ഫോൺ ശബ്ദിക്കുമ്പോൾ ഈശ്വരിയമ്മ മകൻ ശിവരാമകൃഷ്ണന് അത്താഴം വിളമ്പുകയായിരുന്നു. കുട്ടിക്കാനത്താണ് അവരുടെ വീട്

“ഹലോ” ഈശ്വരിയമ്മയുടെ സ്വരം കേട്ടപ്പോൾ ഉണ്ണിത്താന്‍റെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി. “ശങ്കരനാ ഈശ്വരിചേച്ചീ.”

“നീയിങ്ങോട്ട് വിളിച്ചിട്ട് ദിവസം ആറേഴായല്ലോ ശങ്കരാ. എന്തൊക്കെയുണ്ട് അവിടത്തെ വിശേഷങ്ങൾ?”

” മഞ്ജൂന്‍റെ വിവാഹമുറപ്പിച്ചു. അടുത്തതിന്‍റെ അടുത്ത ഞായറാഴ്ച രാവിലെ പതിനൊന്നിനാ നിശ്ചയം “ഉണ്ണിത്താൻ ഒറ്റശ്വാസത്തിൽ വിശേഷമറിയിച്ചു.

വാർത്തകേട്ട് ഈശ്വരിയമ്മ അടിമുടി വിയർത്തുപോയി, “എന്താ ശങ്കരാ ഞാനീ കേൾക്കുന്നേ. ഇത് വല്ലാത്ത ചതിയായിപോയി കേട്ടോ.”

“ഒന്നും മനപ്പൂർവ്വമല്ല ചേച്ചീ, ശിവരാമകൃഷ്ണനവൾക്ക് സ്വന്തം സഹോദരനെപ്പോലെയാണെന്നാ മഞ്ജു പറയുന്നേ. ഈ ആലോചന അവൾക്കിഷ്ടപ്പെടൂം ചെയ്തു. പയ്യൻ ഐഎഎസാ. പേര് മുരളീ മനോഹർ. അടുത്ത് തന്നെ ആലപ്പുഴ കളക്ടറായി ചാർജ്ജെടുക്കുമെന്നും പറഞ്ഞു. ചേച്ചീം ശിവരാമനും നേരത്തേയിങ്ങെത്തിയേക്കണം കേട്ടോ.”

“എന്‍റെ ശരീരസ്ഥിതിയൊക്കെ നിനക്കറിയാവുന്നതല്ലേ? അതുകൊണ്ട് ഒന്നും തീർച്ചപറയാനാവില്ല.” ഈശ്വരിയമ്മയുടെ സ്വരത്തിന് അല്പം പോലും മാർദ്ദവമില്ലായിരുന്നു.

“നിർത്തട്ടെചേച്ചീ” പൊള്ളുന്ന വസ്തുവിനെയെന്നോണം ഉണ്ണിത്താൻ ഫോൺ തിരികെ വെച്ചു.

ഈശ്വരിയമ്മ വീണ്ടും ഊണുമേശക്കരികിലെത്തിയപ്പോൾ ശിവരാമകൃഷ്ണൻ ചോദിച്ചു. “എന്താ അമ്മ അമ്മാമയോട് ചതിയായിപ്പോയി എന്നൊക്കെ പറഞ്ഞത്.”

“വാക്കിന് വ്യവസ്ഥയില്ലാത്തവരോട് പിന്നെയെന്താ പറയേണ്ടത്? മഞ്ജുവും നീയും തമ്മിലുള്ള ബന്ധം ഞാനും ശങ്കരനും കൂടി പണ്ടേ തീരുമാനിച്ചതല്ലേ. ഇപ്പോ ശങ്കരൻ പറയുന്നു അവളുടെ വിവാഹം ഒരയ്യേയെസ്സുകാരനുമായി ഉറപ്പിച്ചെന്ന്. നിശ്ചയത്തിന്‍റെയന്ന് നമ്മൾ നേരത്തേയങ്ങോട്ടെത്തണമെന്ന് ക്ഷണിക്കാനാ വിളിച്ചത്.”

അല്പം ആശാഭംഗം തോന്നിയെങ്കിലും ശിവരാമകൃഷ്ണൻ ഒന്നും പറയാതെ ഭക്ഷണം തുടർന്നു. കുറച്ച് നേരം ചിന്താമൂകയായിരുന്ന ശേഷം പാതി ആത്മഗതമെന്നോണം ഈശ്വരിയമ്മ പറഞ്ഞു. “ഇതാ സേതുലക്ഷ്മീടെ തലോണമന്ത്രത്തിന്‍റെ ശക്തിതന്നെയാ. അവളുടെ നിർബ്ബന്ധംകൊണ്ട് ശങ്കരൻ സമ്മതംമൂളിയതാവണം. പക്ഷെ നമ്മളെ അങ്ങനെ വിഡ്ഢികളാക്കാമെന്നാരും കരുതണ്ട. നീ ശങ്കരനെ നേരിലൊന്ന് ചെന്ന് കാണണം. ഇങ്ങനെ വാക്ക്മാറിയതെന്താണെന്ന് ശങ്കരന്‍റെ മുഖത്ത് നോക്കി ചോദിക്കണം. മഞ്ജുവിനെയല്ലാതെ മറ്റൊരു പെൺകുട്ടിയേയും ഭാര്യയായി സങ്കല്പിക്കാൻ പോലും നിനക്കീ ജന്മം കഴിയില്ലെന്നും പറയണം. അങ്ങനെയൊരാഗ്രഹം നിന്‍റെ മനസ്സിലുണ്ടാക്കിയതിന്‍റെ ഉത്തരവാദിത്വം ശങ്കരനുമുണ്ടല്ലോ. മാത്രല്ലാ, നിന്നോട് ശങ്കരന് വലിയ വാത്സല്യോമാണ്. നിന്‍റെ അപേക്ഷ നിരാകരിക്കാൻ ശങ്കരന് കഴിയില്ല…”

“മഞ്ജൂന്‍റെ എംഗേജ്മെന്‍റ് വരെ ഉറപ്പിച്ച സ്ഥിതിക്ക് ഞാൻ ശങ്കരമ്മാമെ കണ്ടതുകൊണ്ട് എന്തെങ്കിലും ഫലോണ്ടാവോ?”

“നിശ്ചയം കഴിഞ്ഞിട്ടൊന്നൂല്യല്ലോ. അതിനിനിയും രണ്ടാഴ്ചത്തെ സമയോണ്ടല്ലോ. നീ നാളെ ശങ്കരനെ ചെന്നൊന്ന് കാണ്. പോണവഴിക്ക് നമ്മടെ ഗണപതിയമ്പലത്തില്‍ ചെന്ന് പ്രാർത്ഥിച്ച് നടക്കൽ ഏഴ് തേങ്ങേം ഒടച്ചേക്ക്.”

ശിവരാമകൃഷ്ണൻ അർദ്ധസമ്മതഭാവത്തിൽ തലയാട്ടുമ്പോൾ ഈശ്വരിയമ്മ ഓർമ്മിപ്പിച്ചു “സേതുലക്ഷ്മി ബാങ്കിലേക്കിറങ്ങിക്കഴിഞ്ഞിട്ട് നീയങ്ങോട്ടെത്തിയാല്‍ മതി. അല്ലെങ്കിൽ ശങ്കരന്‍റെ വാ തുറക്കാനുംകൂടി അവള് സമ്മതിക്കില്ല.”

നല്ല ഉയരവും അല്പം പൊണ്ണത്തടിയുമുള്ള ശരീരമാണ് ശിവരാമകൃഷ്ണന്‍റേത്. ഒരു ഉൾനാടൻ കർഷകന്‍റെ എല്ലാ ലക്ഷണങ്ങളും അയാളിൽ ഒത്തിണങ്ങിയിട്ടുണ്ട്.

ശിവരാമകൃഷ്ണൻ ഉണ്ണിത്താന്‍റെ വീട്ടിലെത്തുമ്പോൾ സമയം രാവിലെ പതിനൊന്നായിക്കാണും. കോളിംഗ് ബെല്ലിൽ വിരലമർത്തിയപ്പോൾ വാതിൽ തുറന്നത് ധർമ്മേന്ദ്രനാണ്. “അല്ല, ഇതാര് ശിവരാമകൃഷ്ണൻ സാറോ?”

“എന്താ കണ്ടിട്ട് മനസ്സിലായില്ലേ?”

ആ സ്വരത്തിലെ നീരസം ശ്രദ്ധിച്ചുകൊണ്ട് ധർമ്മേന്ദ്രൻ അനുനയസ്വരത്തിൽ പറഞ്ഞു “അയ്യോ, സാറിനെ എനിക്ക് മനസ്സിലാകാതെവരുമോ? ഞാനാ തറവാട്ടിലെ ഉപ്പും ചോറും എത്ര തിന്നിട്ടുള്ളതാ.”

“ഓ! പഴേകാര്യങ്ങളൊക്കെയിപ്പഴാരോർക്കുന്നു? കലികാലമല്ലേ? എല്ലാവർക്കും സ്വന്തംകാര്യം”

ശിവരാമകൃഷ്ണൻ കലശലായി പരിഭവിച്ചിരിക്കയാണെന്ന് ധർമ്മേന്ദ്രന് മനസ്സിലായി. അതിനുള്ള കാരണമെന്താണെന്നും അയാൾക്ക് ഊഹിക്കാനായി. ഭക്ഷണപ്രിയനായ ശിവരാമകൃഷ്ണനെ സാന്ത്വനിപ്പിക്കാനുള്ള ഏകമാർഗ്ഗമെന്തെന്ന് ധർമ്മേന്ദ്രനറിയാമായിരുന്നു. “സാറിന് കുടിക്കാനെന്താ എടുക്കേണ്ടത്? ജൂസോ, ചായയോ”

“ശങ്കരമ്മാമയില്ലേ?” ഗൗരവമൊട്ടും കുറക്കാതെ ശിവരാമകൃഷ്ണൻ ചോദിച്ചു.

“സാറ് പീരുമേട്ടിലേക്ക് പോയിരിക്കയാ. ഇനി നാളെയേ തിരിച്ചെത്തൂ”

“ഓ! ഇതിപ്പോ ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്ന് പറയും പോലായല്ലോ”

“ആ പറഞ്ഞത് ശരിയായില്ലല്ലോ” ധർമ്മേന്ദ്രന്‍റെ മുഖത്ത് ഒരു കള്ളച്ചിരിയുടെ കടന്നാക്രമണമുണ്ടായി.

“എന്ത് ശരിയല്ലെന്നാടോ?”

“അല്ലാ, ഇടിവെട്ടിയവനെ കടിക്കാനെവിടെയാ പാമ്പിന് നേരം? ഇടിവെട്ട് കിട്ടിയാ ആ നിമിഷം വടിയാവില്ലേ?”

തമാശ സ്വയം ആസ്വദിച്ച്കൊണ്ട് ധർമ്മേന്ദ്രൻ പൊട്ടിച്ചിരിക്കുന്നത് കണ്ടപ്പോൾ അസഹനീയതയോടെ ശിവരാമകൃഷ്ണൻ പൊട്ടിത്തെറിച്ചു “മനസ്സാകെ തകർന്നിരിക്കുമ്പോഴാ, തന്‍റെയൊരു വളിച്ച തമാശ. തനിക്കറിയോ, ഇന്നലെ രാത്രി ഞാനൊരുപോള കണ്ണടച്ചിട്ടില്ല. ഇന്നീ നേരംവരെ ഒരുതുള്ളി വെള്ളംപോലും കുടിച്ചിട്ടില്ല.”

“അയ്യോ! അതിനുമാത്രം ഇപ്പോഴെന്താ സംഭവിച്ചത്?”

“ധർമ്മാ, അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുകയല്ലേടോ താൻ”

“ഓ! മഞ്ജുക്കുഞ്ഞിന്‍റെ വിവാഹം നിശ്ചയിച്ച കാര്യം ഓർത്തിട്ടാണെങ്കിൽ അതങ്ങ് മറന്ന് കളയ് സാറേ, നല്ല മണിമണിപോലുള്ള പെൺകുട്ടികൾക്ക് ഈ ഭൂമിമലയാളത്തിൽ ഒരു ക്ഷാമോമില്ല. ഇതല്ലെങ്കിൽ വേറൊന്ന് അല്ലാതെന്താ?”

“തനിക്കങ്ങനെയൊക്കെ എളുപ്പം പറയാം. ഐഎഎസുകാരന്‍റെ കല്യാണക്കാര്യം വന്നപ്പോൾ അമ്മാമ എന്‍റെ അമ്മക്ക് കൊടുത്ത വാക്കുപോലും മറന്നു. ങ്ഹാ! ഇതിന്‍റെയൊക്കെ പിറകിൽ സേതുവമ്മായിയായിരിക്കും. അവർക്കെന്നെ പരിഹാസമല്ലേ?”

“അതെല്ലാം നിങ്ങടെ കുടുംബകാര്യം. ഞാനെന്ത് പറയാനാ സാറേ.”

“അതൊക്കെ പോട്ടെ, ആ ഐഎഎസുകാരൻ ആളെങ്ങനെ”

ധർമ്മേന്ദ്രൻ മതിപ്പോടെ അറിയിച്ചു. “നല്ല തങ്കപ്പെട്ട പയ്യൻ. പരമയോഗ്യൻ. പച്ചവെള്ളം പോലെയല്ലേ ഇംഗ്ളീഷ് പറയുന്നേ.”

ശിവരാമകൃഷ്ണന്‍റെ മുഖം കൂടുതൽ വിവർണ്ണമായി. “മഞ്ജുവിനയാളെ….”

“അത് പിന്നെ പറയണോ. ഇപ്പോ കല്യാണം വേണ്ട ഇനീം രണ്ട് വർഷോംകൂടി പഠിക്കണമെന്നൊക്കെ നിർബ്ബന്ധം പറഞ്ഞിരുന്നയാളിപ്പോ ദിവസങ്ങളെണ്ണി കാത്തിരിക്കയല്ലേ?” “ഓ! ഇത്രക്ക് മനസ്സ് മാറാൻ മാത്രം ദേവേന്ദ്രനാണോ അയാള്”

“ദേവേന്ദ്രനല്ലെങ്കിലും കാഴ്ചക്ക് അതുപോലെ തന്നെയാ. ഫോട്ടോ കുഞ്ഞ് കയ്യിൽ കൊണ്ട് പോയി. അല്ലെങ്കിൽ കാണാമായിരുന്നു.”

കൂടുതൽ വിവർണ്ണമായ മുഖവുമായി ശിവരാമകൃഷ്ണൻ ചിന്താമൂകനായി നിന്നു. അമ്മാവനെ കണ്ട് സംസാരിച്ചാലും പ്രത്യേകിച്ച് പ്രയോജനമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന ചിന്തയപ്പോൾ കൂടുതൽ ശക്തമായി.

“സാറും ഈശ്വരിവല്യമ്മേം നിശ്ചയത്തിന് വരില്ലേ?”

“ഞങ്ങളൊക്കെയിനി വന്നാലെന്ത് വന്നില്ലെങ്കിലെന്ത്? തോട്ടത്തിൽ കിളയുടേയും നടീലിന്‍റേയും തിരക്കായിപ്പോൾ”

“ആ തിരക്കുകളൊക്കെ സാറിനെപ്പോഴും കാണുമല്ലോ. കായ്കറി കൃഷിയിപ്പോ ഉഷാറായി നടക്കുന്നുണ്ടല്ലോ.” ധർമ്മേന്ദ്രൻ ചിരിയടക്കിക്കൊണ്ട് ചോദിച്ചു.

“അതൊരു വശത്ത് കുഴപ്പമില്ലാതെ നടക്കുന്നു. ഒരു കന്നുകാലി ഫാം തുടങ്ങിയാലോന്നൊരാലോചനയുണ്ട്. ഇക്കോഫ്രണ്ട്ലിയായ കൃഷിരീതികളാണല്ലോ ഇപ്പോഴത്തെ ട്രെന്‍റ്. പക്ഷെ ഇപ്പഴെനിക്കൊന്നിനും ഉത്സാഹം തോന്നണില്ലെടോ. രാവിലെ കുളീം തൊഴലും കഴിഞ്ഞ് വണ്ടീമെടടുത്ത് നേരെ ഇങ്ങോട്ട് പോന്നു.”

“ഇപ്പോ ധർമ്മന് കാര്യം പിടികിട്ടി. വയറൊഴിഞ്ഞ് കിടക്കണതുകൊണ്ടാണ് ഈ ഉത്സാഹക്കുറവും മൗഢ്യോമൊക്കെ. ഞാനടുക്കളേലോട്ടൊന്ന് ചെന്ന് നോക്കട്ടെ.”

അടുക്കളയിൽ ചെന്നന്വേഷിച്ചപ്പോൾ മണ്ഡോദരി പറഞ്ഞു. “ഇപ്പോഴൊന്നും റെഡിയായിട്ടില്ലല്ലോ, ധർമ്മൻചേട്ടാ. ഒരരമണിക്കൂറ് വേയ്റ്റ് ചെയ്താല് അമേരിക്കൻ ചോപ്സി റെഡിയാക്കിത്തരാം. പിന്നെ രാവിലെ കൊച്ചമ്മക്ക് വേണ്ടിയുണ്ടാക്കിയ പോറിഡ്ജിന്‍റെ ബാക്കിയിരിപ്പുണ്ട്. പത്ത് മിനിട്ടിനുള്ളിൽ ഓംലെറ്റുണ്ടാക്കാം.”

“ഈ കുന്ത്രാണ്ടം പേരുകളൊന്നും എന്‍റെ നാവിന് വഴങ്ങില്ല. താൻ തന്നെ പോയി സാറിനോട് എന്തൊക്കെയാ വേണ്ടേന്ന് ചോദിച്ച് നോക്ക്.”

മണ്ഡോദരി വിഭവങ്ങളുടെ പട്ടിക ശിവരാമകൃഷ്ണനെ കേൾപ്പിച്ചു. “സാറ് പീരുമേട്ടിലേക്ക് പോയല്ലോ. മാഡം മാത്രമല്ലേ ഇവിടുള്ളു. അതുകൊണ്ട് വിഭവങ്ങളെല്ലാം വിദേശിയാ. പിന്നെ ഞങ്ങൾക്ക് കഴിക്കാൻ വേണ്ടിയുണ്ടാക്കിയ കഞ്ഞീം പയറുകറീമിരിപ്പുണ്ട്.”

“നീ ആദ്യം പറഞ്ഞ ചവറൊന്നുമെനിക്ക് വേണ്ട. കുറച്ച് കഞ്ഞീം പയറുമാവാം” ആർക്കോ വേണ്ടിയെന്നോണം ശിവരാമകൃഷ്ണൻ പറഞ്ഞു.

സുഭിക്ഷമായി കഞ്ഞികുടിച്ചു കഴിഞ്ഞപ്പോൾ മാനസികസംഘർഷം ഒഴിവായെന്ന് മാത്രമല്ല ധർമ്മേന്ദ്രന്‍റെ വാക്കുകൾ അക്ഷരംപ്രതി ശരിയാണെന്നുപോലും തോന്നി അയാൾക്ക്. ഈ ലോകത്ത് പെണ്ണായി മഞ്ജു മാത്രമല്ലല്ലോ. ഇതല്ലെങ്കിൽ വേറൊന്ന്. അല്ലാതെന്ത്?

“ഞാനിവിടെ വന്നിരുന്നെന്ന് അമ്മാമയോട് പറഞ്ഞേക്കണം” എന്ന് ചട്ടംകെട്ടിയശേഷം ശിവരാമകൃഷ്ണൻ മടങ്ങിപ്പോയി.

“പാവം, വെറുതെ മനപ്പായസം കുടിച്ചു.” അകന്ന് പോകുന്ന കാറിലേക്ക് നോക്കിക്കൊണ്ട് ധർമ്മേന്ദ്രൻ സഹതാപം പ്രകടിപ്പിച്ചു.

“മഞ്ജുക്കുഞ്ഞിനെ കെട്ടാൻ എന്ത് യോഗ്യതയാ ഇയാൾക്കുള്ളത്? അത് നമ്മടെ ഐഎഎസിന്. എല്ലാം മഞ്ജുക്കുഞ്ഞിന്‍റെ ഭാഗ്യം.”

“തനിക്ക് മുരളിസാറിനെക്കുറിച്ച് പറയുമ്പോൾ നൂറ് നാക്കാണല്ലോ.”

“അതേയ്, കല്യാണം കഴിഞ്ഞ് മഞ്ജുക്കുഞ്ഞ് പോകുമ്പോ എന്നേം കൂടെ ക്വാർട്ടേഴ്സിലേക്ക് അയക്കാമെന്നാ മാഡം പറഞ്ഞിരിക്കുന്നേ.”

“അത് ശരി. അവിടെ ചെന്ന് വല്ല പ്യൂണിനേം വളച്ചെടുക്കാമെന്ന പൂതിയാണല്ലേ.”

“ഓ! ഈ ധർമ്മൻചേട്ടന്‍റെ ഒരസൂയ.”

“എനിക്കൊരസൂയേമില്ലേ” ധർമ്മേന്ദ്രൻ വരണ്ടൊരു ചിരിയോടെ പറഞ്ഞു.

 

മഞ്ജുവും സ്നേഹിതകളും ഹോസ്റ്റലിലെ ഡൈനിംഗ് ഹോളിൽ നിന്നുമിറങ്ങുമ്പോൾ സമയം രണ്ട് മണി.

പിങ്കി തോമസ്സ് പറഞ്ഞു. “ഇനി രണ്ടുദിവസം കഴിഞ്ഞല്ലേ എക്സാമുള്ളു. ഇന്ന് ശരിക്കൊന്നുറങ്ങണം.”

“ശരിയാ എനിക്കും ഉറക്കംവന്നിട്ട് വയ്യ” വരദയും ആ അഭിപ്രായത്തോട് യോജിച്ചു.

പക്ഷെ മഞ്ജുവിന്‍റെ ആവശ്യം മറ്റൊന്നായിരുന്നു. “എനിക്ക് ഒരു റഫറൻസ് ബുക്കെടുക്കാൻ ലൈബ്രറിയിലൊന്ന് പോണം.”

“ഇന്നത്തെ പരീക്ഷകഴിഞ്ഞ് നേരാംവണ്ണമൊന്ന് ശ്വാസം വിടുന്നേനു മുൻപ് അടുത്ത പരീക്ഷയെക്കുറിച്ച് വെറുതെ തലപുണ്ണാക്കണതെന്തിനായെന്‍റെ മഞ്ജു.”

“ഞാൻ വിചാരിച്ചത് നിനക്കിനി പരീക്ഷപനി പിടിക്കില്ലാന്നാണ്.” വരദ അർത്ഥസൂചകമായി കണ്ണിറുക്കി.

“ശരിയാ, നിനക്കിപ്പോൾ വേറെ ചില രോഗങ്ങളുടെ കാലമല്ലേ?” പിങ്കിയും അവസരം പാഴാക്കിയില്ല.

“എനിക്കങ്ങനെയുള്ള രോഗങ്ങളൊന്നുമില്ല.” ഗൗരവം ഭാവിക്കാൻ ശ്രമിച്ചെങ്കിലും മഞ്ജുവിന്‍റെ ചുണ്ടിൽ ഒരു മന്ദഹാസം ഊറിക്കൂടുകതന്നെ ചെയ്തു.

അതുവരെ അവരുടെ സംഭാഷണത്തിൽ പങ്കുചേരാതിരുന്ന പൂർണ്ണിമ പറഞ്ഞു “മഞ്ജൂ ഞാനും നിന്‍റെ കൂടെ വരാം ലൈറ്റ് റീഡിങ്ങിനെന്തെങ്കിലും എനിക്കും എടുക്കണം.”

അവർ നാലുപേരുംകൂടി ലൈബ്രറിയിലെത്തിയപ്പോൾ ലൈബ്രറേറിയന്‍റെ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നു. പ്യൂൺ വറീത്ചേട്ടനെയും കണ്ടില്ല. വാതിൽ മലർക്കെ തുറന്നിട്ടിരുന്നതുകൊണ്ട് രണ്ടുപേരും പരിസരത്തെവിടെയെങ്കിലും ഉണ്ടാകുമെന്നുറപ്പായിരുന്നു.

“എവിടെ നമ്മുടെ വികാരിയച്ചൻ? പെമ്പിള്ളാരെ പേടിച്ച് അലമാരീടെ പിറകിലൊളിച്ചിരിക്കയായിരിക്കും.” വരദയുടെ പതിഞ്ഞസ്വരത്തിലുള്ള കമന്‍റ് ഒരു കൂട്ടച്ചിരിക്കുള്ള വകയായി.

പെട്ടെന്ന് ലൈബ്രറേറിയൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. അയാളുടെ പേര് വിനയനെന്നാണ്. യുവാവ്. മുഖത്തെ സ്ഥായിയായ ഭാവം സങ്കോചമാണ്. അരഡസൻ പെൺകുട്ടികളെ ഒരുമിച്ച് കണ്ടാൽ കരക്ക് പിടിച്ചിട്ട മീനിന്‍റെ പടപടപ്പാണ് അയാൾക്ക്.

ഷർട്ടിന്‍റെ തുമ്പ്കൊണ്ട് മുഖമൊന്നമർത്തി തുടച്ചശേഷം അലമാരകളുടെ താക്കോൽകൂട്ടം മേശവലുപ്പിൽനിന്ന് പുറത്തേക്കെടുത്തു തലയുയർത്താതെ പതറുന്ന സ്വരത്തിലയാൾ ചോദിച്ചു “ഏത് കാറ്റിഗറിയിലുള്ള പുസ്തകമാണ് വേണ്ടത്.”

“വിനയൻസാറേ, താക്കോലിങ്ങ് തന്നേക്ക്. ഞാൻ തുറന്ന് കൊടുക്കാം.” അപ്പോൾ അകത്തേക്ക് കടന്ന് വന്ന വറീത്ചേട്ടൻ താക്കോലിനായി കൈനീട്ടി.

അലമാരകൾ തുറക്കാനെത്തിയ വറീത്ചേട്ടനോട് പിങ്കി പതിഞ്ഞസ്വരത്തിൽ ചോദിച്ചു. “എന്താ ഇന്ന് പുള്ളിക്കൊരു വ്യാകുലമാതാവിന്‍റെ വിഷാദം? പിള്ളാരാരെങ്കിലും ശരിക്കൊന്ന് വാരിക്കാണുമല്ലേ?”

“അതല്ല, പുള്ളിക്ക്…” വറീത്ചേട്ടൻ വാചകം മുഴുമിക്കാതെ പതിഞ്ഞസ്വരത്തിൽ പറഞ്ഞു”നമുക്ക് പുറത്ത് നിന്ന് സംസാരിക്കാം. അല്ലെങ്കിൽ പുള്ളി കേൾക്കും”

വിനയനപ്പോൾ തലയും കുമ്പിട്ടിരിക്കുകയായിരുന്നു. ഒപ്പിടാനുള്ള റെക്കോഡ് ബുക്ക് തുറന്ന് വെച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ പേരുകളെഴുതി സൈൻ ചെയ്തശേഷം പുറത്തേക്കിറങ്ങി. നടക്കുമ്പോൾ വരദ പറഞ്ഞു. “അയാൾക്കെന്തോ കാര്യമായ പ്രശ്നമുണ്ട്.”

“ഓ! പ്രശ്നം എന്തായാലും നമുക്കെന്താണ്? ഞാൻ ഹോസ്റ്റലിലേക്ക് പോക്വാ” എന്ന് പറഞ്ഞ് പൂർണ്ണിമയുടനെ നടന്നകന്നു.

മറ്റ് മൂന്ന് പേരും വരാന്തയുടെ ഒരു മൂലയിൽ കാത്ത് നില്ക്കുമ്പോൾ വറീത്ചേട്ടൻ അവരുടെ അടുത്തേക്ക് വന്നു. “വിനയൻസാറ് ആറ് മാസത്തെ ടെമ്പററി വേക്കൻസിയിൽ പുരുഷോത്തമൻസാറിന്‍റെ പകരക്കാരനായി വന്നതല്ലേ? അടുത്തമാസം ലീവ് കഴിഞ്ഞ് പുരുഷോത്തമൻസാറ് ചാർജ്ജെടുക്കും വിനയൻസാറിന് അതോർത്തിട്ടുള്ള പ്രയാസമാണ്. സാറിന്‍റെ വീട്ടിലെ സാമ്പത്തികസ്ഥിതി അത്രക്ക് മോശമാണ്.പുള്ളീടച്ഛൻ ഒരു സ്ക്കൂളിൻ ഹെഡ്മാസ്റ്ററായിരുന്നു. പെൻഷനായി. ഇതുവരെ പെൻഷൻതുക കിട്ടിത്തുടങ്ങിയിട്ടില്ല. വിനയൻ സാറിന്‍റെ ശമ്പളോം കൂടിയില്ലാതായാൽ കുടുംബം പ്രയാസത്തിലാകും. വാസ്തവത്തിൽ പുള്ളീടെ ക്വാളിഫിക്കേഷന് ചേർന്ന ജോലിയൊന്നുമല്ലിത്. അഗ്രികള്‍ച്ചറില്‍ പോസ്റ്റ്ഗ്രാജ്വേഷൻ ഡിസ്റ്റിങ്ങ്ഷനോടുകൂടി പാസ്സായതാ. പല കമ്പനീലും അപ്ളൈ ചെയ്തിട്ടുണ്ട്. എവിടേങ്കിലും കിട്ടാതിരിക്കില്ല. പക്ഷെ അതുവരെ പിടിച്ച് നില്ക്കാൻ…” ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം വറീത്ചേട്ടൻ ചോദിച്ചു “നിങ്ങടെ കൂടെ വന്നിരുന്ന ആ കുട്ടീടെ അച്ഛന് സ്വന്തമായി ഒരു സ്വർണ്ണക്കടയുണ്ടെന്ന് ഇവിടെയാരോ പറയുന്നത് കേട്ടു. ശരിയാണോ?”

“അതെ .പൂർണ്ണിമാ ജ്വലേഴ്സെന്നാ കടേടെ പേര്.”

“വിനയൻസാറിന് എന്തെങ്കിലുമൊരു പണിയേർപ്പാടാക്കിക്കൊടുക്കാൻ നിങ്ങളാ കുട്ടിയോടൊന്ന് പറയാമോ?”

“പറഞ്ഞു നോക്കാം. മോഡൽ എക്സാം കഴിഞ്ഞാലവൾ വീട്ടിലേക്ക് പോകുന്നുണ്ടാകും.”

“എങ്കിൽ വിനയൻസാറിന്‍റെ ബയോഡാറ്റയും അപേക്ഷയും ഞാൻ കഴിയുന്നതും വേഗം നിങ്ങളെ ഏല്പിക്കാം.” വറീത്ചേട്ടന്‍റെ മുഖം പ്രതീക്ഷാനിർഭരമായി.

രാത്രി സമയം. സ്നേഹിതകൾ മൂവരും ഉറക്കമായിക്കഴിഞ്ഞെങ്കിലും മഞ്ജുവിനുറങ്ങാനായില്ല. കണ്ണടച്ച് കിടക്കുമ്പോൾ മനസ്സ് നിറയെ പുഞ്ചിരിപൊഴിക്കുന്ന ആ മുഖം മാത്രം. മുരളിയും തന്നെക്കുറിച്ചിപ്പോൾ ഓർമ്മിക്കുന്നുണ്ടാവുമോ എന്നാലോചിച്ചപ്പോൾ അവളറിയാതെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. മുരളിയും അവളെ ഒട്ടുംതന്നെ മറന്നിട്ടില്ലെന്നതിന് തെളിവായി പിറ്റേന്ന് രാവിലെ അവൾക്കയാളുടെ ഫോൺ വന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...