റെയിൽവേ സ്റ്റേഷനിൽ വച്ച് എന്നെ യാത്രയാക്കുമ്പോൾ നെൽസൽ ഒന്നു കൂടെ ചോദിച്ചു. വന്ന കാര്യം നടന്നോ എന്ന്. ഞാൻ കൈ പിടിച്ച കുലുക്കി വന്ന കാര്യം നൂറു ശതമാനവും നടന്നെന്ന് അറിയിച്ചു. അത്ഭുതം നിറഞ്ഞ മിഴിയോടെ അയാൾ ഒരു പാക്കറ്റ് ഏൽപ്പിച്ച് തോമാച്ചന് നല്കണമെന്ന് അറിയിച്ചു. അതെന്താണെന്നു ചോദിച്ചപ്പോൾ കാന്‍റീൻ ഐറ്റംസ് ആണെന്നു പറഞ്ഞ് അതിന്‍റെ ബില്ലും തന്നു. ട്രെയിനിൽ ആ പാക്കറ്റ് യഥാസ്ഥാനത്തു വച്ചു തന്ന് നെൽസൻ പോയി.
ട്രെയിനിൽ ഇരിക്കുമ്പോൾ അന്വേഷണത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞ പോലെ ആശ്വാസം തോന്നി. ട്രെയിൻ കോലാഹലമുണ്ടാക്കിക്കൊണ്ട് നീങ്ങിത്തുടങ്ങി. ഇനി അന്വേഷണത്തിന്‍റെ രണ്ടാം ഘട്ടം നെൽസനെപ്പോലെ സഹായമനസ്ഥിതിയുള്ള നല്ല സുഹൃത്തുക്കൾ ഉള്ള തോമാച്ചന്‍റെ റിപ്പോർട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. തോമാച്ചനെപ്പറ്റി ഓർത്തതേ ഉള്ളൂ. അവന്‍റെ ഫോൺ കോൾ. ലാബ് റിപ്പോർട്ട് നാളെ രാവിലെ പത്തുമണിക്ക് മുന്നേ കിട്ടുമെന്ന്. അതും കൊണ്ട് രാവിലെത്തന്നെ ഓഫീസിലെത്താമെന്ന് അവൻ അറിയിച്ചു. വരുമ്പോൾ നെൽസൻ തന്നയിച്ചിട്ടുള്ള കാന്‍റീൻ സമ്മാനങ്ങൾ കൈമാറാമെന്നും അറിയിച്ചു. അവൻ ഫോൺ വച്ചതും മറ്റൊരു കാൾ ട്രൂ കാളറിൽ നിന്നും മനസ്സിലായത്ചാർളി എലവുത്തിങ്കൽ!
അല്പനേരം ചിന്തയിലാണ്ടു, ഫോൺ എടുത്തില്ല. പിന്നെയും മി. ചാർളി. തെല്ലിട കഴിഞ്ഞ് ഉത്കണ്ഠയോടെ ഫോണെടുത്തു. മറുതലക്കൽ നിന്ന് ഘനഗംഭീരമായ ശബ്ദം.
“മി. സാം അല്ലേ?”
“അതെ നിങ്ങളാരാണ്?”
“ഞാൻ ചാർലി. ബിസിനസ്സുകാരനാണ്. എന്നെ അറിയാതിരിക്കാൻ വഴിയില്ല. എനിക്ക് താങ്കളുമായി നേരിട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളാണ്. അതിനായി നിങ്ങളെ അന്വേഷിച്ച് വന്നിരുന്നു. നിങ്ങൾ സ്ഥലത്തില്ലെന്നാണ് നിങ്ങളുടെ ഓഫീസിനടുത്തുള്ള റസ്റ്റോറന്‍റ് മാനേജർ പറഞ്ഞത്. നിങ്ങളെപ്പോഴാണ് ഓഫീസിലെത്തുക?”
“അല്ല ഫോണിലൂടെ സംസാരിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?” അയാളെ നേരിൽ കാണുന്നത് ഒഴിവാക്കാനായി ഞാൻ പറഞ്ഞു.
അയാൾ പൊടുന്നനെ പ്രതികരിച്ചു. “നേരിട്ടു കണ്ടു സംസാരിക്കേണ്ട വിഷയമാണ്. എപ്പോഴാണ് ഓഫീസിൽ കാണുക?“
“ഞാൻ നാളെ പതിനൊന്നു മണിക്ക് ഓഫീസിലുണ്ടാകും.” മറുപടി പറഞ്ഞ് ഫോൺ കട്ടു ചെയ്തു.
ചാർലി എലവുത്തിങ്കൽ. പതുക്കെയേ സംസാരിച്ചുവെങ്കിലും ആ സംസാരത്തിൽ നിന്നു തന്നെ അയാളുടെ ആജ്ഞാശക്തിയും താൻപോരിമയും വ്യക്തം. എലുവത്തിങ്കൽ കുടുംബത്തിലെ ഏറ്റവും ധനാഢ്യനും സ്വാധീനശക്തിയുമുള്ള ബിസിനസ്സ് മാഗ്നറ്റിന് എന്നെ നേരിട്ടു കാണേണ്ടുന്ന ആവശ്യമെന്ത്? എന്‍റെ ഫോൺ നമ്പർ അയാൾ സംഘടിപ്പിച്ചതെവിടുന്ന്? എന്‍റെ അന്വേഷണത്തെക്കുറിച്ച് അയാൾ അറിഞ്ഞിട്ടുണ്ട്. ആരാണ് തീർത്തും രഹസ്യാത്മകമായ ആ വിവരം അയാളിലെത്തിച്ചത്? മേഗി മാഡം ആയിരിക്കില്ല. പിന്നെ?
ചാർളിക്ക് ഈ സംഭവവുമായി ബന്ധമുണ്ടെങ്കിൽ ഇതുവരെയുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കെട്ടിപൊക്കിയവ ചീട്ടുകൊട്ടാരം പോലെ തകരും. ഇതു വരെ ചാർലി സംശയത്തിന്‍റെ നിഴലിൽ വന്നിട്ടില്ല. സഹോദരനെന്നു അറിഞ്ഞതിൽ കവിഞ്ഞ് ജോൺ സാറുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടതായി പറഞ്ഞു കേട്ടുമില്ല.
റിയൽ എസ്‌റ്റേറ്റും മറ്റു കനപ്പെട്ട ബിസിനസ്സ് നടത്തുന്ന ചാർലി അതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പണമിടപാട് മൂത്തസഹോദരനുമായി ഉണ്ടായിരിക്കുമോ? അങ്ങനെ എന്തെങ്കിലും ഇടപാടുണ്ടെങ്കിൽ മാഗി മാഡം അറിയും. അതെക്കുറിച്ചൊന്നും എന്നോട് സൂചിപ്പിച്ചില്ല. തന്നെയുമല്ല സഹോദരനെങ്കിലും യാതൊരു അടുപ്പവുമില്ലാത്ത പോലെയാണ് ചാർളിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ഏതായാലും മാഗി മാഡത്തോട് ചാർളിയെക്കുറിച്ച് ഒന്നു സംസാരിക്കണം.