സേതുലക്ഷ്മിയുടെ കണ്ണുകള്‍ ഒരുനിമിഷത്തേക്ക് വിനയനില്‍ത്തന്നെ ഉടക്കിനിന്നു. അടുത്ത നിമിഷം പരിഹാസം കലര്‍ന്ന സ്വരത്തിലവര്‍ ചീറി “ഇയാളാണോ ആ വിനയന്‍. മുരളി എന്നോടെല്ലാം പറഞ്ഞു. കേട്ടപ്പോള്‍ എനിക്ക് വിശ്വാസം തോന്നിയില്ല. ഇപ്പോള്‍ വിശ്വാസമായി.”

സേതുലക്ഷ്മിയിൽ നിന്ന് മുരളിയെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായപ്പോള്‍ മഞ്ജുവിന്‍റെ മനസ്സില്‍ കോപമാളി. അവളുടെ കണ്ണുകള്‍ വെറുപ്പുകൊണ്ട്‌ കുറുകി. “ആ ദ്രോഹി മമ്മിയോട് എന്തെല്ലാം നുണയാ പറഞ്ഞത്?”

“നിന്‍റെ ബോയ്‌ഫ്രണ്ടിനെക്കുറിച്ചും നിങ്ങള്‍ വിവാഹിതരാകാന്‍ നിശ്ചയിച്ചതിനെക്കുറിച്ചും തന്നെ.”

“എന്നിട്ട് മമ്മി അതെല്ലാം വിശ്വസിച്ചോ?”

“പിന്നല്ലാതെ? കണ്ണിനു മുന്നില്‍ കണ്ടിട്ടും വിശ്വസിക്കാതിരിക്കാൻ മാത്രം ഞാനത്ര മണ്ടിയൊന്നുമല്ല.”

“മമ്മി ഇപ്പോള്‍ എന്ത് കണ്ടെന്നാണ്?”

“ഇനി കൂടുതലായിട്ടെന്താ കാണേണ്ടത്” കല്യാണനിശ്ചയം കഴിഞ്ഞ പെണ്ണല്ലേ നീ? എന്നിട്ട് വേറൊരുത്തനോടൊപ്പം ഇങ്ങനെ… ഛെ ! പെണ്‍കുട്ടികള്‍ക്ക് ഇത്രയും താന്തോന്നിത്തം പാടില്ല.”

റസ്റ്റോറന്‍റില്‍ വെച്ചുണ്ടായ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് മുരളി സേതുലക്ഷ്മിയെ അറിയിപ്പിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് മഞ്ജുവിന് മനസ്സിലായി.

ഇടറുന്ന സ്വരത്തില്‍ മഞ്ജു അപേക്ഷിച്ചു. “എനിക്ക് പറയാനുള്ളതും കൂടി കേള്‍ക്കൂ മമ്മീ, പ്ലീസ്.”

“എന്നോടൊന്നും പറയണ്ട. എനിക്കൊന്നും കേള്‍ക്കൂം വേണ്ട. ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. നിന്‍റെ താന്തോന്നിത്തമൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. ഞാനത് സമ്മതിക്കില്ല.”

കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നമട്ടില്‍ സേതുലക്ഷ്മി വെട്ടിത്തിരിഞ്ഞ് അകത്തേക്ക് നടന്ന് മറഞ്ഞു.

സേതുലക്ഷ്മിയെ പിന്തുടര്‍ന്നുകൊണ്ട് മഞ്ജു യാചനാ സ്വരത്തില്‍ പറഞ്ഞു. “മമ്മീ, സത്യമെന്താണെന്ന് മമ്മിക്കറിയില്ല. അതാ ഇങ്ങനെയൊക്കെ പറയുന്നത്. ഞാനെല്ലാം വിശദമായി പറയാം. മമ്മി കേള്‍ക്കണം. പ്ലീസ്.”

“വേണ്ട. അതുകൊണ്ടൊന്നും എന്‍റെ തീരുമാനം ഞാന്‍ മാറ്റാന്‍ പോകുന്നില്ല. മുരളിയും നീയുമായുള്ള വിവാഹനിശ്ചയം ഞാന്‍ ഈ ആഴ്ചതന്നെ നടത്തും.” ഒട്ടും കൂസാതെ സേതുലക്ഷ്മി പ്രഖ്യാപിച്ചു.

“ഡാഡിക്ക് സുഖമില്ലാതിരിക്കുകയല്ലേ മമ്മി. നമുക്കാദ്യം ഡാഡിയെ കണ്ടിട്ട് വരാം.”

“ഞാനെങ്ങോട്ടുമില്ല. എൻഗേജ്മെന്‍റ് കഴിയാതെ നിന്നെ ഞാന്‍ എങ്ങോട്ടും അയക്കാനും പോണില്ല.”

വലയിലകപ്പെട്ട പക്ഷിയുടേതുപോലെ മഞ്ജുവിന്‍റെ ഹൃദയം പിടഞ്ഞു. തനിക്ക് പറയാനുള്ളത് കേള്‍ക്കാൻ പോലും തയ്യാറാകാതെ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മമ്മി. മമ്മിയുടെ പിടിവാശിയില്‍ ഹോമിക്കപ്പെടാന്‍ പോകുന്നത് തന്‍റെ ജീവിതമാണ്‌.

ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടാന്‍ ഒരേയൊരു വഴി മാത്രമേ അവശേഷിച്ചിട്ടുള്ളുവെന്ന് വിവേകമവളെ ഓര്‍മ്മിപ്പിച്ചു. “അവസാനത്തെ അടവും പയറ്റിനോക്കുകതന്നെ.” അവളുടെ മനസ്സ് മന്ത്രിച്ചു.

“മമ്മി, വിനയേട്ടനും ഞാനുമായുള്ള വിവാഹം നടന്നു കഴിഞ്ഞല്ലോ… ആ സ്ഥിതിക്ക് ഇനി മറ്റൊരു വിവാഹം എങ്ങനെ സാധ്യമാകും?” സ്വരത്തില്‍ സാധാരണത്വം നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ട്‌ മഞ്ജു പറഞ്ഞു.

സേതുലക്ഷ്മിയുടെ മുഖം പെട്ടെന്ന് വിളറി വെളുത്തുപോയി.

“എന്താ നീ പറഞ്ഞത്?” സേതുലക്ഷ്മി അന്ധാളിപ്പോടെ ചോദിച്ചു.

“അതെ മമ്മി. ഞങ്ങള്‍ തമ്മിലുള്ള രജിസ്റ്റെര്‍ മാര്യേജ് കഴിഞ്ഞു. ”

“എപ്പോള്‍… എവിടെവെച്ച്?” സേതുലക്ഷ്മിയുടെ സ്വരത്തില്‍ ഗദ്ഗദം കലര്‍ന്നിരുന്നു.

എതിര്‍കക്ഷിയുടെ തകര്‍ന്നു തരിപ്പണമായ മാനസികാവസ്ഥ മുതലാക്കിക്കൊണ്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ മഞ്ജു അറിയിച്ചു. “ഇന്ന് രാവിലെ. ഞങ്ങടെ കോളേജിനടുത്തുള്ള രജിസ്റ്റെര്‍ ഓഫീസില്‍വെച്ച്.”

ഹൃദയം പൊട്ടിനുറുങ്ങിയപോലെ നെഞ്ചില്‍ കയ്യമര്‍ത്തിക്കൊണ്ട് സേതുലക്ഷ്മി തേങ്ങി. “ജൂജൂ, നീയും എന്നെ ചതിച്ചുവല്ലേ?”

അടുത്തനിമിഷം പൊട്ടിക്കരഞ്ഞുകൊണ്ടവര്‍ ബെഡ്റൂമിലേക്ക് കടന്ന് വാതിലടച്ചു.

മഞ്ജു പലതവണ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും സേതുലക്ഷ്മി വാതില്‍ തുറന്നില്ല.

സേതുലക്ഷ്മിയുടെ കര്‍ക്കശസ്വരത്തിലുള്ള ശകാരങ്ങളും കര്‍ശനനിര്‍ദ്ദേശങ്ങളും മഞ്ജുവിന്‍റെ താഴ്മയോടെയുള്ള അപേക്ഷകളും യാചനകളുമെല്ലാം വിനയന് വ്യക്തമായി കേള്‍ക്കാമായിരുന്നു. ഒട്ടും പ്രതീഷിക്കാത്ത ഒരു ഊരാക്കുടുക്കില്‍ പെട്ടുപോയവന്‍റെ അമ്പരപ്പോടെയും നിസ്സഹായതയോടെയും നടുങ്ങി നില്‍ക്കുകയായിരുന്നു അയാള്‍.

കുറച്ചുകഴിഞ്ഞപ്പോള്‍ അകത്തെ ശബ്ദഘോഷങ്ങള്‍ നിലച്ചു. നിമിഷങ്ങള്‍ക്കകം മഞ്ജു വിനയന്‍റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്ത് കണ്ണീരിന്‍റെ നനവ്‌ പടര്‍ന്നിരുന്നു.

ഇടറുന്ന സ്വരത്തിലവള്‍ പറഞ്ഞു. “വരൂ സര്‍, അകത്തേക്കിരിക്കാം.”

അടുക്കള ഭാഗത്തുനിന്ന് മണ്ഡോദരിയും അങ്ങോട്ടുവന്നു. കണ്‍കോണുകൊണ്ട് വിനയനെ ഒന്ന് പാളിനോക്കിയ ശേഷം പതിഞ്ഞ സ്വരത്തിലവള്‍ മഞ്ജുവിനെ സാന്ത്വനിപ്പിച്ചു. “ഒന്നും സാരമാക്കണ്ട കുഞ്ഞേ, ഒന്നുരണ്ടുദിവസം കഴിയുമ്പോള്‍ മാഡത്തിന്‍റെ പിണക്കമൊക്കെ അങ്ങ് മാറും.”

മണ്ഡോദരി ടാക്സിക്കകത്തെ ലഗേജുകളെല്ലാം അകത്തേക്ക് എടുത്തുവെച്ചു.

ടാക്സിക്കാരന് പൈസകൊടുത്തശേഷം മഞ്ജു വിനയനെ ഒന്നാംനിലയിലെ ലോബിയിലിരുത്തി.

ഒന്ന് മുരടനക്കിക്കൊണ്ട് വിനയന്‍ ചോദിച്ചു. “ഞാന്‍… ഞാനിനി പൊയ്ക്കോട്ടേ. അല്ലെങ്കില്‍ മഞ്ജുവിന്‍റെ മമ്മി ഇനിയും വഴക്കുണ്ടാക്കും.”

“അയ്യോ! അതോടെ കള്ളി മുഴുവന്‍ വെളിച്ചത്താകും. മമ്മി അല്പം മുന്‍പ് പറഞ്ഞതെല്ലാം സാറും കേട്ടതാണല്ലോ. കുറച്ചു ദിവസത്തേക്ക് സര്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം. പ്ലീസ്”

“എത്ര ദിവസത്തേക്ക്?” വിനയന്‍റെ സ്വരത്തില്‍ വൈമനസ്യം പ്രകടമായിരുന്നു.

“എല്ലാമൊന്ന് കലങ്ങി തെളിയുന്നതുവരെ; കൂടി വന്നാല്‍ ഒരാഴ്ച.”

“എന്തായാലും മറ്റന്നാള്‍ എനിക്ക് വീടുവരെ ഒന്ന് പോണം. ഒരത്യാവശ്യമുണ്ട്‌.”

“മറ്റന്നാളോ? മൂന്നുനാലു ദിവസം കൂടി സാറിന് ക്ഷമിച്ചുകൂടെ.ഡ”

“അത് ബുദ്ധിമുട്ടാണ്. എനിക്ക് പോകാത്തിരിക്കാന്‍ കഴിയില്ല. അത്യാവശ്യമായി കുറച്ചുപണം അവിടെ എത്തിക്കാനുണ്ട്‌.” വിനയന്‍റെ സ്വരത്തില്‍ അതുവരെ ഇല്ലാത്ത നീരസം കലര്‍ന്നിരുന്നു.

ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ട് പതറുന്ന സ്വരത്തില്‍ മഞ്ജു പറഞ്ഞു, “വിനയന്‍ സര്‍ അല്പം വിശ്രമിക്കൂ. എന്നിട്ട് നമുക്ക് വിശദമായി സംസാരിക്കാം.”

മഞ്ജു, അവളുടെ ബെഡ്റൂമിന് എതിര്‍വശത്തുള്ള മുറി വിനയന് വിശ്രമിക്കാനായി തുറന്നുകൊടുത്തപ്പോള്‍ അയാള്‍ മനസ്സില്ലാമനസ്സോടെ ആ മുറിയിലേക്ക് പോയി.

മഞ്ജു സ്വന്തം മുറിയിലേക്ക് നടന്നു. തന്‍റെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള സന്മനസ്സു പോലും മമ്മി കാണിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വീണ്ടും ദുഖത്തിന്‍റെ ചിറപൊട്ടി.

നിമിഷങ്ങള്‍ കടന്നുപോയി. മതിയാവോളം കണ്ണുനീര്‍ വാര്‍ത്തപ്പോള്‍ മനസിന്‍റെ ഭാരം അല്പം കുറഞ്ഞു.

മുഖമൊന്നു കഴുകി തുടച്ചശേഷം അവള്‍ ബെഡ്റൂമിൽ നിന്നും പുറത്തുവന്നു. നേരം സന്ധ്യമയങ്ങാന്‍ തുടങ്ങിയിരുന്നു.

വിനയന്‍റെ മുറി അടഞ്ഞാണ് കിടന്നിരുന്നത്.

മഞ്ജു കോണിയിറങ്ങി സേതുലക്ഷ്മിയുടെ ബെഡ്റൂമിന്‍റെ ഭാഗത്തേക്ക്‌ നടന്നു. വാതില്‍ അകത്തുനിന്ന് ഓടാമ്പല്‍ ഇട്ടിരിക്കയാണ്. മഞ്ജു വാതിലില്‍ പലതവണ മുട്ടി. “മമ്മി, വാതിലൊന്നു തുറക്കൂ മമ്മി, പ്ലീസ്”എന്നവള്‍ പലവട്ടം കേണപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

മമ്മിയിപ്പോള്‍ കണ്ണീര്‍വാര്‍ത്തുകൊണ്ട് കിടക്കയില്‍ തളര്‍ന്നുകിടക്കുകയായിരിക്കും എന്നവള്‍ ഊഹിച്ചു. പ്രായപൂര്‍ത്തിയായ മകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഒരു ദിവസം താന്‍ വിവാഹിതയായി എന്നും പറഞ്ഞ് ഒരു യുവാവിനോടൊപ്പം മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഒരമ്മക്കുണ്ടാകുന്ന നടുക്കമെന്തെന്ന് മനസ്സിലാകാഞ്ഞിട്ടല്ല. പക്ഷെ തന്‍റെ മുന്നില്‍ വേറെ വഴിയില്ലായിരുന്നു.

സത്യാവസ്ഥകളെല്ലാം അറിയുമ്പോള്‍ മമ്മി തനിക്ക് മാപ്പുതരുമെന്ന് പ്രത്യാശിക്കാന്‍ മാത്രമേ തനിക്കിപ്പോള്‍ കഴിയുകയുള്ളൂ.

സ്വരംകേട്ട് മണ്ഡോദരി വന്നപ്പോള്‍ കാണുന്നത് കണ്ണീരൊഴുക്കിക്കൊണ്ട് സേതുലക്ഷ്മിയുടെ ബെഡ്റൂമിന് മുന്നില്‍ നില്‍ക്കുന്ന മഞ്ജുവിനെയാണ്.

മണ്ഡോദരി അവളെ ആശ്വസിപ്പിച്ചു “കുഞ്ഞിന് മാഡത്തിന്‍റെ സ്വഭാവമറിയാമല്ലോ. ദേഷ്യം കേറിയാല്‍ പിന്നെ കണ്ണുംമൂക്കുമില്ലാത്തൊരു പോക്കാ. അത്ര വേഗമൊന്നും തണുക്കത്തുമില്ല. കുഞ്ഞ് ഒന്നുരണ്ടുദിവസത്തേക്ക് ഒന്ന് സമാധാനപ്പെട്. എല്ലാം ശരിയാകുമെന്നെ.”

ഒരു നിമിഷത്തെ ഇടവേളയ്ക്കുശേഷം ഒരു നെടുനിശ്വസത്തോടെ മണ്ഡോദരി തുടര്‍ന്നു. “ഇന്ന് നല്ലോരു ദിവസമായിട്ട് കുഞ്ഞിനിങ്ങനെ നിന്ന് കണ്ണീരൊഴുക്കേണ്ടിവന്നല്ലോ എന്നോര്‍ക്ക്മ്പോ വല്ലാത്തൊരു വെഷമം. കുഞ്ഞിനും കുഞ്ഞിന്‍റെ സാറിനും അത്താഴത്തിനെന്താ ഉണ്ടാക്കേണ്ടത്? മംഗലം നടന്ന വീടല്ലേ? ഒരു ചെറിയ സദ്യ തയാറാക്കിയേക്കാം. എന്താ?”

“അതൊന്നും വേണ്ട ചേച്ചി. ഒരാള്‍ക്കുള്ള ചപ്പാത്തീം കറീം മതി. പിന്നെ മമ്മിക്കും നിങ്ങള്‍ക്കും വേണ്ടതും.”

“അതെന്താ അങ്ങനെ? കുഞ്ഞിന്ന് പട്ടിണി കിടക്കാന്‍ പോകുവാണോ? നല്ലോരു ദിവസമായിട്ട് അത്താഴ പട്ടിണി കിടന്നേക്കല്ലേ. ഇച്ചിരിക്കെന്തെങ്കിലും കഴിച്ചോണം.”

“ഒട്ടും വിശപ്പ്‌ തോന്നണില്ല. അത്താഴം റെഡി ആയാല്‍ മുകളിലേക്ക് കൊണ്ടുവന്നാല്‍ മതി.”

പെട്ടെന്ന് എന്തോ ഓര്‍മ്മവന്നമട്ടില്‍ തിരിഞ്ഞുനിന്ന് മഞ്ജു പറഞ്ഞു “അല്ലെങ്കില്‍ വേണ്ട. എല്ലാം പകര്‍ന്ന് മേശപ്പുറത്ത് വെച്ചാല്‍ മതി. ഞാനിങ്ങോട്ടു വന്നെടുത്തോളാം.”

ഒരു കള്ളച്ചിരിയോടെ മണ്ഡോദരി പിറുപിറുത്തു “ഞാന്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പാകുന്നില്ലേ എന്‍റെ പൊന്നേ?”

മഞ്ജു ചോദിച്ചു “മണ്ടുചേച്ചി എന്താപറഞ്ഞത്‌?”

“ഒന്നൂല്ലെന്‍റെ പൊന്നുകുഞ്ഞേ. കുഞ്ഞ് വേഗം പൊയ്ക്കോ. അവിടെ ഒരാളിപ്പോള്‍ കാത്തിരിക്കുന്നുണ്ടാകും.” അര്‍ത്ഥഗര്‍ഭമായ ഒരു ചിരിയോടെ മണ്ഡോദരി ഓര്‍മ്മപ്പെടുത്തിയപ്പോള്‍ എല്ലാ മനോസംഘര്‍ഷവും മറന്ന് മഞ്ജു ചിരിച്ചുപോയി.

ലോബിയിലെ ടിവിക്ക് മുന്നിലിരുന്ന് വിനയന്‍ സ്പോര്‍ട്സ് ചാനല്‍ ഉദ്യോഗപൂര്‍വം കാണുകയായിരുന്നു. മഞ്ജുവിനെ കണ്ട ഉടനെ അയാളെഴുന്നേറ്റ് ടിവി ഓഫ് ചെയ്ത് സ്വന്തം മുറിയിലേക്ക് നടക്കാന്‍ ഭാവിച്ചു.

“സാറെന്താ ടിവി ഓഫ് ചെയ്തത്?” മഞ്ജു ചോദിച്ചു

“മഞ്ജുവിന്… എന്തെങ്കിലും പ്രോഗ്രാം കാണാനുണ്ടെങ്കില്‍…”

“ഇല്ല. എനിക്കല്പം ജോലിയുണ്ട്. ഹോസ്റ്റലില്‍ നിന്ന് കൊണ്ടുവന്നതെല്ലാമൊന്ന് അടുക്കിപ്പെറുക്കിവെക്കണം.”

മഞ്ജു നേരെ സ്വന്തം മുറിയിലേക്ക് നടന്നു. കാര്‍ട്ടണില്‍ പായ്ക്ക്ചെയ്ത് വെച്ചിരുന്നതെല്ലാം എടുത്ത് അടുക്കിവെച്ചു. പിന്നെ താഴെ പോയി വിനയനുള്ള ഭക്ഷണവുമായി മുകളിലെത്തി.

ഒരു പ്ലേറ്റില്‍ ചപ്പാത്തിയും കറിയും വിളമ്പി കൊടുത്തപ്പോള്‍ വിനയനത് രുചിയോടെ കഴിക്കുന്നത്‌ കണ്ടു. ഭക്ഷണം ബാക്കിയായെങ്കിലും മഞ്ജുവിന് ഒന്നും കഴിക്കാന്‍ തോന്നിയില്ല.

പാത്രങ്ങള്‍ തിരികെ അടുക്കളയില്‍ കൊണ്ടുപോയി വെച്ചശേഷം മഞ്ജു സേതുലക്ഷ്മിയുടെ മുറിയുടെ വാതിലില്‍ പലവട്ടം മുട്ടിവിളിച്ചു.

“മമ്മി, ഒന്ന് വാതില്‍ തുറക്കൂ മമ്മി” എന്ന് പലതവണ കെഞ്ചി അപേക്ഷിച്ചെങ്കിലും അകത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന വാചാലമായ മൗനം മാത്രം.

നെഞ്ചുരുകുന്ന മനോവേദനയോടെ മഞ്ജു വാതിലിനുമുന്നില്‍ തളര്‍ന്നിരുന്നുകൊണ്ട് വിതുമ്പിക്കരഞ്ഞു. സമയം കടന്നുപോയി. എപ്പോഴോ ഉറക്കം അവളുടെ കണ്‍പോളകള്‍ തഴുകി അടച്ചു.

ഡ്രോയിംഗ്റൂമിലെ ക്ലോക്കിന്‍റെ മണിയടിസ്വരം അവളെ ഉണര്‍ത്തി. സമയം വെളുപ്പിന് മൂന്നുമണി. തല വല്ലാതെ വിങ്ങി വേദനിച്ചുകൊണ്ടിരുന്നു കവിളിണകളില്‍ അപ്പോഴും കണ്ണുനീരിന്‍റെ നനവ്‌ പടര്‍ന്നിരുന്നു.

മഞ്ജു മുകളിലേക്ക് നടന്നു. വിനയന്‍റെ മുറി അടഞ്ഞാണ് കിടന്നിരുന്നത്.

സ്വന്തം മുറിയില്‍ ചെന്ന് ലൈറ്റ്പോലും തെളിക്കാതെ അവള്‍ കിടക്കയിലേക്ക് വീണു. വയറിനകത്ത്‌ വിശപ്പിന്‍റെ കാളല്‍; അത്താഴപട്ടിണി കിടന്നതിന്‍റെ അനന്തര ഫലം.

ഇരുട്ടത്ത് ഉറക്കംവരാതെ കണ്ണും മിഴിച്ച് കിടക്കുമ്പോള്‍ വിനയന്‍റെ മുഖം ഓര്‍മ്മയില്‍ തെളിഞ്ഞു.

തന്നെ കാണുമ്പോള്‍ ഒരു വന്യമൃഗത്തിന്‍റെ മുന്നിലെന്നപോലെ സാറെന്തിനാണിങ്ങനെ പരിഭ്രമിക്കുന്നത്‌? എന്തിനാണിത്രയും അകല്‍ച്ച കാണിക്കുന്നത്?

ഇന്നലെ അത്താഴം കഴിക്കുമ്പോള്‍ സര്‍ തന്നെക്കുറിച്ച് ഓര്‍ത്തുപോലുമില്ലല്ലോ. തന്‍റെ മനസ്സ് വേദനകൊണ്ട് പിടയുകയാണെന്ന് അറിഞ്ഞിട്ടും സാറിതുവരെ ഒരു സാന്ത്വനവാക്കു പോലും പറഞ്ഞില്ലല്ലോ. സാറിന്‍റെ മനസ്സില്‍ തന്നെക്കുറിച്ച് അല്പം പോലും അലിവില്ലെന്നോ?

പക്ഷെ അടുത്ത നിമിഷം വിനയനെക്കുറിച്ച് അങ്ങനെ ചിന്തിച്ചുപോയതില്‍ അവള്‍ക്ക് കുറ്റബോധം തോന്നി. ഹോസ്റ്റലില്‍നിന്ന് മടങ്ങുമ്പോള്‍ സാര്‍ തന്നോടൊപ്പം വന്നില്ലായിരുന്നെങ്കില്‍… അതാലോച്ചിച്ചപ്പോള്‍ തന്നെ അവളുടെ നെഞ്ചിടിപ്പ്‌ കൂടി.

ഒരിക്കലും മാന്യമല്ലാത്ത ഒരു വാക്കോ നോക്കോ സാറില്‍നിന്നുണ്ടായിട്ടില്ല. ഇപ്പോള്‍ തനിക്ക് തോന്നുന്ന സുരക്ഷിതബോധംപോലും ആ സാന്നിദ്ധ്യംകൊണ്ട് മാത്രമാണ്. മെല്ലെ മയക്കത്തിന്‍റെ പിടിയിലമരുമ്പോള്‍ മഞ്ജുവിന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നത് വിനയനോടുള്ള ആരാധനയും നന്ദിയും മാത്രമായിരുന്നു.

പിറ്റേന്ന് രാവിലെ അല്പം വൈകി ഉറക്കമുണര്‍ന്ന് അവള്‍ മുറിയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ വിനയന്‍ ഒരു ബക്കറ്റിനകത്ത് അലക്കിയ തുണികളുമായി അവളെയും കാത്തിരിക്കുകയായിരുന്നു.

അവളെ കണ്ടപ്പോള്‍ അയാള്‍ തന്‍റെ ആവശ്യമറിയിച്ചു. “ഇതൊന്ന് ഉണക്കാനിടണമായിരുന്നു. ഞാന്‍ കാര്യമായൊന്നും കൊണ്ടുവന്നിട്ടില്ല.”

“ഇങ്ങ് തരൂ. ഞാനത് ഉണക്കാനിടാം.”

“അയ്യോ. അത് വേണ്ട. അയ എവിടെയാണെന്ന് പറഞ്ഞാല്‍ മതി.”

“അയകളെല്ലാം അടുക്കളമുറ്റത്താണ്, പിന്നെ വര്‍ക്ക് ഏരിയയിലും. സാറുതന്നെ അത് ഉണക്കാനിടുന്നത് ആരെങ്കിലും കണ്ടാല്‍ നമ്മുടെ കഥകളെല്ലാം പൊളിയും. ഞാന്‍ ഇത് മണ്ടുച്ചേച്ചിയെ ഏല്പിച്ചേക്കാം. അതുപോരെ.”

എതിരൊന്നും പറയാതെ വിനയന്‍ ബക്കറ്റ് മഞ്ജുവിനെ ഏല്പിച്ചു. മഞ്ജു താഴേക്ക്‌ ചെന്നപ്പോള്‍ സേതുലക്ഷ്മിയുടെ റൂം തുറന്നുകിടക്കുന്നു. സേതുലക്ഷ്മി ബാങ്കിലേക്ക് പുറപ്പെടാനുള്ള സമയം ആകുന്നതേയുള്ളൂ.

അടുക്കളയിലേക്ക് ചെന്ന് മണ്ഡോദരിയോട് ചോദിച്ചപ്പോള്‍ അവളറിയിച്ചു. “മാഡം ഇന്ന് രാവിലേതന്നെ എങ്ങോട്ടോ പോയി കുഞ്ഞേ. ഒരു ഷോള്‍ഡര്‍ ബാഗ്‌ നിറയെ ഡ്രെസ്സും എടുത്തിട്ടുണ്ട്.”

“നമ്മുടെ കാറിലല്ലേ പോയത്?”

“അതെ.”

“എങ്ങോട്ടാ പോകുന്നേന്ന് മമ്മി പറഞ്ഞില്ലേ?”

“ഞാന്‍ ചോദിച്ചതാ. പക്ഷെ ഒന്നും പറഞ്ഞില്ല. മാഡം എസ്റ്റേറ്റിലേക്കാണോ എന്നാ എന്‍റെ സംശയം. കുറച്ചുനാളായിട്ട് മാഡത്തിന് വല്ലാത്തൊരു ഉന്മേഷക്കുറവായിരുന്നു കേട്ടോ. സാറിന് സുഖമില്ലെന്ന് അറിഞ്ഞതു മുതല്‍ പറയൂം വേണ്ട. ബാങ്കീന്ന് വന്നാല്‍ വതിലുമടച്ച് ഒരേ കിടപ്പാ. ക്ലബ്ബിലേക്കൊന്നും പോകാറേയില്ല.”

“മമ്മി പീരുമേട്ടിലേക്ക് പോയതാണെങ്കില്‍ ഇപ്പോള്‍ അവിടേക്കെത്തിക്കാണില്ല. ഞാന്‍ മമ്മിയെ ഒന്ന് വിളിച്ചു നോക്കട്ടെ .”

മഞ്ജു സേതുലക്ഷ്മിയുടെ സെല്‍ നമ്പറിലേക്ക് വിളിച്ചു. ഒരിക്കലല്ല പലതവണ. ഫോണ്‍ ഓഫ് ചെയ്ത് വെച്ചിരിക്കയായതിനാല്‍ അവള്‍ക്ക് നിരാശപ്പെടേണ്ടിവന്നു.

സമയം കടന്നുപോകുന്തോറും മഞ്ജു ഉല്‍ക്കണ്ഠകൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു. മമ്മിയുടെ യാത്ര ഡാഡിയുടെ അടുത്തേക്ക് തന്നെയാകണേ എന്നാ പ്രാര്‍ത്ഥനയോടെ അവള്‍ നിമിഷങ്ങള്‍ എണ്ണിക്കൊണ്ട് കാത്തിരുന്നു. സേതുലക്ഷ്മി ജോലിചെയ്യുന്ന ബാങ്കിലേക്കും അവള്‍ വിളിച്ചു നോക്കി. “മാഡം ഇന്ന് ലീവാണ്” എന്ന മറുപടിയാണ്‌ ലഭിച്ചത്.

വിനയനുള്ള ബ്രേക്ക്ഫാസ്റ്റ് മുകളിലേക്ക് എത്തിച്ചത് മണ്ഡോദരിയാണ്. പന്ത്രണ്ടു മണിയായപ്പോള്‍ അവള്‍ പീരുമേട്ടിലേക്ക് ഫോണ്‍ ചെയ്തു. ധര്‍മ്മേന്ദ്രനാണ് ഫോണെടുത്തത്.

സേതുലക്ഷ്മി പീരുമേട്ടിലെക്കല്ല പോയിരിക്കുന്നതെങ്കില്‍ തന്‍റെ അന്വേഷണം ഡാഡിയെ ആശങ്കാകുലനാക്കിയേക്കും. മമ്മി അവിടെ എത്തിയിട്ടുണ്ടെങ്കില്‍ ചോദിക്കാതെ തന്നെ ധര്‍മ്മേന്ദ്രന്‍ ആ വിശേഷവാര്‍ത്ത തന്നെ അറിയിക്കാതിരിക്കില്ല. അതുകൊണ്ടവള്‍ ഉണ്ണിത്താന്‍റെ അസുഖത്തെക്കുറിച്ചാണ് അന്വേഷിച്ചത്.

“പനി കുറവില്ല കുഞ്ഞേ. സാറിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കയാ.”

നിറഞ്ഞൊഴുകുന്ന മിഴികള്‍ തുടച്ചുകൊണ്ട് മഞ്ജു ചോദിച്ചു.” ഹോസ്പിറ്റലില്‍ ഡാഡിയുടെ അടുത്ത് ആരാ ഉള്ളത്?”

“ശിവരാമകൃഷ്ണന്‍ സാറ്. ഞാനും അവിടെ ആയിരുന്നു. സാറിനുള്ള ഉച്ചഭക്ഷണം എടുക്കാന്‍ വന്നതാ. കുഞ്ഞെപ്പോഴാ ഇങ്ങോട്ട് വരുന്നേ?”

“കഴിയുന്നതും വേഗമെത്താം.”

നിരാശയോടെയാണ് മഞ്ജു സംഭാഷണം അവസാനിപ്പിച്ചത്. മമ്മി പീരുമേട്ടിലേക്ക് പോയിട്ടില്ല. ബാങ്കിലുമില്ല. മമ്മിയുടെ തറവാട്ടിലേക്കും പോകാന്‍ വഴിയില്ല. ബന്ധുക്കളാരും അവിടെ താമസമില്ലാത്തതുകൊണ്ട് വര്‍ഷങ്ങളായി അത് പൂട്ടിക്കിടക്കുകയാണ്. പിന്നെ മമ്മി എവിടേക്കാണ്‌ പോയത്?

മഞ്ജു ലോബിയിലേക്ക് ചെല്ലുമ്പോള്‍ ഒരു മാഗസിന്‍ വെറുതെ മറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു വിനയന്‍. വീട്ടുതടങ്ങലില്‍ കഴിയുന്നവന്‍റെ വിരസതയും മടുപ്പും ആ മുഖത്ത് പ്രകടമായിരുന്നു.

അവളെ കണ്ടയുടനെ അക്ഷമ കലര്‍ന്ന സ്വരത്തില്‍ വിനയന്‍ പറഞ്ഞു “മഞ്ജു ഇതുവരെ എവിടെയായിരുന്നു. എനിക്കെന്‍റെ വീട്ടിലൊന്ന് പോണം. എവിടെനിന്നെങ്കിലും കുറച്ച് പണം അവിടെ എത്തിക്കയും വേണം. വളരെ അത്യാവശ്യമാണ്.”

മഞ്ജു ഖിന്നതയോടെ വിനയന്‍റെ മുഖത്തേക്ക് നോക്കി. ആ മുഖത്തെ നീരസഭാവം അവളെ വല്ലാതെ വേദനിപ്പിച്ചു.

ഡാഡിയെ ഹോസ്പിറ്റലില്‍ കിടത്തിയിരിക്കയാണ്. മമ്മി ഇപ്പോള്‍ എവിടെയാണെന്നു പോലും അറിയില്ല. അതിനു പുറമേയാണിപ്പോള്‍ വിനയന്‍ സാറിന്‍റെ ഈ നിസ്സഹകരണ മനോഭാവം. തന്‍റെ മനോവേദന ആര്‍ക്കും മനസ്സിലാകുന്നില്ല. ഒരു ആശ്വാസവാക്ക് പറയാന്‍പോലും ആരുമില്ല. മഞ്ജു പൊട്ടിക്കരഞ്ഞുപോയി.

അവളുടെ ദയനീയഭാവംകണ്ട് വിനയന്‍ അനുതാപത്തോടെ ചോദിച്ചു. “എന്താ… എന്തിനാ മഞ്ജു കരയുന്നത്? മമ്മി ശകരിച്ചോ?”

“മമ്മി എങ്ങോട്ടോ പോയി സര്‍. എവിടെക്കാണെന്ന് ആരോടും പറയാതെയാ പോയത്.”

“ഇന്ന് ബാങ്കുള്ള ദിവസമല്ലേ?”

“അതെ. മമ്മി അതിരാവിലെ ഇവിടെനിന്ന് ഇറങ്ങിയതാണ്. ഞാന്‍ ബാങ്കിലേക്ക് വിളിച്ചു ചോദിച്ചു. മമ്മിയിന്നു ലീവാണ് എന്നാ പറഞ്ഞത്.” മഞ്ജു ഷോളിന്‍റെ തുമ്പുകൊണ്ട് കണ്ണീരൊപ്പി.

“പീരുമേട്ടിലേക്ക് പോയതാണോ?”

“ഞാനങ്ങോട്ടും വിളിച്ചിരുന്നു. മമ്മി അവിടെയുമില്ല.”

“പിന്നെ എങ്ങോട്ടായിരിക്കും പോയത്?” വിനയന്‍റെ മുഖത്തും ആശങ്കയുടെ നിഴല്‍ പരന്നു

“ഒരൂഹം പോലും ഇല്ല സര്‍. പീരുമേട്ടിലേക്ക് വിളിച്ചപ്പോള്‍ ഡാഡിക്ക് അസുഖം കൂടിയതുകൊണ്ട് ഹോസ്പിറ്റലില്‍ കിടത്തിയിരിക്കയാണെന്നാ പറഞ്ഞത്” മഞ്ജു വീണ്ടും തേങ്ങിക്കരയാന്‍ തുടങ്ങി.

അവളെ എങ്ങിനെയാണ്‌ ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ വിനയന്‍ വിഷണ്ണനായി നിന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...