കല്യാണത്തിൽ തളച്ചിടേണ്ടവരാണോ നമ്മുടെ പെൺകുട്ടികൾ? പുതിയ ചിന്ത, പുതിയ കാലം, പുതുമയുള്ള സ്വപ്നങ്ങൾ. എന്തുകൊണ്ടായിരിക്കും ഇന്നത്തെ നമ്മുടെ പെൺകുട്ടികൾ കല്യാണം പതുക്കെ മതിയെന്ന് പറയുന്നത്? ഇനിയും ചിലർ കല്യാണം തന്നെ വേണ്ടെന്ന് തീരുമാനിക്കുന്നത്? ഇന്നത്തെ പെൺകുട്ടികൾക്ക് ജീവിതത്തെക്കുറിച്ചും അവരുടെ ഭാവി എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയും കാഴ്ചപ്പാടും ഉണ്ട്. അതുകൊണ്ടുതന്നെ അവർ കൃത്യമായി പ്ലാൻ ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നുമുണ്ട്.
കുറച്ചു കാലം മുമ്പ് വരെ കല്യാണം, കുട്ടികൾ, കുടുംബം, എന്തെങ്കിലുമൊരു ജോലി എന്നത് മാറി, കല്യാണം കുട്ടികൾ എന്നത് അവസാന ചോയിസും പഠനം, ആഗ്രഹിച്ച നല്ലൊരു ജോലി, രക്ഷിതാക്കൾ തന്‍റെ കൂടി ഉത്തരവാദിത്തമാണ് എന്ന ചിന്തയിലേക്ക് വളർന്നിരിക്കുകയാണ് പെൺകുട്ടികൾ. ആൺകുട്ടികളും ഇതേ രീതിയിൽ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നതും ആശാവഹമായ കാര്യമാണ്. പഴയ തലമുറയിലെ ആളുകൾ ഇതിനെ ഫോറിൻ കൾച്ചർ എന്നൊക്കെ പറയുമെങ്കിലും ഇന്നത്തെ തലമുറ വളരെ ഫോക്കസ്ഡാണ്.
സാമ്പത്തിക സ്വാതന്ത്ര്യം മാത്രമല്ല വ്യക്തിത്വം സംരക്ഷിക്കുക എന്ന തന്‍റേടം കൂടിയ തീരുമാനം കൂടി ഉണ്ടാകുന്നിടത്താണ് തുല്യത കൈവരിക്കുന്നത്. കല്യാണം കഴിഞ്ഞാൽ അവൻ നോക്കിക്കോളും എന്നു വിചാരിക്കുന്ന പെൺകുട്ടികൾ ഇന്നുണ്ടെന്ന് തോന്നുന്നില്ല.
എന്താണ് ഇന്നത്തെ പെൺകുട്ടികളുടെ കാഴ്ചപ്പാടും സ്വപ്നങ്ങളുമെന്ന് അവരോട് തന്നെ ചോദിക്കാം. പലസ്ഥലങ്ങളിൽ നിന്നും പലതരം ജോലികൾ ചെയ്യുന്ന, പഠിക്കുന്ന, വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്ന ഒരുപറ്റം സ്ത്രീകളുടെ കാഴ്ചപ്പാടുകളിലേക്ക് സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്ന എൻജിഒആയ ബെറ്റർ ലൈഫ് ഫൗണ്ടേഷൻ ഫൗണ്ടർ മോഹൻദാസ് വയലാംകുഴി നടത്തിയ സഞ്ചാരം.
തീരുമാനം സ്വയം എടുക്കട്ടെ
“പെൺകുട്ടികളുടെ വിവാഹവും, വിവാഹപ്രായവും അവർ തീരുമാനിക്കുന്നതാവണം. ഒരു പ്രായപരിധി നിശ്ചയിക്കുന്നതിലും നല്ലത് വിവാഹം വേണോ? അത് എപ്പോൾ വേണം? എന്നൊക്കെയുള്ള പെൺകുട്ടികളുടെ തീരുമാനത്തെ അംഗീകരിക്കുകയാണ് വേണ്ടത്.”
- രേഷ്മ രാമകൃഷ്ണൻ, ഇംഗ്ളീഷ് ട്രെയിനർ, കാസർകോട്
ജീവിതവിജയത്തിന് മുൻഗണന
“ഇന്നത്തെ കാലഘട്ടത്തിൽ, ആധുനിക സ്ത്രീകൾ അവരുടെ ജീവിതവിജയത്തിനാണ് മുൻഗണന നൽകുന്നതെന്ന ഞാൻ കരുതുന്നു. കുറച്ചു കൂടി ചരടുകളില്ലാതെ സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യങ്ങൾ ഇന്ന് അവർക്ക് ലഭിക്കുന്നുണ്ട്. ആരുടെയെങ്കിലും നിഴലിൽ ജീവിക്കുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയുമായി സ്വന്തം കാലിൽ നിൽക്കുന്നതാണ് നല്ലതെന്ന് എല്ലാവരും മനസ്സിലാക്കുന്നു. കൂടുതൽ സ്ത്രീകളും വൈകി വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നു. കാരണം അവരുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾ നേടുന്നതിന് അവർക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു പിന്തുണയുള്ള പങ്കാളിയെ കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. ദാമ്പത്യജീവിതം, സ്വപ്‌നങ്ങൾ നേടിയെടുക്കുന്നതിനും ജോലിക്ക് പോകുന്നതിനും ഒരു തടസമായി ചില സ്ത്രീകളുടെ ജീവിതത്തിൽ സംഭവിക്കാറുണ്ട്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം, ഇന്നത്തെ സ്ത്രീകൾ ഇതൊക്കെ ജീവിതത്തിൽ നേടിയെടുത്തിട്ടുമതി വിവാഹം എന്ന കാഴചപ്പാടിലേക്കു മാറിയത്. ഇക്കാലത്ത്, പല പുരുഷന്മാരും തങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശക്തയും, സ്വതന്ത്ര ചിന്താഗതിയും, പ്രൊഫഷണലി വിജയം കൈവരിച്ച ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ഒരു സ്ത്രീ തന്‍റെ പ്രതിബന്ധങ്ങളെ മറികടന്ന് ഒരു വിവാഹം ആരംഭിക്കുന്നതിന് മുമ്പ് അവരുടെ സ്വപ്‌നങ്ങൾ നേടിയെടുത്ത് സ്വന്തം കാലിൽ നില്കുന്നത് കാണുന്നതുതന്നെ വളരെ മനോഹരമാണ്. കാരണം, അത് അവരെ ഒരു ദീർഘദാമ്പത്യബന്ധത്തിന് തുല്യമായി സംഭാവന ചെയ്യാൻ പ്രാപ്തരാക്കും.”