ഹേമാംബികയും നന്ദൻമാഷും ഞെട്ടിത്തരിച്ച് എഴുന്നേറ്റു. തങ്ങളുടെ പുറകെ ആരോ ഉണ്ടായിരുന്നുവെന്ന് അവർക്ക് ബോധ്യമായി. ഇരുട്ടിൽ അതാരാണെന്ന് വ്യക്തമാകാതെ അവർ പരുങ്ങിനിന്നു.

“ആരാണ് നിങ്ങൾ?” നന്ദൻമാഷ് അല്പം ജാള്യതയോടെ എന്നാൽ അല്പം ഉറക്കെ ചോദിച്ചു. അപ്പോൾ ഇരുട്ടിൽ നിന്നും നിലാവെട്ടത്തേക്ക് നീങ്ങിനിന്നു അയാൾ പറഞ്ഞു.

“ഞാൻ ആരുമായിക്കൊള്ളട്ടെ. നിങ്ങൾ രണ്ടു പേരും ഈ പാതി രാത്രിയിൽ ഇവിടെ എന്തു ചെയ്യുകയാണെന്നാണ് ഞാൻ ചോദിച്ചത്?”

നിലാവെട്ടത്തിൽ നന്ദൻമാഷിനും, ഹേമാംബികക്കും ആളെ മനസ്സിലായി. അത് വൃദ്ധമന്ദിരത്തിലെ ശാന്തൻ എന്നു പേരുള്ള ഒരു റിട്ടയേഡ് പോലീസുകാരനാണ്. അന്വേഷണ കുതുകിയായ അയാളുടെ ദൃഷ്ടികൾ അവരുടെ കള്ളത്തരം കണ്ടുപിടിക്കുകയായിരുന്നു. രാത്രിയിൽ ഉറങ്ങാതെ കിടന്നിരുന്ന അയാൾ തന്‍റെ മുറിയുടെ ജനലിലൂടെ ആരോ പ്രധാന വാതിൽ തുറന്ന് പുറത്തിറങ്ങുന്നത് കണ്ടിരുന്നു. അത് ആരാണെന്ന് നോക്കുവാൻ അയാളുടെ പോലീസ് ബുദ്ധിയിൽ ഔത്സുക്യം തോന്നി അയാളും അവരെ പിന്തുടർന്ന് പുറത്തെത്തിയതാണ്. അപ്പോഴാണ് നിലാവെളിച്ചത്തിൽ അത് നന്ദൻമാഷും ഹേമാംബികയുമാണെന്ന് അയാൾക്ക് മനസ്സിലായത്. കുറച്ചു നാളുകളായി നന്ദൻമാഷിന്‍റെയും, ഹേമാംബിക ടീച്ചറിന്‍റെയും പെരുമാറ്റത്തിൽ അപാകത തോന്നി അയാൾ അവരെ വീക്ഷിച്ചു വരികയായിരുന്നു.

“നിങ്ങൾക്ക് രണ്ടു പേർക്കും ഒരു നാണവുമില്ലല്ലോ. അതും ഈ വയസ്സുകാലത്ത് ഇതു വേണമായിരുന്നോ മാഷെ. ഏതായാലും ഞാനിത് ഇവിടെ എല്ലാവരേയും വിളിച്ചുണർത്തി അറിയിക്കാൻ പോവുകയാണ്.”

നന്ദൻമാഷും, ഹേമാംബിക ടീച്ചറും ഒന്നും പറയാനാകാതെ നിന്നുരുകുകയായിരുന്നു. പെട്ടെന്ന് ഹേമാംബിക തൊഴുകൈകളോടെ പറഞ്ഞു.

“സാർ ദയവു ചെയ്ത് ആരേയും ഇത് അറിയിക്കരുത്. ഞങ്ങളിതിനി ആവർത്തിക്കുകയില്ല. വേണമെങ്കിൽ ഞാൻ സാറിന്‍റെ കാലുപിടിക്കാം.”

“എന്തിനാ ടീച്ചറേ, നിങ്ങൾ രണ്ടും പേരേയും കുറിച്ച് ഞങ്ങൾക്കെല്ലാം എത്രനല്ല അഭിപ്രായമായിരുന്നു. ഒന്നുമില്ലെങ്കിലും നിങ്ങൾ രണ്ടു പേരും ഭാവിതലമുറക്ക് മാതൃകയാവേണ്ട അധ്യാപകരല്ലേ. എല്ലാപേർക്കും അറിവ് ഉപദേശിച്ചു കൊടുക്കേണ്ടവർ. ആ നിങ്ങൾ… നിങ്ങളെക്കുറിച്ചുണ്ടായിരുന്ന എല്ലാ അഭിപ്രായവും മാറ്റിമറിച്ചില്ലേ. ഒന്നുമില്ലെങ്കിലും നിങ്ങളുടെ പ്രായത്തെക്കുറിച്ചെങ്കിലും നിങ്ങളിരുവരും ഓർക്കേണ്ടതായിരുന്നു. ഇന്നിപ്പോൾ ഈ വൃദ്ധസദനത്തിനു തന്നെ നിങ്ങൾ നാണക്കേടുണ്ടാക്കി വച്ചു.”

പെട്ടെന്ന് പുറത്തെ ലൈറ്റുകൾ തെളിഞ്ഞു. ആരൊക്കെയോ ചിലർ ശബ്ദം കേട്ട് എഴുന്നേറ്റ് വന്നതാണ്. ഹേമാംബികക്ക് തല ചുറ്റുന്നതു പോലെ തോന്നി. അവർ അടുത്തുളള പവിഴമല്ലി മരത്തിൽ മുറുകെപ്പിടിച്ചു നിന്നു. എന്നാൽ നന്ദൻമാഷിന്‍റെ ജാള്യതയെല്ലാം അപ്പോഴേക്കും അകന്നുപോയിക്കഴിഞ്ഞിരുന്നു. അദ്ദേഹം എന്തും നേരിടാൻ തയ്യാറായി ധൈര്യം അവലംബിച്ച് നിന്നു.

“ആരാ ഈ ഇരുട്ടത്ത് നിന്ന് വർത്തമാനം പറയുന്നത്? എന്താ ഇവിടെ?” ആരൊക്കെയോ അങ്ങനെ ചോദിച്ചു കൊണ്ട് അവിടെയെത്തി. അക്കൂട്ടത്തിൽ രാഘവൻ മാഷും രാജീവനുമുണ്ടായിരുന്നു.

“ഏയ്, ഈ നന്ദൻമാഷ് തനിയെ പുറത്തിറങ്ങിനടക്കുന്നതു കണ്ട് ഞാനും, ഹേമാംബികടീച്ചറും വന്നു നോക്കിയതാണ്. അദ്ദേഹത്തിന് നല്ല സുഖം തോന്നുന്നില്ലത്രെ.”

ശാന്തൻ എന്ന ആ പോലീസുകാരൻ നന്ദൻമാഷിനെ നോക്കി ചിരിച്ചുകൊണ്ട് അറിയിച്ചു. അതോടെ അവിടെ കൂടിനിന്ന പലരും പിരിഞ്ഞു പോയി. നന്ദൻമാഷിന്‍റേയും ഹേമാംബികയുടേയും ശ്വാസം നേരേ വീണു. എന്നാൽ രാഘവൻ മാഷും രാജീവനും പിരിഞ്ഞു പോയില്ല. അവർ പോലീസുകാരന്‍റെ മുഖത്തെ കപടഭാവം കണ്ട് എന്തോ ഊഹിച്ചിരുന്നു. മാത്രമല്ല ഹേമാംബികയുടേയും നന്ദൻമാഷിന്‍റേയും പരുങ്ങി നില്പും അവർ ശ്രദ്ധിച്ചു. രാഘവൻ മാഷ് പോലീസുകാരന്‍റെ അടുത്തെത്തി പറഞ്ഞു.

“ഒരു പോലീസുകാരനായിട്ടും നിങ്ങൾ ഒരു നല്ല കാര്യമാണ് ചെയ്തത്. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. നിങ്ങൾ ഈ സ്നേഹസദനത്തിന്‍റെയും എന്‍റെ സുഹൃത്തിന്‍റെയും മാനമാണ് രക്ഷിച്ചത്.”

“അതിന് എനിക്കും ഈ സ്ഥാപനത്തോട് ഒരു കടമയില്ലെ സാർ. പിന്നെ നന്ദൻമാഷിനേയും ഹേമാംബിക ടീച്ചറിനേയും ഞാനും ഇഷ്ടപ്പെട്ടിരുന്നു. അവർക്ക് ഒരു നാണക്കേടുണ്ടാക്കാൻ ഞാനും ആഗ്രഹിച്ചില്ല.”

“അത് നന്നായി ശാന്തൻ. എനിക്ക് നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു.” പിന്നീടദ്ദേഹം നന്ദൻമാഷിന്‍റെ അടുത്തെത്തി.

“എനിക്ക് നിങ്ങൾ രണ്ടു പേരുടേയും പെരുമാറ്റത്തിൽ നേരത്തേ സംശയം തോന്നിയിരുന്നു. ഇപ്പോൾ ആ സംശയം ശരിയായിരുന്നു എന്ന് മനസ്സിലായി. കഷ്ടം നന്ദൻമാഷെ, നിങ്ങൾക്കിതിന്‍റെ വല്ല ആവശ്യമുണ്ടായിരുന്നോ? നിങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമായിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളുടെ വിവാഹം നടത്തിത്തരുമായിരുന്നല്ലോ. എനിക്കറിയാം ഹേമാംബികടീച്ചറിന് പണ്ടു മുതൽ നന്ദൻമാഷിനെ ഇഷ്ടമാണെന്ന്. പക്ഷെ നിങ്ങൾ രണ്ടു പേരും രണ്ടു വഴിക്ക് പോയപ്പോൾ ഞാൻ അതെന്‍റെ തോന്നൽ മാത്രമായിരുന്നു എന്ന് കരുതി. എന്നാലിന്നിപ്പോൾ അങ്ങനെയല്ലെന്ന് മനസ്സിലായി.”

രാഘവൻമാഷ് നോക്കിയപ്പോൾ ഹേമാംബികടീച്ചറിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അപമാനവും, നിസ്സഹായതയും അവരെ തളർത്തി. നന്ദൻമാഷ് രാഘവൻ മാഷിന്‍റെ മുന്നിൽ ജാള്യതയോടെ തല കുനിച്ചു നിന്നു.

രാഘവൻ മാഷാകട്ടെ നന്ദൻമാഷിന്‍റെ തോളിൽത്തട്ടിപ്പറഞ്ഞു. “ഒട്ടും വിഷമിക്കേണ്ടെടോ. എല്ലാറ്റിനും നമുക്ക് പരിഹാരമുണ്ടാക്കാം. നാളെയാകട്ടെ. താനിപ്പോൾ സമാധാനമായിട്ട് പോയിക്കിടന്നുറങ്ങ്. ടീച്ചറും ചെന്നാട്ടെ.”

രാഘവൻ മാഷ് അവരെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു. തലകുനിച്ചു കൊണ്ട് അവർ ഇരുവരും നടന്നു നീങ്ങി.

എല്ലാം കേട്ടു നിന്ന രാജീവ് അപ്പോൾ രാഘവൻ മാഷിന്‍റെ അടുത്തെത്തി പറഞ്ഞു. “എന്നാലും നന്ദൻമാഷിനെയും ഹേമാംബിക ടീച്ചറിനേയും കുറിച്ച് ഞാനിങ്ങനെയൊന്നും കരുതിയിരുന്നില്ല. അവർക്ക് രണ്ടു പേർക്കും ഈ വയസ്സുകാലത്ത് ഇങ്ങിനെയൊക്കെ തോന്നാൻ എന്താണ് കാരണം?”

“ഹേമാംബിക ടീച്ചറിന് പണ്ടുമുതലേ നന്ദൻമാഷിനെ ഇഷ്ടമായിരുന്നു. അത് ഞാനും ഊഹിച്ചിട്ടുണ്ട്. എങ്കിലും രണ്ടു പേരും വിവാഹിതരാവാതെ അകന്നു പോയപ്പോൾ ഞാൻ എല്ലാം എന്‍റെ തോന്നലായി കരുതി. ഇനിയിപ്പോൾ ഈ വാർദ്ധക്യ കാലത്താണ് അവർക്കതിനുള്ള യോഗം എന്നു തോന്നുന്നു. നമുക്ക് അവരുടെ വിവാഹം നടത്താമെടോ.”

“സാർ എന്താണ് ഈ പറയുന്നത്? അവർ രണ്ടു പേരുടേയും പ്രായം?”

“അതിനെന്താടോ? രണ്ടു പേർക്ക് തമ്മിൽ പ്രണയിക്കാൻ പ്രായം തടസ്സമല്ലെങ്കിൽ പിന്നെ വിവാഹം കഴിക്കാൻ എന്താണ് തടസ്സം? നാം ജീവിക്കുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെന്ന് താനോർക്കണം. ഇന്നിത് പാശ്ചാത്യനാടുകളിൽ മാത്രം നടന്നു വരുന്ന ഒരു സ്ഥിതിവിശേഷമാണെന്ന് നമുക്കു തോന്നാം. എന്നാൽ ഭാരത സമൂഹവും ഇന്ന് മാറി കൊണ്ടിരിക്കുകയാണ്.

വൃദ്ധന്മാർ സമൂഹത്തിൽ വല്ലാതെ ഒറ്റപ്പെടുന്നു. മക്കൾക്ക് അച്ഛനമ്മമാരെ നോക്കാൻ സമയമില്ല. അല്ലെങ്കിൽ അവർക്കതിനുള്ള മനസ്ഥിതിയില്ല. എന്‍റെ കാര്യം തന്നെ നോക്കൂ. നിത്യവും മദ്യം ഉപയോഗിക്കുന്ന, ദുർമാർഗ്ഗിയായ നടക്കുന്ന ഏകമകനോട് കള്ളുകുടിക്കരുതെന്നും, നേർവഴിക്ക് ജീവിക്കണമെന്നും പറഞ്ഞതിഷ്ടപ്പെടാതെ അവനെന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. ആത്മാഭിമാനിയായ ഞാൻ പിറ്റേന്നു തന്നെ ഭാര്യയേയും കൂട്ടി ഇങ്ങോട്ട് പോന്നു.

ഈ ഒരു പരിതസ്ഥിതിയിൽ വാർദ്ധക്യത്തിലെത്തുമ്പോൾ കൂടെ ഇണയില്ലാതെ ഒറ്റപ്പെട്ടു പോയവർ, തങ്ങൾക്ക് ഒരു തുണ വേണമെന്ന് ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്? നാമെല്ലാം ഇനി അങ്ങനെ ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്. കാലം ആ മാറ്റം ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് തന്നെ പോലുള്ളവരാണ് അതിന് മുൻകൈ എടുക്കേണ്ടത്. കാരണം വൃദ്ധ സദനങ്ങളിലാണ് ഇത്തരത്തിൽ നിരാശയും ഏകാന്തതയും ഒറ്റപ്പെടുത്തുന്നവരെ ഏറെ കണ്ടെത്താൻ കഴിയുന്നത്. അവരുടെയെല്ലാം വാർദ്ധക്യത്തിൽ അല്പകാലമെങ്കിലും വസന്തം വിരുന്നിനെത്തുമെങ്കിൽ അത് നല്ലതല്ലേടോ?”

“സാർ പറയുന്നത് ശരിയാണ്. നമുക്കതിനെപ്പറ്റി ഗൗരവപൂർവ്വം ആലോചിക്കാം സാർ. എങ്കിൽ ഈ വൃദ്ധമന്ദിരത്തിലെ ആദ്യത്തെ വാർദ്ധക്യവിവാഹം നന്ദൻമാഷിന്‍റെയും, ഹേമ ടീച്ചറിന്‍റേയും ആയിക്കോട്ടെ. നാളെ തന്നെ നമുക്കതിനുള്ള ഒരുക്കങ്ങൾ തുടങ്ങാം.”

അടുത്തു നിന്ന ശാന്തനാണ് അത് പറഞ്ഞത്. രാജീവും അതു തന്നെ തലകുലുക്കി സമ്മതിച്ചു.

“അതെ സാർ, ഞാനും സാറിനോട് യോജിക്കുന്നു നാളെ തന്നെ നമുക്കതിനുള്ള ഏർപ്പാടുകൾ തുടങ്ങാം.” രാജീവ് പറഞ്ഞു.

“എങ്കിൽ പിന്നെ സാറും കൂടി ഇവിടെ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് വിവാഹം കഴിക്ക്…” ശാന്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിന് രാഘവൻ മാഷിന്‍റെ ഒപ്പം അദ്ദേഹത്തിന്‍റെ ഭാര്യയുമുണ്ട്…” രാജീവ് പറഞ്ഞു.

“അപ്പോൾ തനിക്കാണ് ഒരാളെ വേണ്ടത്. താനും ഒരാളെ കണ്ടുപിടിക്കെടോ…” രാഘവൻ മാഷ് പറഞ്ഞു

“ഞാൻ അതിനു തയ്യാറാണ്. സാറെ… പക്ഷെ പറ്റിയ ഒന്നിനെ കിട്ടണ്ടെ.” രാഘവൻ മാഷ് അത് കേട്ട് പൊട്ടിച്ചിരിച്ചു. അങ്ങനെ പറഞ്ഞു ചിരിച്ചു കൊണ്ട് അവർ മൂന്നു പേരും തങ്ങളുടെ ഉറക്കറകളിലേക്കു പോയി.

പിറ്റേന്ന് രാജീവ് പ്രധാന ഹാളിൽ ഒരു മീറ്റിംങ്ങ് വിളിച്ചു കൂട്ടി അവിടെ വന്നു കൂടിയവരോടായി പറഞ്ഞു.

“ഇന്ന് നമ്മൾ ഇവിടെ ഒത്തുകൂടിയത് ഒരു സന്തോഷവർത്തമാനം പങ്കിടാനാണ്. ഈ സ്നേഹസദനത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി മംഗളകരമായ ഒരു ചടങ്ങിന് തുടക്കം കുറിക്കുവാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.

നിങ്ങൾക്കേവർക്കും അറിയാം നന്ദൻമാഷിനെ. അദ്ദേഹം ഈ സ്നേഹസദനത്തിൽ എത്തുമ്പോൾ ഏതു സ്ഥിതിയിലായിരുന്നുവെന്നും ഇന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യം എത്ര മാത്രം പുരോഗമിച്ചുവെന്നും നിങ്ങൾക്കെല്ലാമറിയാം. അദ്ദേഹത്തിന് ഈ പുനരുജ്ജീവനം നൽകിയത് ഹേമാംബിക ടീച്ചറാണെന്നും നമുക്കറിയാം. എങ്കിൽ പിന്നെ ഹേമാംബിക ടീച്ചറിനെ തന്നെ ഇനിയുള്ള ജീവിതത്തിലും അദ്ദേഹത്തിന്‍റെ പങ്കാളിയാക്കിത്തീർത്താലോ. അന്വേഷിച്ചപ്പോൾ അവർക്കിരുവർക്കും പരസ്പരം ഇഷ്ടമാണെന്ന് ഞാനറിഞ്ഞു. ഈ വാർദ്ധക്യത്തിൽ അവർക്ക് പരസ്പരം സ്നേഹിക്കാനും ജീവിതം പങ്കുവെക്കാനും ഒരു തുണ വേണമെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു. നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഈ സ്നേഹസദനത്തിൽ നടക്കുന്ന ആദ്യത്തെ വിവാഹമായിരിക്കുമിത്. നിങ്ങൾ എല്ലാവരും എന്തു പറയുന്നു? നിങ്ങൾക്കെല്ലാവർക്കും സമ്മതമല്ലേ?”

“അതെ… ഞങ്ങൾക്കെല്ലാവർക്കും സമ്മതം തന്നെ. നന്ദൻമാഷ് ഹേമാംബിക ടീച്ചറിനെ തന്നെവിവാഹം കഴിക്കട്ടെ. അവർ നല്ല ജോടികളാണ്.” അന്തേവാസികൾ എല്ലാവരും ഒത്തൊരുമിച്ചു പറഞ്ഞു.

“എങ്കിൽപ്പിന്നെ അങ്ങനെ തീരുമാനിക്കാം അല്ലേ? ഞാൻ നന്ദൻമാഷിന്‍റെ മകനെ ഈ വിവരം അറിയിക്കാൻ പോകുകയാണ്. കാരണം നന്ദൻമാഷിനെ ഇവിടെ കൊണ്ടു വന്നാക്കിയത് അയാളാണ്. അയാളുടെ സമ്മതം കൂടി ഇക്കാര്യത്തിൽ ആവശ്യമാണല്ലോ.”

ഹേമാംബികക്കും നന്ദൻമാഷിനും എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് അവിടെ എല്ലാവരും ചേർന് ഒരു കോറസ്സായി പറഞ്ഞു. “വേണം വേണം” അതോടെ അതും തീരുമാനിക്കപ്പെട്ടു.

തീരുമാനം ഉറയ്ക്കപ്പെട്ടതോടെ അന്തേവാസികൾ, ഇരുവരെയും നടുക്കുനിർത്തി, ഉറക്കെ കരങ്ങൾ കൊട്ടി ആഹ്ളാദം പ്രകടിപ്പിച്ചു.

അങ്ങിനെ ആ വാർദ്ധക്യകാല പ്രേമം വൃദ്ധ മന്ദിരത്തിന്‍റെ ആഘോഷമായി. എത്രയും പെട്ടെന്ന് നന്ദൻമാഷിന്‍റെ മക്കളെ വിവരമറിയിക്കുവാൻ മാനേജർ തിടുക്കം കൂട്ടി.

വിവരമറിഞ്ഞ് സുമേഷ് വക്കീലിനെയും കൂട്ടി ഓടിയെത്തി. അവന്‍റെ മുഖത്ത് ചതിവു പറ്റിയ ഭാവമുണ്ടായിരുന്നു. അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയാണെങ്കിൽ സ്വത്തുക്കൾ മുഴുവൻ അവർക്ക് അന്യാധീനപ്പെട്ടു പോകുമെന്ന് അയാൾ വിശ്വസിച്ചു. നിർബന്ധപൂർവ്വം, നന്ദൻമാഷിനെക്കൊണ്ട് താനെഴുതിയുണ്ടാക്കിയ വിൽപത്രത്തിൽ ഒപ്പുവെപ്പിക്കാൻ അയാൾ ശ്രമിച്ചു. എന്നാൽ മകന് താനല്ല സ്വത്തു മാത്രമാണ് ആവശ്യമെന്ന് മനസ്സിലാക്കിയ നന്ദൻമാഷ് ഒപ്പുവെയ്ക്കുവാൻ വിസമ്മതിച്ചു അദ്ദേഹം അതു വലിച്ചു കീറി കാറ്റിൽ പറത്തി.

അതിനെത്തുടർന്ന് രോഷാകുലനായ സുമേഷ്, നന്ദൻമാഷിനെ വൃദ്ധമന്ദിരത്തിൽ നിന്നും ബലമായി പിടിച്ചിറക്കി തന്‍റെ കാറിൽ കയറ്റുവാൻ ശ്രമിച്ചു. വൃദ്ധമന്ദിരത്തിലുള്ളവരും മാനേജറും കൂടിച്ചേർന്ന് അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ മകനിൽ നിന്നും മോചിപ്പിച്ചു.

രാജീവ് ദേഷ്യത്തോടെ സുമേഷിനോട് പറഞ്ഞു. “നിങ്ങൾ ബലപ്രയോഗം നടത്തി ഇദ്ദേഹത്തെ ഇവിടെ നിന്ന് കൊണ്ടുപോകാനാണ് ഭാവമെങ്കിൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും.”

അതു കേട്ട് സുമേഷ്, ഭീഷണി പുറപ്പെടുവിച്ചു.“എങ്കിൽ നമുക്ക് അതു തന്നെ കാണാം. എന്‍റെ പിതാവിനെ ഇവിടെ നിന്ന് കൊണ്ടു പോകുവാൻ കഴിയുമോന്ന് ഞാനും നോക്കട്ടെ.”

അങ്ങിനെ ഉറക്കെ പറഞ്ഞു കെണ്ട് അയാൾ വക്കീലുമൊത്ത് കാറോടിച്ചു പോയി. മകന്‍റെ വാക്കുകൾ വൃദ്ധമന്ദിരത്തിലെ എല്ലാവരേയും ഉലച്ചുവെങ്കിലും നന്ദൻമാഷ് കൂസാതെ നിന്നു.

ഒരിക്കൽക്കൂടി തന്‍റെ കിനാക്കളെല്ലാം താഴെ വീണുടയുന്നുവെന്ന് കരുതിയ ഹേമാംബിക കണ്ണീരോടെ വാതിൽക്കൽ നിന്നിരുന്നു.

നന്ദൻമാഷ് അവരുടെ അടുത്തെത്തി ആ കൈ പിടിച്ചു മറ്റുള്ളവരോടു പറഞ്ഞു.

“ഉടൻ തന്നെ ഞങ്ങൾക്ക് രജിസ്റ്റർ ഓഫീസിലേക്ക് പോകുവാൻ ഒരു കാർ ഏർപ്പാടാക്കിത്തരിക. ഞങ്ങൾ ഇപ്പോൾ തന്നെ വിവാഹിതരാവാൻ തീരുമാനിച്ചു.”

അതു കേൾക്കെ ഹേമാംബികയുടെ വിടർന്ന കണ്ണുകളിൽ ആയിരം പവിഴമല്ലികൾ പൂത്തു വിടരുന്നത് നന്ദൻമാഷ് മാത്രം കണ്ടു… തനിക്കായി മാത്രം വിടർന്ന പവിഴമല്ലിപ്പൂക്കൾ!

വൃദ്ധമന്ദിരത്തിലുള്ളവർ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അല്പം കഴിഞ്ഞ് അവിടെ വന്നെത്തിയ ടാക്സി കാറിലേക്ക് നന്ദൻമാഷ്, ഹേമാംബികയുടെ കൈ പിടിച്ചു കയറി.

അരമണിക്കൂറോളം നീണ്ട കാർ യാത്രയ്ക്കു ശേഷം അവർ രജിസ്റ്റർ ഓഫീസിലെത്തി. വിവാഹ രജിസ്ട്രേഷനു മുമ്പായി ഓഫിസിന് മുൻപിൽ ഒരു പോലീസ് ജീപ്പു വന്നു നിന്നു.

ഒരു പോലീസ് ഓഫീസർ മുന്നോട്ടു വന്നു ഹേമാംബികയെ ഗൗരവപൂർവ്വം നോക്കി ചോദിച്ചു. “നിങ്ങളല്ലെ ഹേമാംബിക?”

ഹേമാംബിക പകപ്പോടെ അയാളെ നോക്കി. അവരുടെ ചുണ്ടുകൾ മെല്ലെ അനങ്ങി.

“അതെ. ഞാനാണ് സർ ഹേമാംബിക.”

പോലീസ് ഓഫീസർ അവരെ നോക്കി പറഞ്ഞു, ”ഓർമ്മക്കുറവുള്ള തന്‍റെ അച്ഛനെ നിങ്ങൾ ബലമായി പിടിച്ചുവച്ച് വിവാഹത്തിനു പ്രേരിപ്പിക്കുകയാണെന്ന്, നന്ദൻമാഷിന്‍റെ മകൻ ഞങ്ങൾക്ക് ഒരു കംപ്ലെയിന്‍റ് തന്നിട്ടുണ്ട്. അയാളുടെ അച്ഛൻ ഡിമെൻഷ്യ രോഗിയാണെന്നുള്ളതിന് അയാൾ ഡോക്ടറുടെ സർട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. എന്താ നന്ദൻമാഷേ?? അപ്പോൾ മകന്‍റെ കൂടെ പോവുകയല്ലെ.”. ഓഫീസർ നന്ദൻമാഷിനെ ഗൗരവപൂർവ്വം നോക്കി.

ഹേമാംബികയ്ക്കോ വധൂവരന്മാർക്കു ചുറ്റും കൂടിനിന്ന അന്തേവാസികൾക്കോ ഒന്നും മിണ്ടുവാൻ കഴിഞ്ഞില്ല. കാരണം അയാൾ ഇപ്പോൾ രോഗിയല്ലെന്ന് തെളിയിക്കുവാൻ അവരുടെ കൈയ്യിൽ അപ്പോൾ ഒരു ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഒരിക്കൽക്കൂടി തന്‍റെ സ്വപ്നങ്ങൾ കൈവിട്ടു പോകുന്നത് ഓർത്ത് ഹേമാംബിക പൊട്ടിക്കരഞ്ഞു പോയി.

“ഉം സമയമാകുന്നു വേഗമാകട്ടെ.” പോലീസ് ഓഫീസർ തിടുക്കം കൂട്ടി.

ഹേമാംബിക നനഞ്ഞ മിഴികളുയുർത്തി നന്ദൻമാഷിനെ നോക്കി. തന്‍റെ കൈകളിൽ സൂക്ഷിച്ചിരുന്ന പവിഴമല്ലിപ്പൂക്കൾ അവർ നന്ദൻമാഷിന് കൈമാറി.

വീണ്ടും ഒരിക്കൽക്കൂടി നന്ദൻമാഷിന്‍റെ തലച്ചോറിൽ മഴമേഘങ്ങൾ കൂട്ടിമുട്ടി. തന്‍റെ ഹൃദയം ആയിരം നുറുങ്ങുകളായി പൊട്ടിത്തെറിക്കുന്നതായി അദ്ദേഹത്തിന് തോന്നി. തന്‍റെ നെഞ്ചു പൊത്തിപ്പിടിച്ചു നടന്ന, നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ചു വലിച്ച് സുമേഷ് കാറിനടുത്തേക്ക് നയിച്ചു. ഒരിക്കൽക്കൂടി ഓർമ്മകൾ കൈവിട്ട നന്ദൻമാഷ് ഒരു മന്ദബുദ്ധിയെപ്പോലെ മകന്‍റെ കൈ പിടിച്ച് നടന്നു.

വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി കാറിൽ കയറുമ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകൾ ഹേമാംബികയിൽ തങ്ങി നിന്നു.

അപ്പോൾ അവർ പുറകോട്ട് നിലം പതിക്കുന്നത് നന്ദൻമാഷ് കണ്ടു. പക്ഷെ അപ്പോഴേക്കും കാർ അകന്നു കഴിഞ്ഞിരുന്നു. തന്‍റെ ശിരസ് സീറ്റിലേക്ക് ചാച്ച് നന്ദൻമാഷ് നിസ്സഹായനായി കിടന്നു. അപ്പോൾ അദ്ദേഹത്തിന്‍റെ മുമ്പിൽ ഭൂതവും ഭാവിയും വർത്തമാനവും ലയിച്ച് ഒന്നായി ഒരു കറുത്ത ഗോളമായി തീർന്നിരുന്നു

വീട്ടിലേക്ക് അതിവേഗം കാറോടിച്ചെത്തിയ സുമേഷ് പുറത്തിറങ്ങിയ ഉടനെ നന്ദൻമാഷിന്‍റെ ഡോർ തുറന്നു.അനക്കമറ്റിരിക്കുന്ന അദ്ദേഹത്തെ ബലമായി പിടിച്ച് പുറത്തിറക്കാൻ നോക്കി. അതോടെ നന്ദൻമാഷിന്‍റെ ശരീരം ദുർബ്ബലമായി പുറത്തേക്ക് വീണു. ആ കണ്ണുകൾ തുറന്നിരുന്നുവെങ്കിലും ചലനമറ്റിരുന്നു.

അപ്പോഴും, ആ പവിഴമല്ലിപ്പൂക്കൾ മാത്രം താഴെ വീണുതിർന്നു പോകാതെ അദ്ദേഹം കൈകളിൽ മുറുകെപ്പിടിച്ചിരുന്നു. തന്നെ വേദനിപ്പിക്കുന്ന ദുരന്തസ്മൃതികളിൽ നിന്ന് എന്നന്നേക്കുമായി സുഖകരമായ ഒരു മോചനം കൂടിയായിരുന്നു അദ്ദേഹത്തിനാ മടക്കയാത്ര. അതിന്‍റെ സന്തോഷം ആ ചുണ്ടുകളിൽ തങ്ങിനിന്നിരുന്നു.

और कहानियां पढ़ने के लिए क्लिक करें...