന്നത്. കല്യാണം കഴിച്ചില്ലെങ്കിലും ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടത് എങ്ങനെയാണെന്ന് ഭൂരിഭാഗം പെൺകുട്ടികൾക്കും നല്ലതുപോലെ അറിയാം. ജീവിതത്തിൽ നേരിട്ട് കാണാൻ ഇടവരുന്ന, അടുത്തറിയുന്ന പലരുടെയും വിവാഹത്തിന് ശേഷമുണ്ടാകുന്ന പ്രശ്നങ്ങൾ, ജോലി നിർത്തി വീട്ടിൽ ഇരിക്കേണ്ടി വരുമോ എന്ന ഭയം എന്നിവ വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനും വൈകുന്നതിനും കാരണമാകാറുള്ളതായി തോന്നിയിട്ടുണ്ട്. മാത്രമല്ല, വിവാഹം കഴിക്കുമെന്ന് അവസാന നിമിഷത്തിൽ തീരുമാനിച്ചാലും എന്ത് കാര്യത്തിനും പരസ്പരം കൂടെ നിൽക്കുന്ന, പിന്തുണയ്ക്കുന്ന ഒരാളെയാണ് പലരും ഇന്ന് ആഗ്രഹിക്കുന്നത്”.
– മേഘ്ന ദാസൻ, സബ്എഡിറ്റർ, സൗത്ത് ലൈവ്, കോഴിക്കോട്
നമ്മൾ ശരിക്കും വിവാഹം കഴിക്കണമോ?
ചിലപ്പോഴൊക്കെ ചിലർക്ക് ചില കാര്യങ്ങൾ സാക്ഷാത്കരിക്കാൻ കുറച്ചധികം സമയം വേണ്ടിവരും. അത്തരം ഘട്ടങ്ങളിൽ സമൂഹത്തിൽ നിലനിൽക്കുന്ന ചില ആചാരങ്ങളെ പാടെ റദ്ദു ചെയ്തുവേണം മുന്നോട്ട് പോകുവാൻ. ഉദാഹരണത്തിന് ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗവേഷണത്തിലൊക്കെ ഏർപ്പെടുമ്പോൾ കൃത്യമായൊരു സമയം നിർവചിക്കാൻ പറ്റാതെ വരും. അത്തരം സന്ദർഭങ്ങളിൽ ഇന്ന പ്രായത്തിൽ കല്യാണം, ഇന്ന പ്രായത്തിൽ കുട്ടികൾ എന്നൊക്കെയുള്ള സാമ്പ്രദായക രീതികളെ പാടേ തിരുത്തി മുന്നോട്ട് പോകേണ്ടിവരും.
ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ആളുകൾ കല്യാണത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കും. പക്ഷെ, തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റുന്നതിനു വേണ്ടി പരിശ്രമിക്കുന്നതിനിടയിൽ കല്യാണത്തെക്കുറിച്ചു ചിന്തിച്ചു സമയം കളയാൻ ഒരുക്കമല്ല. ഇനി അഥവാ കല്യാണം കഴിക്കാൻ ആഗ്രഹിക്കുമ്പോഴും വെറുമൊരു ഭർത്താവ് എന്നതിലുപരി പരസ്പരം മനസ്സിലാക്കുന്ന ആത്മസുഹൃത്തായിരിക്കണം എന്നാഗ്രഹിക്കുന്നു. അങ്ങനെയൊരു വ്യക്തിയെ കണ്ടുമുട്ടുന്നതുവരെ വിവാഹം കഴിക്കാൻ വിസമ്മതിച്ചേക്കാം.
എല്ലാത്തിനുമുപരി, പലരും കുടുംബത്തിന്‍റെയും സാമൂഹിക സ്വാധീനത്തിന്‍റെയും അടിസ്ഥാനത്തിലാണ് വിവാഹം കഴിക്കുന്നത് അല്ലെങ്കിൽ വിവാഹിതരാകാനുള്ള കൗതുകങ്ങളും സ്വപ്നങ്ങളും കൊണ്ട് വിവാഹം കഴിക്കുന്നവരുമുണ്ടാകാം. ഇവയെല്ലാം കൂടാതെ, വിവാഹം കഴിക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നവരുമുണ്ട്. ഒരുപക്ഷേ, അവർ ജീവിക്കുന്ന രീതിയിൽ അവർ ഇതിനകം സന്തുഷ്ടരാണ്. അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ ഒരാളെകൂടി ഉൾക്കൊള്ളാൻ അവർ തയ്യാറല്ല.
വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാകുന്നതും സ്വാഭാവിക പ്രതിഭാസം ആണെങ്കിലും അതിന് നിശ്ചിതസമയമുണ്ട്. അവിടെ ചെറുപ്പമോ പ്രായമോ ഒന്നും പ്രശ്നമല്ല. വിവാഹം, ഗർഭം, രക്ഷാകർതൃത്വം, ജോലി- ജീവിത സന്തുലിതാവസ്ഥ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാനസികമായും ശാരീരികമായും തയ്യാറായാവുകയും കൃത്യമായി ബോധവാനായിരിക്കുകയും വേണം. ഒരു വ്യക്തി സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, യഥാർത്ഥത്തിൽ പ്രായം ഒരു പ്രശ്‌നമേയല്ല.
ഇക്കാലത്ത് ആളുകൾ വളരെയധികം പ്രാക്ടിക്കൽ ആയി ചിന്തിക്കുകയും കല്യാണം കഴിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചു പോലും പലയാവർത്തി ചിന്തിച്ചു ഒരു തീരുമാനത്തിൽ എത്തുകയാണ് വേണ്ടത്. പരസ്പരം ഉത്തരവാദിത്തങ്ങളുടെ കാര്യത്തിൽ ഒരു ധാരണയുണ്ടായിരിക്കുന്നതും നല്ലതാണ്. അല്ലെങ്കിൽ ഒടുവിൽ വിവാഹമോചനത്തിൽ അവസാനിക്കുമെന്നതിൽ സംശയമില്ല. ഒരു ജോലിക്കുവേണ്ടി തയ്യാറെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോഴും ചെയ്യേണ്ടത്.
സുഹൃത്തായി, പങ്കാളിയായി, മാതാപിതാക്കളായി രണ്ടു വ്യക്തികൾക്ക് ഒരു ജീവിതകാലം മുഴുവൻ ചിലവഴിക്കാനുള്ള നിയമപരമായ ഒരു കാരാറിൽ ഏർപ്പെടുന്നതാണ് വിവാഹം. അതുകൊണ്ടുതന്നെ ഓരോ ഘട്ടത്തിലും പുതിയ കാര്യങ്ങൾ പഠിക്കുകയും പങ്കിടുകയും ചെയ്യാനുള്ള ഉത്തരവാദിത്തം രണ്ടു വ്യക്തികളിലും നിക്ഷിപ്തമാണ്. അപ്പോൾ ലിവിംഗ് ടുഗതർ എന്തിനാണ് എന്ന ചോദ്യം വരുന്നുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയാൽ, വിവാഹത്തിൽ നിന്ന് രക്ഷപ്പെടാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. ചില സാമൂഹിക- സാംസ്കാരിക നിലപാടുകളോട് പക്ഷപാതം കാണിക്കുന്നില്ലെങ്കിൽ എല്ലാം വ്യക്തിപരമായ മുൻഗണനയാണ് പ്രധാനം.
വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന രണ്ടു വ്യക്തികൾ പരസ്പരം മനസ്സ് തുറന്നു സംസാരിക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. അഥവാ വിവാഹം വേണ്ട എന്ന തീരുമാനം എടുക്കുന്നുണ്ടെങ്കിൽ പോലും ഭാവിയിൽ ഒരിക്കലും പശ്ചാത്തപിക്കാൻ ഇടയാവരുത്. വൈകിയിട്ടില്ല, സന്തോഷകരമായ ജീവിതത്തിന്‍റെ താക്കോൽ നിങ്ങളുടെ കയ്യിലാണ്.
– ഡോ. കാർത്തിക എം (BAMS, MPH), റിസർച്ച് സ്കോളർ, കേരള കേന്ദ്ര സർവ്വകലാശാല, കണ്ണൂർ
സമൂഹത്തിന്‍റെ പ്രതീക്ഷകളല്ല സ്വന്തം ജീവിതം
ഇന്നത്തെ മാറുന്ന കാലഘട്ടത്തിൽ, പല ഇന്ത്യൻ സ്ത്രീകളും വിവാഹത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ പുനർവിചിന്തനം ചെയ്യുന്നു. വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും അവർക്ക് ശാക്തീകരണത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഒരു ബോധം നൽകി. വിവാഹത്തെ പരിഗണിക്കുന്നതിന് മുമ്പ് വ്യക്തിഗത വളർച്ചയ്ക്ക് മുൻഗണന നൽകുന്നതിന് അവരെ നയിക്കുന്നു. തുല്യത, ബഹുമാനം, പരസ്പരം പങ്കിട്ടെടുക്കുന്ന ഉത്തരവാദിത്തങ്ങൾ എന്നിവയിൽ കെട്ടിപ്പടുത്ത ബന്ധങ്ങൾ അവർ തേടുന്നു. സമൂഹത്തിന്‍റെ പ്രതീക്ഷകൾ ഇനി അവരുടെ പാതകളെ നിർവചിക്കുന്നില്ല, കാരണം അവർ തങ്ങളുടെ സ്വാതന്ത്ര്യം സ്വീകരിക്കുകയും സന്തോഷത്തിനും അവയുടെ പൂർത്തീകരണത്തിനുമുള്ള വ്യത്യസ്ത വഴികൾ അന്വേഷിക്കുകയും ചെയ്യുന്നു.
വിവാഹം ഇപ്പോഴും ചിലർക്ക് പ്രാധാന്യമുള്ളതാണെങ്കിലും, ആധുനിക ഇന്ത്യൻ സ്ത്രീ പരമ്പരാഗതമായ ദാമ്പത്യ സ്ഥാപനത്തിനൊപ്പം വ്യക്തിപരമായ അഭിലാഷങ്ങൾ, സ്വയം കണ്ടെത്തൽ, വ്യക്തിത്വം എന്നിവയെ വിലമതിക്കുന്നു.
– വർഷ ഷഹീൻ, B-tech, CSE Student, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്‍റ് ടെക്നോളജി, എറണാകുളം
വിവാഹം ഒരു ചോയിസ് മാത്രം
“കാലങ്ങളായി നമ്മൾ പിന്തുടരുന്ന മാരേജ് സിസ്റ്റം പാർട്രിയാർക്കൽ ആണ്. എഡ്യൂക്കേഷനും ഫിനാൻഷ്യൽ ഇൻഡിപെൻഡൻസും നേടിയ പെൺകുട്ടികൾ അവരുടെ സെൻസ് ഓഫ് ഇന്‍റിവിജ്വലിറ്റിയും ഫ്രീഡവും സാക്രിഫൈസ് ചെയ്ത് വിവാഹം കഴിക്കാൻ താത്പര്യപ്പെടില്ല. പിന്നെ ആണുങ്ങൾ അവരുടെ നിലവാരം ഉയർത്താൻ റെഡിയല്ല. ദേ ഡോണ്ട് ഈവൻ ആക്സപ്റ്റ് ദ ചേഞ്ച്. കൂടാതെ വർദ്ധിച്ചുവരുന്ന ആൽമഹത്യ നിരക്ക് ഭീതിജനകമാണ്.
മാര്യേജ് ഈസ് നോട്ട് നെസസറി, ഇറ്റ്സ് ജസ്റ്റ് എ ചോയിസ്
– ഡോ. മേധ സനൽ (BHMS), പത്തനംതിട്ട
സെൽഫ് ലവ് പ്രധാനം
കല്യാണമേ വേണ്ട എന്നൊരു ചിന്ത ഇല്ലെങ്കിലും കല്യാണമാണ് ജീവിതം എന്നൊന്നും തോന്നിയിട്ടില്ല. ആദ്യനാളുകളിലെ ഫോട്ടോയെടുപ്പും കറക്കവും കഴിഞ്ഞാൽ പിന്നെ ബാക്കിയാകുന്നത് ഒരു നൂറുകണക്കിന് ഉത്തരവാദിത്തങ്ങളും, ചെയ്തിട്ടും ചെയ്തിട്ടും തീരാത്തത്ര വീട്ടുകാര്യങ്ങളും ആയിരിക്കുമല്ലോ എന്നുള്ള ചിന്ത എന്നും മനസ്സിൽ ഉണ്ടായിട്ടുണ്ട്. എന്തിനധികം പറയുന്നു, ഓരോ ദിവസവും ന്യൂസ് കാണുമ്പോൾ തന്നെ തോന്നും കല്യാണം, കുഞ്ഞും ഒന്നും വേണ്ട ജീവൻ കിട്ടിയാൽ മതിയായിരുന്നു എന്ന്. ഒരു പട്ടിയെയും പോറ്റിവളർത്തി സമാധാനമായിട്ട് ജീവിച്ചാൽ പോരെ, എന്തിനാ ഈ വേണ്ടാത്ത വയ്യാവേലി എടുത്തു തലയിൽ വയ്ക്കുന്നത് എന്ന്.
അൾട്ടിമേറ്റലി ഏതൊരു മനുഷ്യനും സമാധാനമാണ് വേണ്ടത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് നമ്മൾക്ക് ചേർന്ന, അത്യാവശ്യം കോമൺസെൻസുള്ള ഒരു പാർട്ടണർ ആണെങ്കിൽ കല്യാണം കഴിക്കുന്നതിൽ തെറ്റില്ല. പക്ഷെ, നാട്ടിലെ എല്ലാ സ്ത്രീകളും പറന്നോട്ടെ, ഇഷ്ടത്തിന് ജീവിച്ചോട്ടെ. പക്ഷെ, എന്‍റെ ഭാര്യ ഞാൻ പറയുന്നത് കേട്ട് ജീവിച്ചാൽ മതി എന്നൊരു അലിഖിതനിയമം ഉള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അനുയോജ്യനായ ഒരാളെ കിട്ടിയാൽ നല്ലത്. ഇനി കെട്ടി കഴിഞ്ഞിട്ടാണെങ്കിലും ഒരു പോയിന്‍റിൽ ഇത് ഒത്തുപോകില്ല, എത്ര എഫർട്ട് എടുത്തിട്ടും ഇത് റെഡിയാവില്ലെന്നു ബോധ്യമായാൽ ഉള്ള കാര്യം മുഖത്തു നോക്കി പറഞ്ഞ് കൈയും കൊടുത്ത് പിരിയുന്നതാണ് എല്ലാംകൊണ്ടും നല്ലത്. സെൽഫ് ലവ് ആണ് പ്രധാനം. ചുമരുണ്ടെങ്കിലെ ചിത്രം വരയ്ക്കാൻ പറ്റുള്ളൂ എന്ന് മാത്രം ഓർക്കുക.
– രേവതിരാജ്, മെഡിക്കൽ & സൈക്യാട്രിക്ക് സോഷ്യൽ വർക്കർ, കോഴിക്കോട്
വ്യക്തിസ്വാതന്ത്ര്യം നഷ്ടമാകുന്നു
ഇന്നത്തെ പിള്ളേരുടെ മാത്രം ചിന്തയാണിതെന്ന് എനിക്ക് തോന്നുന്നില്ല. പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു. കുടുംബത്തിന് വേണ്ടിയും സമൂഹത്തിനു വേണ്ടിയും പലതും ത്യജിക്കുന്നവരായിരുന്നു ഒരുകാലത്ത് നമ്മുടെ സ്ത്രീജനങ്ങൾ. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല. അതൊക്കെ തുറന്ന് പറയാനും പ്രവർത്തിക്കാനുമൊക്കെ ഉള്ള ധൈര്യം പെൺകുട്ടികൾ കാണിക്കുന്നുണ്ട് എന്നുള്ളതാണ്. വ്യക്തി സ്വതന്ത്ര്യത്തെ കൊല്ലുന്ന തരത്തിലാണ് കല്യാണത്തെ ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്നത്. അല്ലെങ്കിൽ സമൂഹം അങ്ങനൊക്കെ ആക്കി മാറ്റുന്നു.
– ഡയാന ബി. സി, കൺസൾട്ടന്‍റ് ഫിസിയോതെറാപ്പിസ്റ്റ്, വിമല ഏർളി ഇന്‍റെർ വെൻഷൻ സെന്‍റർ, എറണാകുളം
ജീവിതമെന്നാൽ കല്യാണം മാത്രമല്ല
ഇന്നത്തെ നമ്മുടെ പെൺകുട്ടികൾ കല്യണം പതുക്കെ മതിയെന്ന് പറയുന്നതിന് പ്രധാനകാരണം സമൂഹത്തിലെ സ്ത്രീകൾക്ക് നേരെ ഉയർന്നുവരുന്ന ഗാർഹിക പീഡനങ്ങളും സ്ത്രീധന പീഡനങ്ങളും തന്നെ ആണ്. അതുകൊണ്ട് കല്യണo എന്ന തീരുമാനത്തെക്കാളും വളരെയധികം പ്രാധാന്യം നൽകുന്നത് വിദ്യാഭ്യാസത്തിനും സ്വന്തം കാലിൽ നിൽക്കാനുള്ള ജോലിക്കും വേണ്ടിയാണ്.
കല്യാണം എന്നത് ജീവിതത്തിൽ പ്രാധാന്യമുള്ളതല്ലെന്നും അത് ലൈഫിൽ വരുന്ന ഒരു ഭാഗം മാത്രം ആണെന്നും ഇന്നത്തെ പെൺകുട്ടികൾ മനസ്സിലാക്കിയിട്ടുണ്ട്. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ തന്നെ പെൺകുട്ടികൾ ആരെയും ആശ്രയിക്കാതെ സ്വന്തമായി ജോലി ചെയ്തു വരുമാനം ഉണ്ടാക്കേണ്ടതും നിർബന്ധമാണ്.
– സുന എസ്. ചന്ദ്രൻ, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശു വികസന ഓഫീസ്, കാസർഗോഡ്
വിവാഹിതയ്ക്ക് കുടുംബവും തൊഴിലും പ്രധാനം
ഒരു കല്യാണം കഴിഞ്ഞ സ്ത്രീയെന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത് മലയാളി സമൂഹത്തിൽ (കേരളത്തിലെ അല്ല) പല മേഖലയിലും ഇപ്പോൾ സ്ത്രീകൾ സജീവമാണ്. പക്ഷെ പലർക്കും ഇപ്പോഴും കുടുംബവും തൊഴിലും ഒരുപോലെ തിരഞ്ഞെടുക്കേണ്ടതുണ്ട്. വീട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് വിട്ടുവീഴ്ച ചെയ്യാത്തിടത്തോളം കാലം സ്ത്രീകൾക്ക് ജോലി ചെയ്യാൻ സിസ്റ്റം അനുവദിച്ചിട്ടുണ്ട്. മിക്ക പുരുഷന്മാരും എല്ലാ രീതിയിലും പരസ്പരം പങ്കിടാൻ തയ്യാറാകുന്നില്ല. അതുകൊണ്ട് തങ്ങളുടെ സ്വാതന്ത്യം ആഗ്രഹിക്കുന്ന തൊഴിൽപരമോ, വ്യക്തിപരമോ ആയ അഭിലാഷങ്ങളുള്ള പെൺകുട്ടികൾക്ക് ഇപ്പോൾ അവിവാഹിതരായി കഴിയുന്നത് എളുപ്പമാണെന്ന് അറിയാം.
– ആർദ്ര ഉദയൻ, ടാക്സ് അനലിസ്റ്റ്, ഡെലോയിറ്റ്, യു. കെ
ജീവിതത്തിന്‍റെ ചരട് സ്വന്തം കൈയിൽ
വിവാഹം എന്നത് ഒരുപാട് ഉത്തരവാദിത്വങ്ങളും കടമകളും പ്രതീക്ഷകളുമടങ്ങുന്ന ഒരു ഇൻസ്റ്റിറ്റ്യൂനാണ്. വളരെ ചെറുപ്രായത്തിൽ തന്നെ അത്രയും വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പെൺകുട്ടികളെ നിർബന്ധിക്കരുത്. വിവാഹം ഒരു ആവശ്യകതയല്ല. അനിവാര്യതയുമല്ല. വിവാഹം കഴിച്ചില്ലെങ്കിലും സന്തോഷത്തോടേയും സമാധാനത്തോടേയും ജീവിക്കാൻ സാധിക്കും. വിവാഹം ഒരു ഓപ്ഷൻ മാത്രമാണ്.
ഒരുപാട് നാളുകൾ സ്വാതന്ത്ര്യത്തോടെ സ്വയം തീരുമാനങ്ങൾ എടുത്ത് സാമ്പത്തിക സുസ്ഥിരത കൈവന്ന യുവതികളുടെ ജീവിതത്തിൽ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഒരാൾ കയറിവന്ന് ജീവിതത്തിന്‍റെ മുഴുവൻ കൺട്രോളും ഏറ്റെടുക്കുമ്പോൾ അത് സ്വയംപര്യാപ്തത നേടിയ ഒരാൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത്രയും നാൾ പാറിപറന്നു നടന്ന ഒരാളെ സംബന്ധിച്ച് കൂട്ടിലടയ്ക്കപ്പെട്ട പക്ഷിക്ക് സമാനമായ ജീവിതം ദു:ഖദുരിതങ്ങൾ മാത്രമേ സമ്മാനിക്കൂ.
വീട്ടിൽ സ്വാതന്ത്ര്യം അനുഭവികാത്ത എന്നാൽ കുറേനാളുകൾക്ക് ശേഷം സ്വയംപര്യാപ്തത വന്ന യുവതികൾ ഒരിക്കലും ഇനി പഴയ ജീവിതത്തിലേക്ക് പോകാൻ വിസമ്മതം പ്രകടിപ്പിക്കുന്നതും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ മാനസീകമായും ശാരീരികമായും സാമ്പത്തികമായും ഒക്കെ സ്ഥിരത വന്നതിനുശേഷം മനസ്സിനിണങ്ങിയ പാർട്ടണറെ കിട്ടിയാൽ മാത്രം വിവാഹം കഴിക്കക. വിവാഹം ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജീവിതത്തിന്‍റെ ചരട് ആർക്കും കൊടുക്കാതെ സ്വയം ജീവിക്കുന്ന സുഖം വേറെ ഒന്നിലും ലഭിക്കാൻ പോകുന്നില്ല.
– ലിൻസ് ജോസ്, റിസർച്ച് സ്കോളർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള