നടുക്കത്തിന്‍റെ ആഘാതം തെല്ലൊന്നടങ്ങിയപ്പോൾ സേതുലക്ഷ്മി ചോദിച്ചു “മുരളി എന്ന് മടങ്ങുമെന്നാണ് പറഞ്ഞത്”

“ഒരാഴ്ച കഴിഞ്ഞേ മടങ്ങുകയുള്ളു എന്നാണ് പറഞ്ഞത്.”

“ഞാനപ്പോൾ വന്ന് കണ്ടോളാം” മുരളിയുടെ ബന്ധുവാണെന്ന അഭിനയം തുടർന്നുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു

മുരളിയുടെ പിഎ അറിയിച്ച വാർത്തയില്‍നി ന്ന് പ്രശ്നം വളരെ സങ്കീര്‍ണമായതുതന്നെ എന്ന അപായസൂചന നല്കി.

യാഥാർത്ഥ്യമെന്തെന്ന് ഉറപ്പാക്കുവാൻ ഒരു പരീക്ഷണംകൂടി നടത്താൻതന്നെ സേതുലക്ഷ്മി തീരുമാനിച്ചു. വഴിയരികിലെ ടെലിഫോൺ ബൂത്തിൽ നിന്നും അവർ ശ്രീ പൂർണ്ണിമ ജ്വലേഴ്സിന്‍റെ നമ്പറിൽ വിളിച്ചു. മാനേജരാണ് ഫോണെടുത്തത്.

“മഠത്തിൽ ഫൈനാൻസിയേഴ്സിൽ നിന്നാണ് സർ” ആ സ്ഥാപനത്തിലെ സ്റ്റാഫാണെന്ന നാട്യത്തിൽ സേതുലക്ഷ്മി തുടർന്നു.” പണയത്തിനെടുത്ത കുറച്ച് സ്വർണ്ണം അവിടെ ഏല്പിക്കുന്ന കാര്യം ഇവിടത്തെ സാറ് ചന്ദ്രശേഖരൻ സാറിനോട് പറഞ്ഞിരുന്നു. ഇന്ന് സാറങ്ങോട്ട് വന്നാൽ ചന്ദ്രശേഖരൻസാറിനെ കാണാൻ പറ്റുമോന്ന് ചോദിച്ചു.”

“സാറിവിടെയില്ലല്ലോ. ആലപ്പുഴ കലക്ടറായി ചാർജ്ജെടുക്കാൻ പോകുന്ന മുരളീമനോഹർസാറിനേം കൊണ്ട് പൊന്മുടിയിലെ എസ്റ്റേറ്റിലേക്ക് പോയിരിക്കയാ”

“എന്നു മടങ്ങും?”

“ഒരാഴ്ചയാകുമെന്നാ പറഞ്ഞത്.”

“ഞാനീ വിവരം ഇവിടത്തെ സാറിനോട് പറഞ്ഞേക്കാം.”

സംഭാഷണം അവസാനിച്ചപ്പോൾ മുരളിയും പണിക്കരും ശ്രീപൂർണ്ണിമ ജ്വലേഴ്സ് ഉടമ ചന്ദ്രശേഖറിന്‍റെ ആതിഥ്യം സ്വീകരിച്ച് പൊന്മുടിയിലേക്ക് പോയിരിക്കുകയാണെന്ന് സേതുലക്ഷ്മിക്ക് ഉറപ്പായി. മാത്രമല്ലാ, മറ്റ് ചില സത്യങ്ങൾകൂടി സേതുലക്ഷ്മിയുടെ കൂർമ്മബുദ്ധി ഊഹിച്ചെടുക്കുകയും ചെയ്തു. സ്വന്തം മകൾ പൂർണ്ണിമയ്ക്കു വേണ്ടി മുരളിയെ റാഞ്ചിയെടുക്കാനാണ് ചന്ദ്രശേഖറിന്‍റെ ശ്രമം. അയാളുടെ ഇരുപത്തിനാല് കാരറ്റ് തിളക്കമുള്ള ഓഫറിൽ പണിക്കരുടെ കണ്ണ് മഞ്ഞളിച്ചു കാണും. പണിക്കരുടെ കാലുമാറ്റത്തിന്‍റെ രഹസ്യമെന്തെന്ന് വ്യക്തമായപ്പോൾ സേതുലക്ഷ്മിക്ക് ആരോടൊക്കെയോ പക തോന്നി. വെറുപ്പും വാശിയും തോന്നി. ചതിക്ക് ചതി! എന്തൊക്കെ വൈതരണികൾ കടന്നിട്ടായാലും മുരളീമനോഹറിനെ കൊണ്ടുതന്നെ മഞ്ജുവിന്‍റെ കഴുത്തിൽ താലി കെട്ടിക്കണം. അതുവരെ തനിക്കിനി വിശ്രമമില്ല. ഈ ഘട്ടത്തിൽ തന്നെ സഹായിക്കാൻ കഴിയുന്ന ഏകവ്യക്തി മാർത്താണ്ഡക്കുറുപ്പാണെന്നും സേതുലക്ഷ്മിക്കറിയാമായിരുന്നു.

പുന്നപ്രയിലാണ് കുറുപ്പിന്‍റെ വീട്.

സേതുലക്ഷ്മി ഡ്രൈവറോട് പുന്നപ്രയിലേക്ക് വണ്ടി വിടാൻ നിർദ്ദേശം നല്കി. കുറുപ്പിന്‍റെ വീട്ടിലെത്തിയപ്പോൾ അയാൾ എങ്ങോട്ടോ പോകാൻ തയ്യാറായി നില്ക്കുകയായിരുന്നു. അപ്രതീക്ഷിതമായി സേതുലക്ഷ്മിയെ കണ്ടപ്പോൾ അയാളൊന്ന് പകച്ചു.

“പ്രശ്നം തീർന്നില്ലേ കൊച്ചമ്മേ.”

“ഇല്ല കുറുപ്പേ”

“കൊച്ചമ്മ പണിക്കർസാറിനെക്കണ്ട് സംസാരിച്ചില്ലേ?”

“അതിനയാളെ കണ്ടിട്ട് വേണ്ടേ? മുരളിയുടെ ഓഫീസിൽ ചെന്നന്വേഷിച്ചപ്പോഴാ പണിക്കരുടെ കാലുമാറ്റത്തിന്‍റെ യഥാർത്ഥ കാരണം മനസ്സിലായത്.”

മുരളിയും പണിക്കരും ശ്രീ പൂർണ്ണിമാ ജ്വലേഴ്സിന്‍റെ ഉടമ ചന്ദ്രശേഖറിന്‍റെ പൊന്മുടിയിലെ എസ്റ്റേറ്റിലാണെന്നും അയാൾക്ക് വിവാഹപ്രായമായൊരു മകളുണ്ടെന്നും സേതുലക്ഷ്മി അറിയിച്ചപ്പോൾ കുറുപ്പ് മൂക്കിന്മേൽ വിരൽ ചേർത്തു കൊണ്ട് പുലമ്പി ”അത് ശരി. ആ ജ്വലറിക്കാര് നമ്മുടെ ചെക്കനെ ചൂണ്ടിയതാണല്ലേ. അധിക പ്രസംഗമാണല്ലോ അവര് കാണിച്ചത്.”

“ആ വിവാഹം നടന്നാൽ അതിന്‍റെ നാണക്കേട് കുറുപ്പിനും കൂടിയാണെന്നോർമ്മവേണം” സേതുലക്ഷ്മി മുന്നറിയിപ്പു നല്‍കി. ആ പരാമർശം കുറുപ്പിന്‍റെ ആത്മാഭിമാനത്തിന്‍റെ മർമ്മത്തിൽതന്നെ തറഞ്ഞുകൊള്ളുകയും ചെയ്തു.

ക്ഷോഭവിവശനായി കുറുപ്പ് പൊട്ടിത്തെറിച്ചു. “ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥതയുള്ളവനാ ഈ മാർത്താണ്ഡക്കുറുപ്പ്. കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിയല്ലേ അവരീ കാണിച്ചത്.”

ഹാന്‍റ്ബാഗിൽ നിന്നും ഏതാനും നൂറുരൂപ നോട്ടുകളെടുത്ത് കുറുപ്പിന് നല്കിക്കൊണ്ട് സേതുലക്ഷ്മി പറഞ്ഞു “അതിനുള്ള മറുമരുന്ന് നമുക്കും ചെയ്യണം. പണിക്കരും മുരളിയും ആലപ്പുഴയിൽ മടങ്ങിയെത്തിയാലുടനെ കുറുപ്പ് പണിക്കരെ കണ്ട് ആ ജ്വലറിക്കാരുടെ ഓഫറെന്താണെന്നെല്ലാം തഞ്ചത്തിൽ ചോദിച്ചറിയണം. യാതൊരു നീരസോം ഭാവിക്കേം വേണ്ട.”

“അക്കാര്യങ്ങളൊന്നും കുറുപ്പിനെ ആരും പഠിപ്പിക്കേണ്ടെന്നേ. കല്യാണം നടത്തിക്കാൻ മാത്രമല്ല മുടക്കാനും ഈ കുറുപ്പ് വിചാരിച്ചാലും കഴിയും.”

“എല്ലാം നമ്മളാഗ്രഹിക്കുന്ന വിധത്തിൽ കലാശിച്ചാൽ കുറുപ്പിനെന്‍റെ വക പ്രത്യേകം സമ്മാനമുണ്ട്. മുരളിയും മഞ്ജുവും തമ്മിലുള്ള വിവാഹം നടന്നില്ലെങ്കിൽ ഞങ്ങക്കിനി തലനിവർത്തി നടക്കാനാവില്ലെന്നറിയാല്ലോ.”

“അതൊക്കെ കുറുപ്പേറ്റു. ക്ഷണിച്ചവരോടൊക്കെ പണിക്കർക്ക് സുഖമില്ലാതായത് കൊണ്ട് തല്ക്കാലം കല്യാണനിശ്ചയം നീട്ടിവെച്ചെന്ന് പറഞ്ഞാൽ മതി.”

കുറുപ്പിന്‍റെ ഉപദേശം നല്ലൊരു ഉപായമാണെന്ന് സേതുലക്ഷ്മിക്ക് തോന്നി. അവർ വീട്ടിലെത്തിയപ്പോൾ നേരം വല്ലാതെ ഇരുട്ടിക്കഴിഞ്ഞിരുന്നു. ഉണ്ണിത്താൻ ഉമ്മറത്തെ ചാരുകസേരയിൽ ഉൽക്കണ്ഠാകുലനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

ഉണ്ണിത്താനെ ബെഡ്റൂമിനകത്തേക്ക് വിളിച്ച് സേതുലക്ഷ്മി നടന്ന സംഭവങ്ങളെല്ലാം വിശദീകരിച്ചു.

“നെറികേടാണല്ലോ അവര് കാണിച്ചത്. ഇനി നമ്മളെന്ത് ചെയ്യും?”

“സ്ത്രീധനക്കാര്യത്തിൽ ഒന്നും രണ്ടും പറഞ്ഞ് നിന്നാൽ ചെക്കനെ വേറാരെങ്കിലും അടിച്ചെടുക്കുമെന്ന് ഞാനന്നേ പറഞ്ഞതല്ലേ? അങ്ങനെതന്നെ സംഭവിക്കൂം ചെയ്തു. ആ ചന്ദ്രശേഖറിന്‍റെ മകളാരാന്നറിയോ. മഞ്ജുവിന്‍റെ കൂടെ പഠിക്കുന്ന ആ അസൂയക്കാരി പൂർണ്ണിമയില്ലേ അവളാ.”

“ഈ ബന്ധം നമ്മുടെ മോൾക്ക് വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്കാം. കല്യാണം മുടങ്ങിയ വിവരം നമുക്ക് എല്ലാവരേയും വിളിച്ചറിയിച്ചേക്കാമല്ലേ?”

“മുടങ്ങിയെന്നാര് പറഞ്ഞു? ഈ കല്യാണം തന്നെ ഞാൻ നടത്തും അതെന്‍റെയൊരു വാശിയാ.”

“അവർക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെങ്കിൽ താനെന്ത് ചെയ്യുമെന്നാണ്?”

“ആ ചന്ദ്രശേഖറിനേപ്പോലെ ഒരുത്തനേംകൂടി വിലക്ക് വാങ്ങാനുള്ള ആസ്തി നമുക്കുള്ളപ്പോൾ അതിനെന്താ പ്രയാസം?”

“അതായത് ചന്ദ്രശേഖറിന്‍റെ ഓഫറിനേക്കാൾ ആകർഷകമായ ഓഫർ നല്കി പണിക്കരെ വശത്താക്കാമെന്ന് അല്ലേ? നമ്മുടെ മോളുടെ ജീവിതംകൊണ്ടാണ് ഈ കളിയെന്ന കാര്യം താന്‍ മറക്കണ്ട.”

“അവളുടെ ഭാവി ഭദ്രമാക്കാനല്ലേ ഞാനിങ്ങനെ പെടാപ്പാട് പെടുന്നത്.”

“ഇങ്ങനെയൊരു ബന്ധം ഒഴിവാക്കുന്നതാ നല്ലതെന്നാണ് എന്‍റെ അഭിപ്രായം. പണിക്കർക്കും മുരളിക്കും നമ്മുടെ സ്വത്തിലാണ് നോട്ടം. നമ്മുടെ മോളുടെ ദാമ്പത്യജീവിതം ഭദ്രമായിരിക്കുമെന്ന് എന്താ ഉറപ്പ്?”

“പണിക്കർക്ക് ധനമോഹം അല്പം കൂടുതലാണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷെ, മുരളിക്ക് നമ്മുടെ മോളെ വലിയ കാര്യമാണ്.”

“എങ്കിലയാൾ അവളോടിങ്ങനെയൊരു വഞ്ചന ചെയ്യുമായിരുന്നില്ലല്ലോ”

“അത്… പണിക്കരുടെ നിർബ്ബന്ധം കൊണ്ടങ്ങനെ…”

“താന്‍ മുരളിയെ അങ്ങനെ ന്യായീകരിക്കാനൊന്നും നോക്കണ്ട. നമുക്ക് ഈ ബന്ധം വേണ്ടെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.”

ബ്യൂട്ടീ പാർലറിൽ നിന്ന് മടങ്ങിയെത്തിയ മഞ്ജു മമ്മീ എന്നുറക്കെ വിളിച്ചുകൊണ്ടെത്തിയപ്പോൾ അവർക്ക് വാഗ്വാദം അവസാനിപ്പിക്കേണ്ടി വന്നു.

അകത്തേക്ക് കടന്ന് വന്ന മഞ്ജു ചോദിച്ചു. “മമ്മിയിന്ന് എന്‍റെ കൂടെ ബ്യൂട്ടി പാർലറിൽ വരാമെന്നല്ലേ പറഞ്ഞിരുന്നത്? എന്നിട്ട് മമ്മി എങ്ങോട്ടാ രാവിലെതന്നെ മുങ്ങിയത്.”

“ഒരത്യാവശ്യമുണ്ടായിട്ടാ ജുജൂ.” സേതുലക്ഷ്മിയുടേയും ഉണ്ണിത്താന്‍റേയും മ്ലാനമായ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് മഞ്ജു ചോദിച്ചു “എന്തെങ്കിലും പ്രശ്നമുണ്ടോ.?”

“നീ നിന്‍റെ മമ്മിയോടുതന്നെ ചോദിക്ക്” എന്ന് പറഞ്ഞുകൊണ്ട് ഉണ്ണിത്താൻ പെട്ടെന്നവിടെനിന്ന് പൊയ്ക്കളഞ്ഞു.

“എന്താ മമ്മീ. എന്താ പ്രശ്നം?” മഞ്ജു ഉൽക്കണ്ഠാകുലതയോടെ ചോദിച്ചു.

“അത്ര വിഷമിക്കാൻ മാത്രമൊന്നുമില്ല. മുരളിയുടെ അച്ഛന് ഒരു മൈൽഡ് ഹാർട്ട് അറ്റാക്ക്. അതുകൊണ്ട് എംഗേജ്മെന്‍റിന്‍റെ ഡേറ്റ് നീട്ടിവെക്കേണ്ടി വന്നു”

മഞ്ജുവിന്‍റെ മുഖത്തെ പ്രകാശം പെട്ടെന്നണഞ്ഞു.

“ഇതുവരെ മുരളിയുടെ കോളൊന്നും കിട്ടാതിരുന്നത് അതുകൊണ്ടാവണം അല്ലേ, മമ്മീ?”

“പുള്ളിയിപ്പോൾ ആകെ വറീഡായിരിക്കുകയായിരിക്കും ഏത് ഹോസ്പിറ്റലിലാ മമ്മീ അങ്കിളിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നേ?”

“അത്… അത് ആലപ്പുഴേലെ ഒരു സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാ മോളൂ.”

“നമുക്ക് നാളെ അങ്കിളിനെ ഒന്ന് കണ്ടിട്ട് വരാമല്ലേ?”

“ഓ, അതൊന്നും വേണ്ട. ഇന്ന് ഞാൻ പോയി കണ്ടതാണല്ലോ. ഇനിയേതായാലും നിന്‍റെ എക്സാം കഴിഞ്ഞിട്ടേ എംഗേജ്മെന്‍റ് നടത്തുന്നുള്ളു.”

വിവാഹനിശ്ചയം നീട്ടിവെച്ച വിവരം പിറ്റേന്ന് തന്നെ സേതുലക്ഷ്മി വേണ്ടപ്പെട്ട വരെയെല്ലാം വിളിച്ചറിയിച്ചു. പണിക്കരുടെ ഹാർട്ടറ്റാക്ക് വാർത്ത പലവട്ടം ആവർത്തിക്കപ്പെട്ടു.

രണ്ടുപേരും മാത്രമായപ്പോൾ ഉണ്ണിത്താൻ സേതുലക്ഷ്മിയെ ഗുണദോഷിക്കാൻ ഒരു ശ്രമംകൂടി നടത്തിനോക്കി. “എന്തിനാ സേതൂ, ഈ നാടകമൊക്കെ? മുങ്ങാൻ പോകുന്ന വള്ളത്തിലിരുന്ന് വമ്പ് പറഞ്ഞിട്ടെന്താ ഫലം?”

“വള്ളം മുങ്ങാതിരിക്കാനുള്ള വഴിയൊക്കെ ഞാൻ കണ്ട്­വെച്ചിട്ടുണ്ടെന്നേ. ശങ്കരേട്ടൻ അതിന് തടസ്സം നില്ക്കാതിരുന്നാൽ മാത്രം മതി. നിശ്ചയം നീട്ടിവെക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ തന്നെ മോള് വല്ലാതെ മൂഡൗട്ടായി. ഈ കല്യാണം നടന്നില്ലെങ്കിൽ അവളെത്രമാത്രം ദുഖിക്കുമെന്നാലോചിച്ച് നോക്കൂ. പണിക്കർക്ക് അറ്റാക്ക് വന്നതു കൊണ്ട് നിശ്ചയം നീട്ടിവെക്കേണ്ടി വന്നു എന്നു­തന്നെ നമുക്കെല്ലാവരോടും പറഞ്ഞാൽ മതി ”

ഉണ്ണിത്താൻ ഈശ്വരിയമ്മയെ വിവരമറിയിച്ചപ്പോൾ അവർ ചോദിച്ചു. “എന്താ ശങ്കരാ എംഗേജ്മെന്‍റ് നീട്ടിവെക്കാൻ കാരണം?”

സേതുലക്ഷ്മിയുടെ നുണക്കഥ സ്വന്തം സഹോദരിയോട് പറയാൻ ഉണ്ണിത്താന്‍റെ ധാർമ്മികബോധം അനുവദിച്ചില്ല. “അതെല്ലാം നേരിൽ കാണുമ്പോൾ വിശദമായി പറയാം ചേച്ചീ” എന്നു മാത്രം പറഞ്ഞ് ഉണ്ണിത്താൻ ഫോൺ വെച്ചു.

ഈശ്വരിയമ്മ ഒരു നിമിഷം എന്തൊക്കെയോ ആലോചിച്ചിരുന്നു. ആറേഴ് ദിവസം മുൻപ് മഞ്ജുവിന്‍റെ വിവാഹം നിശ്ചയിച്ച വിവരമറിയിക്കുമ്പോൾ എന്തൊരു അഭിമാനഗർവ്വമായിരുന്നു ആ സ്വരത്തിൽ. ഐഎഎസുകാരനെ മരുമകനായി കിട്ടാൻ പോകുന്നതിന്‍റെ നെഗളിപ്പ്. അല്ലാതെന്ത്? ഇപ്പോൾ പറയുന്നു നിശ്ചയം മാറ്റിവെച്ചെന്ന് .കാരണമെന്താണെന്ന് ചോദിച്ചിട്ട് വായതുറന്നൊന്നും പറയുന്നുമില്ല. മാത്രമല്ല സ്വരത്തിൽ എന്തോ ജാള്യത, നൈരാശ്യം.

കൊള്ളാം, കാറ്റ് മാറി വീശുന്ന ലക്ഷണമുണ്ട്. ഈ അവസരം വെറുതെ പാഴാക്കിക്കൂട ഈശ്വരിയമ്മ എംഗേജ്മെന്‍റ് മുടങ്ങിയ വിശേഷവാർത്ത ചൂടോടെ മകൻ ശിവരാമകൃഷ്ണനെ അറിയിച്ചശേഷം ചോദിച്ചു “നമുക്കൊന്നവിടെവരെ പോയാലോ ശിവരാമാ.”

“ശങ്കരമ്മാമേടെ വീട്ടിലേക്കോ? അങ്ങോട്ടിനി ഇല്ലേയില്ലെന്നല്ലേ അമ്മ പറഞ്ഞിരുന്നത്?”

“എംഗേജ്മെന്റിന് പോകേണ്ടന്നല്ലേ ഞാൻ പറഞ്ഞത്. നിശ്ചയം മുടങ്ങിയ അവസ്ഥക്ക് നമ്മളവിടെ പോണം. പോകേണ്ടത് നമ്മുടെകൂടി ആവശ്യമാ. നിശ്ചയം മുടങ്ങിയതിന്‍റെ കാരണം ചോദിച്ചപ്പോൾ അത് നേരിൽ കാണുമ്പോൾ പറയാമെന്നും പറഞ്ഞ് ശങ്കരൻ ഫോൺ വെച്ചുകളഞ്ഞു. ഫോണിൽ കൂടി പറയാൻ പറ്റാത്ത പ്രശ്നമെന്തോ ഉണ്ടെന്നാ തോന്നുന്നെ.”

“ഓ! അങ്ങനെ! ഈ അമ്മേടെയൊരു ബുദ്ധി.”

“കളിയാക്കണ്ട നീയ്. ഒന്ന് രണ്ടാഴ്ച ശങ്കരന്‍റെ വീട്ടിൽ താമസിക്കാനുള്ള ഒരുക്കങ്ങളുമായി വേണം നമുക്ക് കാഞ്ഞിരപ്പിള്ളിക്ക് പുറപ്പെടാൻ”

“അപ്പോഴിവിടത്തെ കാര്യങ്ങളോ? രണ്ടേക്കർ സ്ഥലത്ത് നടാനുള്ള ഒന്നാംതരം പൂസ നാല്പത്തഞ്ചിന്‍റെ പടവലങ്ങാവിത്താ വാങ്ങി വെച്ചിരിക്കുന്നേ. അതുടനെ നട്ടില്ലെങ്കിൽ…”

“ആനക്കാര്യം പറയുമ്പഴാ നിന്‍റൊരു ചേനക്കാര്യം. മഞ്ജു നിന്‍റെ മുറപ്പെണ്ണല്ലേ? നിങ്ങൾ തമ്മിലുള്ള ബന്ധം നിങ്ങൾ കുട്ടികളായിരിക്കുമ്പോൾ പറഞ്ഞ് ഉറപ്പിച്ചതുമാണ്. ഒരയ്യേയെസ്സുകാരൻ സംബന്ധമാലോചിച്ച് വന്നപ്പോൾ ശങ്കരൻ അക്കാര്യമൊക്കെ മറന്നു. ഇപ്പോ സംഗതികൾ നമുക്ക് അനുകൂലമായിരിക്കയാണ്. ഈശ്വരന്‍റെ മറിമായമെന്നല്ലാതെന്ത് പറയാൻ.”

“എന്താ അമ്മ പറഞ്ഞുവരുന്നത്. എനിക്കൊന്നും മനസ്സിലാവണില്ല.”

“ഇനി ഞാനെങ്ങനെയാ നിന്നെ പറഞ്ഞ് മനസ്സിലാക്കേണ്ടത്. ശങ്കരന്‍റെ വീട്ടിൽ പോയി മടങ്ങുമ്പോൾ മഞ്ജു നിന്‍റെ കൂടെയുണ്ടാവണമെന്ന് നിനക്കാഗ്രഹമുണ്ടോ? ഉണ്ടെങ്കിൽ കൃഷീടേം വിത്തിന്‍റേം കാര്യോക്കെ മറന്നേക്ക്.”

“ശരി, അങ്ങനേങ്കിൽ അങ്ങനെ. അമ്മേ അനുസരിച്ചില്ലാന്നുള്ള പരാതി വേണ്ടല്ലൊ.”

പിറ്റേന്ന് അതിരാവിലെതന്നെ ഈശ്വരിയമ്മയും മകനും കാഞ്ഞിരപ്പിള്ളിയിലേക്ക് പുറപ്പെട്ടു.

 

(തുടരും)

और कहानियां पढ़ने के लिए क्लिक करें...