പോസ്റ്റുമാന്‍റെ സൈക്കിളിന്‍റെ മണിയടിയും ആകാശ ചെരുവിലൊരു വിമാനത്തിന്‍റെ ഇരമ്പലും ഏതാണ്ട് ഒരേ സമയത്താണ് സബീന ടീച്ചറുടെ കാതുകളില്‍ മുഴങ്ങി കേട്ടത്. ടീച്ചറന്നേരം എഴാം ക്ലാസ്സ് ബി ഡിവിഷനിൽ വിവിധതരം ജ്യമിതീയ രൂപങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു കൊണ്ട് നിൽക്കുകയായിരുന്നു. അപ്പോള്‍ ശരീരത്തിൽ എവിടെനിന്നോ ഒരാന്തല്‍ ദുര്‍ബലയായ ഒരു പക്ഷി ചിറകടിച്ചു പറന്നുയരാന്‍ ശ്രമിക്കുന്നതു പോലെ നെഞ്ചിലേക്ക് കയറിവന്നു. കുവൈത്തില്‍ എണ്ണക്കമ്പിനിയിൽ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ ഒരു നിമിഷം അവള്‍ ഓര്‍ത്തു പോയി. ഗള്‍ഫ്‌ യുദ്ധം കഴിഞ്ഞു സ്ഥിതിഗതികൾ ഏതാണ്ടൊന്നു ശാന്തമായി വരുന്ന കാലമാണ്. അവള്‍ ക്ലാസ്സിൽ നിന്നും തിടുക്കത്തിൽ സ്റ്റാഫ് റൂമിലേക്ക് ചെന്നു.

പ്യൂൺ കത്തുകൾ ഓരോന്നായി ആർക്കൊക്കെ എവിടെ നിന്ന് വന്നതാണന്ന് സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു. ആകാംക്ഷ കൊണ്ട് ടീച്ചർ ഒരു ചോദ്യചിഹ്നം പോലെ വളഞ്ഞ് എന്തോ ചോദിക്കാനായവേ പ്യൂൺ ആവേശത്തോടെ പ്രഖ്യാപിച്ചു. ഇല്ല ഇന്ന് ഒരു ലേഡീസിനും കത്തില്ല. ഇപ്പോഴാർക്കാണ് ന്‍റെ ടീച്ചറേ കത്തെഴുതാനൊക്കെ സമയം? എല്ലാർക്കും ടെലഫോൺ മതിയല്ലോ ടെലഫോൺ… എന്ന് പറഞ്ഞ് കൊണ്ട് പഴയ ഒരു സിനിമാഗാനവും മൂളി അയാള് എങ്ങോട്ടോ പോയി.

സ്റ്റാഫ് റൂമിന്‍റെ ഒരു മൂലക്കായിട്ടായിരുന്നു ഹെഡ് മാഷിന്‍റെ ഇരിപ്പടം. അയാൾ അവിടെയിരുന്ന് തടിച്ച പുറംചട്ടയുള്ള രജിസ്റ്ററിലെന്തോ കാര്യമായി എഴുതിക്കൊണ്ടിരിക്കയായിരുന്നു. തന്‍റെ പ്രവൃത്തിക്ക് എന്തോ വലിയ ഭംഗം വന്ന മാതിരി രജിസ്റ്ററിൽ നിന്നും തലയുയർത്തി കട്ടിക്കണ്ണടക്കിടയിലൂടെ അയാൾ അവളെ രൂക്ഷമായി ഒന്നു നോക്കി.
“ന്‍റെ ടീച്ചറേ ങ്ങളോട് ഞാൻ എത്ര വട്ടം പറയുന്നു. ങ്ങൾക്ക് കത്തോ കാർഡോ വന്നാൽ ഞങ്ങൾ തരാണ്ടെ ഒളിപ്പിച്ചു വെക്വോ? പിന്നെന്തിനാണ് പോസ്റ്റുമാൻ വന്നു പോകുമ്പം പോകുമ്പം ങ്ങള് പാഞ്ഞ് പിടിച്ച് ഇങ്ങോട്ട് വരണേ… ദേ… നോക്കിയേ… ആ കേൾക്കുന്ന ബഹളം ടീച്ചറുടെ ക്ലാസ്സീന്നു തന്നെയല്ലേ?”

സബീന ടീച്ചർ കാതോർത്തു. ശരിയാണ് കുട്ട്യോൾടെ ശബ്ദം ഒരു മഴയിരമ്പൽ പോലെ അലറി വരികയാണ്. ഒന്നിനും ഒരനുസരണയില്ല. ഒന്നും ഒരര നിമിഷം പോലും വായ പൂട്ടി വെയ്ക്കൂലാന്ന് നിര്‍ബന്ധമാണ്‌. ടീച്ചർ വേഗം ക്ലാസ്സിലേക്ക്‌ ചെന്നു. അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു.

ഹെഡ്മാഷിന് ഈയിടെയായി തന്നോടെന്തോ വലിയ അനിഷ്ടമുള്ളതുപോലെ. തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറുതേ ഓരോരോ കുറ്റങ്ങൾ കണ്ടെത്താൻ നോക്കുന്നു. നേരുത്തെ അങ്ങനെയൊന്നുമല്ലായിരുന്നു
“ടീച്ചർ പഠിപ്പിക്കാൻ മിടുക്കിയാണ്. കുട്ട്യോൾക്കൊക്കെ ടീച്ചറെ വലിയ കാര്യമാണ്. പിള്ളാരെ കൈയിലെടുക്കാനുള്ള വിദ്യ കുറച്ച് ബാക്കിയുള്ളവർക്ക് കൂടി പറഞ്ഞു കൊട്” എന്നൊക്കെ കൂടെക്കൂടെ എല്ലാവരും കേൾക്കത്തന്നെ പറയുമായിരുന്നു. അപ്പോഴക്കെ എന്തുമാത്രം അഭിമാനം തോന്നിയിരുന്നു.
പക്ഷേ… ഇപ്പോൾ?
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്റ്റാഫ് റൂമിൽ ആളൊഴിഞ്ഞ ഒരു നേരത്താണ് ഹെഡ് മാഷ് സബീന ടീച്ചറോട് ഇബ്രാഹിം കുട്ടി മാഷ്ടെ കാര്യം പറയുന്നത്.
“നമ്മുടെ അറബിക് പഠിപ്പിക്കുന്ന ഇബ്രാഹിംകുട്ടി മാഷെക്കുറിച്ച് ടീച്ചർക്കെന്താണ് അഭിപ്രായം?” സ്റ്റാഫ് റൂമിന്‍റെ മൂലയ്ക്ക് നിന്ന് തടിച്ച ലഡ്ജറിൽ നിന്നും മുഖമുയർത്താതെ ഒരു അശരീരി പോലെയായിരുന്നു ആ ചോദ്യം.

ആ ചോദ്യത്തിന് മുന്നിൽ ആദ്യം അവളൊന്നു പതറി. സത്യത്തിൽ ഇബ്രാഹിംകുട്ടി മാഷെക്കുറിച്ച് അതുവരേയും അങ്ങനെയൊന്നും കാര്യമായി ആലോചിക്കേണ്ടി വന്നിട്ടില്ല. സദാ പളപളപ്പുള്ള വെളുത്ത ഷർട്ടും മുണ്ടും ധരിച്ചു നടക്കുന്ന ഒരു മനുഷ്യൻ.

ഭംഗിയായി വെട്ടിയൊതുക്കിയ വട്ടത്താടിക്കും കുറ്റിതലമുടിക്കുമിടയില്‍ പ്രത്യേകിച്ച് യാതൊരു വികാരവും പ്രതിഫലിപ്പിക്കാത്ത മുഖം. തലയിൽ ഒരു വട്ടക്കെട്ടോ ചട്ടിത്തൊപ്പിയോ കൂടി ഉണ്ടായിരുന്നെങ്കിൽ അസൽ ഒരു മൊയലിയാര്.

പക്ഷേ… ഒന്നു ശ്രദ്ധിച്ചിട്ടുണ്ട് സ്റ്റാഫ് റൂമിലെ പൊങ്ങച്ചമോ, പരദൂഷണമോ പറയുന്ന സദസ്സുകളിലൊന്നും അയാളെ കണ്ടിട്ടേയില്ല. എല്ലാവർക്കും നിർവ്വികാരമായ ഒരു ചിരി സമ്മാനിച്ച് സംസാരം ഒന്നോ രണ്ടോ വാക്കുകളിലൊതുക്കി അയാൾ നിശബ്ദം കടന്നു പോകുന്നു. ആർക്കും ഒരു ദോഷവുമില്ലാതെ… ആർക്കും ഒരു ഗുണവുമില്ലാതെ…

അയാളുടെ ഓരോ ചലനത്തിലും പടച്ച തമ്പുരനോടുള്ള വിധേയത്വമുണ്ട് ഉച്ചയ്ക്ക് വാങ്ക് വിളിക്കൂമ്പോൾ സ്റ്റാഫ് റൂമിന്‍റെ ഒരു ഒഴിഞ്ഞ മൂലയില്‍ സ്ഥലം ശരിയാക്കി അയാൾ അവിടെ നിസ്കരിക്കുന്നു.
“എനിക്ക് ഇബ്രാഹിംകുട്ടി മാഷെ കുറിച്ച് നല്ല അഭിപ്രായം തന്നെ” പൊടുന്നനെ അവൾ പറഞ്ഞു.
ഹെഡ് മാഷിന്‍റെ മുഖം രജിസ്റ്ററിലെ മുങ്ങിത്താഴ്ചയിൽ നിന്നും പതുക്കെ ഉയർന്നു. അയാളുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു.
“എന്നാൽ ഞാനൊരു കാര്യം പറയാൻ പോകുകയാണ്. ഇബ്രാഹിംകുട്ടി മാഷ് കുറെ നാളായി എന്നോട് പറയുന്നു. അങ്ങേർക്ക് സബീനയെ വലിയ ഇഷ്ടമാണ്. മാഷ്ക്ക് ങ്ങളെ നിക്കാഹ് കഴിച്ചാൽ കൊള്ളാമെന്നുണ്ട്. ങ്ങടെ സമ്മതം ചോദിക്കാനായി ന്നെ ചട്ടം കെട്ടീരിക്കയാണ്.”
സബീന ടീച്ചർ അറിയാതെ നെഞ്ചത്ത് കൈവെച്ചു പോയി. അവൾക്കാദ്യം അമ്പരപ്പാണ് അനുഭവപ്പെട്ടത്. താനീ സ്കൂളിലേക്ക് സ്ഥലം മാറി വന്നിട്ട് രണ്ടു വർഷത്തോളമാകുന്നു.

ഇബ്രാഹിംകുട്ടി മാഷ് ഇതുവരെ തന്നോട് മുഖത്തോട് മുഖം നോക്കി സംസാരിച്ചിട്ടുണ്ടോ? ഇല്ല… ഓർമ്മയിൽ അങ്ങനെയൊന്ന് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. എന്തിന് സുന്ദരിയായ ഒരു പെണ്ണിന് നല്കേണ്ട പരിഗണനപോലും അയാൾ ഇതുവരേയും തനിക്ക് നല്കിയിട്ടില്ല.
ന്നാലും ങ്ങേരുടെ ഒരു ഉള്ളിലിരിപ്പേ. കള്ളപ്പൂച്ച മാഷ്. ന്‍റെ റെബ്ബേ… ഏതെല്ലാം ജാതി മനുഷ്യൻമാരേയാണ് നീയി ദുനിയാവിലേക്ക് പടച്ചു വിടുന്നത്?
ഹെഡ് മാഷ് തുടർന്നു, “അടുത്തറിയാവുന്നത് കൊണ്ട് പറയുകയാണ്. ഇബ്രാഹികുട്ടി മാഷ് വളരെ നല്ലവനാണ്. ദുശീലങ്ങളോ, അനാവശ്യ കൂട്ടുകെട്ടുകളോ ഒന്നുമില്ല. അൽപം പരുക്കനാണന്ന് തോന്നും. അത് ആ വേഷത്തിന്‍റേതാണ്. കാണുമ്പോൾ തോന്നുന്നത് പോലെ പ്രായവും അധികമൊന്നുമായിട്ടില്ല. ഏറിയാൽ മുപ്പത്തിയഞ്ചോ, മുപ്പത്തിയാറോ… അതിലധികമില്ല. അഞ്ചാറു വർഷത്തിന് മുന്നാണ് ഞാനീ സ്കൂളിൽ ഹെഡ്മാഷായി വരുന്ന വർഷമാണ് അയാളുടെ ഭാര്യ മരണപ്പെട്ട് പോകുന്നത്. ബ്ലഡ് ക്യാൻസറായിരുന്നു. അവസാന സ്റ്റേജിലാണ് രോഗം കണ്ടു പിടിച്ചത്. ആ ബന്ധത്തിൽ ഏഴ് വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. ബഹു മിടുക്കിയാണ്. ഉമ്മാന്‍റെ വീട്ടുകാരാണ് അതിനെ നോക്കുന്നത്. ഒന്നൂടെ കെട്ടാൻ ഞാൻ തന്നെ എത്ര തവണ അങ്ങേരോട് പറഞ്ഞിരിക്കുന്നു. കേൾക്കേണ്ടെ? ങ്ങളെ കണ്ടത് മുതലാണ് മാഷ് രണ്ടാമതൊരു നിക്കാഹിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ.”
സബീന ടീച്ചർ ഇബ്രാഹിംകുട്ടി മാഷുടെ കഥ കൗതുകത്തോടെ കേട്ടുകൊണ്ടിരിക്കയായിരുന്നു. കേട്ടപ്പോൾ സഹതാപം തോന്നി. ഇബ്രാഹിം കുട്ടി മാഷ്ടെ മരിച്ചു പോയ ഭാര്യയെക്കുറിച്ച് അവൾ വെറുതെ ആലോചിച്ചു. മരിക്കുമ്പോൾ അവൾക്ക് എത്ര വയസ്സുണ്ടായിരുന്നിരിക്കണം? ഖൽബിൽ എന്ത് മാത്രം സ്വപ്നങ്ങൾ സൂക്ഷിച്ചിരുന്ന ഒരു മൊഞ്ചത്തി കുട്ടിയായിരുന്നിരിക്കണം അവൾ? പരമകാരുണികനായ ദൈവം എന്തിനാണ് പലപ്പോഴും യാതൊരും തെറ്റും ചെയ്യാത്ത അവന്‍റെ അടിമകളെ ഇങ്ങനെ പരീക്ഷിക്കുന്നത്?
“ധൃതി പിടിച്ച് മറുപടി പറയണമെന്നില്ല. ടീച്ചർ നല്ലോണം ആലോചിച്ചിട്ട് പറഞ്ഞാൽ മതി” എന്നു പറഞ്ഞു കൊണ്ട് ഹെഡ് മാഷ് വീണ്ടും ഒരു എരണ്ട പക്ഷിയെപ്പോലെ രജിസ്റ്ററിന്‍റെ ആഴങ്ങളിലേക്ക് മുങ്ങിത്താണു.
പെട്ടന്നാണ് സബീന ടീച്ചറുടെ ശബ്ദം അവളറിയാതെ ഉയർന്നത്
“ആലോചിക്കാനൊന്നുമില്ല. രണ്ടാം കെട്ടിനെ കുറിച്ച് ആലോചിക്കാൻ ന്‍റെ കെട്ട്യോൻ മയ്യത്തായിട്ടൊന്നൂല്ല്യ… ന്നെ മൊഴി ചൊല്ലീട്ടുമില്ല. അത് മാഷേ ങ്ങൾക്കും അറിവുള്ളതല്ലേ?
ഹെഡ് മാഷിൻന്‍റെ മുഖം വിവർണ്ണമായി… അയാൾ ചുണ്ടു കോട്ടിയെന്ന് ചിരിച്ചു. പരിഹാസത്തിന്‍റെ ലാഞ്ചനയുള്ള ഒരു ചിരി.
“സബീന ടീച്ചറേ ങ്ങള് ഇത് തന്നെ പറയുമെന്ന് എനിക്കറിയാമായിരുന്നു. ങ്ങടെ മാപ്പിള, ന്താ ങ്ങേരുടെ പേര്… അഷ്റഫ്. ഗൾഫിലെന്നും പറഞ്ഞ് പോയിട്ട് കൊല്ലം കൊറേയായില്ലേ. ഏഴെട്ടു വർഷമായിട്ട് ഒരു വിവരോം ഇല്ല താനും. അങ്ങേര് ഇനി തിരിച്ചു വരുമെന്ന് ന്‍റെ ടീച്ചറേ ങ്ങള് കരുതുന്നുണ്ടോ?”

“വരാണ്ട് പിന്നെ ന്‍റെ കെട്ട്യോൻ മയ്യത്തായിട്ടുണ്ടായിരിക്കുമെന്നാണോ മാഷെ ങ്ങള് പറയുന്നത്?” അവളുടെ തൊണ്ടയിടറി. കണ്ണുകളിൽ നനവ് പടർന്നു.

“ന്നൊന്നും ഞാൻ പറയില്ല. പക്ഷേ സബീന നാടു മുഴവൻ പറഞ്ഞ് കേൾക്കണത് അഷ്റഫ് അവിടെ വെച്ച് വേറെ കെട്ടിയെന്നോ, ഇനി നാട്ടിലേക്ക് വരില്ലാന്നോ…”
സബീന ടീച്ചറുടെ കണ്ണു നിറഞ്ഞു. അവൾ സകല നിയന്ത്രണവും വിട്ട് പൊട്ടിത്തെറിച്ചു, “നാട്ടുകാർ… അവർക്കെന്താണ് പറയാൻ വയ്യാത്തത്? നി ക്കറിഞ്ഞൂടെ എന്‍റെ ഭർത്താവിനെ. മാഷ്ക്ക് അറിയോ… രണ്ടു മൂന്നു കൊല്ലം സ്നേഹിച്ചു നടന്നിട്ടാണ് ഞങ്ങള് നിക്കാഹ് ചെയ്തത്. സ്നേഹിച്ച് ഞങ്ങൾക്ക് കൊതി തീർന്നിട്ടില്ല. ന്തോ വലിയ കഷ്ടകാലം പിടിപെട്ടിരിക്കയാ. അത് മാറുമ്പം എന്‍റെ ഇക്ക… അങ്ങേര് ഇവിടെ ഓടിയെത്തും. അത് എനിക്കുറപ്പാ. പടച്ചോൻ എന്‍റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല.”
ഹെഡ് മാഷ് പിന്നെ അധികമൊന്നും സംസാരിച്ചില്ല. അയാളുടെ മുഖം ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടിയത് പോലെ പിന്നെ തെളിഞ്ഞതുമില്ല.
“ഞാൻ പറഞ്ഞൂന്നേയുള്ളൂ… എല്ലാം ടീച്ചറുടെ ഇഷ്ടം. ഇബ്രാഹിംകുട്ടി മാഷ് ഒരു കാര്യം ങ്ങളോട് പറയാൻ എന്നോട് പറഞ്ഞു. ഞാനത് നിങ്ങളോട് പറഞ്ഞു. അത്രേയുള്ളൂ.”

ഇബ്രാഹിംകുട്ടി മാഷിന് വേണ്ടി നടത്തിയ നയതന്ത്ര ശ്രമം പരാജയപ്പെട്ടതിലെ ഖേദമായിരുന്നു അയാളുടെ മുഖത്ത്. അതിൽ പിന്നെ ഹെഡ് മാഷ് അവളെ കാണുമ്പോൾ കടന്നൽ കുത്തിയ മാതിരിയാണ്. പുരുഷൻമാർ അല്ലെങ്കിലും അങ്ങനെയാണ്. മനസ്സിലോരോന്ന് വിചാരിക്കും. അത് നടക്കില്ലാന്ന് കണ്ടാൽ വെറുതെ ആരോടെങ്കിലും ശുണ്ഠി പിടിച്ചു നടക്കും.

പക്ഷെ ഇബ്രാഹിംകുട്ടി മാഷ് കള്ള പൂച്ച.. ഇത്രയൊക്കെ ഏടാകൂടങ്ങൾ ഉണ്ടാക്കി വെച്ചിട്ടും അങ്ങേർക്ക് മാത്രം യാതൊരു ഭാവഭേദവുമില്ല. പതിവു പോലെ നിർവികാരമായൊന്ന് ചിരിച്ച് അയാൾ നിശബ്ദം കടന്നു പോകുന്നു… ഒന്നും അറിയാത്ത മട്ടിൽ…

और कहानियां पढ़ने के लिए क्लिक करें...