ലീവ് കഴിഞ്ഞ് തിങ്കളാഴ്ചയാണ് സേതുലക്ഷ്മി വീണ്ടും ബാങ്കിലെത്തിയത്. ഉച്ചയായപ്പോൾ അപ്രതീക്ഷിതമായി മാർത്താണ്ഡക്കുറുപ്പ് അവരെ കാണാനെത്തി.
“എന്തൊക്കെയാ കുറുപ്പേ വിശേഷങ്ങൾ? പണിക്കരും മോനും സുഖവാസമൊക്കെ കഴിഞ്ഞെത്തിയോ?”
വാപൊത്തിച്ചിരിച്ചുകൊണ്ട് കുറുപ്പറിയിച്ചു. “ഉവ്വുവ്വ്. സംഗതികളൊക്കെ നമ്മൾ വിചാരിച്ചതിനേക്കാൾ ഭംഗിയായി കലാശിക്കും കൊച്ചമ്മേ. വീട്ടിലെത്തിയ ഉടനെ എന്നെ നേരില്‍ കാണണമെന്ന് പണിക്കര്സാറ് ഇങ്ങോട്ട് വിളിച്ച് പറയുകയല്ലായിരുന്നോ. എല്ലാം നമ്മുടെ മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”
“കുറുപ്പിനെ പണിക്കരങ്ങോട്ട് വിളിപ്പിച്ചെന്നോ? വിശ്വസിക്കാനാവുന്നില്ലല്ലോ.”
“പക്ഷെ സംഗതി വാസ്തവമാണ് കേട്ടോ. ഞാനേതായാലും ഒട്ടും അമാന്തം കാണിക്കാതെ ഉടനെ ആലപ്പുഴക്ക് വിട്ടു. മഞ്ജുക്കുഞ്ഞിന് വേറെ കല്യാണാലോചനയെന്തെങ്കിലും നടക്കുന്നുണ്ടോന്നായിരുന്നു മൂപ്പരാദ്യം തെരക്കീത്. ഇല്ലെന്ന് പറഞ്ഞപ്പൊ എങ്കിൽ ആ പ്രപ്പോസൽ നമുക്കങ്ങോട്ട് പ്രൊസീഡ് ചെയ്യാമെടോ എന്നൊരു നല്ലവാക്കും! ഇനി അഭിപ്രായവ്യത്യാസമൊന്നും ഉണ്ടാകേണ്ടല്ലോ എന്ന് കരുതി ഞാൻ പണിക്കർ സാറിന്‍റെ ഡിമാന്‍റുകളെന്തൊക്കെയാണെന്ന് കുറിച്ച് കൊണ്ടുവന്നിട്ടുണ്ട്.”
കുറുപ്പ് മടിക്കുത്തിൽ നിന്നും ഒരു കടലാസെടുത്ത് സേതുലക്ഷ്മിയെ ഏല്പിച്ചു.
“ജ്വലറിക്കാരുടെ പ്രപ്പോസൽ വേണ്ടെന്ന് വെച്ചതെന്താണാവോ?”
“അതാ ഞാനുമാലോചിക്കുന്നത്. എന്തോ തൃപ്തിക്കൊറവുണ്ടായിട്ടുണ്ട്. അതുറപ്പാ.”
“ഏതായാലും ഞാൻ നാളെ ആലപ്പുഴേ ചെന്ന് പണിക്കരെ ഒന്ന് കണ്ടേക്കാം.”
“അതാ ഇനി വേണ്ടത്. നേരിട്ട് കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിക്കാമല്ലോ.” സേതുലക്ഷ്മി സമ്മാനിച്ച ഏതാനും നൂറ് രൂപ നോട്ടുകൾ വിനയാന്വിതനായി സ്വീകരിച്ചുകൊണ്ട് കുറുപ്പ് യാത്രയായി.
സോമനാഥപണിക്കരെ മുട്ടുകുത്തിക്കാനുള്ള തന്ത്രങ്ങൾ മനസ്സിൽ കുറിച്ചിട്ടുകൊണ്ടാണ് സേതുലക്ഷ്മി പിറ്റേന്ന് രാവിലെ ആലപ്പുഴക്ക് തിരിച്ചത്. മുരളിയുടെ ക്വാർട്ടേഴ്സിൽ അവരെത്തുമ്പോൾ പതിനൊന്നു മണി. കോളിംഗ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് പണിക്കരുതന്നെയായിരുന്നു. സേതുലക്ഷ്മിയെ കണ്ടപ്പോൾ ഒന്ന് പകച്ചെങ്കിലും വെളുക്കെ ചിരിച്ചുകൊണ്ട് അയാളവരെ അകത്തേക്ക് ക്ഷണിച്ചു.
“അല്ലാ, ഇതാര്? മിസ്സിസ്സ് ഉണ്ണിത്താനോ! വരണം, അകത്തേക്ക് വരണം.”
ശ്രീ പൂർണ്ണിമ ജ്വല്ലേഴ്സിന്‍റെ സ്വർണ്ണത്തിളക്കം കണ്ട് ഭ്രമിച്ച് മഞ്ജുവിന്‍റെ ആലോചനയിൽനിന്നും വഴുതി മാറിയത് പരമവിഢ്ഢിത്തമായെന്ന നൈരാശ്യത്തിലായിരുന്നു പണിക്കർ. മഞ്ജു ഉണ്ണിത്താൻമാരുടെ ഏകസന്തതിയായതുകൊണ്ട് അവരുടെ ഭാരിച്ച സ്വത്ത് വകകൾ അവൾക്ക് മാത്രം അവകാശപ്പെട്ടതാണ്. സഹോദരന്മാരെ കൊണ്ടുള്ള തൊല്ലയുമില്ല. പൂർണ്ണിമയുടെ സഹോദരൻ സന്ദീപിന്‍റെ കത്തിവേഷത്തെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഭയംകൊണ്ട് പണിക്കരുടെ നെഞ്ച് പിടഞ്ഞ് മിടിക്കാൻ തുടങ്ങും. പൂർണ്ണിമയെ വിവാഹം കഴിക്കുവാന്‍ താല്പര്യമില്ലെന്ന് മുരളി പറഞ്ഞപ്പോൾ സത്യത്തിൽ പണിക്കർക്ക് ആശ്വാസമാണ് തോന്നിയത്.
സേതുലക്ഷ്മി ഉമ്മറവാതില്ക്കൽ പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ തേടിയ വള്ളി കാലിൽ ചുറ്റിയതുപോലുള്ള ഭാഗ്യാനുഭവംപോലെ പണിക്കർക്ക് തോന്നുകയും ചെയ്തു.
ഡ്രോയിംഗ് റൂമിലെ സോഫയിലേക്കിരുന്നുകൊണ്ട് സേതുലക്ഷ്മി സൗമ്യമായൊരു പുഞ്ചിരിയോടെ പറഞ്ഞു. “മുരളീടച്ഛന് എന്തോ പരിഭവമുണ്ടെന്ന് കുറുപ്പ് പറഞ്ഞു. അത് തീർക്കാമെന്ന് കരുതിയാണ് ഞാൻ നേരിൽ കാണാൻ വന്നത്. മോളുടെ ഡാഡിയും എന്നോടൊപ്പം വരാനിരുന്നതാ. മഞ്ജൂന്‍റെ പേരിലേക്ക് കുറച്ച് പ്രോപ്പർട്ടീസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾക്ക് വക്കീലിനെ കാണാൻ പോയിരിക്കയാ പുള്ളി.”
നുണ കാച്ചുന്നതിനിടയിൽ പണിക്കരുടെ മുഖത്ത് പെട്ടെന്നൊരു പ്രകാശം മിന്നിമായുന്നത് സേതുലക്ഷ്മി ശ്രദ്ധിച്ചു.
“ഞങ്ങളുടെ ഒരേയൊരു മോളല്ലേ അവൾ. എല്ലാം അവൾക്കുള്ളതാണല്ലോ. മുരളിയെ ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. മഞ്ജുവിന് പോസറ്റ്ഗ്രാജ്വേഷൻ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു. ഞങ്ങളുടെ നിർബ്ബന്ധം കൊണ്ടാണവൾ സമ്മതിച്ചത് തന്നെ. ഇനിയേതായാലും എക്സാമിന്‍റെ തിരക്കല്ലാം കഴിഞ്ഞേ വിവാഹമാലോചിക്കുന്നുള്ളു.” സേതുസക്ഷ്മി വാചാലയായി
“ഞങ്ങൾക്കും മഞ്ജുമോളെ നല്ലപോലെ ഇഷ്ടപ്പെട്ടതായിരുന്നു. പക്ഷെ കല്യാണം കളക്ടര്‍ ആയി ചാര്‍ജ്ജെടുത്തിട്ടാവാം എന്ന് പെട്ടെന്ന് മുരളിക്കൊരു മനംമാറ്റം.” പണിക്കർ സത്യം മറച്ചു പിടിച്ചുകൊണ്ട് നിഷ്ക്കളങ്കത ഭാവിച്ചു. “കുട്ടികളുടെ ദാമ്പത്യയോഗത്തിന് ജാതക വശാലെന്തെങ്കിലും തടസ്ഥങ്ങളുണ്ടോ എന്ന് പരിശോധിപ്പിച്ച് വേണ്ട പരിഹാര പൂജകൾ കഴിപ്പിച്ചാൽ…”
“ശരിയാ.” സേതുലക്ഷ്മിയും അതേ തന്ത്രം തന്നെ ആവർത്തിച്ചു “അവളുടെ ഗൃഹനില പരിശോധിച്ചപ്പോ ചില തടസ്ഥങ്ങളൊക്കെ കാണുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ട് പരിഹാരപൂജകൾക്ക് ഏർപ്പാട് ചെയ്തിട്ടുണ്ട്.”
“ഉവ്വോ! അതാ ഇപ്പോൾ കാറ്റ് മാറി വീശിത്തുടങ്ങിയത്. മുരളിയുടെ മനസ്സിലിപ്പോൾ മഞ്ജുമോളെന്നൊരൊറ്റ ചിന്തയേയുള്ളു. എത്രേം വേഗം നമുക്കീ കല്യാണമങ്ങ് നടത്തിയേക്കാം.”
പണിക്കരുടെ വാക്കുകൾ സേതുലക്ഷ്മിയുടെ എല്ലാ ആശങ്കകളും അകറ്റി. “മുരളി ഓഫീസിലായിരിക്കുമല്ലേ. മുരളി വരുമ്പോൾ വിവരം പറയുമല്ലോ. ഞാനിറങ്ങുകയാണ്.”
“ഊണു കഴിച്ചിട്ട് പോകാം.”പണിക്കർ ക്ഷണിച്ചു.
“അതെല്ലാം വേറൊരവസരത്തിലാവാം. ബാങ്കിലെത്താനല്പം ധൃതിയുണ്ട്.”
“എന്തായാലും ചായകുടിച്ചിട്ട് പോയാൽ മതി.” പണിക്കർ നിർബ്ബന്ധിച്ചു.
സേതുലക്ഷ്മി വീട്ടിലെത്തിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. അടുക്കളയിലേക്ക് ചെന്നപ്പോൾ വീർത്തുകെട്ടിയ മുഖവുമായി മണ്ഡോദരി തറയും സ്ളാബുമെല്ലാം തേച്ച് കഴുകുന്നു.
“നിത്യവും നീ തറ തുടക്കുന്നതല്ലേ. പിന്നെയെന്തിനാണിപ്പോൾ തേച്ചുകഴുകുന്നത്?”
പതിഞ്ഞസ്വരത്തിൽ മണ്ഡോദരി പിറുപറുത്തു. “ആയമ്മക്ക് നാളെ ഏകാദശീവൃതമാണത്രേ. മത്സ്യോം മാംസോമൊക്കെ പാചകം ചെയ്യുന്ന അടുക്കളയായതുകൊണ്ട് തേച്ച് കഴുകി ശുദ്ധമാക്കാൻ പറഞ്ഞു ആയമ്മ. പിന്നെ നാളെ പച്ചക്കറി മാത്രം മതീന്നാ ഓർഡർ.”
“അതവരാണോ നിശ്ചയിക്കുന്നത്? വന്നുകയറീപ്പോ തുടങ്ങീതാ അവരുടെ അമ്മറാണി ചമയല്” സേതുലക്ഷ്മിക്ക് കലി കയറി.
“എങ്ങനേങ്കിലും അവരെ ഇവിടെനിന്ന് കെട്ട് കെട്ടിച്ചേക്കണം കൊച്ചമ്മ, പണിയെടുത്തെന്‍റെ നടുവൊടിയാറായി.”
“പതുക്കെ. ആയമ്മ കേക്കണ്ട. അവരെക്കൊണ്ടുള്ള ശല്യമൊക്കെ തീരാറായെടീ. ഇന്ന് ഞാൻ ആലപ്പുഴേ ചെന്ന് മുരളീടെ ഡാഡിയെ കണ്ടിട്ടാ വരുന്നേ.”
“അങ്ങേരടെ രോഗമെല്ലാം മാറിയോ കൊച്ചമ്മ?”
“പിന്നില്ലാതെ? സർവ്വരോഗങ്ങളും മാറി.” സേതുലക്ഷ്മി അർത്ഥഗർഭമായൊരു പുഞ്ചിരിയോടെ പറഞ്ഞു.
സേതുലക്ഷ്മി മഞ്ജുവിന്‍റെ മുറിയിലേക്ക് ചെല്ലുമ്പോൾ ശിവരാമകൃഷ്ണൻ അവിടെയുണ്ട്. മഞ്ജു തുറന്നുവെച്ച പുസ്തകവുമായി അയാളുടെ വാചകകസർത്ത് നിസ്സഹായതാ ഭാവത്തോടെ കേട്ടുകൊണ്ടിരിക്കുന്നു.
സേതുലക്ഷ്മി നീരസം കലർന്ന സ്വരത്തിൽ ശകാരിച്ചു. “എന്താ ജുജൂ വല്ലതും വായിക്കുന്നതിന് പകരം വെറുതെ സമയം പാഴാക്കുന്നത്.” പിന്നെ ശിവരാമകൃഷ്ണന്‍റെ മുഖത്തേക്ക് കത്തുന്ന ഒരു നോട്ടമയച്ചുകൊണ്ട് ചോദിച്ചു “നീയെന്താ ഇവിടെ?”
“ഞാൻ വെറുതെയിങ്ങനെ…” ശിവരാമകൃഷ്ണൻ അർദ്ധവിരാമത്തിൽ മറുപടി അവസാനിപ്പിച്ച് ജാള്യതയോടെ അവിടെനിന്നും എഴുന്നേറ്റ് നടന്നകന്നു.
രണ്ടുപേരും തനിച്ചായപ്പോൾ മഞ്ജു പറഞ്ഞു. “മമ്മീ, എന്‍റെ ജാതകദോഷം തീരാൻ നാളെ ഏകാദശീവൃതമെടുക്കാനാ ഈശ്വരിവല്യമ്മ പറയുന്നേ. നാളെ മുതല്ക്ക് എന്നും രാവിലെ കുളിച്ച് വല്യമ്മേടെ കൂടെ നാമം ജപിക്കാനിരിക്കണമെന്ന്. ഇക്കണക്കിന് ഞാനെക്സാമിന് തോറ്റ് തൊപ്പിയിടും. മമ്മീ, ഞാൻ ഹോസ്റ്റലിലേക്ക് പൊയ്ക്കോട്ടെ. അവിടെയാകുമ്പോൾ ഈ ശല്യമൊന്നുമുണ്ടാവില്ലല്ലോ.”
“എല്ലാം ശരിയാവും മോളേ. ഞാനിന്ന് മുരളീടെ ഡാഡിയെ കാണാൻ പോയിരുന്നു.”
“അങ്കിളിന് സുഖമായോ മമ്മീ. വീട്ടിലേക്ക് കൊണ്ടുവന്നോ?”
“വീട്ടിലേക്കോ… ഓ… പണിക്കരെ അല്ലേ… കൊണ്ടുവന്നു. നിന്‍റെ പരീക്ഷ കഴിഞ്ഞാലുടനെ കല്യാണം നടത്താമെന്ന് പറഞ്ഞിരിക്കയാ.”
“മുരളിയെന്താ ഇതുവരെ എന്നെ വിളിക്കാഞ്ഞത്.”
“തിരക്കുകൊണ്ടായിരിക്കും മോളേ.” സേതുലക്ഷ്മി മകളെ സമാധാനിപ്പിച്ചു.
പണിക്കരെ കണ്ടതും സംസാരിച്ചതുമെല്ലാം പറഞ്ഞ് കേൾപ്പിച്ചപ്പോൾ ഉണ്ണിത്താനിൽ നിന്ന് തണുത്ത പ്രതികരണമാണുണ്ടായത് “കല്യാണം നടത്തണോ വേണ്ടയോ എന്ന് അയാൾ മാത്രം തീരുമാനിച്ചാൽ മതിയോ? ഇത്തരം വഞ്ചകന്മാരോട് നമുക്ക് യാതൊരു ബന്ധവും വേണ്ട എന്നാണ് എന്‍റെ അഭിപ്രായം.”
“പണിക്കരിനി യാതൊരു പ്രശ്നോം ഉണ്ടാക്കില്ലെന്നേ. ഇന്ന് ഞാൻ ചെന്നപ്പോ എന്ത് സന്തോഷത്തോടെയാണ് പണിക്കരെന്നെ സ്വാഗതം ചെയ്തതെന്നോ.”
“സന്തോഷം! ആ സന്തോഷമെല്ലാം താൻ വീശിയെറിയാൻ പോകുന്ന പണത്തിന്‍റെ മറിമായമല്ലേ. അങ്ങിനെ കാശുകൊടുത്ത് വാങ്ങാൻ കിട്ടുന്ന സന്തോഷമൊന്നും ശാശ്വതമല്ലെടോ. കാശിന്‍റെ കണക്ക് പറയാത്തൊരു ഭർത്താവിനെ മതി നമ്മുടെ മോൾക്ക്.”
“മനസ്സിലായി. ആ ശിവരാമകൃഷ്മനല്ലേ ശങ്കരേട്ടന്‍റെ മനസ്സിൽ. അത് ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.”
“എന്‍റെ മരുമോനെന്താണെടോ ഒരു കുറവ്. ഒന്നുമില്ലെങ്കിലും അവനെന്‍റെ മോളെ ആത്മാർത്ഥമായി സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും.”
“അവന്‍റെ സ്നേഹം അവൾക്ക് വേണ്ടെങ്കിലോ. ഞാൻ പണിക്കരെ കാണാൻ പോയിരുന്നുവെന്ന് പറഞ്ഞപ്പോൾ അവൾക്കെന്ത് സന്തോഷമായെന്നോ. മുരളീടെ ഫോണും പ്രതീക്ഷിച്ചിരിക്കയാണവൾ.”
“അണിയറയിൽ ഇതുവരെ നടന്നതും ഇനി നടക്കാനിരിക്കുന്നതുമൊന്നും അവളറിഞ്ഞിട്ടില്ലല്ലോ.”
“ദേ, ഇനി വെറുതെ അതൊക്കെ കൊട്ടിപ്പാടി നടന്ന് പ്രശ്നമൊന്നുമുണ്ടാക്കിയേക്കരുത്. നാട്ടുകാരുടെ മുന്നിൽ നാണം കെടേണ്ടിവരും പറഞ്ഞേക്കാം.”
“അതൊന്നും എന്നെ സംബന്ധിച്ചിടത്തോളം പ്രശ്നമേയല്ല. നമ്മുടെ മോളുടെ ജീവിതമാണ് പ്രധാനം. നടന്ന സംഭവങ്ങളെല്ലാം ഞാനവളെ അറിയിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.”
“അതവൾ വിശ്വസിച്ചില്ലെങ്കിലോ?”
“തന്നെപ്പോലെ പച്ചനുണ പറഞ്ഞ് മുഖം രക്ഷിക്കുന്ന സ്വഭാവം എനിക്കില്ല. അതെന്‍റെ മോൾക്കും അറിയാം.”
“ഒരു കാര്യം ഞാൻ തുറന്ന് പറഞ്ഞേക്കാം. ഈ വിവാഹം മുടക്കാനാണ് ശ്രമമെങ്കിൽ ഈ സേതുവിനെ ശങ്കരേട്ടനിനി കാണില്ല.” അന്ത്യശാസനം നല്കിക്കൊണ്ട് സേതുലക്ഷ്മി ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് നടന്നകന്നു.
പിറ്റേന്നുച്ചയായപ്പോൾ മഞ്ജുവിന് മുരളിയുടെ ഫോൺ വന്നു. നീണ്ട കാത്തിരിപ്പിനുശേഷം മുരളിയുടെ സ്വരം കേട്ടപ്പോൾ മഞ്ജുവിന്‍റെ മനസ്സിൽ ഒരു വേനൽ മഴ പെയ്ത പോലായി.
മുരളിയുടെ സംസാരശൈലിക്ക് ഒരു മാറ്റവുമില്ല. വാക്കുകൾക്ക് അതേ സ്നിഗ്ദ്ധത. അതേ മാധുര്യം. എങ്കിലും മഞ്ജു പരിഭവം പറഞ്ഞു. “എന്താ ഇതുവരെ ഒരിക്കൽപോലും വിളിക്കാഞ്ഞത്? മുരളീടെ ഡാഡിക്കിപ്പോൾ എങ്ങിനെയുണ്ട്? അസുഖം ഭേദമായോ?”
“ഡാഡിക്ക്… ഡാഡിക്ക് അസുഖമൊന്നുമില്ലല്ലോ.” പെട്ടെന്ന് മുരളി നിശ്ശബ്ദനായി. കണ്ഠമൊന്ന് ശുദ്ധീകരിക്കാൻ ഒരു നിമിഷം കൂടി. പിന്നെ ലാഘവത്തോടെയുള്ള വിശദീകരണം “അസുഖം എന്‍റെ അങ്കിളിനായിരുന്നു… അങ്കിളിന്…”
“എന്‍റെ മമ്മി പറഞ്ഞത് പണിക്കരങ്കിളിന് അറ്റാക്കുണ്ടായി എന്നാണല്ലോ.”
“അത്… അത് തന്‍റെ മമ്മിക്ക് തെറ്റിയതാ… എനിവേ. ഡോൺട് വറി. ഹിയർ ഓൾ ആർ ഡൂയിങ്ങ് ഫൈൻ. പിന്നൊരു പ്രധാനവിശേഷം. ഞാൻ തന്നെക്കാണാനങ്ങോട്ട് വരുന്നുണ്ട്.”
“എപ്പോൾ” മഞ്ജുവിന്‍റെ സ്വരത്തിൽ ആകാംക്ഷയുണ്ടായിരുന്നു.
“ഇപ്പോൾതന്നെ തന്നെ കാണണമെന്നുണ്ട്. പക്ഷെ ഇന്നും നാളെയും ചില ഇംപോർട്ടന്‍റ് മീറ്റിംഗുകളുണ്ട്. ഏതായാലും അങ്ങോട്ടേക്കുള്ള പ്രോഗ്രാം ഞാനുടനെ വിളിച്ചറിയിക്കാം.”
“ഓ കെ” നിരാശയോടെ മഞ്ജു പറഞ്ഞു
“നിർത്തട്ടെ. സ്വീറ്റ് ഡ്രീസ്.”
ഫോൺ ക്രേഡിലിൽ വെച്ച് തിരിഞ്ഞ് നടക്കുന്ന മഞ്ജുവിനോട് ഉണ്ണിത്താൻ ചോദിച്ചു “ആരുടെ ഫോണായിരുന്നു മോളെ”
“മുരളിയായിരുന്നു. മുരളി രണ്ട് ദിവസം കഴിഞ്ഞിങ്ങോട്ട് വരുന്നുണ്ടെന്ന്.”
”ഓ!” ഉണ്ണിത്താന്‍റെ പ്രതികരണം തികച്ചും യാന്ത്രികമായിരുന്നു.
“എന്താ, മുരളി വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഡാഡിയുടെ മുഖത്തൊരു സന്തോഷവുമില്ലാത്തത്?”
“അത്… അതെല്ലാം ഞാൻ പിന്നെ പറയാം. നിന്‍റെ എക്സാംസെല്ലാം കഴിഞ്ഞിട്ട്.”
“അത് പോര. ഡാഡീടെ പ്രശ്നമെന്താണെന്നിപ്പോ പറയണം”
“വേണ്ട മോളേ. അതറിഞ്ഞാൽ നീ സങ്കടപ്പെടും. പഠിക്കാനുള്ള മൂഡും പോകും.”
“ഡാഡീടെ മനസ്സിലെന്തോ കിടന്ന് തിങ്ങുന്നുണ്ട്. അതെന്താണെന്നറിയാതെ ഇന്നെനിക്കൊരു വരി പോലും വായിക്കാനാകുമെന്ന് തോന്നുന്നില്ല. പ്രശ്നം എന്ത് തന്നെയായാലും അതെന്താണെന്നെന്നോട് തുറന്ന് പറഞ്ഞേ പറ്റൂ.”
ഒരു നെടുവീർപ്പയച്ചുകൊണ്ട് ഉണ്ണിത്താൻ പറഞ്ഞു “നീ ലൈബ്രറിയിലേക്ക് വാ. നമുക്കവിടെയിരുന്ന് സംസാരിക്കാം.”
(തുടരും)