പിറ്റേന്ന് രാവിലെ പത്തുമണിയായപ്പോള്‍ മഞ്ജു ബാങ്കിലേക്ക് വിളിച്ചന്വേഷിച്ചു. സേതു ലക്ഷ്മി ബാങ്കിലെത്തിയിട്ടില്ലെന്നാണ് ഫോണ്‍ ഓപ്പറേറ്റര്‍ അറിയിച്ചത്. അര മണിക്കൂറിനുശേഷം വീണ്ടും വിളിച്ചപ്പോഴും അതേ മറുപടി തന്നെ.
സേതുലക്ഷ്മിയുടെ പിഎയെ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞു. “മാഡമെന്താ വൈകുന്നേന്നറിയില്ല. ഇന്നലെ ലീവിന്‍റെ കാര്യമൊന്നും പറഞ്ഞില്ലായിരുന്നു.”
സേതുലക്ഷ്മി താമസിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ വാര്‍ഡനില്‍ നിന്ന് ലഭിച്ച വിവരം അതിരാവിലെ സേതുലക്ഷ്മി ടാക്സിയില്‍ എങ്ങോട്ടോ പോയെന്നാണ്.
സേതുലക്ഷ്മിയുടെ സെല്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഫോണിന്‍റെ റിംഗ് കേട്ടെങ്കിലും മഞ്ജു ഹലോ മമ്മി എന്ന് പറഞ്ഞതോടെ ഫോണ്‍ കട്ടാകുകയും ചെയ്തു.
കുറച്ചുകഴിഞ്ഞപ്പോള്‍ ധര്‍മ്മേന്ദ്രന്‍റെ ഫോണ്‍ വന്നു. “കുഞ്ഞേ, കൊച്ചമ്മ ഇങ്ങോട്ടെത്തിയിട്ടുണ്ട്. സാറിന്‍റെ കട്ടിലിലിരുന്ന് എന്തൊക്കെയോ സംസാരിക്കുവാ.”
കത്തുന്ന നെഞ്ചിലേക്ക് മഞ്ഞുപൊഴിയും പോലെ തോന്നി മഞ്ജുവിന്. മമ്മി ഡാഡിയുടെ അടുത്തെത്തിയിരിക്കുന്നു. അവര്‍ തമ്മിലുള്ള പിണക്കം അവസാനിച്ചിരിക്കുന്നു!
“ഡാഡിക്കിപ്പോള്‍ എങ്ങനെയുണ്ട്?”
“പനി മാറി. എങ്കിലും നല്ലക്ഷീണമുണ്ട്. ഭക്ഷണത്തിന് തീരെ രുചി തോന്നുന്നില്ലെന്നാ പറയുന്നേ.”
“ഡാഡിക്ക് കോഡ് ലെസ് ഒന്ന് കൊടുക്കാമോ? എനിക്ക് ഡാഡിയോട് സംസാരിക്കണം.”
“കൊടുക്കാം കുഞ്ഞേ” ധര്‍മ്മേന്ദ്രന്‍ അനുഭാവത്തോടെ പറഞ്ഞു.
മഞ്ജു പ്രതീക്ഷയോടെ ഉണ്ണിത്താന്‍റെ സ്വരത്തിനായി കാതോര്‍ത്ത് നില്‍ക്കുമ്പോള്‍ വീണ്ടും ധര്‍മ്മേന്ദ്രന്‍റെ പതിഞ്ഞ സ്വരം കേട്ടു. “കൊച്ചമ്മ സാറിനോടെന്തൊക്കെയോ പതം പറച്ചിലും കരച്ചിലും ഒക്കെയാ. അതുകൊണ്ട് ഞാന്‍ മിണ്ടാതിങ്ങ് പോന്നു. ശിവരാമകൃഷ്ണന്‍ സാറിവിടെയുണ്ട്. കൊടുക്കണോ?”
“ഞാന്‍ പിന്നെ വിളിച്ചോളാം.” മഞ്ജു ഫോണ്‍ തിരികെ ക്രേഡിലില്‍ വെച്ചശേഷം മുകളിലേക്ക് ചെന്നു.
വിനയന്‍ ലോബിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. മഞ്ജു അത്യാഹ്ലാദപൂര്‍വ്വം അറിയിച്ചു. “മമ്മി പീരുമേട്ടിലെത്തിയിട്ടുണ്ടെന്ന് ധര്‍മ്മന്‍ചേട്ടന്‍റെ ഫോണുണ്ടായിരുന്നു.”
“അപ്പോള്‍ മഞ്ജുവിന്‍റെ ഡാഡിയും മമ്മിയും തമ്മിലുള്ള പിണക്കം അവസാനിച്ചുവെന്നര്‍ത്ഥം. ഇനി മഞ്ജുവും മമ്മിയും തമ്മിലുള്ള പിണക്കം കൂടി രഞ്ജിപ്പിലായാല്‍ പ്രശ്നം തീരുമല്ലോ”
“എന്ന് തീര്‍ത്തു പറയാനാവില്ല സര്‍. വീണ്ടും മുരളിയുടെ കാര്യം പറഞ്ഞ് മമ്മി പിടിവാശി തുടങ്ങിയാലോ? പിന്നെ മറ്റൊരു പ്രശ്നം. ഡാഡി ഹോസ്പിറ്റലില്‍ ആയിരുന്നപ്പോള്‍ ശുശ്രൂഷിച്ചിരുന്നത് ശിവരാമേട്ടനായിരുന്നല്ലോ. ആ ഉപകാരസ്മരണയില്‍ ഡാഡിക്കും മമ്മിക്കും ശിവരാമേട്ടനോട് ഒരലിവ് തോന്നിയാല്‍ വീണ്ടും സംഗതികള്‍ കുഴയും.”
“അപ്പോള്‍ എനിക്കുടനെ ഇവിടെനിന്ന് മടങ്ങാന്‍ സാധിക്കില്ലെന്നാണോ?”
“സാര്‍ രണ്ടുമൂന്ന് ദിവസവുംകൂടി ക്ഷമിക്കണമെന്നാണ് എന്‍റെ അപേക്ഷ.”
പിറ്റേന്ന് രാവിലെ ഉണ്ണിത്താനും സേതുലക്ഷ്മിയും ശിവരാമകൃഷ്ണനും അയാളും കാഞ്ഞിരപ്പിള്ളിക്ക് പുറപ്പെടുകയാണെന്ന സന്ദേശവുമായി ധര്‍മ്മേന്ദ്രന്‍റെ ഫോണെത്തി.
ഡാഡിയും മമ്മിയും മടങ്ങിവരുകയാണെന്നറിഞ്ഞപ്പോള്‍ മഞ്ജുവിന് സന്തോഷം തോന്നിയെങ്കിലും അവരെ നേരിടാന്‍ അല്പം സങ്കോചവും തോന്നി. തന്‍റെ വിവാഹ വിളംബരം കൊണ്ട് അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന മനസിക ആഘാതത്തെക്കുറിച്ചോര്‍ത്തപ്പോള്‍ അപരാധബോധത്താല്‍ മനസ്സ് നീറി.
ഉണ്ണിത്താനും മറ്റും വീട്ടിലെത്തിയപ്പോള്‍ സന്ധ്യയായി. ഡാഡി വല്ലാതെ ക്ഷീണിതനാണെന്ന് മഞ്ജു ശ്രദ്ധിച്ചു. സേതുലക്ഷ്മിയുടെ ചുമലില്‍ ചാഞ്ഞ് മെല്ലെ ഉമ്മറപ്പടികള്‍ കയറുന്ന ഉണ്ണിത്താനെ കണ്ടപ്പോള്‍ മഞ്ജുവിന്‍റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി.
ശിവരാമകൃഷ്ണനും ധര്‍മ്മേന്ദ്രനും കാറിന്‍റെ ഡിക്കിയില്‍നിന്നും സൂട്ട്കേസുകളും മറ്റും എടുത്തുവെക്കുകയായിരുന്നു. പെട്ടെന്ന്, ക്ഷീണംകൊണ്ട് കാല് കുഴഞ്ഞ് ഉണ്ണിത്താന്‍ വീഴാന്‍ ഭാവിച്ചു. അദ്ദേഹത്തെ വീഴ്ചയില്‍നിന്ന് രക്ഷിക്കാനുള്ള സേതുലക്ഷ്മിയുടെ ശ്രമവും വിഫലമായി. അപ്പോഴേക്കും ചവിട്ടുപടിയുടെ ഓരത്ത് ഒതുങ്ങി നിന്നിരുന്ന വിനയന്‍ മുന്നോട്ടാഞ്ഞ് ഉണ്ണിത്താനെ താങ്ങിപ്പിടിച്ചു. വാടിയ ചീരത്തണ്ടുപോലെ തളര്‍ന്നുപോയ ശരീരം താങ്ങിയെടുത്തുകൊണ്ട് വിനയന്‍ അകത്തേക്ക് നടന്നു. ബെഡ്റൂമിലെ കട്ടിലില്‍ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ അദ്ദേഹത്തെ കിടത്തി.