കോവിഡ് കാലത്ത് പലരും ജോലിയില്ലാതെയും ജോലി നഷ്ടപ്പെട്ടും വീട്ടിലിരുന്നപ്പോൾ ചിലർ വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ തുടങ്ങി. ഈ കോവിഡ് കാലത്താണ് ഏറ്റവും കൂടുതൽ താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നുവന്നത്. അതിൽ ടിക്ടോക്കും ഇൻസ്റ്റാഗ്രാമും, യൂട്യൂബ് ചാനലും തുടങ്ങി പെട്ടന്ന് പ്രശസ്തരായവർ ആണ് അധികവും. ഇതിൽ ഫോളോവേഴ്സും സബ്സ്ക്രൈബേഴ്സും പതിനായിരങ്ങളും ലക്ഷങ്ങളും കടന്നു നല്ലരീതിയിൽ സാമ്പത്തിക നേട്ടം കൊയ്തവരും കൊയ്തുകൊണ്ടിരിക്കുന്നവരും ഉണ്ട്. സമൂഹമാധ്യമങ്ങൾക്ക് വേണ്ട കണ്ടന്‍റും ഉപയോഗിക്കുന്നതിലെ വ്യത്യസ്തതയും ആളുകളോട് സംവദിക്കുന്ന രീതിയുമൊക്കെ റീച്ച് കൂട്ടാൻ സഹായിക്കും. വൻകിട ടി.വി ചാനലുകളുടെ പരസ്യ വരുമാനം ഗണ്യമായി കുറഞ്ഞപ്പോൾ പിടിച്ചു നിൽക്കാൻ സഹായിക്കുന്നത് അവരുടെ തന്നെ യൂട്യൂബ് ചാനലുകളാണ്. ഓൺലൈൻ മാധ്യമങ്ങളുടെ നിലനിൽപ്പ് തന്നെ യൂട്യൂബ് ചാനലിന്‍റെ വരുമാനം ഒന്നുകൊണ്ടുമാത്രമാണ്. പക്ഷേ, അവിടേയും ആളുകൾക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കണ്ടന്‍റ് നൽകിയാലേ പിടിച്ചു നിൽക്കാൻ പറ്റുള്ളൂ.

ആദ്യമൊക്കെ ലിബറലായ സമൂഹ മാധ്യമങ്ങൾ ഇപ്പോൾ പലതരത്തിലുള്ള നിബന്ധനകളും കമ്മ്യൂണിറ്റി മാനദണ്ഡങ്ങളും കൊണ്ടുവന്നിട്ടുണ്ട്. അതിനനുസരിച്ചു മാത്രമേ കണ്ടന്‍റ് ക്രീയേറ്റേഴ്സ്സിന് മുന്നോട്ട് പോകാൻ പറ്റുകയുള്ളൂ. ഓരോ മാധ്യമങ്ങളുടേയും കൃത്യമായ നിബന്ധനകൾ പാലിച്ചു മുന്നോട്ട് പോയാൽ ലക്ഷങ്ങൾ സമ്പാദിക്കാം.

സമൂഹ മാധ്യമങ്ങളുടെ ഉപയോഗവും രീതികളും ഒന്ന് അവലോകനം ചെയ്തു നോക്കുമ്പോൾ രസകരമായ കാര്യങ്ങളാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

ഒരു ഇൻസ്റ്റാഗ്രാം അപാരത

ഇടയ്ക്ക് ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കയറി ആക്റ്റീവല്ലാത്ത തല പോലും ഇല്ലാത്ത ഐഡി ഓടിച്ചു നോക്കി കിട്ടിയാൽ unfollow / unfriend ചെയ്യുക പതിവാണ്. ഇതിൽ ഇൻസ്റ്റാഗ്രാമിൽ ഇടയ്ക്ക് വന്നു ആക്ടീവായ പലരും മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടോയൊക്കെ കളഞ്ഞു ഐഡി വെറുതെ ഇട്ടിരിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്യാൻ അറിയാത്തതുകൊണ്ടായിരിക്കും. ഞാൻ ഇതിന്‍റെ പിന്നിലെ നേരിട്ടറിയാവുന്ന അടുപ്പമുള്ളവരോട് രഹസ്യമായി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ രസകരമായ സംഗതികളാണ് അറിയാൻ കഴിഞ്ഞത്.

  1. ചെറുപ്പം കാത്തുസൂക്ഷിക്കാൻ പറ്റാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ല ഇൻസ്റ്റാഗ്രാം.
  2. ഇൻസ്റ്റാഗ്രാമിൽ മനോഹരമായ ഫോട്ടോസ് കുഞ്ഞു കുഞ്ഞു വീഡിയോസ് റീൽസ് തുടങ്ങിയ ഓപ്ഷൻസ് മാത്രമേ ഉള്ളൂ. അതും ആളുകളെ പെട്ടന്ന് അട്രാക്റ്റീവ് ചെയ്യുന്നതായിരിക്കുകയും വേണം.
  3. ഇൻസ്റ്റാഗ്രാം വളരെ ക്ലോസായവർക്കും അല്ലെങ്കിൽ സെലിബ്രിറ്റികൾക്കും ഉള്ള ഇടമാണ്. മീഡിയം ആളുകൾ പിടിച്ചു നിൽക്കാൻ കഷ്ടപ്പെടും.
  4. ഇൻസ്റ്റാഗ്രാമിൽ രാഷ്ട്രീയം, മതം എന്നിവ അധികം ചിലവാകാത്ത സംഗതികൾ ആണ്. പക്ഷേ വ്യത്യസ്തമായ രീതിയിൽ നമ്മുടെ രാഷ്ട്രീയം പറയാനുള്ള മികച്ചൊരിടം കൂടിയാണ്.
  5. ഫെയ്‌സ്ബുക്ക് അധികം ഉപയോഗിക്കാത്തവരാണ് കൂടുതലും ഇൻസ്റ്റാഗ്രാമിലുള്ളത്.

ഇൻസ്റ്റാഗ്രാമിൽ വന്നു പോകുന്നവർ

  1. അക്കരപ്പച്ച തേടി വരുന്നവരാണ് ചിലർ. അടുത്തെത്തുമ്പോൾ അറിയും, വെറുമൊരു മരീചികയായിരുന്നു എന്ന്. പിന്നെ നിൽക്കില്ല.
  2. ഫെയ്‌സ്ബുക്കിലൊക്കെ അത്യാവശ്യം ഫോളോവേഴ്സ്, ലൈക്ക്, കമന്‍റ് ഒക്കെ കിട്ടി വിരാചിച്ചു നടക്കുമ്പോൾ ഒരാഗ്രഹം, അയൽവക്കത്ത് കിടക്കുന്ന സുക്കറണ്ണന്‍റെ തന്നെ മറ്റേ ഹോട്ടലിൽ പോയി ഒന്ന് ചായ കുടിച്ചു കളയാം. പക്ഷെ, സുക്കറണ്ണന്‍റെ ഫെയ്‌സ്ബുക്ക് തട്ടുകടയാണെങ്കിൽ ഇൻസ്റ്റാഗ്രാം ഒരു സ്റ്റാർഹോട്ടലാണ്. വിഭവങ്ങളും ഇച്ചിരി വ്യത്യസ്തമാണ്. സ്പൂണും ഫോർക്കും കത്തിയും സ്റ്റിക്കുമൊക്കെ ഉപയോഗിക്കാൻ അറിഞ്ഞെങ്കിലെ വല്ലതും കഴിക്കാൻ പറ്റൂ. കൂടാതെ തട്ടുകടയിലുള്ളവരോട് കേറി ചൂടാകുന്നത് പോലെ വല്ല അബദ്ധവും കാണിച്ചാൽ പണി പാലുവെള്ളത്തിൽ കിട്ടും.
  3. പെട്ടന്ന് കയ്യിലൊരു ക്യാമറയോ, ഇടയ്ക്കൊരു യാത്രയോ, അല്ലെങ്കിൽ ഭക്ഷണ പരീക്ഷണം, ക്രാഫ്റ്റ്‌ പോലെ എന്തേലും തുടങ്ങുകയോ, അവാർഡോ, പുസ്തകം ഇറക്കുകയോ അങ്ങനെ പുതിയ എന്തെങ്കിലും പരീക്ഷണങ്ങൾ ചെയ്യും. അതിന്‍റെ ദൈർഘ്യം വളരേ ചെറിതുമായിരിക്കും. പിന്നീട് അത് തുടരാൻ പറ്റാതിരിക്കുമ്പോൾ ഐഡി inactive ആയി മാറും. ആരംഭ ശൂരത്വം എന്നൊക്കെ പറയാം.
  4. പിന്നെ ചില കുബുദ്ധികൾ ഉണ്ടാകും. കിളികളെ തേടി നടന്നു കയറിവരുന്നവർ. ഇൻബോക്സിൽ പോയി ചാറ്റ് ചെയ്യുന്നവർ. പണി കിട്ടുമ്പോൾ സകലതും കളഞ്ഞു ഒറ്റ ഓട്ടമാണ്. പോയ വഴി പുല്ലു മുളയ്ക്കില്ല.
  5. ഫെയ്ക്ക് ഐഡി തുടങ്ങുന്നവർ. കൃത്യമായി മെയിന്‍റൈൻ ചെയ്യാൻ പറ്റില്ല. പിന്നെ അതിൽ കാണിച്ചു കൂട്ടുന്ന വികൃതികളും ഐഡി അടച്ചുപൂട്ടി ഓടിപ്പോകാൻ കാരണമാകുന്നു.
  6. പിന്നെ ചിലർ ഫുൾ ടൈം ജോലി, അല്ലെങ്കിൽ കല്യാണം കഴിഞ്ഞു പ്രാരാബ്ദം കൂടുമ്പോൾ, ഹയർ സ്റ്റഡീസ് ചെയ്യാൻ പോകുമ്പോൾ ഇതെല്ലാം കൂടി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ ഒഴിവാക്കി പോകും.
  7. പ്രേമിക്കുമ്പോൾ നന്നായി സോഷ്യൽ മീഡിയ ഉപയോഗിച്ച് പ്രേമം പൊട്ടിക്കഴിഞ്ഞാൽ എല്ലാം ഉപേക്ഷിച്ചു ഓടിക്കളയുന്നവരും ഉണ്ട്.
  8. ചുരുക്കം ചിലർ പോസ്റ്റ് ചെയ്ത ഫോട്ടോ, അല്ലെങ്കിൽ മറ്റു കണ്ടന്‍റുകൾ മറ്റാരെങ്കിലും ഉപയോഗിച്ചു മാനഹാനി സംഭവിച്ചോ, ആൾക്കാരുടെ കുഞ്ഞു കമന്‍റ്സ് വരെ കാണുമ്പോൾ പേടിച്ചു ഓടിപോകുന്നവരും ഉണ്ട്.
  9. കല്യാണം കഴിഞ്ഞാൽ ഭാര്യയെ/ ഭർത്താവിനെ പേടിച്ചു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മൊത്തം കളഞ്ഞു നല്ലപിള്ളയായി നടക്കുന്ന പകൽ മാന്യ മഹാന്മാരും/ മഹതികളും ഉണ്ട്.
  10. വേണ്ടപോലെ കൈകാര്യം ചെയ്യാൻ പറ്റാത്തത് കൊണ്ട് അമളി പറ്റി നിർത്തിപോയവരും ഉണ്ട്.

ഫെയ്‌സ്ബുക്ക് എന്ന ഫെയ്ക്ക് ബുക്ക്

ഫെയ്‌സ്ബുക്കിലിപ്പോൾ മുപ്പതിനും നാല്പതിനും മുകളിൽ വയസ്സായവർ മാത്രമേയുള്ളൂ. അതിനു താഴെയുള്ളവരൊക്കെ ഐഡി കളഞ്ഞു സ്ഥലം വിട്ടവരും, ചുമ്മാ ഇടയ്ക്കൊന്നു കയറി നോക്കാൻ വേണ്ടിയും പഴയ സുഹൃത്തുക്കളെയൊക്കെ നിലനിർത്തിപ്പോകാൻ വേണ്ടിയും മാത്രമായി ഒതുക്കിയിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ തുടരാൻ എപ്പോഴും നമ്മുടെ കയ്യിൽ കണ്ടന്‍റ് വേണം. അത് ഫോട്ടോ ആയിരിക്കാം എഴുത്തായിരിക്കാം, വരയോ ക്രാഫ്റ്റോ മറ്റെന്തെങ്കിലുമായിരിക്കാം, എന്തേലും ഉണ്ടായിരിക്കണം. അല്ലെങ്കിൽ മടുത്തുപോകും. പിന്നെ ലൈക്കിനും കമന്‍റിനും വേണ്ടി പോസ്റ്റ് ചെയ്യുന്നവർ, ഫോളോവേഴ്സിന്‍റെ എണ്ണം നോക്കുന്നവർ. ഇതൊക്കെ ഒരു ഘട്ടം കഴിയുമ്പോൾ താനേ കെട്ടടങ്ങും. ലൈക്കും കമന്‍റും കൊടുത്താൽ തിരിച്ചു കിട്ടണം അല്ലെങ്കിൽ unfriend ചെയ്തുപോകുന്നവരും ഉണ്ട്. വെർച്വൽ ലോകത്ത് മാത്രം വിരാചിക്കുന്നവർ പലരും ദ്വന്ത വ്യകതിത്വങ്ങൾക്കുടമകളാണ്. ഒരുതരം പോളീഷ് ചെയ്ത മുഖവുമായാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. അവിടെ എഴുത്തിനും ഇടുന്ന പോസ്റ്റിനും എല്ലാം ഒരു പോളീഷ് ചെയ്ത തിളക്കം കാണും. യഥാർത്ഥ ജീവിതത്തിൽ അതൊട്ടുകാണുകയുമില്ല.

ട്വിറ്റർ എന്ന മഹാമേരു

ട്വിറ്റർ ഒരു സെവൻ സ്റ്റാർ ഹോട്ടലാണ്. അവിടെ വിരാചിക്കുന്നവർ വൻ തോക്കുകകളാണ്. അതുകൊണ്ടുതന്നെ വെറും ലോക്കൽ സ്റ്റാർഹോട്ടലിൽ കയറുന്നവർക്കും, തട്ടുകടകളിൽ നിന്ന് മൂക്കുമുട്ടെ കഴിക്കുന്നവർക്കൊന്നും ഇടിച്ചു കയറി പോകാൻ പറ്റുന്ന ഇടമല്ല.

ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററും യൂട്യൂബും കൂടാതെ നിരവധി പ്ലാറ്റ്ഫോമുകൾ ഉണ്ട്. പലതും പ്രീമിയം കസ്റ്റമേഴ്സ്റ്റിനുള്ളതും കസ്റ്റമൈസ് ചെയ്തുതുമായതുകൊണ്ട് ഇവിടെ പറയാതെ പോയത്.

യൂട്യൂബ് എന്ന മഹാസാഗരം

സാധാരണ എല്ലാവരും പറയുന്നതാണ്, നമുക്ക് എന്താണ് വേണ്ടതെന്ന് അമ്മയെക്കാളും നന്നായി യൂട്യൂബിന് അറിയാമെന്ന്. തുറക്കുമ്പോൾ തന്നെ നമുക്ക് വേണ്ട കണ്ടന്റുകൾ കിടക്കുന്നുണ്ടാകും. സ്ക്രോൾ ചെയ്തു നോക്കി തിരഞ്ഞെടുത്താൽ മാത്രം മതി. പക്ഷെ പലതും തെറ്റായി വഴിതിരിച്ചു വിടുന്നവയാണ്. തമ്പ് നെയിൽ ഫോട്ടോയും തലക്കെട്ടും വായിച്ചു നോക്കി വീഡിയോ പ്ളേ ചെയ്‌താൽ നാണം കെട്ടു ഓടേണ്ടിവരും. അതുതന്നെയാണ് യൂട്യൂബേസിനുള്ള വെല്ലുവിളിയും. ഏറ്റവും നല്ല കണ്ടന്‍റ് കൊടുത്താൽ മാത്രമേ ആളുകൾ സ്വീകരിക്കുകയുള്ളൂ. അതിൽ എഡിറ്റിങ്ങും വീഡിയോ ക്ലാരിറ്റിയും സൗണ്ടും ഡ്യൂറേഷനും അവതരണ രീതിയും എല്ലാം മികച്ചതായിരിക്കണം. യൂട്യൂബ് വഴി പണം സമ്പാദിക്കാം എന്നു പറഞ്ഞുതരുന്ന വീഡിയോ പോലും അധികം റീച് കിട്ടാതെ പോകുന്നത് മേൽപറഞ്ഞ ഗുണനിലവാര തകർച്ചയുടെ ഭാഗമായതുകൊണ്ടാണ്. പിന്നെ തുടർച്ചയായി വീഡിയോ പോസ്റ്റ് ചെയ്യുകയും വേണം.

ധന്യ എസ് രാജേഷ്,ഹെലൻ ഓഫ് സ്പാർട്ട

dhanya

ലോക്ക് ഡൗൺ സമയത്താണ് ടിക്ക്ടോക്കിൽ വീഡിയോ ചെയ്യാൻ തുടങ്ങിയത്. എട്ടു മാസത്തിനുള്ളിൽ തന്നെ ഏകദേശം വൺ മില്യൺ ഫോളോവേഴ്സിനടുത്തെത്തി. അതിനൊപ്പം തന്നെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയും റീൽസും ഇട്ടു തുടങ്ങി. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ ഏഴ് ലക്ഷത്തിനുമുകളിൽ ഫോളോവേഴ്‌സ് ഉണ്ട്. ഞാൻ ആരെയും ഫോളോ ചെയ്യുന്നുമില്ല. യൂട്യൂബിൽ അടുത്താണ് ഒരു ലക്ഷം സബ്സ്ക്രൈബർ കിട്ടിയതും സിൽവർ പ്ളേ ബട്ടന് അർഹയായതും. ഇപ്പോൾ അത്യാവശ്യം വരുമാനം ഇൻസ്റ്റാഗ്രാമിൽ നിന്നും യൂട്യൂബിൽ നിന്നും ജോഷിൽ നിന്നുമൊക്കെ ലഭിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കിൽ നാല്പതിനായിരം ഫോളോവേഴ്സ് മാത്രമേ ഇപ്പോഴുള്ളൂ. അതുകൂടി ഒന്ന് ശ്രദ്ധിക്കണമെന്നുണ്ട്.

അമ്മാമയുടെ കൊച്ചു മോൻ

നമ്മള് ഫേസ്ബുക്കിലാണ് കൂടുതലായും ആക്റ്റീവ് ആയി നിന്നിരുന്നത്. അപ്പോൾ ഒരുപാട് പേര് പറഞ്ഞു യൂട്യൂബിൽ ആക്ടിവായിക്കൂടെ, യൂട്യൂബിൽ ആകുമ്പോൾ കുറേ പൈസയൊക്കെ കിട്ടുമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ ഞങ്ങള് യൂട്യുബിനെക്കാളുപരി ഫെയ്‌സ്ബുക്കിൽത്തന്നെയാണ് ആക്ടിവായി നിന്നത് കാരണം അതുവഴി ഞങ്ങളൊരു അച്ചാറിന്‍റെ ബിസിനസ്സ് സ്റ്റാർട്ട് ചെയ്തു. അപ്പൊ അതിന്‍റെ പ്രമോഷനും അതിന്‍റെ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനൊക്കെ നമുക്ക് യൂട്യൂബ് വഴി ഒരിക്കലും പറ്റില്ല. യൂട്യൂബ് അങ്ങനെയുള്ള ബിസിനസിനെ അധികം പ്രമോട്ട് ചെയ്യുന്നില്ല. ഫെയ്‌സ്ബുക്കാകുമ്പോൾ നമുക്കതിന്‍റെ പോസ്റ്ററുകൾ ഇടാം, അത് ഷെയർ ചെയ്യാം, അതിന്‍റെ കാര്യങ്ങളെപ്പറ്റിയുള്ള വീഡിയോസ് ഇടാം, അത് ബുക്ക് ചെയ്യാനായിട്ടുള്ള ഓപ്‌ഷൻസ് കൊടുക്കാം, അപ്പോൾ ഞങ്ങള് ഫെയ്‌സ്ബുക്കിൽ ആക്ടിവായി നിക്കുന്നതിനോടൊപ്പം ചെറിയൊരു അച്ചാർ ബിസിനസ്സ് സ്റ്റാർട്ട് ചെയ്തു. കൊറോണ സമയത്തും അത് കഴിഞ്ഞും അച്ചാർ ബിസിനസ്സ് നല്ല രീതിയിൽ പോയി.

Ammama

കൊറോണ സമയത്ത് തന്നെ അത്താണിയിൽ അച്ചാറിന് വേണ്ടി മാത്രം ഒരു ഷോപ്പിട്ടു. അത് കഴിഞ്ഞു ഇടമുട്ടത്തും തുടങ്ങി. അതിനുശേഷം ന്യൂസ്‍ലാന്‍ഡിലേക്ക് ആദ്യത്തെ ഇന്‍റർനാഷണൽ കാർഗോ അയച്ചു. അതിന് ശേഷം യു.കെയിലേക്കും കാനഡയിലേക്കും അയച്ചു. മൊബൈലിലാണ് കൂടുതലും വീഡിയോസ് എടുക്കുന്നത്. നമ്മുടെ ഒരു കൂട്ടുകാരൻ അജി ജോയ് ചേട്ടൻ എയ്ഡൻ ഫോട്ടോഗ്രാഫി നമ്മുടെ ഒപ്പം വന്നു വീഡിയോ ക്യാമറയിൽ എടുത്തു തന്നു. മെയിനായി അച്ചാറിന്‍റെ ബിസിനസാണ് കൂടുതലും ഫെയ്‌സ്ബുക്ക് വഴി വരുമാന മാർഗ്ഗമായി കൊണ്ടുപോകുന്നത്

വിഘ്‌നേഷ് & ഡോ.അശ്വതി- Crazy couple 4 ever

ഞാൻ ബാങ്കിംഗ് ഫീൽഡിലും വൈഫ് ഡോക്ടറുമാണ്. ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ തന്നെയിരുന്നു മടുത്തപ്പോൾ ആണ് ഞങ്ങൾ ടിക്ക്ടോക്കിൽ അത്യാവശ്യം വീഡിയോ ചെയ്തു തുടങ്ങിയത്. ഏകദേശം നാലുലക്ഷത്തിനടുത്ത് ഫോളോവേഴ്സ് ആയപ്പോഴേക്കും ടിക്ക്ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തു. അതിനിടയിലാണ് വേറെ പല ഇന്ത്യൻ ആപ്പുകളും വന്നു തുടങ്ങിയത്. എല്ലാവരും പതുക്കെ ഇൻസ്റ്റാഗ്രാമിലേക്ക് ചേക്കേറി. മോജോ പോലുള്ള ഇന്ത്യൻ ആപ്പുകളുടെ ഒരു വർഷത്തെ കരാർ ഉണ്ടാക്കി. അവരുടെ ആപ്പിൽ വീഡിയോ ചെയ്തു ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യണം. ഒരു മാസം 28 വീഡിയോ ചെയ്തുകൊടുക്കണമെന്നാണ് കോൺട്രാക്ട് അപ്പോൾ മാസത്തിൽ നല്ലൊരു തുക വരുമാനമായി അക്കൗണ്ടിൽ വരും. ഇത് പലപ്പോഴും ചെറിയ പ്രായത്തിലുള്ളവർക്ക് വീട്ടിലിരുന്ന് തന്നെ നല്ല വരുമാനം വരാൻ തുടങ്ങി.

vignesh n ashwathi

വൈഫ് ചൈനയിൽ നിന്നാണ് എം.ബി.ബി.എസ് കഴിഞ്ഞത്. കുട്ടിയുണ്ടായപ്പോൾ ഒരു വർഷത്തെ ഗ്യാപ്പെടുത്തു. ഇനി ഇന്ത്യയിൽ ഹൗസ് സർജൻസി ചെയ്യണം. ഇപ്പോൾ യൂടൂബിൽ ഷോർട്ട് വീഡിയോ ഓപ്ഷൻ വന്നപ്പോൾ യൂട്യുബിലും ആക്ടിവായി. ഞാൻ തന്നെയാണ് വീഡിയോ എഡിറ്റ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും. വൈഫ് മോണിറ്റസേഷൻ കാര്യങ്ങൾ നോക്കുന്നു. ഞാനും വൈഫും കൂടിയാണ് Crazy couple 4 ever എന്ന പേരിൽ ഷോർട്ട് വീഡിയോസ് ചെയ്യുന്നത്. ഇപ്പോൾ ബാങ്കിൽ പോകാൻ തുടങ്ങിയപ്പോൾ വീക്കെൻഡിൽ മൂന്നോ നാലോ വീഡിയോ ചെയ്യും അപ്പോൾ നാലഞ്ചു ദിവസത്തേക്കുള്ള വീഡിയോ ചെയ്യാൻ പറ്റും. ബാങ്കും അത്യാവശ്യം നല്ല സപ്പോർട്ട് തരുന്നുണ്ട്.

और कहानियां पढ़ने के लिए क्लिक करें...