തോരാത്ത കണ്ണുകളുമായി നില്‍ക്കുന്ന മഞ്ജുവിന്‍റെ നിസ്സഹായാവസ്ഥ കണ്ടപ്പോള്‍ വിനയന്‍ സ്വന്തം പ്രശ്നങ്ങള്‍ പോലും മറന്നു.

സഹതാപം കിനിയുന്ന സ്വരത്തില്‍ വിനയന്‍ പറഞ്ഞു. “മഞ്ജുവിന്‍റെ മമ്മീടെ ബന്ധുക്കളെയും ഫ്രെണ്ട്സിനേയും വിളിച്ച് ചോദിക്കാമായിരുന്നു.”

“അടുത്ത ബന്ധത്തിലുള്ളവരെല്ലാം വിദേശത്താണ്. ആത്മാര്‍ത്ഥ സുഹൃത്തുക്കളായി ആരും ഉള്ളതായി എനിക്കറിവില്ല. ഉണ്ടെങ്കില്‍തന്നെ കുടുംബത്തിലെ പ്രശ്നങ്ങള്‍ അവരോട് തുറന്നുപറയാന്‍ മമ്മീടെ അഭിമാനബോധം സമ്മതിക്കുമെന്നും തോന്നുന്നില്ല.” ഇടറുന്ന സ്വരത്തില്‍ മഞ്ജു വിശദീകരിച്ചു.

മഞ്ജു കൂടുതല്‍ പരിഭ്രാന്തയായേക്കുമെന്നതിനാല്‍ പോലീസില്‍ പരാതി കൊടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിക്കാന്‍ വിനയന് ധൈര്യമുണ്ടായില്ല. ഏതാനും നിമിഷത്തേക്ക് അവര്‍ക്കിടയില്‍ നിശ്ശബ്ദത തളംകെട്ടിനിന്നു.

വിനയനപ്പോള്‍ എന്തോ പെട്ടെന്ന് ഓര്‍മ്മവന്നതുപോലെ ചോദിച്ചു. “മഞ്ജുവിന്‍റെ മമ്മി സ്വന്തം കാറിലല്ലേ പോയത്?”

“അതെ. ഡ്രൈവറുടെ നമ്പറിലും ഞാന്‍ വിളിച്ചുനോക്കി. മമ്മി പറഞ്ഞിട്ടായിരിക്കാം, അയാളും മൊബൈല്‍ ഓഫ് ചെയ്ത് വെച്ചിരിക്കയാണ്‌.”

കവിളത്തെ കണ്ണീര്‍ചാലുകള്‍ തുടച്ചുകൊണ്ട് മഞ്ജു കോണിപ്പടികള്‍ ഇറങ്ങിപ്പോകുന്നത് വിനയന്‍ നിസ്സഹായതയോടെ നോക്കിനിന്നു.

വെയില്‍ ചാഞ്ഞുകഴിഞ്ഞിരുന്നു. മഞ്ജു വീണ്ടും പീരുമേട്ടിലേക്ക് വിളിച്ചുനോക്കി. സേതുലക്ഷ്മി അങ്ങോട്ടല്ല പോയതെന്ന വസ്തുത ഒരിക്കല്‍കൂടി സ്ഥിരീകരിക്കപ്പെട്ടു. സേതുലക്ഷ്മിയുടെ നമ്പറില്‍ വീണ്ടും വിളിച്ചുനോക്കി. “ദിസ് നമ്പര്‍ ഈസ് സ്വിച്ച്ഡ് ഓഫ്എന്ന മറുപടി മാത്രം.”

നിമിഷങ്ങള്‍ കടന്നുപോകുന്തോറും എന്തെല്ലാമോ ഭയാശങ്കകള്‍ മനസ്സിലേക്ക് കടന്നുവന്നു. ആകാംക്ഷയുടെ പിരിമുറുക്കവുമായി മഞ്ജു ഉമ്മറത്തെ സിറ്റ്ഔട്ടില്‍ ഗേറ്റിലേക്ക് നോക്കിക്കൊണ്ട്‌ തപസ്സിരുന്നു.

സന്ധ്യയുടെ ചുകപ്പുനിറം മാഞ്ഞുകഴിഞ്ഞു. നേരം ഇരുട്ടിയിട്ടും സേതുലക്ഷ്മിയുടെ തിരോധാനം ഉത്തരം കിട്ടാത്ത സമസ്യയായി അവശേഷിച്ചപ്പോള്‍ പീരുമേട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചാലോ എന്നുപോലും അവള്‍ ആലോചിച്ചു.

അപ്പോഴേക്കും ഗേറ്റിനുപുറത്ത് ഒരു ഹെഡ്ലൈറ്റിന്‍റെ പ്രകാശം പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടി കാര്‍പോര്‍ച്ചിലെത്തി നിന്നു. പ്രതീക്ഷയോടെ മഞ്ജു കാറിനടുത്തേക്ക് ചെന്നെങ്കിലും കാറില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

മഞ്ജു നൈരാശ്യത്തോടെ ചോദിച്ചു. “മമ്മി എവിടെ?”

“മാഡം വന്നില്ല കുഞ്ഞേ, മാഡം പൊന്‍കുന്നത്തെ വിമന്‍സ് ഹോസ്റ്റലില്‍ ഒരു റൂമെടുത്തു. ഇനി കുറച്ചുദിവസം അവിടെ താമസിക്കാന്‍ പോകുവാണെന്നാ പറഞ്ഞത്. അവിടത്തെ മുറീല്‍ ഉപയോഗിക്കാനുള്ള ഫാനും മറ്റത്യാവശ്യസാധനങ്ങളും വാങ്ങാന്‍ പോയതുകൊണ്ടാ ഞാന്‍ ഇങ്ങോട്ട് മടങ്ങാന്‍ വൈകിയത്. ബാങ്ക് ഹോസ്റ്റലിനടുത്തായതുകൊണ്ട് കൊച്ചമ്മക്കിനി വണ്ടി ആവശ്യമില്ലെന്നാ പറഞ്ഞത്.”

വിനയന്‍സാറും താനുമായുള്ള രജിസ്റ്റെര്‍ മാരിയേജ് കഴിഞ്ഞെന്ന് മമ്മി ശരിക്കും വിശ്വസിച്ചിരിക്കുന്നു. അതിന്‍റെ പ്രതിഷേധ പ്രകടനമാണ് ഈ കൂടുമാറ്റം. ഏതായാലും മമ്മി സുരക്ഷിതയാണല്ലോ. അത്രയും ആശ്വാസം.

ഡ്രൈവര്‍ക്ക് അത്താഴം കൊടുക്കാന്‍ മണ്ഡോദരിക്ക് നിര്‍ദ്ദേശം നല്‍കിയശേഷം സേതുലക്ഷ്മിയുടെ പുതിയ താമസസ്ഥലത്തെക്കുറിച്ചും മറ്റും മഞ്ജു വിനയനെ അറിയിച്ചു.

ഒരു നെടുനിശ്വാസത്തോടെ വിനയന്‍ പറഞ്ഞു. “ഇപ്പോള്‍ മഞ്ജുവിന് ആശ്വാസമായല്ലോ.”

“പക്ഷെ ഞാന്‍ കാരണമാണ് മമ്മി വീട് വിട്ടുപോയത് എന്നാലോചിക്കുമ്പോള്‍. ”

“മഞ്ജു നാളെത്തന്നെ മമ്മിയെ ചെന്നുകാണണം. സത്യമെന്താണെന്ന് അറിയുമ്പോള്‍ മമ്മിയുടെ പിണക്കമൊക്കെ മാറിക്കോളും.”

“സത്യമറിഞ്ഞാല്‍ മമ്മി വീണ്ടും മുരളിയുമായുള്ള വിവാഹത്തിനെന്നെ നിര്‍ബന്ധിക്കുമോ എന്നാ എന്‍റെ പേടി.”

വിനയനതിന് മറുപടിയൊന്നും പറഞ്ഞില്ല.

“സാറ് താഴേക്ക്‌ വരൂ. ഞാന്‍ അത്താഴം മേശപ്പുറത്തേക്ക് എടുത്തുവെക്കാന്‍ പറയാം.”

അവള്‍ തിരിഞ്ഞുനടക്കാന്‍ തുടങ്ങുമ്പോള്‍ വിനയന്‍ പറഞ്ഞു “ഇന്ന് രാവിലെ മുതല്‍ മഞ്ജു പട്ടിണി ആയിരുന്നെന്ന് മണ്ടുചേച്ചി പറഞ്ഞു. ഇനിയെങ്കിലും മഞ്ജു എന്തെങ്കിലും കഴിക്കണം. ”

വിനയനില്‍നിന്നും ഏറെ നാളായി താന്‍ കേള്‍ക്കാനാഗ്രഹിച്ച പരിഗണനയുടെ ഉദാരസ്വരം അവളെ പുളകം കൊള്ളിച്ചു. ഇതുവരെ തോന്നാതിരുന്ന വിശപ്പും ദാഹവും പെട്ടെന്നനുഭവപ്പെട്ടു.

പിറ്റേന്ന് അതിരാവിലെ ഒരു യാത്രക്കുള്ള തയ്യാറെടുപ്പോടെ അവള്‍ വീട്ടില്‍നിന്നിറങ്ങി.

മണ്ഡോദരിയെ വിളിച്ചുണര്‍ത്തിയ ശേഷം മഞ്ജു പറഞ്ഞു “ചേച്ചി,വാതിലടച്ചേക്കു. ഞാനോരിടംവരെ പോകുവാണ്.”

“എങ്ങോട്ടാ കുഞ്ഞേ, ക്ഷേത്രത്തിലേക്കാണോ?” കേള്‍ക്കാത്ത ഭാവത്തില്‍ മഞ്ജു കാറിനടുത്തേക്ക് നടന്നു.

രാവിലെ ഒരു യാത്രക്ക് പോകാനുണ്ടെന്ന് തലേന്നേ മഞ്ജു ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതിനാല്‍ കാര്‍പോര്‍ച്ചില്‍ വണ്ടിയുമായി ഡ്രൈവര്‍ തയ്യാറായി നിന്നിരുന്നു.

കാറിലേക്കിരുന്ന ശേഷം യാത്ര എങ്ങോട്ടാണെന്ന് അവള്‍ ഡ്രൈവറോട് പറഞ്ഞു. ലക്ഷ്യം വിനയന്‍റെ വീടായിരുന്നു. വിനയന്‍, ഉണ്ണിത്താന് കൊടുക്കാന്‍ വേണ്ടി അവളെ ഏല്‍പിച്ച അപേക്ഷയില്‍ നിന്ന് വീട്ടഡ്രസ്സ് അവള്‍ മനസ്സിലാക്കിയിരുന്നു. കാര്‍ ഹൈവേയിലൂടെ മുന്നോട്ടു പാഞ്ഞു.

സമയം കടന്നുപോയി. വെയിലിനിപ്പോള്‍ സ്വര്‍ണ്ണകസവിന്‍റെ തിളക്കം. കോട്ടയത്തുനിന്ന് വഴിപിരിയുന്ന വൈക്കം റോഡിലൂടെ ഏതാനും കിലോമീറ്റെര്‍ മുന്നോട്ട് പോയപ്പോള്‍ മൂലക്കുളം പഞ്ചായത്ത് എന്ന ബോര്‍ഡ് കണ്ടു.

“ഇതുവഴിയാണ് പോകേണ്ടത്.” മഞ്ജു നിര്‍ദ്ദേശിച്ചു.

വളവും തിരിവുമായി മുന്നോട്ട് പോകുന്ന വീതികുറഞ്ഞ റോഡ്‌ ചെന്നുചേരുന്ന നാല്‍ക്കവലയിലെത്തിയപ്പോള്‍ മഞ്ജു വണ്ടി നിര്‍ത്താനാവശ്യപ്പെട്ടു. കവലക്ക്‌ ചുറ്റും ചെറിയ കടകളാണ്. കൂടാതെ ഒരു ബസ്‌ സ്റ്റോപ്പും. ഒരു പലചരക്കുകടയിലേക്ക് ചെന്ന് അതിന്‍റെ ഉടമയാണെന്ന് തോന്നുന്ന മധ്യവയസ്കനോട്‌ വിനയന്‍റെ വീടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അയാള്‍ വഴി വിശദമായി പറഞ്ഞുകൊടുത്തു.

“കൃഷ്ണന്‍റെ അമ്പലത്തിന് തൊട്ടടുത്തുതന്നെയാ വീട്. അമ്പലം ആ തറവാട്ടുകാരുടേതായിരുന്നു. ഇപ്പോഴല്ലേ ദേവസ്വം ഏറ്റെടുത്തത്. അമ്പലം മാത്രല്ല ഇവിടുത്തെ ആദ്യത്തെ സ്കൂളും ആ കുടുംബക്കാര് തുടങ്ങീതാ. പിന്നെ സ്ഥിതിയൊക്കെ മോശയപ്പോ അതും സര്‍ക്കാരിനെ ഏല്പിച്ചു. ഇപ്പോള്‍ ‘സ്ഥാനിവീട്’ എന്ന പേരുമാത്രേള്ളൂ. പഴയ പ്രതാപത്തിന്‍റെ ബാക്കിയായി ആ വീടും തൊടിയും മാത്രം. അമ്പലത്തിന്‍റെ നടേലെത്തിയാല്‍ ആരോട് ചോദിച്ചാലും വീട് കാണിച്ചുതരും” അയാള്‍ അറിയിച്ചു.

ക്ഷേത്രം കണ്ടെത്താന്‍ മഞ്ജുവിന് അധികം അന്വേഷിക്കേണ്ടി വന്നില്ല. ക്ഷേത്രത്തിന്‍റെ പുറത്ത് നിന്നിരുന്നവരില്‍ ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ വിനയന്‍റെ വീടിന്‍റെ പടിപ്പുരവരെ കൂടെ വരികയും ചെയ്തു.

വീടിന്‍റെ മുന്‍വാതില്‍ തുറന്നുകിടന്നിരുന്നു. പൂമുഖത്തുള്ള ചാരുകസേര ശൂന്യമായിരുന്നെങ്കിലും കണ്ണടയും അതിനരികില്‍ തുറന്നുവെച്ചിരുന്ന പുസ്തകവും ആരുടെയോ സാന്നിധ്യത്തെക്കുറിച്ച് സൂചന നല്‍കി. മഞ്ജു വാതിലില്‍ തട്ടുവാന്‍ കൈയ്യോങ്ങിയപ്പോഴേക്കും വിനയന്‍റെ മുഖഛായയെ ഓര്‍മ്മിപ്പിക്കുന്ന മദ്ധ്യവയസ്സ് പിന്നിട്ട ഒരാള്‍ പുറത്തേക്ക് ഇറങ്ങിവന്ന് ചോദിച്ചു “ആരാ? എന്താ വേണ്ടത്?

“വിനയന്‍സാറിന്‍റെ വീടല്ലേ?”

“അതെ”

“ഞാന്‍ മഞ്ജു… ഞാന്‍ വിനയന്‍ സാര്‍ പറഞ്ഞയച്ചിട്ട് വന്നതാണ്‌.” കൈകൂപ്പിക്കൊണ്ട്‌ മഞ്ജു അറിയിച്ചു.

“അതെയോ? അകത്തേക്കിരിക്കാം. ഞാനയാളുടെ അച്ഛനാണ്.”

അപ്പോഴേക്കും മധ്യവയസ്കയായൊരു സ്ത്രീ അകത്തുനിന്ന് ഇറങ്ങിവന്നു.

“ഇത് വിനയന്‍റെ അമ്മ.” അദ്ദേഹം പരിചയപ്പെടുത്തി.

“അവനൊരു ജോലി അന്വേഷിച്ച് എവിടെക്കോ പോയിരിക്കയാണെന്നൊക്കെ വറീത് പറഞ്ഞു. ജോലിക്കാര്യം എന്തായാവോ?” പാതി തന്നോട് തന്നെയെന്നപോലെ വിനയന്‍റെ അമ്മ പറഞ്ഞു.

“സാറിപ്പോള്‍ ഞങ്ങടെ എസ്റ്റേറ്റിന്‍റെ മാനേജരാണ്. കുറച്ച് പൈസ ഇവിടെ ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്.”

“ഉടനെ വരാമെന്നും ഈ വീടിന്‍റെ ആധാരം ബാങ്കില്‍ കൊടുത്ത് കുറച്ച് പൈസ കടമെടുക്കാമെന്നും പറഞ്ഞാണ് വിനയന്‍ പോയത്.”

“സാറിന് കുറച്ച് ജോലിത്തിരക്കുള്ളതുകൊണ്ട്…”

“ഓ, അതുശരി. ഇരിക്കൂ. പേരെന്താണെന്നാ പറഞ്ഞത്?”

“മഞ്ജു. തുക ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.”

വിനയന്‍റെ അമ്മ അപ്പോള്‍ ഉറക്കെ ആരെയോ വിളിച്ചു. “വിമലേ….”

ഏതാണ്ട് പതിനെട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടി അകത്തുനിന്ന് പ്രത്യക്ഷപ്പെട്ടു. നിറം മങ്ങിയ ബ്ലൗസും പവാടയുമായിരുന്നു അവളുടെ വേഷം. നല്ല ഐശ്വര്യമുള്ള മുഖം. പ്രസരിപ്പ് തുളുമ്പുന്ന മന്ദഹാസം അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി.

തോളില്‍ കിടന്നിരുന്ന തോര്‍ത്തുകൊണ്ട് മുഖം അമര്‍ത്തി തുടച്ചുകൊണ്ട് ആ പെണ്‍കുട്ടി ചോദിച്ചു “എന്താമ്മേ”

മഞ്ജുവിനെ അവള്‍ ശ്രദ്ധിച്ചത് അപ്പോള്‍ മാത്രമാണ്. മഷിയെഴുതിയ ആ വിടര്‍ന്ന കണ്ണുകളില്‍ വിസ്മയം മിന്നിമാഞ്ഞു. “ഇതാരാ?”

വിനയന്‍റെ അച്ഛനാണ് മറുപടി നല്‍കിയത് “മഞ്ജുന്നാ പേര്. നിന്‍റെ അഡ്മിഷനുള്ള തുക വിനയന്‍ ഈ കുട്ടീടെ കയ്യില്‍ കൊടുത്തയച്ചിട്ടുണ്ട്. എല്ലാംകൂടി എത്ര അടക്കേണ്ടിവരും?”

“പതിനായിരത്തിമുന്നൂറ്റമ്പത്.” പിന്നെ മഞ്ജുവിന്‍റെ നേരെ തിരിഞ്ഞ് വിമല ചോദിച്ചു. “ഏട്ടനെന്താ വരാഞ്ഞത്?”

“അല്പം ജോലിത്തിരക്കിലായതുകൊണ്ട് സാറിന് വരാന്‍ സാധിച്ചില്ല. അതാ എന്‍റെ കയ്യില്‍ തന്നയച്ചത്. ഞാന്‍ പോകുന്നവഴിക്ക്…”

“ചേച്ചി എങ്ങോട്ടാ പോകുന്നത്?”

“എന്‍റെ… ഞങ്ങളുടെ ഒരു ബന്ധുവീട്ടില്‍” മഞ്ജുവിന് ഒരസത്യംകൂടി പറയേണ്ടിവന്നു.

വിമല കൂടുതല്‍ ചുഴിഞ്ഞ് ചോദിച്ചിരുന്നെങ്കില്‍ മറുപടി നല്കാന്‍ മഞ്ജുവിന് കൂടുതല്‍ നുണ പറയേണ്ടി വരുമായിരുന്നു. ഭാഗ്യത്തിന് അതുണ്ടായില്ല.

“ചേച്ചിക്ക് എങ്ങന്യാ എന്‍റെ ഏട്ടനെ പരിചയം.” വിമലയുടെ അങ്കലാപ്പിലാക്കുന്ന ചോദ്യം വീണ്ടും അടിമുടി ഉഴിയുന്ന ആ കണ്ണുകളില്‍ ഒരു ഗൂഢസ്മിതം ഒളിച്ചിരിക്കുന്നുണ്ടോ? ആ സുഹൃത്ത്ബന്ധത്തിന് അവള്‍ മറ്റെന്തോ അര്‍ത്ഥം സംശയിക്കുന്നതുപോലെ.

വിമലയുടെ കണ്ണുകളെ നേരിടാനുള്ള സങ്കോചത്താല്‍ അകലേക്ക് നോട്ടമൂന്നിക്കൊണ്ട് മഞ്ജു അറിയിച്ചു “പീരുമേട്ടിലുള്ള ഞങ്ങളുടെ എസ്റ്റേറ്റിലാണ് വിമലയുടെ ഏട്ടന്‍ ജോലി ചെയ്യുന്നത്.”

“ചേച്ചീടെ സ്വന്തം എസ്റ്റേറ്റിലോ?” അടക്കാനാവാത്ത വിസ്മയമുണ്ടായിരുന്നു അവളുടെ സ്വരത്തില്‍.

“എന്‍റെ ഡാഡിയുടെ…”

വിനയന്‍റെ അമ്മയപ്പോള്‍ അവളെ ഓര്‍മ്മിപ്പിച്ചു. “നീ സംസാരിച്ചു നില്‍ക്കാതെ ആ കുട്ടിക്ക് ഒരു ചായയുണ്ടാക്കിക്കൊണ്ട് വാ വിമലേ.”

“ഞാനിപ്പോ വരാം കേട്ടോ. ചേച്ചി ഊണൊക്കെ കഴിഞ്ഞ് മെല്ലെ പോയാല്‍ മതി.”

മറുപടിക്ക് അവസരം നല്‍കാതെ വിമല അകത്തേക്കോടിപ്പോയി. വിനയന്‍റെ അമ്മ പിറകെയും.

വിമലക്കുള്ള അഡ്മിഷന്‍ തുകയോടൊപ്പം ഏതാനും നൂറുരൂപാ നോട്ടുകള്‍കൂടി ബാഗില്‍ നിന്നെടുത്ത് മഞ്ജു വിനയന്‍റെ അച്ഛനെ ഏല്പിച്ചു.

“വിമലക്ക് കോളേജില്‍ പണമടക്കാനുള്ള ലാസ്റ്റ് ഡേറ്റ് നാളെയാണ്. വിനയനെ എന്താ കാണാത്തതെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഈ പുതിയ ജോലിക്കാര്യം അവന്‍ ഞങ്ങളെ അറിയിച്ചിരുന്നില്ല. രണ്ടുമൂന്ന് ദിവസമായിട്ട് ഫോണൊന്നും വന്നുമില്ല. ഏതായാലും കുട്ടിയിപ്പോള്‍ ഇതിവിടെ എത്തിച്ചത് ഉപകാരമായി.” അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നന്ദിയുണ്ടായിരുന്നു.

“ഇനി ഞാനിറങ്ങട്ടെ.” മഞ്ജു പോകാനായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

വിനയന്‍റെ അച്ഛനുടനെ അകത്തുനിന്ന് ഭാര്യയെ വിളിച്ചുവരുത്തി

മഞ്ജു പോകാന്‍ തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോള്‍ ആയമ്മ പറഞ്ഞു. “അയ്യോ. ഒരു ചായ പോലും കഴിക്കതെയോ. വിമല ചായയുണ്ടാക്കിക്കഴിഞ്ഞു. ഇപ്പൊ കൊണ്ടുവരും. ഇരിക്കൂ.”

അപ്പോഴേക്കും വിമല ചായയുമായെത്തി. ഒരു പ്ലേറ്റില്‍ വാഴയിലയില്‍ പൊതിഞ്ഞ അടകളും.

“ഇത് കൃഷ്ണന്‍റെ അമ്പലത്തിലെ നിവേദ്യമാണ്. വിനയന്‍റെ ജന്മനക്ഷത്രമാണിന്ന്. വഴിപാട്‌ കഴിച്ചതിന്‍റെ പ്രസാദമാണ്.” അടകള്‍ പ്ലേറ്റിലേക്ക് കുടഞ്ഞിട്ടശേഷം പ്ലേറ്റ് മഞ്ജുവിന് നീട്ടിക്കൊണ്ട് അമ്മ അറിയിച്ചു.

മഞ്ജുവിന് നല്ല വിശപ്പുണ്ടായിരുന്നു. ഇലയടക്ക് നല്ല സ്വാദും. മഞ്ജുവത് രുചിയോടെ കഴിച്ചു.

അവസാനം യാത്ര പറഞ്ഞ്‌ എഴുന്നേറ്റപ്പോള്‍ വിമല പരിഭവം പറഞ്ഞു. “ഊണുകഴിഞ്ഞു പോയാല്‍ മതി ചേച്ചി. അല്ലെങ്കില്‍ ഏട്ടന്‍ ഞങ്ങളെയാ പഴി പറയാ.”

“വിമലേടെ ഏട്ടനോട് ഞാന്‍ പറഞ്ഞോളാം. ഇപ്പോഴിറങ്ങിയില്ലെങ്കില്‍ വീട്ടിലെത്തുമ്പോള്‍ വല്ലാതെ വൈകും.” മഞ്ജു അവളെ ഒരുവിധത്തില്‍ സമാധാനിപ്പിച്ചു.

മടക്കയാത്രയില്‍ മഞ്ജുവിന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നത് വിനയന്‍റെ വീടും ബന്ധുക്കളുമാണ്. സ്നേഹോഷ്മളമായ അവരുടെ പെരുമാറ്റം, കുടുംബംഗങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധം എന്നിവയെല്ലാം അവളുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. ആ നല്ല മനുഷ്യര്‍ക്ക് സഹായമെത്തിക്കാന്‍ കഴിഞ്ഞതില്‍ അവള്‍ക്ക് ചാരിതാര്‍ത്ഥ്യം തോന്നി.

മടങ്ങുന്നവഴി അവള്‍ സേതുലക്ഷ്മിയെ കാണാന്‍ പൊന്‍കുന്നത്തെ ബാങ്കിലേക്ക് ചെന്നെങ്കിലും അവരവിടെ ഉണ്ടായിരുന്നില്ല.

“ആരെയോ കാണാനുണ്ടെന്ന് പറഞ്ഞ് മാഡം ഇന്ന് നേരത്തെ ഇവിടെനിന്നിറങ്ങി.” പി.എ അറിയിച്ചു.

ടൗണില്‍ എത്തിയപ്പോള്‍ മഞ്ജു ഒരു റെഡിമെയ്ഡ് ഷോപ്പില്‍നിന്ന് വിനയന് കുറച്ച് ഡ്രസ്സുകളും വാങ്ങി. ഒരു മൊബൈലും. മഞ്ജു വീട്ടിലെത്തിയപ്പോള്‍ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. കാരിബാഗുകളുമായി വണ്ടിയിൽ നിന്നിറങ്ങുമ്പോള്‍ കാണുന്നത് സിറ്റൗട്ടില്‍ കാത്തിരിക്കുന്ന വിനയനെയാണ്. അയാളുടെ മുഖത്ത് വിഹ്വലത, നീരസം എന്നീ വികാരങ്ങളുടെ സമ്മിശ്രഭാവം.

മഞ്ജു ഉമ്മറപ്പടി കയറുമ്പോള്‍ വിനയന്‍റെ ശാസന കലര്‍ന്ന സ്വരം. “മഞ്ജൂന്… ഇവിടെ ആരോടെങ്കിലും എവിടെക്കാണ്‌ പോകുന്നതെന്ന് ഒന്ന് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ? ഞാന്‍… ഞങ്ങള്‍ എത്ര പരിഭ്രമിച്ചൂന്നറിയോ?”

“എന്തിന്? ഞാനെന്താ കൊച്ചുകുട്ടിയാണോ?” മഞ്ജൂനത് കേട്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്.

മഞ്ജുവിന്‍റെ ലാഘവഭാവം അയാളെ കൂടുതല്‍ ദേഷ്യം പിടിപ്പിക്കുകയാണുണ്ടായത്.

മഞ്ജു ചോദിച്ചു “ഞാനെങ്ങോട്ടാണ് പോയതെന്ന് പറയാമോ?”

അവളുടെ ചോദ്യം തീര്‍ത്തും അവഗണിച്ചുകൊണ്ട് വിനയന്‍ ചടുപിടുന്നനെ കോണികയറി മുകളിലേക്ക് പോയി

അവര്‍ തമ്മിലുള്ള കലമ്പല്‍ കണ്ടുകൊണ്ടുനിന്ന മണ്ഡോദരി വാപൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു. “കുഞ്ഞിന് തമാശ. ആ സാറ് രാവിലെ മുതല്‍ വെരുകിനെപ്പോലെ അങ്ങോട്ടു മിങ്ങോട്ടും ഈ നടപ്പായിരുന്നു. ഭക്ഷണം പോലും നേരാംവണ്ണം കഴിച്ചിട്ടില്ല.”

“പീരുമേട്ടീന്ന് ഫോണെന്തെങ്കിലും ഉണ്ടായിരുന്നോ?”

“ഇല്ലല്ലോ കുഞ്ഞേ”

മഞ്ജു മുകളിലെത്തിയപ്പോള്‍ സിറ്റ്ഔട്ട്‌ വിജനം. വിനയന്‍റെ മുറിയുടെ വാതില്‍ അടഞ്ഞാണ് കിടന്നിരുന്നത്. വാതിലില്‍ മുട്ടിയപ്പോള്‍ വിനയന്‍ വാതില്‍ തുറന്നു. അയാളുടെ മുഖത്തപ്പോഴും നീരസം കാണാമായിരുന്നു.

“സാറിന്‍റെ മുഖമെന്താ വല്ലാതിരിക്കുന്നത്?”

“മനസ്സിനൊരു സുഖവുമില്ല.”

“വിമലയുടെ അഡ്മിഷന്‍റെ കാര്യം ഓര്‍ത്തിട്ടായിരിക്കുമല്ലേ?” നനുത്തൊരു ചിരിയോടെ മഞ്ജു ചോദിച്ചു.

അത്ഭുതംകൊണ്ട് വിനയന്‍റെ കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നു. ചോദ്യഭാവത്തിന് മറുപടിയായി മഞ്ജു പറഞ്ഞു. “ഞാനിന്ന് സാറിന്‍റെ വീട്ടില്‍ പോയിരുന്നു. വിമലയുടെ അഡ്മിഷനുള്ള തുക കൊടുത്തേല്പിക്കുകയും ചെയ്തു.” കാരിബാഗുകള്‍ വിനയന്‍റെ നേരെ നീട്ടിക്കൊണ്ട് മഞ്ജു പറഞ്ഞു. “സാറിനുള്ള ഡ്രസ്സുകളാണ്. പിന്നെ ഒരു മൊബൈലും.”

വിസ്മയംകൊണ്ട് കൂടുതല്‍ മിഴിഞ്ഞുപോയ ഇമയനക്കാതെതന്നെ വിനയനത് വാങ്ങി.

മഞ്ജു പിന്തിരിഞ്ഞ് നടക്കാന്‍ തുടങ്ങുമ്പോള്‍ പിറകില്‍നിന്നും ഇടറിയ സ്വരം. “താങ്ക് യു… താങ്ക് യു വെരി മച്ച്.”

മഞ്ജു ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ വിനയന്‍ അവിടേക്ക് വന്നു. ആ മുഖത്തെ പരിഭവമെല്ലാം മഞ്ഞുപോലെ ഉരുകി തീര്‍ന്നിരുന്നു. പകരം കൃതജ്ഞത മാത്രം.

“വലിയ സഹായമാണ് മഞ്ജു ചെയ്തത്. നന്ദി പറയാന്‍ വാക്കുകളില്ല.”

“എന്നിട്ടാണോ ഇന്നെന്നെ കണ്ടപ്പോള്‍ മുഖം കനപ്പിച്ച്‌ നിന്നത്?”

“അത്…. കാണാതായപ്പോള്‍…. ഭയന്നുപോയി”

“സാറിനപ്പോള്‍ എന്നോട് കുറച്ചെങ്കിലും സ്നേഹമുണ്ടല്ലേ?” കുസൃതി കലര്‍ന്നൊരു ചിരിയോടെ മഞ്ജു ചോദിച്ചു.

മനസ്സില്‍നിന്ന് അറിയാതെ തിളച്ചുതൂവിയ വാക്കുകളെക്കുറിച്ച് വിനയന്‍ അപ്പോഴാണ് ബോധവാനായത്. അയാളുടെ മുഖം പെട്ടെന്ന് ചുവന്നുപോയി.

“ഞാനൊന്ന് കുളിച്ചിട്ട് വരാം.” അയാള്‍ ധൃതിയില്‍ അവിടെനിന്ന് എഴുന്നേറ്റുപോയി.

“വേഗം വന്നേക്കണേ. എനിക്ക് വല്ലാതെ വിശക്കുന്നുണ്ട്.” മഞ്ജു ഓര്‍മ്മിപ്പിച്ചു.

അവള്‍ വീണ്ടും പീരുമേട്ടിലേക്ക് വിളിച്ചപ്പോള്‍ ധര്‍മ്മേന്ദ്രന്‍ അറിയിച്ചു “സാറിന്‍റെ പനി മാറി കുഞ്ഞേ. ഇന്ന് ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.” ആ വാര്‍ത്ത മഞ്ജുവിന് വളരെ ആശ്വാസമുളവാക്കി.

പൊന്‍കുന്നത്തെ ഒരു റസ്റ്റോറന്‍റില്‍ മുരളിയേയും കാത്തിരിക്കുകയായിരുന്നു സേതുലക്ഷ്മി. ഒരു പ്രധാനവാര്‍ത്ത അറിയിക്കാനുണ്ടെന്ന് മുരളി അറിയിച്ചതനുസരിച്ച് അയാളെ കാണാന്‍ എത്തിയതായിരുന്നു അവര്‍.

അല്പം കഴിഞ്ഞപ്പോള്‍ മുരളിയെത്തി. അവര്‍ രണ്ടുപേരും ഒരു ഫാമിലി കാബിനകത്തേക്കിരുന്നു.

ബെയറര്‍ വന്ന് ഓര്‍ഡര്‍ എടുത്ത് മടങ്ങിയ ഉടനെ ലാഘവത്തോടെ പുഞ്ചിരിച്ചുകൊണ്ട് മുരളി അറിയിച്ചു. “രജിസ്റ്റെര്‍ മാര്യേജിന്‍റെ കഥയൊക്കെ ശുദ്ധപൊളിയാണാന്‍റി. ഞാന്‍ തിരുവനന്തപുരത്തെ രജിസ്റെര്‍ ഓഫീസുകളിലേക്കെല്ലാം വിളിച്ചന്വേഷിച്ചു. മഞ്ജു എന്ന പേരില്‍ ആരുടേയും മാരിയേജ് കോണ്‍ട്രാക്റ്റ് ഒരെടത്തും രജിസ്റ്റര്‍ ചെയ്തിട്ടില്ല.”

ആ വാര്‍ത്ത സേതുലക്ഷ്മിയെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി “മഞ്ജു പിന്നെന്തിനാ എന്നോട് അങ്ങിനെയൊക്കെ പറഞ്ഞത്?”

“ആ പൂവാലന്‍ ചെക്കന്‍ മഞ്ജുവിനെക്കൊണ്ട് പറയിപ്പിച്ചതായിരിക്കും ആന്‍റീ… പക്ഷെ ഞാനതൊന്നും പ്രശ്നമാക്കുന്നില്ല കേട്ടോ. മഞ്ജുവിനെ ഞാന്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി.”

അപ്പോഴേക്കും തടിമിടുക്കുള്ള ഒരു യുവാവ് അവരിരിക്കുന്ന കാബിനകത്തേക്ക് കടന്നുവന്നു. “ആരെ വളച്ചെടുക്കുന്ന കാര്യമാ താന്‍ പറഞ്ഞത്?” മുരളിയുടെ നേരെ നോക്കി പരിഹാസത്തോടെ അയാള്‍ ചോദിച്ചു.

പിന്നീടയാള്‍ സേതുലക്ഷ്മിയോട് ചോദിച്ചു. “നിങ്ങള്‍ ആ മഞ്ജുവിന്‍റെ മമ്മിയാണല്ലേ? എന്നെ മനസ്സിലായോ? ഞാനാണ്‌ പൂര്‍ണ്ണിമയുടെ ജ്യേഷ്ഠന്‍ സന്ദീപ്‌.”

മുരളിയുടെ നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് അവജ്ഞയോടെ അയാള്‍ പറഞ്ഞു “ഇവനെന്നെ നല്ലപോലറിയാം.”

മുരളിയുടെ മുഖം കടലാസുപോലെ വിളറുന്നതും വികാരക്ഷോഭത്താല്‍ അയാള്‍ കിതക്കുന്നതും സേതുലക്ഷ്മി അമ്പരപ്പോടെ ശ്രദ്ധിച്ചു.

“കല്യാണം കഴിക്കാമെന്നും പറഞ്ഞു നീ എന്‍റെ പെങ്ങളെ ചതിച്ചു. ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ കിടക്കുകയാണവള്‍. അവള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ നിന്നെ ഞാന്‍…” മുരളിയുടെ ഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചുലച്ചുകൊണ്ട് സംഹാരരുദ്രനെപ്പോലെ അയാള്‍ അലറി.

അപമാനഭാരം കൊണ്ട് ചൂളിയിരുന്നതല്ലാതെ അയാള്‍ക്ക് നേരെ ഒരു വിരല്‍ അനക്കാന്‍പോലും മുരളിക്ക് ധൈര്യമുണ്ടായില്ല.

“പ്ലീസ്… പ്ലീസ് സന്ദീപ്‌, ഇവിടെയൊരു സീനുണ്ടാക്കി എന്നെ അപമാനിക്കരുത്…” മുരളി യാചിച്ചു.

“എങ്കില്‍ നീ ഈ നിമിഷം എന്‍റെ കൂടെ വരണം. എന്‍റെ പെങ്ങളുടെ ഗര്‍ഭത്തിന്‍റെ ഉത്തരവാദി നീയാണെന്ന് തുറന്നു സമ്മതിക്കണം. അവളെ ആശ്വസിപ്പിക്കണം.”

“ഓകെ സന്ദീപ്‌ പറയുന്നതെല്ലാം ഞാന്‍ ചെയ്യാം.

“എങ്കില്‍ എന്‍റെ പൊന്നളിയന്‍ എഴുന്നേറ്റ് വാ.” സന്ദീപ്‌ സേതുലക്ഷ്മിയുടെ നേരെ നോക്കി മന്ദഹസിച്ചുകൊണ്ട് ഒന്ന് കണ്ണുചിമ്മി. പിന്നെ മുരളിയുടെ തോളില്‍ കൈ ചുറ്റിക്കൊണ്ട് അയാളെ പുറത്തേക്ക് കൊണ്ടുപോയി.

ശരീരമാകെ ഒരു മരവിപ്പ് പടരുംപോലെ തോന്നി സേതുലക്ഷ്മിക്ക്.

കുനിഞ്ഞ ശിരസ്സുമായി സന്ദീപിനോടൊപ്പം നടന്നകലുന്ന മുരളിയെ അന്ധാളിപ്പോടെ നോക്കിക്കൊണ്ട്‌ അവര്‍ ഒരു ജീവച്ഛവംപോലെ ഇരുന്നുപോയി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...