സേതുലക്ഷ്മിയുടെ കണ്ണുകള്‍ ഒരുനിമിഷത്തേക്ക് വിനയനില്‍ത്തന്നെ ഉടക്കിനിന്നു. അടുത്ത നിമിഷം പരിഹാസം കലര്‍ന്ന സ്വരത്തിലവര്‍ ചീറി “ഇയാളാണോ ആ വിനയന്‍. മുരളി എന്നോടെല്ലാം പറഞ്ഞു. കേട്ടപ്പോള്‍ എനിക്ക് വിശ്വാസം തോന്നിയില്ല. ഇപ്പോള്‍ വിശ്വാസമായി.”
സേതുലക്ഷ്മിയിൽ നിന്ന് മുരളിയെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായപ്പോള്‍ മഞ്ജുവിന്‍റെ മനസ്സില്‍ കോപമാളി. അവളുടെ കണ്ണുകള്‍ വെറുപ്പുകൊണ്ട് കുറുകി. “ആ ദ്രോഹി മമ്മിയോട് എന്തെല്ലാം നുണയാ പറഞ്ഞത്?”
“നിന്‍റെ ബോയ്‌ഫ്രണ്ടിനെക്കുറിച്ചും നിങ്ങള്‍ വിവാഹിതരാകാന്‍ നിശ്ചയിച്ചതിനെക്കുറിച്ചും തന്നെ.”
“എന്നിട്ട് മമ്മി അതെല്ലാം വിശ്വസിച്ചോ?”
“പിന്നല്ലാതെ? കണ്ണിനു മുന്നില്‍ കണ്ടിട്ടും വിശ്വസിക്കാതിരിക്കാൻ മാത്രം ഞാനത്ര മണ്ടിയൊന്നുമല്ല.”
“മമ്മി ഇപ്പോള്‍ എന്ത് കണ്ടെന്നാണ്?”
“ഇനി കൂടുതലായിട്ടെന്താ കാണേണ്ടത്” കല്യാണനിശ്ചയം കഴിഞ്ഞ പെണ്ണല്ലേ നീ? എന്നിട്ട് വേറൊരുത്തനോടൊപ്പം ഇങ്ങനെ... ഛെ ! പെണ്‍കുട്ടികള്‍ക്ക് ഇത്രയും താന്തോന്നിത്തം പാടില്ല.”
റസ്റ്റോറന്‍റില്‍ വെച്ചുണ്ടായ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് മുരളി സേതുലക്ഷ്മിയെ അറിയിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് മഞ്ജുവിന് മനസ്സിലായി.
ഇടറുന്ന സ്വരത്തില്‍ മഞ്ജു അപേക്ഷിച്ചു. “എനിക്ക് പറയാനുള്ളതും കൂടി കേള്‍ക്കൂ മമ്മീ, പ്ലീസ്.”
“എന്നോടൊന്നും പറയണ്ട. എനിക്കൊന്നും കേള്‍ക്കൂം വേണ്ട. ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. നിന്‍റെ താന്തോന്നിത്തമൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. ഞാനത് സമ്മതിക്കില്ല.”
കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നമട്ടില്‍ സേതുലക്ഷ്മി വെട്ടിത്തിരിഞ്ഞ് അകത്തേക്ക് നടന്ന് മറഞ്ഞു.
സേതുലക്ഷ്മിയെ പിന്തുടര്‍ന്നുകൊണ്ട് മഞ്ജു യാചനാ സ്വരത്തില്‍ പറഞ്ഞു. “മമ്മീ, സത്യമെന്താണെന്ന് മമ്മിക്കറിയില്ല. അതാ ഇങ്ങനെയൊക്കെ പറയുന്നത്. ഞാനെല്ലാം വിശദമായി പറയാം. മമ്മി കേള്‍ക്കണം. പ്ലീസ്.”
“വേണ്ട. അതുകൊണ്ടൊന്നും എന്‍റെ തീരുമാനം ഞാന്‍ മാറ്റാന്‍ പോകുന്നില്ല. മുരളിയും നീയുമായുള്ള വിവാഹനിശ്ചയം ഞാന്‍ ഈ ആഴ്ചതന്നെ നടത്തും.” ഒട്ടും കൂസാതെ സേതുലക്ഷ്മി പ്രഖ്യാപിച്ചു.
“ഡാഡിക്ക് സുഖമില്ലാതിരിക്കുകയല്ലേ മമ്മി. നമുക്കാദ്യം ഡാഡിയെ കണ്ടിട്ട് വരാം.”
“ഞാനെങ്ങോട്ടുമില്ല. എൻഗേജ്മെന്‍റ് കഴിയാതെ നിന്നെ ഞാന്‍ എങ്ങോട്ടും അയക്കാനും പോണില്ല.”
വലയിലകപ്പെട്ട പക്ഷിയുടേതുപോലെ മഞ്ജുവിന്‍റെ ഹൃദയം പിടഞ്ഞു. തനിക്ക് പറയാനുള്ളത് കേള്‍ക്കാൻ പോലും തയ്യാറാകാതെ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മമ്മി. മമ്മിയുടെ പിടിവാശിയില്‍ ഹോമിക്കപ്പെടാന്‍ പോകുന്നത് തന്‍റെ ജീവിതമാണ്.
ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാന്‍ ഒരേയൊരു വഴി മാത്രമേ അവശേഷിച്ചിട്ടുള്ളുവെന്ന് വിവേകമവളെ ഓര്‍മ്മിപ്പിച്ചു. “അവസാനത്തെ അടവും പയറ്റിനോക്കുകതന്നെ.” അവളുടെ മനസ്സ് മന്ത്രിച്ചു.
“മമ്മി, വിനയേട്ടനും ഞാനുമായുള്ള വിവാഹം നടന്നു കഴിഞ്ഞല്ലോ... ആ സ്ഥിതിക്ക് ഇനി മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും?” സ്വരത്തില്‍ സാധാരണത്വം നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് മഞ്ജു പറഞ്ഞു.
സേതുലക്ഷ്മിയുടെ മുഖം പെട്ടെന്ന് വിളറി വെളുത്തുപോയി.
“എന്താ നീ പറഞ്ഞത്?” സേതുലക്ഷ്മി അന്ധാളിപ്പോടെ ചോദിച്ചു.
“അതെ മമ്മി. ഞങ്ങള്‍ തമ്മിലുള്ള രജിസ്റ്റെര്‍ മാര്യേജ് കഴിഞ്ഞു. ”
“എപ്പോള്‍... എവിടെവെച്ച്?” സേതുലക്ഷ്മിയുടെ സ്വരത്തില്‍ ഗദ്ഗദം കലര്‍ന്നിരുന്നു.
എതിര്‍കക്ഷിയുടെ തകര്‍ന്നു തരിപ്പണമായ മാനസികാവസ്ഥ മുതലാക്കിക്കൊണ്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ മഞ്ജു അറിയിച്ചു. “ഇന്ന് രാവിലെ. ഞങ്ങടെ കോളേജിനടുത്തുള്ള രജിസ്റ്റെര്‍ ഓഫീസില്‍വെച്ച്.”
ഹൃദയം പൊട്ടിനുറുങ്ങിയപോലെ നെഞ്ചില്‍ കയ്യമര്‍ത്തിക്കൊണ്ട് സേതുലക്ഷ്മി തേങ്ങി. “ജൂജൂ, നീയും എന്നെ ചതിച്ചുവല്ലേ?”