അന്ന് പതിവിലുമേറെ വൈകിയാണ് സബീന ടീച്ചർ വീട്ടിലെത്തിയത്. രജിസ്ട്രേഷൻ കഴിയാത്ത ഒരു പുതിയ കാറ് ഒരപൂർവ്വ ജന്തുവിനെപ്പോലെ മുറ്റത്ത് കണ്ണ് തുറിച്ച് കിടക്കുന്നുണ്ടായിരുന്നു.

അകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ കണ്ടത് പുത്തൻ പണക്കാരൻ നാസർ സോഫയിൽ ചാരി കിടന്ന് ചായ കുടിക്കുന്നതാണ്. മുറിയിലെ വെള്ളി വെളിച്ചത്തിൽ അയാളുടെ തടിച്ചുരണ്ട കൈത്തണ്ടയിലെ റിസ്റ്റ് വാച്ചിന്‍റെ സ്വർണ്ണ ചെയിൻ മിന്നിത്തിളങ്ങി.

അവൾ അയാളെ കണ്ട ഭാവം നടിക്കാതെ അകത്തേക്ക് കയറിപ്പോയി. ഈയിടെയായി നാസറിന്‍റെ വരവും ഉമ്മായുടെ ചായ സല്ക്കാരവും അല്പം കൂടുന്നുണ്ട്.

താൻ സ്കൂൾ വിട്ട് വരുന്ന സമയം നോക്കിയാണ് അയാൾ വരുന്നത്? വസ്തുവിന്‍റെയും തടിയുടേയും കച്ചവടമാണയാൾക്ക്. കച്ചവടം എന്നു പറഞ്ഞു കൂടാ, കച്ചകവടം എന്നു തന്നെ പറയണം. വസ്തുവും, വലിയ മരങ്ങളും ചുളുവിലയ്ക്ക് വാങ്ങി മോഹവില കിട്ടുമ്പോൾ മറിച്ചു വില്ക്കുക. അതാണയാളുടെ കച്ചവടം. കൂടാതെ ഫർണിച്ചറിന്‍റെ ബിസിനസുമുണ്ട്.

മണ്ണും മരവും കണ്ടു മോഹിച്ചാൽ അത് ഏത് വിധേനയും സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് അയാളെ കുറിച്ച് പറയാറുള്ളത്.

അയാൾ പോയിക്കഴിഞ്ഞപ്പോൾ അവൾ ഉമ്മയോട് കയർത്തു. “ങ്ങളെന്തിനാണ് വല്ലോരെയെക്കെ കൂടെക്കൂടെ പുരയ്ക്കകത്ത് കയറ്റി സൽക്കരിക്കുന്നത്? നാട്ടുകാരെ കൊണ്ട് വെറുതെ അതുമിതും പറയിപ്പിക്കരുത്.”

ഉമ്മ അവളെ തീഷ്ണമായി ഒന്നു നോക്കി. “വല്ലവരുമോ?”

ശരിയാണ്. അങ്ങനെ പറയേണ്ടിയിരുന്നില്ല. വാക്കുകൾ പലപ്പോഴും നിയന്ത്രണം തെറ്റിച്ച് നാവിൽനിന്നും പുറത്തു ചാടുന്നു. വാപ്പിച്ചയുടെ സ്വന്തം സഹോദരിയുടെ മകനാണയാൾ. അയാൾക്കവിടെ എപ്പോൾ വേണമെങ്കിലും വരാനുള്ള അവകാശമുണ്ട്.

പണ്ടുമുതലേ താൻ അയാളുടെ പെണ്ണാണന്നായിരുന്നു അയാളുടെ ഒരു മട്ടും ഭാവവും. നാസർ എട്ടാം തരത്തിലേ പഠിത്തം അവസാനിപ്പിച്ചു. പിന്നെ പല പല കച്ചവടങ്ങൾ മാറി മാറി ചെയ്ത് ചെറു പ്രായത്തിലേ നല്ലവണ്ണം സമ്പാദിച്ചിരുന്നതിനാൽ വീട്ടുകാർക്കും ആ ബന്ധത്തിന് താല്പര്യമായിരുന്നു.

ഉമ്മ പറയും “അവൻ ജീവിക്കാൻ പഠിച്ച പയ്യനാണ്. അവനെക്കെട്ടുന്നവർക്ക് ജീവിതത്തിൽ ഒരു അല്ലലുമറിയേണ്ടി വരില്ല.”

പക്ഷെ എന്തുകൊണ്ടോ അയാൾക്ക് തന്‍റെ മനസ്സിൽ ഒരു സ്ഥാനവുമുണ്ടായില്ല. തന്‍റെ മേൽ അതിരു കടന്ന അവകാശം സ്ഥാപിക്കുന്നു എന്ന് തോന്നിയപ്പോൾ വെറുപ്പാണ് തോന്നിയത്. ദൂരെ ടൗണിൽ ടീച്ചേഴ്സ് ട്രെയ്നിംഗിന് ചേർന്നു പഠിക്കുമ്പോൾ ട്രെയിൻ യാത്രക്കിടയിലാണ് അഷ്റഫിനെ പരിചയപ്പെടുന്നതും അയാളുമായി സ്നേഹത്തിലാകുന്നതും. അഷ്റഫിന്‍റെ വീട്ടിൽ നിന്നു തന്നെയാണ് പെണ്ണ് ആലോചിച്ചു വന്നത്.

പേരുകേട്ട തറവാട്. അതി സമ്പന്നമായ കുടുംബം, ഉന്നത വിദ്യാഭ്യാസമുള്ള ചെറുക്കൻ, സുമുഖൻ, വശ്യമായ പെരുമാറ്റം, ഗൾഫിൽ ഉയർന്ന ജോലി. ആ വിവാഹ ആലോചന വാപ്പയ്ക്ക് നന്നേ ബോധിച്ചു. പടച്ചോൻ കടുംബത്തിന്‍റെ മേൽ ചൊരിഞ്ഞ അനുഗ്രഹമായിട്ടാണ് വാപ്പ അതിനെ കണ്ടത്.

വാപ്പ വേറൊന്നും ചിന്തിച്ചില്ല. കുടുംബ ഓഹരിയായി കിട്ടിയ അമ്പത് സെന്‍റ് പുരയിടം വിറ്റ് ചെറുക്കൻ വീട്ടുകാരുടെ നിലയ്ക്കും വിലയ്ക്കും ചേർന്ന നിലയിൽ ആർഭാടമായാണ് നിക്കാഹ് നടത്തിയത്.

വിവാഹ നിശ്ചയം കഴിഞ്ഞ് ഒരുനാൾ അസമയത്ത് നാസർ കുടിച്ച് ലക്ക് കെട്ട് വീട്ടിൽ കയറി വന്നു. വാപ്പയോട് കയർത്തു. തറുതല പറഞ്ഞു. ഉമ്മായെ കണക്കില്ലാതെ ചീത്ത വിളിച്ചു. കൈയ്യങ്കാളി ഒഴിച്ച് ബാക്കിയെല്ലാം അന്നവിടെ നടന്നു. എന്തൊക്കയോ ഭീഷണി തനിക്ക് നേരെയും മുഴക്കിയിട്ടാണ് അന്നയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. വീണ്ടും ആ പടി ചവിട്ടുന്നത് കഴിഞ്ഞ കൊല്ലം വാപ്പ മയ്യത്താകുമ്പോൾ മാത്രമാണ്.

അവൾ കുളിച്ച് വസ്ത്രം മാറി അടുക്കളയിലേക്ക് ചെല്ലുമ്പോഴും ഉമ്മ മുഖം വീർപ്പിച്ചിരുന്ന് എന്തോ മുറുമുറുക്കുകയാണ്.

“നീയറിഞ്ഞോ?”

“ന്ത്?”

“നാസറുകുട്ടി അവന്‍റെ പെണ്ണിനെയൊഴിഞ്ഞു.”

“ഓഹോ. നല്ല കാര്യമായി. അതിന് ഞാനിപ്പോൾ എന്ത് വേണം?”

“ഒന്നും വേണ്ട ന്‍റെ മോള് ഞാൻ പറേന്നത് മാത്രം കേട്ടാൽ മതി. നാസറുകുട്ടിക്ക് പ്പോഴും നിന്നെ കെട്ടാൻ പൂതിയുണ്ട്.”

ഉമ്മായോട് പറഞ്ഞിട്ട് കാര്യമില്ല. പഴയ മനസ്സാണ്. ഒരു കാര്യം മനസ്സിലുറച്ചാൽ അതു തന്നെ വെറുതെ പറഞ്ഞു കൊണ്ടിരിക്കും. അഷ്റഫ് എന്നൊരാൾ മകളെ കെട്ടിച്ചു കൊടുത്ത കാര്യം കൂടി അവർ ഓർക്കുന്നില്ല.

ഉമ്മ പറയുകയാണ് “ആ പെണ്ണൊരു മെനകെട്ടവളായിരുന്നു. അനുസരണയെന്നൊന്നത് ഓൾക്ക് തീരെ ഇല്ലായിരുന്നു. അങ്ങനെയുള്ളതിനെ ഒഴിഞ്ഞു കളയാതെ ഓൻ പിന്നെന്തു ചെയ്യും?”

കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് ‘അനുസരണയുള്ള പട്ടി, അനുസരണയുള്ള പൂച്ച എന്നു പറയുന്നതുപോലെ അനുസരണയുള്ള ഭാര്യ’ വിചിത്രം തന്നെ എന്തു കണ്ടാലും കേട്ടാലും അനുഭവിച്ചാലും ഒന്നും മിണ്ടാതെ എല്ലാ സഹിച്ച് വീടിന്‍റെ ചുവരുകൾക്കുള്ളിൽ സ്വയം തളച്ച് ഒതുങ്ങി കഴിയണം. ഉമ്മയുടെ കാഴ്ചപ്പാടിൽ അനുസരണ എന്നാൽ അതാണ്.

“ന്‍റെ പഴേ മനസ്സാണ്. എങ്കിലും നിന്നേക്കാൾ കുറയധികം വർഷം നോമ്പു പിടിച്ചതിന്‍റെ ലോക പരിചയത്തിൽ പറയുകയാണ്. നിന്‍റെ നല്ല ഭാവിയെയോർത്ത് മാത്രമെന്ന് കരുതിയാൽ മതി. നീയിപ്പോഴും ചെറുപ്പമാണ്. കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളം പോലെ ഈ ചെറുപ്പത്തിന്‍റെ ചോരയും നീരുമൊക്കെ, നോക്കി നോക്കി നില്ക്കെ വാർന്നു പോകും. നാസറിനെ ഇഷ്ടമല്ലങ്കിൽ വേണ്ട. വേറെയും പല ആലോചനകളും വരുന്നുണ്ട്. നീയേതെങ്കിലുമൊന്നിന് സമ്മതിക്കണം. അഷ്റഫിനെ ഇനി കാത്തിരിക്കേണ്ട. അവൻ വരില്ല. തീർച്ചയാണ്.” അതു പറഞ്ഞ് ഉമ്മയുടെ കണ്ണകൾ സജലങ്ങളാകുന്നു. ഉമ്മ തന്‍റെ മുന്നിൽ കരച്ചിൽ എന്ന അവസാന അടവും പുറത്തെടുക്കുകയാണ്.

“ന്‍റെ ഉമ്മാ എന്താണ് നിങ്ങളിങ്ങനെ? രണ്ടു പ്രസവിച്ചൂ എന്നല്ലാതെ ആണും പെണ്ണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ങ്ങൾക്ക് ഒന്നുമറിയില്ല. ഞാനൊരു പുരുഷനെ ഉള്ളു തുറന്ന് സ്നേഹിച്ചു. പോയി. ഇനിയീ ജന്മം വേറൊരാളെ സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അഷ്റഫിക്ക വരുന്നില്ലങ്കിൽ വരേണ്ട. എനിക്ക് പടച്ചോൻ കനിഞ്ഞ് സ്വന്തമായി ജോലീം വരുമാനവുമുണ്ട്. അത് കൊണ്ട് ഞാനിങ്ങനെയൊക്കെയങ്ങ് കഴിഞ്ഞോളാം.”

ഉമ്മ ദേഷ്യപ്പെട്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി. പോകുന്ന വഴിക്ക് പറഞ്ഞു, “നെന്നോടൊക്കെ ഉപദേശിക്കാനും പറയാനും ഇനി ഞാനില്ല. നെന്നെയൊക്കെ. കൂടുതൽ പഠിപ്പിച്ചതാണ് ങ്ങടെ വാപ്പിച്ചായ്ക്ക് പറ്റിയ തെറ്റ്. ന്‍റെ കണ്ണടഞ്ഞാൽ നെനക്ക് ആരും കാണില്ലാന്നോർത്തോ?”

ഉമ്മ തന്‍റെ ശരീരത്തിലേക്ക് ഇടയ്ക്കിടയ്ക്ക് എരിതീ കോരിയിടുന്നതു പോലെ അവൾക്ക് തോന്നി. ഉമ്മായെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അഷ്റഫ് എന്നെങ്കിലും ഒരു നാൾ മടങ്ങി വരുമെന്ന് താനല്ലാതെ ആരും പ്രതീക്ഷിക്കുന്നില്ല. അഷ്റഫിനെ കുറിച്ചന്വേഷിക്കാൻ ഇനിയൊരിടവുമില്ല. കൊടുക്കാത്ത പരാതികളില്ല. മുട്ടാത്ത വാതിലുകളില്ല.

അഷ്റഫിന്‍റെ വീട്ടുകാർക്ക് പോലും അയാളെ കുറിച്ച് അന്വേഷിക്കുന്നതിനോ കണ്ടെത്തുന്നതിനോ താല്പര്യമില്ല. ഒരാളില്ലന്ന് വെച്ച് അവർക്ക് എന്താണ് നഷ്ടം. അവർ ഡോക്ടർമാരും എഞ്ചിനീയർമാരും കോളേജ് പ്രൊഫസമാരുമായിട്ട് ഇനിയും ഒരു പാട് പേരുണ്ടല്ലോ? നഷ്ടം അത് തന്‍റെതു മാത്രമാണ് അതുകൊണ്ട് അന്വേഷിക്കേണ്ടതും കണ്ടെത്തേണ്ടതും താനാണ്.

അഷ്റഫിന്‍റെ ഉമ്മ. ഇന്നാള് ഒരു നാൾ, കണ്ടപ്പോൾ പറഞ്ഞു, “പെണ്ണുങ്ങൾക്ക് മിടുക്കില്ലാത്തതാണ് ആണുങ്ങൾ അകന്നു പോകുന്നതിന്‍റെ കാരണം.”

എന്ത് മിടുക്കിന്‍റെയും മിടുക്കുകേടിന്‍റെയും കാര്യമാണ് അവർ പറഞ്ഞത്. മനസ്സിലാകുന്നില്ല. അഷ്റഫിന്‍റെ വീട്ടുകാർ തന്നെ ഏതാണ്ട് മൊഴിചൊല്ലിയ മട്ടാണ്.

ഉമ്മ എത്രനാൾ സുഖമില്ലാതെ ആശുപത്രിയിൽ കിടന്നു. എന്നിട്ട് പേരിന് പോലും ഒരെണ്ണം തിരിഞ്ഞ് നോക്കിയില്ല.

പോസ്റ്റ്മാൻ പിന്നെയും പലതവണ വലിയ കെട്ടുമായി സ്കൂളിന്‍റെ പടികടന്നു വന്നു. പക്ഷേ അതിലെങ്ങും സബീന ടീച്ചർക്ക് മാത്രം കത്തുണ്ടായിരുന്നില്ല. വന്ന ചില കത്തുകളാകട്ടെ സലീനയുടെ ഭർത്താവിന് ലോണെടുക്കാൻ ജാമ്യം നിന്നതിന്‍റെ പേരിലുള്ള ബാങ്ക് നോട്ടീസുകളായിരുന്നു.

എങ്കിലും ഒരു നാൾ ഒരു വിസ്മയം പോലെ അഷ്റഫിന്‍റെ ഒരു കത്തോ ഫോൺകാളോ തന്നെ തേടി വരുമെന്ന് അവൾ വിശ്വസിച്ചു. മുഖ്യമന്ത്രിയുടെ അദാലത്തിൽ പോയി നേരിട്ട് കണ്ട് ഒരു പരാതി കൂടി കൊടുത്താലോ എന്നവൾ വിചാരിച്ചു. അതിനെപ്പറ്റി ആലോചിക്കാനായി ഒരു ദിവസം അവൾ അഷ്റഫിന്‍റെ വീട്ടിൽ ചെന്നു.

അഷ്റഫിന്‍റെ വാപ്പ ഓരോരോ ഒഴിവ് കഴിവുകൾ പറഞ്ഞു. ഉമ്മ മുനവെച്ച് സംസാരിച്ചു. അവൾ സങ്കടപ്പെട്ട് അവിടെ നിന്നും ഇറങ്ങിപ്പോന്നു. ഇനി എന്തുവന്നാലും അഷ്റഫിന്‍റെ കാര്യം പറഞ്ഞ് ആ വീട്ടിലേക്ക് പോകില്ലന്ന് അവൾ തീർച്ചയാക്കി.

അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യക്ക് അപ്രതീക്ഷതമായി റുഖിയത്തും അവളുടെ ഭർത്താവും കൂടി കയറി വന്നു. റുഖിയത്തിന്‍റെ കണ്ണുകളിൽ ആഹ്ലാദം അലതല്ലി. അവൾ സബീനയുടെ കാതുകളിൽ മന്ത്രിച്ചു.

“ഇത്താ, ഞങ്ങക്ക് ഒരു വിശേഷമുണ്ട്. ഞാനൊരു ഉമ്മയാകാൻ പോകുന്നു.”

“മറ്റെനാൾ ഞാൻ പോകുകയാണ്. ഇത്തവണ ഞാനെന്‍റെ റുഖിയേയും കൂടങ്ങ് കൊണ്ടു പോകുകയാണ്. ഭാര്യേം ഭർത്താവും അക്കരേം ഇക്കരേം കഴിഞ്ഞിട്ട് വല്ല കാര്യോമുണ്ടോ? അല്ലെങ്കിൽത്തന്നെ അവൾക്ക് ഒരു സഹായത്തിന് ഇവിടെ ആരാണുള്ളത്. ഞങ്ങള് യാത്ര പറയാൻ വന്നതാണ്. പോകുന്നതിന് മുമ്പ് എനിക്ക് ടീച്ചറോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.” സെയ്തൂട്ടി പറഞ്ഞു.
സബീന ആകാംക്ഷയോടെ അയാളെ നോക്കി, “എന്താ സെയ്തേ?”
“ഞാൻ അഷ്റഫിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാൻ വന്നതാണ്. അയാൾ ഇപ്പോഴും ജീവനോടെയുണ്ട്. ഒരു കുഴപ്പവുമില്ലാതെ. പൂർണ്ണ ആരോഗ്യത്തോടെ. വലിയ സമ്പന്നനായി.”

എന്തോ ചോദിക്കാനായി സബീനയുടെ കണ്ഠമിടറിയെങ്കിലും വാക്കുകൾ പുറത്ത് വന്നില്ല. അല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം സെയ്തൂട്ടി പറഞ്ഞു, “അയാൾ അവിടെ വെച്ച് വേറൊന്നൂടെ കെട്ടി. ഒരു നസ്രാണി പെണ്ണാണ്‌. മോഡലാണ്. ടിവിയിലും പരസ്യത്തിലുമൊക്കെ ടീച്ചറും കണ്ടിട്ടുണ്ടാകണം. രണ്ടു പേരും കൂടെ ഇപ്പോൾ അമേരിക്കയിലോ മറ്റോ ആണ്. അവിടുത്തെ പൗരത്വവും എടുത്തെന്നാണ് അറിയുന്നത് ഇടയ്ക്ക് വെച്ച് ഒരു പ്രാവശ്യം വാപ്പയേയും ഉമ്മയേയും കാണാൻ അയാൾ രഹസ്യമായി നാട്ടിലും വന്നു എന്നാണ് കേൾക്കുന്നത്.”

ഇടിമിന്നലേറ്റ പോലെ അവൾ തരിച്ച് നിന്നു പോയി.

“ടീച്ചർക്ക് എന്നോട് വിരോധമൊന്നും തോന്നരുത്. ഞാനിക്കാര്യം നേരുത്തെ പറയാതിരുന്നത് കാത്തിരുന്ന് മടുക്കുമ്പോ ങ്ങള് വേറെ നിക്കാഹിന് സമ്മതിക്കുമെന്ന് കരുതിയിട്ടാണ്. ന്‍റെ റുഖിക്ക് ങ്ങളെന്ന് വെച്ചാൽ ജീവനാ. ഞാനിനിയും അത് പറയാതിരുന്നാൽ പടച്ചോൻ പൊറുക്കൂല.”

റുഖിയത്തും ഭർത്താവും പിന്നവിടെ അധികനേരം നിന്നില്ല. മറ്റെന്തോ അത്യാവശ്യം പറഞ്ഞ് അവർ പെട്ടന്ന് പോയി.

സബീന കിടക്കയിൽ പോയി തളർന്നു കിടന്നു. ഇത്രനാൾ പ്രാർത്ഥനയോടെ കാത്തിരുന്നത് ഇത് കേൾക്കാനാണോ? അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉമ്മ ശുഷ്കിച്ച കൈവിരലുകൾ കൊണ്ട് അവളുടെ ചുമലിൽ തലോടി.

“ന്‍റെ മോള് വെശമിക്കരുത്. മ്മളാരോടും ഒരു ദ്രോഹോം ചെയ്തിട്ടില്ല. മ്മളെ ചതിച്ചോനെ പടച്ചോൻ വെറുതെ വിടില്ല.”

മധുവിധു നാളുകളിൽ… പ്രണയത്തിന്‍റെ സുന്ദര സുരഭിലമായ നിമിഷങ്ങളിൽ… അഷ്റഫ് പറഞ്ഞ മധുര സംഭാഷണങ്ങളോരോന്നായി അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു…

മനുഷ്യർക്ക് എത്ര മുഖങ്ങളാണുള്ളത്? ഏതെല്ലാം ഭാവങ്ങളാണുളളത്. ഓരോന്നും എത്ര കൗശലപൂർവ്വം അവൻ മാറി മാറി. എടുത്തണിയിന്നു.

അഷ്റഫ്… അയാൾ മരിച്ചു പോയി എന്ന് കേട്ടിരൂന്നെങ്കിൽ താനിത്ര മാത്രം ദു:ഖിക്കുമായിരുന്നില്ല. അതിലും എത്രയോ വേദനാജനകമാണ് ഒരു സത്രീക്ക് സ്വന്തം പുരുഷൻ അവളെ ഉപേക്ഷിച്ച് മറ്റൊരുവളുടെ കൂടെ പോയി എന്നു കേൾക്കുമ്പോൾ തോന്നുന്നത്?

രാത്രിയിൽ ഒട്ടും ഉറക്കം വന്നില്ല. ഓരോന്ന് ആലോചിച്ച് അവൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. അഷ്റഫിന് ഇപ്പോൾ ഒരു ചെകുത്താന്‍റെ രൂപമാണ്. കൂര്‍ത്ത നഖങ്ങളും ചോരയൊലിപ്പിക്കുന്ന ദ്രംഷ്ടകളുമുള്ള ഒരു ചെകുത്താന്‍.

നേരം പുലരുന്നതിന് മുമ്പേ അവൾ എഴുന്നേറ്റു.

‘എന്നെ വേണ്ടാത്തവരെപ്പറ്റിയോർത്ത് ഞാനെന്തിനാണ് വെറുതെ ദു:ഖിക്കുന്നത്? എന്നെ സ്നേഹിക്കുന്നവരെക്കുറിച്ചോർത്ത് സന്തോഷിക്കുകയാണ് വേണ്ടത്.’

അവൾ നിലക്കണ്ണാടിക്ക് മുന്നിൽപ്പോയി ഏറെ നേരം നിന്നു. കാലം ആദൃശ്യനായ ഒരു ചിത്രകാരനെപ്പോലെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും തന്‍റെ സൗന്ദര്യത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ല. ഉടൻ തന്നെ ഒരു വിവാഹം കഴിക്കണം. ഭർത്താവിനെ സ്നേഹിക്കുന്ന ഭാര്യയാകണം. കുസൃതി കുടുക്കകളായ മക്കളുടെ ഉമ്മയാകണം. അവരെ താലോലിച്ച് വളർത്തണം. അപ്പോൾ മാത്രമേ ഒരു സ്ത്രീയുടെ ജന്മം സഫലമാകുകയുള്ളൂ. അഷ്റഫിന്‍റെ വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ അന്തസ്സായി ജീവിക്കണം. എല്ലാ സൗഭാഗ്യങ്ങളോടെയും കൂടുതൽ സന്തോഷവതിയായി.

और कहानियां पढ़ने के लिए क्लिक करें...