എല്ലാവരേക്കാളും മുമ്പ് സ്കൂളിലെത്തണം. ഹെഡ് മാഷ് നേരത്തെ എത്തും.
ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് അദ്ദേഹത്തോട് പറയണം. അതറിയുമ്പോൾ ഉമ്മായ്ക്കും സന്തോഷമാകും.

അവൾ വേഗം കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പോകാനായി ഇറങ്ങി. ഉമ്മ തന്‍റെ പ്രവൃത്തികളോരോന്നും സംശയത്തോടെയാണ് വീക്ഷിക്കുന്നതെന്ന് അവൾക്ക് തോന്നി.

വഴിയിൽ വെച്ച് ഇബ്രാഹിംകുട്ടി മാഷിനെക്കുറിച്ച് മനസ്സിലങ്ങനെ വിചാരിച്ചതേയുള്ളൂ. ദൂരെ നിന്നും സ്കൂട്ടറിൽ അയാൾ വരുന്നത് കണ്ടു.

കള്ളപൂച്ച ഇബ്രാഹിംകുട്ടി മാഷ് പഴയതുപോലെ ഒരു ചിരി മാത്രം പാസാക്കി തന്നെ കടന്നു പോകുമെന്നാണ്ട് വിചാരിച്ചത്. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ അയാൾ അവൾക്ക് മുന്നിൽ സ്കൂട്ടർ കൊണ്ട് വന്ന് സ്ലോ ചെയതു.
“ടീച്ചർ എങ്ങോട്ടാണ് ഇത്ര നേരുത്തെ?” അയാൾ ചോദിച്ചു.

“എനിക്ക് നേരുത്തെ ചെന്നിട്ട് കുറച്ച് ടീച്ചിംഗ്സ് നോട്ട് എഴുതാനുണ്ടായിരുന്നു.” അവൾ പറഞ്ഞു
“ഞാനിന്ന് ലീവാണ്. കുറച്ച് അത്യാവശ്യ കാര്യങ്ങളുണ്ട്.” ഇബ്രാഹിംകുട്ടി മാഷ് ഒരു വെള്ളപ്പറവയെപ്പോലെ പറന്നു പോയി. അയാൾ കണ്ണിൽ നിന്ന് മായുന്നതുവരെ അവൾ ആ കാഴ്ച നോക്കി നിന്നു.

ഇബ്രാഹിംകുട്ടി മാഷ് എത്ര നല്ലവനാണ്. നിർവ്വികാരമെന്നു തോന്നുന്ന ആ കണ്ണുകളിൽ അലതല്ലുന്നത് സ്നേഹത്തിന്‍റെ സാഗരങ്ങളാണ്. അല്ലാഹു എത്ര വലിയവനും കരുണാമയനുമാണ്.

പ്രതീക്ഷിച്ചതു പോലെ ഹെഡ് മാഷ് നേരത്തെ എത്തിയിട്ടുണ്ടായിരുന്നു. എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത്?

ഇബ്രാഹിംകുട്ടി മാഷുമായുള്ള നിക്കാഹിന് സമ്മതമാണെന്ന് നേരേ വാ നേരേ പോ എന്ന മട്ടിൽ നേരിട്ടങ്ങു പറഞ്ഞാലോ? അല്ലെങ്കിൽ അതു വേണ്ട.

മാഷ് ഇന്നാള് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ? അങ്ങനെ തുടങ്ങാം . അതാണ് നല്ലത്.

ഹെഡ്മാഷ് പതിവുപോലെ രജിസ്റ്ററിലെന്തോ എഴുതുകയാണ്. അയാൾ അവളെ ശ്രദ്ധിക്കുന്നതു പോലുമില്ല.

ഇങ്ങേർക്ക് എന്താണ് എപ്പോഴുമിങ്ങനെ എഴുതാനുള്ളത്? ലോകത്ത് ഇങ്ങേര് മാത്രമേ ഹെഡ്മാഷായിട്ടുള്ളോ? ഒരു മനുഷ്യജീവി വന്നു നില്ക്കുന്നത് കണ്ടാൽ ഒന്നു മുഖമുയർത്തി നോക്കിയാൽ എന്താണ് ചേദം?

അവൾ ബാഗും കുടയും ഡെസ്കിന്‍റെ പുറത്ത് ‘ഠപ്പോ…’ന്ന് വെച്ചു. ഹെഡ് മാഷ് തലയുയർത്തി നോക്കി.

വളരെ നാളുകൾക്ക് ശേഷം അയാൾ അവളെ നോക്കി ഉള്ളുതുറന്ന് ചിരിച്ചു.

“ങ്ഹാ… ടീച്ചർ നേരത്തെ എത്തിയോ?” എന്ന് പറഞ്ഞ് കൊണ്ട് അയാൾ രജിസ്റ്ററിലേക്ക് വീണ്ടും ഊളിയിട്ടു.

“ടീച്ചറ് വല്ല നേർച്ചയും നേർന്നുട്ടാണ്ടായിർന്നോ? എന്തായാലും ങ്ങടെ കണ്ണിലെ ഒരു കരട് ഇന്ന് ഒഴിഞ്ഞു പോകുകയാണ്.”

സബീന ടീച്ചർ. ഒന്നും മനസ്സിലാകാതെ മിഴിച്ചു നിലക്കവെ ഹെഡ് മാഷ് തുടർന്നു. “മ്മടെ ഇബ്രാഹിംകുട്ടി മാഷ് പതിനഞ്ചു കൊല്ലത്തെ ദീർഘകാല അവധിയെടുത്ത് ഗൾഫിൽ പോകുകയാണ്. അയാൾക്ക്‌ അവിടെ ഒരു സ്കൂളിൽ അറബിക് അധ്യാപകനായി ജോലി ശരിയായി. ഇവിടുത്തേതിന്‍റെ അഞ്ചാറിരട്ടി ശംബളമുണ്ടത്രേ. ഇന്ന് അങ്ങേരുടെ വക പാർട്ടിയുണ്ട്. ബിരിയാണിയാണ്. കോഴിയാണോ? ആടാണോ? നല്ലയൊരു മട്ടൺ ബിരിയാണി കഴിച്ചിട്ട് എത്ര നാളായി.”

ഹെഡ് മാഷ് ഏതോ മധുര സ്മരണയിൽ കണ്ണുകളടച്ച് കസേരയിലേക്ക് ചാഞ്ഞു കിടന്നു.

സബീന ടീച്ചർ ഒന്നും മിണ്ടാതെ വന്ന് കസേരയിൽ ഒരു മരപ്രതിമ പോലെയിരുന്നു. മനസ്സിലെ സന്തോഷമെല്ലാം ഒരു നിമിഷം കൊണ്ട് എരിഞ്ഞടങ്ങിയ പോലെ.

എന്തെങ്കിലും കാരണം പറഞ്ഞ് ലീവെടുത്ത് വീട്ടിൽ പോയാലോ എന്ന് വിചാരിച്ചു. എന്ത് കാരണം പറയും? ഹെഡ് മാഷ് എന്ത് വിചാരിക്കും? വീട്ടിലോട്ട് കയറി ചെന്നാൽ ഉമ്മായോട് എന്ത് പറയും? എങ്ങോട്ടാണ് ഓടിയൊളിക്കുന്നത്. അവൾ അവിടെത്തന്നെയിരുന്നു.

പ്രേയറിന് ബെല്ലടിച്ചതറിഞ്ഞില്ല. ആരോഹണ അവരോഹണ ക്രമങ്ങളിലൂടെ പ്രാർത്ഥന ചൊല്ലുന്ന കുട്ടികളുടെ ഈണത്തിലുള്ള ശബ്ദം മുഴങ്ങുന്നു.

ചന്തമേറിയ പൂവിലും

ശബളാഭമാം ശലഭത്തിലും

സന്തതം കരതാരിയെന്നൊരു

ചിത്ര ചാതുരി കാട്ടിയും

ഹന്ത ചാരു കടാക്ഷമാലക

ളര്‍ക്കരശ്മിയിൽ നീട്ടിയും

ചിന്തയാം മണി മന്ദിരത്തില്‍

വിളങ്ങു മീശനെ വാഴ്ത്തുവിന്‍

ഹാജർ പുസ്തകവുമെടുത്ത് ടീച്ചർ മനസ്സില്ലാമനസ്സോടെ ക്ലാസ്സിലേക്കു പോയി. പഠിപ്പിക്കാൻ യാതൊരു മൂഡും തോന്നുന്നില്ല. പരിശീലന പ്രശ്ശങ്ങൾ നോക്കി രണ്ടു മൂന്ന് കണക്കിട്ടു കൊടുത്ത് അവിടെ എവിടെയെങ്കിലും ഇരിക്കാമെന്ന് വിചാരിച്ചു. മനസ്സിന് സുഖമില്ലെങ്കിൽ പിന്നെന്തു ചെയ്യും? അറിയുന്നവര് ചെയ്യും അറിയാൻ വയ്യാത്തവർ കണ്ടെഴുതും അതിനും താല്പര്യമില്ലാത്തവരെ എന്ത് ചെയ്താലും ശരിയാകില്ല തത്തമ്മയെ പൂച്ച, പൂച്ച എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതു പോലെ എപ്പോഴുമിങ്ങനെ വായിട്ടലയ്ക്കാൻ ടീച്ചർമാരെന്താണ് വല്ല ടേപ്പ് റിക്കാർഡറോ, മൈക്രോഫോണോ മറ്റോ ആണോ?

ടീച്ചർ ക്ലാസ്സിലേക്ക് പോകുമ്പോൾ ആറാം ക്ലാസ്സിലെ ഒരു പെണ്ണും ഏഴാം ക്ലാസ്സിലെ ഒരു ചെറുക്കനും ഒരൊഴിഞ്ഞ കോണിൽ നിന്ന് ഒരേ സംസാരം. അവൻ ഓരോന്ന് മന്ത്രിച്ച് മന്ത്രിച്ച് അവസാനം അവളുടെ കാത് തന്നെ കടിച്ചു പറിക്കൂമെന്ന് ടീച്ചർക്ക് തോന്നി.. കുറെ നാളായി ടീച്ചർ ശ്രദ്ധിക്കുന്നു. രണ്ടിന്‍റെയും ഒരു ചുറ്റിക്കളി. പെണ്ണ് സാമാന്യം പഠിക്കുന്നതാണ്. പ്രായത്തിൽ കവിഞ്ഞുളള വളർച്ചയുണ്ട്. ചെറുക്കൻ ആളൊരു ചട്ടമ്പി. അവൻ ഏഴാം ക്ലാസ്സിൽ രണ്ടാം കൊല്ലമാണന്ന് തോന്നുന്നു. ആണും പെണ്ണും ഇങ്ങനെ ചുറ്റിത്തിരിഞ്ഞ് നടക്കാൻ ഇത് കോളേജ് ക്യാമ്പസോ പാർക്കോ ബീച്ചോ ഒന്നുമല്ലല്ലോ. നാട്ടിന്‍ പുറത്തെ ഒരു സാധാരണ യുപി സ്കൂൾ. നാലക്ഷരം പഠിക്കണമെന്ന വിചാരത്തോടെ വരുന്ന കൂട്ട്യോള് വേറെ കാണില്ലേ? അവർക്കിടയിലാണ് രണ്ടിന്‍റേയുമൊരു…

ടീച്ചർ രണ്ടിനേയും കൈയോടെ പിടി കൂടി. “ന്താ… ഇവിടെ കാര്യം. ബെല്ലടിച്ചത് കേട്ടില്ലേ?” ടീച്ചർ ഗൗരവത്തിൽ ചോദിച്ചു.

“ഞങ്ങൾ തമ്മിൽ പ്രേമത്തിലാണ്…” പെൺകുട്ടി യാതൊരു കൂസലുമില്ലാതെ പ്രഖ്യാപിച്ചു

“ഓഹോ… അറിഞ്ഞില്ല. എത്രനാളായി തുടങ്ങിയിട്ട്?”

ചെറുക്കനാണതിന് മറുപടി പറഞ്ഞത്, “അങ്ങനെ നേരോം കാലോം ഒന്നും നോക്കിയിട്ടല്ല. ടീച്ചറേ പ്രേമിക്കാൻ തുടങ്ങിയത്.”

എന്തൊരു അഹങ്കാര വർത്തമാനമാണ്? രണ്ടിനേയും അങ്ങനെ വെറുതെ വിട്ടാൽ കൊള്ളില്ല.

“ഹെഡ് മാഷെ ചെന്നു കണ്ടിട്ട് ഇനി രണ്ടാളും ക്ലാസ്സിൽ കയറിയാൽ മതി.” ടീച്ചർ ഉത്തരവിട്ടു.

“അതൊന്നും നടക്കൂല ടീച്ചറേ. ഹെഡ് മാഷിനെ ഞങ്ങള് ദിവസോം കാണുന്നതാ. പ്രത്യേകിച്ചിനി കാണാനൊന്നുമില്ല.” ചെറുക്കനും പെണ്ണും അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.

പോകുന്ന വഴിക്ക് ചെറുക്കൻ പറഞ്ഞു, “ടീച്ചറങ്ങനെ വലിയ ശീലാവതി ചമയുകയൊന്നും വേണ്ട. ടീച്ചറും ഇബാഹിംകുട്ടി മാഷും തമ്മിലുള്ള രഹസ്യ ലൈനിന്‍റെ കാര്യമൊക്കെ കൂട്ട്യോൾക്ക് മുഴുവൻ അറിയാം. മിണ്ടാച്ചപ്പൂച്ചയെപ്പോലെ നടന്നാൽ ആരും ഒന്നുമറിയില്ലന്നാണ് ടീച്ചർമാരുടെ ഒരു വിചാരം.”

സബീന ടീച്ചർ അറിയാതെ തലയിൽ കൈവെച്ചു. അവൾ പിന്നൊന്നും പറയാൻ പോയില്ല. പറഞ്ഞിട്ടും ഉപദേശിച്ചിട്ടും ഒരു കാര്യവുമില്ല.

എന്തായാലും ടീച്ചറന്ന് പരിശീലന പ്രശ്നങ്ങൾ വിട്ട് സമാന്തരവും, അല്ലാത്തതുമായ രേഖകളെക്കുറിച്ച് ക്ലാസ്സെടുക്കാൻ തീരുമാനിച്ചു സമാന്തര രേഖകൾ ഒരിക്കലും കൂട്ടിമുട്ടുന്നില്ല. ചിലപ്പോൾ അവയ്ക്കിടയിലുളള അകലം ഒരു അണുവിട മാത്രമായിരിക്കും. എന്നിട്ടും ഈ ദുനിയാവിന്‍റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ നീട്ടിയാലും അവ പരസ്പരം ഖണ്ഡിക്കുന്നതേയില്ല.

എന്നാൽ സമാന്തരമല്ലാത്ത രേഖകൾ എവിടെ വെച്ചെങ്കിലും കൂട്ടി മുട്ടുന്നു. കൂട്ടിമുട്ടുന്ന ആ ബിന്ദുവില്‍ അവ നാല് പൂകോണുകൾ സൃഷ്ടിക്കുന്നു. അവ പരസ്പരം കൈകോർത്ത് പിടിച്ച് ഒരു വൃത്ത വലയമുണ്ടാക്കുന്നു. കോണോട് കോൺ ചേർന്ന് പരസ്പരം പുറം തിരിഞ്ഞിരിക്കുന്നവർ ഇരട്ടകളത്രെ.

കുട്ട്യോളെല്ലാം ടീച്ചറുടെ ക്ലാസ്സ് കൗതുകത്തോടെ കേട്ടുകൊണ്ടിരുന്നു. ആരും ഒരു ബഹളോം വെച്ചില്ല. അവർ തലങ്ങും വിലങ്ങും രേഖകൾ വരച്ച് പൂക്കോണുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു.

ടീച്ചറന്ന് പരമാവധി സന്തോഷമഭിനയിച്ച് എല്ലാ ക്ലാസ്സുകളിലും തകൃതിയായി പഠിപ്പിച്ചു. മനസ്സ് നെരിപ്പോട് പോലെ എരിയുകയാണ്. വിഷമിച്ചിരിക്കുന്നത് കണ്ടാൽ കുട്ട്യോള് വേറെ കഥകൾ മെനയും. എന്തിന് കുട്ട്യോളെ മാത്രം പറയുന്നു. മനസ്സിലുള്ളത് ചികഞ്ഞെടുത്ത് വെറുതെ കുത്തിനോവിക്കാൻ കൂടെ ജോലി ചെയ്യുന്നവർക്കും നല്ല മിടുക്കാണ്. എങ്ങനെയെങ്കിലും വീട്ടിലെത്തി എവിടെയെങ്കിലും ഒന്നു കിടന്നാൽ മതിയാരുന്നു.

വൈകുന്നേരം സ്കൂൾ നേരത്തെ വിട്ടു. ഇബ്രാഹിംകുട്ടി മാഷും അതിനോടൊപ്പം എപ്പഴോ എത്തിയിരുന്നു. പാർട്ടി നടത്താൻ വേണ്ടി ഹെഡ് മാഷ് ഡെസ്കിന്‍റെ  പുറത്തുള്ള ടീച്ചർമാരുടെ ബാഗ്, കുട, ടിഫിൻ ബോക്സ് എല്ലാം ഒഴിപ്പിച്ചു.

ഹെഡ്മാഷ് ഇബ്രാഹിംകുട്ടി മാഷിന് എല്ലാവിധ ആശംസകളും അർപ്പിച്ച് ഒരു പ്രസംഗം തന്നെ നടത്തി. പിന്നെ താമസിച്ചില്ല. ചുരുങ്ങിയ വാക്കുകളിലുള്ള നന്ദി പ്രകടനത്തിന് ശേഷം ഇബ്രാഹിംകുട്ടി മാഷ് തന്നെ എല്ലാർക്കും ബിരിയാണി പൊതി വിളമ്പി. നെയ്യും, മസാലയും, സുഗന്ധ വ്യഞ്ജന കൂട്ടും ചേർന്നുള്ള വെന്ത മാംസത്തിന്‍റെ കൊതി പിടിപ്പിക്കുന്ന ഗന്ധം മുറി മുഴുവൻ നിറഞ്ഞു.

“ഇബ്രാഹിംകുട്ടി മാഷെ… നല്ല അസ്സല് ബിരിയാണി. എല്ലാം നിങ്ങളുടെ മനസ്സിന്‍റെ  നന്മ.” ആരോ പറയുന്നത് കേട്ടു.

സബീന ടീച്ചർ ബിരിയാണിയിൽ കൈ വിരലുകൾ കൊണ്ട് വെറുതെ ചികഞ്ഞ് അങ്ങനെയിരുന്നു. അപ്പോൾ ഇബ്രാഹിംകുട്ടി മാഷ് അവളുടെ അടുത്തേക്ക് വന്നു.

“ന്താ… സബീന ടീച്ചറേ ങ്ങളൊന്നും കഴിക്കാത്തത്. പാർട്ടി ഞാൻ നടത്തുന്നത് കൊണ്ടാണോ?” അയാൾ ചോദിച്ചു.

അവൾ ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നതേയുള്ളൂ.

“എനിക്ക് ടീച്ചറോട് ഒരിഷ്ടം തോന്നി. ഞാനത് ഹെഡ്മാഷുമായുള്ള അടുപ്പം വെച്ച് പറഞ്ഞും പോയി. അതിന് ന്‍റെ ടീച്ചറേ ങ്ങളെന്തിനാണ് എന്നോട് പിണങ്ങി നടക്കുന്നത്. നമ്മളെല്ലാരും മയ്യത്തായി പോകുന്ന വെറും മനുഷ്യരല്ലേ? ഇന്നൂടെ കഴിഞ്ഞാൽ ഇനി നമ്മള് ഈ ജന്മത്ത് കണ്ടില്ലാന്ന് തന്നെയിരിക്കും.” ഇബ്രാഹിംകുട്ടി മാഷ് പറഞ്ഞു.

പാർട്ടി കഴിഞ്ഞ് ഇബ്രാഹിംകുട്ടി മാഷ് എല്ലാവരോടും യാത്ര ചോദിച്ച് സ്കൂളിന്‍റെ പടിയിറങ്ങി. ഒരു പ്രവാചകനെപ്പോലെ അയാൾ എല്ലാവർക്കുമായി കൈവീശി.

അപ്പോൾ തന്‍റെ കണ്ണുകൾ നിറയുന്നത് ആരും കാണാതിരിക്കാൻ സബീനടീച്ചർ പ്രത്യേകം ശ്രദ്ധിച്ചു.

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...