“നന്ദൻമാഷിനെ പ്രവേശിപ്പിക്കുന്നതിൽ സന്തോഷമേയുള്ളു സുമേഷ്. പാവപ്പെട്ടവർക്ക് ഇവിടെ അതിനായി പ്രത്യേകം ഫീസ് ഒന്നുമില്ല. പക്ഷെ പണം ഉള്ളവരിൽ നിന്ന് ഞങ്ങൾ സംഭാവനകൾ സ്വീകരിക്കാറുണ്ട്. നിങ്ങൾ അത് നൽകണമെന്നില്ല. പക്ഷെ ഇനി മുതൽ കെട്ടിടവാടക നൽകാൻ പറ്റില്ല. അത് നന്ദൻമാഷിന്‍റെ കാര്യങ്ങൾക്കായി ഞങ്ങൾ ചിലവാക്കും. കാരണം എനിക്കറിയാം ഈ വീട് നന്ദൻമാഷിന്‍റെ പേരിലാണെന്ന്.”

രാജീവിന്‍റെ ദൃഢമായ വാക്കുകൾ സുമേഷ് കേട്ടു. അയാൾക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് സുരേഷ് അവിടെ വന്നെത്തി. സുമേഷിന്‍റെ വിളറിയ മുഖം കണ്ട് സുരേഷ് ചോദിച്ചു

“ബില്ലടച്ചു. എന്താ സുമേഷ് നിന്‍റെ മുഖം വിളറിയിരിക്കുന്നത്? നീ എന്തോ കണ്ട് പേടിച്ചതുപോലെയുണ്ടല്ലൊ.”

“ഏയ്, ഒന്നുമില്ല ചേട്ടാ… ഞാൻ ആ വൃദ്ധസദനത്തിലെ രാജീവിനെ വിളിക്കുകയായിരുന്നു. അച്ഛനെ അവിടെ പ്രവേശിപ്പിക്കണമെങ്കിൽ നമ്മൾ നല്ല ഒരു തുക സംഭാവന നൽകണമത്രെ.”

അച്ഛൻ ആ വീട് തന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും തന്‍റെ പേരിലാണ് ആ വീട് വാടകക്ക് കൊടുത്തിരിക്കുന്നതെന്നും എല്ലാ മാസവും അച്ഛനു നൽകാതെ വാടക താനാണ് എടുക്കുന്നതെന്നും ചേട്ടനോട് എങ്ങനെ പറയും എന്നാലോചിച്ചിരിക്കുകയായിരുന്നു സുമേഷ്. അപ്പോൾ സുരേഷ് സുമേഷിന്‍റെ തോളിൽ തൊട്ട് പറഞ്ഞു.

“അതിനെന്താ. നല്ലൊരുതുക സംഭാവനകൊടുക്കാം സുമേഷ്. സ്നേഹസദനത്തിൽ അച്ഛനെ കൊണ്ടു പോയാക്കുന്നുണ്ടെങ്കിൽ അതിനുള്ള പൈസയും ഞാൻ ചിലവാക്കാം കേട്ടോടാ.” സുരേഷ് അച്ഛനെ തനിക്ക് നോക്കാനാവാത്തതിലുള്ള കുറ്റബോധത്തോടെ പറഞ്ഞു. അതുകേട്ടതോടെ ഫുട്ബോൾ കളിയിൽ ഡബിൾ ഗോളടിച്ച കളിക്കാരന്‍റെ സന്തോഷത്തിലായി സുമേഷ്.

അപ്പോഴേക്കും സ്ക്കാനിംഗ് സെന്‍ററിൽ നിന്ന് നന്ദൻമാഷിനെ അടുത്തുള്ള ലാബിലേക്ക് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊണ്ടു പോയിക്കഴിഞ്ഞിരുന്നു. സുരേഷും സുമേഷും ലാബിനു മുന്നിലെത്തി തങ്ങളുടെ കാത്തു നില്പ് തുടർന്നു. അല്പം കഴിഞ്ഞ് നന്ദൻമാഷ് കരഞ്ഞു കൊണ്ടെത്തി.

“എന്നെ അവര് കുത്തി. എനിക്ക് നല്ലോണം വേദനിച്ചു.” വീൽചെയറുന്തിക്കൊണ്ടുവന്ന അറ്റൻഡർ ചിരിച്ചു കൊണ്ട് പറഞ്ഞു.

“കുത്തി വച്ചപ്പോ ഈ സാറ് ഭയങ്കര നിലവിളിയായിരുന്നു സാറെ.” അതുകേട്ട് സുമേഷിനോടൊപ്പം സുരേഷും ചിരിച്ചെങ്കിലും അച്ഛന്‍റെ ഇപ്പോഴത്തെ സ്ഥിതിയോർത്ത് അയാൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു. തീർത്തും കൊച്ചു കുട്ടികളെപ്പോലെ ആയിത്തീർന്നിരിക്കുന്നു അച്ഛൻ. സുരേഷ്‌ വിചാരിച്ചു.

അവർ ഉച്ചക്കുള്ള ആഹാരം കഴിക്കാനായി ഹോസ്പിറ്റൽ ക്യാന്‍റീനിലേക്ക് നന്ദൻമാഷിനെയും കൊണ്ടുപോയി. അവിടെച്ചെന്നാൽ അച്ഛൻ എങ്ങനെ പെരുമാറുമെന്നോർത്ത് അവർക്ക് ഉത്ക്കണ്ഠയുണ്ടായിരുന്നു. എന്നാൽ സുമേഷിന്‍റെ കണ്ണുരുട്ടൽ കണ്ട് പേടിച്ചിട്ടാകാം നന്ദൻമാഷ് മിണ്ടാതിരുന്നു. അപ്പോൾ സുരേഷ് അടുത്തിരുന്ന് അദ്ദേഹത്തിന് ഓരോ ഉരുളയായി വായിൽ വച്ചു കൊടുത്തു. ഇത്രയും വലിയ മനുഷ്യനെ കൊച്ചു കുട്ടികളെപ്പോലെ ഊട്ടുന്നതു കണ്ട് പലരും കൗതുകത്തോടെ നോക്കി. പക്ഷെ നന്ദൻമാഷ് രോഗബാധിതനാണെന്നറിഞ്ഞതോടെ അവരുടെയെല്ലാം നോട്ടം സഹതാപാർദ്രമായി. നന്ദൻമാഷിന് മുഴുവൻ വാരിക്കൊടുത്തിട്ടേ സുരേഷ് ഊണു കഴിച്ചുള്ളു. സുമേഷാകട്ടെ ഇതൊന്നും അറിയാത്ത മട്ടിൽ കുനിഞ്ഞിരുന്ന് ഊണു കഴിച്ചുകൊണ്ടിരുന്നു. ഊണു കഴിഞ്ഞ് കാന്‍റീനിൽ പൈസ കൊടുത്ത് അവർ നന്ദൻമാഷിനേയും കൊണ്ട് വെയിറ്റിംഗ് റൂമിലെത്തി അവിടെ കസേരയിലിരുന്നു.

ഇതിനിടയിൽ സുമേഷ് സ്കാനിംഗിന്‍റേയും ബ്ലഡ് ടെസ്റ്റിന്‍റേയും റിപ്പോർട്ടു വാങ്ങി. പിന്നീട് അവർ ഡോക്ടറുടെ മുറിയുടെ സമീപമെത്തി. അപ്പോൾ അവിടെ വേറെയും ചില രോഗികളും അവരുടെ ആൾക്കാരുമുണ്ടായിരുന്നു. സുമേഷ് സിസ്റ്ററിനെക്കണ്ട് തങ്ങൾ രാവിലെ വന്നതാണെന്നും അതുകൊണ്ട് ആദ്യ ഊഴം നൽകണമെന്നും അഭ്യർത്ഥിച്ചു. മാത്രമല്ല തീരെസുഖമില്ലാത്ത ആളെയും കൊണ്ട് കൂടുതൽ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണെന്നും, ഡോക്ടറോട് പറഞ്ഞാൽ തന്നെ അറിയാമെന്നും പറഞ്ഞു.

“ഒരു മിനിട്ട് ഞാൻ ഡോക്ടറോടൊന്ന് ചോദിക്കട്ടെ.” എന്നു പറഞ്ഞ് സിസ്റ്റർ അകത്തേക്ക് പോയി. അല്പം കഴിഞ്ഞ് മടങ്ങിവന്നു പറഞ്ഞു. “ശരി, നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു.” നന്ദൻമാഷിനെ പിടിച്ചുകൊണ്ട് സുരേഷും സുമേഷും അകത്തേക്ക് ചെന്നു.

“ഇരിക്കൂ” ഡോ. സൈമൺ സീറ്റു ചൂണ്ടിക്കാട്ടി പറഞ്ഞു. സുമേഷ് തന്‍റെ കൈയ്യിലുള്ള സ്കാനിംഗിന്‍റേയും, ബ്ലഡ് ടെസ്റ്റിന്‍റെയും റിപ്പോർട്ടെല്ലാം ഡോക്ടറെ കാണിച്ചു. എല്ലാം സൂക്ഷ്മമായി പരിശോധിച്ച ശേഷം. ഡോക്ടർ പറഞ്ഞു.

“സുമേഷിന്‍റെ ഫാദറിന് തൈറോയിഡ് ഹോർമോണും, ബ്ലഡ് പ്രഷറും വളരെ കൂടുതലാണ്. ഈ രോഗം ചികിത്സിച്ചു ഭേദമാക്കാവുന്നതേ ഉള്ളു. നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളുടെ അച്ഛന്‍റെ രോഗം മാറും.” അതു കേട്ട് സുരേഷിനും സുമേഷിനും സന്തോഷമായി. ഡോക്ടർ തുടർന്നു.

“പക്ഷെ നിങ്ങളുടെ അച്ഛന് കൃത്യമായ മരുന്നും ഭക്ഷണവും, സ്നേഹപൂർണ്ണമായ പരിചരണവും ആവശ്യമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഞാൻ പറഞ്ഞ ഇടത്ത് കൊണ്ടുപോയാക്കുന്നതാണ് നല്ലത്. അവിടെ അദ്ദേഹത്തിന് നല്ല പരിചരണം ലഭിക്കും എന്നെനിക്കുറപ്പുണ്ട്. കാരണം ഇടയ്ക്കിടെ ഞാനും, എന്നെ പോലുളള പല ഡോക്ടർമാരും അവിടം സന്ദർശിക്കാറുണ്ട്.”

“ശരി ഡോക്ടർ. ഞാൻ അടുത്തുതന്നെ അച്ഛനെ അവിടെ കൊണ്ടുപോയി ആക്കുന്നുണ്ട്.” സുരേഷാണ് അതു പറഞ്ഞത്.

സുമേഷ് ഒന്നും മിണ്ടിയില്ല. എന്തൊക്കെയോ മറക്കുന്ന ഒരു ഭാവം അയാളിൽ അപ്പോൾ രൂപം കൊണ്ടിരുന്നു. അപ്പോൾ ഡോ. സൈമൺ പറഞ്ഞു.

“നിങ്ങൾ അച്ഛനെ അവിടെക്കൊണ്ടു പോയി തള്ളുന്നതുപോലെയാകരുത്. അദ്ദേഹത്തിന്‍റെ അസുഖം മാറിയാലുടൻ കൂട്ടിക്കൊണ്ടു പോരണം. പിന്നെ മറ്റൊരാഘാതം അദ്ദേഹത്തിന് ഉണ്ടാകാതെ നോക്കുകയും വേണം. കാരണം അദ്ദേഹം ഉയർന്ന രക്ത സമ്മർദ്ദം ഉള്ള ഒരു വ്യക്തിയാണെന്ന് എപ്പോഴും ഓർമ്മ വേണം. ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്കിലേക്കും കോമാസ്റ്റേജിലേക്കുമൊക്കെ നയിച്ചു വെന്നു വരാം. അതുകൊണ്ട് കൃത്യമായ മരുന്നും ചികിത്സയും സമ്മർദ്ദമില്ലാത്ത സാഹചര്യങ്ങളും ആണ് വേണ്ടത്. ഏതായാലും ഞാൻ ചില മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യ്തിട്ടുണ്ട്. അദ്ദേഹം എവിടെയാണെങ്കിലും അത് കൃത്യമായി നൽകാനുള്ള ഏർപ്പാടുണ്ടാക്കുക.”

“ശരി ഡോക്ടർ: ഞങ്ങൾ ഇറങ്ങുകയാണ്.” സുമേഷ് കൈകൂപ്പി യാത്രാനുമതി വാങ്ങി.

“ഞാൻ പോയി മെഡിസിൻസ് വാങ്ങിവരാം ചേട്ടൻ അച്ഛനേയും കൊണ്ട് കാറിനടുത്തേക്ക് നടന്നോളു. ഇതാ കാറിന്‍റെ കീ…” സുമേഷ് കാറിന്‍റെ കീ സുരേഷിന്‍റെ നേർക്കു നീട്ടി. എന്നിട്ട് ഫാർമസിയിലേക്കു പോയി.

പുറത്തേക്കിറങ്ങിയ സുരേഷ് നന്ദൻമാഷിനെ വീൽ ചെയറിലിരുത്തി കാറിനടുത്തേക്ക് കൊണ്ടുപോയി. അപ്പോൾ നന്ദൻമാഷ് ചെറുതായി അസ്വസ്ഥനാകുന്നതു പോലെ തോന്നി. വീൽ ചെയറിൽ നിന്നുമിറക്കിയ നന്ദൻമാഷിനെ കാറിൽ പിടിച്ചിരുത്തി സുരേഷും അടുത്തിരുന്നു. അതോടെ നന്ദൻമാഷ് ശാന്തനായി. അല്പം കഴിഞ്ഞ് സുമേഷ് വന്നെത്തി.

ഡ്രൈവിംഗ് സീറ്റിലിരുന്ന് സീറ്റ് ബെൽട്ട് ധരിച്ചുകൊണ്ട് അയാൾ സുരേഷിനോടു ചോദിച്ചു “എന്നാൽ നമുക്കു പോകാം.”

“ഓകെ. സുമേഷ്… അച്ഛൻ ചെറുതായി അസ്വസ്ഥനാകുന്നതു പോലെ തോന്നി… ഏതായാലും നീ വേഗം വിട്ടോളു.” സുമേഷ് കാർ അതിവേഗത്തിൽ ഓടിച്ചു. ഏതാണ്ട് പത്തിരുപതു മിനിട്ടിനുള്ളിൽ അവർ വീട്ടിലെത്തി. അച്ഛനെ രണ്ടു പേരും ചേർന്ന് കാറിൽ നിന്നിറക്കി. അകത്തേക്കു കയറുന്നതിനു മുമ്പ് താര ഓടി വന്നു.

“നിങ്ങൾ എന്താ ഇത്രയും താമസിച്ചത്? ഉച്ചയ്ക്ക് ഊണു കഴിക്കാനും കണ്ടില്ല?”

“ഉച്ചയ്ക്ക് അച്ഛന്‍റെ ബ്ലഡ് ടെസ്റ്റിനും സ്കാനിംഗിനുമൊക്കെ പോകേണ്ടി വന്നു. പിന്നെ അതിന്‍റെ റിസൽട്ട് കിട്ടാൻ രണ്ടു മണിക്കൂറോളമെടുത്തു. അതിനിടയിൽ ഊണു കഴിക്കാൻ വരാൻ സമയമുണ്ടായിരുന്നില്ല. ഞങ്ങൾ കാന്‍റീനിൽ നിന്നു കഴിച്ചു.”

ഏട്ടനോടൊപ്പം അച്ഛന്‍റെ കൈ പിടിച്ച് അകത്തേക്കു നടക്കുന്നതിനിടയിൽ സുമേഷ് പറഞ്ഞു. അവർ നന്ദൻമാഷിനെ അദ്ദേഹത്തിന്‍റെ മുറിയിലെത്തിച്ച് കട്ടിലിൽ കൊണ്ടിരുത്തി.

“എന്നിട്ട് സൈമൺ ഡോക്ടർ എന്തു പറഞ്ഞു” താര പുറകേയെത്തി.

“എന്‍റെ താരേ… എല്ലാം വിശദമായി പറയാം. ഹോസ്പിറ്റലിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി ഞങ്ങൾ വിഷമിച്ചിരിക്കുകയാ. നീ രണ്ടു ചായയെടുക്ക്.” സുമേഷ് അക്ഷമയോടെ പറഞ്ഞു.

“അച്ഛനും ചൂടാറിയ ഒരു കപ്പ് ചായ എടുത്തോ.” നന്ദൻമാഷിന്‍റെ അടുത്തിരുന്ന സുരേഷാണ് അത് പറഞ്ഞത്

“ചായ എടുത്തു. രണ്ടു പേരും അപ്പുറത്തേക്ക് വന്നോളു.” സുനന്ദ അല്പം കഴിഞ്ഞ് വന്നു പറഞ്ഞു ‘

“സുമേഷ് നീ ചെല്ല്. ഞാൻ അച്ഛന്‍റെ അടുത്തിരുന്ന് ചായ കുടിച്ചോളാം. അച്ഛനും ഞാൻ കൊടുത്തോളാം.” സുരേഷ് പറഞ്ഞു.

“ങാ അപ്പോൾ ചേട്ടാ, അച്ഛനെ സ്നേഹസദനത്തിൽ കൊണ്ടു പോയാക്കുന്നതിന്‍റെ ഫോർമാലിറ്റീസ് ഒന്നു കൂടി അറിയണ്ടേ? ഞാൻ രാജീവിനെ വിളിച്ച് സംസാരിക്കാം. പിന്നെ ചേട്ടൻ പൈസയൊക്കെ റെഡിയാക്കി വച്ചോ. ഞാനും കുറച്ച് പൈസ ചിലവാക്കാം.”

“അതിനെക്കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം. രണ്ടു ദിവസം കൂടി കഴിയട്ടെ. ഞാൻ പോകുന്നതിന് രണ്ടു ദിവസം മുമ്പ് അച്ഛനെ അവിടെക്കൊണ്ടാക്കിയാൽ മതിയല്ലോ. അതുവരെ ഞാൻ നോക്കിക്കോളാം അച്ഛന്‍റെ കാര്യങ്ങൾ.” സുരേഷ് പറഞ്ഞു.

“എന്നാൽ ശരി. ചേട്ടന്‍റെ ഇഷ്ടം പോലെ.” അങ്ങനെ പറഞ്ഞ് സുമേഷ് ആ മുറിയിൽ നിന്നും പോയി.

അയാളുടെ മനസ്സിലും ചില പ്ലാനും പദ്ധതികളും തയ്യാറാക്കുകയായിരുന്നു. ചേട്ടൻ പോകുന്നതിനു മുമ്പ് സ്വത്തിന്‍റെ ഭാഗം വയ്പെല്ലാം കഴിയണം. എങ്ങിനെയെങ്കിലും ഒരു വിൽപ്പത്രം തയ്യാറാക്കി അച്ഛനെക്കൊണ്ട് സൈൻ ചെയ്യിക്കണം. സ്വത്തുക്കൾ ഭൂരിഭാഗവും തനിക്ക് കൈക്കലാക്കണം. ചേട്ടൻ വലിയ തർക്കങ്ങളൊന്നും ഉന്നയിക്കാൻ പോകുന്നില്ല. അച്ഛന് ഓർമ്മശക്തി തിരിച്ചു കിട്ടിയാൽ ഒരു പക്ഷെ ഇതൊന്നും നടക്കുകയില്ല. സ്വത്തു കൈക്കലാക്കിക്കഴിഞ്ഞാൽ അച്ഛനെ സ്നേഹസദനത്തിൽ തന്നെ താമസിപ്പിക്കുകയും ചെയ്യാം.

അയാൾ ചായ കുടിക്കാൻ ചെന്നിരുന്നപ്പോൾ താരയും സുനന്ദയും വിവരങ്ങളെല്ലാം തിരക്കി. അസുഖം മാറുന്നതുവരെ അച്ഛനെ സ്നേഹസദനത്തിൽ കൊണ്ടുപോയാക്കുവാനാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് സുമേഷ് പറഞ്ഞു. അതുകേട്ടപ്പോൾ താരയ്ക്ക് വലിയ സന്തോഷമായി. ഒരു വലിയ ഭാരം തങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുമല്ലോ എന്നവളോർത്തു.

പിറ്റേന്ന് മുതൽ താരയും സുമേഷും ജോലിക്കു പോകുമ്പോൾ സുരേഷും സുനന്ദയും നന്ദൻമാഷിന്‍റെ കാര്യങ്ങൾ ഏറ്റെടുത്തു ചെയ്തുതുടങ്ങി. നന്ദൻമാഷിന് അവരെ അനുസരിക്കുന്നതിൽ വലിയ പ്രയാസമുണ്ടായിരുന്നില്ല. ഇതിനിടയിൽ കുട്ടികളെല്ലാം ഏറെ നേരം നന്ദൻമാഷിന്‍റെ അടുത്തിരുന്ന് കളിക്കുകയും വർത്തമാനം പറയുകയും ചെയ്തു. ആ സമയത്ത് സുനന്ദ ശാന്തിയെ അടുക്കളയിൽ സഹായിക്കാൻ ചെല്ലും.

കുട്ടികളുടെ കൊച്ചു കൊച്ചു വഴക്കുകൾക്ക് പരിഹാരo കാണേണ്ടതും സുരേഷിന്‍റെ ചുമതലയായി.

“അപ്പൂപ്പൻ എന്‍റേയാ…” അങ്ങനെ പറഞ്ഞ് നന്തു, നന്ദൻമാഷിനോട് ചേർന്നിരിക്കാൻ തുനിയുമ്പോൾ കിച്ചു അടുത്തു വരും.

“ഉം… മാറ്… മാറ്… അപ്പൂപ്പ എന്തെയാ.” കിച്ചു നന്തുവിനെ തള്ളിമാറ്റാൻ ശ്രമിക്കും.

അപ്പോൾ സുരേഷ് പറയും. “നിങ്ങൾ അപ്പൂപ്പനെ ഉപദ്രവിക്കല്ലെ. അപ്പൂപ്പന് വയ്യാത്തതല്ലെ.” പക്ഷെ നന്ദൻമാഷിനാകട്ടെ കുട്ടികൾ എന്തു ചെയ്താലും പരാതി ഉണ്ടായിരുന്നില്ല അദ്ദേഹം പേരക്കുട്ടികളെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ചിലപ്പോൾ ചിന്നു ചോദിക്കും.

“അപ്പൂപ്പനെ അവര് കുത്തി വച്ചോ… അപ്പൂപ്പന് വല്ലാതെ വേദനിച്ചോ”

“ഉം… വേദനിച്ചു” നന്ദൻമാഷ് വിഷാദപൂർവ്വം തലയാട്ടും. അപ്പോൾ ചിന്നു അവിടം തടവി കൊടുക്കും.

കൃത്യമായ മരുന്നും ഭക്ഷണവും സ്നേഹസാമിപ്യങ്ങളും നന്ദൻമാഷിൽ കുറേശ്ശേയായി മാറ്റങ്ങൾ വരുത്തുന്നതായി സുരേഷിന് തോന്നിയിരുന്നു. എങ്കിലും പെട്ടെന്നൊന്നും നല്ല മാറ്റം ഉണ്ടാകാൻ പോകുന്നില്ലെന്ന് അയാൾ അറിഞ്ഞു. താൻ പോകുന്നതിനു മുമ്പ് അച്ഛനെ സ്നേഹസദനത്തിൽ തന്നെ കൊണ്ടുപോയാക്കേണ്ടി വരും. സുമേഷിൽ നിന്നും താരയിൽ നിന്നും സ്നേഹമോ സഹകരണമോ പ്രതീക്ഷിക്കേണ്ടതില്ലെന്നും സുരേഷ് മനസ്സിലാക്കി. മാത്രമല്ല അവരുടെ നീരസത്തോടെയുള്ള പെരുമാറ്റം അച്ഛന്‍റെ അസുഖം കൂട്ടുകയെ ഉള്ളൂ. എങ്കിലും ഒരനന്യപ്പോലെ അച്ഛനെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്ന കാര്യത്തിൽ സുരേഷിന് വിഷമം തോന്നിയിരുന്നു. താൻ പോകുന്നതിനു മുമ്പ് അച്ഛന് അല്പമെങ്കിലും സുഖം പ്രാപിച്ചെങ്കിൽ അതിന്‍റെ ആവശ്യം വരില്ലെന്നും തോന്നി.

അന്ന് നന്ദൻമാഷുൾപ്പെടെ എല്ലാവരും നേരത്തേ ഉറങ്ങിക്കഴിഞ്ഞിരുന്നു. പുറത്ത് നിലാവ് അതിന്‍റെ കസവാട ചാർത്തി രാത്രിയെ രൂപവതിയാക്കിയിരുന്നു. സുരേഷും സുമേഷും കസേരയിട്ട് മുറ്റത്തിരുന്നു. അവരുടെ മുന്നിലെ മേശയിൽ സുരേഷ് ഗൾഫിൽ നിന്നും കൊണ്ടുവന്ന ഒരു കുപ്പി വിസ്ക്കിയും രണ്ടു ഗ്ലാസ്സുകളും ഒരു പ്ലേറ്റിൽ ഏതാനും നട്സുകളും ഇരിപ്പുണ്ടായിരുന്നു. കമ്പനിയുണ്ടെങ്കിൽ വല്ലപ്പോഴും അല്പം കഴിക്കുന്ന ശീലം സുമേഷിനുണ്ടായിരുന്നു,

“ചിയേഴ്സ്…” സുമേഷ് പറഞ്ഞു

“ചിയേഴ്സ്” ഗ്ലാസ്സുകൾ തമ്മിൽ കൂട്ടിമുട്ടിച്ച് അവർ കുറേശ്ശെയായി ലഹരി നുണയാൻ തുടങ്ങി. ചില നാട്ടുവർത്തമാനങ്ങളും ബാല്യകാല- യൗവ്വന കുസൃതികളും അവർ ആ ലഹരിയിൽ അയവിറക്കിക്കൊണ്ടിരുന്നു.

പെട്ടെന്ന് സുമേഷ് ഗൗരവഭാവം പൂണ്ടു.അയാൾപതുക്കെ സ്വത്തുക്കൾ ഭാഗം വക്കുന്ന കാര്യം എടുത്തിട്ടു.

“ചേട്ടാ… നമുക്ക് അച്ഛന്‍റെ സ്വത്തുക്കൾ ഭാഗം വക്കുന്ന കാര്യം ആലോചിച്ചാലോ അച്ഛന്‍റെ നാട്ടിൽ വസ്തുവകകളെല്ലാം ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിച്ചു തുടങ്ങി. പറമ്പിൽ നിന്നും കൃഷിയിൽ നിന്നും കാര്യമായ വരായ്കകളൊന്നുമില്ല. അസുഖമാകുന്നതിനു മുമ്പ് അച്ഛനാണ് എല്ലാം നോക്കി നടത്തിയിരുന്നത്. ഇപ്പോൾ എനിക്ക് അതിനൊന്നിനും സമയം കിട്ടുന്നില്ല. നമുക്ക് അതെല്ലാം ഭാഗം വച്ച് വേർതിരിച്ചെടുത്താലോ. ഓരോരുത്തരുടെ ഇഷ്ടം പോലെ അവ വിറ്റ് പണമാക്കുകയോ മറ്റോ ചെയ്യാമല്ലോ. നമ്മുടെ കുടുംബത്തിനും അതുപകാരപ്പെടും.”

സുരേഷിന് സുമേഷിന്‍റെ സംസാരം കേട്ട് അല്പം ദേഷ്യം വന്നുവെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു.

“അച്ഛന് തീരെ വയ്യാതിരിക്കുന്ന ഈ സമയത്താണോ അതേപ്പറ്റിയെല്ലാം നമ്മൾ ആലോചിക്കേണ്ടത്. എനിക്ക് അച്ഛന്‍റെ സ്വത്തുക്കളൊന്നും കിട്ടിയില്ലെങ്കിലും പ്രയാസമില്ല. എനിക്കും കുടുംബത്തിനും വേണ്ടത് ഞങ്ങളിപ്പോൾ അദ്ധ്വാനിച്ച് ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല സുഖമില്ലാത്ത അച്ഛനെക്കൊണ്ട് എങ്ങനെ വിൽപ്പത്രം തയ്യാറാക്കിക്കാമെന്നാണ് നീ പറയുന്നത്.”

“വിൽപ്പത്രം നമുക്ക് തനിയെ എഴുതിയുണ്ടാക്കാം ചേട്ടാ… എന്നിട്ട് അച്ഛനെക്കൊണ്ട് സൈൻ ചെയ്യിച്ചാൽ പോരെ. അച്ഛന്‍റെ വിരലടയാളം ആയാലും മതിയല്ലോ.”

“നോ… നോ… ഞാനിപ്പോൾ അതിനൊന്നും തയ്യാറല്ല… അച്ഛന്‍റെ അസുഖം പൂർണ്ണമായും മാറുകയാണ് എനിക്കിപ്പോൾ ആവശ്യം. അതിനായി ഞാൻ പരിശ്രമിക്കും. അതു കഴിഞ്ഞ് അച്ഛൻ പൂർണ്ണ ആരോഗ്യവാനാകുമ്പോൾ നമുക്ക് അതേപ്പറ്റി അച്ഛനോട് സംസാരിക്കാം. അച്ഛന് സമ്മതമാണെങ്കിൽ പിന്നെ എല്ലാം എളുപ്പമായില്ലെ?”

അത്രത്തോളം ക്ഷമിക്കുവാൻ സുമേഷ് തയ്യാറല്ലായിരുന്നു. കൂടുതൽ ആർഭാടപൂർണ്ണമായ ഒരു ജീവിതമായിരുന്നു അയാളുടെ ലക്ഷ്യം. ഇപ്പോൾ താമസിക്കുന്നതിനെക്കാൾ വലിയവീടു വേണം. വലിയ കാറു വേണം. പറ്റുമെങ്കിൽ ഒരു എസ്റ്റേറ്റ് സ്വന്തമാക്കണം അതിനാവശ്യമായ പണം വേണം സുരേഷിനോട് ഇനി അതിനെപ്പറ്റി സംസാരിച്ചിട്ട് കാര്യമില്ലെന്നയാൾക്കു മനസ്സിലായി. സുരേഷ് പോയിക്കഴിഞ്ഞ്. എങ്ങനെയെങ്കിലും ഒരു വിൽപ്പത്രം തയ്യാറാക്കി അച്ഛനെക്കൊണ്ട് ഒപ്പിടുവിക്കണം. അപ്പോൾ തനിക്ക് കൂടുതൽ സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്യാം. സുമേഷിന്‍റെ ചിന്ത ആ വഴിക്ക് തിരിഞ്ഞു. അതോടെ അയാൾ പ്രകോപിതനാകാതെ പറഞ്ഞു. “ചേട്ടന് അതാണിഷ്ടമെങ്കിൽ അങ്ങനെ നടക്കട്ടെ.”

അതോടെ ആ അദ്ധ്യായം അവസാനിച്ച മട്ടിൽ സുരേഷ് ഉറങ്ങാനായി അകത്തേക്കു നടന്നു. സുമേഷ് പുറകേയും അകത്തെത്തിയിട്ടും നിദ്രയെ പുൽകാനാകാതെ സുമേഷ് അസ്വസ്ഥനായി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരാഴ്ച കൂടികഴിഞ്ഞപ്പോൾ സുരേഷിന് മടങ്ങി പോകാനുള്ള സമയമായി. അപ്പോഴേക്കും സുരേഷിന്‍റെ ശ്രദ്ധാപൂർണ്ണമായ പരിചരണത്തിൽ നന്ദൻമാഷ് പഴയ രീതിയിലേക്ക് കുറെയൊക്കെ മടങ്ങി വന്നു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഓർമ്മശക്തിയും മെച്ചപ്പെട്ടു. അതോടെ അച്ഛനെ ഇനിയും സ്നേഹസദനത്തിൽ എത്തിക്കേണ്ടതില്ല എന്ന് സുരേഷ് തീർച്ചപ്പെടുത്തി.

അന്നൊരു ഞായറാഴ്ചയായിരുന്നു.

സുമേഷിന്‍റെ കാറിൽ എല്ലാവരും കൂടി എയർപോർട്ടിലേക്കു യാത്രയായി. എയർപോർട്ടിൽ എത്തിയ ഉടനെ കാറിൽ നിന്നിറങ്ങിയ സുരേഷ് നന്ദൻമാഷ് കേൾക്കാത്ത വിധത്തിൽ സുമേഷിനെയും താരയെയും മാറ്റിനിർത്തി പറഞ്ഞു.

“അച്ഛനെ ഇനിയും സ്നേഹസദനത്തിലേക്ക് കൊണ്ടു പോകേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. നിങ്ങൾ അച്ഛനെ നല്ലവണ്ണം നോക്കിയാൽ മതി.” സുരേഷ് പറഞ്ഞു. അതു കേട്ട് താര പറഞ്ഞു.

“എന്നാരു പറഞ്ഞു. ഇവിടെ അങ്ങേരെ നോക്കുവാൻ എനിക്കോ സുമേഷേട്ടനോ സമയം കിട്ടിയെന്നു വരില്ല.” താരയ്ക്ക് നന്ദൻമാഷ് എങ്ങനെയെങ്കിലും അവിടെ നിന്നു പോയാൽ മതി എന്നായിരുന്നു.

പെട്ടെന്ന് സുമേഷ് പറഞ്ഞു. “”നീ പറയുന്നതു പോലെയല്ലല്ലോ കാര്യങ്ങൾ. എന്‍റെ അച്ഛനെ നോക്കാൻ എനിക്കറിയാം.” സുമേഷ് ഗൗരവപൂർവ്വം പറയുന്നതു കേട്ടപ്പോൾ സുരേഷിന് സന്തോഷമായി.

“അതേടാ… നമ്മുടെ അച്ഛനമ്മമാരെ നോക്കേണ്ടത് നമ്മുടെ കടമയാണ്. അല്ലാതെ വല്ലെടുത്തും കൊണ്ടുപോയി നടതള്ളുക അല്ല ചെയ്യേണ്ടത്.”

“ശരി ഏട്ടാ… ഏട്ടൻ സന്തോഷമായിട്ടു പൊയ്ക്കോളു. അച്ഛനെ ഞാൻ നോക്കിക്കോളാം.”

“ശരി എടാ… എന്നാൽ ഞങ്ങളിറങ്ങട്ടെ. അപ്പോൾ ബൈ… ബൈ… അച്ഛനെ ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്.” അങ്ങനെ പറഞ്ഞ് അയാൾ കാറിനകത്തിരിക്കുന്ന നന്ദൻമാഷിന്‍റെ അടുത്തെത്തി.

“അച്ഛാ… അച്ഛൻ ഒന്നുമോർത്ത് വിഷമിക്കരുത്. അച്ഛന്‍റെ അസുഖമെല്ലാം ഭേദപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുമേഷ് എടുത്തു തരുന്ന മരുന്ന് കൃത്യമായിട്ടു കഴിക്കണം. ഞാൻ അവിടെ ചെന്നയുടനെ വിളിക്കാം.”

നന്ദൻമാഷ് ഒന്നും പറയാതെ മകന്‍റെ കൈകളിൽ പിടിച്ചു. അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. മൂത്തമകനായ സുരേഷിന്‍റെ സാമിപ്യം അദ്ദേഹത്തിന് അത്രത്തോളം ആശ്വാസപ്രദമായിരുന്നു. അദ്ദേഹം അറിയാതെ വിങ്ങിപ്പൊട്ടി “നീ പോകരുത്… നീ പോയാൽ ഞാൻ വീണ്ടും പഴയ പോലെയാകും.” അദ്ദേഹം പറഞ്ഞു.

നന്ദൻമാഷിന്‍റെ ദുഃഖം കണ്ട് സുരേഷിന് സഹിച്ചില്ല. അച്ഛന്‍റെ കൈകളിൽ മുഖമമർത്തി അയാളും വിങ്ങിപ്പൊട്ടി. അതു കണ്ട് അല്പം മാറിനിന്നിരുന്ന സുനന്ദയും കുട്ടികളും കണ്ണുതുടച്ചു.

“കൊള്ളാമല്ലോ… ചേട്ടൻ ഇങ്ങനെ നിന്നാൽ ഫ്ളൈറ്റ് മിസ്സാകും… ഇനിയും ഏകദേശം ഒരു മണിക്കൂർ മാത്രമേ ബാക്കിയുള്ളു.”

സുരേഷ് പെട്ടെന്ന് കരച്ചിൽ നിർത്തി കൈലേസെടുത്ത് കണ്ണുകൾ തുടച്ചു കൊണ്ടു പറഞ്ഞു. “ഞാൻ വരുന്നെടാ… അച്ഛനെ ഒന്ന് സമാധാനിപ്പിച്ചിട്ടു വരാം…”

“നല്ല ആളാ അച്ഛനെ സമാധാനിപ്പിക്കുന്നത്. ചേട്ടൻ ഒന്ന് വേഗം വരുന്നുണ്ടോ? ചെക്കിൻ ചെയ്യേണ്ട സമയത്താണ് അച്ഛനെ സമാധാനിപ്പിക്കാൻ നില്ക്കുന്നത്.” സുമേഷ് കുറ്റപ്പെടുത്തി

“എന്നാൽ ശരി അച്ഛാ… ഞാൻ പോയിട്ടു വരാം… അച്ഛൻ വിഷമിക്കരുത്. എന്താവശ്യമുണ്ടെങ്കിലും എന്നെ അറിയിച്ചാൽ മതി. ഞാൻ ഓടി വരും. എന്‍റെ അച്ഛൻ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളു.”

“വരു… എട്ടാ… സമയമായി…” സുനന്ദയും വിഷമത്തോടെയാണെങ്കിലും സുരേഷിനെ നിർബ്ബന്ധിച്ചു. സുരേഷ് പെട്ടെന്ന് അച്ഛന്‍റെ കൈവിടുവിച്ച് മുന്നോട്ടു നടന്നു. അയാളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“ഇത്രയ്ക്കു വിഷമമാണെങ്കിൽ അച്ഛനെ കൂടെ കൊണ്ടു പോകാമായിരുന്നല്ലോ.” ആരും കേൾക്കാതെ താര ആത്മഗതമെന്നോണം പറഞ്ഞു.

“അപ്പോൾ ബൈ എടാ. അച്ഛന്‍റെ കാര്യത്തിൽ എന്തുണ്ടെങ്കിലും എന്നെ അറിയിക്കണം.” സുരേഷ് കണ്ണുകൾ തുടച്ച് ആത്മസംയമനം വീണ്ടെടുത്തു കൊണ്ടു സുമേഷിന്‍റെ കൈകളിൽ പിടിച്ചു.

“ഒ.കെ… ഏട്ടാ… വിഷ് യൂ എ ഹാപ്പി ജേർണി.”

“ഞങ്ങൾ പോയി വരട്ടെ താരെ.” സുനന്ദയും താരയോട് യാത്ര ചോദിച്ചു.

“ഓ. കെ ചേച്ചീ… അവിടെയെത്തിയാലുടൻ വിളിക്കണം.” താരയും പ്രതികരിച്ചു.

“ചേച്ചീ നമ്മളിനി എന്നാ കാണുക?” ചിന്നു മോൾ ഗീതുവിനെ കെട്ടിപ്പിടിച്ചു ചോദിച്ചു.

“ശരിയാടാ. ഇത്രയും ദിവസം സമയം പോയതറിഞ്ഞില്ല. എന്തു രസമായിരുന്നു അല്ലേ നമ്മുടെ കളികളെല്ലാം.” ഗീതു പറഞ്ഞു. രമ്യയും കരച്ചിലിന്‍റെ വക്കത്തെത്തിയിരുന്നു.

“ഇനിയും എന്നാണാവോ ഇങ്ങനെ കളിക്കാനും തമാശ പറയാനും കഴിയുക?” രമ്യ, ചിന്നു മോളെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി.

ഇതിനിടയിൽ നന്തു, കിച്ചുവിനെ കെട്ടിപിടിച്ച് ഒരുമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു. “ഇനി നീയെത്തോ ഈ തെഡിബിയറിനെ.”

അവൻ കിച്ചുവിന്‍റെ കൈകളിൽ തന്‍റെ ടെഡിബിയറിനെ വച്ചു കൊടുത്തു. കിച്ചുവിന് വലിയ സന്തോഷമായി. അവൻ അതിനെ ഒരമൂല്യനിധി എന്ന പോലെ ചേർത്തുപിടിച്ചു. കുട്ടികൾ മൂന്നു പേരും ഓടി വന്ന് കാറിന്‍റെ സൈഡ് വിൻഡോയിൽ വച്ചിരുന്ന അപ്പൂപ്പന്‍റെ കൈകളിൽ ഉമ്മവച്ചു.

“അപ്പൂപ്പാ ഞങ്ങൾ പോയി വരട്ടെ. ഇനി വരുമ്പോ കാണാം കേട്ടോ. അപ്പോ ഒത്തിരി കഥ പറഞ്ഞു തരണം… റ്റാറ്റാ അപ്പൂപ്പാ…” അങ്ങനെ പറഞ്ഞ് അവർ തിരിഞ്ഞോടി. അപ്പോഴേക്കും സുരേഷും സുനന്ദയും അല്പം അകലെ എത്തിയിരുന്നു അവരോടൊപ്പം ചേർന്ന് അവർ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ടാറ്റാ പറഞ്ഞു. അപ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകളിലും, ചിന്നുവിന്‍റെ കണ്ണുകളിലും സങ്കടം ഊറിനിന്നു.

“എന്നാൽ നമുക്കു പോകാം.” സുമേഷ് താരയെ നോക്കി ചിരിച്ചു. എല്ലാരും കാറിൽ കയറിയ ഉടനെ സുമേഷ് കാർ മുന്നോട്ടെടുത്തു.

और कहानियां पढ़ने के लिए क्लिक करें...