വരദയും പിങ്കിയും ഹോളിന്‍റെ വാതിലിനരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മഞ്ജു അവരുടെ അടുത്തേക്ക് നടന്നു.

വരദ ചോദിച്ചു. “നിന്‍റെ മുഖമെന്താ വല്ലാതിരിക്കുന്നത്? പൂര്‍ണ്ണിമ നിന്നോടെന്താ പറഞ്ഞത്?”

പൂര്‍ണ്ണിമയുമായി നടന്ന സ്വകാര്യസംഭാഷണത്തിന്‍റെ വിശദാംശങ്ങള്‍ അവരെ അറിയിച്ചപ്പോള്‍ പിങ്കി പറഞ്ഞു. “ഇതിലെന്തോ ചതിയുണ്ടെന്നാ തോന്നുന്നേ. ആ മുരളിയെ സ്വന്തമാക്കാന്‍ കഴിയില്ലെന്നതിന്‍റെ അസൂയയാ അവള്‍ക്ക്. കിട്ടാത്ത മുന്തിരി കുറുക്കന് പുളിക്കുമെന്ന് പറയുന്നതുപോലെ.”

“അവള്‍ എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തോന്നുന്നില്ല. മറിച്ച് എന്തെല്ലാമോ അവളുടെ മനസ്സില്‍ കിടന്ന് തിങ്ങുന്നതുപോലെയാണ് തോന്നിയത്. ഏതായാലും നാളെ അവള്‍ വരുമല്ലോ. അപ്പോള്‍ നിങ്ങള്‍തന്നെ അവളോട്‌ ചോദിച്ചുനോക്ക്.”

“അക്കാര്യം ഞാനേറ്റു.”പിങ്കി പറഞ്ഞു “അവളുടെ താക്കീതിന്‍റെ പിറകിലുള്ള ഉദ്ദേശശുദ്ധിയെ തിരിച്ചു മറിച്ചും ചോദ്യംചെയ്ത് ഞാനവളുടെ മനസ്സ് തുരന്നെടുക്കും, നിങ്ങള് കണ്ടോ.”

അന്ന് രാത്രി മഞ്ജുവിന് ഉറങ്ങാനായില്ല. പൂര്‍ണ്ണിമയുടെ നിഗൂഢതകലര്‍ന്ന വാക്കുകള്‍ ഓര്‍മ്മകളില്‍ ഉറുമ്പുകളെപ്പോലെ കവാത്തു നടത്തിക്കൊണ്ടിരുന്നു. മുരളിയോടൊപ്പമുള്ള യാത്രയെക്കുറിച്ചാലോചിക്കാന്‍ പോലും അവള്‍ക്ക് ഭയം തോന്നി.

പിറ്റേന്ന് രാവിലെ പൂര്‍ണ്ണിമയെത്തി. മൂന്നുപേരോടും മുന്‍പത്തെക്കാള്‍ സൗഹാര്‍ദ്ദത്തോടെയും സ്നേഹത്തോടെയുമാണവള്‍ പെരുമാറിയത്. എന്നാല്‍ പഴയ പ്രസരിപ്പും ഉന്മേഷവുമെല്ലാം അവള്‍ക്ക് അന്യമായതുപോലെ; കബേര്‍ഡിലെ ഡ്രസ്സുകളും മേശപ്പുറത്തും മേശവലിപ്പിലും ഉണ്ടായിരുന്ന പുസ്തകങ്ങളും മറ്റും പൂര്‍ണ്ണിമ പാക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ പിങ്കിയും അവളെ സഹായിക്കാന്‍ ഒപ്പം കൂടി. മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ച്, അടുത്ത മുറികളില്‍ താമസിക്കുന്ന സ്നേഹിതകളോട് യാത്രപറയാനെന്ന കാരണം പറഞ്ഞുകൊണ്ട് തഞ്ചത്തില്‍ മഞ്ജുവും വരദയും പുറത്തേക്കിറങ്ങി.

കുറച്ചുകഴിഞ്ഞ് അവര്‍ തിരിച്ചെത്തിയപ്പോള്‍ പൂര്‍ണ്ണിമയുടെ പാക്കിംഗ് ഏതാണ്ട് അവസാനിക്കാറായിരുന്നു. പൂര്‍ണ്ണിമയുടെ മുഖം പൂര്‍വാധികം മ്ലാനമാണെന്ന് അവര്‍ ശ്രദ്ധിച്ചു. അവളുടെ കണ്ണുകള്‍ വല്ലാതെ ചുവന്നുകലങ്ങിയിരുന്നു.

പൂര്‍ണ്ണിമയുടെ ബാഗുകള്‍ അവളുടെ കാറിലേക്കെത്തിക്കാന്‍ അവരവളെ സഹായിച്ചു. കാറിലേക്ക് കയറും മുന്‍പ് പതിഞ്ഞസ്വരത്തില്‍ അവള്‍ മഞ്ജുവിനെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചു. “എന്‍റെ വാര്‍ണിംഗ് നീ മറന്നുകളയരുത്. അയാള്‍... അയാള്‍ ശരിയല്ല.”

കാര്‍ ഹോസ്റ്റലിന്‍റെ ഗേറ്റ് കടന്ന് മറയുന്നതുവരെ പൂര്‍ണ്ണിമ അവര്‍ക്കുനേരെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു.

വിഷാദമൂകരായാണ് മഞ്ജുവും സ്നേഹിതകളും തിരികെ റൂമിലെത്തിയത്. വരദ അഭിപ്രായപ്പെട്ടു “ശരിയാ മഞ്ജു പറഞ്ഞത്. പൂര്‍ണ്ണിമക്കെന്തോ വല്ലാത്ത മാറ്റമുണ്ട്.”

പിങ്കിയും അതിനോട് യോജിച്ചു. “ശരിയാ. പഴയ തലക്കനം അല്പം പോലും അവശേഷിച്ചിട്ടില്ല.”

“എന്തായിരിക്കും കാരണം? നിങ്ങളെന്തൊക്കെയാ സംസാരിച്ചത്?” വരദ ജിജ്ഞാസയോടെ തിരക്കി.

പിങ്കിയുടെ മുഖമപ്പോള്‍ ഗൗരവപൂര്‍ണ്ണമായി. “അതല്പം സീരിയസായി എടുക്കേണ്ട വിഷയം തന്നെയായിരുന്നു. മുരളി മനോഹര്‍ മഞ്ജുവിനെ വിവാഹം ചെയ്യുന്നതിലുള്ള അസൂയകൊണ്ടല്ലേ നീ അയാളെ വില്ലനാക്കികളഞ്ഞത് എന്ന് ഞാനവളോട് ചോദിച്ചു. തന്നെപ്പോലെ മഞ്ജുവിനും അബദ്ധം പിണയരുത് എന്നുമാത്രമേ താനാഗ്രഹിക്കുന്നുള്ളൂ എന്നായിരുന്നു അവളുടെ മറുപടി. മഞ്ജുവും മുരളിയും തമ്മിലുള്ള എന്ഗേജ്മെന്‍റ് നിശ്ചയിച്ചിരുന്ന ദിവസം മുരളിയും അയാളുടെ ഡാഡിയും അവളുടെ അച്ഛന്‍റെ എസ്റ്റേറ്റിലായിരുന്നു എന്നും പൂര്‍ണ്ണിമയും അവളുടെ അച്ഛനും ആ ദിവസങ്ങളില്‍ അവരോടൊപ്പമുണ്ടായിരുന്നെന്നും അവള്‍ തുറന്നുപറഞ്ഞു. അവള്‍ ഇത്രയും കൂടി പറഞ്ഞു. മുരളി മനോഹര്‍ ഈസ്‌ എ ചീറ്റ്. ശരിക്കും ഒരു ഫ്രോഡ്. പെട്ടെന്നവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. ഞാനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കു കുറേനേരത്തേക്ക് കണ്ണീരടക്കാനായില്ല.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...