പിറ്റേന്ന് നേരത്തെ ഓഫീസിൽ എത്തിച്ചേർന്നു. ഒരു ദിവസം വിട്ടു നിന്നതേ ഉള്ളൂ. എല്ലായിടത്തും പൊടിപിടിച്ചിരിക്കുന്നു. താഴെയുള്ള ബൈക്ക് റിപ്പയർ ഷോപ്പിൽ പണിക്കു നിൽക്കുന്ന ബംഗാളിപ്പയ്യൻ രജ്ഞൻ അധികാരിയെ വിളിച്ച് എല്ലാമൊന്ന് തൂത്തുവാരി വൃത്തിയാക്കിപ്പിച്ചു. ബംഗാളി പയ്യന് പണവും കൊടുത്ത് പറഞ്ഞു വിട്ട് അല്പനേരം വിശ്രമിക്കുമ്പോഴാണ് സ്വാദിഷ്ഠമായ കേക്കിന്‍റെ ഗന്ധം പ്രസരിച്ചത്. അതെ പണ്ടിവിടെ വരുമ്പോൾ ഗന്ധമാപിനികളെ മയക്കി മത്തുപിടിപ്പിച്ചിരുന്ന അതേ ഗന്ധം. ഇതു എന്‍റെ തോന്നലാണോ? ഈ ഗന്ധം ഈ സ്ഥലവുമായി ബന്ധപ്പെട്ട എന്‍റെ പൊയ്പോയ പഴയകാല ഓർമ്മകളുടെ അടരുകളിൽ അലിഞ്ഞു ചേർന്നതാണ്. ഏതായാലും ഇതിന്‍റെ രഹസ്യം ഒന്നു കൂടെ അന്വേഷിക്കേണ്ടതുണ്ട്.
സമയം ഒച്ചിനെപ്പോലെ അരിച്ചരിച്ച് പതിനൊന്നു മണിയോടുക്കുന്നു. അപ്പോഴാണ് എലവുത്തിങ്കൽ ചാർളി വിളിക്കുന്നത്. ബീച്ച് റോഡിൽ അയാളുടെ ഒരു റിസോർട്ടുണ്ട് അങ്ങോട്ടു വരണമെന്ന്. നീരസം പുറത്തു കാട്ടാതെ സൗമ്യമായിത്തന്നെ റിസോട്ടിലേക്ക് വരുവാനുള്ള എന്‍റെ അസൗകര്യം അറിയിച്ചു. എങ്കിൽ അര മണിക്കൂറിനുള്ളിൽ ഓഫീസിലേക്ക് വരാമെന്നായി ചാർളി. സമ്മതം അറിയിച്ചു പത്തു മിനിറ്റിനകം ഒച്ച വക്കുന്ന ഇരുമ്പു പിരിയൻ ഗോവണി ചാർളിയുടെ വരവറിയിച്ചു.
വാതിൽ തുറന്നു വന്ന ചാർളി എന്‍റെ ഊഹങ്ങളെയും മുൻധാരണകളെയും കാറ്റിൽ പറത്തുന്ന തരത്തിലുള്ള ഒരാളായിരുന്നു. മുറിക്കയ്യൻ വരയൻ വെള്ള ഷർട്ട്, വെള്ള മുണ്ട്, വെളുത്തു മെലിഞ്ഞ് നീണ്ടൊരു രൂപം. ഷർട്ടിന്‍റെ പോക്കറ്റിൽ നീല റെയ്നോർഡ്സ് പേന. നാട്ടിൻ പുറങ്ങളിലെ നിഷ്കളങ്കനായ ഒരു കർഷകന്‍റെ ശരീരഭാഷ. ഇത്തരത്തിലുള്ള സമ്പന്നരെ ഞാൻ സാകൂതം നിരീക്ഷിച്ചിട്ടുണ്ട്. ലളിത വസ്ത്രധാരണവും ലളിത ജീവിതവുമായിരിക്കും അവരുടേത്. എന്നാൽ ബിസിനസ് ജീവിതത്തിലും വ്യക്തിപരമായും കോടികൾ അമ്മാനമാടുന്നവരായിരിക്കും. അയാൾ ഇരുന്നു. ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
“എന്നെ പരിചയപ്പെടുത്തേണ്ടല്ലോ? ഞാൻ റിട്ട. മേജർ ജോൺ എലവുത്തിങ്കലിന്‍റെ തൊട്ടു താഴെയുള്ള ബ്രദർ ചാർളി എലവുത്തിങ്കൽ.”
“നിങ്ങളെപ്പറ്റി എനിക്കറിയാം.”
അതും പറഞ്ഞയാൾ സൗഹാർദ്ദപരമായി ചിരിച്ചു കൊണ്ട് കൈ നീട്ടി. തെല്ലിട ആ നീട്ടിപ്പിടിച്ച കൈയ്യിലേക്ക് കണ്ണു പാഞ്ഞു. ഏതായാലും ചാർളി എലവുത്തിങ്കലിനു ആറു വിരലൊന്നുമില്ല. ഹസ്തദാനം സ്വീകരിച്ചു കൊണ്ട് പറഞ്ഞു.
“ശരി. എനിക്കു താങ്കളെക്കുറിച്ച് കേട്ടറിവു മാത്രമേ ഉള്ളൂ. കണ്ടതിലും പരിചയപ്പെട്ടതിലും ഏറെ സന്തോഷം. അല്പം ചായയാകാമല്ലോ?”
“ഇല്ല. നന്ദി. ഞാൻ ചായയും കാപ്പിയുമൊന്നും കഴിക്കുക പതിവില്ല.”
അതു കേട്ടപ്പോൾ എഴുന്നേറ്റ് വീട്ടിൽ നിന്നും വലിയ ഫ്ലാസ്കിൽ കൊണ്ടുവരാറുള്ള ചൂടുള്ള ചുക്കുവെള്ളം ഗ്ലാസ്സിൽ പകർന്ന് അയാൾക്കു നല്കി. ചൂടുവെള്ളം ഒരിറക്കു കുടിച്ച് അയാൾ അച്ചടി ഭാഷയിൽ പറയാനാരംഭിച്ചു.
“നിങ്ങൾ കുറച്ച് ദിവസങ്ങളായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്. എനിക്കറിയാം ഇതു രഹസ്യാത്മകമായ ഒരു അന്വേഷണമാണെന്ന്. നിങ്ങളെ ഇതേൽപ്പിച്ചയാളും പിന്നെ ഞങ്ങളുടെ കുടുംബ ഡോക്ടറും ഒഴികെ നാലാമതൊരാൾക്ക് ഇതെക്കുറിച്ച് അറിയാൻ വഴിയില്ല. താങ്കൾ എന്നെക്കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കിക്കാണുമല്ലോ? ഞാനൊരു ബിസിനസ്സ് മാനാണ്. പലതരം ബിസിനസ്സുകൾ എനിക്കുണ്ട്. അതിന്‍റേതായ തിരക്കുകളും എനിക്കുണ്ട്.
ജ്യേഷ്ഠനാണെങ്കിൽ ജോലി സംബന്ധമായി പലയിടങ്ങളിലും. എങ്കിലും വല്ലപ്പോഴും ഞങ്ങൾ എല്ലാവരും ഒത്തുകൂടാറുണ്ട്. എത്ര തിരക്കാണെങ്കിലും ഞങ്ങളുടെ ഒത്തുകൂടലിനിടക്കുള്ള കാലയളവ് ആറുമാസത്തിനപ്പുറം പോകാറില്ല. ഞങ്ങൾ എല്ലാവരും നല്ല ബന്ധത്തിലുമാണ്. അദ്ദേഹവും കുടുംബവും നാട്ടിൽ താമസമാക്കിയ അന്ന് ഞാൻ പോയി കണ്ടിരുന്നു. വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞത്. ഞങ്ങളുടെ ആകെയുള്ള പെങ്ങൾ നാട്ടിൽ സ്ഥിര താമസമാക്കാൻ തീരുമാനിച്ചത് അറിഞ്ഞതിനാലും ഞങ്ങൾ ഏറെ സന്തുഷ്ടരായിരുന്നു. എന്നാൽ ആ സന്തോഷം ഏറെ നാൾ നിലനിന്നില്ല. നിർഭാഗ്യവശാൽ ജോൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ടു.
ഹൃദയസ്തംഭനമാണെന്നാണ് ഡോക്ടർ സ്ഥിരീകരിച്ചത്. പിന്നെ ജീനുകൾ ഞങ്ങൾക്കുള്ളിൽ പാരമ്പര്യമായിത്തന്നെ ഉണ്ടെന്നു തന്നെ കൂട്ടിക്കോ.” അയാളൊന്നു നിർത്തി അല്പം വെള്ളം കുടിച്ചു. പിന്നെ തുടർന്നു.
“പിന്നെ ഞാനിവിടെ വരാനും താങ്കളെ കാണാനുമുള്ള കാരണം അവരാണ്. മാഗി. അവർക്കാണല്ലോ സ്വാഭാവിക മരണത്തെ ആത്മഹത്യയും കൊലപാതകവും ഒക്കെയാക്കേണ്ടത്. ”
മുഖത്തേക്ക് ഇരച്ചു കയറിയ നീരസം വിദഗ്ധമായി ഒളിപ്പിച്ചു കൊണ്ട് അയാൾ പറഞ്ഞു.
“ഡോക്ടർ നൂറു ശതമാനം ഉറപ്പിച്ചു പറഞ്ഞ ഒരു വിഷയത്തിൽ സംശയം പ്രകടിപ്പിക്കുകയും ഇരുചെവി അറിയാതെ, അതായത് ഞങ്ങളോട് ഒന്നു കൂടിയാലോചിക്കുക പോലും ചെയ്യാതെ അവർ നിങ്ങളെ സമീപിക്കുകയാണ് ചെയ്തത്. അതിൽ എനിക്കൽപ്പം സുഖക്കുറവുണ്ടെന്നു തന്നെ നിങ്ങൾ കരുതിക്കോളൂ. മാത്രമല്ല നിങ്ങളുടെ അന്വേഷണത്തിന്‍റെ ഫലം നിങ്ങളുടെ അന്വേഷണത്തിന്‍റെ പിടിപ്പുകേടോ മറ്റെന്തെങ്കിലും കാരണത്താലോ ഞങ്ങളുടെ കുടുംബത്തിന് പ്രതികൂലമെങ്കിൽ അത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇപ്പോൾ ഞങ്ങളുടെ കേൾവികേട്ട പുഴ ശാന്തമായി ഒഴുകുകയാണ്. അതിൽ കല്ലു വലിച്ചെറിയുന്ന തരത്തിലുള്ള പോലാവരുത് നിങ്ങളുടെ പ്രവൃത്തികൾ.
ഒറ്റവാക്കിൽ പറയാം. നിങ്ങളീ അന്വേഷണത്തിൽ നിന്ന് പിൻമാറണം. അല്ലെങ്കിൽ ഞങ്ങളുടെ കുടുംബത്തിന് ദോഷം വരുത്താത്ത അന്വേഷണ ഫലം അതായത് ജ്യേഷ്ഠന്‍റെ മരണം സ്വാഭാവികമെന്ന റിസൽട്ട് മാഗിക്കു നല്കണം. എനിക്കവരോട് ഇതെക്കുറിച്ച് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് മാത്രമല്ല താത്പര്യവുമില്ല. മറ്റൊന്നുകൂടി എന്‍റെ ഈയൊരാവശ്യം അംഗീകരിക്കുവാനായി താങ്കൾക്ക് എന്തെങ്കിലും വ്യവസ്ഥ പറയാനുണ്ടെങ്കിൽ അതാവാം. ” അയാൾ പറഞ്ഞു നിർത്തി.
ഞാൻ അല്പനേരം അയാളെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അപ്പോൾ എന്‍റെ ഊഹം തെറ്റിയില്ല. എന്‍റെ അന്വേഷണ ഫലത്തെക്കുറിച്ച് ഡോക്ടർ സാമുവലും ഇദ്ദേഹവും ഭയപ്പെടുന്നു. അതു കൊണ്ട് ഇവർക്ക് ഈ മരണത്തിൽ പങ്കുണ്ട് എന്ന് അർത്ഥമില്ല. തറവാട്ടു മഹിമക്ക് കളങ്കം വരരുതെന്ന് ഇവർ ആഗ്രഹിക്കുന്നു.
സാമുവൽ ഡോക്ടറുടെ ഈ കുടുംബത്തോടുള്ള കടപ്പാട് മനസ്സിലാക്കാം. ഒരുപാടു ബിസിനസും ബന്ധങ്ങളുമൊക്കെയുള്ള ഇദ്ദേഹത്തിനും പ്രശ്നം തന്നെ. ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ ഇയാളെ പറഞ്ഞു മനസ്സിലാക്കുകയാണ് എനിക്ക് ചെയ്യാവുന്ന കാര്യം. ഇപ്പോൾ തോമ്മാച്ചൻ ലാബ് റിപ്പോർട്ടുമായി വരും. അതിനു മുൻപ് ഇയാളെ പറഞ്ഞു വിടണം. അതു കൊണ്ട് മെല്ലെ പറഞ്ഞു തുടങ്ങി. അച്ചടി ഭാഷക്കാരനോട് അച്ചടി ഭാഷയിൽത്തന്നെ.
“സുഹൃത്തെ, താങ്കൾ പറഞ്ഞതെല്ലാം എനിക്കു മനസ്സിലായി. അതിനോട് പൂർണ്ണമായും യോജിക്കുന്നു. ശാന്തമായി ഒഴുകുന്ന പുഴ പ്രക്ഷുബ്ധമാക്കാൻ എനിക്കു ലവലേശം ആഗ്രഹമില്ല. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും, ഇവിടുത്തെ ജനങ്ങൾക്കുള്ള ആദരവും ഞാൻ ഉൾക്കൊണ്ടിട്ടുണ്ട്. ഞാൻ ഇവിടെ ഈ ഓഫീസ് തുടങ്ങി ഏതാനും ആഴ്ചയേ ആയുളളൂ. ഞാൻ അന്വേഷിക്കുന്ന അല്പം ദുരൂഹത മുറ്റിയ ഒരു വിഷയമാണിത്. മാഗി മാഡം ഈ വിഷയം അവതരിപ്പിച്ചപ്പോൾ തന്നെ തൊണ്ണൂറ്റൊമ്പത് ശതമാനം ആത്മഹത്യയോ കൊലപാതകമോ അല്ല എന്നാണ് സാഹചര്യത്തെളിവുകൾ കൊണ്ട് മനസ്സിലാക്കിയിട്ടുള്ളത്. സത്യം പറയാമല്ലോ ഇപ്പോഴും ആ ഊഹം തന്നെയാണ് നിലനിൽക്കുന്നത്.”
അതു പറഞ്ഞപ്പോൾ ചാർളിയുടെ മുഖത്ത് ഒരാശ്വാസത്തിന്‍റെ അനുരണനം പ്രസരിക്കുന്നതു കണ്ടു.
“പിന്നെ സാർ ഞാനിതൊരു ജോലിയായിട്ടാണ് കാണുന്നത്. എന്‍റെ കണ്ടെത്തൽ അതു സ്വാഭാവിക മരണമെന്നുള്ള കാര്യം ബന്ധപ്പെട്ട സാഹചര്യങ്ങളുടേയും വസ്തുതകളുടേയും അടിസ്ഥാനത്തിൽ അവരോട് സ്പഷ്ടമാക്കേണ്ടതുണ്ട്. അവരുടെ സംശയങ്ങൾക്ക് വിശ്വസനീയമായ സമീകരണം നല്കേണ്ടതുണ്ട്. ഇനിയിപ്പൊ മരണം അസ്വാഭാവികമെങ്കിലും! അതോടു കൂടി ഈ വിഷയത്തിലുള്ള എന്‍റെ പ്രവർത്തനം അവസാനിക്കും. പിന്നെ അതിൽപ്പിടിച്ച് തുടർന്നുള്ള നടപടിക്കൊരുമ്പെടുക എന്‍റെ ജോലിയുടെ ഭാഗമല്ല. ഞാൻ നല്കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എന്നെ ജോലിയേൽപ്പിച്ചവർ പിന്നീടെന്തു ചെയ്യുന്നു എന്ന് ഞാൻ അന്വോഷിക്കാറില്ല . തുടർന്നുള്ള അവരുടെ പ്രവർത്തനത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. പിന്നെ ഞാനീ അന്വേഷണം ഒഴിയണം എന്നു പറയുന്നതിൽ യാതൊരു അർത്ഥമില്ല. നിങ്ങളുടെ വ്യവസ്ഥകൾ സ്വീകരിച്ച് ഞാനീ ഉത്തരം തേടലിൽ നിന്നൊഴിഞ്ഞാൽ അവർ ഞാനല്ലെങ്കിൽ മറ്റൊരാളെ കണ്ടെത്തും. അതിൽ യാതൊരു സംശയമില്ല. ഞാൻ അത് വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള കാര്യമാണ്.
മാഗി മാഡം ഇതിനൊരു നൂറുശതമാനം വിശ്വസനീയമായ ഉത്തരം കിട്ടാതെ പിന്മാറുകയില്ല എന്നതുറപ്പാണ്. അപ്പോൾ നിങ്ങൾക്കെന്തു ഗുണം? ഏതായാലും ഞാനായി ശാന്തമായ പുഴയിൽ കല്ലെറിയില്ല. നൂറു ശതമാനം ഉറപ്പ്.”
അയാൾ നെറ്റിയിൽ ഉരുണ്ടുകൂടിയ വിയർപ്പു ചാലുകൾ ഒരു ടവ്വലെടുത്ത് തുടച്ചു. തന്നെ ഒന്നു ചുഴിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു.
“ശരി. നിങ്ങളെ വിശ്വസിക്കുന്നു. പന്ത് മാഗിയുടെ കോർട്ടിലെത്തുന്നേരം ഞാൻ നിങ്ങളുമായി വിശദമായി സംസാരിക്കുന്നുണ്ട്. നമ്മുടെ കുടുംബ പ്രശ്നമായിപ്പോയില്ലേ. ശരി. ഞാൻ ഇറങ്ങുന്നു. നന്ദി.”
അയാൾ എഴുന്നേറ്റ് ശരവേഗത്തിൽ ഇറങ്ങിപ്പോയി. പൂമരച്ചോട്ടിൽ നിറുത്തിയിട്ടിരിക്കുന്ന സ്വിഫ്റ്റ് കാറിൽ അയാൾ കയറിപ്പോകുന്നത് ജനലഴിയിലൂടെ കണ്ടു. എന്‍റെ മറുപടിയിൽ അയാളത്ര തൃപ്തനല്ല എന്നു വേണം കരുതാൻ. ഈയൊരു വരവോടെ പ്രശ്നങ്ങൾ തീർക്കാം എന്നായിരിക്കും അയാൾ കരുതിയത്. എല്ലാം വിലക്കു വാങ്ങിയായിരിക്കും ശീലം. ഏതായാലും അയാളോട് പറഞ്ഞതിൽ ചെറിയൊരു പിഴവ് പറ്റി. ശതമാനം പറഞ്ഞതിൽ തിരിച്ചായിരുന്നു സത്യം. ആ സത്യം തുറന്നു പറഞ്ഞിരുന്നെങ്കിൽ അയാളിവിടെ നിന്ന് ഇത്ര വേഗം പോകുകയില്ലായിരുന്നു.
പതിനൊന്നു മണി കഴിഞ്ഞിരുന്നു. ബാൽക്കണിയിൽ വെറുതെ നടക്കുന്നതിനിടയിൽ തോമാച്ചനെ കാണുന്നില്ലെന്ന് വിചാരിച്ചുകൊണ്ടു വഴിത്താരയിലേക്കു കണ്ണ്പായിച്ചപ്പോൾ താഴെ തോമാച്ചൻ റോഡ് ക്രോസ്സ് ചെയ്യുന്നു. ഒരൊറ്റ നിമിഷം എവിടെ നിന്നോ ചീറി വന്ന ബൈക്ക് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ തോമാച്ചനരികിലൂടെ കടന്നു പോയി. ആ അപ്രതീക്ഷിതമായ ചടുല വേഗത്തിന്‍റെ അലയൊലിക്കൊടുവിൽ കണ്ടത് തോമാച്ചൻ റോഡിൽ കിടക്കുന്നതാണ്. ഗോവണി ഇറങ്ങി താഴെ റോഡു മുറിച്ച് ചെന്നപ്പോഴേക്കും വഴിയാത്രക്കാരായ രണ്ടാളുകൾ തോമാച്ചനെ പൊക്കിയെഴുന്നേൽപ്പിച്ചിരുന്നു. തോമാച്ചന്‍റെ ഷർട്ടിൽ പുരണ്ട മണ്ണൊക്കെ തട്ടിക്കളഞ്ഞ് ഒരാൾ ആശ്വാസത്തോടെ പറഞ്ഞു.
“ഹൊ ഭാഗ്യം ഒന്നും പറ്റിയില്ല. ആ വണ്ടീടെ പോക്ക് കണ്ടപ്പോ ആളു തീർന്നൂന്നാ കരുതിയേ.”
അതെ ഭാഗ്യം കാര്യമായി ഒന്നും പറ്റിയിട്ടില്ല. ചീറിപ്പാഞ്ഞു ബൈക്കു വന്നപ്പോൾ പൊടുന്നനെ പുറകോട്ടു മാറി. ബാലൻസ് കിട്ടാതെ ഒന്നിരുന്നു പോയി. കൈ കുഴയുടെ ഭാഗത്ത് തൊലിയൽപ്പം അടർന്നിട്ടുണ്ട്. മറ്റ് പരിക്കുകൾ ഒന്നും കാണുന്നില്ല. നടക്കാനൊന്നും പ്രയാസമില്ല. ഒരു കൈ തോളിലിട്ടു കൊണ്ട് തോമാച്ചനേയും കൂട്ടി റോഡ് മുറിച്ചു കടന്നു. ബൈക്കിന്‍റെ നമ്പർ എന്തെങ്കിലും കാണാൻ പറ്റിയോ എന്നു ചോദിച്ചപ്പോൾ ഏതു ബ്രാൻഡ് ബൈക്കാണെന്നു പോലും മനസ്സിലാക്കാൻ പറ്റിയില്ലെന്നായിരുന്നു മറുപടി.
അതെ ഞാനുമൊരു മിന്നായം പോലെയെ കണ്ടുള്ളൂ. ഒരു കറുത്ത പൾസർ ബൈക്ക് ആണെന്നു തോന്നുന്നു. ബൈക്കോടിച്ചിരുന്നയാൾ കറുത്ത മഴക്കോട്ട് ധരിച്ചിരുന്നു. അതിനോടു ചേർന്ന ഹെൽമറ്റും. പിരിയൻ ഗോവണി കയറുമ്പോൾ തോമാച്ചനിൽ വലിയ പ്രയാസമൊന്നും കണ്ടില്ല. ഡോക്ടറെ ഒന്നു കണ്ടു കളയാമെന്ന് പറഞ്ഞപ്പോൾ അല്പനേരം വിശ്രമിച്ച ശേഷം പരവേശം തോന്നുന്നുണ്ടെങ്കിൽ ആലോചിക്കാമെന്നായി തോമ്മാച്ചൻ.
തോമാച്ചനെ സോഫായിലിരുത്തി ഡെറ്റോൾ മുക്കിയ പഞ്ഞി കൊണ്ട് മണ്ണുപുരണ്ടിരുന്ന മുറിഭാഗം വൃത്തിയാക്കി. ഒരോയിൽമെന്‍റ് പുരട്ടി. ആശ്വാസം തോന്നിയ തോമ്മാച്ചൻ ചാഞ്ഞു വിശ്രമിച്ചു. പരിക്കിനേക്കാളുപരി ഭയമാണ് തോമാച്ചനെ കീഴ്‌പ്പെടുത്തിക്കളഞ്ഞതെന്ന് എനിക്കു തോന്നി. തെല്ലിട കഴിഞ്ഞ് ഒരു മസാലച്ചായയും റസ്റ്റോറന്‍റിൽ നിന്നും വരുത്തിയ ചീസ് ബർഗറും കൂടികഴിച്ചതോടെ അയാൾ ഉഷാറായി. പ്രസന്നചിത്തനായി കഥകൾ പറയാനാരംഭിച്ചു.
പൊടിപ്പും തൊങ്ങലും വച്ച സാഹസികകഥകൾ അനവരതം തുടരുന്നതിനിടെ ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു വച്ച ലാബ് റിപ്പോട്ട് എടുത്ത് അയാൾ അഭിമാനത്തോടെ മേശക്കു മുകളിൽ വച്ചു. തോമാച്ചന്‍റെ അടുത്ത ഒരു സുഹൃത്തായതിനാൽ മാത്രമാണ് ഞാൻ ഏൽപ്പിച്ച സാധനങ്ങൾ അവർ പരിശോധിക്കാൻ തയ്യാറായതെന്ന് തോമാച്ചൻ എടുത്തു പറഞ്ഞു. ആ അവകാശവാദം നൂറു ശതമാനം അംഗീകരിച്ച് തോമാച്ചനെ പുകഴ്ത്തിക്കൊണ്ട് നന്ദിയറിയിച്ചു.
തോമാച്ചനെ തെല്ലുനേരം വിശ്രമിക്കാൻ വിട്ട് ലാബ് റിസൽട്ട് അടങ്ങിയ കവറുമെടുത്ത് കംപ്യൂട്ടറിനു മുന്നിലെ കസേരയിലിരുന്നു. കവർ തുറന്ന് റിപ്പോർട്ട് വായിക്കാനാരംഭിച്ചു. സംശയം തോന്നിയ ചില സാങ്കേതിക പദങ്ങളുടെ അർത്ഥം കയ്യോടെ കംപ്യൂട്ടറിൽ അന്വേഷിച്ച് മനസ്സിലാക്കി. റിപ്പോർട്ടിലെ വിശദാംശങ്ങൾ മെല്ലെ മനസ്സിലാക്കുമ്പോൾ നെറ്റിയിൽ നിന്ന് വിയർപ്പു ചാലുകൾ അനസ്യൂതം കവിളിലേക്ക് കിനിഞ്ഞിറങ്ങാൻ തുടങ്ങി. തറവാടിയായ മിസ്റ്റർ ചാർളി! ഞാൻ താങ്കളോടു പറഞ്ഞ തൊണ്ണൂറ്റൊമ്പതു ശതമാനം ഒറ്റനിമിഷം കൊണ്ട് പൂജ്യം ശതമാനത്തിലെത്തിയല്ലോ അല്ലെങ്കിൽ മി. സാം ഡിക്രൂസ് താങ്കളുടെ ഒരു ശതമാനം പൂജ്യത്തിലേക്ക് താണുപോയിരിക്കുന്നു. അതിനാൽ അന്വേഷണത്തിന്‍റെ അന്തിമഘട്ടവും പൂർത്തിയായി എന്നു തന്നെ പറയാം.
ഇനിയീ വിഷയത്തിൽ ഒരു കാര്യം മാത്രമേ അറിയാനുള്ളൂ. ഈ പ്രവൃത്തി ചെയ്യാൻ കുറ്റവാളിക്ക് എവിടെ നിന്നാണ് സഹായം ലഭിച്ചത് എന്നുള്ളത്. അതു കണ്ടെത്താൻ വലിയ വിഷമമില്ല. എന്‍റെ അടുത്ത ഒരു സ്ത്രീ സുഹൃത്തിന് ഇക്കാര്യത്തിൽ തീർച്ചയായും സഹായം നല്കാൻ കഴിയും. എനിക്കുള്ള സംശയത്തിന്‍റെ മിഴിമുന കുറ്റം ചെയ്ത വ്യക്തിയിലേക്ക് നീണ്ടപ്പോൾ തന്നെ ഞാൻ അവരെ വിളിച്ച് വിവരങ്ങൾ ഒന്ന് അറിയണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്‍റെ മറ്റു കണക്കുകൂട്ടലുകൾ ശരിയെങ്കിൽ മാത്രമേ ഞാൻ വിളിക്കുകയുള്ളൂ എന്നും അപ്പോൾ മാത്രമേ എനിക്ക് വിവരങ്ങൾ തരേണ്ടതുള്ളൂ എന്നും ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ ദുരൂഹമായി കൊട്ടിയടക്കപ്പെട്ട ഒരു പറ്റം വഴികൾ ഒരുമിച്ചു തുറന്നിരിക്കുന്നു. ആ വഴികളെല്ലാം തന്നെ എത്തിക്കുന്നത് ആ ഒരു സത്യത്തിലേക്കാണ്. ഒരേ ഒരു സത്യത്തിലേക്ക്. തുറന്നു നോക്കാതിരുന്ന ഗബ്രിയുടെ ഇമെയിലുകൾ പരിശോധിച്ചു. സത്യത്തിൽ അവ പരിശോധിക്കേണ്ട ആവശ്യമില്ല. എങ്കിലും അവയിൽ വിശദീകരിച്ച ലക്ഷണങ്ങൾ എല്ലാം തന്നെ എന്‍റെ നിരീക്ഷണത്തോട് നൂറു ശതമാനവും ചേർന്നു പോകുന്നവ തന്നെയാണ്.
തോമാച്ചനെ ഒന്നിടങ്കണ്ണിട്ടു നോക്കിയപ്പോൾ അയാൾ കാലു സോഫയിൽ വച്ച് ചെറു മയക്കത്തിലാണ്. ഉറങ്ങട്ടെ. ആ ഭയവും ക്ഷീണവും മാറിക്കൊള്ളട്ടെ. തെല്ലിട കഴിഞ്ഞ് ബാൽക്കണിയിൽ അല്പനേരം പോയി നിന്നു.
അല്പം ദൂരെ പേരിനു മാത്രം ഇലപ്പടർപ്പുള്ള പൂമരത്തിന്‍റെ ഇലയടരുകളിൽ നിന്നും ചുകന്ന പൂക്കൾ പൊഴിഞ്ഞു വീഴുന്നതു കാണാം. ആ പൂമരത്തിന്‍റെ വിസ്തൃതമായ തണുത്ത തണലിൽ ചുകന്ന പൂക്കളുടെ ഒരു വിരിപ്പു വിരിച്ചതെന്ന് തോന്നും. പൊഴിഞ്ഞു വീഴുന്ന പൂവിനെ നോക്കിച്ചിരിക്കുന്ന ഇലപ്പടർപ്പിനിടയിലെ പൂക്കളുടെ ആയുസ്സ് അടുത്ത ശക്തിയേറിയ കാറ്റടിക്കുന്നതിനിടക്കുള്ള ക്ഷണനേരമെ ഉള്ളൂ.
മനസ്സിൽ തൊഴിൽപരമായ സത്യസന്ധതയുടെയും ധാർമ്മികതയുടേയും ദ്വന്ദയുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. ചിലപ്പോൾ ധാർമ്മികത സത്യസന്ധതയെ കീഴ്പ്പെടുത്തും. ക്ഷണനേരം കൊണ്ട് മത്സരത്തിൽ സത്യസന്ധത മുൻതൂക്കം നേടും. അന്തിമ വിജയം ഇപ്പോഴും നിശ്ചയിക്കാറായില്ല. ഏതായാലും ഒന്നു രണ്ടു ദിവസം കഴിഞ്ഞേ അന്തിമ വിവരങ്ങൾ മാഡത്തോട് വെളിപ്പെടുത്താനാവൂ. വിശാലമായി ഒന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു ഞരക്കം കേട്ട് തിരിഞ്ഞു നോക്കി. തോമാച്ചൻ സോഫയിൽ നിന്ന് എണീറ്റിരിക്കുന്നു. നോക്കിയപ്പോൾ ദേഹം മുഴുവൻ തടവുകയാണ്. ഇടതു കയ്യിന്‍റെ കുഴ ഊതി നിറച്ച ബലൂൺ പോലെ നീരുവന്നു വീർത്തിരിക്കുന്നു. പരിക്കുകളില്ലെന്നാണ് കരുതിയത്. ഇതേതായാലും വച്ചു കൊണ്ടിരിക്കാൻ പറ്റില്ല. ഡോക്ടറെ കാണിക്കണം.
തോമാച്ചൻ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും അതൊന്നും ഗൗനിക്കാതെ നിർബന്ധപൂർവ്വം കേക്കു വണ്ടിയിൽ പിടിച്ചിരുത്തി. നെൽസൻ തന്നു വിട്ട സാധനങ്ങൾ എടുത്ത് വണ്ടിയിൽവച്ചു. പതുക്കെ ഡ്രൈവ് ചെയ്യലാണ് അഭികാമ്യം. തോമാച്ചന്‍റെ ദേഹം വല്ലാതെ കുലുങ്ങിക്കൂടാ. ഇവിടുത്തെ റോഡൊക്കെ ഒരു പരുവമാണ്. തോമാച്ചന് ബുദ്ധിമുട്ടാകാതെ പതുക്കെ വണ്ടി ഓടിച്ചു.
ഡോക്ടറെ കാണിക്കണമെന്ന് നിശ്ചയിച്ചപ്പോൾ ആദ്യം മനസ്സിൽ വന്ന പേര് സാമുവൽ ഡോക്ടറുടെ ആയിരുന്നു. ഉടനെത്തന്നെ ഡോക്ടറെ വിളിച്ച് ടോക്കൺ ബുക്കു ചെയ്തു. അര മണിക്കൂറിനകം ക്ലിനിക്കിലെത്തി. വണ്ടി പാർക്കു ചെയ്ത് തോമാച്ചനെയും താങ്ങി ബോഗൻ വില്ല ഗേറ്റ് തുറന്ന് ക്ലിനിക്കിലേക്ക് പ്രവേശിക്കുമ്പോഴാണ് ക്ലിനിക്കിന് വലതു വശത്ത് പാർക്കു ചെയ്തിരിക്കുന്ന കാർ ശ്രദ്ധയിൽ പെട്ടത്. കറുത്ത അമ്പാസിഡർ കാർ. നല്ല പരിചയം തോന്നി. ഇത്തരം കാറുകൾ പൊതുവെ അപൂർവ്വമായതിനാലാണ് പെട്ടെന്ന് ശ്രദ്ധയിൽ വന്നത്.
എലവുത്തിങ്കൽ തറവാട്ടിലെ കാറാണതെന്ന് നിമിഷ വേഗത്തിൽ മനസ്സു പറഞ്ഞു. അതെ! യാതൊരു സംശയവുമില്ല. ആ സംശയത്തിന് സാധൂകരണമായി ആ വീട്ടിലെ സെക്യൂരിറ്റി ഗാർഡ് അവിടെ ചുറ്റിപ്പറ്റി നടക്കുന്നതു കണ്ടു. ക്ലിനിക്കു മുന്നിലെ വരാന്തയിൽ നിരത്തിയിട്ടിരിക്കുന്ന കസേരയിൽ തോമാച്ചനെ ഇരുത്തി ടോക്കൺ എത്രയായെന്ന് നോക്കുവാൻ എഴുന്നേറ്റപ്പോഴാണ് ക്ലിനിക്കിന്‍റെ വാതിൽ തുറന്നു വരുന്നവരെ കണ്ടത്. മാഗി മാഡവും മകളും!
എന്നെ കണ്ടതും അവർ മന്ദഹസിച്ചു കൊണ്ട് അടുത്തുവന്നു. മകളാകട്ടെ മുഖം ഉയർത്താതെ താഴേക്കു നോക്കിക്കൊണ്ടു നിൽക്കുകയാണ് ചെയ്തത്. എന്താണിവിടെ? എന്നവർ ആരാഞ്ഞപ്പോൾ തോമാച്ചനു സംഭവിച്ച അപകടം ഞാൻ വിവരിച്ചു. താഴേക്കു നോക്കിക്കൊണ്ടു നിന്ന അലീനയുടെ കൈവിരലുകളിലെ ബാൻഡേജ് അപ്പോഴാണ് എന്‍റെ ശ്രദ്ധയിൽ പെട്ടത്. ചോദിക്കുന്നതിനു മുൻപു തന്നെ മാഗി മാഡം പറഞ്ഞു തുടങ്ങി.
“മോളു ഇന്നലെ ബാത്റൂമിലൊന്നു വഴുതി. വീഴാൻ പോയപ്പോ എവിടെയോ പിടിച്ചു. അതെല്ലാം കൂടി കൈ കുത്തി വീണു. കുഴപ്പമൊന്നുമായില്ലെന്നാണ് കരുതിയത്. ഇന്നു രാവിലെ വേദന കൂടി. വിരലിൽ ചെറിയ ഫ്രാക്ചർ ഉണ്ട്. എക്സ് റേ എടുത്തപ്പോൾ വിരലിലെ ബോണിൽ ചെറിയ വര. ഒരാഴ്ച കൈയധികം അനക്കേണ്ടെന്നു ഡോക്ടറു പറഞ്ഞു. ഓരോ കഷ്ടകാലം ഇങ്ങനെ തീർന്നു പോകുന്നു. അല്ലാതെന്തു പറയാൻ.”
പൊതുവെ സമയം മോശമാണെന്നു ഞാൻ തോമാച്ചനെ ചൂണ്ടി പറഞ്ഞപ്പോൾ അവർ തലകുലുക്കി സമ്മതിച്ചു.
തുടർന്ന് യാത്ര പറഞ്ഞ് അവർ വേഗം പോകാനൊരുങ്ങി. അലീനയപ്പോഴും മുഖമുയർത്തുക പോലും ചെയ്യാതെ താഴേക്കു നോക്കി നോക്കി നടന്നു കാറിൽ കയറി ഇരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾ ഇങ്ങിനെയാണ്. മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ വല്ലായ്മ കാണിക്കും.
അവർ പോയതും തോമാച്ചന്‍റെ നമ്പർ വിളിച്ചു. തോമാച്ചനൊടൊപ്പം റൂമിൽ കയറി ഡോക്ടറെ കണ്ടു. തെല്ലൽഭുതം കൂറിയ മിഴിയോടെ ഡോക്ടർ തോമാച്ചനെ പരിശോധിച്ചു തുടങ്ങി. റോഡിൽ തെന്നി വീണതെന്നു പറഞ്ഞു. പരിശോധന കഴിഞ്ഞു കൈമുട്ടിലെ മുറിവു ഡ്രസ്സു ചെയ്യാൻ നേഴ്സിനെ ഏൽപ്പിച്ചു. തുടർന്ന് ചില മരുന്നുകൾ കുറിച്ചു തന്നു. കൈ മുട്ടിൽ എന്തെങ്കിലും ഫ്രാക്ചറിനു സാധ്യതയുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ല അങ്ങനെയുണ്ടെങ്കിൽ നീരുവന്നു കയറും എന്നു പറഞ്ഞു. പിന്നെ പെട്ടെന്നൊരു ചോദ്യവും.
“മി. സാം അന്വേഷണമൊക്കെ എന്തായി? തീർന്നോ?”
അനവസരത്തിലുള്ള അദ്ദേഹത്തിന്‍റെ ആ ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല വിമ്മിഷ്ടം പുറത്തു കാട്ടാതെ നടക്കുന്നു എന്നു പറഞ്ഞൊഴിഞ്ഞ് ഡോക്ടറുടെ ഫീസു കൊടുത്തു. അപ്പോഴേക്കും തോമ്മാച്ചൻ കൈമുട്ടിലൊരു ബാൻഡേജുമായി പുറത്തു വന്നിരുന്നു. ഡോക്ടറോടു നന്ദി പറഞ്ഞ് പുറത്തിറങ്ങി. സമയം സന്ധ്യയോടടുക്കുന്നു.
തോമാച്ചന് വേണ്ട മരുന്നു വാങ്ങി വീട്ടിൽ കൊണ്ടുവിടണം. എന്നിട്ടേ എനിക്ക് എന്‍റെ കൂടണയാൻ പറ്റൂ. ഉപ്പുരസം കലർന്ന കടൽക്കാറ്റിനെ കീറി മുറിച്ച് കേക്കു വണ്ടി മുന്നോട്ടു നീങ്ങി. സർപ്പത്തിനെപോലെ സീല്കാരശബ്ദത്തെ ഉയർത്തിക്കൊണ്ടു കടൽ കാറ്റ് ചീറിയടിച്ചു. പൊടുന്നനെയാണ് അന്തരീക്ഷം ആകെ ഇരുണ്ട് കറുത്ത് മഴ പെയ്തു തുടങ്ങിയത്. വഴിത്താരക്കിരുവശവും ചുറ്റിത്തിരിഞ്ഞിരുന്ന ആളുകൾ ചിതറി നാലുപാടും പായാൻ തുടങ്ങി.
ആ തിരക്കിനിടയിലും വഴിത്താരക്കു വലതുവശത്ത് ആ വഴിയിലൂടെ പോകുന്ന ഓട്ടോകൾക്കെല്ലാം കൈകാണിച്ചുകൊണ്ട് പരവശനായി നിൽക്കുന്ന ഒരു പയ്യനെ ശ്രദ്ധയിൽപെട്ടു. അവൻ കൈകാണിക്കുന്ന ഓട്ടോകളൊന്നും നിർത്തുന്നില്ല. അവനെക്കണ്ടതും തോമാച്ചൻ പിറുപിറുത്തു.
“ദാ ഇതാണാ പാൽക്കാരൻ സണ്ണി.”
അവനു പിന്നിൽ പരുങ്ങി നിന്ന പെൺകുട്ടിയെ നല്ല പരിചയം. ആളെ വേഗം തന്നെ മനസ്സിലായി. അതല്ലേ മാഗി മാഡത്തിന്‍റെ വീട്ടിൽ നിക്കണ പെണ്ണ്. ജാൻസി അതെ അതവൾ തന്നെ! എംഎസ് ഓഫീസ് പഠനം ഇപ്പോൾ ബീച്ചിലാണ് നടക്കുന്നത്….