തോമാച്ചനെ വീട്ടിലെത്തിച്ച് സ്വന്തം വീടെത്തിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. അമ്മയപ്പോഴും ഉറങ്ങിയിരുന്നില്ല. അമ്മയോട് പല തവണ പറഞ്ഞിട്ടുള്ളതാണ് ഉറക്കമിളക്കരുതെന്ന്. എന്നിട്ടും അതുകൂട്ടാക്കാറില്ല. നിർബന്ധപൂർവ്വം അമ്മയെ ഉറങ്ങാൻ വിടുമ്പോൾ ഒരു പയ്യൻ എന്നെ അന്വേഷിച്ചു വന്നതായി പറഞ്ഞു. അമ്മ അവന് ഫോൺ നമ്പർ നൽകിയെങ്കിലും ഇന്നങ്ങനെ അപരിചിതരാരും എന്നെ വിളിച്ചിരുന്നില്ലെന്ന് മനസ്സിലോർത്തു. അവന്‍റെ നമ്പറൊട്ട് തന്നതുമില്ല. ആരെങ്കിലുമാവട്ടെ നല്ല ക്ഷീണം.
ശരീര കലകൾക്ക് പുതുജീവൻ പകർന്ന് കിണറുവെള്ളത്തിന്‍റെ തണുത്ത തഴുകൽ. അലച്ചിലിനിടയിൽ എവിടെയോ പൊയ്‌പ്പോയ ഉണർവും ഉൻമേഷം പതിൻമടങ്ങായി തിരിച്ചെത്തിയ പ്രതീതി. കിണറ്റിനരികിൽ കുലവന്നു പച്ചച്ചു നിൽക്കുന്ന വാഴകളുടെ നിഴലുകൾ. ഇളങ്കാറ്റിൽ അവ പ്രേതരൂപങ്ങളെ പോലെ ഇളകിയാടുന്നു. അവയ്ക്കിടയിൽ തെല്ലിട നേരം മിന്നിത്തെളിഞ്ഞു എങ്ങോ പാറിപൊയ്‌പോകുന്ന മിന്നാമിന്നികൾ.
കുളിച്ചു കയറി വാതിലുപൂട്ടി ഉണ്ണാനിരുന്നു. അടച്ചു വച്ച പച്ചരിച്ചോറിൽ വെളിച്ചെണ്ണ പടർന്ന മീൻ കറിയൊഴിച്ചു. പിന്നെ മത്തി വറുത്തത് എടുത്തു പ്ലേറ്റിലേക്കിട്ടു. ഇന്ന് എന്നെ അന്വേഷിച്ചു വന്നവനാരാണ്? ഒന്നുകിൽ ഞാൻ കേസിൽ കുടുക്കിയ ക്വട്ടേഷൻ താരം. അതല്ലെങ്കിൽ മാഗി മാഡം വിഷയത്തിലെ അറ്റത്തെക്കണ്ണി. ഇവരിൽ ആരാണെങ്കിലും ആഗമനോദ്ദേശം വ്യക്തമാണ്. അഭ്യർത്ഥന അല്ലെങ്കിൽ അപേക്ഷ.
ഏതായാലും ഒന്നു തീരുമാനിച്ചു. നാളത്തെ ഒരു ദിവസം. അതോടു കൂടി ഈ വിഷയം അവസാനിപ്പിക്കണം. ഇനിയും ഇത് മനസ്സിലിട്ട് നടക്കാൻ കഴിയില്ല. നാളെ രാവിലെത്തന്നെ മാഡത്തെ വിളിച്ച് വിശദമായി സംസാരിക്കാനുള്ള സമയം കണ്ടെത്തണം. അതിനു മുൻപ് എന്‍റെ വാദങ്ങൾ അരക്കിട്ടുറപ്പിക്കാൻ തക്ക തെളിവുകൾ അടുക്കണം. സംസാരിക്കേണ്ടത് ഞാൻ മാത്രമല്ല തെളിവുകൾ കൂടിയാണ്.
ഊണു കഴിച്ച് കൈ കഴുകാനായി പോയപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. അസമയത്തുള്ള ആ ശബ്ദം കേട്ട് വേഗം കൈ കഴുകി വന്നു. വാതിൽ പഴുതിലൂടെ നോക്കിയപ്പോൾ ഒരു പയ്യൻ. അവന്‍റെ മുഖത്ത് വല്ലാത്തൊരു പരവേശവും പരിഭ്രമവും വരാന്തയിലെ അരണ്ട വെളിച്ചത്തിൽ കൂടി വ്യക്തമായിക്കണ്ടു. കണ്ടിട്ട് യാതൊരു പരിചയവും തോന്നിയില്ല. ആ ക്വട്ടേഷൻ പയ്യനല്ല.
ജനൽപ്പാളി തുറന്നതും അവൻ ഏങ്ങലടിച്ചു കരഞ്ഞു തുടങ്ങി. അതു കണ്ടതും പരിഭ്രമമായി. കരയാതിരിക്കു എന്ന് പറഞ്ഞ് അവനെ ആശ്വാസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു. അമ്മയിതൊക്കെ കേട്ട് ഉണരുമോ എന്നതായിരുന്നു എന്‍റെ വേവലാതി. അവനെക്കൂട്ടി സോഫയിലിരുത്തി കുടിക്കാനായി വെള്ളം കെടുത്തു. പറ്റാവുന്ന പോലെ ആശ്വസിച്ചു. ഒടുവിൽ പയ്യനൽപ്പം നോർമലായി. അര മണിക്കൂറോളം ഇരുന്ന് അവന് പറയാനുള്ളതെല്ലാം ശ്രദ്ധിച്ചു കേട്ടു.
പലപ്പോഴും മനുഷ്യൻ തെറ്റു ചെയ്യുന്നത് അവനവനു വേണ്ടിയല്ല ആത്മബന്ധമോ മറ്റൊരാളോടുള്ള കടപ്പാടോ ഉള്ളിൽ അലിഞ്ഞ വൈകാരികതയോ ചെയ്ത തെറ്റുകൾക്ക് സമീകരണമാകാം. ഒടുവിൽ ഒരിക്കലും വെളിച്ചം കാണില്ലെന്ന് കരുതിയ അപരാധം ഉടനെ വെളിച്ചം കാണുമെന്ന് ബോധ്യമായാൽ പശ്ചാത്താപമായി, വ്യർത്ഥമായ കുറ്റബോധമായി. പയ്യൻ ചെയ്തത് ചെറിയ കുറ്റമല്ല. ഇളം പ്രായമാണ്. ഭാവി തന്നെ കൂമ്പടിയാൻ ഇതു മതി. ഏതായാലും അവന്‍റെ ഭാവി നിശ്ചയിക്കുന്നത് ഞാനല്ല. അതു തീരുമാനിക്കേണ്ടത് മാഗി മാഡമാണ്.
ഞാൻ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൻ മാഗി മാഡം നടത്താനിടയുള്ള തുടർപ്രവൃത്തികളെ ആശ്രയിച്ചിരിക്കുമത്. പയ്യനെ ആശ്വസിപ്പിച്ചു. ഭയക്കേണ്ടതില്ല. പഠിപ്പിൽ ശ്രദ്ധിക്കാൻ പറഞ്ഞു. അവന്‍റെ ഭയം കലർന്ന മുഖഭാവം മാറി. ഒരാശ്വാസം ആ മുഖത്ത് ദൃശ്യമായി. ഈ നട്ടപ്പാതിരക്ക് എങ്ങനെ വീട്ടിൽ പോകും എന്ന ചോദ്യത്തിന് ബൈക്കുണ്ടെന്നായിരുന്നു മറുപടി. അവനെ യാത്രയാക്കി വാതിലടച്ച് വന്നു കിടന്നു.
രാത്രി ഏറെ വൈകിയിരുന്നു. പടരാൻ തുടങ്ങിയ ഉഷ്‌ണതരംഗങ്ങൾ കിടപ്പുമുറിയിൽ സചേതങ്ങളായി. ഇടക്കെപ്പോഴോ അർദ്ധബോധാവസ്ഥയിൽ ജനലുകൾ തുറന്നിട്ടു. രാത്രി വിടരുന്ന പൂക്കളുടെ നേർത്ത ഗന്ധം ഉൾക്കൊണ്ട തണുത്ത കാറ്റ് ജനലഴിയിലൂടെ കടലേറ്റം പോലെ തിരയടിച്ചു. അതേറ്റ് അതിവേഗം രാവു പുലരാൻ കൊതിച്ച് കണ്ണടച്ചു. കൈപ്പടം കൊണ്ട് കണ്ണുകൾ അടച്ചു. അങ്ങിനെ കിടക്കുമ്പോഴാണ് നിദ്ര പ്രാണപ്രേയസിപോലെ ഒളിച്ചു വന്ന് തഴുകിത്തലോടിയത്.
പിറ്റേന്ന് പുലർകാലെ എഴുന്നേറ്റ് ഓഫീസിലെത്തി. മാഗി മാഡത്തെ വിളിച്ചു. വിശദമായി സംസാരിക്കാൻ സമയം തേടി. ഇന്ന് രാവിലെ മകളുടെ ഒരു സംഗീത പ്രോഗ്രാം ഉണ്ടെന്നും അതു കഴിഞ്ഞ് ഉച്ചതിരിഞ്ഞ് ആദ്യം കണ്ടുമുട്ടിയ റസ്‌റ്റോറന്‍റിൽ വച്ച് കണ്ടു മുട്ടാമെന്നും അവർ അറിയിച്ചു. എങ്കിൽ അങ്ങനെയാകട്ടെ എന്നു പറഞ്ഞ് ഫോൺ വച്ചു. ഫോണിലൂടെ അവരുടെ ഹൃദയമിടുപ്പിന്‍റെ താളവും ഉത്കണ്ഠയുടെ ആവേഗവും ഞാൻ അനുഭവിച്ചറിഞ്ഞു
ഈ മെയിലുകളുടേയും ലാബ് റിപ്പോർട്ടിന്‍റേയും മറ്റു സന്ദേശങ്ങളുടേയും പ്രിന്‍റ് എടുത്ത് ഫയൽ ചെയ്ത ശേഷം ഫയലുമെടുത്ത് റസ്റ്റോറന്‍റിലേക്ക് പുറപ്പെട്ടു. അവിടെ ആൾത്തിരക്കില്ല. അവിടുത്തെ ശീതളമായ അന്തരീക്ഷം ഉഷ്ണരാശി പടർന്ന് തപിച്ച മനസ്സിന് ആശ്വാസദായകമായി. ഇനി എന്‍റെ മനസിൽ നിന്നുള്ള ഉഷ്ണായനo മാഗി മാഡത്തിന്‍റെ മനസിലേക്കാണ് പടരാൻ പോകുന്നത്.
റസ്റ്റോറന്‍റിനു പുറത്തും ഭൂമിയുടെ നെടുവീർപ്പെന്ന പോലെ ചൂടുണ്ട്. എവിടെ നിന്നോ തണവേറ്റി വന്ന ഇളകാറ്റിൽ പിന്നീടെപ്പോഴോ ഉഷ്ണം തെല്ലു ശമിച്ചു. ഒരു മീറ്റ് ബർഗറും മസാലച്ചായയുമായി ഒരൊഴിഞ്ഞ കോണിൽ ഇരിപ്പുറപ്പിച്ചു. തെല്ലിട കഴിഞ്ഞ് കേക്കിന് പറഞ്ഞു. അതു കഴിച്ചു കഴിഞ്ഞപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. മാഗി മാഡം ഉടനെ വരുന്നെന്ന്. എന്താണിത്ര പെട്ടെന്ന് എന്നു ചോദിച്ചപ്പോൾ വന്നിട്ട് പറയാമെന്നായിരുന്നു മറുപടി.
ഫോൺ കട്ടു ചെയ്തതും പിന്നെയും കിളിനാദം. ആ കിളിനാദത്തിന്‍റെ ഉടമ ഞാനിത്രയും കാലം കാത്തിരുന്ന ഒരാളായിരുന്നു. എന്നാൽ അവർ വിളിച്ച സമയം ഒരുപാടുനേരം സംസാരിക്കുന്നതിനായി തീർത്തും അനുയോജ്യമല്ലാതായിപ്പോയി. അല്പനേരം സംസാരിച്ചു.
മനസ്സിലെ പരിഭവത്തിന്‍റെ ഇരുളാർന്ന കാർമേഘങ്ങൾ നീങ്ങിപ്പോയി. അവൾ വിളിക്കാതിരുന്നതിന്‍റെ കാരണം ബോധ്യപ്പെട്ടു. മനസ്സിൽ കുളിർമഴ പെയ്ത അനുഭവം. ഒരു മണിക്കൂറോളം ആ മഴ നിന്നു ചെയ്തു. മാഗി മാഡം വാതിൽ തുറന്ന് വരുന്നതു വരെ. മാഗി മാഡം വന്നു മുന്നിലിരുന്നു. മുഖം വാടിയിരിക്കുന്നു. വന്നപാടെ മേശപ്പുറത്തിരുന്ന ഗ്ലാസ്സിലെ വെള്ളം കുടിച്ചു തീർത്തു. എന്നിട്ട് പറഞ്ഞു
“പള്ളിയിൽ മോൾടെ പ്രോഗ്രാമുണ്ടായിരുന്നു പറഞ്ഞില്ലെ. കുട്ടിക്കു നേരെ പാടാൻ പറ്റിയില്ല. മുൻപും പ്രോഗ്രാം ചെയ്തിട്ടുള്ളതാണ്. ഇതാദ്യായിട്ടാണ് ഇങ്ങനെ സ്റ്റേജീക്കയറിയതും മുഖത്താകെ പരിഭ്രമം. നേരെ പാടാനൊന്നും പറ്റീല്ല. ഞാൻ വേഗം കൂട്ടിക്കൊണ്ടു പോന്നു.”
ഇതു പറയുമ്പോൾ അവരുടെ മുഖമാകെ വിളറി വെളുത്തിരുന്നു. ഞാൻ അവർക്കായി തണുപ്പിച്ച മുന്തിരി ജ്യൂസ് ഓർഡർ ചെയ്തു. പൊടുന്നനെ അവരുടെ മുഖത്ത് ആകാംക്ഷ വന്നു നിറഞ്ഞു. പെട്ടന്നവർ ചോദിച്ചു.
“അന്വേഷണം കഴിഞ്ഞോ? ഇച്ചായന് എന്താ പറ്റിയേ?”
തെല്ലിട നേരം ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി. മൗനം അഴിയാനായി ഞാൻ വാക്കുകൾക്കു പരതി. അങ്ങനെ അല്പനേരം കഴിഞ്ഞ് ഞാൻ പറഞ്ഞു തുടങ്ങി. അപ്പോൾ ഉദ്യോഗഭരിതമായ മിഴികളോടെ എന്നെ ഉറ്റുനോക്കുകയായിരുന്നു മാഡം.
“മാഡം ഇതേ റസ്റ്റോറന്‍റിൽ വച്ചാണ് നമ്മൾ ആദ്യം കണ്ടുമുട്ടിയത്. അന്ന് നിങ്ങൾ ഉന്നയിച്ച സംശയത്തിന് ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. ആ ഉത്തരം നിങ്ങളോടു പറയാൻ എനിക്കു വലിയ പ്രയാസമുണ്ട്. എങ്കിലും എന്‍റെ തൊഴിൽ പരമായ സത്യസന്ധതയും ധാർമ്മികതയും മൂലം ഞാൻ ഇക്കാര്യം പറയാൻ നിർബന്ധിതനായിരിക്കുന്നു. ഞാൻ നിങ്ങളുടെ ജീവിതത്തിലെ ചില സംഭവങ്ങൾ വിവരിക്കാം. യോജിച്ചു പോകാൻ കഴിയാത്ത വസ്തുത ഞാൻ പറഞ്ഞെങ്കിൽ അതു തിരുത്തണം.” ഞാനൊന്നു നിർത്തി.
അവർ തലയാട്ടിക്കൊണ്ടതു അംഗീകരിച്ചു. ഞാൻ തുടർന്നു.
“നിങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്നു വർഷക്കാലം നിങ്ങളുടെ കുടുംബം താമസിച്ചിരുന്നത് ഡൽഹിയിലായിരുന്നു. അവിടെയുള്ള ആർമിയുടെ ഹെഡ്ക്വാർട്ടേഴ്സിലാണ് നിങ്ങളുടെ ഹസ്ബന്‍റ് ജോലി ചെയ്തിരുന്നത്. തീർത്തും സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങൾ നയിച്ചിരുന്നത്. ആഴ്ച്ചാവസാനം ട്രിപ്പുകൾ ഒക്കെ നടത്തിയിരുന്നു. സെബാസ്റ്റ്യൻ എന്ന കുക്ക് അക്കാലം മുതൽക്കേ നിങ്ങളുടെ കുടുംബത്തിലെ അംഗത്തെ പോലെ അവിടുണ്ടായിരുന്നു. എന്നാൽ സന്തോഷകരമായ ജീവിതത്തിന്‍റെ മറുവശം ദുഃഖത്തിന്‍റേതായിരുന്നു.
ഒരു കുഞ്ഞുണ്ടാകണമെന്നുള്ള ആഗ്രഹം മൂന്നു വർഷമായിട്ടും സഫലമായില്ല. ഒടുവിൽ നിങ്ങളും ഹസ്ബന്‍റും പരിശോധനകൾക്കായി ഡോക്ടറെ സമീപിച്ചു. അവരുടെ കണ്ടെത്തലുകൾ നിങ്ങളുടെ ഭർത്താവിന്‍റെ ചില പ്രശ്നങ്ങളാണ് കുഞ്ഞുങ്ങളുണ്ടാകാത്തതിന് കാരണം എന്നതായിരുന്നു. അദ്ദേഹത്തിൽ നിന്ന് കുഞ്ഞുങ്ങളുണ്ടാകാൻ നേരിയ സാധ്യത പോലും ഇല്ലെന്ന അറിവ് ഇരുവരെയും തളർത്തിക്കളഞ്ഞു.
സന്തോഷകരമായ ജീവിതത്തിൽ കരിനിഴൽ വീണു തുടങ്ങി. പരസ്പരം കുറ്റപെടുത്തികൊണ്ടുള്ള വഴക്കുകൾ പതിവായി. അങ്ങിനെയിരിക്കെ പൂനെയിലേക്ക് ജോൺ സാറിന് ട്രാൻസ്ഫർ ലഭിച്ചു. അവിടെ വച്ചാണ് ഒരു കുഞ്ഞിനെ വളർത്തണമെന്ന നിങ്ങളുടെ ആഗ്രഹം ശക്തമായത്. നിങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ ജോൺ സാറിന്‍റെ പരിചയമുള്ള ഒരനാഥ മന്ദിരത്തിൽ നിന്നും ഒരു പെൺകുട്ടിയെ ദത്തെടുത്തു. അന്നു മുതൽ ഇന്നുവരെ ആ കുട്ടി നിങ്ങളുടെ സ്വന്തം മകളായാണ് നിങ്ങൾ സ്നേഹിച്ചതും പരിപാലിച്ചതും. ആദ്യകാലയളവുകളിൽ നിങ്ങളുടെ ഭർത്താവുമതെ.
ഡോക്ടറുടെ ഏകപക്ഷീയമായ വിധിയെഴുത്ത് ജോൺ സാറിന്‍റെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു. അതെത്തുടർന്നുള്ള സങ്കീർണ്ണമായ മനസ്സിന്‍റെ വ്യാപാരങ്ങൾ അറിഞ്ഞോ അറിയാതെയോ ഒരിക്കലും ചെയ്തു കൂടാത്ത പ്രവൃത്തികളിലേക്ക് അയാളെ നിരന്തരം കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു. ഒരിക്കലും ചെയ്യരുതാത്ത ആ തെറ്റുകൾ നിരന്തരം ആവർത്തിച്ചു കൊണ്ടിരുന്നു. നിങ്ങളുടെ സാമീപ്യത്തിൽ അത്തരം തെറ്റുകൾ വാത്സല്യത്തിന്‍റേയും കരുതലിന്‍റെയും നിഷ്കളങ്കതയുടേയും മുഖപടമണിഞ്ഞു. അതോ നിങ്ങളിക്കാര്യം അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല.
വേർതിരിച്ചറിയാനാവാത്ത വികാരങ്ങളുടെ വേലിയേറ്റങ്ങൾ തിരതല്ലുന്ന മാഡത്തിന്‍റെ മുഖത്ത് ഒന്നു പാളി നോക്കി കണ്ണുകൾ പിൻവലിച്ചുകൊണ്ട് പറഞ്ഞു.
“വളർന്നു വരുന്ന ആ കുട്ടിയുടെ മനസ്സ് വല്ലാതെ മുറിവേറ്റു. കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായമായപ്പോഴേക്കും ഉമിത്തീ പോലെ അവൾ നീറാൻ തുടങ്ങി. തീർത്താൽ തീരാത്ത പകയുടെ ലാവ ഒളിപ്പിച്ച ഒരഗ്നിപർവ്വതമായി ആ കുട്ടി മാറി. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിച്ച് സർവ്വത്തിനേയും തകർക്കാൻ ശേഷിയുള്ള അഗ്നിപർവ്വതം.
കടന്നൽ കൂടിളകുന്ന പോലുള്ള നശീകരണ ചിന്തക്കൊടുവിൽ ആ കുട്ടി ഒന്നു നിശ്ചയിച്ചു. കൊന്നുകളയുക. തന്നെ നിരന്തരം ദ്രോഹിക്കുന്നവനെ നിശ്ശേഷം ഇല്ലാതാക്കുക. അതിനായുള്ള മാർഗ്ഗങ്ങൾ അവൾ നിരന്തരം തേടിക്കൊണ്ടിരുന്നു. അങ്ങനെ പലതും അവൾ പ്ലാൻ ചെയ്തു കൊണ്ടിരുന്നു. എന്നാൽ ഭീതി മൂലം ഒന്നും നടപ്പിലായില്ല. വളരെ സേഫ് ആയ ഒരു മാർഗ്ഗത്തിനായി അവൾ നിരന്തരം പലവഴിക്ക് അന്വേഷിച്ചുകൊണ്ടിരുന്നു. അങ്ങനെ എവിടെ നിന്ന് ആ മാർഗം കണ്ടെത്തി എന്നറിയില്ല.
ഒരു സുരക്ഷിതമായ മെത്തേഡ് മനസിലാക്കി അത് പഴുതടച്ചു നടപ്പാക്കണമെന്നവൾ നിശ്ചയിച്ചു. അതിന്‍റെ നാനാവശങ്ങൾ പഠിച്ചു മനസ്സിലാക്കി. അതിനിടക്കാണ് ജോൺ സാർ റിട്ടയറായി നാട്ടിൽ സെറ്റിൽ ചെയ്യാൻ നിശ്ചയിച്ചത്. താരതമ്യേന അധികം ബഹളവും തിരക്കുമില്ലാത്ത ആ അന്തരീക്ഷം താൻ കാലങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ആഗ്രഹസാഫല്യത്തിന് തീർത്തും അനുയോജ്യമെന്ന് അവൾ കരുതി. തുടർന്ന് അതിനു വേണ്ടത് സ്വരുക്കൂട്ടാൻ തുടങ്ങി. അതിനായി അവൾ തേടിയത് മാരക വിഷവും പെട്ടന്നു തന്നെ മരണപ്പെടാൻ കാരണമാകുന്ന പൊട്ടാസ്യം സയനൈഡായിരുന്നു. അതു ലഭിക്കുവാനായി തന്‍റേതായ രീതിയിൽ ആ പെൺകുട്ടി അന്വേഷണം തുടങ്ങി.
യാദൃശ്ചികമായി തന്‍റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുടെ അച്ഛന് ഇലക്ട്രോപ്ലേറ്റിംഗുമായി ബന്ധപ്പെട്ട ബിസിനസ്സാണെന്നു മനസ്സിലാക്കി. ആ മാരക വിഷം ലഭിക്കുന്നതിനായി അവനുമായി സൗഹൃദം സ്ഥാപിച്ചു. ആ സൗഹൃദം മുതലെടുത്ത് അവൾ പൊട്ടാസ്യം സയനൈഡ് ആവശ്യപ്പെട്ടു.
ആ പയ്യൻ കഠിനമായി എതിർത്തെങ്കിലും എങ്ങനെയോ അതവൾ കരസ്ഥമാക്കി. ആ പയ്യൻ ഇന്നലെ എന്‍റെ വീട്ടിൽ വന്നിരുന്നു. അവന്‍റെ ക്ലാസ്സ് ടീച്ചർ എന്‍റെ അടുത്ത ബന്ധുവാണ്.
അന്തർമുഖിയായി ആരോടും വലിയ സൗഹൃദത്തിനു പോകാത്ത എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞുള്ള പ്രാകൃതമായ അലീന പെട്ടന്നൊരുനാൾ ഇലക്ട്രോപ്ലേറ്റിംഗ് ജോലിക്കാരന്‍റെ മകനുമായി സൗഹൃദത്തിൽ ആയതു ആ ടീച്ചറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈയൊരു കേസ് ഞാനാണ് അന്വോഷിക്കുന്നതെന്ന വിവരം അവനെങ്ങനെ അറിഞ്ഞെന്ന് വ്യക്തമല്ല.
ആ ടീച്ചർ അവനോടെന്തെങ്കിലും ചോദിച്ചതിൽ അവനു സംശയം തോന്നിക്കാണും. പെൺകുട്ടി പറഞ്ഞറിയാനും മതി. അങ്ങനെ മാരക വിഷം കരസ്ഥമാക്കിയ ശേഷം അതെങ്ങനെ പ്രയോഗിക്കണമെന്നവൾ ഒരു പാട് ചിന്തിച്ചു. ഭക്ഷണത്തിലൂടെ നല്കിയാൽ ആ ഭക്ഷണവും അവശിഷ്ടവും വ്യക്തമായ ഒരു തെളിവായി നിലനിൽക്കുമെന്നവൾ ഭയന്നു. മാത്രമല്ല മറ്റാരെങ്കിലും വിഷം കലർന്ന ഭക്ഷണം ഉപയോഗിച്ചാലുള്ള ഭവിഷ്യത്ത് ഭയാനകമായിരിക്കുമെന്ന് അവൾ പേടിച്ചു. അങ്ങനെ ഏറെ ആലോചിച്ച ശേഷം വിഷം കലർത്താൻ കണ്ടെത്തിയ ഒരു മാധ്യമമായിരുന്നു ടൂത്ത് പേസ്റ്റ്. ടൂത്ത് പേസ്റ്റിൽ കലർത്തിയാൽ അതാരുടേയും ശ്രദ്ധയിൽ പെടുകയില്ലെന്നവൾ കണക്കുകൂട്ടി. മാത്രമല്ല തന്‍റെ സ്വകാര്യവസ്തുക്കൾ മറ്റാരും പങ്കുവെക്കുന്നത് ജോൺ സാറിന് ഇഷ്ടമല്ല എന്നും രാത്രി വെറും ബ്രഷുകൊണ്ടാണ് പല്ലു തേക്കുക എന്നും രാവിലെ വലിയ അളവിൽ പേസ്റ്റ് എടുത്ത് അല്പം കൂടുതൽ നേരം പല്ലു തേക്കുന്നതാണ് ജോൺ സാറിന്‍റെ ശീലം എന്നും അവൾക്ക് അറിയുമായിരുന്നു. ഒരു ഒരു കാര്യത്തിൽ മാത്രമേ അവൾക്ക് സംശയമുണ്ടായിരുന്നു.
മാരക വിഷം കലർന്ന പേസ്റ്റ് ഉപയോഗിച്ച് പല്ലു തേക്കുന്നത് മരണകാരണമാകുമോ എന്നുള്ളത്. അതെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ ഒരുത്തരം ലഭിച്ചില്ല. എങ്കിലും ഒരു പരീക്ഷണമെന്ന നിലക്കാണ് അവൾ മുന്നോട്ടു പോയത്. ഞാൻ നിങ്ങളുടെ വീട്ടിലെ ബാത്ത് റൂമിൽ നിന്നും താഴെ ചിതറിക്കിടക്കുന്ന രീതിയിൽ കണ്ടെടുത്ത ടൂത്ത് പേസ്റ്റിൽ മാരക വിഷം അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോർട്ടാണ് ആ ഫയലിലിരിക്കുന്നത്. താങ്കൾക്കു അതു പരിശോധിക്കാം.
വികാര വിക്ഷോഭങ്ങൾ കടലേറ്റം പോലെ തിരതല്ലുന്ന പ്രതിഫലനം മുഖത്തു നിന്നും വിദഗ്ധമായി മറക്കാൻ ശ്രമിച്ച് മാഗി മാഡം ആ ഫയലുകളെടുത്തു മറിച്ചു നോക്കി. അവരുടെ കണ്ണുതുളുമ്പി. അടക്കാൻ ശ്രമിച്ചിട്ടും കഴിയാത്ത വിങ്ങൽ അടക്കികൊണ്ടു അവർ പറഞ്ഞു.
“ഇല്ല. വിഷബാധയേറ്റ മരണമായിരിക്കാം. എന്‍റെ ഇച്ചായന്‍റേത്. പക്ഷേ എന്‍റെ മകൾ അതു ചെയ്യില്ല. ഇച്ചായനെ ജീവനാണവൾക്ക് തിരിച്ചുമതേ. ഞാനിത് ഒരിക്കലും വിശ്വസിക്കില്ല. തീർച്ച പിന്നെ ഈ സംഭവവികാസങ്ങൾ നടക്കുമ്പോഴെല്ലാം അവൾ ടൂറിൽ ആയിരുന്നല്ലോ? പിന്നെങ്ങനെ?”
ഇത്രയേറെ ജീവിതാനുഭവങ്ങൾ ഉള്ള അവർ ഇത്ര ബാലിശമായ യുക്തിപ്രകടിപ്പിക്കുമെന്ന് ഞീൻ പ്രതീക്ഷിച്ചില്ല.
“മാഡം.” ഞാൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു
“മാഡം വല്ലാത്തൊരു വിഷമസന്ധിയിലാണെന്ന് എനിക്കറിയാം. ഞാൻ ഇങ്ങനെ പറയുന്നത് ക്രൂരതയാണെന്നതും എനിക്കറിയാം. അലീനയുടെ അമ്മ എന്ന് തന്നെയാണ് ഞാൻ താങ്കളെ വിളിക്കാൻ ആഗ്രഹിക്കുന്നത്. ഒരമ്മക്കും ഈയൊരവസ്ഥ വരരുതെന്നാണെന്‍റെ പ്രാർത്ഥന. പക്ഷേ എനിക്കു സത്യം പറഞ്ഞേ തീരു. നിങ്ങൾക്കറിയാമോ ഒരുപാടാളുകൾ എന്‍റെ സംശയദൃഷ്ടിയിൽ ഉണ്ടായിരുന്നു. ആദ്യമേ ഒന്നു മനസ്സിലാക്കുക. നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ ജോൺ സാറുമായി ഇടപെട്ട ആർക്കും അദ്ദേഹത്തോട് ദേഷ്യമില്ല. പകയില്ല. നീണ്ട വർഷങ്ങൾ അദ്ദേഹത്തോടൊപ്പം ജീവിച്ച നിങ്ങൾക്കും ഇതറിയാം. പരിചയപ്പെട്ടവരാരും അദ്ദേഹത്തെ മറക്കുകയില്ല. മാന്യതയും മര്യാദയും ഉള്ള പെരുമാറ്റവും ഉദാരമായ സഹായമനസ്ഥിതിക്കുടമയായിരുന്നു ജോൺ സാറെന്നത് ഞാൻ പറഞ്ഞിട്ട് നിങ്ങൾക്കറിയേണ്ട പുതിയ കാര്യമല്ല.
ഒന്നും തന്നെ അർഹതയുള്ള ഒരാളെ സഹായിക്കാതിരിക്കാനുള്ള ഘടകമാവരുത് എന്ന് നിർബന്ധമുള്ള അദ്ദേഹത്തോട് ഈ ലോകത്തിൽ ഒരാൾക്കൊഴിച്ച് ആർക്കും ദേഷ്യമില്ല അടങ്ങാത്ത പകയില്ല. അല്ലെങ്കിൽ ഈ ലോകത്ത് ഒരാൾക്കു മാത്രമേ അദ്ദേഹത്തോട് പകയുള്ളൂ. അതാകട്ടെ തീർത്താൽ തീരാത്ത പക. ജീവനെടുക്കുന്ന വിനാശകാരിയായ പക. ആ പക വച്ചു പുലർത്തുന്നത് നിങ്ങളുടെ മകളാണ്. അതൊരു ദിവസം കൊണ്ടുണ്ടായതല്ല. വർഷങ്ങളായി ചേർത്തുവച്ച് മഹാമേരുവോളം വളർത്തിയെടുത്ത ഒന്നാണ്. ഈയൊരു വസ്തുത ഞാൻ മനസ്സിലാക്കിയത് നിങ്ങളുടെ വീട്ടിൽ വച്ചു തന്നെയാണ്.
നിങ്ങൾ രണ്ടാമതു തന്ന ആൽബം. അതിലെ കുടുംബ ഫോട്ടോകൾ. ആ പുതിയ ഫോട്ടോസ് ഉള്ള ആൽബം സൂക്ഷിച്ചിരുന്നത്, യാതൊരു തർക്കവുമില്ല നിങ്ങളുടെ മകളായിരുന്നു. അതിലെ കുടുംബ ചിത്രങ്ങൾ. നിങ്ങൾ, ജോൺ സാർ, അലീന. ആ ചിത്രങ്ങളിൽ ജോൺ സാറിന്‍റെ ഫോട്ടോസ് ഉടനീളം കോമ്പസ്സു കൊണ്ടു കുത്തി വരഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്‍റെ തല മുഴുവൻ കോമ്പസ്സുകൊണ്ട് ദ്വാരമിട്ട് വികൃതമാക്കിയിരിക്കുന്നു. ഇതിനു പിന്നിലുള്ള മനശ്ശാസ്ത്രമെന്താണ്? വാത്സല്യമോ? നിങ്ങൾ പറയൂ.
ഒരാളുടെ മേൽ നശീകരണ സ്വഭാവം ഏറിയ മനോവ്യാപാരമുള്ള ഒരാളെ അത്തരം പ്രവൃത്തികൾ ചെയ്യൂ. പിന്നെ ടൂറിന്‍റെ കാര്യം. അതു നിങ്ങൾ പറഞ്ഞത് ശുദ്ധ വിവരക്കേടാണ്. ജോൺ സാറിന്‍റെ മരണ ദിവസത്തിനും തലേന്നും ഉണ്ടായ സംഭവങ്ങൾ ഞാൻ വിവരിക്കാം. സ്കൂളിൽ നിന്നും ആദ്യമായി ടൂർ പ്രോഗ്രാമിന്‍റെ ദിവസം നിശ്ചയിച്ചപ്പോൾ അലീന പേരു നല്കിയിരുന്നില്ല. ടൂറിനൊക്കെ പോയി അടിച്ചു പൊളിക്കാനുള്ള ഒരു മാനസികാവസ്ഥ ആ കുട്ടിക്കില്ല. ആ മനസ്സിലേറ്റ മുറിവിന്‍റെ ആഴം വലുതാണ്. ആ മുറിവിന്‍റെ വേദനക്ക് ശമനം കിട്ടണമെങ്കിൽ ആ വേദന വരുത്തിയവന്‍റെ മരണം കൊണ്ടു മാത്രമേ കഴിയൂ എന്ന് ഉപബോധമനസ്സിൽ അരക്കിട്ടുറപ്പിച്ച ഒരു വ്യക്തിയാണവൾ.
ആദ്യം ടൂറിനു പേരു കൊടുത്തില്ലെങ്കിലും പിന്നീടവൾ ഒന്നു ചിന്തിച്ചു. അങ്ങനെ തന്‍റെ ആഗ്രഹ പൂർത്തികരണത്തിന്‍റെ ഒരു മറയാക്കി ഈ ടൂർ പ്രോഗ്രാമിനെ മാറ്റുകയായിരുന്നു. ആദ്യം ടൂർ പ്രോഗ്രാമിന് ഇല്ലാതിരുന്ന അലീന അവസാന നിമിഷത്തിലാണ് പേരു നല്കിയതെന്ന് വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഞാൻ ആ ദാരുണമായ മരണം നടന്ന രണ്ടു ദിവസങ്ങളിലായി നടന്ന സംഭവങ്ങൾ വിവരിക്കാം.
നിങ്ങൾ ജോൺ സാറുമായി ബാൽക്കണിയിലിരുന്ന് സംസാരിച്ച ദിവസം അതായത് അദ്ദേഹം മരിച്ചതിന്‍റെ തലേന്ന് രാവിലെ പുറത്തു പോയ അദ്ദേഹം വൈകീട്ടോടെയാണ് തിരിച്ചെത്തിയത്. അലീന ലെഗേജുമായി ടൂർ പ്രോഗ്രാമിൽ പങ്കെടുക്കാൻ കോളേജിലേക്കിറങ്ങിയത് ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞ് അല്പം വിശ്രമിച്ച ശേഷവും.
രാവിലെ ജോൺ സാർ വീട്ടിൽ നിന്നിറങ്ങിയ ഉടനെ അലീന മുകൾ നിലയിലേക്കു വന്നു. ബാത്ത് റൂമിൽ കയറി ടൂത്ത് പേസ്റ്റ് എടുത്ത് തന്‍റെ മുറിയിലേക്കു പോയി. വളരെ ശ്രദ്ധാപൂർവ്വം വലിയൊരളവ് ടൂത്ത്പേസ്റ്റ് നീക്കം ചെയ്ത ശേഷം റൂമിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സയനൈഡ് എടുത്ത് ട്യൂബിൽ നിറച്ചു. നീക്കം ചെയ്ത ടൂത്ത് പേസ്റ്റിലും സയനൈഡ് ചേർത്ത് അതും കുറെയൊക്കെ ട്യൂബിലേക്ക് നിറച്ച് ബാത്ത് റൂമിൽ കൊണ്ടു വച്ചു. തുടർന്ന് അവൾ ടൂറിനു പോകുകയാണുണ്ടായത്.
ജോൺ സാർ വൈകുന്നേരം വന്നതിനു ശേഷമുള്ള കാര്യങ്ങൾ നിങ്ങൾക്കറിയാവുന്നതാണ്. വൈകുന്നേരം ഉറങ്ങാൻ പോകുമ്പോൾ വിയർക്കുകയും നെഞ്ചു തടവുകയും ചെയ്തതായി നിങ്ങൾ പറഞ്ഞിരുന്നല്ലേ. ഒരു മൈനർ അറ്റാക്കിലൂടെ അദ്ദേഹം കടന്നു പോകുകയായിരുന്നു. എന്നാൽ അതല്ല മരണകാരണം. മാരക വിഷമായ സയനൈഡ് വലിയ തോതിൽ അടങ്ങിയ പേസ്റ്റ് കൊണ്ട് പല്ലു തേച്ചതു തന്നെയാണ് മരണത്തിന്‍റെ യഥാർത്ഥ കാരണം. ഒപ്പം നേരിയ ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങളും ശരീരം കാണിച്ചു.
സയനൈഡിന്‍റെ മാരകമായ പ്രഹരശേഷിയിൽ അദ്ദേഹം കുഴഞ്ഞു നിലത്തുവീണു, ആ വീഴ്ചയിൽ നെറ്റി എവിടെയോ തട്ടി. മുഴ കാണപ്പെട്ടു എന്ന് പറഞ്ഞിരുന്നില്ലേ അത് അങ്ങനെ സംഭവിച്ചതാണ്. അനുഭവങ്ങളുടെ മഹാസമുദ്രം താണ്ടിയ താങ്കളുടെ കുടുംബ ഡോക്ടർക്ക് ഇത് സയനൈഡ് പോയസനെന്ന് അറിയാഞ്ഞതല്ല. താങ്കളുടെ കുടുംബത്തോട് വലിയ കടപ്പാടുള്ള അയാൾ ഇതുമൂലം കുടുംബത്തിന് നേരിടേണ്ടി വരാവുന്ന പ്രയാസങ്ങളെ ഭയന്നു.
സയനൈഡിന്‍റെ മാരകമായ പ്രഹരശേഷിയെക്കുറിച്ച് പറയപ്പെടുന്ന ഒരു സംഭവ കഥയുണ്ട്. ഒരു ഡോക്ടർക്ക് അദമ്യമായ ആഗ്രഹം ഇതിന്‍റെ രുചി അറിയണമെന്ന്. ആരെങ്കിലും രുചിച്ചു നോക്കിയാലല്ലേ രുചി അറിയാൻ കഴിയു? ആരും തന്നെ അത്തരമൊരു കാര്യത്തിന് ഒരുമ്പെട്ടില്ല. സ്വന്തം ജീവൻ പണയം വച്ച് ശാസ്ത്രലോകത്തിന് ഒരറിവ് നല്കേണ്ട കാര്യം അവർക്കില്ലയിരുന്നു.
എന്നാൽ ആ ഡോക്ടർ മരിച്ചാലും സാരമില്ല ശാസത്ര ലോകത്തിന് തന്‍റെ ജീവത്യാഗം കൊണ്ട് ഒരു പുതിയ അറിവ് നല്കാനാകുമല്ലോ എന്ന് ചിന്തിച്ച് മരണപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും, റേഡിയം പരീക്ഷണത്തിലേർപ്പെട്ട മാഡം ക്യൂറിയെപ്പോലെ ഒരൽപ്പം സയനൈഡ് രുചിച്ചു. അദ്ദേഹത്തിന് ആ രുചിയുടെ വാക്കിന്‍റെ ആദ്യത്തെ അക്ഷരം മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ. ശേഷം പറയേണ്ടതില്ലലോ?
ലാബ് റിപ്പോർട്ട് എടുത്തു നോക്കു. ചെറിയ അളവല്ല. വലിയ തോതിലാണ് പോയസൻ ടൂത്തപേസ്റ്റിൽ ഉണ്ടായിരുന്നത്. അതും നല്ല ഒരളവ് പേസ്റ്റ് പുറത്തെടുത്തശേഷവും. അതുകൊണ്ടുതന്നെ മറ്റൊരു മരണ സാധ്യതയെപ്പറ്റി ചിന്തിക്കുക പോലും വേണ്ട.
ടേബിളിൽ രണ്ടു കൈക്കുള്ളിൽ മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു മാഡം. നേർത്ത നീർച്ചാലുകൾ ആ കൈകളിലൂടെ ഒലിച്ചിറങ്ങുന്നത് ഞാൻ വേപഥുവോടെ കണ്ടു. എന്തു പറഞ്ഞാണ് എങ്ങനെയാണിവരെ സമാധാനിപ്പിക്കേണ്ടത്? ആശ്വസിപ്പിക്കേണ്ടത്? അറിയില്ല. ജ്യൂസ് കൊണ്ടു വച്ചിട്ട് എറെ നേരമാകുന്നു. ഒടുവിൽ രണ്ടും കല്പിച്ച് അവരെ വിളിച്ചു. അവർ തലയുയർത്തി. കരഞ്ഞു കലങ്ങിയ കണ്ണുകൾ. എനിക്കവരോട് അനുകമ്പ തോന്നി. ഈയൊരു പരീക്ഷണം ശത്രുക്കൾക്കു പോലും വരുത്തരുത്. പുറത്തെ പൊടിഞ്ഞ മഴയിലും അവരുടെ നെറ്റിത്തടത്തിൽ നിന്നും വിയർപ്പിന്‍റെ ചാലുകൾ ഒഴുകി. അവർ പരവേശത്തോടെ ജൂസെടുത്തു കഴിച്ചു.
ഞാൻ പറഞ്ഞു.
മാഡം മനുഷ്യന്‍റെ ജീവിതം എന്നും പരീക്ഷണങ്ങളിലൂടെ മാത്രം മുന്നോട്ടു പോകുന്നതാണ്. തനിക്കു ചുറ്റുമുള്ള സാഹചര്യത്തെയും ഇടപെടുന്ന മനുഷ്യർക്കുമനുസരിച്ചു ഓരോരുത്തർക്കും വെവ്വേറെ പരീക്ഷണങ്ങൾ ആകാം എന്നേയുള്ളു ജീവിതാന്ത്യം വരെ നിരന്തരം അവ നമ്മെ പിൻതുടരുന്നു. അത്തരം പരീക്ഷണളെ മനസ്സിന്‍റെ ശക്തിയാൽ പ്രതിരോധിക്കുക.
ഒരു പാട് പരിചിതമല്ലാത്ത സ്ഥലങ്ങളിൽ ജീവിച്ച് ഒരു പാട് ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവരാണ് നിങ്ങൾ. സംഭവിക്കാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ സംഭവിച്ചു. ശരിയും തെറ്റുമെല്ലാം അവനവൻ നിശ്ചയിക്കുന്ന അളവുകോലായി, മാനദണ്ഡങ്ങളായി മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ ഫലപ്രദമായി പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തുണ്ട്. അതൊടൊപ്പം നിസ്സാരമായ പ്രശ്നങ്ങളിൽ കാലിടറി വീഴുകയുംചെയ്യും. അതുകൊണ്ടു ഈ അവസ്ഥയെ അതിജീവിക്കുക, കുടുംബത്തിന്‍റെ നല്ലഭാവിയിലേക്ക് നല്ല തീരുമാനമെടുക്കുക. ഉചിതമായത് ചിന്തിക്കുക… പ്രവർത്തിക്കുക….
ഞാൻ പറഞ്ഞത് ഉൾകൊണ്ട മുഖഭാവത്തോടെ അവർ എഴുന്നേറ്റു. യാത്ര ചോദിച്ചു. പോകുന്നെന്നു പറഞ്ഞ് പൊടിമഴ കൂട്ടാക്കാതെ പുറത്തിറങ്ങി. ദൂരെ ചുകന്ന പൂക്കൾ പൊഴിഞ്ഞു വീണുകൊണ്ടിരുന്ന പൂമരച്ചോട്ടിൽ കാത്തു കിടന്നിരുന്ന കാറു ലക്ഷ്യമാക്കി നടന്നുപോകുന്നത് വേദനയോടെ ഞാൻ നോക്കിനിന്നു.