വികാരക്ഷോഭത്താൽ ഇടറുന്ന സ്വരത്തിൽ കുറുപ്പ് അറിയിച്ചു. “മഞ്ജുമോളുമായുള്ള കല്യാണത്തിന് ചെക്കൻ വീട്ടുകാർക്ക് താല്പര്യമില്ലെന്ന്.”

ശിരസ്സിൽ ഒരു വെള്ളിടി വെട്ടിയതു പോലായി സേതുലക്ഷ്മിക്ക്. ഇത്തരത്തിലൊരു കൊടും ചതി… അതും നിശ്ചയചടങ്ങിന് വെറും മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ…

അല്പസമയം ചിന്താമൂകയായശേഷം സേതുലക്ഷ്മി ചോദിച്ചു. “കുറുപ്പിനോടിതാരാ പറഞ്ഞത്? വല്ല അസൂയാലുക്കളും വിവാഹം മുടക്കാൻ വേണ്ടി വെറുതെ പൊല്ലാപ്പുണ്ടാക്കിയതാണോ.”

“അല്ലെന്നേ, പണിക്കർ സാറെന്നെ ആലപ്പുഴക്ക് വിളിപ്പിച്ച് എന്‍റെ മുഖത്ത് നോക്കി പറഞ്ഞതാ. ഞാനത് കേട്ട് നിന്നനിൽപിൽ വെട്ടിവിയർത്തുപോയി, കേട്ടോ.”

“അവരങ്ങനെ പിൻമാറാനെന്താ കാരണം? മുരളീടച്ഛൻ കുറുപ്പിനോട് എന്തെങ്കിലും സൂചിപ്പിച്ചോ.”

“ചെറുതായൊന്ന് സൂചിപ്പിച്ചു. കൊച്ചമ്മയിതുവരെ പണിക്കർസാറിനെ വിളിച്ച് കാര്യങ്ങളെല്ലാം വേണ്ടതുപോലെ സംസാരിച്ചില്ല, അല്ല്യോ?”

“ഇല്ല, നിശ്ചയത്തിന് അവരെത്തുമ്പോൾ എല്ലാം വിശദമായി സംസാരിക്കാമെന്ന് കരുതി.”

“ങ്ഹാ! അതാ കുഴപ്പമായത്. പൈസേടെ കാര്യത്തിൽ പണിക്കർ സാറ് അല്പം കടുംപിടുത്തക്കാരനാ. കൊച്ചമ്മ ഇന്നു തന്നെ ആലപ്പുഴക്ക് വിളിച്ച് എല്ലാക്കാര്യങ്ങളും വിശദമായി സംസാരിച്ചേക്ക്. അപ്പോ പണിക്കർസാറിന്‍റെ പരിഭവം മാറിക്കോളും.”

“ശ്രമിച്ച് നോക്കാം.” ഒരു നെടുനിശ്വാസത്തോടെ സേതുലക്ഷ്മി പറഞ്ഞു.

“പ്രശ്നങ്ങളെല്ലാം തീരുമെന്നേ. കൊച്ചമ്മ വിഷമിക്കാതെ.” എന്നാശ്വസിപ്പിച്ചുകൊണ്ട് കുറുപ്പ് യാത്ര പറഞ്ഞിറങ്ങി. പണിക്കരെ വിളിച്ച് സ്ത്രീധനത്തുക പറഞ്ഞുറപ്പിക്കണമെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കുകയും ചെയ്തു.

വീട്ടിലേക്കുള്ള യാത്രയിലുടനീളം പണിക്കരുടെ കാലുമാറ്റത്തിന്‍റെ കാര്യകാരണങ്ങളെക്കുറിച്ച് വിശകലനം ചെയ്യുകയായിരുന്നു സേതുലക്ഷ്മി. മുരളിക്ക് ഈ വിവാഹത്തിന് താല്പര്യക്കുറവൊന്നുമുണ്ടാകാൻ വഴിയില്ല. ഈ തീരുമാനം പണിക്കരുടേതായിരിക്കണം വീട്ടിലെത്തിയ ഉടനെ പണിക്കരെ വിളിച്ച് ഓഫറുകളെല്ലാം അറിയിച്ച് അയാളുടെ പരിഭവമവസാനിപ്പിക്കണം. അല്ലാതെ മറ്റ് മാർഗ്ഗമില്ല. ചടങ്ങ് മുടങ്ങിയാൽ ക്ഷണിച്ചവരോടെല്ലാം എന്ത് സമാധാനം പറയും. അഭിമാനക്ഷതമോർത്ത് സേതുലക്ഷ്മിയുടെ മനസ്സ് ചുട്ടുനീറാൻ തുടങ്ങി. ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം ഉണ്ണിത്താന്‍റെ ഉപേക്ഷ കൊണ്ടാണല്ലോയെന്നോർത്തപ്പോൾ നീരസം മുഴുവൻ ഉണ്ണിത്താനോടായി.

വീട്ടിലെത്തിയ ഉടനെ സേതുലക്ഷ്മി മുരളിയുടെ ക്വാർട്ടേഴ്സിലെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിംഗ് ചെയ്യുന്ന സ്വരം മാത്രം. ക്വാർട്ടേഴ്സിൽ ആരുമുള്ള ലക്ഷണമില്ല. പിന്നീടവർ മുരളിയുടെ സെൽഫോണിലേക്കും വിളിച്ചു നോക്കി. പലവട്ടം വിളിച്ചിട്ടും “ഫോൺ ഈസ് സ്വിച്ച്ഡ് ഓഫ്.” എന്ന സന്ദേശം മാത്രം. അപ്പോഴേക്കും ചായയുമായി മണ്ഡോദരിയെത്തി.

മഞ്ജുവപ്പോൾ അവിടെയുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ മണ്ഡോദരി അറിയിച്ചു. “കുഞ്ഞ് ബ്യൂട്ടി പാർലറിൽ പോയിരിക്കയാ. കൊച്ചമ്മയെത്തിയാൽ വണ്ടി അങ്ങോട്ടയക്കാൻ പറഞ്ഞിട്ടുണ്ട്.”

എല്ലാ ഒരുക്കങ്ങളും മുറപോലെ നടക്കുന്നുണ്ട്. തന്‍റെ മനസ്സിനുള്ളിൽ ഒരു തീ മലയെരിയുന്നത് മാത്രം ആരും അറിയുന്നില്ല.

“നല്ല തലവേദന, നീയെനിക്കൊരു സാരിഡോണെടുത്ത് തന്നേക്ക് മണ്ഡൂ.” ചായക്കപ്പ് വാങ്ങിക്കൊണ്ട് സേതുലക്ഷ്മി തളർന്നസ്വരത്തിൽ പറഞ്ഞു.

ചായയോടൊപ്പം ഗുളികയും വിഴുങ്ങിയശേഷം സേതുലക്ഷ്മി നേരെ ഉണ്ണിത്താന്‍റെ അടുത്തേക്ക് ചെന്നു.

“ഇന്ന് കുറുപ്പ് ബാങ്കിൽ വന്നിരുന്നു.” സേതുലക്ഷ്മി തന്നെ നടുക്കിക്കളഞ്ഞ ആ സംഭവം വിശദീകരിക്കാന്‍ തുടങ്ങി. മുന്നിൽ തുറന്ന് വെച്ചിരുന്ന പുസ്തകത്തിൽ നിന്നും കണ്ണുയർത്താതെ ഉണ്ണിത്താൻ വെറുതെയൊന്ന് മൂളുകമാത്രം ചെയ്തു.

“ബാക്കിയുള്ളോന്‍റെ ചങ്ക് ഉരുകുകയാ. ശങ്കരേട്ടനൊന്നും അറിയണ്ടല്ലോ.”

ഉണ്ണിത്താൻ പുസ്തകത്തിൽ നിന്ന് തലയുയർത്തി സേതുലക്ഷ്മിയുടെ മുഖത്തേക്ക് ചോദ്യഭാവത്തിലൊന്ന് നോക്കി “താനിത്രക്ക് അപ്സെറ്റാകാൻ മാത്രം എന്താ സംഭവിച്ചത്.?”

“ഇനി കൂടുതലായൊന്നും സംഭവിക്കാനില്ല, ശങ്കരേട്ടാ. മുരളീമനോഹറിന്‍റെ അച്ഛന് നമ്മുടെ മോളെ മരുമകളാക്കാൻ താല്പര്യമില്ലെന്ന്. മാർത്താണ്ഡക്കുറുപ്പിനെ ആലപ്പുഴയിലേക്ക് വിളിപ്പിച്ച് അയാൾ കുറുപ്പിനോട് നേരിട്ട് ഇക്കാര്യം അറിയിച്ചിരിക്കുന്നു. ഇപ്പോൾ ശങ്കരേട്ടന് സന്തോഷായല്ലോ.”

“പണിക്കർക്ക് വാക്കിന് വ്യവസ്ഥയില്ലാതായതിന് സേതുവെന്തിനാ എന്നെ കുറ്റപ്പെടുത്തുന്നത്?”

“കോട്ടയത്തെ ബംഗ്ളാവ് മഞ്ജൂന്‍റേം മുരളീടേം പേരിലാക്കുന്ന കാര്യം ഞാനന്നേ പറഞ്ഞതല്ലേ? ശങ്കരേട്ടൻ അത് ചെയ്തിരുന്നെങ്കിൽ ഇപ്പോഴീ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു.”

“അങ്ങനെവരട്ടെ, എനിക്കന്നേ സംശയം തോന്നിയിരുന്നു, തനിക്കെന്തോ ചില ഗൂഢോദ്ദേശങ്ങളുണ്ടെന്ന്.”

“അത് കൊള്ളാം. പിന്നെയിത്രേം നല്ലപയ്യനെ വെറുതേ കിട്ടുമോ? ഏതായാലും ഇത്രയൊക്കെയായ സ്ഥിതിക്ക് ശങ്കരേട്ടൻ വാശി ഉപേക്ഷിക്കണം. ഇത് നമ്മുടെ മോളുടെ ഭാവിയുടെ പ്രശ്നമാണെന്നോർമ്മവേണം. നമ്മുടെ മോൾക്ക് മുരളിയെ വളരെ ഇഷ്ടപ്പെട്ടസ്ഥിതിക്ക് ഈ വിവാഹം മുടങ്ങിയാൽ…”

“ഈ വിലപേശലും കാളക്കച്ചോടോം അവളറിഞ്ഞിട്ടില്ലല്ലോ. അറിഞ്ഞാൽ അവൾക്കും എന്‍റെ അഭിപ്രായം തന്നെയായിരിക്കും.”

“ശങ്കരേട്ടന് പെണ്ണുങ്ങളുടെ മനസ്സറിയാഞ്ഞിട്ടാണ്. ഇനി മുരളിയെ മറക്കാൻ അവൾക്കാവില്ല.”

“ശരി, ശരി, ഞാനിപ്പോഴെന്ത് വേണമെന്നാണ്.”

“അതിപ്പോഴും മനസ്സിലായിട്ടില്ലല്ലേ? വസ്തു കൈമാറ്റത്തിനുള്ള മുദ്രപത്രം ഞാന്‍ റെഡിയാക്കിച്ച് കൊണ്ടുവന്ന് കയ്യില്‍ തരുമ്പോള്‍ അതിലൊപ്പിട്ടേക്കണം. അല്ലെങ്കിൽ മോളുടെ കണ്ണീര് കാണേണ്ടി വരും. പറഞ്ഞേക്കാം.”

ഉണ്ണിത്താന്‍റെ മറുപടിക്ക് കാത്തു നില്ക്കാതെ സേതുലക്ഷ്മി തലവെട്ടിത്തിരിച്ചുകൊണ്ട് മുറിയിൽനിന്നും ഇറങ്ങിപ്പോയി.

അപ്പോഴേക്കും മഞ്ജു ബ്യൂട്ടിപാർലറിൽ നിന്നെത്തി.

“നോക്കൂ, മമ്മീ, മുടി സൈഡിലേക്ക് വകഞ്ഞിട്ടിട്ടെങ്ങനെയുണ്ടെന്ന്.”

“കൊള്ളാം നന്നായിട്ടുണ്ട്.” മനക്ഷോഭം മറച്ചുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു.

സേതുലക്ഷ്മിയുടെ മ്ലാനമായ മുഖത്തേക്ക് നോക്കിക്കൊണ്ട് മഞ്ജു ചോദിച്ചു. “എന്താ മമ്മിക്കൊരു ഉത്സാഹമില്ലാത്തതുപോലെ. നാളെ മമ്മീം എന്‍റെ കൂടെ പാർലറിലേക്ക് വരണം. ഒരു ഫ്രൂട്ട് ഫേഷ്യൽ മമ്മിക്കുമാകാം. ഞാറാഴ്ച നമുക്ക് ശരിക്കുമൊന്ന് ഷൈൻ ചെയ്യണം, കേട്ടോ മമ്മീ.”

സേതുലക്ഷ്മി എന്ത് പറയണമെന്നറിയാതെ മരവിച്ച് നില്ക്കുമ്പോൾ അവരെ ചേർത്ത് പിടിച്ചുകൊണ്ട് മഞ്ജു ചോദിച്ചു. “മമ്മിക്കിതെന്ത് പറ്റി?”

“തലവേദനയെടുത്തിട്ടാ മോളേ”

“ഡാഡിയെവിടെ?”

“ലൈബ്രറിയിലിരുന്ന് കൊണ്ടുപിടിച്ചുള്ള വായനയാ. എന്ത് പ്രശ്നമുണ്ടെങ്കിലെന്താ. വല്ലതുമറിയണോ നിന്‍റെ ഡാഡിക്ക്?”

“അത് ശരി. മമ്മീടെ തലവേദനേടെ രഹസ്യം ഇപ്പോൾ പിടികിട്ടി. എന്തിനാ മമ്മീ എപ്പോഴുമിങ്ങനെ ഡാഡിയുമായി വഴക്ക് കൂടുന്നത്.”

സേതുലക്ഷ്മി കൂടുതൽ തർക്കിക്കാനൊരുങ്ങാതെ പിന്തിരിഞ്ഞ് നടന്ന് കളഞ്ഞു. അല്പം കഴിഞ്ഞ് മഞ്ജു അവളുടെ റൂമിലേക്ക് പോയപ്പോൾ സേതുലക്ഷ്മി മുരളിയുടെ ലാന്‍റ് നമ്പറും സെൽനമ്പറും പലവട്ടം ഡയൽ ചെയ്തു നോക്കി. നിരാശയായിരുന്നു ഫലം. അവരുടനെ കുറുപ്പിന്‍റെ നമ്പറിലേക്ക് വിളിച്ചു. കുറുപ്പ് തന്നെയാണ് ഫോണെടുത്തത്.

സേതുലക്ഷ്മിയുടെ സ്വരംകേട്ടപ്പോൾ ആകാംക്ഷയോടെ കുറുപ്പ് തിരക്കി “പണിക്കര് സാറിനെ വിളിച്ച് സംസാരിച്ച് കാര്യങ്ങളെല്ലാം ഒത്തുതീർപ്പാക്കിയോ, കൊച്ചമ്മാ”

“ഇല്ല കുറുപ്പേ, മുരളീടെ രണ്ട് നമ്പറിലും വിളിച്ചിട്ട് കിട്ടുന്നില്ല. അവരെവിടേക്കെങ്കിലും യാത്ര പോകുന്നതായോ മറ്റോ കുറുപ്പിനോട് പറഞ്ഞിരുന്നോ?”

“ഇല്ലല്ലോ, അവര് വല്ല പാർട്ടിക്കോ ഡിന്നറിനോ മറ്റോ പോയതായിരിക്കും. കൊച്ചമ്മ കുറേ ലേറ്റായിട്ടൊന്നുകൂടി വിളിച്ച് നോക്കിയാട്ടെ.” കുറുപ്പ് ഉപദേശിച്ചു.

ഫോൺ ക്രേഡിലിൽ വെച്ചപ്പോഴേക്കും അത് റിംഗ് ചെയ്യാൻ തുടങ്ങി. സേതുലക്ഷ്മി അത്യാകാംക്ഷയോടെയയാണ് ഫോണെടുത്തത്.

കാതിൽ വിമൻസ് ക്ളബ്ബ് സെക്രട്ടറി വസുന്ധരയുടെ സ്വരം. “സേതൂ, കൺഗ്രാറ്റസ് കേട്ടോ. മോൾക്ക് ഒരയ്യെയെസ്സുകാരനെതന്നെ തപ്പിയെടുത്തല്ലോ, മിടുക്കി!. ഞാനിന്നാ നാട്ടീന്നെത്തിയത്. അപ്പോഴാ ഹസ്സ് പറയുന്നേ മഞ്ജുമോളുടെ എങ്കേജ്മെന്‍റാണെന്ന്.”

“വസൂന്‍റെ മമ്മിക്കെങ്ങനെയിരിക്കുന്നു?”

“ഒന്നും പറയാറായിട്ടില്ലെന്നേ. വയസ്സും കുറേ ആയില്ലേ. ഏതായാലും എനിക്കിന്നിങ്ങോട്ട് മടങ്ങാൻ തോന്നീത് ഭാഗ്യം. അല്ലെങ്കിൽ ഞാനീ ഫങ്ക്ഷൻ മിസ്സ് ചെയ്യുമായിരുന്നു. ഞാറാഴ്ച രാവിലേതന്നെ ഞാനങ്ങോട്ടെത്തിക്കോളാം കേട്ടോ.”

“ശരി നിർത്തട്ടെ, ബൈ” ചുട്ടുപഴുത്ത വസ്തുവിനെയെന്നപോലെ സേതുലക്ഷ്മി ഫോൺ ക്രേഡിലിൽ നിക്ഷേപിച്ചു.

അത്താഴത്തിന് സേതുലക്ഷ്മിയെ കാണാഞ്ഞപ്പോൾ ഉണ്ണിത്താനന്വേഷിച്ചു. “നിന്‍റെ മമ്മിയെവിടെ മോളേ?”

“മമ്മി തലവേദനിക്കുന്നെന്നുംപറഞ്ഞ് നേരത്തേ കിടന്നു. ഇന്ന് ഡാഡീം മമ്മീം തമ്മിലെന്തെങ്കിലും വഴക്കുണ്ടായോ?”

“ഇല്ലല്ലോ”

“പിന്നെന്താ മമ്മിക്കൊരു മൂഡൗട്ട്.”

“ആ, എനിക്കറിയില്ല. നിന്‍റെ മമ്മി വെറുതേ ഓരോ പ്രശ്നങ്ങളുണ്ടാക്കിയെടുക്കയല്ലേ?”

“എന്തിനാ ഡാഡീ, വെറുതെ മമ്മിയെ കുറ്റപ്പെടുത്തുന്നത്?. ലീവും കഴിഞ്ഞ് ചെന്നപ്പോൾ മമ്മിക്കിന്ന് പൊരിഞ്ഞ പണിയായിരുന്നിരിക്കും, പാവം”

“നിനക്കെന്താ വിളമ്പേണ്ടത്? മമ്മീടെ നൂഡിൽസോ, അതോ അച്ഛന്‍റെ കഞ്ഞിയോ?”

“കഞ്ഞി മതി. ഈയിടെയായി നാടൻ ഭക്ഷണമാ എനിക്കിഷ്ടം. പക്ഷെ ഇനിയെനിക്ക് മറ്റൊരാളുടെ ഇഷ്ടം കൂടി നോക്കണമല്ലോ?”

“ആരുടെ?” ഉണ്ണിത്താൻ പെട്ടെന്ന് ചോദിച്ചുപോയി.

“അഛനെന്താ ഒന്നുമറിയാത്തതു പോലെ സംസാരിക്കുന്നത്. “മുരളീടെ..” നാണം കലർന്നൊരു പുഞ്ചിരിയോടെ മഞ്ജു മന്ത്രിച്ചു.

ഉണ്ണിത്താൻ ഖിന്നതയോടെ സേതുലക്ഷ്മിയുടെ വാക്കുകളോർമ്മിച്ചുപോയി. തന്‍റെ മകളുടെ മനസ്സിൽ നിന്നും ആ ഐഎഎസുകാരന്‍റെ രൂപം ഇനിയൊരിക്കലും മായ്ച്ചു കളയാനാകില്ലെന്ന സേതുലക്ഷ്മിയുടെ ആപൽസൂചന സത്യമാകുകയാണോ?

പണിക്കരുടെ കാലുമാറ്റത്തിന്‍റെ കഥ മഞ്ജുവിനോട് തുറന്ന് പറയാൻ അവസരം കാത്തിരിക്കുകയായിരുന്നു ഉണ്ണിത്താൻ. പക്ഷെ തന്‍റെ മകളുടെ മനസ്സ് വേദനിക്കുമല്ലോ എന്ന ചിന്ത ഉണ്ണിത്താനെ പിന്തിരിപ്പിച്ചു.

ഭക്ഷണം കഴിഞ്ഞ് മഞ്ജു വാഷ്ബേസിന് നേരെ നടക്കുമ്പോൾ ഫോൺ ശബ്ദിച്ചു. അവൾ ഒറ്റയോട്ടത്തിന് ഫോൺ കയ്യിലെടുത്തു. “ഹലോ! മഞ്ജു ഹിയർ” ആ സ്വരം പ്രതീക്ഷാനിർഭരമായിരുന്നു.

“നിമ്മിയാന്‍റിയാ മോളേ, നാളെ സേതു എന്നോടൊപ്പം പാർലറിലേക്ക് വരാമെന്ന് പറഞ്ഞിരുന്നു.”

“മമ്മി തലവേദനിച്ച് കിടക്കയാ ആന്‍റീ, നാളെ ഞാൻ പാർലറിൽ പോകുമ്പോൾ എന്‍റെ കൂടെ വരാമെന്ന് പറഞ്ഞിരിക്കയാ മമ്മി.”

“എങ്കിലങ്ങനെയാകട്ടെ. ഗുഡ്നൈറ്റ് മഞ്ജൂ”

“ഗുഡ്നൈറ്റ് ആന്‍റീ” എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്ന അവളുടെ മുഖത്തെ നിരാശയുടെ കരിനിഴലുകൾ ഉണ്ണിത്താൻ വൈവശ്യത്തോടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എല്ലാവരും ഉറക്കമായിക്കഴിഞ്ഞപ്പോൾ സേതുലക്ഷ്മി മെല്ലെയെഴുന്നേറ്റ് മുരളിയുടെ രണ്ട് നമ്പറുകളും ഡയൽ ചെയ്തു. മണിയടി കേൾക്കാമെന്നല്ലാതെ യാതൊരു പ്രതികരണവുമില്ല.

പിറ്റേന്ന് രാവിലെ ബാങ്കിലെന്തോ ചില അർജെന്‍റ് ജോലികളുണ്ടെന്ന് പറഞ്ഞ് സേതുലക്ഷ്മി പതിവിലും നേരത്തെ വീട്ടിൽ നിന്നിറങ്ങി. കാർ ആലപ്പുഴക്ക് വിടാനവർ ഡ്രൈവർക്ക് നിർദ്ദേശം നല്കി. മുരളിയുടെ ക്വാർട്ടേഴ്സിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു.

“സാറും അച്ഛനും കൂടി യാത്രപോയിരിക്കയാ” വാച്ച്മാൻ അറിയിച്ചു.

മുരളീ മനോഹറിന്‍റെ ഓഫീസായിരുന്നു അടുത്തലക്ഷ്യം

ഓഫീസിനകത്തേക്ക് ചെന്ന് മുരളിയെ കാണണമെന്നുപറഞ്ഞപ്പോൾ പിഎ അറിയിച്ചു. “സാറ് ലീവിലാണല്ലോ.”

“ഇന്നെന്നോട് ക്വാർട്ടേഴ്സിൽ വന്ന് കാണാൻ മുരളി പറഞ്ഞിരുന്നു. “സേതുലക്ഷ്മി ചെറിയൊരു കള്ളം പറഞ്ഞു.” അവിടെ ചെന്നപ്പോൾ മുരളിയും അച്ഛനും യാത്രപോയിരിക്കയാണെന്നാണ് പറഞ്ഞത്”

“മാഡം…..”

“മുരളിയുടെ ഒരു ബന്ധുവാണ്.” സേതുലക്ഷ്മി ഒരു നുണകൂടി പറഞ്ഞു.

“സാറ്, ശ്രീപൂർണ്ണിമ ജ്വലേഴ്സിന്‍റെ ഉടമയുടെ എസ്റ്റേറ്റിൽ ഒരു ഹോളിഡേയിംഗിന് പോയിരിക്കയാ.”

തന്‍റെ കാൽചുവട്ടിലെ ഭൂമി തെന്നിനീങ്ങുംപോലെതോന്നി സേതുലക്ഷ്മിക്ക്. അവർ പെട്ടെന്ന് അടുത്തുള്ള കസേരയിലേക്കിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...